close
Sayahna Sayahna
Search

ഉപരോധം-ഏഴ്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

ഏഴ്

ചിത്രീകരണം : സി.എൻ.കരുണാകരൻ

കുറുമ്പ കണ്ണമ്പാടിയിലേയ്ക്കിറങ്ങുമ്പോഴാണ് മഞ്ചല്‍ക്കാരുടെ മൂളല്‍ കേട്ടത്. അവള്‍ തിടുക്കത്തില്‍ ഒരു പൊന്തയ്ക്കുപിന്നില്‍ മറഞ്ഞുനിന്നു. ഇലപ്പടര്‍പ്പിലൂടെ അവള്‍ കണ്ടു. മഞ്ചല്‍ പോവുകയാണ്.

മാരാന്‍കരയില്‍ ആലിമ്മമ്മതിന്റെ പീടികയിലുള്ളവരും കരിമ്പന്റെ ഷാപ്പിലുണ്ടായിരുന്നവരും ഓച്ഛാനിച്ച് എഴുന്നേറ്റുനിന്നു. മഞ്ചല്‍ പോയിക്കഴിഞ്ഞപ്പോള്‍ അവർ വീണ്ടും സ്വസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു.

ഉച്ചാലമ്മയും തമ്പാനും ഉറ്റുനോക്കി. മഞ്ചല്‍ പോവുകയാണ്.

അവളെന്തോ ഓര്‍ത്തു. പടിഞ്ഞാറ്, കുറ്റിക്കാടുകള്‍ക്കിടയില്‍ മണ്ണിനടിയില്‍ കിടക്കുന്ന കാരോന്തനും ചിലത് ഓര്‍മ്മിച്ചു. തന്റെ ദേഹത്തുനിന്ന് മാംസം മുഴുവന്‍ നുള്ളിപ്പറിച്ചെടുത്ത്, തന്നെ നാറുന്ന കുറച്ച് എല്ലുകളാക്കി മാറ്റിയത് അതാ, ആ നീങ്ങുന്ന മഞ്ചലിലുള്ളതാണ്. മണ്‍തരികളില്‍ വിറങ്ങലിച്ചുവീണ ആത്മാവ് വിതുമ്പകയായി.

മഞ്ചല്‍ ചുമക്കുന്നവർ വിയര്‍പ്പു തുടയ്ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മഞ്ചലിലുള്ളത് കെട്ടിലമ്മയും രണ്ടു പെണ്‍മക്കളുമാണ്. മഞ്ചല്‍ ചുമക്കുന്നവരുടെ ദേഹങ്ങള്‍ കുറേക്കൂടി തളര്‍ന്നിരിക്കുന്നു. അവരുടെ കണ്ണുകളില്‍ വേദനയുണ്ട്. മഞ്ചലിലിരിക്കുന്നവര്‍ മാറിക്കൊണ്ടിരിക്കുന്നു. പ്രയാണത്തിന്റെ മന്ദഗതി അവരെ അസ്വസ്ഥരാക്കുന്നു.

ഉച്ചാലമ്മ മുറ്റത്ത് കൂനിപ്പിടിച്ച് ഇരിക്കുകയാണ്. അവരുടെ പേരക്കിടാവ് തമ്പാന്‍ അടുത്തുതന്നെയുണ്ട്. കോടിലോനെ ഒരിക്കല്‍ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോവുന്നത് മുത്തശ്ശിയോടൊപ്പം കണ്ടുനിന്ന അതേ കുട്ടി. അന്നവന് പല്ല് കിളിര്‍ത്തിരുന്നില്ല. ഇന്നവന്‍ ലക്ഷണമൊത്ത ഒരാണ്‍കുട്ടിയായി മാറിയിരിക്കുന്നു. ചുരുണ്ടമുടി ഒരുവശത്തേക്ക് മാടിയൊതുക്കിയിട്ടുണ്ട്. നെറ്റിയില്‍ ചാന്തുപൊട്ട്. ഒരു തോര്‍ത്തുമുണ്ടുടുത്തിട്ടുണ്ട്. കുസൃതിയുടെ സ്ഫടികത്തുണ്ടുകള്‍, കണ്ണുകളില്‍.

‘മുത്തേശ്ശ്യ, ഇതെങ്ങോട്ടാ മഞ്ചലിങ്ങനെ പോയിക്കൊണ്ടിരിക്ക്ന്ന്?

തമ്പാന്‍ ചോദിച്ചു.

‘കാനായിക്ക്.’ ഉച്ചാലമ്മ പറഞ്ഞു.

‘എന്തിന്യാ?’

‘ആട്ത്തെ ഒന്നാംമുപ്പ് ചത്തുപോയി. ഈട്ന്ന് പോയ നായനാരാ ഇനിയാട ഒന്നാമന്‍.’ ഉച്ചാലമ്മ പറഞ്ഞു കൊടുത്തു.

‘ഈട്യോ?’

‘ഈടത്തേക്ക് തലവിലത്തെ നായനാറ് വെരും.’

തറവാട്ടുനിയമം അതാണ്. കുറ്റൂരില്‍ നിന്ന് കാനായിലേയ്ക്ക് പാണപ്പുഴയില്‍ നിന്ന് തലവിലേയ്ക്ക്. തലവില്‍ നിന്ന് കുറ്റൂരിലേയ്ക്ക്. കാനായിയാണ് ഭരണത്തിന്റെ സിരാകേന്ദ്രം. കാനായിയിലെ ചിറ്റാരിയുടെ മൂപ്പായനായനാരാണ് എല്ലാറ്റിന്റെയും തലവന്‍. മറ്റുള്ള മഠങ്ങളിലെയും ചിറ്റാരികളിലെയും മൂപ്പന്മാര്‍ക്ക് അധികാരപരിധികള്‍ നിര്‍ണയിച്ചുകൊടുത്തിട്ടുണ്ട്. ഏഴാനകളുടെ ചെലവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ചെലവും കാനായി മൂപ്പനാണ് വഹിക്കുക. കുറ്റൂർ മഠത്തിലേയ്ക്ക് ഇരുപത്തയ്യായിരം സേര്‍ നെല്ല് ചെലവിനു കിട്ടുന്നു. ഇങ്ങനെ ഒരു ചങ്ങല കൊണ്ടെന്നപൊലെ നാലുദേശങ്ങള്‍ അഭേദ്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു- എണ്ണമറ്റ തലമുറകളും. ഋതുക്കളെപ്പോലെ തലമുറകള്‍ മാറിമാറിവരുന്നു. അധികാരം സ്ഥായിയായി നിലനില്‍ക്കുന്നു. അതിനുമാത്രം മാറ്റമില്ല.

ഇതൊന്നും പൂര്‍ണ്ണമായി ഗ്രഹിക്കാനുള്ള കഴിവ് ഉച്ചലമ്മയുടെ പേരക്കിടാവിന് ഇപ്പോഴില്ല. പക്ഷേ, അവ്യക്തമായ എന്തെല്ലാമോ അവന്റെ മനസ്സിലുണ്ട്. കുറേ നിഴലുകള്‍, കുറേ രൂപങ്ങള്‍, കുറെ സംശയങ്ങള്‍. അവന്‍ മുത്തശ്ശിയോട് ചേര്‍ന്നുനിന്ന് വഴിയിലേയ്ക്ക് ഉറ്റുനോക്കി. മറ്റൊരു മഞ്ചല്‍ വരികയാണ്.

“അത് പുതിയ മൂപ്പ് കുഞ്ഞിരാമന്‍ നായനാരാ. നോക്കിക്കണ്ടാ.” ഉച്ചാലമ്മ പറഞ്ഞു.

കൊമ്പന്‍ മീശയും ക്രൂരതയുടെ തിളക്കവുമുള്ള ഒരു മൂഖം അവന്‍ കണ്ടു.

മരിച്ചുപോയ കാരോന്തന്റെ പെണ്ണ് മീനാക്ഷി വാതില്‍പ്പാളികള്‍ക്ക് പിന്നില്‍ പതുങ്ങി നിന്നു: മറ്റൊരു തമ്പുരാന്‍ വരികയാണ്.

അവളെന്തോ പേടിച്ചു. പടിഞ്ഞാറ്, കുറ്റിക്കാടുകള്‍ക്കിടയില്‍ നനഞ്ഞ മണ്ണിന്നടിയില്‍ കിടക്കുകയായിരുന്ന കാരോന്തനും ഭയപ്പെട്ടു.

മഞ്ചല്‍ക്കാര്‍ നീട്ടിനീട്ടി മൂളിക്കൊണ്ടിരുന്നു.

മാരാന്‍ കരയിലുള്ളവര്‍ ഭവ്യത പ്രകടിപ്പിച്ചുകൊണ്ട് നിന്നു. ഗജവിഗ്രഹനായ കുഞ്ഞിരാമന്‍ നായര്‍ മീശതിരുമ്മിക്കൊണ്ട് പുറത്തേയ്ക്ക് നോക്കി. അപ്പോള്‍ കള്ളുനിറച്ച ഒരു തൊണ്ട് കയ്യില്‍ പിടിച്ച് വണ്ണത്താന്‍ രാമന്‍ ഷാപ്പിന്റെ മുറ്റത്തേയ്ക്കിറങ്ങി. രാമന്റെ മുഖത്ത് വെറുപ്പം പുച്ഛവും തുടിച്ചു. അയാള്‍ മഞ്ചലിനുള്ളിലേക്ക് രോഷത്തോടെ നോക്കി. അയാളുടെയും നായനാരുടെയും കണ്ണുകള്‍, മൂര്‍ച്ഛയുള്ള ഖഡ്ഗങ്ങളെപ്പോലെ ഏറ്റുമുട്ടി.

* * *

“ഈ തറവാടിനെ പലവട്ടം അപമാനിച്ച അവനെ ഞാന്‍ വെറുതെ വിടില്ല.” കുഞ്ഞിരാമന്‍ നായനാര്‍ പൂമുഖത്തൂടെ കൈകള്‍ പിറകില്‍ കെട്ടി. കൂട്ടിലകപ്പെട്ട ഒരു വന്യമൃഗത്തെപ്പോലെ തെക്കുവടക്കു നടന്നു.

“ആര്ടെ കാര്യാ നീയിപ്പറയ്ന്ന്?” കുഞ്ഞാക്കമ്മ മകനോട് ചോദിച്ചു.

“ആ വണ്ണത്താന്‍ രാമന്റെ”

“വെറ്തെ വഴക്കിനും വയ്യവേലിക്കും പോകണ്ടാന്നാ ഞാന്‍ പറയുന്നത്.”

“അമ്മ അപ്പുറത്തേക്ക് പൊയ്ക്കോളൂ. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.

കാര്യസ്ഥന്മാര്‍ ചിത്രത്തൂണുകള്‍ക്കരികിലായി നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ മൂപ്പ് കൃഷ്ണന്‍നായനാരേക്കാള്‍ പ്രതാപിയാണെന്ന് അവര്‍ സന്തോഷപൂര്‍വം മനസ്സിലാക്കി.

‘ഓനെ ഒര് പാഠം പഠിപ്പിക്കണം.’ അവറോന്നന്‍ ചന്തുനമ്പ്യാര്‍ പറഞ്ഞു.

‘അതെ, ഇനിയൊര് തോന്ന്യോസോം കാണിക്കറ്.’ ബോര്‍ഡ് സ്ക്കൂളിലെ കേളുമാസ്റ്റര്‍ പറഞ്ഞു.

മറ്റുള്ളവര്‍ തലകുലുക്കി.

‘പാണപ്പുഴയില്‍ നിന്ന് ആളെ കൊണ്ടുവന്ന് തല്ലിച്ചാലോ?’ കോരന്‍ നമ്പ്യാര്‍ ചോദിച്ചു.

നായനാര്‍ ചൊടിച്ചു:

‘അതെന്തിനാ? ആണ്ങ്ങള് ഇവിടെ ഇല്ല്യേ.’

‘ഇല്ലേന്ന് ചോദിച്ചാല്, ഉണ്ട്. എന്നാല്, ഓനോട് അട്ക്കാന്‍ ധൈര്യംള്ള എത്ര എണ്ണം ഉണ്ടെന്ന് ചോദിച്ചാല് ആരും കാണില്ല.” രാമൻ നായർ പറഞ്ഞു. ’ഫ്!’ നായനാർ ശക്തിയായി ഒരാട്ടുവെച്ചുകൊടുത്തു. ’അവനെ നേരിടാൻ എന്റെ ഒരു കൈ മതി.’ കൈകളിലെ പേശികൾ ത്രസിച്ചു.

”പോരഞ്ഞിട്ടാണോന്ന് ചോദിച്ചാല് അല്ല. പക്ഷേ അതു വേണോന്ന് ചോദിച്ചാല്…”

“ഏത്?” നായനാര്‍ രാമന്‍നായരെ തീക്ഷണമായി നോക്കി.

“നായനാര് നേരിട്ട് ഓന്റ്ട്ത്ത് പോന്നത്.” അയാള്‍ ക്ഷമാപണത്തിന്റെ മട്ടില്‍ പറഞ്ഞൊഴിഞ്ഞു.

ഇത്തരുണത്തില്‍ അവറോന്നന്‍ ഇടപെട്ടു.

“ഞാന്‍ പറയുന്നത് അങ്ങ് സമ്മതിക്ക്വാ. പാണപ്പൊഴേന്ന് ആള്വളെ കൊണ്ട്‌വെർവാ നല്ലത്. ഒക്കെ. ഞാന്‍ തന്നെ പോയി ഏര്‍പ്പാടാക്കിക്കൊള്ളാം. എന്താ?”

“എന്നാലങ്ങനെ.” നായനാര്‍ സമ്മതിച്ചു. അന്നുതന്നെ അവറോന്നന്‍ പാണപ്പുഴയ്ക്ക് പോയി.

* * *

പുത്തിരി ദിവസമായിരുന്നു. രാമന്‍ എണ്ണ തേച്ച് പാറക്കടവിലേയ്ക്ക് കുളിക്കാന്‍ വരികയായിരുന്നു. പുഴയുടെ തീരങ്ങള്‍ കാടുപിടിച്ച് കിടക്കുകയായിരുന്നു. പെട്ടന്ന്, പരിചയമില്ലാത്ത ഒരാള്‍ മുന്നിലെത്തി.

“കുറുപ്പച്ചന്‍ കുളിക്കാന്‍ പോവ്വാ? അവന്‍ തെല്ല് പരിഹാസസ്വരത്തില്‍ ചോദിച്ചു.

“അല്ല നിന്റെമ്മക്ക് പൊടവ കൊട്ക്കാന്‍.”

“നെലവിട്ട് വര്‍ത്താനം പറയേണ്ട.”

“നീ പോടാ.” രാമന്‍ മുന്നോട്ട് നടന്നു. “അങ്ങനെ അങ്ങ് പൊയാലൊ.” അവന്‍ വഴിയിലേക്ക് കയറി നിന്നു.

രാമന്‍ അവനെ അടിമുടി നോക്കി.

“നീ നിന്റെ ചോറ്റിന്റെ പണിയെട്ത്തോള്വോ. എന്റ്ട്ത്ത് കളിക്കണ്ട കളി.”

അത്രയുമായപ്പോള്‍, ഓടക്കോടുകളുടെ മറവില്‍ പതുങ്ങിനിന്നിരുന്ന അഞ്ചുപത്തുപേര്‍ പാഞ്ഞുവന്നു. രാമന് കാര്യം മനസ്സിലായി. അവരുടെ നേരെ തിരിഞ്ഞ് പറഞ്ഞു:

“പുത്തിരി ഉണ്ണണംന്ന് മനസ്സില്ണ്ടെങ്കില് ഒര്ത്തനും എന്റേട്ത്ത് വരണ്ട.”

അവന്‍ രാമനെ നാലുപാടുനിന്ന് വളഞ്ഞു.

“നിങ്ങക്കിത് വേണ്ടാത്തതാ.” രാമന്‍ ഒരിക്കല്‍കൂടി അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ചെവിക്കൊണ്ടിട്ടു വേണ്ടേ? അവര്‍ രാമനോടടുത്തു. അയാള്‍ എളിയില്‍ തിരുകിയിരുന്ന അരക്കാല്‍ ഉറുപ്പികയുടെ നാണയമെടുത്ത് വായിലിട്ടു. അരയില്‍ നിന്ന് കത്തി വലിച്ചൂരിയെടുത്തു. ഒരുത്തന്റെ നെഞ്ചിലത് കുത്തിയിറക്കി. അവന്‍ ചോരചീറ്റിക്കൊണ്ട് ഒരു നിലവിളിയോടെ മറിഞ്ഞുവീണു. രാമന്‍ പിന്നെ വട്ടം ചുറ്റ് കൈവീശി അടിച്ചുതുടങ്ങി. രണ്ടുകയ്യും ചേര്‍ത്ത് ഒരുത്തന്റെ ചങ്കില്‍ ആഞ്ഞടിച്ചു. അവന്‍ നൊന്തലറി നിലംപതിച്ചു. മറ്റുള്ളവര്‍ വടികൊണ്ടും കൈകള്‍കൊണ്ടും രാമനെ തല്ലി. അവരിലൊരാളുടെ വടി പിടിച്ചുപറ്റി രാമന്‍ ഊറ്റമായി വീശിയപ്പോള്‍ അവര്‍ക്ക് അടുക്കാൻ നിവൃത്തിയില്ലാതായി. പലര്‍ക്കും നല്ലപോലെ കിട്ടി. ഒരുത്തന്റെ തല മുറിഞ്ഞ് ചോരയൊഴുകി. കുത്തേറ്റവന്‍ ചോരയില്‍ക്കിടന്ന് മരണവേദനയൊടെ പുളഞ്ഞു. മറ്റൊരുത്തന്‍ നടുവിന് തല്ലുകിട്ടിയ ചേരയെപ്പോലെ പാറപ്പൂറത്ത് വീണ് പിടഞ്ഞു. രണ്ടുപേരെ രാമനു പിടികിട്ടി. മറ്റുള്ളവര്‍ ഭയന്ന് മാറിക്കളഞ്ഞു.

രണ്ടുപേരും നാട്ടുനടപ്പനുസരിച്ച് കുടുമ നീട്ടിവളര്‍ത്തിയിരുന്നു. ആ കുടുമകളിലാണ് രാമന്‍ പിടിച്ചത്. ‘രണ്ടിനേം ഞാന്‍ മൂന്നായം കുണ്ടില് മുക്കും.’ രാമന്‍ അലറി. രണ്ടെണ്ണവും കുതറിമാറാന്‍ ആവതും ശ്രമിച്ചു. രണ്ടെണ്ണത്തിനെയും പിടിച്ചുകൊണ്ട് രാമന്‍ മൂന്നായം കുണ്ടിലേക്കു നടക്കുകയായിരുന്നു. പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമാണ് ‘മൂന്നായം കുണ്ട്.’ അവിടേക്ക് നീങ്ങുമ്പോള്‍ രാമന്റെ കാലുകള്‍ ചെളിയിലുള്ള ഒരു കുഴിയില്‍ താണുപോയി. തക്കംനോക്കി രണ്ടുപേരും കുതറി. ഭയന്ന് മാറിക്കളഞ്ഞിരുന്നവര്‍ ഇതുതന്നെ നേരമെന്നു കരുതി ആഞ്ഞടുത്തു. അവരിലൊരാള്‍ വഴിയില്‍ നിന്ന് ഒരു കയര്‍ നീട്ടിയെറിഞ്ഞു. അതിന്റെ കുരുക്ക് രാമന്റെ കഴുത്തില്‍ചെന്നു വീണു. പിന്നില്‍നിന്ന് പിടിച്ചു വലിച്ചപ്പോള്‍ രാമന് നിലയുറച്ചില്ല. കയര്‍ ഊരിക്കളയാന്‍ കഴിഞ്ഞെങ്കിലും എഴുന്നേല്‍ക്കാന്‍ സമയം കിട്ടിയില്ല. ഓടിയടുത്തവരുടെ കൈകളില്‍ കാരമുള്ളിന്റെ വടികളുണ്ടായിരുന്നു. മുള്ളുകള്‍ എഴുന്നു നിന്നു. അവര്‍ക്കു പിടിക്കേണ്ടടത്തുമാത്രം മുള്ളുചെത്തിക്കളഞ്ഞിരുന്നു. മുള്‍വടികൊണ്ട് അവര്‍ രാമനെ ഇടംവലംനോക്കാതെ തല്ലി. രാമന്റെ ദേഹത്ത് മുള്ളുകള്‍ തറച്ചുകയറി. അയാള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അവര്‍ നാലുപാടുനിന്നും തുടരെ തല്ലുകയാണ്. അതിന്നിടയില്‍ തന്നോടടുത്ത ഒരുത്തനെ കടന്നുപിടിച്ച് രാമന്‍ അവന്റെ ചൂണ്ടുവിരല്‍ കടിച്ചു തുപ്പി. അവന്‍ ഒരലര്‍ച്ചയോടെ ഇരുന്നു. ഒട്രുവില്‍ തല്ലുകൊണ്ട് രാമന്‍ തളര്‍ന്നപ്പോള്‍ അവരു് കയറെടുത്ത് വരിഞ്ഞുകെട്ടി. കാരമുള്ളുകള്‍ പിന്നെയും ദേഹത്ത് തുളച്ചുകയറിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ കരയുകയോ നിലവിളിക്കുകയോ ചെയ്തില്ല.

അവറോന്നന്‍ ആ നേരത്ത് സംഭവസ്ഥലത്തെത്തി. ദേഹംനിറയെ മുള്ളുതറച്ച്, ചോരയൊഴുക്കിത്തളര്‍ന്നുകിടക്കുന്ന രാമനെ പുറം കാല്‍കൊണ്ട് തട്ടി.

‘നിന്റെ മദം അടങ്ങ്യോടാ?’
ദഹിപ്പിക്കുന്ന ഒരു നോട്ടം, മറുപടി.
അവറോന്നന്‍ ചുറ്റിലും നോക്കി.

പാണപ്പുഴക്കാരില്‍ ഒരുത്തനായ അമ്പു ഇതിനകം പിടഞ്ഞ് നിശ്ചലനായിക്കഴിഞ്ഞിരുന്നു. അവറോന്നന്‍ കുനിഞ്ഞ് അവന്റെ കൈപിടിച്ച് നാഡിമിടിപ്പ് ശ്രദ്ധിച്ചു.

‘ചത്തു.’ അങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ നിവര്‍ന്നു.

‘ഇവനേം കൊന്നേക്കാം.’ കൊളമ്പക്കാരന്‍ ചന്തന്‍ പറഞ്ഞു.

അവറോന്നന്‍ ആലോചിച്ചു.

‘വേണ്ട ഇവനെ നമ്മള് കൊല്ലണ്ട. സര്‍ക്കാര്‍ തൂക്കിക്കൊന്നോളും. അതാ നല്ലത്.’

പോലീസിലേയ്ക്ക് അപ്പോള്‍ തന്നെ ആളെ വിട്ടു.

സന്ധ്യയായപ്പോഴാണ് പോലീസു വന്നത്.

യാത്ര തുടങ്ങുന്നതിനുമുമ്പ് രാമന്‍, അവിടേക്കു വന്ന നായനാരുടെ മുഖത്ത് നോക്കി തുപ്പിയപ്പോള്‍ വായില്‍ നിന്ന് അരക്കാല്‍ ഉറുപ്പികയുടെ നാണയം തെറിച്ചുവീണു.

രാമന്റെ സഹനശക്തിയുടെ തെളിവായി ആ നാണയം തിളങ്ങി.

രാത്രി പോലീസുകാര്‍ രാമനെയും കൊണ്ട് നടന്നു. രാമന്റെ കൈകള്‍ പിറകില്‍ ബലമായി കെട്ടിയിരുന്നു.മുന്നിലും പിന്നിലും മഠത്തിലെ നാലഞ്ച് പണിക്കാര്‍ ചൂട്ടുവീശിക്കൊണ്ട് നടന്നു. ഇരുട്ടിലൂടെ ആ യാത്ര നീങ്ങി.

* * *

ജയിലില്‍വെച്ച് കോടിലോന്‍ കാണുമ്പോള്‍ രാമന്റെ ദേഹമാസകലം നീരുവെച്ചിരുന്നു. പരിക്കുകളുണ്ടായിരുന്നു. മുള്ളുകള്‍ തറച്ചുകയറിയ മുറിവുകള്‍ പഴുത്തിരുന്നു. രാമന്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട് കൂട്ടുകാരനൊട് പറഞ്ഞു:

“എന്നെ അവര് ഇങ്ങ്ന്യൊക്കെ ചെയ്തൂടോ. ജെയില് വിട്ടാ നീ കര്തിവേണം നടക്കാന്‍.”

കോടിലോന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു.

ജയില്‍ ഡോക്ടര്‍ വന്ന് രാമന്റെ ദേഹത്തുനിന്ന് മുപ്പതോളം മുള്ളുകള്‍ നീക്കം ചെയ്തു. രാമന്‍ ചോദിച്ചു.

‘എത്രയായി.’

ഡോക്ടര്‍ സ്തബ്ധനായി രാമനെ നോക്കിനിന്നു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നിലവിളിച്ച് ബഹളം കൂട്ടുമായിരുന്നു. ഇയാളിത് എങ്ങനെയാണ് സഹിക്കുന്നത്. മനുഷ്യന്‍ എന്തൊരത്ഭുതമാണ്! അവനെ അതിശയിക്കാന്‍ ഭൂമിയിലെന്തുണ്ട്! അയാള്‍ ഒരു നിമിഷത്തേയ്ക്ക് പതറി

പ്പോയി. പിന്നീട്, മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി. അന്വേഷണത്തില്‍ വീണ്ടും മുഴുകി.മുള്ള്, മുള്ള്…

രാമന്റെ പേരില്‍ കൊലക്കേസ് ചാര്‍ജ് ചെയ്തിരുന്നു. ജഡ്ജിയുടെ പേനത്തുമ്പ് കാത്തുകഴിയുന്നു. ദീര്‍ഘകാലത്തേക്ക് ഒരതിഥിയെ പാര്‍പ്പിക്കാന്‍ ജയില്‍മുറി ഒരുങ്ങി നില്‍ക്കുന്നു.

മുഴുവന്‍ മുള്ളുകളും ജയിലിനകത്തുവെച്ച് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. നായനാര്‍ പ്രേരിപ്പിച്ച് രാമനെ പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഓപ്പറേഷന്‍ വേണമെന്ന് അവിടത്തെ ഡോക്ടര്‍ പറഞ്ഞു. നായനാരുടെ പക ശമിച്ചില്ല. അയാള്‍ ഡോക്ടര്‍ക്ക് പണം കൊടുത്ത്, രാമന്റെ വലത്തെ കാലിലെ ഞരമ്പുകള്‍ മുറിച്ചുമാറ്റിച്ചു. രാമന്‍ അങ്ങനെ എന്നന്നേയ്ക്കുമായി മുടന്തനായിരുന്നു.

തന്നെ ചതിച്ചുവെന്ന് മനസ്സിലായപ്പോള്‍ രാമന്‍ സംഹാരരുദ്രനായി മാറി. ജയിലധികൃതര്‍ അയാളെ ഒറ്റയ്ക്കൊരു സെല്ലില്‍ അടച്ചിട്ടു. അതിനകത്തു നിന്ന് രാമന്‍ അലറി വിളിക്കുന്നത് കോടിലോന്‍ നിറകണ്ണുകളോടെ കേട്ടുനിന്നു. രാമനെ കാണാന്‍ ആരേയും അനുവദിച്ചില്ല. മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ രാമന്റെ ശബ്ദം ക്ഷീണിച്ചു. കണ്ണുനീര് അണപൊട്ടിയൊഴുകി. പരുപരുത്ത തറയില്‍ വീണുകിടന്ന് അയാള്‍ പൊട്ടിക്കരഞ്ഞു. പുറത്തു കാവല്‍ നില്‍ക്കുന്ന വാര്‍ഡന്‍ അത് കാണാനാവാതെ മുഖം തിരിച്ചുകളഞ്ഞു. അയാള്‍ക്കും കണ്ണുനിറഞ്ഞിരുന്നു.

“അമ്മാമന്‍ വരുന്നുണ്ട്.”കണ്ണന്‍ അമ്മയെ വിളിച്ച് പറഞ്ഞു.

പാട്ടിയമ്മ ഇറയത്തേയ്ക്ക് വന്നത് കരഞ്ഞുംകൊണ്ടാണ്.