close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 06


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 06
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

‘അനപത്യം ശാപം തന്നെയാണ്.’ ആനന്ദഗുരു പറഞ്ഞു: ‘ഏതു ശാപത്തെയും അനുഗ്രഹമാക്കിത്തീർക്കാനാണു നാം ശ്രമിക്കേണ്ടത്. പുരാണങ്ങളിലുടനീളം ഉദാഹരണങ്ങളുണ്ട്.’

ഗുരുവിന്റെ മുഖത്തുനിന്നു മനുഷ്യരാശി സഹസ്രാബ്ദങ്ങളായി ആർജിച്ച അറിവിന്റെ വെളിച്ചം പ്രഭ വിതറി.

‘നിങ്ങൾ ചെറുപ്പമാണ്. കുട്ടികൾ ഉണ്ടാവാൻ ഇനിയും സാദ്ധ്യതയുണ്ട്. അതിനെപ്പറ്റി ആലോചിച്ചു മനസ്സ് കേടുവരുത്തരുത്.’

അവൾ ഗുരുവിനോടു സ്വന്തം കുടുംബത്തെപ്പറ്റി വളരെ ഹ്രസ്വമായി പറഞ്ഞിട്ടേയുള്ളു. ഭർത്താവ്, അമ്മായിയമ്മ, കോളജിൽ പഠിക്കുന്ന സ്യാലൻ. വിവാഹം കഴിഞ്ഞ് ആറു വർഷമായി; കുട്ടികളില്ല.

‘വിവാഹം കഴിഞ്ഞ് ആറുവർഷമായിട്ടും കുട്ടികളുണ്ടായില്ല എന്ന കാരണംകൊണ്ട് ഒരു സ്ത്രീ സന്യാസം സ്വീകരിക്കാൻ വരില്ല.’ ഗുരു തുടർന്നു. ‘അതിനു വേറെ കാരണങ്ങളുണ്ടാവും. പറയാൻ വിഷമമായ, അല്ലെങ്കിൽ താൽപര്യമില്ലാത്ത കാര്യങ്ങൾ. എനിക്കവ അറിയാൻ താൽപര്യവുമില്ല.’

ഗുരുവിന്റെ സ്വരത്തിൽ പരിഭവമുണ്ടോ? തനിക്കു തോന്നിയതാവും. ഗുരുവിനോട് എല്ലാം തുറന്നുപറയാൻ കഴിയാത്തതിൽ അവൾ പരിതപിച്ചു. എങ്ങനെ പറയും? ഗുരു അമാനുഷികമായ കഴിവുകളാൽ തന്റെ മനസ് വായിക്കുമോ എന്ന ഭയത്താൽ സ്വന്തം മനസിന്റെമേൽ ഒരു മറയിടാൻ സരള ആഗ്രഹിച്ചു. അവളുടെ കളങ്കം അവളോടൊപ്പം മണ്ണടിയട്ടെ.

‘ഒരു കാര്യം മനസ്സിലാക്കൂ. നാമെല്ലാം സർവേശ്വരന്റെ കൈയിലെ കരുക്കൾ മാത്രമാണ്; വെറും നിമിത്തങ്ങൾ, പാവകൾ.’

മുകളിലേക്കു ചൂണ്ടിക്കാട്ടി ഗുരു തുടർന്നു: ‘ചരടു വലിക്കുന്ന കൈകൾ അദ്ദേഹത്തിന്റേതാണ്. കുട്ടി ഭഗവദ്ഗീത വായിച്ചിട്ടുണ്ടോ?’

ഇല്ലെന്നവൾ തലയാട്ടി.

‘പുസ്തകം മുറിയിൽ എത്തിക്കാൻ ഏർപ്പാടു ചെയ്യാം. വായിക്കൂ സംശയങ്ങൾ ചോദിക്കൂ. എന്നാൽ കഴിയുംവിധം സംശയങ്ങൾ തീർത്തുതരാം. ഗീതയുടെ മഹത്വം അതു സംശയങ്ങൾ ഉണ്ടാക്കുകയല്ല, ഉള്ള സംശയങ്ങൾ ഇല്ലാതാക്കുകയാണു ചെയ്യുക എന്നതാണ്.’

സരള പോയിക്കഴിഞ്ഞിട്ടും ഗുരു കുറെനേരം പത്മാസനത്തിൽതന്നെ ഇരുന്നു. ആ മുഖം അദ്ദേഹത്തെ അസ്വസ്ഥനാക്കി. ജീവിതത്തിന്റെ ഏതു വഴിത്തിരിവിലാണ് അതു കണ്ടിട്ടുള്ളത്? വർഷങ്ങളുടെ നീണ്ട യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുപോയ സ്മൃതിപടലങ്ങൾ ആവാഹിച്ചെടുക്കാൻ അദ്ദേഹം ശ്രമിച്ചു. ഒന്നും വ്യക്തമല്ല. മനസിൽ അടുപ്പമുള്ള രൂപങ്ങൾ, അമൂർത്തരൂപങ്ങൾ കിടന്നു കളിക്കുന്നു. അതിനിടയിൽ എവിടെയോ ഈ സുന്ദരമുഖമുണ്ട്. പൊരുൾ കിട്ടാത്ത സമസ്യയുമായി ആനന്ദഗുരു കുറെനേരം ഇരുന്നു. സന്ധ്യാവന്ദനങ്ങൾക്കുള്ള ഒരുക്കവുമായി ശിഷ്യൻ ജ്ഞാനാനന്ദൻ എത്തി, അപ്പോഴും പത്മാസനത്തിലിരിക്കുന്ന ഗുരുവിനെക്കണ്ട് അദ്ഭുതപ്പെട്ടു. കണ്ണടച്ച് ധ്യാനത്തിലിരിക്കുന്ന ഗുരുവിനെ ശല്യപ്പെടുത്താതെ അവൻ പുറത്തുകടന്നു. പർണശാലയുടെ മുറ്റത്തു ഹോമകുണ്ഡം ജ്വലിച്ചു. കിഴക്ക് മലനിരകൾക്കുമീതേ അന്തിവെയിലേറ്റ മേഘങ്ങൾ അമൂർത്തരൂപങ്ങൾ സൃഷ്ടിച്ചു.

ആനന്ദഗുരു ധ്യാനത്തിലായിരുന്നു. ജാഗരമായ മനസ് സാവധാനത്തിൽ പടിപടിയാ യി സ്വപ്‌നാവസ്ഥയിലെത്തി. ഭൂതത്തിലൂടെയുള്ള അതീന്ദ്രിയപ്രയാണത്തിൽ അദ്ദേഹം അമ്മയുടെ അടുത്തെത്തി. അമ്മയുടെ മുഖം ആവാഹിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. ആ മുഖം അവ്യക്തമായിരിക്കുന്നു. ചെറുപ്പത്തി ൽ തന്നെ ഉപേക്ഷിച്ചുപോയ ധർമ്മധാരങ്ങളുടെ മുഖവും ആവാഹിച്ചെടുക്കാനായില്ല. എല്ലാം മറവിയുടെ എത്താത്തലങ്ങളിൽ മറഞ്ഞുകഴിഞ്ഞു. ആ അറിവ് ഗുരുവിനെ ദുഃഖിതനാക്കി. ഒരു വിധത്തിൽ അതൊരനുഗ്രഹമല്ലേ? സംസാരത്തിന്റെ അവസാനത്തെ കണ്ണികൾ കൂടി അറുക്കപ്പെട്ടു താൻ വിമുക്തനാവുകയാണ്. മമതയുടെ നീർച്ചാലുകൾ വറ്റി മനസിൽ നിസ്സംഗതയുടെ വരൾച്ച നിറയട്ടെ. അതോടെ എല്ലാം പൂർത്തിയാവുന്നു.