close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 16


അറിയാത്തലങ്ങളിലേയ്ക്ക് 16
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഇല്ലാത്ത കാര്യങ്ങളുമായി നമ്മൾ ഇടപഴകുന്നു എന്നു പറഞ്ഞത് വന്ദനയ്ക്കിഷ്ടമായി. അതവൾക്ക് ചിന്തിയ്ക്കാൻ ഒരവസരം കൊടുത്തു. അവൾ ഗൗരവമായി പറഞ്ഞു.

‘ഇല്ലാത്ത സാധനങ്ങളായിരിയ്ക്കാം അച്ഛാ, പക്ഷെ അതിന്റെ അനുഭവം യഥാർത്ഥല്ലെ?’

‘എന്നുവച്ചാൽ?’

‘ഞാനുദ്ദേശിക്കണത്, ഈ കാര്യങ്ങളൊക്കെ ഇല്ലാത്തവയാണെങ്കിലും അതുണ്ടാക്കണ ഫലംല്ല്യേ, ഇഫക്ട്, അതു വളരെ യഥാർത്ഥാണല്ലൊ. അച്ഛന്റെ കാൽവെരല് മുറിഞ്ഞപോലെ. ഞാനീ സ്‌കെച്ചിൽ തൂണ് കണ്ടുപിടിച്ച അതേ സമയത്താണ് അച്ഛൻ അതിന്റെ കല്ലിന്മല് കാലുകുത്തി വീഴാൻ പോയത്. പണ്ട് അമ്മയെ തളത്തിലെത്തിച്ചത് ആ ഇല്ലാക്കോണിയാണെന്നു പറഞ്ഞൂലോ. അപ്പൊ ഇതൊക്കെ സീരിയസ്സായി കാണണംന്നാ എനിയ്ക്കു തോന്നണത്. ഇതെല്ലാം കാരണവര് അച്ഛന് തരണ സൂചന്യായിരിക്കും. കാരണവര് അച്ഛനോട് സംസാരിക്കാൻ ശ്രമിക്ക്ണ്ണ്ട്. നമുക്കത് ഡിസൈഫർ ചെയ്‌തെടുക്കാൻ കഴിയണംന്ന് മാത്രം. അച്ഛൻ ആലോചിച്ചുനോക്കു.’

അങ്ങിനെ നോക്കുമ്പോൾ അതു ശരിയാണെന്നു തോന്നുന്നു. ഈ അനുഭവങ്ങൾ മാത്രമല്ല. മറ്റു നിരവധി അനുഭവങ്ങൾ ആ കാരണവർ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയാണെന്നതിനു തെളിവാണ്. തട്ടിൻപുറത്തെ എഴുത്തുപെട്ടി. അതെനിയ്ക്കു മാത്രം തുറക്കാൻ കഴിയുന്നതിൽ എന്തോ കാര്യമില്ലെ? വന്ദന പറമ്പിന്റെ സ്‌കെച്ച് എടുത്തു നോക്കുകയാണ്. ഞാനത് അവളുടെ കയ്യിൽനിന്ന് മേടിച്ചു. അതിൽ അമ്പലമുള്ളതുകൊണ്ട്, സ്‌കെച്ചും അതിനോടൊപ്പമുള്ള ആധാരവും ഇട്ടിരാമൻ കാരണവര് പിന്നീടുണ്ടാക്കിച്ചതാണെന്നതിന്റെ തെളിവാണ്. വന്ദന ചതുരംഗപ്പലക എടുത്ത് ശ്രദ്ധയോടെ നോക്കുകയാണ്. പെട്ടെന്ന് രണ്ടു പേരും നോക്കുന്ന വസ്തുക്കൾ ഒന്നുതന്നെയാണെന്ന ബോധമെനിയ്ക്കുണ്ടായി. എന്തോ ഒരു ആകസ്മികത യാവാം. എന്റെ തലച്ചോറ് ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു.

‘മോളെ, ഒരു കാര്യം നിനക്ക് തോ ന്ന്ണ്‌ണ്ടോ?’

‘എന്തച്ഛാ?’

‘ഈ ചതുരംഗപ്പലക നമ്മുടെ പറമ്പിന്റെ ചിത്രാണ്ന്ന്?’

വന്ദനയുടെ കണ്ണുകൾ വിടർന്നു. അങ്ങനെയൊരു സാധ്യതയെപ്പറ്റി അവൾ ആലോചിച്ചിട്ടില്ല. അവൾ ആവേശത്തോടെ എന്റെ കയ്യിൽനിന്ന് പറമ്പിന്റെ സ്‌കെച്ചു തട്ടിപ്പറിച്ചു രണ്ടും അടുത്തടുത്തു വെച്ചു നോക്കാൻ തുടങ്ങി.

‘എനിയ്‌ക്കൊന്നും മനസ്സിലാവ്ണില്ല്യ അച്ഛാ.’

‘ഞാൻ പറഞ്ഞു തരാം. ഇതിൽ പെട്ടെന്ന് ശ്രദ്ധിക്കേണ്ട നാല് കരുക്കളുണ്ട്, ഏതൊക്കെയാണത്?’

വന്ദന ബോർഡിലേയ്ക്കു നോക്കി അതീവശ്രദ്ധയോടെ ഇരിയ്ക്കയാണ്.

‘രാജാവിന് അരശ് കൊടുത്തിരിയ്ക്ക്യാണ്. അതായത് ചെക്ക്. അതൊരു തെറ്റായ നീക്കാണ് എന്നുവച്ചാലും ആ കരുക്കളാണ് ഇപ്പോ കണക്കാക്കേണ്ടത്. ഒന്ന് രാജാവ്, അല്ലെങ്കിൽ ചതുരംഗത്തിൽ ഞങ്ങൾ പറയാറുള്ള ദേവൻ. രണ്ട് തേര്, മൂന്ന് ബിഷപ്പ്, അല്ലെങ്കിൽ അച്ഛൻ പറയാറ്ള്ള ആന, നാലമത്തേത് കുതിര.’

‘അതിന്റെയൊക്കെ നിലയൊന്ന് നോക്ക്. അപ്പൊ മനസ്സിലാവും. ഇത് ആ അമ്പലവും അതിന് ചുറ്റുംള്ള ആനയും കുതിരയും ആണ്ന്ന് സങ്കല്പിക്കു. അതായത് ഗണപതിയും തൂണിന്മേല്ള്ള കുതിരയും. ഒരു രാജ്യത്തെ നിധി എവിട്യാണ് സാധാരണണ്ടാവ്വാ?’

‘കൊട്ടാരത്തില്.’

‘എന്നുവച്ചാൽ രാജാവിന്റെ അടുത്ത്. ഇവിടെ രണ്ടു രാജാക്കന്മാരുണ്ടല്ലൊ. ഏതു രാജാവിന്റെ കയ്യിലാണ് അതുണ്ടാവുക.’

‘രണ്ടു രാജാക്കന്മാരുടെ അടുത്തുംണ്ടാവില്ലെ?’

‘ഇവിട്യാണ് കുഴക്കണ പ്രശ്‌നംള്ളത്. അതാണിനി കണ്ടുപിടിയ്ക്കണ്ടത്.’

‘അച്ഛന്റെ ഭാവന കാടുകയറീന്ന് മാത്രേ അർത്ഥള്ളു.’ വന്ദന ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരർത്ഥത്തിൽ വന്ദന പറഞ്ഞതു ശരിയാണ്. എന്റെ ഭാവന കാടുകയറിയിരിയ്ക്കയാണ്. പക്ഷെ ഈ ഒരു കാര്യത്തിൽ എന്നെ നിയന്ത്രിക്കുന്നതു മുഴുവൻ എന്റെ അന്തർജ്ഞാനമാണ്. ഇൻട്യൂഷൻ. മറ്റു സൂചനകളെല്ലാം അതിന് അകമ്പടി സേവിക്കുന്നുവെന്നേയുള്ളു. ഇട്ടിരാമൻ കാരണവരെ സ്വപ്നത്തിൽ കണ്ടതിന്റെ ഓർമ്മയിലാണ് ഞാൻ വന്ദനയോടു പറഞ്ഞത്, നിധി അമ്പലത്തിലാവാൻ വയ്യെന്ന്. കാരണവർ എന്നെ കൊണ്ടുപോയത് തറവാട്ടിലെ നിരവധി മുറികളിലൊന്നിലാണ്. മുകളിലാണോ ചുവട്ടിലാണോ എന്നുപോലും അറിയില്ല. അതു കണ്ടുപിടിയ്ക്കാനുള്ള വഴികളാണ് ഇനി തേടേണ്ടത്. ഞാനാ സ്‌കെച്ചും ചതുരംഗപ്പലകയും മുമ്പിൽവച്ച് ധ്യാനിച്ചു. അപ്പോഴാണ് ഒരു കാര്യം മനസ്സിലാക്കിയത്. ഈ പറമ്പ് ശരിയ്ക്കും ചതുരനാണ്. ആ ചെസ്സ്‌ബോർഡു പോലെ. എന്തുകൊണ്ടാണ് ഈ കാര്യം മുമ്പെ തലയിൽ കയറാഞ്ഞത്? ചെസ്സ്‌ബോർഡിൽ നിന്ന് കെട്ടിടത്തിന്റെ സ്ഥാനം കണ്ടുപിടിയ്ക്കാൻ വിഷമമാണ്. അത് സ്വയം അദ്ധ്വാനിച്ചു കണ്ടുപിടിയ്ക്കണം.

EHK Novel 06 Ch16 1.jpeg

കുട്ടിക്കാലത്ത് എനിയ്ക്കുണ്ടായിരുന്ന ഒരു ഗോഷ്ഠിയാണ് തൃകോണങ്ങൾ വരയ്ക്കുകയെന്നത്. കടലാസ്സിലൊന്നുമല്ല. മനസ്സിൽ, അല്ലെങ്കിൽ കണ്ണുകൾകൊണ്ട് ഒരോ വസ്തുക്കളിൽ അദൃശ്യമായ തൃകോണങ്ങൾ വരയ്ക്കുക. ഒരു കൂട്ടം വസ്തുക്കളിൽനിന്ന് എനിയ്ക്ക് നിരവധി തൃകോണങ്ങളുണ്ടാക്കാൻ കഴിയും. എനിയ്ക്ക് ധൈര്യക്കുറവുള്ളപ്പോഴോ, എന്തെങ്കിലും കാര്യത്തിൽ തീർപ്പുണ്ടാക്കാൻ കഴിയാതിരിക്കുമ്പോഴോ ആണ് ഞാനീ കോമാളിത്തം കാട്ടാറ്. പിന്നീട് അദൃശ്യ രേഖകൾ വരയ്ക്കുന്നതിനോടൊപ്പം എന്റെ കൈവിരലുകളും ചലിപ്പിയ്ക്കാറുണ്ട്. അതുകൊണ്ടൊക്കെയായിരിയ്ക്കണം പിക്കാസ്സോവിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എനിയ്ക്കു പെട്ടെന്നിഷ്ടമായത്. ഇതാ വേറൊരു കോമാളി എന്നു വിചാരിച്ചിരിയ്ക്കണം.

എന്തായാലും ആ സ്വഭാവം ഇപ്പോൾ ആവശ്യമായി വന്നു. ഞാൻ ചതുരംഗപ്പലകയിൽ കണ്ടു പിടിച്ച രണ്ടു കരുക്കളായ ആനയും കുതിരയും ചേർത്ത് തൃകോണങ്ങളുണ്ടാക്കാൻ തുടങ്ങി. ആ രണ്ടു കരുക്കളെ മാത്രമെടുക്കാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു. ദേവനെ, അല്ലെങ്കിൽ രാജാവിനെ ചെക്ക്‌മെയ്റ്റ് ചെയ്ത മൂന്നു കരുക്കളിൽ ആനയും കുതിരയും ശരിയും തേര് തെറ്റുമാണ്. എന്നുവെച്ചാൽ കുതിരയെ ആനയുടെ മുമ്പിൽനിന്ന് മാറ്റി ഒരു ഓപ്പൻ ചെക്കു കൊടുത്തു, അതോടൊപ്പം കുതിരയെക്കൊണ്ടും ചെക്കുവച്ചു. അത് സംഭാവ്യമാണ്. മറിച്ച് തേരിന്, അല്ലെങ്കിൽ ക്യാസിലിന് അവിടെ വരാൻ യാതൊരു ന്യായവുമില്ല. അതുകൊണ്ട് അത് ബൂളിയൻ ലോജിക്കിൽ പറഞ്ഞാൽ ‘ഫാൾസു’ം മറ്റു രണ്ടും ‘ട്രൂ’വുമാണ്. അപ്പോൾ ശരിയായിട്ടുള്ളതു മാത്രമെടുക്കുക. രണ്ടു ദിശയിലേയ്‌ക്കേ അവയിൽ നിന്ന് തൃകോണങ്ങളുണ്ടാവു. ഒന്ന് കെട്ടിടത്തിന്റെ ദിശയിലേയ്ക്ക്. പിന്നെ മറുവശത്തേയ്ക്കും. മറുവശത്തേയ്ക്കുള്ളത് തീരെ ഉപേക്ഷിക്കാം, കാരണം അവിടെ വെറും തെങ്ങുകളും മറ്റു മരങ്ങളും നിറഞ്ഞ പറമ്പാണ്. കെട്ടിടത്തിന്റെ ഭാഗത്തേയ്ക്കു വരച്ച ഭുജങ്ങൾ ഒരു നേർവരയിലാണ് കുട്ടിമുട്ടുന്നത്.

ആ നേർവരകളിലെവിടെയെങ്കിലും ആവണം ഞങ്ങൾ അന്വേഷിക്കുന്ന നിധിയുള്ളത്. മിക്കവാറും ഏതെങ്കിലും മുറികളിൽ. അവിടേയ്ക്കാണ് ഇട്ടിരാമക്കാരണവർ സ്വപ്നത്തിൽ എന്നെ കൊണ്ടുപോയത്. ഇത്രയും വിശദീകരിച്ചുകൊടുത്തപ്പോൾ വന്ദനയുടെ സിനിസിസം പെട്ടെന്ന് അപ്രത്യക്ഷമായി. കമ്പ്യൂട്ടറിൽ ചെയ്തുകൊണ്ടിരുന്നത് സേവ് ചെയ്ത് അവൾ ചോദിച്ചു.

‘അപ്പൊ ഇനി കണ്ടുപിടിയ്‌ക്കേണ്ടത് ഏതു മുറ്യാണെന്നു മാത്രാണ്, അല്ലെ?’

‘അതെ. അതിന് നമുക്ക് വേണ്ടത് ഒരു കമ്പ്യൂട്ടർ മോഡലാണ്. നീ ഇപ്പോ ഉണ്ടാക്കണ സ്‌കെച്ചില്ലെ, അതു കഴിഞ്ഞാൽ പറയൂ. ഞാൻ അതിനുമുമ്പ് ഗണപതിയുടെയും കുതിരയുടെയും ഇടയിലുള്ള ദൂരം കണക്കാക്കാം. അതുപോലെ അവിടെനിന്ന് വീട്ടിലേയ്ക്കും. ഇത്രയും ആയാൽ നമുക്ക് പണി തുടങ്ങാം.’

വന്ദനയ്ക്ക് ഉത്സാഹമായി. സ്‌കെച്ചിന്റെ അവസാന പണികളിലാണ് അവൾ. ഇനി അളവുകൾ എടുത്തു ചേർക്കുകയേ വേണ്ടു. അവളെ ആ പണി തുടരാൻ ഏല്പിച്ച് ഞാൻ എന്റെ അളവുനാടയുമായി പുറത്തേയ്ക്കിറങ്ങി. ശരിയ്ക്കു പറഞ്ഞാൽ ഗണപതിയും അമ്പലവും കുതിരയും എകദേശം ഒരേ നിരയിലാണുള്ളത്. ഗണപതിയും കുതിരയും അല്പം മുമ്പിലേയ്ക്കു നിൽക്കുന്നുണ്ടെന്നു മാത്രം. ചതുരംഗപ്പലകയിലും അങ്ങിനെത്തന്നെയാണ് കരുക്കളുടെ നില.

വൈകുന്നേരം ആദ്യത്തെ ദല്ലാളൻ വന്നു.

‘ഈ നാലുകെട്ടും പറമ്പും വിൽക്കാനുണ്ട്ന്ന് കേട്ടല്ലൊ.’

ഞാൻ മനസ്സിൽ പറഞ്ഞു. ദേവിയോട് നിധിയുടെ കാര്യമായിരുന്നു പറയേണ്ടിയിരുന്നത്. ഒരു കാര്യവും ഇവരുടെയൊന്നും മനസ്സിൽ നില്ക്കില്ല. ഞാൻ പറഞ്ഞു.

‘അടുത്ത വീട്ടുകാരെയാണ് ഏല്പിച്ചിരിക്കണത്. ഞങ്ങള് രണ്ടു ദിവസം കഴിഞ്ഞാൽ പോവ്വാണ്.’

‘ആരെ, ഭാർഗ്ഗവിയമ്മടെ വീട്ടുകാരെയോ?’

‘അതെ, അവിടെ ചോദിച്ചാൽ മതി.’

‘ഇത്‌പ്പൊ എത്ര ഏക്കറ് കാണും?’

‘എല്ലാം അവർക്കറിയാം, അവിടെ അന്വേഷിച്ചാ മതി.’

രാത്രിയായപ്പോഴേയ്ക്ക് വന്ദന സ്‌കെച്ചു വരച്ചു കഴിഞ്ഞു. മനോഹരമായിരിക്കുന്നു. അളവെടുത്തു വരച്ചതുകൊണ്ട് എല്ലാം വളരെ വ്യക്തമായിരുന്നു. പഴയ എട്ടുകെട്ടിന്റെ സ്ഥാനം അവൾ ഊഹിച്ച് വരച്ചു ചേർത്തിരുന്നു. അതുപോലെ നാലുകെട്ടു മാത്രമായി നിർത്തിയിരുന്നെങ്കിൽ എവിടംവരെയുണ്ടാവുമെന്നും അവൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പറമ്പിൽ രണ്ടു കുളമാണുള്ളത്. ഒന്ന് വെട്ടുകല്ലെടുത്ത കുഴിപോലെ തോന്നിയ്ക്കുന്ന കുളം. ഒരു ഭാഗത്ത് പടവുകളും കുളപ്പുരയുമുണ്ടെങ്കിലും മറ്റു മൂന്നു വശത്ത് പെട്ടെന്നുള്ള താഴ്ചയാണ്. കണ്ടാൽ ഭയം തോന്നും. ഞങ്ങൾ കുളിച്ചിരുന്നത് തെക്കുകിഴക്കു ഭാഗത്തുള്ള വിശാലമായ കുളത്തിലായിരുന്നു. അതിൽ നിറയെ ആമ്പൽ പൂക്കൾ ഏതുകാലത്തും വിരിഞ്ഞുനിൽക്കാറുണ്ട്. വെട്ടുകല്ലുകുളവും കുളപ്പുരയും ഒരു കാലത്ത് എട്ടുകെട്ടിന്റെ ഭാഗമായിരിയ്ക്കണമെന്ന് ഞാൻ ഊഹം പറഞ്ഞിരുന്നു. അതനുസരിച്ചാണവൾ എട്ടുകെട്ടിന്റെ പൊളിച്ചുകളഞ്ഞ ഭാഗവും സ്‌കെച്ചിൽ ചേർത്തത്. ഞാൻ പറഞ്ഞതനുസരിച്ച് അമ്പലത്തിന്റെയും കുതിരയുടെയും ഇടയിൽ ഒരു സാങ്കല്പിക രേഖയുണ്ടാക്കി അതിൽനിന്ന് കെട്ടിടത്തിന്റെ വടക്കുഭാഗത്തെത്തുന്നതുവരെ തൃകോണങ്ങൾ ഉണ്ടാക്കിവച്ചു. ഇപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാണ്. ആ തൃകോണങ്ങൾ വന്നു മുട്ടുന്ന ഏതെങ്കിലും മുറിയിലാവണം നിധി ഒളിപ്പിച്ചുവച്ചിരിയ്ക്കുന്നത്.

പകലത്തെ അദ്ധ്വാനം കാരണമായിരിക്കണം ഞാൻ രാത്രി നന്നായി ഉറങ്ങി. രാവിലെ താഴത്തെത്തിയപ്പോൾ ദേവിയാണ് ചായ കൊണ്ടുവന്നു തന്നത്. പക്ഷെ മുഖത്തൊരു പ്രസാദമില്ല. ഞാൻ ചോദിച്ചു.

‘എന്തേ?’

‘ഒന്നുംല്ല്യ.’

‘എന്തോണ്ട്.’

‘നന്ദേട്ടനെന്തിനാ ആ പൊരുത്തുകാരനെ ഞങ്ങടടുത്തേയ്ക്ക് വിട്ടത്?’

‘അത്രേള്ളു. ഞാനൊരു ചോദ്യം അങ്ങട്ട് ചോദിയ്ക്കട്ടെ. എന്തിനാണ് ഞങ്ങൾക്കീ വീട് വിൽക്കാനുദ്ദേശ്യണ്ട്ന്ന് പൊറമെ പറഞ്ഞത്? ഞാൻ പ്രത്യേകം പറഞ്ഞതല്ലെ വേറെ ആരോടും പറയരുത്ന്ന്? ഇപ്പൊ എന്തു ശല്യായിന്ന് നോക്ക്. ഒന്നാമതായി മൂന്നു കൊല്ലത്തിനുള്ളിൽ വില്ക്കാനേ ഉദ്ദേശള്ളു. പിന്നെ പൊരുത്തുകാര് മുഖേന വിൽക്കാൻ തീരെ ഉദ്ദേശല്ല്യ. അതൊക്കെ പറഞ്ഞതല്ലെ.’

‘ഞാനത്രെ്യാന്നും ആലോചിച്ചില്ല.’

‘അപ്പൊ ഇനി വരണ പൊരുത്തുകാരോടൊക്കെ പറയ്യാ, ഈ വീടും പറമ്പും വില്ക്കാൻ പോണില്ല്യ, ഇവിടത്തെ കൂട്ടര് റിട്ടയറ് ചെയ്തു കഴിഞ്ഞാൽ വന്നു താമസിക്ക്യാണ്ന്ന്. അല്ലെങ്കില് നിനക്കുതന്നെയാണ് ശല്യം. ഞങ്ങള് മൂന്നു ദിവസം കഴിഞ്ഞാൽ പോവും.’

‘ശരി.’

അവൾ അടുക്കളയിലേയ്ക്കു പോയപ്പോൾ എനിയ്ക്കു വിഷമമായി. ഞങ്ങൾ കുട്ടികളായിരിയ്‌ക്കെ പറമ്പിലൊക്കെ ഓടിക്കളിച്ചിരുന്നപ്പോൾ ഒരു വാലായി അവളും ഉണ്ടായിരുന്നു. ഇന്ദിരയേക്കാൾ നാലു വയസ്സു താഴെയാണ്. ഇപ്പോൾ അവളും അമ്മയും ഈ വീടും പറമ്പും നോക്കാനുണ്ടെന്ന ധൈര്യത്തിലാണ് ഞങ്ങളവിടെ കഴിയുന്നത്.

ഇന്ന് നിർണ്ണായക ദിവസമാണ്. ഇന്ദിരയും വന്ദനയും അമ്പലത്തിൽനിന്നു വന്നപ്പോൾ ഏല്ലാവരും ഒന്നിച്ച് പ്രാതൽ കഴിച്ചു. ദേവിയോട് കുറച്ചു മയത്തിൽ സംസാരിച്ചപ്പോൾ അവളുടെ പിണക്കം മാറി. പാവം, അത്രയേ ഉള്ളു.

EHK Novel 06 Ch16 2.jpeg

ഞങ്ങൾ സ്‌കെച്ചിൽ അടയാളപ്പെടുത്തിയ മുറികൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പെട്ടെന്നെനിയ്ക്ക് നേരത്തെ കണ്ട സ്വപ്നം ഓർമ്മ വന്നു. ഇട്ടിരാമൻ കാരണവർ എന്റെ കൈ പിടിച്ച് ഒരു കോണിയിറങ്ങിവരുന്ന സ്വപ്നം. ഞാൻ വന്ദനയോടു പറഞ്ഞു.

‘എനിയ്ക്കു തോന്നണത് കോണിയുള്ള ഒരു മുറിയായിരിയ്ക്കും അതെന്നാണ്. പക്ഷെ നമ്മടെ തെരച്ചിലിൽ കോണിയൊന്നും കണ്ടിട്ടില്ല. അതിനർത്ഥം ഒരു കാലത്ത് ഉണ്ടായിരുന്ന കോണി ഇട്ടിരാമൻ കാരണവരുടെ കാലത്തിനുശേഷം എടുത്തു മാറ്റി എന്നാണ്. എന്താ അഭിപ്രായം?’

‘അങ്ങനീം ഒരു സാധ്യതണ്ട്. അച്ഛൻ പറഞ്ഞിരുന്നില്ലെ, കോണി എടുത്തു മാറ്റിയാൽ തട്ടിന്റെ ആ ഭാഗം വ്യത്യാസപ്പെട്ടിരിക്കുംന്ന്? അപ്പൊ നമുക്കതു നോക്കാം. ഏതായാലും മൂന്നു മുറിയേ നമ്മള് അടയാളപ്പെടുത്തീട്ടുള്ളു.’

‘നോക്കാം.’

ഞങ്ങൾ സ്‌കെച്ചിൽ അടയാളപ്പെടുത്തിയ നമ്പറനുസരിച്ച് നോക്കാൻ തുടങ്ങി. ഒന്നാം നമ്പറിൽ ഒന്നുമില്ല. അതു കാരണവരുടെ മുറിയായിരുന്നു. അതിനു തൊട്ടടുത്ത് ഒളിഞ്ഞുകിടന്ന മുറി നേരത്തെ നോക്കിയിരുന്നല്ലൊ. രണ്ടാം നമ്പറിലെത്തിയപ്പോൾ പെട്ടെന്ന് വിളക്കണഞ്ഞു. കറന്റ് പോയതാണ്. കയ്യിൽ പിടിച്ച വിളക്ക് താഴെ വച്ചു ഞങ്ങൾ വയർ തടയാതെ മുറിയ്ക്കു പുറത്തു കടന്നു. ഇനി എപ്പോഴാണ് വൈദ്യുതി വരുകയെന്നറിയില്ല. നാട്ടിൻപുറത്തൊക്കെ അങ്ങിനെയാണ്. അത്രയും സമയം പാഴാക്കാതെ സ്‌കെച്ചു പഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

‘ഒരു കാര്യം നീ ശ്രദ്ധിച്ചോ?’ ഞാൻ ചോദിച്ചു. ‘നടുവിലെ മുറിയും അതിനു ചുറ്റുമുള്ള ഇടനാഴികകളും നടുമുറ്റം നികത്തി പണിതതായിരിക്കണം.’

‘ശര്യാണല്ലെ.’ സ്‌കെച്ചു നോക്കിക്കൊണ്ട് വന്ദന പറഞ്ഞു. എട്ടുകെട്ടിന്റെ രണ്ടാമത്തെ നടുമുറ്റാണ് അത് അല്ലെ? ഞാനതോർത്തില്ല. അപ്പോൾ ആ നടുമുറ്റത്തായിരിയ്ക്കും കാരണോര് നിധി കുഴിച്ചിട്ടത്. അതോണ്ടായിരിക്കും എട്ടുകെട്ട് മുഴുവൻ പൊളിക്കാൻ സമ്മതിയ്ക്കാതിരുന്നത്, അല്ലെ?’

‘ആയിരിക്കും. ഈ നശിച്ച കറന്റ് ഇനി എപ്പോഴാണാവോ വര്വാ. ആ മുറീലൊക്കെ പരിശോധിക്കണെങ്കില് നല്ല വെളിച്ചം വേണം. നമ്മള് നോക്കാൻ പോണ മുറീല് ഒട്ടും വെളിച്ചം ഇല്ല. പൊറത്തേയ്ക്ക് ജനലില്ലാത്ത മുറിയാണ്. ആകെള്ളത് ഒരു സൂത്രോട്ട്യാണ്. വാതില് കടക്കണ ഇടനാഴിക അതിലേറെ ഇരുട്ടു പിടിച്ചതും.’

‘എന്താച്ഛാ സൂത്രോട്ട?’

‘തച്ചുശാസ്ത്രപ്രകാരം ചില ചുമരിൽ ജനൽ പാടില്ലെന്നുണ്ട്. പക്ഷെ അങ്ങിനെയുള്ള സ്ഥലത്ത് വെറും ഒരു ഓട്ടയുണ്ടാക്കും. ഏകദേശം രണ്ടിഞ്ചു വ്യാസത്തിൽ. അതിനാണ് സൂത്രോട്ട എന്നു പറയണത്. ഒരു പക്ഷെ ത്രൂ വെന്റിലേഷനു വേണ്ടിയായിരിക്കും.’

‘അതു ശരി.’

‘ഈ നാട്ടിൻപുറത്ത് ഇങ്ങിനെയൊരു ശല്യം മാത്രേള്ളൂ. കറന്റ്, അതു പോയാൽ ഒരു പോക്കാണ്. നിനക്ക് കമ്പ്യൂട്ടറിൽ ഒന്നും ചെയ്യാനും പറ്റില്ല.’

‘ക്ഷമിക്കു അച്ഛാ.’