close
Sayahna Sayahna
Search

അൻശു കെ. ഗുപ്ത


സാനിറ്ററി നാപ്കിനുകളുടെ സാമൂഹികശാസ്ത്രം
അന്‍ശു കെ. ഗുപ്തയുമായി ജൂൺ 2007-ൽ എം. സുചിത്ര നടത്തിയ അഭിമുഖം
അൻശു കെ. ഗുപ്ത‍‍
AnsuGupta.jpeg
തൊഴിൽ ഡൽഹിയിലെ ഫരീദാബാദ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ‘ഗൂംജ്’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ഡയറക്ടർ.
എം. സുചിത്ര
SuchitraM.jpeg
തൊഴിൽ സ്വതന്ത്ര പത്രപ്രവർത്തകരുടെ സംരംഭമായ ക്വസ്റ്റ് ഫീചേഴ്സ് അൻഡ് ഫുട്ടേജ്ന്റെ സ്ഥാപക. ഇപ്പോൾ ‘ഡൗൺ ടു എർത്’ എന്ന പാരിസ്ഥിതിക പ്രസിദ്ധീകരണത്തിന്റെ സൗത്ത് ഇൻഡ്യൻ കറസ്പോൺഡന്റ്

വീശിയടിക്കുന്ന ശീതക്കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പ്രഭാതത്തിലാണ് ഞങ്ങള്‍ ഗിദ്ധ എന്ന ഗ്രാമത്തിലെത്തിയത്. പട്‌നയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് മുശാഹരികള്‍ താമസിക്കുന്ന ഈ ഗ്രാമം. പശിയടക്കാന്‍ എലികളെ പിടിച്ചു തിന്നേണ്ടിവരുന്ന പരമ ദരിദ്രരാണ് ഇക്കൂട്ടര്‍. ഈ വിഭാഗത്തില്‍പ്പെട്ട 35 ലക്ഷത്തോളം ആളുകള്‍ ബിഹാറിലുണ്ട്.

വിശപ്പിന്റെ ആഴക്കയങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പാടുപെടുന്ന ഇവരെ സംബന്ധിച്ചിടത്തോളം വസ്ത്രം ഒരു വിദൂര സ്വപ്നം മാത്രമാണ്. തണുപ്പ് എല്ലു തുളച്ചുകയറുന്ന രാത്രികളില്‍ പലപ്പോഴും അവര്‍ ചെറിയ കുഴികള്‍ കുഴിച്ചു കുഞ്ഞുങ്ങളെ അതില്‍ കിടത്തി ഉണങ്ങിയ പുല്ലിട്ടു മൂടും. മാറിയുടുക്കാന്‍ തുണിയില്ലാത്തതുകൊണ്ട് സ്ത്രീകള്‍ ദിവസങ്ങളോളം കുളിക്കാതെ നടക്കും. ആര്‍ത്തവദിവസങ്ങളില്‍ നിങ്ങള്‍ എന്താണ് ഉപയോഗിക്കാറുളളത് എന്ന ചോദ്യത്തിന് ഒന്നും ഉപയോഗിക്കാറില്ല എന്നായിരിക്കും ഇവരുടെ ഉത്തരം.

അവരുടെ മുന്നില്‍ ഞങ്ങള്‍ ക്രിമിനലുകളെപ്പോലെ നിന്നു. സ്വെറ്ററും ജാക്കറ്റുമൊക്കെയിട്ട് നഗരത്തില്‍ നിന്നെത്തിയ ഒരു സംഘമാളുകള്‍. പതുപതുത്ത മെത്തകളില്‍ രജായികള്‍ക്കുളളില്‍ ചുരുണ്ടുകൂടി സുഖമായി ഉറങ്ങുന്നവര്‍. തണുപ്പില്‍ തെരുവോരങ്ങളില്‍ ഒടുങ്ങിപ്പോകുന്നവരുടെയും ആര്‍ത്തവരക്തം തടയാന്‍ ഒരു കീറത്തുണി പോലുമില്ലാത്ത നിരവധി സ്ത്രീകളുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ഞങ്ങളാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നമ്മള്‍ എന്തെങ്കിലും ചെയ്തതുകൊണ്ടല്ല, മറിച്ച്, ചെയ്യാന്‍ കഴിയുന്നതുപോലും ചെയ്യാത്തതു കൊണ്ടാണ് ഈ മരണങ്ങളൊക്കെയുണ്ടാകുന്നത്.

ഒരു സെലിബ്രിറ്റിയുടെ ഡേറ്റ് കിട്ടാത്തതുകൊണ്ടുമാത്രം നൂറുകണക്കിന് സ്വെറ്ററുകള്‍ ഞങ്ങള്‍ക്ക് കൈമാറാതെ കൈവശംവെച്ചുകൊണ്ടിരുന്ന ഒരു റേഡിയോ ചാനലിനെപ്പറ്റി ഞാനപ്പോള്‍ ഓര്‍ത്തു. ശേഖരിച്ച വസ്ത്രങ്ങള്‍ ഞങ്ങള്‍ക്ക് കൈമാറുന്നത് വലിയൊരു സംഭവമാക്കാന്‍ പറ്റിയ അവസരവും കാത്തിരുന്ന ഒരു കോര്‍പറേറ്റ് ഓഫീസിനെക്കുറിച്ചും ഞാനോര്‍ത്തു. സുനാമി പോലൊരു ദുരന്തമുണ്ടാകുമ്പോള്‍ ദാനം ചെയ്യാമെന്ന ചിന്തയില്‍ പഴയ വസ്ത്രങ്ങള്‍ അലമാരയില്‍ വൃത്തിയായി അടുക്കിവെച്ചിട്ടുളള ചില പരിചയക്കാരുടെ മുഖങ്ങളും എന്റെ മനസിലൂടെ മിന്നിമറഞ്ഞു.

ഭൂകമ്പത്തെക്കാളും വെളളപ്പൊക്കത്തെക്കാളും വലിയ വാര്‍ഷികദുരന്തമല്ലേ, സത്യത്തില്‍, തണുപ്പില്‍ മരിച്ചുപോകുന്നത്? പക്ഷേ, അവരൊന്നും സ്ഥിതിവിവരക്കണക്കുകളില്‍ പെടാറില്ല. ഒരു പാഴ്ത്തുണിക്കഷണം പോലുമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം വലിയൊരു ദുരന്തമാണ്. എല്ലാ മാസവും ഉണ്ടാകുന്ന പ്രകൃതിദുരന്തം…

നമ്മുടെ രാജ്യം ഒരു സാമ്പത്തിക ശക്തി­യായി വളര്‍ന്നു­കൊണ്ടി­രിക്കുകയാണ് എന്നാണ് പറയപ്പെ­ടുന്നത്. പക്ഷേ, രാജ്യത്തെ 35 ശതമാനം ജനങ്ങള്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യ­ത്തിലാണ്. ഭക്ഷണ­മില്ല, പാര്‍പ്പിട­മില്ല, വസ്ത്രമില്ല. ഇത് മൂന്നും അടിസ്ഥാന­പരമായ ആവശ്യ­ങ്ങളാണ്. എന്നാല്‍ ഭക്ഷണം, പാര്‍പ്പിടം എന്നിവ പോലെ വികസന­നയങ്ങളിലോ പദ്ധതി­കളിലോ വസ്ത്ര­ത്തിന് സ്ഥാനം ലഭിച്ചു കാണാറില്ല.

പലതരം മേന്മകള്‍ അവകാശപ്പെടുന്ന സാനിറ്ററി നാപ്കിനുകള്‍ വിപണിയിലിറക്കി ‘ആ അഞ്ചുദിവസ’ത്തെ മുതലെടുത്ത് പരമാവധി ലാഭം കൊയ്യാന്‍ വിവിധ ബ്രാന്‍ഡുകള്‍ പരസ്പരം മത്സരിക്കുന്നതിനിടയില്‍, ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം മരണത്തിലേക്ക് നയിക്കാവുന്ന ഒരു ദുരന്തമാണെന്നു പറയുന്നത്, മുപ്പത്തിയേഴുകാരനായ ആന്‍ശു കെ. ഗുപ്ത. ഡല്‍ഹിയിലെ ഫരീദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗൂംജ്’ (പ്രതിധ്വനി എന്നര്‍ത്ഥം) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ഡയറക്ടറാണ് അന്‍ശു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഈ ചെറുപ്പക്കാരന്‍ 1998–ല്‍ എസ്‌കോര്‍ട്ട് കമ്പനിയില്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജരായി ജോലി നോക്കവെയാണ് അത് രാജിവച്ചു ഗൂംജ് തുടങ്ങിയത്. ഈ സംരംഭത്തിന് അദ്ദേഹത്തെ സഹായിച്ചത് ബി.ബി.സിയുടെ ദക്ഷിണേഷ്യയിലെ ന്യൂസ് മാനേജ്‌മെന്റിന്റെ ചുമതല വഹിച്ചിരുന്ന ഭാര്യ മീനാക്ഷി ഗുപ്തയും മാധ്യമപ്രവര്‍ത്തകരായ മറ്റു മൂന്നു സുഹൃത്തുക്കളുമാണ്. നഗരങ്ങളില്‍ കെട്ടിക്കിടക്കുന്ന വിഭവങ്ങള്‍, അവ തീര്‍ത്തും നിഷേധിക്കപ്പെടുന്ന ഗ്രാമങ്ങളിലേക്ക് വഴി തിരിച്ചുവിടുക എന്നതാണ് ഗൂംജിന്റെ പ്രവര്‍ത്തനതത്ത്വം. വസ്ത്രങ്ങള്‍, ക്ലോത്ത് ഫോര്‍ വര്‍ക്ക്, സ്കൂള്‍ ടു സ്കൂള്‍ തുടങ്ങിയ പദ്ധതികള്‍ക്കു പുറമെ ‘നോട്ട് ജസ്റ്റ് എ പീസ് ഓഫ് ക്ലോത്ത്’ എന്ന പേരില്‍, ദരിദ്രരായ സ്ത്രീകള്‍ക്ക് ആര്‍ത്തവനാളുകളില്‍ തുണി ലഭ്യമാക്കുന്ന മറ്റൊരു പരിപാടിയും ഗൂംജ് നടപ്പാക്കി വരുന്നുണ്ട്. അശോക ഫൗണ്ടേഷന്റെ ചേഞ്ച് മേക്കേഴ്‌സ് അവാര്‍ഡ് ഉള്‍പ്പെടെ പല അന്തര്‍ദേശീയ പുരസ്കാരങ്ങളും ഈ പദ്ധതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അന്‍ശുവുമായി നടത്തിയ ഇ&ndashമെയിലില്‍ അഭിമുഖത്തില്‍ നിന്ന്.

Symbol question.svg.png നല്ല ശമ്പളമുളള ജോലി രാജിവച്ച് ഗ്രാമങ്ങളില്‍ വസ്ത്രങ്ങളെത്തിക്കുന്ന പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

നമ്മുടെ രാജ്യം ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷേ, രാജ്യത്തെ 35 ശതമാനം ജനങ്ങള്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണ്. ഭക്ഷണമില്ല, പാര്‍പ്പിടമില്ല, വസ്ത്രമില്ല. ഇത് മൂന്നും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. എന്നാല്‍ ഭക്ഷണം, പാര്‍പ്പിടം എന്നിവ പോലെ വികസനനയങ്ങളിലോ പദ്ധതികളിലോ വസ്ത്രത്തിന് സ്ഥാനം ലഭിച്ചു കാണാറില്ല. വെളളപ്പൊക്കത്തിലും ഭൂകമ്പത്തിലുമൊക്കെ മരിക്കുന്നവരുടെ എണ്ണം നമുക്കറിയാം. പക്ഷേ, തണുപ്പുകാലത്ത് പുതയ്ക്കാന്‍ ഒരു തുണി പോലുമില്ലാതെ ഓരോ വര്‍ഷവും എത്രപേര്‍ മരിച്ചുപോകുന്നുവെന്നതിന്റെ കണക്ക് സര്‍ക്കാരിനുണ്ടോ? സുനാമി പോലുളള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വസ്ത്രത്തിന്റെ ആവശ്യം ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ഗിദ്ധ ഗ്രാമത്തെപ്പോലെ ദാരിദ്ര്യം നിലനില്‍ക്കുന്ന എത്രയോ പ്രദേശങ്ങളുണ്ട്. അവരെ സഹായിക്കാന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഗൂംജ് തുടങ്ങിയത്.

Symbol question.svg.png ഗ്രാമീണമായ കുടുംബ പശ്ചാത്തലമാണോ അന്‍ശുവിന്റേത്?

അല്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ നഗരത്തിലാണ്. ഒരു ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛന്‍ ആര്‍മിയിലായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലും താമസിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ, വളരെ പിന്നാക്കം നില്‍ക്കുന്ന ദരിദ്രഗ്രാമങ്ങളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.

Symbol question.svg.png പിന്നെങ്ങനെയാണ് ആവശ്യത്തിന് വസ്ത്രമില്ലാത്തതുകൊണ്ട് ഗ്രാമീണര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ താങ്കളെ വ്യക്തിപരമായി അലട്ടി തുടങ്ങിയത്?

ഞാനൊരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായിരുന്നു. എസ്‌കോര്‍ട്ടില്‍ ജോലി ചെയ്യുമ്പോഴും അതിനു മുന്‍പും ഞാന്‍ വിവിധ മാസികകള്‍ക്കുവേണ്ടി എഴുതാറുണ്ടായിരുന്നു. ഒരിക്കല്‍ ‘ഔട്ട്‌ലുക്ക്’ വാരികയ്ക്കുവേണ്ടി ഹബീബ് എന്ന ശവമെടുപ്പുകാരനെ ഇന്റര്‍വ്യു ചെയ്തു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലായിരുന്നു അയാള്‍ക്കു ജോലി. തെരുവുകളില്‍ കിടക്കുന്ന അനാഥശവങ്ങള്‍ എടുത്ത് പോലീസിനെ സഹായിക്കുകയാണ് അയാളുടെ പണി. തണുപ്പുകാലത്ത് ശവങ്ങളുടെ എണ്ണം വല്ലാതെ കൂടും. ചിലപ്പോഴൊക്കെ അവ വീട്ടില്‍ സൂക്ഷിക്കേണ്ടി വരും. പുരാനി ദില്ലിയിലായിരുന്നു അയാളുടെ വീട്. കടുത്ത ദാരിദ്ര്യം. വീട്ടില്‍ ആവശ്യത്തിന് രോമക്കുപ്പായങ്ങളോ പുതപ്പോ ഒന്നുമില്ലാത്ത അവസ്ഥ. വല്ലാതെ തണുക്കുമ്പോള്‍ ചിലപ്പോള്‍ ശവങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുമെന്ന് ഹബീബിന്റെ അഞ്ചുവയസുകാരി മകള്‍ എന്നോട്ടു പറഞ്ഞു. വല്ലാത്തൊരു ഷോക്കായിരുന്നു എനിക്കത്. ആ കുട്ടി പറഞ്ഞകാര്യം എന്നെ നിരന്തരം അലട്ടി കൊണ്ടിരുന്നു. സമാനമായ പല സംഭവങ്ങളും പിന്നീട് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് ഒടുവില്‍ ജോലി രാജിവച്ച് ഗൂംജ് തുടങ്ങിയത്.

Symbol question.svg.png ‘വസ്ത്രദാന്‍’ ആണല്ലോ ആദ്യത്തെ പദ്ധതി. എന്താണ് അതിന്റെ ആശയം?

നഗരങ്ങളിലെ ജനങ്ങളുടെ പര്‍ച്ചേസിംഗ് പവര്‍ കൂടുന്നുണ്ട്. അവര്‍ സാധനങ്ങള്‍ വാങ്ങിക്കക്കൂട്ടുന്നു. കുറച്ചുകാലം ഉപയോഗിച്ച് അതു കളയുന്നു. വീണ്ടും പുതിയവ വാങ്ങുന്നു. അതേസമയം, നഗരങ്ങളില്‍ സ്ഥലപരിമിതി വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിഭവങ്ങള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിക്കുന്നുണ്ട്. പലരും തുണികള്‍ കത്തിച്ചു കളയുകയും കുഴിച്ചു മൂടുകയുമൊക്കെ ചെയ്യുന്നു. ഒരുഭാഗത്ത് വസ്ത്രങ്ങളില്ലാതെ ആളുകള്‍ മരിക്കുമ്പോഴാണ് മറുഭാഗത്ത് ഇങ്ങനെ സംഭവിക്കുന്നത് എന്നോര്‍ക്കണം. അധികംവരുന്ന വിഭവങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചാനലൈസ് ചെയ്താല്‍ ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കാമല്ലോ. പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നഗരത്തില്‍ ജനിച്ചുവളര്‍ന്ന് അവിടെത്തന്നെ ജീവിക്കുന്നവര്‍ക്ക് അറിയില്ല. ആദ്യം അവര്‍ക്കറിയാത്ത ജീവിതങ്ങളെക്കുറിച്ചുളള അവബോധം അവരില്‍ വളര്‍ത്തേണ്ടതുണ്ട്. പിന്നീട് അവരുടെ പങ്കാളിത്തത്തോടെ വിഭവങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കുക എന്ന ആശയത്തില്‍ ഊന്നിയാണ് ഞങ്ങള്‍ ‘വസ്ത്രദാന്‍’ തുടങ്ങിയത്.

Symbol question.svg.png എങ്ങനെയായിരുന്നു തുടക്കം?

ജോലി രാജിവച്ചപ്പോള്‍ കിട്ടിയ പി.എഫായിരുന്നു മൂലധനം. പിന്നെ, ഞങ്ങളുടെ വീട്ടില്‍ നിന്നെടുത്തതും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ നിന്ന് ശേഖരിച്ചതുമായ 67 കുപ്പായങ്ങള്‍. വളരെ എളിയ ഒരു തുടക്കമായിരുന്നു. തണുപ്പുകാലത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് ആവശ്യമുളള വസ്ത്രങ്ങള്‍ നല്‍കുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. പക്ഷേ, ഇപ്പോള്‍ അതില്‍ നിന്നൊക്കെ എത്രയോ വളര്‍ന്നുകഴിഞ്ഞു ഗൂംജ്. ഒരു സംഘടന എന്നതില്‍ നിന്ന് ഒരു മൂവ്‌മെന്റായി മാറി കഴിഞ്ഞിട്ടുണ്ട്. മാസം 10,000 കിലോ തുണി ഞങ്ങളിപ്പോള്‍ വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഗ്രാമങ്ങളില്‍ തുണിയെത്തിക്കാന്‍ കഴിയുന്നുണ്ട്. ബിഹാര്‍, രാജസ്ഥാന്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങി 18 സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മുന്നൂറ് വാളണ്ടിയര്‍മാരുമുണ്ട് ഞങ്ങള്‍ക്കിപ്പോള്‍. എല്ലാവരും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍.

ശാരീരികമായി ഒരു ധര്‍മ്മമാണ് ആര്‍ത്ത­വം. എന്നാല്‍ നമ്മുടെ സംസ്കാരം അതിനെ ഹീനമായ ഒരു കാര്യമാ­യിട്ടാണ് കാണുന്നത്. സ്ത്രീകള്‍ പോലും ആര്‍ത്ത­വത്തെ അശുദ്ധ­മായിട്ടാണ് കാണുന്നത്. നിരക്ഷ­രരായ ഗ്രാമീണ­സ്ത്രീകളുടെ കാര്യത്തില്‍ പ്രശ്‌നം വളരെ രൂക്ഷമാണ്. ഏറ്റവും വൃത്തികെട്ട തുണിയാ­യിരിക്കും പലപ്പോഴും അവര്‍ ഉപയോ­ഗിക്കുന്നത്. മാത്രമല്ല, കുടിവെളളം പോലുമില്ലാ­ത്തവര്‍ക്ക് ആര്‍ത്തവ തുണി വൃത്തിയായി കഴുകാനും ശരീരം വേണ്ടവിധം ശുചിയാക്കാ­നുമൊക്കെ വെളളം എവിടുന്നാണ്? മിക്ക സ്ഥലങ്ങളിലും പൊതു ടാപ്പുകളാ­യിരിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വെളളം വന്നാലായി

Symbol question.svg.png ഒരുമാസം പതിനായിരം കിലോ വസ്ത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നു എന്നു പറഞ്ഞല്ലോ. ഇതിനുവേണ്ടി എങ്ങനെയാണ് വസ്ത്രങ്ങള്‍ ശേഖരിക്കുന്നത്?

സ്കൂളുകള്‍, കോളജുകള്‍, കോര്‍പറേറ്റ് ഓഫീസുകള്‍, ബാങ്കുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാതരം സ്ഥാപനങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. ഈ സ്ഥാപനങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പലയിടങ്ങളിലായി കളക്ഷന്‍ ക്യാമ്പുകള്‍ നടത്തും. ക്യാമ്പ് നടത്തുന്ന വിവരം അതത് സ്ഥലങ്ങളിലുളളവരെ നോട്ടീസുകളിലൂടെ അറിയിക്കും. സ്ഥിരമായി പ്രവര്‍ത്തിക്കുന്ന മുപ്പതിലേറെ കളക്ഷന്‍ സെന്ററുകളും ഗൂംജിനുണ്ട്. ഓരോ സെന്ററിലും ശേഖരിക്കുന്ന വസ്ത്രങ്ങള്‍ പൊതുവായ ഒരു സ്‌റ്റോര്‍ ഹൗസിലേക്കു കൊണ്ടുവരും. ഇവിടെവെച്ച് വളരെ ശ്രദ്ധാപൂര്‍വം വസ്ത്രങ്ങള്‍ തരംതിരിക്കും. ഒന്നും പാഴായി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ചെറിയ കീറലുകള്‍ തുന്നി ശരിയാക്കും. ചുരിദാറിനും മറ്റും നാടയില്ലെങ്കില്‍ നാടവയ്ക്കും. അങ്ങനെ ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കും.

Symbol question.svg.png ഇതൊക്കെ ആരു ചെയ്യും?

സ്റ്റാഫായി വളരെക്കുറച്ചു പേരേയുളളൂ ഞങ്ങള്‍ക്ക്. അതുകൊണ്ട് ഇതൊക്കെ ചെയ്യാന്‍ കരാര്‍ തൊഴിലാളികളെ വയ്ക്കും.

Symbol question.svg.png വസ്ത്രങ്ങളുടെ വിതരണപ്രക്രിയ എങ്ങനെയാണ്?

ഇത് ഗൂംജിനു തനിയെ ചെയ്യാന്‍ കഴിയുന്നതല്ല. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, പഞ്ചായത്തുകള്‍, സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയവയുടെ വളരെ കാര്യക്ഷമമായ ഒരു നെറ്റ്‌വര്‍ക്കുണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങള്‍ വേണമെന്ന ആശയവുമായി ഞങ്ങളെ സമീപിക്കുന്നത് പ്രാദേശിക സംഘടനകളായിരിക്കും. ആവശ്യക്കാരുടെ വസ്ത്രധാരണരീതി, സ്ത്രീ പുരുഷാനുപാതം, കുട്ടികളുടെ എണ്ണം, എത്രമാത്രം ആവശ്യമുണ്ട്, ഇതെല്ലാം വിശദമാക്കിക്കൊണ്ടാണ് സംഘടനകള്‍ അപേക്ഷിക്കുക. അപേക്ഷകള്‍ ലഭിച്ചാല്‍ പ്രസ്തുത സംഘടനയുടെ വിശ്വാസ്യത ഞങ്ങള്‍ വിലയിരുത്തും. അര്‍ഹതയുളളവര്‍ക്കാണ് വസ്ത്രങ്ങള്‍ ലഭിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ ഗുണഭോക്താക്കളുടെ പടം സഹിതമുളള വിവരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടാറുണ്ട്. എല്ലാ വിവരങ്ങളും ഞങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യും.

Symbol question.svg.png വസ്ത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനുളള ചെലവ് എങ്ങനെയാണ് വഹിക്കുന്നത്?

അതിന്റെ ചെലവ് പ്രാദേശിക സംഘടനകള്‍ക്കു വഹിക്കാനാകുമെങ്കില്‍ അവര്‍ വഹിക്കും. അതല്ലെങ്കില്‍ ഞങ്ങള്‍ തന്നെ വഹിക്കേണ്ടി വരും. പലപ്പോഴും ലോറിക്കണക്കിനാണ് വസ്ത്രങ്ങള്‍ കൊണ്ടുപോകേണ്ടി വരിക. ഞങ്ങള്‍ ചില ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോകാനും അങ്ങനെ ഗൂംജിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും പല കമ്പനികളും മുന്നോട്ടുവരാറുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഒറീസയിലേക്ക് ഒരു സാരിയെത്തിക്കാന്‍ 97 പൈസ മതി. വസ്ത്രങ്ങള്‍ സംഭാവനയായി തരുന്നവരോട് അതിന്റെ കൂടെ ഒരു രൂപ കൂടി തരാന്‍ ഞങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഗുജറാത്തില്‍ തുണി അഭയാര്‍ത്ഥികള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. അതുപോലെ കാശ്മീരില്‍ ഭൂകമ്പമുണ്ടായപ്പോഴും ആര്‍മിയുടെ സഹായത്തോടെ ഞങ്ങള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ മുംബൈയിലും ചെന്നൈയിലും ഞങ്ങള്‍ക്ക് സ്ഥിരമായ സെന്ററുകളുണ്ട്.

Symbol question.svg.png സൗജന്യമായി വസ്ത്രം കിട്ടിക്കൊണ്ടേയിരിക്കുന്നത് സ്വാശ്രയത്വത്തിന് വഴിവെക്കില്ലല്ലോ?

ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ‘ക്ലോത്ത് ഫോര്‍ വര്‍ക്ക്’ എന്നൊരു പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. വേലയ്ക്കു കൂലി വസ്ത്രം. റോഡുവെട്ടുക, സ്കൂള്‍ കോമ്പൗണ്ട് വൃത്തിയാക്കുക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഗ്രാമീണരെ പ്രേരിപ്പിക്കും. കൂലിയായി പുതിയ വസ്ത്രങ്ങള്‍ നല്‍കും. അധ്വാനിച്ചു നേടുമ്പോള്‍ അവര്‍ക്ക് അഭിമാനം തോന്നുമല്ലോ. കൊല്ലം മുഴുവന്‍ നിരന്തരമായി നടക്കുന്നവയാണ് ഗൂംജിന്റെ എല്ലാ പദ്ധതികളും.

Symbol question.svg.png ഗ്രാമീണ സ്ത്രീകള്‍ക്കുവേണ്ടി സാനിറ്ററി നാപ്കിന്‍ പദ്ധതി നടപ്പാക്കാനുണ്ടായ സാഹചര്യമെന്താണ്?

വസ്ത്രദാന്‍ പദ്ധതിക്കുവേണ്ടി ഇന്ത്യയിലുടനീളം നിരവധി ഗ്രാമങ്ങളില്‍ യാത്ര ചെയ്യേണ്ടിവരാറുണ്ട്. സ്ത്രീകളോട് നിരന്തരം ആശയവിനിമയം നടത്തേണ്ടിവരുന്നുമുണ്ട്. ദാരിദ്ര്യവും പട്ടിണിയും അനാരോഗ്യവുമൊക്കെ സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അതുപോലെത്തന്നെയാണ് വസ്ത്രമില്ലായ്മയുടെ കാര്യവും. കുറച്ചുവര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലുളള ശിക്കോഹാബാദില്‍ മുപ്പത്തയഞ്ചുവയസുളള ഒരു സ്ത്രീ ടെറ്റനസ് ബാധിച്ചു മരിച്ചു. ആര്‍ത്തവ സമയത്ത് പഴയ ഒരു ബ്ലൗസ് കീറി തുണിയായി ഉപയോഗിച്ചപ്പോള്‍, അതിലുണ്ടായിരുന്ന തുരുമ്പു പിടിച്ച ഹുക്ക് കൊണ്ടാണ് ടെറ്റനസ് വന്നത്. തുണിയില്ലാത്തതുകൊണ്ട് കുഴച്ച മണ്ണും ചാരവും മണലുമൊക്കെ ഉപയോഗിച്ച് യോനീദ്വാരമടയ്ക്കുന്നത് നിങ്ങള്‍ക്ക് വിശ്വാസിക്കാനാകുമോ? ബിഹാറിലും ഉത്തരാഞ്ചലിലും രാജസ്ഥാനിലുമൊക്കെ അപരിചിതരായ ഗ്രാമീണ സ്ത്രീകള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നുണ്ട്. ധാരാവി പോലുളള ചേരി പ്രദേശങ്ങളിലൊക്കെ സ്ത്രീകള്‍ ആര്‍ത്തവം ഒരു ശാപമായിട്ടാണ് കാണുന്നത്. പലസ്ഥലങ്ങളിലും ഒരു വീട്ടിലെ സ്ത്രീകള്‍ ഒരേ തുണി ഉപയോഗിക്കാറുണ്ട്. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു വഴിവയ്ക്കുന്നുണ്ട്.

Symbol question.svg.png ദാരിദ്ര്യം മാത്രമാണോ പ്രശ്‌നം? ആര്‍ത്തവത്തെ അശുദ്ധമായി കാണുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ?

ഉണ്ട്? ശാരീരികമായി ഒരു ധര്‍മ്മമാണ് ആര്‍ത്തവം. എന്നാല്‍ നമ്മുടെ സംസ്കാരം അതിനെ ഹീനമായ ഒരു കാര്യമായിട്ടാണ് കാണുന്നത്. സ്ത്രീകള്‍ പോലും ആര്‍ത്തവത്തെ അശുദ്ധമായിട്ടാണ് കാണുന്നത്. നിരക്ഷരരായ ഗ്രാമീണസ്ത്രീകളുടെ കാര്യത്തില്‍ പ്രശ്‌നം വളരെ രൂക്ഷമാണ്. ഏറ്റവും വൃത്തികെട്ട തുണിയായിരിക്കും പലപ്പോഴും അവര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല, കുടിവെളളം പോലുമില്ലാത്തവര്‍ക്ക് ആര്‍ത്തവ തുണി വൃത്തിയായി കഴുകാനും ശരീരം വേണ്ടവിധം ശുചിയാക്കാനുമൊക്കെ വെളളം എവിടുന്നാണ്? മിക്ക സ്ഥലങ്ങളിലും പൊതു ടാപ്പുകളായിരിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വെളളം വന്നാലായി. ഇനി തുണി കഴുകിയാല്‍ തന്നെ അത് വെയിലത്തിട്ട് നന്നായി ഉണക്കാന്‍ സ്ത്രീകള്‍ക്കു കഴിയില്ല. വീട്ടിലെ ആണുങ്ങള്‍ പോലും ഈ തുണി കാണുന്നത് നാണക്കേടായിട്ടാണ് സ്ത്രീകള്‍ കരുതുന്നത്. അതുകൊണ്ട് ആരും കാണാതെ, മറ്റേതെങ്കിലും വസ്ത്രത്തിനു കീഴെയിട്ട് ഉണക്കും. ഉണങ്ങാന്‍ ഇറയത്തു തിരുകിവെച്ച തുണിയില്‍ കടന്നുകൂടിയ ഒരു പഴുതാര കടിച്ചു തമിഴ്‌നാട്ടില്‍ ഒരു പെണ്‍കുട്ടി മരിക്കുകയുണ്ടായി. അങ്ങനെ, ശരിയായി കഴുകാത്ത ഉണങ്ങാത്ത തുണി തന്നെ അവര്‍ വീണ്ടുംവീണ്ടും ഉപയോഗിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ആരോടെങ്കിലും പറയാനും അവര്‍ക്കു മടിയായിരിക്കും. വൃത്തികെട്ട തുണിയും മണ്ണും ചാരവുമൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് പലതരം രോഗങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്കു വരുന്നുണ്ട്. സെര്‍വിക്‌സ് കാന്‍സര്‍ വരെ. യോനീസംബന്ധമായ അസുഖങ്ങള്‍ വന്നാല്‍ അവരത് ആരോടും തുറന്നു പറയുകയില്ല. ഇനി ഡോക്ടറുടെ അടുത്തു പോയാലും സ്ത്രീകളെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്കു തോന്നില്ല. അത്രയ്ക്കു വൃത്തികെട്ട അവസ്ഥയായിരിക്കും.

Symbol question.svg.png ഗൂംജ് ഹൈലൈറ്റ് ചെയ്യുന്നത് എന്താണ്?

ആര്‍ത്തവദിനങ്ങളില്‍ ശരിയായി പരിപാലിക്കപ്പെടാനുളള അടിസ്ഥാനപരമായ അവകാശം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുളള സ്ത്രീകള്‍ക്കു മാത്രമല്ല, ഗ്രാമീണരായ സ്ത്രീകള്‍ക്കുമുണ്ട് എന്ന വസ്തുത. നഗരങ്ങളിലെ സ്ത്രീകളായാലും ഗ്രാമങ്ങളിലെ സ്ത്രീകളായാലും ബയോളജിക്കലായി അവര്‍ അനുഭവിക്കുന്നത് ഒന്നുതന്നെയാണല്ലോ. നമ്മുടെ ആരോഗ്യനയങ്ങള്‍ സ്ത്രീകളുടെ പ്രത്യല്‍പ്പാദനപരമായ ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനുവേണ്ടി സെമിനാറുകളും മറ്റും നടത്താന്‍ വന്‍തുക ചെലവഴിക്കുന്നുമുണ്ട്. എന്നാല്‍ ദരിദ്രരായ സ്ത്രീകള്‍ അനുഭവിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാതെ, ശുചിത്വത്തെപ്പറ്റി അവരോട് പ്രസംഗിച്ചിട്ട് എന്തുകാര്യം? അതുകൊണ്ടാണ് ഞങ്ങള്‍ സാനിട്ടറി നാപ്കിന്‍ പദ്ധതി തുടങ്ങിയത്? സ്ത്രീകള്‍ക്ക് വൃത്തിയുളള തുണി ലഭ്യമാക്കുക എന്ന ഏറ്റവും പ്രാഥമികമായ ഒരു കാര്യമാണ് ഞങ്ങള്‍ ചെയ്യുന്നത്.

Symbol question.svg.png എങ്ങനെയാണ് ഇത് ചെയ്യുന്നത്?

വസ്ത്രദാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു ഞങ്ങള്‍ക്കു സംഭാവനയായി ലഭിക്കുന്ന കോട്ടണ്‍ തുണികളില്‍ മറ്റുതരത്തില്‍ ഉപയോഗിക്കാന്‍ പറ്റാത്തവയാണ് സാനിട്ടറി നാപ്കിന്‍ നിര്‍മാണത്തിനെടുക്കുന്നത്. ആദ്യം തുണികള്‍ നാലോ അഞ്ചോ തവണ കഴുകി സ്‌റ്റെറിലൈസ് ചെയ്യും. പിന്നെ, ഒന്നോ രണ്ടോ അടി നീളവും ഒരടി വീതിയുമുളള കഷണങ്ങളായി മുറിക്കും. ഇത്തരത്തിലുളള പത്തു കഷണങ്ങള്‍ ഒരു പാക്കറ്റിലാക്കും. നാപ്കിന്‍ കുടുക്കിയിടാനുളള ചരടും വെക്കും. കൂടാതെ, എങ്ങനെയാണ് ഇതുപയോഗിക്കേണ്ടതെന്നതിനെപ്പറ്റി സചിത്രവിവരണങ്ങളും ഉണ്ടാകും.

Symbol question.svg.png നാപ്കിന്‍ സ്ത്രീകളിലേക്ക് എത്തിക്കുന്നത് എങ്ങനെയാണ്?

ഞാന്‍ നേരത്തേ പറഞ്ഞില്ലേ, കഴിഞ്ഞ എട്ടു വര്‍ഷത്തിനുളളില്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം സന്നദ്ധ സംഘടനകളുമായി ഞങ്ങള്‍ വളരെ കാര്യക്ഷമമായി നെറ്റ് വര്‍ക്കിംഗ് ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തുന്നുണ്ട്.

Symbol question.svg.png നാപ്കിനുകള്‍ സൗജന്യമായിട്ടാണോ കൊടുക്കുന്നത്?

സന്നദ്ധ സംഘടനകള്‍ക്ക് ഞങ്ങള്‍ കൊടുക്കുന്നത് സൗജന്യമായിട്ടാണ്. അവരത് സ്ത്രീകള്‍ക്ക് രണ്ടോ മൂന്നോ രൂപയ്ക്കു വില്‍ക്കും. പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി നല്‍കും. സന്നദ്ധ സംഘടനകള്‍ സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ വഴിയാണ് പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

Symbol question.svg.png ഗൂംജ് ഒരു ഗ്രാമത്തില്‍ എത്രതവണ സാനിട്ടറി നാപ്കിന്‍ വിതരണം ചെയ്യും?

ഒരു തവണ വിതരണം ചെയ്തതു കൊണ്ടു കാര്യമില്ലല്ലോ. ഇതൊരു തുടര്‍പ്രക്രിയയാണ്. വസ്ത്രത്തിന്റെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കുന്നതു വരെ ഇത് ചെയ്യേണ്ടി വരും.

Symbol question.svg.png നാപ്കിന്‍ നല്‍കുക എന്നതിലാണോ ഊന്നല്‍?

അതോടൊപ്പം ആര്‍ത്തവകാല ശുചിത്വത്തെപ്പറ്റിയുളള ബോധവല്‍കരണവും നടത്തുന്നുണ്ട്. കൂടാതെ മെഡിക്കല്‍ ക്യാമ്പുകളും തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ആര്‍ത്തവമെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാകണം. ആദ്യമൊക്കെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കു സങ്കോചമുണ്ടാകും. പതുക്കെപതുക്കെ അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങും. എന്തെല്ലാം പ്രശ്‌നങ്ങളാണ് നേരിടുന്നത്. എന്തെല്ലാം രീതികളാണ് അവലംബിക്കുന്നത്., ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്നൊക്കെ. രഹസ്യമായി വയ്‌ക്കേണ്ട ഒരു കാര്യമല്ല ഇത് എന്ന ബോധം അവര്‍ക്കിടയില്‍ പതുക്കെയാണെങ്കിലും വളര്‍ന്നുവരുന്നുണ്ട്. കൂട്ടത്തില്‍ പറയട്ടെ, ഞങ്ങള്‍ ആദ്യമായി പാക്കറ്റുകള്‍ എത്തിച്ചത് ശിക്കോഹാബാദിലാണ്. ഇതിനകം രണ്ടുലക്ഷത്തോളം സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ നഗരത്തിലെ സ്ത്രീകളെ സെന്‍സിറ്റൈസ് ചെയ്യാനും ഗൂംജ് ശ്രമിക്കുന്നുണ്ട്. നഗരങ്ങളിലെ കോളജുകളിലും സ്കൂളുകളിലുമൊക്കെ പഠിക്കുന്ന സമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ ഗ്രാമീണസ്ത്രീകളുടെ കാര്യങ്ങള്‍ പറയുമ്പോള്‍ അത് വലിയ ഷോക്കാവാറുണ്ട്. സ്വന്തം വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സ്ത്രീ ആര്‍ത്തവസമയത്ത് എന്താണ് ഉപയോഗിക്കുന്നതെന്ന് എത്ര സ്ത്രീകള്‍ക്കറിയാം?

Symbol question.svg.png പ്രവര്‍ത്തന ചെലവ് എങ്ങനെയാണ് വഹിക്കുന്നത്?

നഗരങ്ങളിലെ സകലസ്ഥാപനങ്ങളില്‍ നിന്നും ഞങ്ങള്‍ പത്രങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്നുണ്ട്. വാഷിംഗ് മെഷീന്‍, ഡിറ്റര്‍ജന്റ് തുടങ്ങിയവയൊക്കെ സൗജന്യമായി നല്‍കി ഞങ്ങളെ സഹായിക്കാന്‍ പല കമ്പനികളും തയാറാകുന്നുണ്ട്. ഇന്ത്യയ്ക്കുളളില്‍ നിന്നും പുറത്തുനിന്നും ഞങ്ങള്‍ക്ക് സംഭാവനകളും ധനസഹായവും ലഭിക്കുന്നുണ്ട്.

Symbol question.svg.png എന്താണ് ഗൂംജിന്റെ ഏറ്റവും വലിയ നേട്ടം?

ഭക്ഷണവും പാര്‍പ്പിടവും പോലെ വസ്ത്രവും വളരെ ഗൗരവപൂര്‍വം സമീപിക്കേണ്ട ഒരു പ്രശ്‌നമാണെന്ന വസ്തുത അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഗൂംജിന്റെ മാതൃക ഇപ്പോള്‍ വിദേശരാജ്യങ്ങള്‍ പോലും അനുകരിക്കപ്പെടുന്നുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ജീവകാരുണ്യപ്രവര്‍ത്തനം എന്നതില്‍ നിന്നു കൃത്യമായ അവബോധത്തോടു കൂടിയ ഒരു പങ്കാളിത്ത പ്രക്രിയയായി വളരാന്‍ ഞങ്ങളുടെ പദ്ധതികള്‍ക്കു കഴിഞ്ഞുവെന്നതും വര്‍ഷം മുഴുവന്‍ നിരന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതും ഒരു നേട്ടം തന്നെയാണ്. ഗ്രാമങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പങ്കുചേരേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് നഗരങ്ങളിലുളളവര്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതുതന്നെ വലിയൊരു കാര്യമല്ലേ? ഈ വര്‍ഷം ബീഹാറിലെ നൂറു ഗ്രാമങ്ങളിലേക്കു കൂടി ഞങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും പുതിയ നൂറു ഗ്രാമങ്ങളെക്കൂടി കണ്ണില്‍ചേര്‍ക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനുവേണ്ടി ഞങ്ങള്‍ക്ക് ഇനിയുമെത്രയോ കൂടുതല്‍ വസ്ത്രം ശേഖരിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. ആര്‍ക്കു വേണമെങ്കിലും ഞങ്ങളുടെ സംരംഭത്തില്‍ പങ്കാളികളാകാവുന്നതാണ്. ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരായാലും ശരി, ഗൂംജിനെ ചെറിയ തോതിലെങ്കിലും സഹായിക്കാന്‍ തീര്‍ച്ചയായും കഴിയും. ഓരോ കഷണം തുണിയും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്. ചിലപ്പോള്‍ ഒരു കഷണം തുണിയുടെ വില ഏതോ ഒരു പാവം സ്ത്രീയുടെ ജീവിതമാണ് എന്നു മറക്കരുത്.
* * *