close
Sayahna Sayahna
Search

ആദ്യത്തെ കല്ലെറിയുമ്പോൾ


ആദ്യത്തെ കല്ലെറിയുമ്പോൾ
EHK Novel 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഒരു കുടുംബപുരാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 76

മതിലിന്നപ്പുറത്ത് ഒരു കുമ്പളങ്ങ കണ്ടപ്പോൾ ത്രേസ്യാമ്മ ഓർത്തത് രണ്ടു വിത്ത് തനിക്കും കുഴിച്ചിടാമായിരുന്നുവെന്നാണ്. മാർക്കറ്റിൽ പോയി പച്ചക്കറിയുടെ വില കേൾക്കുമ്പോൾ അരിശം കയറും. പക്ഷെ ഭവാനി എപ്പോഴാണ് കുമ്പളം കുത്തിയിട്ടത്. ഇതിനുമുമ്പ് അവിടെ കുമ്പളവള്ളിയൊന്നും കണ്ടിരുന്നില്ലല്ലോ. ഒന്നുപോയി നോക്കിക്കളയാമെന്ന് ത്രേസ്യാമ്മ കരുതി. മുറ്റത്തിന്റെ നടുവിലെത്തിയപ്പോഴാണ് ആരോ വിളിക്കുന്നത് കേട്ടത്. “കൊച്ചു ത്രേസ്യേ...”. ഒരശരീരിപോലെ. സ്ത്രീശബ്ദമാണ്. കുമ്പളങ്ങ സംസാരിക്കുകയാണോ? അടുക്കും തോറും ശബ്ദം വരുന്നത് കുമ്പളങ്ങയിൽനിന്നുതന്നെയാണെന്നു ബോധ്യമായി. കുമ്പളങ്ങയ്ക്ക് രണ്ടു കണ്ണുകളും, താഴെ മൂക്കും വായയുമുണ്ടെന്നും അത് ഭവാനിയുടെ അമ്മായിയമ്മയുടെ തലയാണെന്നും മനസ്സിലാക്കാൻ കുറച്ചുകൂടി അടുത്തു പോകേണ്ടിവന്നു.

“എന്റെ കണ്ണ് !” ത്രേസ്യാമ്മ മനസ്സിൽ പറഞ്ഞു. “ഇത്തവണ ജോമോൻ വന്നാൽ എന്തായാലും കണ്ണട വെക്കണം.”

“എന്താ കല്യാണിച്ചേച്ചീ, ഇവിടെ മതിലിന്റെ പിന്നിൽ ?”

“നീയിങ്ങ് അടുത്തുവാ, ഒരു കാര്യം പറയാണ്ട്, ഭവാനി അമ്പലത്തിലേയ്ക്ക് പോയിരിക്ക്യാണ്.”

“എന്താ ചേച്ചീ?”

“നീയൊന്ന് വീട്ടിലോട്ടു വാ, ഞാമ്പറയാം. വെക്കം വരണം കെട്ടോ കൊച്ചു ത്രേസ്യേ.”

വീട് തൊട്ടടുത്തു തന്നെയാണെങ്കിലും അങ്ങോട്ടു പോകണമെങ്കിൽ വളഞ്ഞു പോകണം. ത്രേസ്യാമ്മ പറഞ്ഞു. “ചേച്ചി ഇപ്പോത്തന്നെ പറ.”

അവർ സംശയിച്ചു, ചുറ്റും നോക്കിക്കൊണ്ട് പറയാൻ തുടങ്ങി.

“ഞാമ്പറയാറില്ലെ ഒരാളെപ്പറ്റി? ഒരു ടെയ്‌ലറ്? അയാള് ഇപ്പൊ എടക്കെടക്ക് വര്ണ്ണ്ട്, ശേഖരൻ ഇല്ലാത്തപ്പൊ. ഞാൻ അറീണില്ല്യാന്നാ വിചാരം. ഞാൻ ഒക്കെ അറീണ്ണ്ട് ന്റെ കൊച്ചു ത്രേസ്യേ.”

“അയാള് എന്തിനാ വര്ണത്?”

“എന്തിനാച്ചാ പ്പൊ ഞാനെന്താ പറയ്വാ.” ത്രേസ്യാമ്മയുടെ അറിവുകേടിൽ അവർക്ക് ഈർഷ്യയുണ്ടായി. “അവള് വിളിച്ചുവര്ത്തണതല്ലെ.’

“വല്ലതും തുന്നാൻ കൊടുക്കാനായിരിക്കും ചേച്ചീ.”

“അതൊന്നും അല്ല, എന്നും ഉച്ചതിരിഞ്ഞാൽ തുന്നാൻ കൊടുക്കാൻ എന്താള്ളത്?”

“ഭവാനി അങ്ങിനെയൊക്കെ ചെയ്യ്വോ?”

“അവള് ഒരുമ്പെട്ടോളാ, അതും അതിലപ്പുറും ചെയ്യും. എന്റെ മോനറിഞ്ഞാൽ എന്തൊക്ക്യാണ്ണ്ടാവ്വാന്നറിയില്ല.”

“ഇനിയിപ്പോ എന്താ ചെയ്യ്വാ?” ത്രേസ്യാമ്മ ചോദിച്ചു.

“എന്റെ മോനറീം മുമ്പെ എന്തെങ്കിലും ചെയ്യണം. അവനറിഞ്ഞാലത്തെ കാര്യം എനിക്കാലോചിക്കാനും കൂടി വയ്യ.”

സാമൂഹ്യസേവനത്തിന്ന് ഇങ്ങിനെ ഒരു വശംകൂടിയുണ്ട്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽകൂടി ഇടപെടേണ്ടിവരും. തള്ളയെയും വിശ്വസിക്കാൻ കൊള്ളില്ല. പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കാറ്. ഇപ്പോൾ വളരെ ഭംഗിയായാണ് സംസാരിച്ചതൊക്കെ, ശരി. പക്ഷെ നാളെ കാണുമ്പോൾ ഇതൊന്നുമായിരിക്കില്ല പറയുക. ത്രേസ്യാമ്മ ചോദിച്ചു.

“ഞാൻ എന്താ ചെയ്യേണ്ടത് കല്യാണിച്ചേച്ചീ?’

“എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കും അറിയില്ല. എനിക്ക് കൊച്ചുത്രേസ്യോടല്ലാതെ വേറെ ആരോടും പറയാനില്ല. നീയിത് ആരോടും പറയല്ലെ മോളെ”

“ഇല്ലാ ചേച്ചീ.”

ആ ‘മോളെ’ വിളിയിൽ ത്രേസ്യാമ്മ ആകെ തളർന്നുപോയി. മീനമാസത്തിൽ ആലിപ്പഴവർഷമുണ്ടായപോലെ, ആകെപ്പാടെ ഒരു സുഖം. അവർ ഒരു സ്വപ്‌നാവസ്ഥയിൽ ജോസഫേട്ടന്റെ അടുത്തു ചെന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.

“എന്റെ അഭിപ്രായം നീയിതില് എടപെടേണ്ടാന്നാണ്. ഒരു ചിന്നൻ പിടിച്ച തള്ളയാണ്. അവര് പറേണത് മുഴുവൻ വിശ്വസിക്കാൻ വയ്യ. ഇനി അതൊക്കെ ശര്യാണെങ്കീത്തന്നെ നെനക്കെന്തു ചെയ്യാൻ കഴിയും?”

“എന്തെങ്കിലും ചെയ്യേണ്ടേ? നമ്മടെ തൊട്ട അയൽപക്കമല്ലെ?”

“അതൊക്കെ ശര്യാണ്. പക്ഷെ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലെ, അതിലൊക്കെ നമ്മള് എടപെട്ടാ ശര്യാവ്വോ?”

“അങ്ങിന്യല്ലാ. നമ്മക്കും ഒരു മോനുള്ളതല്ലെ. അവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെണ്ണ് ഇങ്ങനൊക്കെ ചെയ്യാൻ തൊടങ്ങ്യാലോ?”

അതു ഫലിച്ചു. ജോസഫേട്ടൻ നിവർന്നിരുന്നു. “അങ്ങിന്യാച്ചാൽ നീ ഒരു കാര്യം ചെയ്യ്. ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്ക്. എന്നിട്ട് നമുക്ക് വേണ്ടതെന്താച്ചാൽ ചെയ്യാം.”

ത്രേസ്യാമ്മയ്ക്ക് ആ സമീപനം ഇഷ്ടപ്പെട്ടു. അതിൽ ശാസ്ത്രപരതയുണ്ട്, വിശകലനത്തിനുള്ള സാദ്ധ്യതകളുണ്ട്. ത്രില്ലുണ്ട്. ത്രേസ്യാമ്മയുടെ ഉള്ളിലെ ഷെർലോക് ഹോംസ് ഉണർന്നു. അവർ വാട്‌സനെ വിളിക്കുവാൻ അടുക്കളയിലേയ്ക്ക് പോയി.

അടുക്കളയിൽ മീൻ നേരെയാക്കിക്കൊണ്ടിരുന്ന വാട്‌സന്ന് പക്ഷെ വലിയ ഉത്സാഹമൊന്നും കണ്ടില്ല. അവൾ പറഞ്ഞു.

“അമ്മച്ചീ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഈ കോളനീല് അമ്മച്ചി ഇടപെട്ടിട്ടുള്ള ഒരു കാര്യോം കുഴപ്പത്തിലല്ലാതെ എത്തിയിട്ടില്ല. ഇനി ഇപ്പോ ഈ കാര്യം മാത്രം ശരിയാവുംന്ന് എന്താണുറപ്പ്? അമ്മച്ചി ഒരു ഭാഗത്ത് ഇരുന്നോ.”

“നീയെന്താ പെണ്ണേ അങ്ങനെ പറയണത്?”

“അമ്മച്ചി പറ ഏതു കാര്യാണ് അലമ്പല്ലാതായിട്ടുള്ളത്?”

അവർ ആലോചിച്ചു. പാറുകുട്ടി പറയുന്നത് ശരിയായിരിക്കാം. പക്ഷെ അതും വിചാരിച്ച് അടങ്ങിയിരുന്നാൽ പറ്റുമോ? ഒരു ശുഭാപ്തി വിശ്വാസമൊക്കെ വേണ്ടേ മനുഷ്യന്മാർക്ക്?

“ഉച്ച തിരിഞ്ഞ സമയത്താത്രെ അയാള് വരാറ്. നമുക്ക് ഒരു മൂന്നു മണി നേരത്ത് ഒന്നത്രേടം പോയി നോക്കാം. ഭവാനി എന്തു ചെയ്‌വാന്ന് നോക്കാലോ.”

മൂന്നു മണിക്ക് പ്ലേസ്‌കൂളിന്റെ ഉത്തരവാദിത്വം ജോസഫേട്ടന്റെ അവിദഗ്ദ കരങ്ങളിൽ തത്ക്കാലം ഏല്പിച്ച് ത്രേസ്യാമ്മയും അസിസ്റ്റന്റും പുറത്തിറങ്ങി. നിരത്ത് വിജനമായിരുന്നു. എവിടേയോ ഒരു പട്ടി ഓരിയിട്ടു. ഒരു കറുത്ത പൂച്ച അവരെ തുറിച്ചുനോക്കി ഓടിപ്പോയി. എവിടേയും ഒരു ഭീകരത തളം കെട്ടിക്കിടന്നു. രണ്ടു ഡിറ്റക്ടീവുകൾ പതറാതെ അടിവെച്ച് അടിവെച്ച് നീങ്ങി. ഭവാനിയുടെ വീടെത്താറായപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.

“നീ മുമ്പിൽ നടക്ക് പാറുകുട്ടി.”

“വേണ്ടമ്മച്ചീ,” മുമ്പിൽ നടന്നു പരിചയമില്ലാത്ത പാറുകുട്ടി പറഞ്ഞു. “അമ്മച്ചി മുമ്പീ നടന്നാ മതി. ഞാൻ പിന്നാലെ വരാം”

ഗെയ്റ്റു കടന്നതോടെ ത്രേസ്യാമ്മയ്ക്ക് വരേണ്ടിയിരുന്നില്ലാ എന്നായി. ആകെ നിശ്ശബ്ദത. ഭവാനിയുടെ വീട്ടിൽ ഒരനക്കവുമില്ല. അടഞ്ഞുകിടന്ന കതകിനു മുമ്പിൽ അവർ സംശയിച്ചു നിന്നു. തിരിച്ചു പോയാലോ? അവസാനം ധൈര്യം സംഭരിച്ച് വാതിൽക്കൽ മുട്ടാൻ തീരുമാനിച്ചു. കൈ പൊന്തിച്ച് മുട്ടാൻ തയ്യാറെടുക്കുമ്പോഴാണതുണ്ടായത്. വാതിൽ പെട്ടെന്നു തുറന്നു, മുമ്പിൽ കല്യാണിചേച്ചി നിൽക്കുന്നു, തലമുടിയെല്ലാം അലങ്കോലപ്പെട്ട് ഒരു ഭ്രാന്തിയെപ്പോലെ. മുട്ടാതെത്തന്നെ തുറക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് തിരിഞ്ഞോടാനായി ശ്രമിച്ച ത്രേസ്യാമ്മക്ക് അടിതെറ്റി. പിന്നിൽ പാറുകുട്ടി പിടിക്കാനുണ്ടായതുകൊണ്ട് വീണില്ല എന്നു മാത്രം.

“കൊച്ചു ത്രേസ്യേ വാ, അവൻ വന്നിട്ടൊണ്ട്.” അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഞാൻ ഉറങ്ങ്വാണ്ന്ന് കരുതി അവള്‌ടെ മുറീക്കേറീട്ട്ണ്ട്, നീ പോയി നോക്ക്.”

ഇതുവരെ ഒക്കെ ശരി. മറ്റുള്ളവരുടെ മുറിയിൽ, പ്രത്യേകിച്ചും അവിടെ ഒരവിഹിതബന്ധം നടക്കുന്നുണ്ടെന്ന സംശയമുള്ളപ്പോൾ കയറിച്ചെല്ലുന്നത് ആലോചിച്ചിട്ടു ചെയ്യേണ്ട ഒന്നാണ്. കയ്യിൽ ഒരു തോക്കില്ലാതെ പോയത് കഷ്ടായി. ഒന്നും തീർച്ചയാക്കാനാവാതെ അവർ ഒരു കസേരയിലിരുന്നു. തൊട്ടടുത്തുതന്നെയിട്ട സോഫയിൽ ഭവാനിയുടെ മകൾ കിടന്നുറങ്ങുകയാണ്. മകളേയും അമ്മായിയമ്മയേയും ഉറക്കിക്കിടത്തി അവൾ കാമുകനുമായി രമിക്കുകയാണ് ! ത്രേസ്യാമ്മയുടെ സദാചാരബോധം ഉണർന്നു. ഒപ്പം തന്നെ ഭവാനിയുടെ ധൈര്യത്തിൽ കുറച്ചസൂയയും. അവർ എഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോഴാണ് പാറുകുട്ടി അവരുടെ ചെവിയിൽ മന്ത്രിച്ചത്.

“അമ്മച്ചീ നമുക്കൊറ്റക്കു പോണ്ട. ഒന്നു രണ്ടു പെണ്ണുങ്ങളേം കൂടി കൂട്ടിപ്പോവാം. നമുക്കൊരു സാക്ഷിയാവൂലോ.”

ഒരിരുപതു വയസ്സുകാരിയിൽ നിന്ന് ഇത്രയും പക്വത ആരും പ്രതീക്ഷിക്കില്ല. എന്നാൽ അതെല്ലാം ഇപ്പോഴത്തെ ടി.വി. സംസ്‌കാരത്തിന്റെ ഒരു നല്ല വശമായി കാണണം. ത്രേസ്യാമ്മക്ക് എന്തായാലും നല്ല മതിപ്പായി. കുറ്റാന്വേഷണത്തിൽ ഒപ്പം കൊണ്ടു നടക്കാൻ പറ്റിയ ആൾ തന്നെ.

“നമുക്ക്ന്നാൽ പത്തുമുറീലെ നളിനീം, ദേവകീം വിളിക്കാം.”

അവർ പുറത്തിറങ്ങി. ത്രേസ്യാമ്മ ചോദിച്ചു.

“നീയിത് ഏതു സീരിയലിയാണ് കണ്ടത് പാറുകുട്ടീ?”

“ഏത്, അമ്മച്ചീ?”

“ഈ സാക്ഷികളെണ്ടാക്കണംന്നൊക്കെ.”

“ഒരു സിനിമേല് കണ്ടതാ.”

“അപ്പോ ഞാനെന്താ അത് കാണാതിരുന്നത്?”

“ഉച്ചക്കാണ്, അമ്മച്ചി ഒറങ്ങ്വായിരുന്നു.”

അപ്പോൾ താൻ ഉറങ്ങുന്ന സമയത്തൊക്കെ ഈ കൊച്ച് തന്റെ അറിവിന്റെ സീമ വർദ്ധിപ്പിക്കയായിരുന്നു.

പത്തു മിനിറ്റിന്നുള്ളിൽ അവർ തിരിച്ചു വന്നപ്പോൾ ഒപ്പമുണ്ടായിരുന്നത് നളിനിയും ദേവകിയും മാത്രമല്ല ആ കോളനിയിൽ പകൽ സമയത്ത് അവശേഷിക്കാറുള്ള സകല സ്ത്രീജനങ്ങളുമായിരുന്നു. ഒരു സ്ത്രീയുടെ പേര് നശിപ്പിക്കാൻ ജീവിതത്തിൽ അപൂർവം കിട്ടുന്ന സന്ദർഭമാണ്. അവർ ഒരു ജാഥയായി ഗെയ്റ്റു കടന്നു വന്നു.

ഇത്രയും ജനങ്ങളെ തള്ളയും പ്രതീക്ഷിച്ചിരുന്നില്ല. അവർ ഇരച്ചു കയറിയപ്പോൾ തള്ള പരിഭ്രമിച്ചു. അവർ പറഞ്ഞു.

“ഇതെന്താണ് കൊച്ചുത്രേസ്യേ ഇത്രീം പേരെ കൊണ്ടുവന്നിരിക്കണത്?”

“ചേച്ചീ, അവൻ പോയോ?” ത്രേസ്യാമ്മ ചോദിച്ചു.

“ആര്?”

“അവനേയ്, ആ തുന്നക്കാരൻ?”

“അവൻ പോയി.”

“ഏതു വഴിക്കാണ് പോയത് ചേച്ചീ?” ത്രേസ്യാമ്മയുടെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

“അവൻ ജനലിക്കൂടെ വന്നു, ജനലിക്കൂടെ പറന്നുപോയി.” അതും പറഞ്ഞ് അവർ ചിരിക്കാൻ തുടങ്ങി. അവർ ചൂണ്ടിക്കാട്ടിയ ജനൽ ഗ്രില്ലുള്ളതാണ്, മനുഷ്യനു പോയിട്ട് ഒരു പൂച്ചക്ക് കഷ്ടിച്ചു കടക്കാൻ പറ്റും. കൂടിയിരുന്ന സ്ത്രീജനങ്ങളെല്ലാം മുഖത്തോടു മുഖം നോക്കി. നളിനിയാണ് ആദ്യം പറഞ്ഞത്.

“എന്റെ ആന്റീ, ഈ ചിന്നൻ പിടിച്ച തള്ള പറഞ്ഞതു കേട്ട് ആന്റിയല്ലാതെ ഈ പരാക്രമൊക്കെ കാണിക്ക്യോ?”

തുടർന്ന് ഓരോരുത്തരായി ത്രേസ്യാമ്മയെ കുത്താൻ തുടങ്ങി. എല്ലാവരും കൂടി ശബ്ദിക്കുന്ന ബഹളം കേട്ട് ഭവാനി അകത്തുനിന്ന് തളത്തിലേയ്ക്ക് കടന്നു വന്നു. ഇത്രയും പേരെ ഒന്നിച്ചു കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. അവൾ ചോദിച്ചു. “എന്തു പറ്റീ?”

ത്രേസ്യാമ്മ ഭവാനിയെ പഠിക്കുകയായിരുന്നു. തലമുടി ഉലഞ്ഞിട്ടാണ്. ബ്ലൗസിന്റെ കുടുക്കുകൾ പലതും വിട്ടുകിടക്കുന്നു. സാരി ധൃതിയിൽ വാരിവലിച്ചു കയറ്റിയതാണെന്ന് വ്യക്തം. പ്രതി കുറ്റം നടന്ന സ്ഥലത്തുനിന്നു നേരിട്ടു വരികയാണെന്ന് അവരുടെ അപസർപ്പക ഹൃദയം മന്ത്രിച്ചു.

“എന്തു പറ്റീ?” ഭവാനി വീണ്ടും ചോദിച്ചു.

“ഈ ചിന്നൻ തള്ള പറേണ കേട്ടിട്ട് ഓരോരുത്തര് എറങ്ങും.........”

അതു തുടക്കം മാത്രമായിരുന്നു. പിന്നെ ഓരോരുത്തരായി ത്രേസ്യാമ്മയെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. ഭവാനി ത്രേസ്യാമ്മയുടെ അടുത്തുവന്നു ചോദിച്ചു.

“ആന്റി ഈ തള്ള പറേണതൊക്കെ വിശ്വസിച്ചുവോ?”

ത്രേസ്യാമ്മ ഒന്നും പറഞ്ഞില്ല.

“അമ്മ അല്ലെങ്കിലും കുറച്ചു കാലായിട്ട് അങ്ങനാ. ഒരോ കാലത്ത് ഓരോരുത്തരുടെ പേര് കൂട്ടി എന്നെ കുറ്റം പറയും. ആദ്യമൊക്കെ ഒരു തുണിക്കച്ചോടക്കാരനായിരുന്നു. പിന്നെ അതു മാറി ഒരു ഡോക്ടറായി. ഇപ്പോ കൊറച്ചു ദെവസായിട്ട് ഒരു തയ്യൽക്കാരന്റെ കാര്യം പറഞ്ഞോണ്ടാ വരുന്നേ. എന്റെ നിർഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച തയ്യൽക്കാരൻ തയ്ച ബ്ലൗസ് കൊണ്ടുതരാൻ വന്നിരുന്നു. നാലു പ്രാവശ്യം എന്നെ നടത്തീതാ അയാള്. ഇനി അതിനുവേണ്ടി അയാള്‌ടെ കടേല് പോവില്ലാന്ന് പറഞ്ഞതാ. അതോണ്ടാ അയാള് ഇവിടെ കൊണ്ടവന്നു തന്നത്. അമ്മ പറേണതൊക്കെ ചേട്ടൻ അറിഞ്ഞാൽ ശരിയായി. തള്ളേടെ ചിന്നൻ തൊടങ്ങീട്ട് കൊറച്ചു കാലായി. ഞാനെന്താ ചെയ്യാ?”

ജനക്കൂട്ടത്തിൽ നിന്ന് അനുകമ്പയുടെയും ആർദ്രതയുടേയും ശബ്ദങ്ങൾ പൊങ്ങി. ഇപ്പോൾ എല്ലാ കണ്ണുകളും കുറ്റത്തിന്റെ മൂർച്ചയുള്ള ആയുധങ്ങളായി ത്രേസ്യാമ്മയുടെ നേർക്കു നീണ്ടു.

“ഞാൻ ഉച്ചക്ക് ഒന്ന് നടു നീർത്തീതാ. അപ്പോഴാണ് ഇങ്ങോട്ട് വലിച്ചു കൊണ്ടുവന്നത്.” ആരോ പറഞ്ഞു. എന്റീശോയേ! ത്രേസ്യാമ്മ അദ്ഭുതപ്പെട്ടു. താൻ നളിനിയേയും ദേവകിയേയും മാത്രമേ വിളിച്ചുള്ളു. മറ്റുള്ളവരെല്ലാം നടക്കാൻ പോകുന്ന മാമാങ്കം കണ്ട് രസിക്കാൻ എത്തിയവരായിരുന്നു. അവരെല്ലാം നിരാശരായിരിക്കുന്നു.

“ആന്റിക്ക് സംശയമുണ്ടെങ്കിൽ എന്റെ മുറീല് പോയിനോക്ക്.”

ഇതിനകം നളിനിയും പാറുകുട്ടിയും പറയാതെത്തന്നെ ഭവാനിയുടെ കിടപ്പറയിൽ പോയിനോക്കി തിരിച്ചു വന്നിരുന്നു.

“നമുക്ക് പോവാം.” ആരോ പറഞ്ഞു. ഓരോരുത്തരായി പോകാൻ തുടങ്ങി. ഭവാനി ത്രേസ്യാമ്മയോടു പറഞ്ഞു.

“ആന്റി ചായകുടിച്ചിട്ടു പോവാം.”

“വേണ്ട ഭവാനി, ചായയുടെ നേരായിട്ടില്ല. ഞങ്ങള് ഇറങ്ങട്ടെ. നീയ് ഒന്നും വിചാരിക്കരുത് കെട്ടോ.”

“ഏയ്, എന്താ ആന്റി അങ്ങിനെ പറേണത്?”

ത്രേസ്യാമ്മ പോകാനായി തിരിഞ്ഞു. അപ്പോഴും തള്ള പറയുകയാണ്. “ഞാങ്കണ്ടതാ, അയാള് ജനലീക്കൂടെ വന്നു, ജനലീക്കൂടെ പോയി.......”

തിരിഞ്ഞുനിന്ന് നാലു വാക്കു പറയാൻ തുടങ്ങിയ ത്രേസ്യാമ്മയെ പിടിച്ചു വലിച്ചുകൊണ്ട് പാറുകുട്ടി പുറത്തുകടന്നു. നിരത്തിൽ അപ്പോഴും സ്ത്രീജനങ്ങൾ കൂട്ടമായി നിന്നിരുന്നു. തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന സ്ത്രീജനത്തെ നേരിടാൻ വയ്യാതെ ത്രേസ്യാമ്മ തലയും താഴ്ത്തി നടന്നു. സ്വന്തം വീടെത്താറായപ്പോൾ അവർ പറഞ്ഞു. “പാറുകുട്ടീ, തിരിഞ്ഞു നോക്കണ്ട, അവര് അവ്‌ടെത്തന്നെയൊണ്ട്.”

ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.

“ഞാൻ ആദ്യമേ പറഞ്ഞില്ലേ, ഇതിനൊന്നും പോണ്ടാന്ന്.”

കർത്താവേ, ഇതിയാൻ പറയുന്നതു കേട്ടാ. എന്നോട് പോയി അന്വേഷിക്കാനാ അച്ചായൻ പറഞ്ഞത്. ഇപ്പോ കാര്യങ്ങള് നല്ല പന്തിയല്ലാന്ന് കണ്ടപ്പോ പറേണത് കേട്ടില്ലേ.

അച്ചായൻ അങ്ങിനെത്തന്നെയായിരുന്നു. ഒരു ബ്രാൽ മീനിനെപ്പോലെയാണ്. പിടിക്കാൻ കിട്ടില്ല, തെന്നിത്തെന്നി മാറും. അവർ ഒരു കസേരയിൽ ഇരുന്നു. “പാറുകുട്ടീ, എനിക്കു കുറച്ചു വെള്ളം കുടിക്കാൻ കൊണ്ടുവാ.”

വെള്ളം കുടിച്ചുകൊണ്ടിരിക്കെയാണ് അച്ചായന്റെ കണ്ണട ത്രേസ്യാമ്മയുടെ കണ്ണിൽ പെടുന്നത്. അവർ പറഞ്ഞു.

“എന്റെ കണ്ണ് ടെസ്റ്റ് ചെയ്യാൻ നാളെത്തന്നെ പോണം. കണ്ണ് വല്ലാതെ മോശായിരിക്കുന്നു. ജോമോൻ വരണവര്യൊന്നും കാത്തിരിക്കാൻ വയ്യ.”

“നെന്റെ കണ്ണ് മോശാന്ന് ഞാൻ പണ്ടേ പറയാറില്ലേ കൊച്ചു ത്രേേ്രസ്യ. എന്നെ കല്യാണം കഴിച്ചപ്പോഴേ എനിക്കറിയായിരുന്നു. നീ സമ്മതിച്ചുതരാത്തതല്ലെ. നാളെത്തന്നെ ഡോക്ടറുടെ അടുത്തുപോവാം.”

ത്രേസ്യാമ്മ ജോസഫേട്ടന്റെ കണ്ണടയെടുത്തു വെച്ചുനോക്കി. പെട്ടെന്ന് അവർക്ക് അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല. ദൂരെയുള്ള വസ്തുക്കളെല്ലാം വളരെ വ്യക്തമായി, തെളിമയോടെ കാണുന്നു. വാതിലിനു പുറത്ത് തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന കാശിത്തുമ്പപ്പൂക്കളിൽ വന്നിരുന്ന് തേൻ ആസ്വദിച്ചു കുടിക്കുന്ന പൂമ്പാറ്റയുടെ ചിറകിലെ ചിത്രപ്പണികൾകൂടി വ്യക്തം. അപ്പോൾ താൻ കാണുന്നതൊന്നുമായിരുന്നില്ല ലോകം. അവർ ഖേദത്തോടെ പറഞ്ഞുപോയി. അവർ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ലോകം ഒരു പുതിയ കണ്ണുകളിൽക്കൂടി നോക്കിക്കാണുകയാണ്. നടന്ന് നടന്ന് അവർ വീടിന്റെ പിന്നിലെത്തി. കോഴിക്കൂടിന്നടുത്ത് മദ്ധ്യാഹ്നച്ചൂടിൽ ഉറക്കം തൂങ്ങുന്ന കോഴി എന്തു ഭംഗിയാണ് ! ത്രേസ്യാമ്മയെ കണ്ടപ്പോൾ കോഴി എഴുന്നേറ്റ് പരിചയമില്ലാത്തപോലെ നോക്കി.

പെട്ടെന്ന് അവരുടെ കണ്ണുകൾ അയൽ വീട്ടിലേക്കുപോയി. ഭവാനിയുടെ വീട്ടിന്റെ ടെറസ്സിൽ ആൾപ്പെരുമാറ്റം കണ്ടപോലെ തോന്നി. നോക്കുമ്പോൾ അവിടെ ഭവാനി നില്ക്കുന്നുണ്ട്. നില്ക്കുകയല്ല കുനിഞ്ഞുനിന്ന് ടെറസ്സിലെ മുറിയുടെ പൂട്ട് തുറക്കുകയോ അടക്കുകയോ ആണ്. ആ മുറിയിൽ അല്ലറചില്ലറ സാധനങ്ങളാണ് വെക്കാറ്. പൂട്ടു തുറന്നപ്പോൾ തുറന്ന മുറിയിൽ നിന്ന് ഒരാൾ പുറത്തുവന്നു, ഭവാനിയോട് എന്തോ അടക്കിപ്പറഞ്ഞ് ധൃതിയിൽ മറുഭാഗത്ത് പോയിമറഞ്ഞു.

ആ തുന്നക്കാരനെ ത്രേസ്യാമ്മയ്ക്ക് അറിയാമായിരുന്നു. അവർ തരിച്ചുനിന്നു. ഭവാനിയുടെ വീട്ടിൽവെച്ചും, തിരിച്ചു വരുമ്പോൾ വഴിയിൽവച്ചും ഉണ്ടായ അപമാനങ്ങൾ ഇരട്ടി ശക്തിയോടെ അവർക്ക് വീണ്ടും അനുഭവപ്പെട്ടു. അവർ കണ്ണട ഊരിയെടുത്തു, സാവധാനത്തിൽ ഉമ്മറത്തേയ്ക്കു നടന്നു. ജോസഫേട്ടൻ ടി.വി.യിൽ പരിപാടി കാണുകയാണ്. കണ്ണട കൊടുത്ത് ത്രേസ്യാമ്മ ഒരു കസേരയിലിരുന്നു. കണ്ണട വാങ്ങി മൂക്കിൽ ഫിറ്റു ചെയ്ത് ടിവി സ്‌ക്രീനിലേയ്ക്കു തിരിയുമ്പോഴാണ് അദ്ദേഹം ഭാര്യയുടെ പരവശമായ മുഖം കാണുന്നത്. ജോസഫേട്ടൻ ചോദിച്ചു.

“എന്തു പറ്റീ കൊച്ചു ത്രേസ്യേ?”

“ഒന്നുംല്യ.’ അവർ ശാന്തയായി പറഞ്ഞു. “ഞാൻ നാളെ ഡോക്ടറുടെ അടുത്തേയ്ക്ക് വരുന്നില്ല. എനിക്ക് തല്ക്കാലം കണ്ണട വേണ്ട.”

അവർ എഴുന്നേറ്റ് അകത്തേയ്ക്കുപോയി. കുരിശിൽ തറയ്ക്കപ്പെട്ട ദൈവപുത്രന്റെ മുമ്പിൽ അവർ മുട്ടുകുത്തി.

“കർത്താവേ ഇതു കാണാനായിരുന്നോ എനിക്ക് അച്ചായന്റെ കണ്ണട ഇടാൻ തോന്നിച്ചത്?’