close
Sayahna Sayahna
Search

ആഫ്രിക്കയുടെ ആത്മാവ്, നമ്മുടെ ആത്മാവ്


ആഫ്രിക്കയുടെ ആത്മാവ്, നമ്മുടെ ആത്മാവ്
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക്കായ നൈജീരിയയുടെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള ആളുകളെ യോറൂബ (Yorooba) എന്നു വിളിക്കുന്നു. ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടിയ വൊള്‍ സൊയിങ്ക (Akinwande Gluwold Soyinka എന്നു പൂര്‍ണ്ണമായ പേര്. Gluwold എന്നതു ‘ചെല്ലപ്പേരാ’ക്കിയതാണ് Wole) യോറൂബയാണ്. കെട്ടുകഥകളുടെയും സങ്കീര്‍ണ്ണങ്ങളായ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടാണു യോറൂബകളുടേത്. അവരുടെ പ്രതിനിധിയായ സോയിങ്ക ആ കെട്ടുകഥകളെയും വിശ്വാസങ്ങളെയും കൃതികളിലൂടെ സ്ഫുടികരിച്ച് വ്യാഖ്യാനിക്കുന്നു. മിത്തുകള്‍ എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടു പോകാതിരിക്­കണമെങ്കില്‍ കലാകാരന്‍മാര്‍ അവയെ സ്വന്തം കൃതികളിലൂടെ ആവിഷ്കരിച്ചു കൊണ്ടിരിക്കണമല്ലോ. ആ മഹനീയമായ കൃത്യം അനുഷ്ഠിച്ച് തന്റെ നാട്ടിന്റെ സംസ്കാരം പരിരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരുജ്ജ്വല പ്രതിഭാ­ശാലിയാണ് വൊള്‍ സൊയിങ്ക. അതുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ക്കു സങ്കുചിത സ്വഭാവം വന്നുവെന്നു കരുതരുത്. വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭവിതവ്യതയെ­ക്കുറിച്ച് തന്നെയാണ് സൊയിങ്ക നോവലുകളും നാടകങ്ങളും കാവ്യങ്ങളും എഴുതിയത്. മഹാനായ ചിന്തകന്‍ ക്ലോദ് ലേവി സ്റ്റ്രോസ് മിത്തുകളെ­ക്കുറിച്ചു പറയുമ്പോള്‍ മിത്തുകളുടെ ഏകകങ്ങള്‍ വെവ്വ‌റെ നില്‍ക്കുകയില്ല അവ കെട്ടായി പ്രത്യക്ഷപ്പെടുക­യാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഒററക്കെട്ടായി നിന്നാലേ ആ മിത്തിനുള്ള അര്‍ത്ഥം വ്യക്തമാകൂ. സംഘടിത രൂപമാര്‍ന്ന മിത്തുകളെ സൊയിങ്ക ആവിഷ്കരിക്കുമ്പോള്‍ മനുഷ്യ ജീവിത സംബന്ധിയായ അര്‍ത്ഥമെന്തെന്ന് നമുക്കു ഗ്രഹിക്കാന്‍ കഴിയുന്നു. അപ്പോള്‍ ആ മിത്ത് നമ്മുടേതുമാണ്. സൊയിങ്കയുടെ സാഹിത്യ സൃഷ്ടികളിലെ മനുഷ്യര്‍ യോറൂബകളല്ല വിശ്വമാനവന്‍മാര്‍ തന്നെ. ഇമ്മട്ടില്‍ സാര്‍വ­കാലികത്വവും സാര്‍വജനീനത്വവും ആവഹിക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍.

നീരക്ഷീരന്യായമെന്നു സംസ്കൃതത്തില്‍ പറയാറുണ്ടല്ലോ. പാലും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തതു പോലെ മിത്തിനെയും സമകാലിക സത്യത്തെയും സൊയിങ്ക കൂട്ടിച്ചേര്‍ക്കുമ്പോള്‍ നമുക്ക് അവയെ വെവ്വെറെ കാണാന്‍ കഴിയുന്നില്ല. ഈ വൈദഗ്ദ്ധ്യത്തിന് ഒരുദാഹരണമാണ് അദ്ദേഹത്തിന്റെ The Swamp Dwellers എന്ന നാടകം. നാടക­മാരംഭിക്കുമ്പോള്‍ മക്കൂരിയും അയാളുടെ ഭാര്യ ആലുവും സംസാരിച്ചു­കൊണ്ടിരിക്കന്നു. അവരുടെ ഇരട്ട പെററ മക്കളെ­ക്കുറിച്ചാണ് സംസാരം.ഒരാള് ഇഗ്‌വേസു നാട്ടില്‍ മടങ്ങിയെത്തി. മറ്റേയാളേ പത്തു കൊല്ലമായി കാണാനില്ല. അതിനെ­ക്കുറിച്ചു പറഞ്ഞു പറഞ്ഞു ആ ദമ്പതികള്‍ ആ നാട്ടിലെ ഒരാചാരത്തിലേക്കു ചെല്ലുന്നു. വിവാഹ ദിനത്തിലെ രാത്രി. “നദികള്‍ കൂട്ടിമുട്ടുന്ന­തെവിടെയോ അവിടെ വിവാഹം ആരംഭിക്കണം. നദീതടം തന്നെയാണ് അന്യൂനമായ വൈവാഹിക­ശയനീയം” മധുവിധു ആഘോഷിക്കുന്നതിനു വേണ്ടി അവര്‍ രണ്ടുപേരും നദീതടത്തില്‍ ചെന്നു കിടന്നു. ചെളി പററിയതു മിച്ചം!

മക്കൂരി: നീ ചെളിയില്‍ കിടന്നു കാലിട്ടടിച്ചതു ഓര്‍മ്മിക്കുന്നില്ലേ? ഹ, ഹ.

ആലു: ഞാനോ? നിങ്ങളുടെ വിരലുകളില്‍പ്പോലും ചെളിപററിയില്ല അല്ലേ?

മക്കൂരി: ഞാന്‍ സമയത്തുതന്നെ ചാടിക്കളഞ്ഞു. പക്ഷേ നീ ചേര്‍ന്നു കിടന്ന മട്ടില്‍ത്തന്നെ താഴോട്ടുപോയി.

ഇഗ്‌വേസുവിന്റെ കൃഷിസ്ഥലം ചതുപ്പുനിലമായി മാറിയിരിക്കുന്നു. അതു വീണ്ടും കൃഷിസ്ഥലമാക്കി മാററിക്കൂടേയെന്നു നാടകത്തിലെ ഒരു കഥാപാത്രമായ യാചകന്‍ ചോദിക്കുമ്പോള്‍ മക്കൂരി മറുപടി നല്‍കുന്നു. സര്‍പ്പത്തിന്റെ ‘അധിവാസഭൂമി’യായ അവിടെ ഒരു കൃഷിക്കാരനും കടന്നു ചെല്ലാന്‍ പാടില്ലെന്ന്. ഇങ്ങനെ മിത്തിന്റെ ശക്തിവിശേഷം ഓരോ മാനുഷിക പ്രവര്‍ത്തനത്തിലും പ്രസരിച്ച് ജീവിതത്തെ എങ്ങനെ രൂപവല്‍ക്ക­രിക്കുന്നുവെന്നു സോയിങ്ക കാണിച്ചുതരുന്നു. മിത്തിനു മാന്ത്രിക ശക്തിയുണ്ട്. അതേ ശക്തി അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കുമുണ്ട്. അവിടം കൊണ്ടു തീരുന്നില്ല. ഈ മാന്ത്രികശക്തി സമൂഹത്തെ കുററപ്പെടുത്തുന്നു. അതിന്റെ തിന്മകളുടെ നേര്‍ക്കു ദോഷാ­രോപണത്തിന്റെ വിരല്‍ ചൂണ്ടുന്നു. ഈ നാടകത്തില്‍ ഒരു പുരോഹിതനുണ്ട്. ഇഗ്‌വേസുവിനെ ക്കൊണ്ടു ഷേവ് ചെയ്യിക്കാനാണ് അയാള്‍ വരുന്നത്. ഇഗ്‌വേസു കത്തി കൈയ്യില്‍ വച്ചു കൊണ്ട് പുരോഹിതനോടു ചോദിക്കുന്നു. സര്‍പ്പത്തെ പ്രീതിപ്പെടുത്താന്‍ നല്‍കിയ വസ്തുക്കളെല്ലാം എവിടെപ്പോയിയെന്ന്. സര്‍പ്പം അവയെ സ്വീകരിച്ചെങ്കില്‍ വെള്ളപ്പൊക്ക­മുണ്ടാക്കി കൃഷിയിടത്തെ ചതുപ്പു നിലമാക്കിയ­തെന്തിന്? പുരോഹിതന്‍ എല്ലാം ഭക്ഷിച്ചു എന്നുള്ളതു വ്യക്തം. എന്നിട്ടും മക്കൂരിക്കു പേടി. പുരോഹിതന്‍ സമുദായത്തെ ഇളക്കി വിട്ടു ഇഗ്വേസുവിനെ ഉപദ്രവിക്കു­മോയെന്ന്. ഈ ഭയവും വഞ്ചനയും സുശക്തങ്ങളായ വാക്കുകള്‍ കൊണ്ടു ചിത്രീകരിച്ച് സൊയിങ്ക നടത്തുന്ന കുറ്റാരോപണം അസാധാരണ­മെന്നേ പറയേണ്ടു. ഏതു സമുദായത്തിലു­മില്ലേ ഇത്തരം ചതികള്‍? അതിനാലാണ് സൊയങ്കയുടെ കൃതികള്‍ പ്രാദേശികത്വം ഉള്ളവയാണെങ്കിലും സര്‍വജനീന സ്വഭാവം ഉള്‍ക്കൊള്ളുന്നുവെന്നു മുന്‍പ് പറഞ്ഞത്.

“രാഷ്ട്രീയ പ്രതിബദ്ധത” എന്നത് ഏതു ആഫ്രിക്കന്‍ എഴുത്തുകാരനും ചേരും. കൊളോണിയ­ലിസത്തിന്റെ നൃശംസതകള്‍ കണ്ടവരാണ് അവര്‍. സ്വാതന്ത്ര്യം കിട്ടിയിട്ടും അതിന്റെ പല കെടുതികള്‍ ദര്‍ശിച്ചവരാണ് ആ എഴുത്തുകാര്‍. സൊയിങ്കയും പ്രതിബദ്ധനായ സാഹിത്യ­കാരനാണ്. നൃശംസതയെ എതിര്‍ക്കാന്‍ പല മാര്‍ഗ്ഗങ്ങളാണ് അവര്‍ അംഗീകരിക്കാറ്. സെയിങ്കയുടെ മാര്‍ഗം പരിഹാസ­ത്തിന്റേതാണ്. അദ്ദേഹത്തിന്റെ Telephone Conversation എന്ന കാവ്യം ശക്തിയാര്‍ന്ന പരിഹാസമാണ്. ഫ്ളാററിനെ­ക്കുറിച്ചുള്ള പരസ്യത്തെപ്പററി ഒരു വെള്ളക്കാരിയോടു ടെലഫോണില്‍ സംസാരിക്കേണ്ടി വന്നു കവിയ്ക്ക്. ടെലിഫോണിന്റെ മറ്റേയററത്തു നിന്നു സ്ത്രീ ചോദിക്കുന്നു:

“How dark?” (I had not misheard). “Are you light or very dark.”

കവി മറുപടി നല്‍കി: “West African Sepia”

ഉടനെ “What’s that?” എന്നു വെള്ളക്കാരിയുടെ ചോദ്യം. കവിയുടെ ഉത്തരം:

Palm of my hand, sole of my feet. Are a peroxide blende. Friction caused Foolishly madam — by setting down, has turned.

My bottom raven black. പരിഹാസത്തെ തീക്ഷണതമമാക്കിക്കൊണ്ട്, കലാസൌന്ദര്യത്തിനു കിരീടം വച്ചു കൊണ്ട് സൊയിങ്ക ചോദിക്കുന്നു: “Madam wouldn’t you rather see for yourself”

അല്പമായ കറുപ്പോ നല്ല കറുപ്പോ — അതാണ് വെള്ളക്കാരിക്ക് അറിയേണ്ടത്. ആഫ്രിക്കന്‍ ഇരുണ്ട തവിട്ടു നിറമെന്ന് മറുപടി കിട്ടിയിട്ടും വെള്ളക്കാരിക്കു തൃപ്തിയായില്ല. ഉള്ളങ്കൈയും ഉപ്പുററിയും പെറോക്സൈഡിന്റെ ഇളം തവിട്ടു നിറമാണ്. പിന്നെ ഇരുന്നിരുന്ന് ചന്തിക്കു കറുത്ത നിറവും. വെളളക്കാരി തന്നെ വന്നു നോക്കിയാല്‍ മതിയല്ലോ എന്നു കവിയുടെ നിര്‍ദ്ദേശം. ഈ പരിഹാസത്തെ വിശേഷിപ്പിക്കാന്‍ മലയാള പദമില്ല. അതുകൊണ്ട് ഇംഗ്ളീഷ് പദം പ്രയോഗിച്ചു കെോള്ളട്ടെ, ferocious.

നോവലെഴുത്തുകാരന്‍ എന്ന നിലയില്‍ സൊയിങ്കയ്‌ക്കുള്ള സിദ്ധികള്‍ നിസ്തൂലങ്ങളാണ്. അദ്ദേഹത്തിന്റെ The Interpreters എന്ന നോവല്‍ മാസ്റ്റര്‍ പീസായി പരിഗണിക്കപ്പെടുന്നു. നൈജീരിയയിലെ ഒരു വിഭാഗം ധിഷണാശാലികള്‍ അഴിമതി നടമാടുന്ന ഒരു സമുദായത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രമാണു നോവലിലുള്ളത്, ഒരാള്‍ എഞ്ചിനീയര്‍, മറ്റൊരാള്‍ പത്രാധിപര്‍ അങ്ങനെ പലരും. എല്ലാവര്‍ക്കും സമുദായത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോഹഭംഗം. ‘മുങ്ങിമരിക്കുക’ എന്നതേ മാര്‍ഗ്ഗമായുള്ളു എന്ന തീരുമാനത്തില്‍ എല്ലാവരും എത്തുന്നു; വായനക്കാരും. ഇവിടെയും സമൂഹത്തിന്റെ അനീതികള്‍ക്കു നേരെ ഖഡ്ഗം പ്രയോഗിക്കുന്ന മനുഷ്യ സ്നേഹിയായി സൊയിങ്കയെ നമ്മള്‍ കാണുന്നു. മനുഷ്യത്വമില്ലായ്മ എവിടെയുണ്ടോ ദുഷ്ടത എവിടെയുണ്ടാ അവിടെയൊക്കെ പ്രതിഷേധ ശബ്ദവുമായി സൊയിങ്കയുണ്ട്.

ആ ശബ്ദം ജീനീയസ്സിന്റേതായതു കൊണ്ട് അഴിമതിക്കാരും ഭരണാധികാരികളും ഞെട്ടുന്നു. നൈജീരിയയുടെയോ ആഫ്രിക്കയുടേയോ മനഃസാക്ഷി മാത്രമല്ല സൊയിങ്ക. അദ്ദേഹം ലോകത്തിന്റെ മനഃസാക്ഷിയാണ്.

നൈജീരിയയില്‍ ഐറോക്കോ എന്നു പേരുള്ള മരങ്ങള്‍ ധാരാളമായിയുണ്ട്. ഈ മരത്തില്‍ ‘വൃക്ഷ ചൈതന്യം’ കുടിയിരിക്കുന്നു എന്നാണ് യോറൂബകളുടെ വിശ്വാസം. സൊയിങ്കയുടെ Swamp Dwellers നാടകത്തില്‍ കൃഷിയിടത്തിന്റെയും സര്‍പ്പഭൂമിയുടെയും ഇടയ്ക്കായി ഈ മരങ്ങള്‍ നിരന്നു നില്‍ക്കുന്നു. കൃഷിഭൂമി കര്‍ഷകര്‍ക്ക്. സര്‍പ്പഭൂമി സര്‍പ്പത്തിന്. മിത്തും യാഥാര്‍ത്ഥ്യവും വിഭിന്നങ്ങളായി വര്‍ത്തിക്കുന്നതു പോലെയാണിത്. പക്ഷേ സൊയിങ്കയുടെ ‘വിഷന്‍’ മിത്തിനെയും യാഥാര്‍ത്ഥ്യത്തെയും ഒന്നാക്കുന്നു. ആ ഐക്യത്തില്‍ നിന്ന് രൂപം കൊണ്ടു വരുന്നതു യോറൂബയാണ്. നൈജീരിയക്കാരനാണ്, ആഫ്രിക്കക്കാരനാണ്, യൂറോപ്യനാണ്, അമേരിക്കാക്കാരനാണ്, ഭാരതീയനാണ്, വിശ്വപൗരനാണ്. ആഫ്രിക്കയുടെ ആത്മാവു നമ്മുടെ ആത്മാവാണെന്ന് നാം അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലൂടെ ഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം കിട്ടിയത്.