close
Sayahna Sayahna
Search

അഗ്നി സദൃശങ്ങളായ കലാസൃഷ്ടികള്‍


അഗ്നി സദൃശങ്ങളായ കലാസൃഷ്ടികള്‍
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

ഏതു പട്ടണത്തില്‍ താമസിച്ചാലും അവിടെയുള്ള എല്ലാ പുസ്തകക്കടകളിലും സായാഹ്ന വേളകളില്‍ കയറി നോക്കുന്ന സ്വഭാവമുണ്ട് ഇതെഴുതുന്നയാളിന്. അതുകൊണ്ട് സ്ഥലമെവിടെ, പുസ്തകക്കടയേത് എന്നു ഉറപ്പിച്ചു പറയാന്‍ വയ്യ. ഒരിടത്തു കയറി പുതിയ പുസ്തകങ്ങള്‍ നോക്കിയപ്പോള്‍ ഔട്ടോ ദ ഫേ (Auto Da Fe) എന്ന വിചിത്രമായ പേരോടു കൂടിയ ഒരു നോവല്‍ കണ്ടു. ഗ്രന്ഥകാരന്‍ ഇലീയസ് കനേറ്റി (Elias Canetti). ജര്‍മ്മന്‍ ഭാഷയില്‍ നിന്നുള്ള തര്‍ജ്ജമ. വാങ്ങിക്കത്തക്ക മേന്മ കാണില്ലെന്നു കരുതി അടുത്ത പുസ്തകത്തിലേക്കു കണ്ണോടിക്കാന്‍ ഭാവിച്ചപ്പോഴാണ് ഞാന്‍ ആദരിക്കുന്ന ഇംഗ്ലീഷ് നോവലെഴുത്തുകാരി ഐറിസ് മര്‍ഡോക്കിന്റെ (Iris Murdoch) ഈ വാക്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ വന്നു വീണത്. Savage, Subtle, beautifully mysterious one of the few great novels of the century. പിന്നീടൊട്ടും വൈകിയില്ല. നോവല്‍ വാങ്ങിക്കൊണ്ട് താമസ സ്ഥലത്തേക്കു പോകുന്നു. ഉറക്കമിളച്ചിരുന്നു വായിച്ചു. രണ്ടു ദിവസം കൊണ്ടു അതു വായിച്ചു തീര്‍ത്തു. ഐറിസ് മര്‍ഡോക്കിന്റെ അഭിപ്രായം പ്രത്യക്ഷരം ശരിയാണെന്നു മാത്രമല്ല നോബല്‍ സമ്മാനത്തിനു പോലും ആ നോവല്‍ അര്‍ഹമാണെന്നു എനിക്കു തോന്നുകയും ചെയ്തു. വര്‍ഷങ്ങള്‍ പലതും കടന്നു പോയി. 1981 ഒക്ടോബറിലൊ നവംബറിലോ പത്രത്തില്‍ വാര്‍ത്ത വന്നു. ഇലീസ് കനേറ്റിക്കു നോബല്‍ സമ്മാനം എന്ന്. പത്രക്കാര്‍ പലരും ടെലിഫോണില്‍ വിളിച്ചു ചോദിച്ചു. ആരാണ് അദ്ദേഹമെന്ന്; പല പണ്ഡിതന്മാരും പ്രഫെസര്‍മാരോടും ചോദിച്ചിട്ടും അങ്ങനെയൊരാളെ അറിഞ്ഞുകൂടെന്ന് അറിയിച്ചെന്ന്. സന്തോഷത്തോടെ എനിക്കറിയാവുന്നത് ഞാന്‍ പത്രമാപ്പീസുകാര്‍ക്കു പറഞ്ഞുകൊടുത്തു. പിന്നീട് കനേറ്റിയുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ഞാന്‍ “പരക്കം പാഞ്ഞു”. ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തവയെല്ലാം കിട്ടുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ The Torch In My Year വായിച്ചു തീര്‍ത്തു. അതിന്റെ ലഹരിയിലിരുന്നു കൊണ്ടാണ് ഈ വരികള്‍ കുറിക്കുന്നത്.

കനേറ്റിയുടെ ഔട്ടോ ദ ഫേ അസാധാരണമായ നോവലാണ്. സൈനൊലജിസ്റ്റായ (sinologist — ചൈനയിലെ സാഹിത്യം, സംസ്കാരം, ആചാരങ്ങള്‍ ഇവയില്‍ അവഗാഹമുള്ളയാള്‍) പ്രഫെസര്‍ കീന്‍ 25,000 പുസ്തകങ്ങളുടെ ഉടമസ്ഥനാണ്. ആ ഗ്രന്ഥസമൂഹത്തിന്റെ മദ്ധ്യത്തിലാന് അദ്ദേഹത്തിന്റെ ഇരിപ്പ്. അവയില്‍ പൊടി പറ്റുന്നതു പോലും കീനിന് ഇഷ്ടമില്ല. അവ വായിച്ച് മനസ്സിനു ഉന്നമനം വരുത്തിയിരുന്ന അദ്ദേഹത്തിനു അധഃപതനം ഉണ്ടാകുന്നത് ആ ഗ്രന്ഥങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന് ഒരു സ്ത്രീയെ നിയമിക്കുമ്പോഴാണ്. പരിചാരികയായി വന്ന ആ ഭയങ്കരി അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അവളെ സഹായിക്കാനും അങ്ങനെ പ്രഫെസറെ നശിപ്പിക്കുവാനുമായി വേറെ രണ്ടുപേര്‍ കൂടി എത്തുന്നു. ഒരാള്‍ നാത്‌സിസത്തിന്റെ പ്രതീകം. മൂന്നുപേരും കീനിനെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നു. തകര്‍ച്ച സമ്പൂര്‍ണ്ണമായപ്പോള്‍ ഹാളില്‍ സ്വന്തം പുസ്തകങ്ങള്‍ വാരി വലിച്ചു കൂട്ടി. ഏണി ചാരി ഷെല്‍ഫില്‍ നിന്നു പുസ്തകങ്ങള്‍ വലിച്ചിട്ടു. കാര്‍പെറ്റില്‍ തീ പിടിപ്പിച്ചു. ഏണിയുടെ ആറാമത്തെ പടിയില്‍ കയറി നിന്നു താഴോട്ടു നോക്കി അഗ്നി വരാന്‍ കാത്തുനിന്നു. തീ അദ്ദേഹത്തെ സ്പര്‍ശിച്ചു. അദ്ദേഹം ഉറക്കെയുറക്കെ ചിരിച്ചു. ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത മട്ടില്‍ ഉറക്കെയുള്ള ചിരി. സമ്പന്നമായ മാനസിന് ക്രൂരമായ മനസും അതിനെക്കാള്‍ ക്രൂരമായ നാത്സികവും നശിപ്പിക്കുന്ന ഭയജനകമായ കഥയാണ് ഔട്ടോ ദ ഫേ യിലുള്ളത്. മൂന്നു ഭാഗമായി നോവലിനെ വിഭജിച്ച് ഓരോന്നിനും ഓരോ പേരിട്ടിരിക്കുന്നു കനേറ്റി. 1. A head without a world — ലോകമില്ലാത്ത ശിരസ്സ്. കീനിനു ഗ്രന്ഥങ്ങളില്‍ മാത്രമേ താല്പര്യമുള്ളു. 2) Headless world — ശിരസ്സില്ലാത്ത ലോകം. പരിചാരികയും അവളുടെ അനുചരനും ക്രൂരതയുടെ ലോകം സൃഷിച്ച് അദ്ദേഹത്തിന്റെ ബുദ്ധിയെ തകര്‍ക്കുന്നു. 3) The world in the head — ശിരസ്സിനകത്ത് ലോകം. തകര്‍ന്ന മനുഷ്യന് ആത്മഹത്യ എന്ന പ്രപഞ്ചം മാത്രമേ ശിരസ്സിനകത്തുള്ളു.

ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ കനേറ്റി പറയുന്നു. Humans Comedy of Madmen എന്ന പേരില്‍ എട്ടു നോവലുകളെഴുതാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നുവെന്ന്. ഓരോ നോവലിനും മാനസിക ഭ്രംശമുള്ള ഒരോ പ്രധാന കഥാപാത്രം. നമ്മുടെ ദൗര്‍ഭാഗ്യം കൊണ്ട് ഒരു നോവലേ നമുക്കു കിട്ടിയുള്ളു. നോവലിന്റെ സ്വഭാവത്തെ സ്പഷ്ടമാക്കികൊണ്ട് ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെ:

“In autumn 1931, Kant set fire to his library and burned up with his books. His death affected me as deeply as if I had gone through it myself. This work launched my own insight and experience. For several years, the manuscript, lying untouched in my room, bore the title ‘Kant catches fire’. The pain of this title was hard to endure: When I reluctantly decided to change it, I was unable to separate from fire completely. Kant became Kien (German for resinous Pinewood); the ignitability of the world, a threat I felt, was maintained in the name of the chief character.

ലോകത്തിന്റെ ജ്വലനീയത അതിനെ സൂചിപ്പിക്കാനാണ് — ഭവിഷ്യസൂചകമാക്കാനാണ് — കനേറ്റി ഈ നോവലെഴുതിയത്. ഇന്നത്തെ നമ്മുടെ അവസ്ഥ 1935-ല്‍ രചിക്കപ്പെട്ട ഈ നോവലില്‍ പ്രതിഫലിക്കുന്നു. അതിനാലാണ് ഇതിനെ Prophetic നോവലായി — ഭാവികഥനം നിര്‍വഹിക്കുന്ന നോവലായി — അന്നേ നിരൂപകര്‍ കൊണ്ടാടിയത്.

‘ഔട്ടോ ദ ഫെ’യില്‍ അഗ്നിവ്യക്തിഗതവും സാമൂഹികവുമായ ശക്തിവിശേഷമാണ്. ആ ശക്തിവിശേഷം സമകാലില രാഷ്ടവ്യവഹാരത്തിലും സമുദായത്തിലും എങ്ങനെ ജ്വലനീയതയോടെ വര്‍ത്തിക്കുന്നു എന്നു വ്യക്തമാക്കിത്തരുന്ന വിസ്മയാവഹമായ ഗ്രന്ഥമാണ് കനേറ്റിയുടെ Crowds and Power. അഗ്നി വ്യാപിക്കുന്നു. പടര്‍ന്നു പിടിക്കുന്ന അത് ഒരിക്കലും സംതൃപ്തമാകുന്നില്ല. കാടുകളെയും പുല്‍മേടുകളെയും നഗരങ്ങളെയും അതു നിമിഷം കൊണ്ടു നശിപ്പിക്കുന്നു. അഗ്നിയുണ്ടാക്കുന്നതു വരെ മരം മരമായി നിന്നു. വീട് വീടായും. പക്ഷേ വ്യത്യസ്ത സ്വഭാവമാര്‍ന്നു നില്ക്കുന്ന ഇവയെ അഗ്നി ഒന്നാക്കി മാറ്റുന്നു. ഇതു തന്നെയാണ് ജനക്കൂട്ടത്തിന്റെയും സ്വഭാവം. ഏതു രാജ്യത്തുമാകട്ടെ. ജനക്കൂട്ടം ഒരേ രീതിയിലാണ്. അക്രമാസക്തമായി അതു പടരുന്നു. വളരാനാണ് അതിനു കൗതുകം. ആര്‍ക്ക് അതിന്റെ നിയന്ത്രിക്കാനാവും? വൃക്ഷങ്ങളെ എരിച്ചു കളയുന്ന അഗ്നിയെ അടുപ്പിലൊതുക്കാം. മരങ്ങളില്‍ നിന്നു തീപ്പട്ടിക്കോലുകള്‍ ഉണ്ടാക്കി അവയുടെ അറ്റത്ത് ജ്വലനീയതയെ രാസവസ്തുവിന്റെ മൊട്ടിലൊതുക്കി മനുഷ്യര്‍ കീശയിലിട്ടു കൊണ്ടു നടക്കുന്നു. ഒരു കോല് ഉരച്ചു തീയുണ്ടാക്കാം. എല്ലാക്കോലുകളും ഒരുമിച്ചു കത്തിക്കാം. അപ്പോള്‍ അഗ്നിക്കു വൈപുല്യം കൂടും. കാട്ടുതീ തന്നെ അതുകൊണ്ടുണ്ടാക്കാം. വ്യക്തികള്‍ ജനക്കൂട്ടമായി മാറുമ്പോള്‍ ജ്വലനീയതയുണ്ടാകുന്നു. ഈ ജനക്കൂട്ടത്തിന്റെ ഉജ്ജ്വല പഠനമാണ് കനേറ്റിയുടെ ഗ്രന്ഥം. അതിന്റെ രണ്ടാം ഭാഗം അധികാരത്തെ കുറിച്ചുള്ള പഠനവും. അതിനെക്കുറിച്ചു കൂടി എഴുതാന്‍ ഇവിടെ സ്ഥലമില്ലല്ലോ. There is nothing that man fears more than the touch of the unknown — അജ്ഞാതമായതിന്റെ സ്പര്‍ശനത്തെക്കാള്‍ മനുഷ്യന്‍ പേടിക്കുന്നതായി വേറൊന്നുമില്ല — എന്നു ഗ്രന്ഥത്തിന്റെ തുടക്കം. അജ്ഞാതവും അജ്ഞേയവും ആയതിനെ ചിത്രീകരിച്ച് മനുഷ്യന്റെ പേടിയെ ഒഴിവാക്കി അവനെ ഉദാത്ത മണ്ഡലത്തില്‍ എത്തിക്കുന്ന അനാദൃശ്യമായ ഗ്രന്ഥമാണിത്.

Crowds and power എന്ന പുസ്തകം എഴുതിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ സമ്മര്‍ദ്ദം ആപത്തു നിറഞ്ഞ മണ്ഡലങ്ങളിലേക്കു തന്നെ നയിക്കുമെന്നു കണ്ട് ‘സേഫ്റ്റി വാല്‍വ്” എന്ന പോലെ സൂത്രസദൃശങ്ങളായ വാക്യങ്ങള്‍ — ചിന്താശകലങ്ങള്‍ — കനേറ്റി എഴുതുകയുണ്ടായി. അവയുടെ സമാഹാരമാണ് The Human Provinces എന്ന പുസ്തകം. ചില സൂക്തങ്ങള്‍ തര്‍ജ്ജമ ചെയ്തത് അവയിലെ ധൈഷണിക സ്ഫുലിംഗം കാണിച്ചു തരാനല്ലാതെ എനിക്കിവിടെ വേറൊന്നും ചെയ്യാനില്ല.

“മൃഗങ്ങളുടെ ആദിപാപം എന്താണ്? മൃഗങ്ങള്‍ എന്തുകൊണ്ട് വേദനിച്ചു മരിക്കുന്നു.?”
“ഓരോ ഭാഷയ്ക്കും അതിന്റേതായ നിശബ്ദതയുണ്ട്.”
“പുസ്തകങ്ങളില്ലെങ്കില്‍ ആഹ്ലാദം അഴുകും”
“സ്ത്രീയുടെ ശവം കാണുന്ന ഏതൊരാളിനും അവളോടു സ്നേഹം തോന്നണമെങ്കില്‍ അവള്‍ക്ക് എല്ലാവരെയും നോക്കി ചിരിക്കേണ്ടിയിരിക്കുന്നു; ഏറ്റവും വലിയ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമ്പോള്‍ ചിരിക്കണം അവള്‍; മരണശയ്യയില്‍ കിടന്നു ചിരിക്കണം. ചിരിയോടു കൂടി മരിക്കണം. ശവപ്പെട്ടിയില്‍ ഭൂമിക്കടിയില്‍ കിടന്ന് അവള്‍ ചിരിക്കുന്നു.” ജീവിതത്തിന്റെ എല്ലാമണ്ഡലങ്ങളിലും കനേറ്റിയുടെ സൂക്തങ്ങളില്‍ ഒതുങ്ങുന്നു. അഗ്നിയെ അടുപ്പിൽ ഒതുക്കുന്നതു പോലെയുള്ള കൃത്യമാണിത്.

നിരൂപകനായ കനേറ്റിയെ കാണണമെങ്കില്‍ അദ്ദേഹത്തിന്റെ The conscience of words എന്ന പുസ്തകം വായിക്കണം. ഹെര്‍മാന്‍ ബ്രോഹ് (Hermann Broch), കാറല്‍ക്രൗസ് (Karl Kraus), ടോള്‍സ്റ്റോയി, ഗേഓര്‍ഗ ബൂഹ്നര്‍ (Georg Buchner) ഈ വിശ്വവിഖ്യാതരായ സാഹിത്യകാരന്മാരുടെ കൃതികളെക്കുറിച്ച് കനേറ്റി എഴുതിയ പ്രബന്ധങ്ങള്‍ വായിച്ചാല്‍ യൂറോപ്പിലെ ഉത്കൃഷ്ടനായ ധിഷണാശാലിയാണ് അദ്ദേഹമെന്നു നമുക്കു തോന്നും. പ്രാതിനിധ്യ–സ്വഭാവമുള്ള സാഹിത്യകാരൻ തന്റെ കാലയളവിലെ സവിശേഷതകള്‍ സംക്ഷേപിക്കണം. സാര്‍വ്വലൗകികത രചനകളില്‍ കൈവരുത്തണം, ഒന്നും ഒഴിവാക്കരുത്, ഒന്നും വിസ്മരിക്കരുത്, എഴുത്തുകാരന്‍ തന്റെ കാലത്തിനെതിരായി നില്ക്കുകയും വേണം. അതിന്റെ സവിശേഷതയാര്‍ന്ന ഗന്ധത്തിന് എതിരായി. അതിന്റെമുഖത്തിനെതിരായി അതിന്റെ നിയമത്തിനെതിരായി കലാകാരന്‍ നില്ക്കണം. അയാളുടെ എതിര്‍പ്പ് സുശക്തമാവണം, രൂപമാര്‍ന്നതാവണം. മിണ്ടാതിരുന്നുകൂടാ അയാള്‍. കുഞ്ഞിനെപ്പോലെ ചവിട്ടിയും നിലവിളിച്ചും ബഹളം കൂട്ടണം. ലോകത്തിന്റെ മുലപ്പാല് — ദയയാര്‍ന്ന മുലപ്പാല് — അതുപോലും അയാളുടെ എതിര്‍പ്പെന്ന ദാഹത്തെ ശമിപ്പിക്കരുത്; അയാളെ ഉറക്കരുത്. ഈ തത്ത്വങ്ങളെ അവലംബിച്ചു കൊണ്ട് സാഹിത്യകാരന്മാരുടെ കൃതികളെ കനേറ്റി വിലയിരുത്തുന്നു. ആ പ്രബന്ധങ്ങളിലൂടെയുള്ള സഞ്ചാരം അനുപമമായ സഞ്ചാരമാണെന്നേ പറയാനാവൂ. അതുപോലെ നിസ്തുലമാണ് കനേറ്റിയുടെ Kafka’s Other Trail എന്ന പ്രബന്ധത്തിലൂടെയുള്ള പര്യടനം. കൊച്ചു പുസ്തകമായി പ്രസാധനം ചെയ്ത ഈ നിരൂപണ പ്രബന്ധം പെന്‍ഗ്വിന്‍ ക്ലാസ്സിക്കായ Letters to Felice — Franz Kafka എന്നതിലും ചേര്‍ത്തിട്ടുണ്ട്. കാഫ്ക കാമുകിക്ക് എഴുതിയ കത്തുകള്‍ പസ്കലിന്റെയും കീര്‍ക്കഗോറിന്റെയും ദസ്തെയെവ്സ്കിയുടെയും ആത്മനിവേദനങ്ങള്‍ പോലെ ഉദാത്തങ്ങളാണെന്നു കനേറ്റി കരുതുന്നു. യഥാര്‍ത്ഥ ജീവിതം പോലെ അവ അദ്ദേഹത്തിന്റെ ഹൃദയാന്തര്‍ഭാഗത്തേക്കു കടന്നു ചെന്നു. കണ്ട നിമിഷം തൊട്ട് ആ കത്തുകള്‍ അദ്ദേഹത്തിനു ഹൃദയ സമ്പന്നത നല്കി. കാഫ്കയുടെ പ്രശസ്തമായ Trial എന്ന നോവല്‍ പോലെ ഈ പ്രണയ ബന്ധവും രണ്ടാമത്തെ ട്രയല്‍ തന്നെയെന്ന് കനേറ്റി സ്ഥാപിക്കുന്നു. അതു മാത്രമല്ല, എഴുത്തുകളാകെ അപഗ്രഥിച്ച് അധികാരത്തില്‍ നിന്നു ക്രമേണ പിന്മാറുന്ന കലാകാരനായ കാഫ്കയെ അദ്ദേഹം അവതരിപ്പിക്കുന്നു. അധികാരമില്ലാത്തത് ആര്? ചില മനുഷ്യരല്ല. നാക്കെടുക്കാന്‍ വയ്യാത്ത പ്രാണികളാണ്. അവയുടെ നിസ്സഹായവസ്ഥയെ കാഫ്ക ‘രൂപാന്തരപ്രാപ്തി’ എന്ന കഥയിലൂടെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഒരു ക്ലാര്‍ക്കാണല്ലോ പ്രാണിയായി മാറുക. അത് അവന്റെ അച്ഛന്‍ എറിഞ്ഞ ആപ്പ്ള്‍ കൊണ്ടു ക്ഷതം പറ്റി മരിക്കുന്നു. ആ പ്രാണി കാഫ്ക തന്നെ. കശാപ്പുകാരന്‍ കൊല്ലാന്‍ കൊണ്ടു വരുന്ന കാളയുടെ ദീനരോദനം കേള്‍ക്കാന്‍ വയ്യാതെ കാഫ്ക വസ്ത്രങ്ങള്‍, തലയിണ ഇവ കൊണ്ടു ചെവികള്‍ മൂടുന്നു. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നതില്‍പ്പോലും കാഫ്ക അധികാരത്തില്‍ കുത്സിതത്വം കാണുന്നുവെന്നു കനേറ്റി പറയുന്നു.

ധിഷണയുടെ ഉജ്ജ്വലത കൊണ്ട് നമുക്കു അടുക്കാന്‍ വയ്യാത്ത വലിയ കലാകാരനാണ് കനേറ്റി. പക്ഷേ അദ്ദേഹത്തിനും അധിത്യകയില്‍ നിന്ന് ഉപത്യകയിലേക്കു വരാന്‍ കഴിയുമെന്നതിന് നിദർശകമാണ് Ear Witness എന്ന പുസ്തകം. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ ഓരോ ടൈപ്പുകളാക്കി മാറ്റി അദ്ദേഹം അവതരിപ്പിക്കുന്നു. എന്നെ അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടിരുന്നു. നോക്കുക:

“The paper drunkard reads all books. no matter what, so long as they are hard. He is not content with books that are being talked about: They have to be rare and forgotten and hard to find... At seventeen, he looked the way he looks now at forty-seven. The more he reads, the more he stays the same.”

ബ്രഹ്റ്റിനെപ്പോലെ പുസ്തകങ്ങള്‍ ശേഖരിച്ച ആളല്ല കനേറ്റി. വളരെക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലുള്ളു. അങ്ങനെയുള്ള ഒരാള്‍ പുസ്തകപ്പുഴുക്കളെ നോക്കി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്. അല്ലെങ്കില്‍ ഞാനിത് ഇവിടെ എടുത്തു ചേര്‍ക്കുമായിരുന്നില്ല.

ഇനി നമ്മള്‍ വരുന്നത് കനേറ്റിയുടെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന ആത്മകഥയിലേക്കാണ്. The Tongue set Free എന്ന ഒന്നാമത്തെ ഭാഗം (ഇംഗ്ലീഷ് തര്‍ജ്ജമ) പാന്‍ ബുക്ക്സ് പ്രസാധനം ചെയ്തത് 1989-ലാണ്. രണ്ടാമത്തെ ഭാഗമായ The Torch In My Ear 1990-ലും മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ടിരിക്കണം. ഇംഗ്ലീഷ് തര്‍ജ്ജമ ലഭിക്കാറായിട്ടില്ല.

കനേറ്റിയുടെ ആദ്യത്തെ ഓര്‍മ്മ ചുവപ്പില്‍ മുങ്ങിയതാണ്. പരിചാരികയുടെ കൈയ്യില്‍ പിടിച്ചു ബാലനായ കനേറ്റി വാതിലിനു പുറത്തേക്കു വന്നു. മുന്‍വശത്തുള്ള തറ ചുവപ്പ്. മറ്റൊരു വാതില്‍ തുറന്നു ഒരു യുവാവ് ആ ബാലന്റെ അടുത്തേക്കു വന്നു. “നിന്റെ നാക്കു കാണിക്ക്” എന്നു അയാള്‍. കനേറ്റി നാക്കു കാണിച്ചു. വന്നയാള്‍ പേനാക്കത്തി തുറന്ന് അതിന്റെ കത്തി നാക്കിനോടു ചേര്‍ത്തു “ഈ നാക്കു ഞങ്ങള്‍ മുറിച്ചു കളയും”. അയാളും പരിചാരികയും തമ്മിലുള്ള ബന്ധം ബാലനായ കനേറ്റി കണ്ടു. അതു വെളിയിലാക്കിയാല്‍ നാക്ക് മുറിച്ചെടുക്കുമെന്നാണ് അയാള്‍ ഭീഷണിപ്പെടുത്തിയത്. അങ്ങനെ അനങ്ങാതായ നാക്ക് ക്രമേണ വിദ്യാഭ്യാസം കൊണ്ടും ലോക പരിചയം കൊണ്ടും സ്വതന്ത്രമായിത്തീര്‍ന്നതിനെ വര്‍ണ്ണിക്കുകയാണ് ആത്മകഥയുടെ പ്രഥമ ഭാഗം. രണ്ടാമത്തെ ഭാഗം 1920-കളിലെ വിയന്ന, ബര്‍ലിന്‍ നഗരങ്ങളുടെ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്നു. ബ്രഹ്ററും ഇസാക്ക് ബാബലും കാറല്‍ ക്രൌസും അതില്‍ ഭീമാകാരന്മാരായി നടക്കുന്നു. അവരെയും അവരുടെ കൃതികളെയും കുറിച്ചുള്ള ധീരങ്ങളായ വിലയിരുത്തലുകള്‍ ഈ ആത്മകഥയെ ഉത്കൃഷ്ടതമമാക്കുന്നു. ക്ഷുദ്രസംഭവങ്ങള്‍ക്കും പ്രാധാന്യമില്ലാതില്ല. കോടീശ്വരനായ ഒരുത്തന്‍ പിശുക്കനാണ്. അയാളുടെ ഹാററ് തെണ്ടിയുടെ ഹാററ് പോലെ. ഒരു ദിവസം അതു കൈയില്‍ മലര്‍ത്തിപ്പിടിച്ചു കൊണ്ടുപോകുമ്പോള്‍ ആരോ ഒരാള്‍ അതിനകത്ത് ഒരു നാണയം ഇട്ടുകൊടുത്തു പോലും. ആ കോടീശ്വരന്‍ തന്നെ വാര്‍ദ്ധ്യക്യത്തിന്റെ ബുദ്ധിമാന്ദ്യത്താല്‍ കറന്‍സി നോട്ടുകള്‍ തീയിലേക്കു എറിഞ്ഞു കരിച്ചു കളഞ്ഞു. He was burning his money so as not to leave it to anyone; but enough was still left, the room was brimming with packets of banknotes. അഗ്നി കനേററിയെ ‘ഹോണ്‍ട്’ ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളാകെ അഗ്നി സദൃശങ്ങളായത്. അവയുടെ തിളക്കം കണ്ണഞ്ചിപ്പിക്കുന്നു. ഈ കലാസൃഷ്ടികളിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് Paper Drunkard ആയ ഞാന്‍ മാറി നില്ക്കട്ടെ.