close
Sayahna Sayahna
Search

അനുകരണീയമായ മാതൃക


അനുകരണീയമായ മാതൃക
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഈശ്വരകൃപയാല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഒരു കാലത്തും അപ്പുപ്പന്‍മാര്‍ക്ക് ക്ഷാമമുണ്ടായിട്ടില്ല. അവരുടെ ചിലവിലുള്ള ശിന്നശിന്ന തമാശകള്‍ക്കും. കുഞ്ഞുങ്ങളും വൃദ്ധരുമില്ലാത്തൊരു വീട്ടില്‍ ജീവിതത്തിനെന്തു സൌന്ദര്യമാണുണ്ടാവുക!

ഞങ്ങളുടെ കുടുംബത്തെ അവ്വിധം ഉത്തരോത്തരം പരിശോഭിപ്പിച്ചിരുന്ന അനേകം അപ്പൂപ്പരില്‍ യശഃശരീരനായി, പ്രാതഃസ്മരണീയനായി, നിത്യവിസ്മയമായി വര്‍ത്തിക്കുന്ന ശ്രീമാന്‍ കൊച്ചുകേശവപിള്ള അവര്‍കളെക്കുറിച്ചുള്ള എളിയൊരു അനുസ്മരണമാണിത്.

ശ്രീ. കൊച്ചുകേശവപിള്ള സ്വന്തം ഭാര്യ രുദ്രമ്മയുമൊത്തു ചിരകാലം സസുഖം വാണു. പക്ഷേ എന്തുകോണ്ടോ ആ മഹതി പ്രസിവിച്ചില്ല. അതിനാല്‍ കേശവപിള്ളയദ്ദേഹത്തിന് സര്‍ക്കാര്‍ കണക്കില്‍ അനപത്യദുഃഖമുണ്ടായിരുന്നു.

അദ്ദേഹം അക്കാലത്തെ ഒരു ഗ്രാന്റ്പള്ളിക്കൂടത്തില്‍ വാദ്ധ്യാരുദ്യോഗവും നോക്കിയിരുന്നു. സാറിന്റെ എണ്ണവും എഴുത്തും ബഹുകേമമമായിരുന്നെന്ന് കേള്‍വിയുണ്ട്. അന്നു ശമ്പളം ഏഴു രൂപ. അളവററ ഭൂസ്വത്തിന്റെ ഉടമയായ അപ്പൂപ്പന്‍ എന്തിന് ശ്രീപത്മനാഭന്റെ ചില്ലിക്കാശു വാങ്ങുവാന്‍ പോയിയെന്നത് ഇന്നും അജ്ഞാതം തന്നെ. പാപം പറ്റാത്ത പണികളിലൊന്നായിട്ടാണ് അദ്ദേഹം വാദ്ധ്യാരുവേലയെ കണ്ടിരുന്നതെന്ന് രുദ്രമ്മൂമ്മ പറഞ്ഞിട്ടുണ്ട്. (പുണ്യം കിട്ടുന്നതാണോ അപ്പണിയെന്നു അവർ വെളിപ്പെടുത്തിയില്ല.)

വേണാടിന്റെ പുരപുരാതന രാജധാനിയിലെ, കിഴക്കേ രഥവീഥിയുടെ വടക്കേ അറ്റത്തുള്ള വല്യവീട്ടിലാണ് കൊച്ചുകേശവപിള്ള അപ്പൂപ്പൻ വസിച്ചിരുന്നത്. ദീർഘമായ തെരുവ്; ഇരുപുറവും നിറയെ വീടുകൾ, അവയിൽ കൊച്ചുകേശവപിള്ളയെക്കാൾ കൊച്ചായ മനുഷ്യരും. അപ്പൂപ്പന്റെ വാഹനം കാളവണ്ടിയായിരുന്നു. വില്ലുവണ്ടി. ആ ഗൗരവപുരുഷന്റെ സ്ക്കൂൾയാത്രയും അതിൽത്തന്നെ. സാധാരണ ഗ്രാന്റ്‌വാദ്ധ്യാർക്ക് അപ്രപ്യമായ അന്തസ്സ്. തെരുവിന്റെ തെക്കേയറ്റത്തായിരുന്നു വണ്ടിപ്പുരയും, വില്ലുക്കടുക്കനിട്ട വണ്ടിക്കാരന്റെ മാടവും.

കേശവപിള്ളസാർ അനവദ്യമായ പ്രഭാതകൃത്യങ്ങളെല്ലാം കഴിച്ച് നിഴലളന്നു സമയം നിശ്ചയിച്ചിട്ടാണ് സ്ക്കൂൾയാത്രയ്ക്കൊരുങ്ങുക, (ഘടികാരം നാടാകെ നിറഞ്ഞിട്ടും അദ്ദേഹമതിനെ വിശ്വസിച്ചില്ല; ആശ്രയിച്ചില്ല.) ആദ്യം സാമാന്യം നീളമുള്ള ഉടുപ്പിടും. അതിനുമേൽ ഉദരം മറയുംവണ്ണം മുണ്ടു ചുറ്റി മുറുക്കും. പിന്നെ ‘ആഫാറം’ എന്നു വ്യവഹരിച്ചിരുന്ന കൂറ്റൻകോട്ടെടുത്തണിയും. ഈ രണ്ട് ഉടുപ്പുകൾക്കും പല പല വലിയ കീശകളുണ്ടായിരുന്നു.

ഭക്ഷണത്തിലും ഗൗരവമുള്ള കമ്പക്കാരനായിരുന്നു അദ്ദേഹം. ഭർത്താവ് ഉടുപ്പിനുള്ളിലാകുമ്പോഴേക്കും രുദ്രമ്മൂമ്മ ചെറുതും വലുതുമായ അനേകം പൊതികൾ മുന്നിൽക്കൊണ്ടു വയ്ക്കും. സാർ അവ ഓരോന്നായെടുത്ത് ഓരോ പോക്കറ്റിലാക്കും. ചോറെന്നല്ലാ കൂട്ടാൻപ്രതി വെവ്വേറെ പൊതിയണമെന്നു നിർബന്ധമായിരുന്നു. കൂടിക്കലർന്നാൽപ്പിന്നെയീ ഉപദംശങ്ങൾക്ക് എന്തു രുചി! ഒരു കുയില്പേനയും, കടുക്ക ചേർത്തുണ്ടാക്കിയ മഷിയും കൂടി ആ ജംഗമസാധനങ്ങളിൽ പെട്ടിരുന്നു. എല്ലാം കീശകളിലൊതുങ്ങിയാൽ അപ്പൂപ്പൻ പൂമുഖത്തിറങ്ങി ശകുനംപാർത്തു പുറപ്പെടുകയായി. ആ യാത്ര നോക്കി, ഇങ്ങേത്തലയ്ക്കൽ രുദ്രമ്മൂമ്മ തൂണു ചാരി നിൽക്കും; അങ്ങേത്തലയ്ക്കൽ ക്ഷമയോടെ വണ്ടിക്കരനും.

അപ്പൂപ്പൻ ഒരു പത്തു ചുവടു നീങ്ങുംമുമ്പ് തിരിഞ്ഞു നിൽക്കും. എന്നിട്ടു പുന്നഗവരാളിയിൽ ഉറക്കെ ചോദിക്കും: ‘രുദ്രമ്മൂ, ഞാൻ ചമ്മന്തി എടുത്തോ?’ നാവുയരുന്നതിനൊപ്പം പൊങ്ങുന്ന കൈ ആഫാറത്തിന്റെ ഇടതു കീഴറയെ ഒന്നു പരതും. അടുത്ത നിമിഷം അദ്ദേഹം തന്നെ മറുപടിയും പ്രഖ്യാപിക്കും: ‘ങാ…എടുത്തു…എടുത്തു…’ പതിവ്രതയായ ആ സാധ്വി മൂകസാക്ഷിയായി നിന്നേച്ചാൽ മതി. അദ്ദേഹം വീണ്ടും പഴയദിശയിൽ ലേശം മുന്നേറും. പെട്ടെന്നു നിൽക്കും, തിരിയും.

‘രുദ്രമ്മൂ, ഞാന്‍ തൈരെടുത്തോ?’

അപ്പോള്‍ കരമ ആഫാറത്തിന്റെ വലതുമേലറയിലെ കുപ്പിയെ തൊട്ടു കഴിഞ്ഞിരിക്കും. ഉത്തരം പൊങ്ങുകയായി:

‘ങാ, എടുത്തു…എടുത്തു.’

പിന്നെയും ഒരു നട. ഒരു നില്‍പ്പ്. ഒരു ചോദ്യം:

“രുദ്രമ്മൂ, ഞാന്‍ ഉപ്പേരി എടുത്തോ?”

കൈ കുപ്പായത്തിന്റെ വലതു കീഴറയെ മൃദുവായൊന്നു ഞെരിക്കും.

‘ങാ. എടുത്തു…എടുത്തു’ ഉറക്കെ കണ്ടെത്തല്‍.

ശില പോലെ നില്‍ക്കുന്ന രുദ്രമ്മൂനെ വിളിച്ചു വിളിച്ച് പിന്നെയും ചോദ്യങ്ങള്‍. ആശ്വാസകരമായ മറുപടികള്‍. ഇടവേളകളില്‍ നടപ്പും.

സുദീര്‍ഘമായ ചോദ്യോത്തരവേള അവസാനിക്കുമ്പോള്‍ അപ്പൂപ്പന്‍ വണ്ടിക്കു സമീപമെത്തിയിരിക്കും. കാളമണികള്‍ തുളുമ്പിത്തുള്ളി കോട്ട വാതിലിറങ്ങിയാല്‍ അമ്മൂമ്മ നെടുവീര്‍പ്പോടെ പിന്‍വാങ്ങും.

അപ്പൂപ്പന്‍ ഒരു നാളെങ്കിലും ഏതെങ്കിലുമൊരു വസ്തു മറന്നു വച്ചിട്ടു പുറത്തേക്കിറങ്ങിയതായി ചരിത്രമില്ല. എങ്കിലും ഓരോന്നായി വിളിച്ചു ചോദിച്ച് തപ്പി നോക്കി ഉറപ്പു വരുത്തിയിട്ടേ, നിത്യവും കോട്ടവാതില്‍ കടന്നിട്ടുള്ളൂ. ഈ ശീലം ദുര്‍വ്യയം ചെയ്യുന്ന സമയത്തെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല. എല്ലാം തിട്ടപ്പെടുത്തിത്തീരുമ്പോള്‍ ആ മുഖത്തൊരു അലൗകിക ദ്യുതി പരക്കുമായിരുന്നുപോല്‍.

സരസമായ ഈ പ്രഭാതഭേരി എന്നും ആസ്വദിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിരുന്ന അയല്‍ക്കാര്‍ അത്ര നല്ലവരായിരുന്നില്ലെന്നു വേണം കരുതാന്‍. അവര്‍ കൊച്ചു കേശവപിള്ളസാര്‍ മഹാമറവിക്കാരനാണെന്നൊരു ധാരണ നാടാകെ പരത്തിവിട്ടു.

‘രുദ്രമ്മൂ, ഞാന്‍ മുണ്ടുടുത്തോ?’ എന്നൊരുനാള്‍ അദ്ദേഹം വിളിച്ചു കൂവുമെന്ന് അസൂയ പെരുത്ത ചില പെണ്ണുങ്ങള്‍ അമ്മൂമ്മയ്ക്കു മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ചില മഹതികള്‍ അതിനപ്പുറവും കടന്നു കയറി. ഇവിടെ അത് എഴുതാവതല്ല.

കൊച്ചു കേശവപിള്ള സാറിന് ഇല്ലാതിരുന്നത് മറവി മാത്രമാണെന്നായിരുന്നു സഹപ്രവര്‍ത്തകരായ അദ്ധ്യാപകരുടെ പരാതി. ആ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും പേരും വയസ്സും വീട്ടു പേരും എന്നല്ലാ രക്ഷകര്‍ത്താവിന്റെ ഇരട്ടപ്പേര്‍പോലും ഹൃദിസ്ഥമായിരുന്നത്രേ സാറിന്. ഹാജര്‍ വിളിക്കാനും വിടുതല്‍ സര്‍ട്ടിഫിക്കറ്റെഴുതാനും ഒരു പുസ്തകവും മറിച്ചുനോക്കേണ്ടിയിരുന്നില്ല.

ഈ അപ്പൂപ്പന്റെ നിസ്തുലമായ ഓര്‍മശക്തി കുടുംബത്തിനു ചെയ്തിട്ടുള്ള സേവനം, കണക്കിനുംകൈയ്ക്കും എത്താത്തതാണ്. അദ്ദേഹം അങ്ങനെയായതുകൊൻടാണ് ഞങ്ങളില്‍ പലരുടെയും ജാതകം തെററാത്തത്. എന്തെന്നാല്‍ കോമളം പ്രസവിച്ചെന്നിരിക്കട്ടെ. ഉടനെ കരിക്കട്ടയോ പേനാക്കത്തിമുനയോ കൊണ്ട് ആരെങ്കിലും അകത്തളത്തിന്റെ ഉത്തരത്തില്‍ എഴുതും: ‘കൊ. വ. 1118 മകരം 9 ഏഴു നാഴിക രാച്ചെന്ന് നങ്ങേലിമകള്‍ കോമളം ആണു പെററു. നക്ഷത്രം മൂലം’.

തറവാട്ടില്‍ അക്കാലം പേററുമുറിക്ക് ഒഴിവുണ്ടായിരുന്നില്ല. പ്രസവത്തിനുമേല്‍ പ്രസവം. അതിനാല്‍ എഴുത്തിനു മീതേ എഴുത്ത്. മൂലത്തിനുമേല്‍ പൂരം. വരികള്‍ തെററി ആണു പെണ്ണായി. രാത്രി പകലായി. കണിയാനും പരലും തിരിഞ്ഞുമറിഞ്ഞു കുഴഞ്ഞു. അന്നേരം അപ്പൂപ്പന്‍ രംഗത്ത്. ആ സ്മരണശലാകയില്‍ വിനാഴിക വരെ കിറുകൃത്യം മിന്നിത്തെളി‌‌യും.

‘ഭാനൂന്റെ മോള് കടിഞ്ഞൂൽ പെററത് മേടത്തിലും കീട്ത്തിലുമല്ല. കുംഭം എട്ട് ചതുര്‍ദശിക്ക്. മകം ഒന്നാം കാല്. കൊഴുത്ത ഗണ്ഡാന്തം. ഉദിച്ച് മൂന്നേ മുക്കാല്‍ നാഴിക.’ സംശയമെല്ലാം പറന്നില്ലേ? ഇതില്‍പ്പരമെന്തു വേണം!

കുടുംബസ്നേഹമുളള പഴയ കാരണവന്മാര്‍ ജനനമരണങ്ങള്‍ ഓര്‍ത്തു വയ്ക്കുന്നത് വല്യകാര്യമല്ലെന്നു നിങ്ങള്‍ പറഞ്ഞേക്കും. തറവാട്ടിലെയും അയല്‍പക്കത്തെയും ഓരോ പെണ്‍കിടാവും ഋതുമതിയായ നാളും കരണവും അപ്പൂപ്പന്‍ ഓര്‍ത്തുവച്ചിട്ടുള്ളതോ? അത്രയുമോ പശു, എരുമ തുടങ്ങിയ സര്‍വവളര്‍ത്തുമൃഗങ്ങളെയും വാങ്ങിയതും വിററതുമായ തീയതി വിലസഹിതം ഏതു നേരത്തു ചോദിച്ചാലും അപ്പൂപ്പന്‍ പറഞ്ഞുതരും പിന്നെ വ്യവഹാരങ്ങളുടെ കഥ പറയാനുണ്ടോ? ഏതു ജഡ്ജ്മെന്റും ആധാരവും ആണ്ടു മാസം തീയതിമുതല്‍, സാക്ഷിവിവരം വരെ മന:പാഠമാണ്. എന്തിനധികം! അപ്പൂപ്പന്‍ ജീവിച്ചിരിക്കും കാലം തറവാട്ടില്‍ ആര്‍ക്കും ഒന്നും മറന്നുകളയാന്‍ പററുകയില്ലെന്ന സ്ഥിതിയായിരുന്നു.

ഇങ്ങനെയുള്ള കഥാപുരുഷനാണ് ‘രുദ്രമ്മു, ഞാന്‍ ചമ്മന്തിയെടുത്തോ?’ എന്നു വിളിച്ചു കൂവിയിരുന്നത്! എന്തായിരുന്നു അതിന്റെ പൊരുള്‍? തമാശ പറയുകയോ, ചിരിക്കുകയോ ചെയ്യാത്ത കേശവപിള്ള അപ്പൂപ്പന്റെ ഈ തമാശ എന്റെ ചിന്തയെ വല്ലാണ്ടു കുഴച്ചിട്ടുണ്ട്. മണ്ടനായ ഞാന്‍ കുഴഞ്ഞിട്ടെന്തു നേടാനാണ്! എങ്കിലും കുഴഞ്ഞു; വെറുതെ…

അതു നില്‍ക്കട്ടെ കര്‍മബഹുലമായ ആ ധന്യജീവിതം ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് ഏറെ ചെല്ലും മുമ്പ്, ഒരു പ്രഭാതത്തില്‍, ദിനകൃത്യങ്ങളും പ്രാതലും കഴിച്ചുവന്ന അപ്പൂപ്പന്‍ പൂമുഖത്തെ തട്ടുപടിയില്‍ ഉപവിഷ്ടനായിരുന്ന് വിസ്തരിച്ചൊന്നു മുറുക്കി. അതിനെക്കാള്‍ വിശാലമായൊന്നു തുപ്പി.

പിന്നെ എന്തോ ഓര്‍ത്തു മന്ദഹാസം തൂകി. ഓര്‍മ തെളിയുന്നതിനൊത്ത് ചിരിയും തെളിഞ്ഞു തെളിഞ്ഞു വന്നു. ഉറക്കെ ചിന്തിച്ച് ഉറക്കെ ചിരിച്ചു തുടങ്ങി. പതിവില്ലാതെ പൂമുഖത്തു നിന്നൊരു ചിരി കേട്ട് രുദ്രമ്മൂമ്മ വാതില്‍ മറഞ്ഞുനിന്നു നോക്കി.

അന്നാദ്യമായി അപ്പൂപ്പന്റെ പൂപ്പുഞ്ചിരി ധര്‍മദാരം കണ്ടു. പരപുരുഷഭയം നീങ്ങിയ അവര്‍ തലയും പിന്നെ ഉടലും പുറത്തേക്കു നീട്ടി. കേശവപിള്ളയദ്ദേഹം ചിരയോടു ചിരതന്നെ.

പാടുപെട്ട് ചിരിയൊന്നമര്‍ത്തി അപ്പൂപ്പന്‍ പറഞ്ഞു: ‘രുദ്രമ്മൂ, എന്നെ പെററപ്പോ വയറ്റാട്ടി പാറുഅമ്പട്ടത്തിക്കൊരു പററുപററി. ആദ്യം പിറന്നതു ചന്തിയാണ്. രാത്രിയല്ല്യൊ…പാറുന് കാഴ്ചയും കഷ്ടി. തലയാ പെറന്നതെന്നു കരുതി അവള് മുക്കും വായും തപ്പി. തപ്പോടു തപ്പ്. എന്നിട്ട് ‘അയ്യോ! പിള്ളയ്ക്ക് കണ്ണും മൂക്കുമില്ലേ…’ എന്നൊരു അലമുറേം.’

ചിരിമുട്ടി വിക്കിവിക്കി അക്കഥ പറഞ്ഞൊപ്പിച്ചിട്ട് അപ്പൂപ്പന്‍ തകര്‍ത്തു വാരി ചിരിച്ചു.

പെട്ടെന്ന് ചിരിയുടെ മട്ടു മാറി. മറ്റൊരു രംഗം… അമ്മൂമ്മ പകച്ചു തുടങ്ങി. ‘രുദ്രമ്മൂ പണ്ട് എനിക്കു പാലുതന്നിരുന്ന കുഞ്ഞിമാളൂനെ നീ കണ്ടിട്ടുണ്ടോ?’ ബാക്കി പറയാനാവാതെ അപ്പൂപ്പന്‍ ചിരിച്ചു വലഞ്ഞു: ‘പല്ലു മുളച്ചിട്ടും ഞാന്‍ പാലുകുടി നിറുത്തീലാ. പാവത്തിന്റെ വെന്തിങ്ങപോലുള്ള മുലക്കണ്ണ് ഒരു ദിവസം എന്റെ പല്ലിനിടയിലിരുന്നു.’

അമ്മൂമ്മയ്ക്ക് പരിഭ്രമത്തിനിടയിലും നാണം വന്നു. അപ്പൂപ്പന്‍ ആ രംഗം രുചിക്കും മട്ടില്‍ വീണ്ടും വീണ്ടും ഇളകിയാടി ചിരിച്ചു. ചിരിച്ചുചിരിച്ചു ശ്വാസം വിങ്ങി. എണീറ്റ് കഴുക്കോലില്‍ തൂങ്ങിപ്പിടിച്ചുനിന്നു ചിരിച്ചു.

തിരികെ ഇരുന്ന് ശാന്തമായി മറ്റെന്തോ ഓര്‍ത്തു. പുതിയ ഈണത്തിലുള്ളൊരു ചിരിയുടെ കതിനാ പൊട്ടി:

‘രുദ്രമ്മൂ കുഞ്ഞണ്ണന്റെ പെമ്പ്രന്നോര് എങ്ങനാ നാല്‍പത്തിയെട്ടാം വയസ്സിലു പെററത്?’

കഥാശേഷം പറയാന്‍ ഇടനല്‍കാതെ ചിരി പതഞ്ഞു ചാടി. ചിരിച്ചു ചിരിച്ചു അപ്പൂപ്പന്റെ കുടല്‍ ചുരുൻടു. അദ്ദേഹം കൈ വയററിലമര്‍ത്തിവച്ചു ചിരി തുടര്‍ന്നു.

അമ്മൂമ്മ ഓടിച്ചെന്നു സംഭാരം കൊണ്ടു വന്നു. അപ്പൂപ്പന്‍ നേര്‍ത്ത ഇടവേളകളില്‍ സംഭാരം കുടിച്ച് ശക്തി സംഭരിച്ചു ചിരിച്ചുമലച്ചു.

ഓര്‍മയിലോടിയെത്തുന്ന സംഭവങ്ങള്‍ക്കൊത്ത് ചിരിയുടെ ഭാവവും മാറിക്കൊണ്ടിരുന്നു. ഒരു വാക്കുപോലും പറയുവാനിട നല്‍കാതെ ചിരി ഇരമ്പിച്ചാടി. ഇടയ്ക്കിടെ അട്ടഹാസത്തോളമെത്തി.

രുദ്രമ്മൂമ്മ പരിഭ്രാന്തയായി എന്തോ പറഞ്ഞു കരഞ്ഞു. പക്ഷേ, ചിരിക്കേതു കാത്!

മോന്തായം കുലുക്കുന്ന ചിരി

കേശവപിള്ള അപ്പൂപ്പന്‍ ചിരിക്കുന്നുവെന്ന് കേട്ട് ഞങ്ങള്‍ക്ക് ചിരിവന്നു. ഗൌരവമുള്ളൊരു ചിരി കാണാന്‍ ഞങ്ങള്‍ ഓടിയെത്തി. ഞാനുള്‍പ്പെടെ പലരും കൂടെ ചിരിച്ചുപോകാതിരിക്കാന്‍ ഏറെ പണിപ്പെട്ടു. ചിരിക്ക് അങ്ങനെയൊരു പകര്‍ച്ചസ്വാഭാവമുണ്ടല്ലോ. ക്രമേണ പലരും ഉത്കണ്ഠാകുലരായി. പൂമുഖം തിങ്ങി നിറഞ്ഞു നിന്ന ബന്ധുമിത്രാദികളെ അപ്പൂപ്പന്‍ കണ്ടില്ല. അദ്ദേഹം ഓര്‍മകളില്‍ നീന്തിത്തുടിച്ചു ചിരിച്ചു പുളഞ്ഞു. കണ്ണും മൂക്കും കാതുമില്ലാത്ത ആഹ്ളാദം. ആരോഹണാവരോഹണങ്ങളിലൂടെ അതു നീണ്ടു.

പുഞ്ചിരി…ചിരി…പൊട്ടിച്ചിരി…അട്ടഹാസം.

അഞ്ചിലേറെ വ്യാഴവട്ടത്തെ ജീവിതമൊന്നാകെ തിക്കിത്തിരക്കി മുന്നില്‍ വന്നു തെളിയുകയായിരുന്നു. ഭാവവൈചിത്ര്യമാര്‍ന്ന രംഗങ്ങള്‍. ആ വൈവിദ്ധ്യം പ്രതിബിംബിക്കുന്ന ചിരി. അപ്പൂപ്പന്‍ ഒരു മാദ്ധ്യമം കണക്കു നിസ്സഹായനായിരുന്നു.

ഓര്‍ത്തോര്‍ത്തു ചെല്ലുമ്പോള്‍ അപ്പൂപ്പന്‍ കരയുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതിക്ഷീച്ചു. വേദനിപ്പിക്കുന്ന ഏതെങ്കിലും ഉണ്ടായിരിക്കില്ലേ ആ ജീവിതത്തിലും? ഞങ്ങളുടെ അറിവില്‍ത്തന്നെ അത്തരം പലതും അപ്പൂപ്പനം നേരിട്ടിട്ടുണ്ട്.

പക്ഷേ, കാത്തു നിന്ന് ഞങ്ങള്‍ നിരാശരായി.

അപ്പൂപ്പന്‍ ചിരിച്ചതേയുള്ള. ഉറവ വററാത്ത ചിരി. അടുത്ത അരുണോദയം വരെ ആഹാരംപോലും ഉപേക്ഷിച്ചിരുന്നു് അദ്ദേഹം ചിരിച്ചു. രസം വെറും ചിരിയില്‍ ഒരുങ്ങാതെ വന്നപ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ കൈകാലിട്ടടിച്ചു. ചിരി അക്രമാസക്തമായപ്പോഴാവാം നിലത്തു കിടുന്നുരുണ്ട് ഹസിച്ചത്.

പിന്നെയും പഴയപടി മന്ദഹാസത്തിലാംരംഭിച്ച്…

അനര്‍ഗളം ഉയര്‍ന്നുപൊങ്ങിയ സ്മരണകള്‍ അമ്പതിലേറെ നാഴിക ചിരിച്ചപ്പോള്‍ തെല്ലാന്നടങ്ങി. എങ്കിലും ഇത്തിരിനേരം കൂടി ഇടവിട്ടിടവിട്ട് അതു നുരഞ്ഞു.

ഒടുവില്‍ ശാന്തമായ ഒരു മന്ദഹാസത്തോടെ കൊച്ചുകേശവപിള്ളയദ്ദേഹം മലര്‍ന്നുകിടന്നു. കണ്ണുകള്‍ ശൂന്യതയില്‍ തറഞ്ഞു. ആ കിടപ്പില്‍ മെല്ലെ മെല്ലെ ചുണ്ടുകളകന്നു.

ഞങ്ങള്‍ ആ വായില്‍ ജലം പകര്‍ന്നു. ആ മുഖം സ്മേരോജ്ജ്വലമായിരിക്കെ ഓര്‍മകളും ആത്മാവും ലോകാന്തരത്തിലേക്ക്.

പെണ്ണുങ്ങള്‍ ജഡത്തിനു ചുററുമിരുന്നു തേങ്ങി. രുദ്രമ്മൂമ്മ മാത്രം കരഞ്ഞില്ല. അവര്‍ കണ്ണിമയ്ക്കാതെ ഭര്‍ത്തൃമുഖം തന്നെ ഉററുനോക്കിക്കൊണ്ടിരിക്കുന്നു.

കിളിവിക്കു സങ്കടമില്ലെന്ന് ചിലര്‍ കുശുകുശുത്തു, ‘ഒരു വികാരോം ഇല്ലാത്ത പെമ്പറന്നോര്’ എന്നു ചിലര്‍ ‘ഒന്നു കരയെടീ’ എന്നൊരു തളളയുടെ ഉപദേശം. ‘പാവം സ്തംഭിച്ചു പോയൊന്നായി അഭ്യുദയകാംക്ഷികള്‍.’

ഞങ്ങള്‍ ശവം പൊക്കിയെടുക്കുമ്പോള്‍ പ്രാണന്‍ പൊട്ടിച്ചിതറും പോലെ അമ്മൂമ്മ അലമുറിയിട്ടു:

‘രുദ്രമ്മൂ ഞാന്‍ ചത്തോ…?, എന്നൊന്നു ചോദിക്കാതെയാണോ പോണത്? ഞാനാ വാക്കും കാത്തല്യോ ഇത്രേംനേരം ഇരുന്നത്!’

അങ്ങനെ ആ പുണ്യശ്ലാകന്‍ മണ്ണിലൊരു സ്മരണയായി അമര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ ചുടലയില്‍ പരുത്തിയും തെങ്ങിന്‍പൂവും ചിരിച്ചു തിമിര്‍ത്തു നില്‍ക്കുന്നു.

ഈയിടെ അദ്ദേഹം ഡയറിയായി ഉപയോഗിച്ചിരുന്ന ഒരു നാള്‍വഴിപ്പുസ്തകം ഒരു നോക്കു കാണുവാന്‍ പിന്‍ഗാമികളായ ഞങ്ങള്‍ക്കു സംഗതിവന്നു. തികച്ചും സ്വകാര്യമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നുമതില്‍ കണ്ടില്ല. ഓരോ ദിവസത്തേയും ചെയ്തികളുടെ ലഘുവിവരണം മാത്രം. അതുതന്നെ. അന്യര്‍ക്ക് പിടികിട്ടാത്തൊരു കോഡുഭാഷയില്‍. പക്ഷേ, ഓരോ ദിവസവും അവസാനിക്കുന്നിടത്ത് രണ്ടുവരി മാററമില്ലാതെ ആവര്‍ത്തിച്ചിരുന്നു. ഒരു ചോദ്യവും ഉത്തരവും.

‘ഞാനിന്നു ജീവിച്ചോ?’, എന്നു ചോദ്യം. അല്പം താഴെ ഉത്തരം: ‘ങാ, ജീവിച്ചു…ജീവിച്ചു.’

ഒരിടത്തു മാത്രം ആ ഉത്തരം ലേശം പിഴച്ചു കണ്ടു: ങാ…സന്ദേഹം…

ഞങ്ങള്‍ അഭിമാനപൂര്‍വംതന്നെ ചോദിച്ചുകൊള്ളട്ടെ, നിങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെ ഒരപ്പൂപ്പനുണ്ടായിട്ടുണ്ടോ? അനുപദം ആത്മപരിശോധന ചെയ്തുറപ്പിച്ചു മുന്നോട്ടുപോയൊരു മഹാന്‍? വെറുതെ വീമ്പു പറയണ്ടാ.

അതു പോട്ടെ, നിങ്ങള്‍ക്കു പറയാമോ, എന്റെ അപ്പൂപ്പന്‍ എന്തിനാ ഇത്രേം ചിരിച്ചതെന്ന്? ചിരിച്ചു ചിരിച്ചു മരിച്ചതെന്ന്?

‘അതിന്റെ ശരിയുത്തരം’ കിട്ടിയാല്‍ നിങ്ങളും ചിരിച്ചു തുടങ്ങും. ചിരിച്ചേ മരിക്കും. ചിരിയൊഴിഞ്ഞൊരു ഇരിയുണ്ടാവില്ല; തീര്‍ച്ച.