close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 02


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 02
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

വളഞ്ഞുതിരിഞ്ഞ് കുന്നു കയറിക്കൊണ്ടിരുന്ന ചരൽപാത അവസാനിക്കുന്നിടത്ത് ഒറ്റക്കാളവണ്ടി നിന്നു. കാവിയുടുത്ത ദേവികയുടെ പിന്നാലെ സരള ഇറങ്ങി. ഏതാനും നിമിഷം വരെ തങ്ങളെ അനുഗമിച്ചിരുന്ന താഴ്‌വര ഇപ്പോൾ അപ്രത്യക്ഷമായി. ചുറ്റും മരങ്ങൾ മാത്രം. ഒരു ചെറുകാറ്റിന്റെ കുളിർമയിൽ അവൾ ദീർഘയാത്രയുടെ ക്ഷീണം മറന്നു.

വണ്ടിക്കാരൻ ഒരു വയസ്സനായിരുന്നു. നീണ്ടു നരച്ച താടിയും അൽപം തലമുടിയുമായി അയാൾ ഒരു സന്യാസിയെപ്പോലെ തോന്നിച്ചു. ദേവിക നീട്ടിയ പണം രണ്ടു കൈയിലും വാങ്ങി ആവശ്യത്തിലധികം നീളമുള്ള ഷർട്ടിന്റെ കീശയിൽ തിരുകി അയാൾ പറഞ്ഞു.

‘അതാ, അതാണ് ആശ്രമം. ഒരഞ്ചുമിനിറ്റ് കയറണം.’

വണ്ടിക്കാരൻ ചൂണ്ടിയ സ്ഥലത്തേക്കു സരള നോക്കി. മരങ്ങൾക്കിടയിലൂടെ കുന്നിന്റെ മേൽത്തട്ടിൽ വൈക്കോൽ മേഞ്ഞ പർണശാലയുടെ ഒരു ഭാഗം കാണാം. പെട്ടെന്നവൾ അധീരയായി. ലക്ഷ്യസ്ഥാനമടുക്കുംതോറും തന്റെ ആശങ്കകൾ കൂടി വരികയാണ്.

ഇരുവശത്തും പുല്ലും പടർച്ചെടികളും വളർന്ന ഒറ്റയടിപ്പാതയിലൂടെ ദേവികയുടെ ഒപ്പം സരള നടന്നു.

ദേവിക സംസാരപ്രിയയായിരുന്നു. രാവിലെ എട്ടുമണിക്കു യാത്ര തുടങ്ങിയപ്പോൾ അവൾ ധാരാളം സംസാരിച്ചു. സ്വന്തം മനസ്സിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടു മറ്റുള്ളവരെ അകത്തേക്കു ക്ഷണിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അവൾക്ക്. പിന്നീടു വഴിയിലെപ്പോഴോ, സംസാരത്തിന്റെ വ്യർത്ഥത മനസിലായിട്ടോ എന്തോ അവൾ നിശബ്ദയായി. സന്യാസം സ്വീകരിക്കാനുണ്ടായ കാരണങ്ങളെപ്പറ്റിയായിരുന്നു ദേവിക പറഞ്ഞിരുന്നത്.

അവളുടെ പതിനാലാം വയസ്സിൽ അച്ഛൻ മരിച്ചു. പട്ടിണിയായപ്പോൾ അമ്മ രണ്ടാമതു കല്യാണം കഴിക്കാൻ സമ്മതിച്ചു. പക്ഷേ, രണ്ടാനച്ഛൻ മുഴുക്കുടിയനായിരുന്നു. എന്നും കുടിച്ചുവന്നു ഭാര്യയെ ഉപദ്രവിക്കും. മകളെ ശല്യപ്പെടുത്തും. ആദ്യമൊക്കെ അമ്മ ബഹളംവച്ചിരുന്നു. എതിർത്തിരുന്നു. പിന്നെ അതൊരു നിത്യസംഭവമായപ്പോൾ പട്ടിണിയുടെയും പീഡനത്തിന്റെയും കയ്‌പ്പേറിയ അനുഭവങ്ങൾക്കിടയിൽ അവൾ നിസ്സംഗമായ ഒരു മരവിപ്പേറ്റുവാങ്ങി.

മൂന്നു കൊല്ലം രണ്ടാനച്ഛന്റെ മുന്നേറ്റത്തിനെതിരെ പിടിച്ചുനിന്നു. ഒരു രാത്രി ഉറക്കത്തിൽ, മേൽ അമരുന്ന ഭാരംകൊണ്ട് ഉണർന്നപ്പോൾ താൻ നഗ്നയാക്കപ്പെട്ടതായി അവൾ കണ്ടു. എങ്ങനെയോ അയാളുടെ കൈയിൽനിന്നു കുതറിഓടി. ഓടുന്നപോക്കിൽ കിട്ടിയ ഒറ്റയുടുപ്പുമാത്രം ധരിച്ചു രാത്രി മുഴുവൻ പേടിച്ച് ഒളിച്ചുനടന്നു. രാവിലെ ആരുടെയോ ഒക്കെ സഹായത്തോടെ പ്രഭാമയിദേവിയുടെ ആശ്രമത്തിലെത്തി സന്യാസം സ്വീകരിച്ചു.

ബസ്സിന്റെ മുരൾച്ചയ്ക്കിടയിൽ ദേവിക പറയുന്നതു ശ്രദ്ധിച്ചു സരള ഇരുന്നു.

‘പാവം അമ്മ, എന്തു ചെയ്യുന്നു ആവോ?’

ദേവിക കുറെനേരം ബസ്സിനു പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. അവൾ എന്തോ ആലോചിക്കുകയായിരുന്നു.

‘ജീവിതത്തിന് ഒരർഥവുമില്ല അല്ലെ ചേച്ചീ.’ സരളയുടെ നേരെ തിരിഞ്ഞുകൊണ്ടു ദേവിക പറഞ്ഞു. ‘ആട്ടെ ചേച്ചി വീടു വിടാനെന്താ കാരണം?’

സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോൾ അതിനു പകരമായി സരളയുടെ കഥ കേൾക്കാനുള്ള അവകാശം തനിക്കുണ്ടെന്നവൾ കരുതിക്കാണും. അപരാധബോധമില്ലാത്ത, നിഷ്‌കളങ്കമായ മനസ്സിന് ആത്മകഥാകഥനം എളുപ്പമാണ്. തനിക്കോ?

സരള ഒന്നും പറഞ്ഞില്ല. അവളുടെ മുഖം ഇരുണ്ടു കണ്ടതിലാവണം ദേവിക പറഞ്ഞു.

‘ചേച്ചി വിഷമിക്കാതിരിക്കൂ. എല്ലാം ശരിയാവും.’

ബസ്സ്റ്റാന്റിൽനിന്ന് ഒറ്റക്കാളവണ്ടിയിലുള്ള യാത്രയിൽ ദേവിക ഒന്നും സംസാരിച്ചില്ല. ഇപ്പോൾ ദേവികയുടെ പിന്നിൽ നിഴൽപോലെ നടക്കുമ്പോൾ സരള സംശയത്തോടെ ആലോചിച്ചു. തനിക്ക് എന്നെങ്കിലും സമാധാനം കിട്ടുമോ?’

പടിപ്പുരശൈലിയിൽ പണിത വാതിലിനപ്പുറത്തു പർണശാലയായിരുന്നു.