close
Sayahna Sayahna
Search

ആര്‍ദ്രത


ആര്‍ദ്രത
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: പ്രാദേശികസമൂഹങ്ങള്‍ ഉണ്ടായാല്‍ സ്ഥിതിമാറും. ഓരോരുത്തര്‍ക്കും അനേകരുടെ ശക്തി ഒന്നിച്ചുകൂടുമ്പോളുണ്ടാകും. അപ്പോള്‍ മാത്രമേ മനുഷ്യന്റെ കഴിവുകളുടെ ചുരുള്‍വിടരാന്‍ തുടങ്ങൂ. പ്രാദേശികസമൂഹജീവിതം തുടങ്ങുന്നതിനുപകരം ഓരോ കാര്യത്തിനും ഇനിയും നാടുതോറും പ്രത്യേകം പ്രത്യേകം യൂണിറ്റുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശിഥിലീകരണം വര്‍ദ്ധിക്കും. പരിശ്രമം എല്ലാം പാഴായിക്കൊണ്ടേയിരിക്കും. ആത്മാര്‍ത്ഥതയും ത്യാഗവും ഒന്നും നമ്മെ രക്ഷിക്കുകയില്ല. പരമപ്രധാനമായ കാര്യം പരസ്പരം കണ്ണിചേരുമോ എന്നതു തന്നെയാണ്.

ഞാന്‍: കണ്ണിചേര്‍ന്നാല്‍ മൂല്യങ്ങള്‍ ചോര്‍ന്നുപോകാതിരിക്കും. വ്യക്തികളുടെ മൂല്യബോധത്തിനും അറിവിനും തങ്ങിനിന്നു രൂപപ്പെടാന്‍ ഒരു തലം ഇന്നില്ല. ഒന്നിച്ചുനിന്നാലേ ആ തലം ഒരുങ്ങൂ. ആള്‍ക്കൂട്ടത്തിനിടയിലല്ല, സമുദായജീവിതത്തിലാണ് സംസ്‌കാരം വളരുന്നത്. സമൂഹജീവിതത്തിന്റെ അഭാവത്തില്‍ മാനവസംസ്‌കാരം വളരുകയില്ല. ധീരവും ആത്മാര്‍ത്ഥവും ത്യാഗോജ്ജ്വലവും ലക്ഷ്യബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍പോലും പരാജയപ്പെടാന്‍ കാരണം ഇനിയും അന്വേഷിക്കാതിരുന്നുകൂടാ. തഴയുണ്ട്; പായില്ല. നൂലുണ്ട്; വസ്ത്രമില്ല. കണ്ണിയുണ്ട്; ചങ്ങലയില്ല. ഇതാണ് നിഷ്ഫലതയുടെ കാരണം.

നവ: മനുഷ്യനെസംബന്ധിച്ചിടത്തോളം ഈ നിഗമനം ശരിയല്ല. വ്യക്തിയുണ്ട്. സമൂഹമില്ല എന്നു പറയാമോ? വ്യക്തിയുമുണ്ട് സമൂഹവുമുണ്ട്. എന്നതല്ലേ സത്യം? പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ എത്ര എത്ര സംഘടനാരൂപങ്ങള്‍ നമുക്കുണ്ട്. ഒന്നിലധികം സാമൂഹ്യസംഘടനകളില്‍ അംഗമാകാത്ത ഒരാളെങ്കിലും കാണുമോ?

ഞാന്‍: ഏതെങ്കിലും തരത്തില്‍ ഒരു സാമൂഹ്യബന്ധം കൂടാതെ ജീവിക്കാനാവാത്ത വര്‍ഗമാണ് നാം. മനുഷ്യന്‍ സമൂഹജീവി ആയിപ്പോയി. വ്യക്തിയുമുണ്ട് സമൂഹവുമുണ്ട് എന്നംഗീകരിച്ചേ തീരൂ. പിന്നീടെവിടെയാണ് തകരാറു സംഭവിച്ചത്? എവിടെയോ തകരാറുണ്ടെന്നത് തീര്‍ച്ചയാണല്ലോ. അതുകണ്ടെത്തേണ്ടേ?

മിനി: തീര്‍ച്ചയായും വേണം. അതു കണ്ടെത്തി തിരുത്തിയാല്‍ ഭൂമിയില്‍ മനുഷ്യജീവിതം സുഗമമാകും.

ഞാന്‍: ഞാന്‍ കാണുന്നതുപറയാം. വ്യക്തികള്‍തമ്മില്‍ ബോധപൂര്‍വം കണ്ണിചേര്‍ന്നുള്ള സമൂഹമല്ല ഇന്നുള്ളത്. ഇഷ്ടിക അടുക്കി ഭിത്തി കെട്ടിയിട്ടുണ്ട്. എന്നാല്‍ ഇടയ്ക്കു സിമന്റുവച്ചിട്ടില്ല. അതുകൊണ്ട് എല്ലാം ഇടിഞ്ഞും മറിഞ്ഞും തകര്‍ന്നുപോകുന്നു. പിളരാത്ത ഒരു സംഘടനയും ഇന്നില്ലല്ലോ.

രാജു: കുടുംബങ്ങള്‍ക്കുള്ളില്‍പോലും ബന്ധദാര്‍ഢ്യം കാണുന്നില്ല. ഒരു ചെറിയ കാറ്റുണ്ടായാല്‍ ഭാര്യാഭര്‍ത്തൃബന്ധം പൊട്ടിപ്പോകും. എത്ര വേദനാജനകമാണീ അവസ്ഥ. വ്യക്തിബന്ധം ഉറപ്പാക്കുന്ന ഒരു സെമന്റ് കണ്ടെത്തിയേ തീരൂ.

ഞാന്‍: രാമായണത്തിന്റെ സമാപനത്തില്‍ രാമരാജ്യത്തെപ്പറ്റി പറയുന്ന ഭാഗത്ത് ഈ സെമന്റിനെപ്പറ്റി പറയുന്നുണ്ട്.

“എല്ലാവനുമുണ്ട് ‘അനുകമ്പ ’ മാനസേ” അനുകമ്പയാണ് സെമന്റ്. ഓരോ മനസ്സും മറ്റുള്ളവരുടെ നേരെ ആര്‍ദ്രമാകാതെ സമൂഹരചന സുദൃഢമാകില്ല.