close
Sayahna Sayahna
Search

എന്റെ സ്ത്രീകഥാപാത്രങ്ങൾ


എന്റെ സ്ത്രീകഥാപാത്രങ്ങൾ
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ മാതൃകയാക്കി ഞാൻ രചിച്ച ആദ്യത്തെ കഥയായിരിക്കണം ‘നിനക്കുവേണ്ടി’. തൊള്ളായിരത്തി എഴുപതിൽ മാതൃഭൂമിയിൽ വന്നതാണ് ഈ കഥ. അച്ഛനെക്കുറിച്ചെഴുതിയ ‘പ്രാ കൃതനായ തോട്ടക്കാരൻ’ എന്ന കഥ പിന്നീട് എഴുപത്തിരണ്ടിലാണ് എഴുതിയത്. ‘നിനക്കുവേണ്ടി’ എന്ന കഥ ഞാൻ കൽക്കത്തയിൽനിന്ന് ദില്ലിയിലേയ്ക്ക് മാറ്റമായി പോയതിന്റെ പശ്ചാത്തലത്തിലെഴുതിയതാണ്. തീക്ഷ്ണമായ ഒരു പ്രേമബന്ധത്തിന്റ കഥ. ദില്ലിയിൽനിന്ന് കാമുകിയെ കാണാനായി കൽക്കത്തയിലേയ്ക്കു തിരിച്ചുചെല്ലുന്ന സുഹാസനോട് രോഹിണി പറയുന്നു:

‘… ഇടയ്ക്ക് തിരക്കിനിടയിൽ നിന്നെ ഓർമ്മ വരുമ്പോഴെല്ലാം സ്വയം ചോദിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയാത്ത ഒരു പയ്യനെപ്പറ്റി നീ എന്തിനോർക്കുന്നു?’

‘നീ സംസാരിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടമാണ്.’

‘ഞാൻ കാര്യമല്ലേ പറയുന്നത്? നീ ഒരിക്കലെങ്കിലും എന്നെ സ്‌നേ ഹിക്കന്നുവെന്ന് പറഞ്ഞിട്ടുണ്ടോ? ഒപ്പം കിടക്കുമ്പോഴെങ്കിലും?’

ഓരോ നഗരത്തിൽനിന്ന് മാറ്റമായി പോകുമ്പോഴും എനിക്ക് നഷ്ടങ്ങളുണ്ടാവാറുണ്ട്. അതിൽ ഏറ്റവും തീവ്രമായത് ഈ പ്രേമബന്ധമായിരുന്നു. ഈ കഥ ‘കൂറകൾ’ എന്ന എന്റെ ആദ്യകഥാസമാഹാരത്തിൽ ചേർത്തിട്ടുണ്ട്.

ഒരു കഥ ജനിക്കുന്നത് പലപ്പോഴും ഒരു വാക്കിൽ നിന്നോ ഒരു വാചകത്തിൽ നിന്നോ ആയിരിക്കും. അങ്ങിനെ ജനിച്ച കഥകളിൽ ആ വാചകം കഥയുടെ ബീജാവാപം നടത്തുന്നു എന്നതിനപ്പുറം കാതലായിട്ടുള്ള ഒരനുഭൂതി നിലനിർത്തുകയും ചെയ്യുന്നു. അത് ഒരു കഥയുടെയോ നോവലിന്റെയോ രൂപത്തിൽ എഴുതിക്കഴിയുമ്പോൾ ചിലപ്പോൾ ആ വാചകം അതുപയോഗിച്ച സന്ദർഭത്തിൽനിന്ന് മാറിപ്പോയതായും കാണാം. അങ്ങിനെ മാറാത്ത ഒരു വാചകമായിരുന്നു ‘എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി’ (1999) എന്ന നോവലിലെ പ്രധാനകഥാപാത്രമായ നാൻസി പറയുന്നത്.

‘സാറെ ഞാനൊരു എഞ്ചിൻ ഡ്രൈവറെപ്പറ്റി പറയാറില്ലേ?’ നാൻസി പറഞ്ഞു. ‘കാണാൻ ഭംഗിയുള്ള ഒരു പയ്യൻ?’

‘നീ കാണാൻ ഭംഗിയില്ലാത്ത ആരെപ്പറ്റിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലൊ.’

‘അയാള് വീണ്ടും വന്നിട്ടുണ്ട്. ഇന്ന് ഞാൻ വന്ന വണ്ടീല് അയാളായിരുന്നു ഡ്രൈവറ്. ഞാൻ നടന്നുവരുമ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നെ നോക്കി നല്ല ചിരി.’

‘അയാൾ എല്ലാ പെൺകുട്ടികളെ നോ ക്കിയും ചിരിക്കുന്നുണ്ടാവും.’ ഭാസ്‌കരൻ നായർ പറഞ്ഞു.

‘എല്ലാ പെൺകുട്ടികളെ നോക്കിയും ചിരിക്ക്യേ? കൊല്ലും ഞാൻ അയാളെ. വായിൽ നോക്കി!’

ഞങ്ങളുടെ ബിസിനസ്സായ കാസ്സറ്റ് റിക്കാർ ഡിങ് നിർത്തിയപ്പോൾ ഞാൻ ഒരു പ്രസാധകന്റെ ആടയണിഞ്ഞു. അച്ഛന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരമാണ് ആദ്യം ഇറക്കിയത്. അതു ടൈപ്‌സെറ്റ് ചെയ്തിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു, സീന. അവളാണ് കഥാപാത്രം. അവൾ കുറച്ചുകാലം തീവണ്ടിയിലായിരുന്നു വന്നത്. നല്ല തമാശക്കാരിയായിരുന്നു, അതുപോലെത്തന്നെ പെട്ടെന്ന് മൂഡോഫാവുകയും ചെയ്യും. അവൾ തമാശ പറഞ്ഞതാണ്. പക്ഷേ അത് എന്റെ മനസ്സിൽ കിടന്നു കളിച്ചു. ചില ദൃശ്യങ്ങൾ കാണുമ്പോഴോ, സംസാരം ശ്രവിക്കുമ്പോഴോ അത് എന്റെ ഭാവനയെ ഉത്തേജിപ്പിക്കാറുണ്ട്. ഞാനറിയാതെത്തന്നെ, ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ അതിനെ ചുറ്റി കഥകൾ നെയ്യുന്ന ഒരു സ്വഭാവമുണ്ട് എനിക്ക്. ഒരുപക്ഷേ എല്ലാവർക്കുമുണ്ടാവും ആ സ്വഭാവം. ആയിടയ്ക്കാണ് മനോരമ വാർഷികപ്പതിപ്പിന്റെ പത്രാധിപരായ ശ്രീ മണർകാട് മാത്യു ഓണപ്പതിപ്പിലേയ്ക്ക് ഒരു നോവൽ ആവശ്യപ്പെട്ടത്. എഴുതാനായി കമ്പ്യൂട്ടറിനു മുമ്പിലിരുന്നപ്പോൾ എഴുതിത്തുടങ്ങിയത് ആ കുട്ടിയെപ്പറ്റി ഒരു സാങ്കല്പിക കഥയായിരുന്നു. സംഭാഷണത്തിന്റെ ശൈലി ഞാൻ അവളുടേത് കടമെടുത്തതാണ്. അത്രമാത്രം. മറ്റെല്ലാം എന്റേതുതന്നെ. എഞ്ചിൻ ഡ്രൈവറും സാങ്കല്പികമാണ്. എഴുതിത്തീർന്നപ്പോഴാണ് മനസ്സിലായത് സീനയുടെ സ്വഭാവവിശേഷങ്ങളും മാനസികവൈരുദ്ധ്യങ്ങളും വളരെ ഭംഗിയായി നോവലിൽ വന്നിട്ടുണ്ട്. ഈ നോവലാകട്ടെ വായന ഗൗരവമായെടുത്തവർക്കു മാത്രമല്ല സാധാരണ വായനക്കാർക്കുകൂടി ഒരുപോലെ ഇഷ്ടപ്പെട്ടു. പലരും കത്തുമുഖേനയോ ഫോണിലൂടെയോ നേരിട്ടു കണ്ടപ്പോഴോ ആ കാര്യം പറയുകയുണ്ടായി. തന്നെക്കുറിച്ച്, അല്ലെങ്കിൽ താൻ മോഡലായി ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ അവൾക്ക് വളരെ സന്തോഷമായി. റോയൽട്ടി കൊടുക്കണമെന്നെല്ലാം തമാശയായി പറഞ്ഞു. പക്ഷേ താൻ കഥാപാത്രമായ ഒരു നോവൽ ഒരു പ്രസിദ്ധ വാരികയുടെ ഓണപ്പതിപ്പിൽ വന്ന കാര്യം അവൾ അവളുടെ സ്‌നേഹിതമാരോടൊന്നും പറഞ്ഞു വീമ്പിളക്കിയില്ല. അവളുടെ സ്വഭാവത്തിന്റെ വൈരുദ്ധ്യങ്ങളിലൊന്നാണത്. ധാരാളം സംസാരിക്കുക, പക്ഷേ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുകമാത്രം ചെയ്യുക.

‘മണിയറയിൽനിന്ന് ഓടിപ്പോയവർ’(1977) എന്ന കഥയിൽ ലളിത പ്രത്യക്ഷപ്പെടുന്നു. കല്യാണരാത്രിയിലെ ഒരു സംഭാഷണത്തിൽനിന്നാണ് ആ കഥയുടെ ബീജാവാപം നടന്നത്.

അവർ ആദ്യരാത്രിയിൽ മണിയറയിൽനിന്ന് ഓടിപ്പോയവരായിരുന്നു. പതുപതുത്ത കിടക്ക, മുല്ലപ്പൂവിന്റെ ചൂഴ്ന്നുനില്ക്കുന്ന വാസന, തട്ടിൽ തൂങ്ങുന്ന അലങ്കാരപ്പണിയുള്ള വിളക്കിൽനിന്നു വന്ന നീല വെളിച്ചം, അരികിൽ കിടക്കുന്ന സ്വപ്നം. എന്നിട്ടും അയാൾ പറഞ്ഞു, നമുക്ക് ഇവിടെ നിന്ന് ഓടിപ്പോവാം.

ഈ വാചകം ഞാൻ ശരിക്കും ആദ്യരാത്രിയിൽ പറഞ്ഞതുതന്നെയാണ്. അവൾക്കും അതിഷ്ടപ്പെട്ടു. അവളും പറയുകയുണ്ടായി, നമുക്ക് പോകാമല്ലേ എന്ന്. കഥയെഴുതിയത് ഏതാനും വർഷങ്ങൾ കഴിഞ്ഞിട്ടാണ്. ഭാര്യയെ ആദ്യപ്രസവത്തിന്നായി നാട്ടിൽ കൊണ്ടുപോയാക്കുന്ന ഭർത്താവിന്റെ ഏകാന്തതയും സ്‌നേഹവും ഈ കഥയിലുണ്ട്.

ലളിതയുടെ പരസ്പരവിരുദ്ധ വികാരങ്ങൾ ശരിക്കും വന്നിട്ടുള്ളത് ഒരുപക്ഷേ ‘ചുമരിൽ ചിത്രമായി മാറിയ അച്ഛൻ’ എന്ന കഥയിലാണെന്നു തോന്നുന്നു. 1977 ലാണ് ഈ കഥയെഴുതിയത്. ഭർത്താവിന്റെ ഒപ്പം താമസിക്കാൻ ഇഷ്ടമാണെങ്കിലും അവൾക്ക് ബോംബെയ്ക്ക് പോകാൻ മടിയാകുന്നു. അതിനുള്ള കാരണങ്ങൾ പറയുന്നത് ഇതൊക്കെയാണ്.

‘… നിനക്ക് എന്റെ ഒപ്പം വരാൻ താൽപര്യമില്ല, അല്ലേ?’

‘അതല്ല രവീ, എനിക്കു ഭയമാവുന്നു. രാവിലെ നീ ഓഫീസിൽ പോകുമ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നു നോക്കാറില്ലേ? നീ നടന്ന് ആൾക്കൂട്ടത്തിൽ മറയുമ്പോൾ പിന്നെ നിന്നെ കാണില്ലെന്നും നീ എനിക്കു നഷ്ടപ്പെടുകയാണെന്നും എനിക്കു തോന്നാറുണ്ട്. കുളത്തിലിട്ട ഒരു കല്ല് താഴ്ന്നു പോകുന്ന പോലെ. പിന്നെ വൈകു ന്നേരം നീ തിരിച്ചു വന്നാലേ എനിക്കു സമാധാനമാവാറുള്ളു.’

‘… അതൊന്നുമല്ല. നിനക്കെന്നെ ഇഷ്ടമില്ല. അതുതന്നെ.’

‘നോക്കു രവി. എനിക്കു നിന്നെ എന്തിഷ്ടമാണെന്നറിയാമോ! അതല്ലെ, ഈരണ്ടു ദിവസംകൂടുമ്പോൾ ചുരുങ്ങിയതു പത്തു പേജെ ങ്കിലുമുള്ള പ്രേമലേഖനങ്ങൾ അയയ്ക്കുന്നത്? എനിക്കു നിന്റെ ഒപ്പം വരണമെന്നുണ്ട്. പക്ഷേ, എനിക്കു പേടിയാവുന്നു. ആ ഫ്‌ളാറ്റിൽ പേടിപ്പെടുത്തുന്ന എന്തോ ഉണ്ട്.’

കഥയിലുടനീളം ഉള്ളത് ഈ വൈരുദ്ധ്യങ്ങളാണ്.

‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’(1991) എന്ന കഥ ലളിതയുടെ കുട്ടിക്കാലത്തെ ഓർമ്മകളാണ്. വളരെ രസകരമായ ഒരു ബാല്യം ഒരകന്ന ബന്ധു (വകയിൽ ഒരമ്മായി) നശിപ്പിച്ചതാണ് കഥ. ആ ഓർമ്മകൾ അവളുടെ ജീവിതത്തെ എങ്ങിനെയെല്ലാം ബാധിച്ചിട്ടുണ്ട് എന്ന് കഥയിൽ വ്യക്തമാകുന്നുണ്ട്. കഥ കാല്പനികമാണ്, പക്ഷേ യാഥാർത്ഥ്യത്തിന്റെ തുടിപ്പ് കഥയിലുടനീളം കാണാൻ കഴിയും.

‘ശ്രീപാർവ്വതിയുടെ പാദം’(1988) എന്ന കഥയിലെ മാധവിയെയും ഞാൻ മാതൃകയാക്കിയിട്ടുള്ളത് ലളിതയെത്തന്നെയാണ്.

… പക്ഷേ കോട്ടപ്പടിക്കു പോകുക എന്നത് അങ്ങിനെ മൂളിക്കളയേണ്ട കാര്യമല്ല അവളുടെ ആത്മാവിന്റെ വിളിയാണത്. അവളുടെ തീർത്ഥാടനം. സാധാരണ അവൾ കുറച്ച് അശ്രദ്ധയായി കണ്ടാലോ, കയ്യിൽ നിന്ന് പാത്രങ്ങൾ വീണുടയുന്ന ശബ്ദം കേട്ടാലോ അയാൾ തന്നെ പറയാറുണ്ട്.

‘മാധവി, നിന്റെ തീർത്ഥാടനത്തിനുള്ള സമയമായിരിക്കുന്നു.’

ഈ തീർത്ഥാടനം അവളുടെതന്നെ അന്തരാത്മാവിലേയ്ക്കുള്ള യാത്രയാണ്. സ്‌നേഹം തേടിയുള്ള അവളുടെ യാത്ര അവസാനിക്കുന്നത് കോട്ടപ്പടിയിൽ താമസിക്കുന്ന ചേച്ചിയുടെ അടുത്താണ്. മാധവിയുടെ വല്യമ്മയുടെ മകളായ ശാരദയുടെ വീട്ടിൽ. അത് അവൾ കുട്ടിക്കാലം കഴിച്ചുകൂട്ടിയ തറവാടാണ്. അവിടെ മരിച്ചുപോയവരുടെ ഓർമ്മകളുണ്ട്.

… അവൾ കുറെ നേരം മരിച്ചുപോയവരെപ്പറ്റിയെല്ലാം ഓർത്തു. സ്‌നേഹമെന്തെന്ന് അവളെ പഠിപ്പിച്ചത് അവരായിരുന്നു. ഇന്നും ആ വീടിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ അവരുടെ കാരുണ്യമുള്ള നോട്ടങ്ങൾ തന്നിൽ പതിയുന്നതായി അവൾക്കു തോന്നാറുണ്ട്, പ്രത്യേകിച്ചും മുത്തശ്ശിയുടെ.

ലളിതയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകവശം ഭംഗിയായി അവതരിപ്പിക്കാൻ എനിക്കു കഴിഞ്ഞു. അവളുടെ നേരെ മറുവശമാണ് ശാരദേച്ചി. മാധവിയെ ഇഷ്ടമാണെങ്കിലും അരക്ഷിതാബോധത്തിൽനിന്നുളവായ ഒരു തരം അവിശ്വാസമാണ് അവൾക്കുള്ളത്. കണക്കുകൂട്ടലുകൾകൊണ്ട് അവയിൽനിന്ന് രക്ഷപ്പെടാൻ പറ്റുമെന്ന് ആ പാവം സ്ത്രീ കരുതുന്നു.

‘നമ്മൾ ഇമ്മാതിരി മഴയുള്ള ദിവസങ്ങളില് ഈ ജനലിന്റെ അടുത്തിരുന്ന് കൊത്തങ്കല്ലാടീത് ശാരദേച്ചിക്ക് ഓർമ്മണ്ടൊ?’

‘എനിക്കറിയാം നീ എന്തിനാ വന്നതെന്ന്.’ ശാരദേച്ചി പറഞ്ഞു.

‘ചേച്ചിക്ക് ഓർമ്മയുണ്ടോ? എന്നിട്ട് വിളക്കു കൊളുത്തേണ്ട സമയത്ത് വല്ല്യമ്മ നമ്മളെ അന്വേഷിച്ചു വന്നപ്പോൾ നമ്മള് കല്ലുകളൊക്കെ ഒളിപ്പിച്ചു വെച്ചത്?’

ശാരദേച്ചി പതിവു പോലെ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇനി ശ്രദ്ധിച്ചാൽത്തന്നെ അവർക്ക് അതൊന്നും ഓർമ്മയുണ്ടാവില്ല. അവർ തന്നെപ്പോലെയല്ല, അവർക്ക് വർത്തമാനകാലത്തിന്റെ വേവലാ തിയും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും മാത്രമേയുള്ളു. തനിയ്ക്കാകട്ടെ അതു കാണുന്നതു രസമാണു താനും.

ശാരദേച്ചിയെ ശാരദേച്ചിയായി കാണാൻ തന്നെയാണ് തനിക്കിഷ്ടം.

‘പഴയൊരു ഭീഷണിക്കാരി’(1990) എന്നത് ഞങ്ങളുടെ ഒരു കുടുംബസുഹൃത്തിന്റ അനുഭവമാണ്. ഗീതാ നന്ദകുമാർ എന്നാണവരുടെ പേര്. കുട്ടിക്കാലത്ത് ഒരു വീട്ടിൽ പോയപ്പോൾ അവിടെ ഷോകേസിൽ കണ്ട പാവക്കുട്ടിയെ നോക്കാനെടുത്തപ്പോൾ അത് വീണു പൊട്ടിയെന്നും അവൾക്ക് വളരെ പേടി തോന്നിയെന്നും പറഞ്ഞു. തല്ക്കാലം ആ വീട്ടുകാർ അതു ശ്രദ്ധിച്ചില്ലെങ്കിലും അവൾ ഭയം കാരണം പിന്നീട് ആ വീട്ടിൽ പോയില്ലത്രെ. സംസാരത്തിന്നിടയിൽ അവളുടെ വല്ല്യമ്മയുടെ മകളുടെ കാര്യം പറയാറുണ്ട്. രണ്ടും കൂട്ടിച്ചേർത്ത് ഞാനൊരു കഥയെഴുതി. കഥയിൽ വല്ല്യമ്മയുടെ മകളെ ഒരു ഭീഷണിക്കാരിയാക്കി. കഥയെഴുതിയത് അവർ ഇവിടെനിന്ന് മാറ്റമായി പോയതിനുശേഷമാണ്. പിന്നീടൊരിക്കൽ അവർ ഞങ്ങളെ സന്ദർശിക്കാൻ വന്നപ്പോൾ മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന ഈ കഥ വായിക്കാൻ കൊടുത്തു. അവൾക്ക് വളരെ സന്തോഷമായി, അതിന്റെ ഫോട്ടോകോപ്പി എടുത്തു കൊണ്ടു പോകയും ചെയ്തു, എല്ലാവരേയും കാണിക്കാൻ. അവളുടെ കഥയെടുത്തതിനു റോയൽട്ടിയുടെ ഒരു ഷെയർ വേണമെന്നു പറഞ്ഞു. ചെന്നൈയിലേയ്ക്കു മാറ്റമായി പോകുമ്പോൾ അവർ ഓമനിച്ചു വളർത്തിയിരുന്ന റോസാച്ചെടികളും ക്രോട്ടണുകളും ഞങ്ങളെ ഏല്പിച്ചിരുന്നു. നിറയെ വലിയ, ചുവപ്പും മഞ്ഞയും പൂക്കളുണ്ടായിരുന്ന ആ റോസ് ചെടികൾ കുറേക്കാലം ഞങ്ങളുടെ ബാൽക്കണി അലങ്കരിച്ചശേഷം നശിച്ചുപോയി. ഇപ്പോൾ അവർ വരികയാണെങ്കിൽ എന്തു പറയും എന്ന ഭയത്തിലാണ് ഞങ്ങൾ. അതുപോലെ അന്നു ചോദിച്ച റോയൽട്ടി ഞാനിതുവരെ കൊടുത്തിട്ടുമില്ല!

എന്റെ ഹൃദയത്തിന് എറ്റ മുറിവിന്റെ കഥകളാണ് ‘ആശ്വാസം തേടി’(1975), ‘നഷ്ടക്കാരി’(1977), ‘മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ’ (1977), ‘സ്ത്രീഗന്ധമുള്ള മുറി’(1979), ‘അവൾ പറഞ്ഞു ഇരുളുംവരെ കാക്കൂ’(1994)എന്നിവ. (ഈ അവസാനം പറഞ്ഞ കഥ ‘എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി’ എന്ന നോവലിനോടൊപ്പം ചേർത്തിട്ടുണ്ട്). പക്ഷേ ഏറ്റവും അവസാനമെഴുതിയ കഥയാണ് ശരിക്കും ആദ്യം എഴുതേണ്ടിയിരുന്നത്. ഒരു നീണ്ട പ്രേമബന്ധത്തിന്റെ തുടക്കത്തെപ്പറ്റിയാണ് ആ കഥ. അതെഴുതിയത് തൊണ്ണൂറ്റിനാലിലാണെങ്കിൽ മറ്റു കഥകളെല്ലാംതന്നെ എഴുപതുകളിലാണ് എഴുതപ്പെട്ടത്. ആ കഥ കൂടി എഴുതിയില്ലെങ്കിൽ ആ പ്രേമബന്ധത്തിന്റെ ചരിത്രം മുഴുവനാവില്ല എന്ന തോന്നൽ. എഴുപതുകൾ എന്റെ ജീവിതത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു. ഏറെ സന്തോഷവും ഏറെ സന്താപവും ഒരുമിച്ചനുഭവിക്കേണ്ടി വന്ന കാലം. ധാരാളം സ്‌നേഹം ലഭിച്ചിട്ടും ഒരിത്തിരി ആശ്വാസത്തിനുവേണ്ടി അലഞ്ഞുനടന്ന നാളുകൾ. ആ കാലത്താണ് ഞാൻ രേവതിയെ (പേര് ശരിക്കുള്ളതല്ല) കണ്ടുമുട്ടുന്നത്. അവളും അങ്ങിനെ ഒരു സ്ഥിതിയിലായിരുന്നു. വളരെ വൈകാരികമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആ ബന്ധത്തിന്റെ മുഴുവൻ പ്രക്ഷുബ്ധതയും ഈ കഥകളിലുണ്ട്. അതിന്റെ പരിസമാപ്തി വളരെ ഹൃദയഭേദകമായിരുന്നു. ‘സ്ത്രീഗന്ധമുള്ള മുറി’ എന്ന കഥ അതിനെപ്പറ്റിയായിരുന്നു. തന്നെക്കുറിച്ച് ഞാൻ കഥകളെഴുതുന്നുണ്ടെന്ന് രേവതിയ്ക്കറിയാമായിരുന്നു. ഭാഷ അറിയാത്തതുകൊണ്ട് പക്ഷേ വായിക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്കു തോന്നുന്നു അവയെല്ലാം അപ്പോൾതന്നെ ഇംഗ്ലീഷിലാക്കി രേവതിയ്ക്ക് വായിക്കാൻ കൊടുക്കേണ്ടതായിരുന്നു എന്ന്. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്ന് അത് പുതിയൊരു മാനം കൊടുക്കുമായിരുന്നു. എല്ലാ കാര്യങ്ങളും അങ്ങിനെയാണ്. രണ്ടാമതൊരവസരം കിട്ടിയാൽ കൂടുതൽ നന്നായി ചെയ്യാമെന്നു കരുതും, പക്ഷേ അങ്ങിനെ ഒരവസരം പിന്നീട് നിങ്ങളെ തേടിവരികയുണ്ടാവില്ല. ലളിതയ്ക്ക് ഈ കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഒരസാധാരണ വ്യക്തിത്വമുള്ള അവൾ എപ്പോഴും എന്നെ ആശ്വസിപ്പിക്കാറുണ്ട്. പ്രക്ഷുബ്ധമായ ഈ ബന്ധം അവസാനിച്ചപ്പോഴും ഒരു തകർച്ചയിൽനിന്ന് എന്നെ രക്ഷിച്ചത് അവളുടെ സാന്ത്വനമായിരുന്നു. ഇപ്പോ ൾ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം രേവതിയെ കണ്ടുമുട്ടുകയാണെങ്കിൽ? എങ്കിൽ വെറുമൊരു സ്‌നേഹിതയെപ്പോലെ അവളോട് പെരുമാറാൻ കഴിയും. പഴയ തീ എന്നേ അണഞ്ഞുപോയിരിക്കുന്നു. കാലം!

ലളിതയുടെ സ്വഭാവവിശേഷ ങ്ങൾ പല കഥകളിലും പ്രകടമായി വരുന്നുണ്ട്. ഉദാഹരണങ്ങളാണ്, ‘കോമാളി’(1976),’ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’, തുടങ്ങിയവ. ‘കോമാളി’ എന്ന കഥയിലെ മായ പറയുന്നു.

‘നിന്റെ കുഴപ്പമെന്താണെന്നോ, ഈ സമുദായത്തിൽ നീയൊരു വലിയ മിസ്ഫിറ്റാണ്; അവൾ പറഞ്ഞു. യാഥാർത്ഥ്യങ്ങളുടെ നേരെ കുറച്ചൊക്കെ കണ്ണടയ്ക്കാൻ പറ്റിയില്ലെങ്കിൽ ജീവിക്കുക വിഷമമായിരിക്കും.’

പിന്നെ സ്‌നേഹപ്രകടനങ്ങൾക്കിടയിൽ കിതച്ചുകൊണ്ടവൾ പറഞ്ഞു. ‘സുഗതൻ നീയൊരു കോമാളിയാണ്. എന്റെ കൊച്ചുകോമാളി.’

‘ദേശാടനക്കിളിപോലെ അവൾ’(1995) എന്ന കഥ അടുത്ത കാലത്ത് എഴുതിയതാണ്. ഞങ്ങളുടെ തൊട്ടടുത്തുള്ള വെളിംപറമ്പിൽ നഗരവിളക്കുകൾ ചാരനിറമാക്കിയ രാത്രിയുടെ മറവിൽ പുരുഷന്മാരെ സ്വീകരിക്കുന്ന ഒരു സ്ത്രീയുടെ കഥയാണത്. ബഹുനിലകെട്ടിടത്തിലെ നിവാസികളുടെ പ്രതികരണവും അവളെ അവിടെനിന്ന് ഓടിക്കാനുള്ള ശ്രമങ്ങളുമാണ് കഥയിൽ. പൊതുവായ ശത്രുതയ്ക്കിടയിലും നന്മയുടെ ഒരംശം നിലനിൽക്കുന്നു. അതിനിടയിൽ മഴക്കാലം എത്തുകയും ആ പാവം സ്ത്രീയുടെ ജീവിതം വഴിമുട്ടുകയും ചെയ്യുന്നു. ഇത് ഒരു മാതിരി സംഭവിച്ച കഥയാണെങ്കിലും അല്പം അതിശയോക്തി ചേർന്നിട്ടുണ്ട്. അല്ലെങ്കിൽ കലതന്നെ അതിശയോക്തിയല്ലേ?

‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’(1997) എന്ന കഥയാകട്ടെ വേശ്യാവൃത്തിക്കായി ആദ്യം ഇറങ്ങിത്തിരിച്ച ഒരു പാവപ്പെട്ട സ്ത്രീയുടെ കഥയാണ്. ഞാനൊരു ദിവസം എന്തോ കാര്യത്തിന്നായി പുറത്തിറങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരി നിരത്തിൽ പരുങ്ങുന്നതു കണ്ടു. അല്പം തടിച്ച്, കാണാൻ തരക്കേടില്ലാത്ത ഒരു സ്ത്രീ. എന്തോ എന്റെ മനസ്സ് വളരെ അസ്വസ്ഥമായി. അവർക്ക് ഈ നഗരം പരിചയമില്ലെന്നും അതുകൊണ്ടുതന്നെ കുഴപ്പത്തിലേയ്ക്കു ചാടാനാണ് പോകുന്നതെന്നും എന്റെ മനസ്സ് പറഞ്ഞു. പക്ഷേ എനിക്കതിൽ ഒന്നും ചെയ്യാനുമില്ല. പൊള്ളയായ മാന്യത അവരെ സഹായിക്കുന്നതിൽനിന്നു മാത്രമല്ല, അവരോടു സംസാരിക്കുന്നതിൽനിന്നുപോലും എന്നെ വിലക്കി. പക്ഷേ ഈ സംഭവം എന്റെ മനസ്സിൽ ഒരുപാടു ചലനങ്ങളുണ്ടാക്കി. അവരുടെ ഉദ്ദേശ്യത്തെപ്പറ്റി ഞാൻ ഒരുപാട് ഊഹാപോഹങ്ങൾ നടത്തി. അതൊരു കഥയിലെത്തുകയും ചെയ്തു. നേരിട്ടു ചെയ്യാൻ കഴിയാതിരുന്നത് ഞാനാ കഥയിൽ ഭാവനകൊണ്ട് ചെയ്തു. അതാകട്ടെ ആ കഥാപാത്രത്തെയും അതിന്റെ സ്രഷ്ടാവിനെയും എവിടംവരെ കൊണ്ടത്തിച്ചൂ!

‘അയൽക്കാരി’(1978) ഒരു സംഭവകഥയെന്നുതന്നെ പറയാം. ഞങ്ങൾ ബോംബെയിൽ താമസിക്കുമ്പോൾ അയൽക്കാരിയായി ഒരു ഉത്തരേന്ത്യക്കാരിയുണ്ടായിരുന്നു. അവർ നന്നായി കഴിഞ്ഞിരുന്നു എന്നാണ് ആദ്യമെല്ലാം ഞങ്ങൾ കരുതിയിരുന്നത്. അവർ നല്ല വായനക്കാരിയും സഹൃദയയുമായിരുന്നു. പക്ഷേ ക്രമേണ മനസ്സിലായി അവരുടെ സ്ഥിതി കഷ്ടമാണെന്ന്. ഭർത്താവ് ഉപേക്ഷിച്ചു, പണമില്ലാതെ പട്ടിണിയായി. അതോടെ അവർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിൽ ആശ്രയിച്ചു. അത് എതിർവശത്തുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമമായി. ആ തൊഴിൽ സ്വീകരിക്കാനുള്ള സാഹചര്യങ്ങളും പിന്നീടുണ്ടായ സംഭവവികാസങ്ങളുമാണ് കഥയായി രൂപം കൊണ്ടത്.

വളരെയധികം വായിക്കപ്പെട്ട മറ്റൊരു കഥയാണ് ‘കാനഡയിൽ നിന്നൊരു രാജകുമാരി’(1987). ഞങ്ങൾ എറണാകുളത്ത് വന്ന കാലത്ത് താമസിച്ചിരുന്ന വീട്ടിന്റെ അയൽക്കാരിയായി ഒരമ്മയുണ്ടായിരുന്നു. ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുള്ള അവരുടെ പേരക്കുട്ടി ഷീല കാനഡയിലായിരുന്നു. കുറച്ചുകാലം അവൾ അമ്മമ്മയുടെ ഒപ്പം വന്നു താമസിച്ചു. പത്തൊമ്പതു വയസ്സു പ്രായമായിരുന്നു അവൾക്ക്. ഞങ്ങളുടെ മകന് ചിന്മയവിദ്യാലയത്തിൽ ആറാം ക്ലാസ്സിൽ ചേരാനുള്ള എന്റ്രൻസ് ടെസ്റ്റിനു വേണ്ടി അവൾ കണക്കിൽ ട്യൂഷൻ കൊടുക്കാൻ തുടങ്ങി. സ്‌നേഹബന്ധത്തിന്റെ പേരിൽ വെറും സേവനം മാത്രം. ഷീല വന്നതോടുകൂടി ഞങ്ങളിൽ ഓരോരുത്തരുടേയും, അതായത് എന്റെയും ഭാര്യയുടെയും മകന്റെയും ജീവിതവീക്ഷണംതന്നെ മാറാൻ തുടങ്ങിയതിന്റെ കഥയാണ് ‘കാനഡയിൽ നിന്നൊരു രാജകുമാരി’. അവൾ വലിയ കുളൂസുകാരിയായിരുന്നു. ഒരു രാജകുകുമാരിയാണെന്നെല്ലാം ഞങ്ങളുടെ മകനോട് വീമ്പിളക്കിയിരുന്നു.

ആരും കേൾക്കുന്നില്ലെന്നു ഉറപ്പുവരുത്തിയാൽ അജിത്ത് അമ്മയോടു ചോദിക്കുന്നു,

‘ഞാൻ വലുതായാൽ എനിക്ക് ഒരു രാജകുമാരിയെ കല്യാണം കഴിക്കാൻ പറ്റുമോ.’

‘എന്താ പറ്റാതെ?’ വിമല പറയുന്നു. ‘മോനെ കണ്ടാലും ഒരു രാജകുമാരനെപ്പോലെ ഉണ്ടല്ലോ.’

‘അമ്മേ നീലു ശരിക്കും ഒരു രാജകുമാരിയാണോ?’

‘ആയിരിക്കും’ വിമല കൈമലർത്തി, ‘എനിയ്ക്ക് അറിയില്ല. എന്താ നിനക്ക് നീലുവിനെ കല്യാണം കഴിക്കണോ?’

അജിത്തിന്റെ മുഖം നാണംകൊണ്ട് ചുവന്നു.

‘ഈ അമ്മ. അമ്മ്യോട് ഞാൻ മിണ്ടില്ല.’ അവൻ ഓടിപ്പോയി.

ഈ കഥ ചലചിത്രമാക്കാൻ മദ്രാസിലെ എഡിറ്റർ രവി ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ഇതിവൃത്തം കുറേക്കൂടി വിപുലീകരിച്ച് തിരക്കഥ എഴുതിയുണ്ടാക്കി. രവിയുടെ ആകസ്മിക വിയോഗം കാരണം അതിന്റെ ചിത്രീകരണം നടന്നില്ല.

തന്നെപ്പറ്റി ഒരു കഥയെഴുതിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഷീലയ്ക്ക് വളരെ സന്തോഷമായി. അവളുടെ അച്ഛനും അമ്മയും അടുത്ത പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഈ പുസ്തകം വാങ്ങി, കഥ വായിച്ചു. വളരെ സന്തോഷമായി. പുസ്തകം സുഹൃത്തുക്കളെ കാണിക്കാനായി കാനഡയിലേയ്ക്കു കൊണ്ടുപോയി. പുസ്തകത്തിന്റ പേരും ‘കാനഡയിൽ നിന്നൊരു രാജകുമാരി’ എന്നുതന്നെയാണ്.

നാല്പതു വയസ്സായ ഒരവിവാഹിതയും അവളുടെ അയൽക്കാരായ യുവദമ്പതികളുമായുള്ള രസകരമായ പരസ്പരബന്ധവും അതിന്റെ ദു:ഖകരമായ അന്ത്യവുമാണ് ‘കള്ളിച്ചെടി’(1990) എന്ന കഥയിൽ. ഞങ്ങൾ മുമ്പ് ഒരിടത്തു താമസിച്ചപ്പോൾ അയൽക്കാരിയായി ഒരു മുപ്പത്തഞ്ചു വയസ്സായ സ്ത്രീയുണ്ടായിരുന്നു. അവർ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരും. യാദൃശ്ചികമാണെന്ന മട്ടിൽ എന്റെ കണ്ണിൽ പെടാൻ ശ്രമിക്കുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിക്കും. ലളിതയെസംബന്ധിച്ചേടത്തോളം അവളുടെ സാന്നിദ്ധ്യം ഒരുതരം അടിച്ചേൽപ്പിക്കലാണ്. അതിൽനിന്ന് രക്ഷപ്പെടാൻ അവൾക്കാവുന്നില്ല. ഒരു കള്ളിച്ചെടിയെ ചുറ്റിയാണ് കഥ നീങ്ങുന്നത്. അവസാനം കള്ളിച്ചെടിയെപ്പറ്റിയെന്നല്ല അവളെപ്പറ്റിയും പറഞ്ഞതെല്ലാം കള്ളമാണെന്ന് മനസ്സിലാകുന്നു. അതിന്റെ കാരണമറിയുമ്പോൾ അയാൾ ദു:ഖിതനാവുന്നു. (അവൾ ഇപ്പോൾ കല്യാണം കഴിച്ച് നല്ലൊരു കുടുംബജിവിതം നയിക്കുന്നു.) ഇങ്ങിനെ ഒരു കഥ അവളെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ടെന്ന് അവൾക്കറിയില്ല. അറിയാതിരിക്കട്ടെ!

‘തടാകതീരത്ത്’(2003) എന്ന നോവലിന്റെ കഥ വളരെക്കാലമായി എന്റെ മനസ്സിൽ കിടന്നു കളിച്ചിട്ടുള്ളതാണ്. ഞാൻ അറുപതുകളിൽ കൽക്കത്തയിൽ താമസിച്ചിരുന്ന മുറിയുടെ ഉടമസ്ഥയാണ് അതിലെ അമ്മ. അവർക്ക് രണ്ടു പെൺമക്കളുണ്ടായിരുന്നു. ചെറിയ കുട്ടികൾ, പത്തും പന്ത്രണ്ടും വയസ്സു പ്രായം. ആ സ്ത്രീ വിധവയായിരുന്നു. അവരെ സഹായിച്ചിരുന്നത് അവരുടെ ഭർത്താവിന്റെ മരുമകനായിരുന്നു. ഏകദേശം നാല്പ്പത് നാല്പ്പത്തഞ്ചു വയസ്സുണ്ടാകും. അയാൾ എന്നും രാത്രി എട്ടു മണിയോടെ വരും. അവരുടെ വീട്ടിനുള്ളിൽ ഒരൊറ്റ വിളക്കു കത്തിക്കില്ല. ആകെ ഇരുട്ടാകും. കുട്ടികളെ നേരത്തെ ഭക്ഷണം കൊടുത്ത് ഉറക്കിയിട്ടുണ്ടാകും. പിന്നെ അയാൾ പോകുമ്പോഴേയ്ക്ക് ഞങ്ങളും ഉറക്കമാവും. ഞാൻ എന്റെ ജ്യേഷ്ഠന്റെയും രണ്ടു സ്‌നേഹിതന്മാരുടെയും ഒപ്പമാണ് താമസിച്ചിരുന്നത്. കുട്ടികൾക്ക് എന്നെ നല്ല ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് മൂത്തവൾക്ക്. അവളെ ശുണ്ഠി പിടിപ്പിക്കാനായി സ്‌നേഹിതന്മാർ എന്നെ ഉപദ്രവിക്കുന്നതായി നടിക്കുമ്പോൾ അവൾ എന്നെ പിന്നിലാക്കി സംരക്ഷിച്ചുകൊണ്ട് അവരോട് യുദ്ധം ചെയ്യും. അന്നെനിയ്ക്ക് പത്തൊമ്പതു വയസ്സേയുള്ളു. ഞാൻ അവിടെത്തന്നെ കുറേക്കാലം താമസിച്ചിരുന്നെങ്കിൽ മൂത്ത കുട്ടിയുമായി പ്രേമത്തിലായേനെ. (ഞാൻ അവിടെ ഒരു കൊല്ലം മാത്രമേ താമസിച്ചുള്ളൂ.) നോവലിൽ അവളുടെ അമ്മയ്ക്ക് അവരുടെ ഭർത്താവിന്റെ മരുമകനുമായുള്ള ബന്ധം മാത്രമേ ശരിക്കു നടന്നതുള്ളു, ബാക്കിയെല്ലാം സാങ്കല്പികമാണ്. ചെറുപ്പക്കാരന് ആ സ്ത്രീയുമായുള്ള ലൈംഗികബന്ധവും അതേ സമയത്തുതന്നെ മകളുമായുള്ള പ്രേമബന്ധവും കാല്പനികമാണ്. അതിനു സമാന്തരമായി ഒരു ആംഗ്ലോ ഇന്ത്യന്റെ കഥയും വരുന്നുണ്ട്. ആ കഥാപാത്രത്തെ ഞാൻ ചൗറങ്കിയിൽ കാണാറുള്ളതാണ്. ഇംഗ്ലീഷുകാരനായ ഭർത്താ വ് ഉപേക്ഷിച്ചുപോയതിനാൽ വേശ്യാവൃത്തിയിലേയ്ക്കു തിരിയേണ്ടിവന്ന ഒരു ബംഗാളി സ്ത്രീയുടെയും അവരുടെ മകന്റെയും കഥയാണ്. അമ്മ മരിക്കുന്നതോടെ അനാഥനായിത്തീരുന്ന ആ ബാലൻ ക്രമേണ ഒരു ആൺവേശ്യയും പിന്നീട് കൂട്ടിക്കൊടുപ്പുകാരനുമാവുന്നതാണ് കഥ. കഥ നടക്കുന്ന കാലത്ത് ആ മനുഷ്യൻ വൃദ്ധനായിരിക്കുന്നു. ആയാളുമായി കഥാനായകൻ പലപ്പോഴായി നടത്തുന്ന സംഭാഷണങ്ങളിൽനിന്നാണ് ഈ നൂറ്റാണ്ടിന്റെ തുടക്കംതൊട്ട് അറുപതുകൾവരെ നീണ്ടുകിടക്കുന്ന ഈ സമാന്തരകഥ ചുരുളഴിയുന്നത്.

ഈ നോവൽ ഒരു പ്രമുഖപത്രത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചപ്പോൾ യാഥാസ്ഥിതികരായ ഏതാനും പേർ ലൈംഗികസദാചാരത്തിന്റെ പേരിൽ കുരിശുയുദ്ധം തുടങ്ങിയതിന്റെ ഫലമായി അവസാനത്തെ നാല് അദ്ധ്യായങ്ങൾ വഴിതിരിക്കാൻ ഞാൻ നിർബ്ബന്ധിതനായി. എ ന്നെ സംബന്ധിച്ചേടത്തോളം അതൊരു വലിയ ജോലിയായിരുന്നു. അവസാനത്തെ നാല് അദ്ധ്യായങ്ങൾ മാറ്റി ഞാൻ ഉദ്ദേശിച്ച മട്ടിൽ നോവൽ പൂർത്തിയാക്കി. ഒരിക്കൽ എഴുതിയത് മാറ്റുക വളരെ ക്ലേശകരമായിരുന്നു. ഇപ്പോൾ ‘തടാകതീരത്ത്’ എന്ന ആ നോവൽ മാതൃഭൂമി പുറത്തിറക്കിയിട്ടുണ്ട്.

‘ഒരു കുടുംബപുരാണം’(1998) എന്ന നോവലിലെ പ്രധാനകഥാപാത്രമാണ് ത്രേസ്സ്യാമ്മ. ജോസഫേട്ടന്റെ ഭാര്യയാണവർ. ഈ കഥാപാത്രത്തിന്റ വേഷഭൂഷാദികൾ എനിക്കു കിട്ടിയത് മുമ്പ് ഞങ്ങളുടെ അയൽക്കാരിയായിരുന്ന ഒരു സ്ത്രീയിൽനിന്നായിരുന്നു. വെളുത്ത മുണ്ടും ചട്ടയും, പുറത്തിറങ്ങുമ്പോൾ മേൽമുണ്ടിൽ ഒരു ബ്രൂച്ചും. അവർ സ്വന്തം പാരമ്പര്യത്തിൽ അഹങ്കരിച്ചിരുന്നു. ഞങ്ങടെ കാരണവന്മാര് നമ്പൂതിരിമാരായിരുന്നു. ഞങ്ങൾ മതം മാറിയതാണ്, അതുകൊണ്ട് ഇപ്പൊഴും ആഢ്യത്വം ഉണ്ട് എന്നൊക്കെ പറയുമായിരുന്നു. ഒരിക്കൽ അവർ ഒരു കോഴിയുടെ പിന്നാലെ ഓടുന്നതു കണ്ടു. കുറേനേരം ചിരിക്കാനുളള വക കിട്ടി. അന്നു തീർച്ചയാക്കിയതാണ് ഇവരെക്കുറിച്ച് ഒരു കഥയെഴുതണമെന്ന്. പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടേ അതു തുടങ്ങിയുള്ളൂ എന്നതിനു കാരണം എന്റെ മടിതന്നെ. പക്ഷേ എഴുതിത്തുടങ്ങിയപ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ഞങ്ങളുടെതന്നെ സ്വഭാവം വന്നു. ജോസഫേട്ടൻ ഞാനും ത്രേസ്സ്യാമ്മ ലളിതയും. ലളിതയ്ക്ക് അന്നും ഇന്നും എന്റെ ബുദ്ധിശക്തിയിലും അറിവിലും വിശ്വാസമില്ല. നോവലിൽനിന്ന് ഒരുദാഹരണം. ഒരു കോഴിയെ വാങ്ങിയശേഷം കോളനിയിൽനിന്ന് നാല്പ്പത്തെട്ടു മുട്ടയുടെ ഓർഡർ പിടിച്ചുവന്ന ത്രേസ്സ്യാമ്മയോട് ജോസഫട്ടൻ പറയുന്നു.

‘അപ്പൊ കൊച്ചുത്രേസ്സ്യേ, ഒരു കാര്യം ചോദിച്ചോട്ടേ?’

ഒന്ന് പറഞ്ഞു തുലച്ചുകൂടെ എന്ന് ഏത് സാദ്ധ്വിയും ചോദിച്ചേക്കാവുന്ന രംഗം. പക്ഷേ ത്രേസ്സ്യാമ്മ മയത്തിൽ ചോദിച്ചു.

‘എന്തോന്നാ?’

‘നീയിപ്പോ നാല്പ്പത്തെട്ടു മുട്ടടെ ഓർഡർ പിടിച്ചില്ലേ?’

‘ഉം?’

‘അത് ഒരാഴ്ചയ്ക്ക് വേണ്ടതല്ലെ?’

‘അതേ. മുട്ടക്കാരി ഉമ്മ ആഴ്ചയിലൊരിക്കലാണ് വര്വാ. അപ്പോ ഒരാഴ്ചയ്ക്കുള്ള മൊട്ടയാണ് എല്ലാരും വാങ്ങിവെയ്ക്ക്യാ.’

‘ശരി, പക്ഷെ നമ്മടെ അടുത്ത് ഒരു കോഴിയല്ലെ ഉള്ളൂ. അതോണ്ട് എങ്ങനാ ഇത്രയും മുട്ട കൊടുക്കണത്?’

‘അതിനെന്താ?’ അച്ചായന്റെ അറിവുകേടിൽ വിഷമം തോന്നിയ ത്രേസ്സ്യാമ്മ പറഞ്ഞു. ‘കോഴി ദെവസൂം മൊട്ടയിടില്ലേ?’

എന്റെ ‘ഒരു ദിവസത്തിന്റെ മരണം’(1979) എന്ന കഥയിലെ കൗസല്യ ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നത്തെ പ്രതിനിധീകരിക്കുന്നു എന്നു പറയാം. യന്ത്രവൽക്കരണവും തൽഫലമായുണ്ടാവുന്ന തൊഴിലില്ലായ്മയും അതിൽനിന്ന് ഉദ്ഭവിക്കുന്ന ധാർമ്മിക പതനവും. സുപാരി പാക്കു ചെയ്യുന്ന ഒരു ചെറിയ ഫാക്ടറിയിൽ ജോലിയെടുക്കുന്ന കൗസല്യയ്ക്ക് മുതലാളി പാക്കിങ് മെഷിൻ വാങ്ങുന്നതോടെ പിരിച്ചിവിടൽ ഭീഷണി നേരിടേണ്ടിവരുന്നു. ജോലി പോയാൽ പട്ടിണിതന്നെ ഫലം, കാരണം ഭർത്താവിനു സുഖമില്ലെന്നു മാത്രമല്ല അയാൾ ജോലിയെടുക്കുന്ന ഫാക്ടറി പൂട്ടിയിട്ട് മാസങ്ങളായി. അങ്ങിനെയുള്ള പരിതസ്ഥിതിയിൽ അവൾ മുതലാളിയുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് കഥ. വീട്ടിലെത്തുമ്പോൾ അവൾ ചെയ്ത കാര്യത്തിന് പശ്ചാത്തപിക്കുന്നുണ്ടെന്നത് അവളുടെ ക്ലേശത്തെ ലഘൂകരിക്കുന്നില്ല. കാരണം നാളെയും തനിക്ക് ഇതുതന്നെ ചെയ്യേണ്ടിവരുമെന്നവൾക്ക് അറിയാം. മുതലാളി തന്ന പണംകൊണ്ട് വരുന്ന വഴി അവൾ ഭർത്താവിനും മകനും ഓരോ നൈലൺ ബനിയൻ വാങ്ങി. അതിനുള്ള പണം എങ്ങിനെയുണ്ടായി എന്നുപോലും അന്വേഷിക്കാത്ത ഭർത്താവിന്റെ അലംഭാവവും അവളെ വല്ലാതെ വേദനിപ്പിക്കുന്നു.

അവൾ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി വെള്ളം വച്ചു. സഞ്ചിയിൽ വളരെ കുറച്ച് അരിയേ ബാക്കിയുണ്ടായിരുന്നുള്ളു. അതു കഴുകി അടുപ്പത്തിട്ടു. സ്റ്റൗവ്വിന്റെ മുമ്പിൽ നീല തീനാളവും നോക്കിയിരിക്കെ ഫാക്ടറിയിൽനിന്ന് സ്റ്റേഷനിലേയ്ക്ക് നടന്നത് അവളുടെ മനസ്സിൽ വന്നു. തനിക്ക് ആ സമയത്ത് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നു മാത്രമല്ല സന്തോഷമായിരുന്നു എന്ന കാര്യം അവളെ വേദനിപ്പിച്ചു. അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിന് പീടികക്കാരനേയും. എല്ലാറ്റിനുമുപരി പണം എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.

പിന്നെ നോക്കിക്കൊണ്ടിരിക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും, സ്റ്റൗവ്വും, പാത്രങ്ങളും അപ്രത്യക്ഷമായപ്പോൾ കണ്ണതുടയ്ക്കാൻകൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു. ഞാൻ ഇതാന്നുമല്ല പ്രതീക്ഷിച്ചത്.

ലോകമെമ്പാടുമുള്ള ലൈംഗികചൂഷണത്തിന്റെ പല കാരണങ്ങളിൽ പ്രധാനപ്പെട്ടത് കൗസല്യ അഭിമുഖീകരിച്ച യന്ത്രവൽക്കരണജന്യമായ തൊഴിലില്ലായ്മതന്നെയാണ്.

ഞാൻ ഏതാനും സ്ത്രീകഥാപാത്രങ്ങളുടെ കാര്യം മാത്രമേ മുകളിൽ പറഞ്ഞിട്ടുള്ളു. ഇനിയും വൈവിദ്ധ്യമുള്ള സ്വഭാവങ്ങളുള്ള അനേകം സ്ത്രീകഥാപാത്രങ്ങൾ എന്റെ കഥകളിലുണ്ട്. ‘കുങ്കുമം വിതറിയ വഴികൾ’ എന്ന കഥയിൽ അടഞ്ഞ കിടപ്പറയ്ക്കു മുമ്പിൽ നിൽക്കുന്ന ആറു വയസ്സുകാരി സംഗീത, ‘അലക്കുയന്ത്രം’ എന്ന കഥയിലെ പന്ത്രണ്ടു വയസ്സുകാരി രാധ, ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിത’ത്തിൽ കള്ളുകുടിയനായ ഭർത്താവിനെ സഹിച്ചും മെച്ചപ്പെട്ട ജീവിതമുണ്ടാക്കാൻ ശ്രമിക്കുന്ന ദേവകി, ‘മൂലോട് ഉറപ്പിക്കുന്നതിലെ വിഷമങ്ങളി’ൽ ജോലിക്കുവന്ന ചെറുപ്പക്കാരനെ പ്രലോഭിപ്പിച്ച് കാര്യം കാണുന്ന സീമ, ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയിൽ ചേച്ചിയുടെ കല്യാണ മുഹൂർത്തത്തിൽ പണമുണ്ടാവാൻ പച്ചപ്പയ്യിനെ അന്വേഷിച്ചു പോയ ശാലിനിയും ചേച്ചി ബിന്ദുവും, ‘സാന്ത്വനത്തിന്റെ താക്കാൽ’ എന്ന കഥയിലെ കാബറെ ഡാൻസർ, ‘ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ’ മാത്രം രചിക്കുന്ന സുചിത്ര, ‘മാങ്ങാറിച്ചെടികളി’ൽ വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന ഒരു ബന്ധുവായ ചെറുപ്പക്കാരനിൽ സാന്ത്വനം തേടുന്ന അവിവാഹിതയായ സുഭദ്ര, ‘പുഴയ്ക്കക്കരെ കൊച്ചുസ്വപ്നങ്ങൾ’ എന്ന കഥയിൽ അമ്മ ജോലിയെടുക്കുന്ന വീടുപോലെ തന്റെ വീടുമാക്കാൻ ശ്രമിക്കുന്ന എട്ടു വയസ്സുകാരി രാജി, ‘ചിരിക്കാനറിയാത്ത കുട്ടി’യിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടുവെന്ന ഭീതിയിൽ കഴിയുന്ന ഇന്ദു, ‘കറുത്ത തമ്പ്രാട്ടി’യിൽ കൂലിവേലക്കാരനായ ഭർത്താവ് കൊടുക്കാനുള്ള സംഖ്യയ്ക്ക് പണയവസ്തുവായതിനാൽ ഭൂവുടമയോടൊപ്പം തന്റേതല്ലാത്ത ഒരു ജീവിതം നയിക്കാൻ നിർബ്ബന്ധിതയാകുന്ന ലക്ഷ്മി, ‘കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു’ എന്ന കഥയിൽ പാഴായ ഒരു ജീവിതത്തിനു ശേഷം അവിഹിതമെങ്കിലും സ്വീകാര്യമായ സ്‌നേഹത്തിന്റെ നീരൊഴുക്കിൽ ജീവിതത്തിന് അർത്ഥം കണ്ടെത്തുന്ന നന്നമ്മ, ‘ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ’യിലെ ദുരന്ത കഥാപാത്രമായ പപ്പടക്കാരി, ‘ആ പാട്ടു നിർത്തൂ’ എന്ന കഥയിൽ ഈ നൂറ്റാണ്ടിനെ ഗ്രസിച്ച മഹാമാരി വന്നുപെട്ടതുകാരണം കൂട്ടുകാരാലും അയൽക്കാരാലും നിരാകരിക്കപ്പെട്ട അഞ്ചുവയസ്സുകാരി സുജാത, ‘ഇങ്ങനെയും ഒരു ജീവിതം’ എന്ന കഥയിൽ ഒരു ചെറുപ്പക്കാരനോടുള്ള നിസ്സ്വാർത്ഥ സ്‌നേഹം കാരണം ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന പതിനെട്ടു വയസ്സുകാരി നന്ദിനി, ‘അന്വേഷണം’ എന്ന കഥയിൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ ഭർത്താവിനുവേണ്ടി നിരാലംബയും പീഢിതയുമായ ഭാര്യയുടെ നീണ്ട അന്വേഷണം, തുടങ്ങിയവ.

ഞാൻ സ്ത്രീകളുടെയും കുട്ടികളുടെയും കഥ എഴുതുമ്പോഴാണ് നന്നാവുന്നത് എന്ന് പലരും പറയാറുണ്ട്, കാരണം ഞാൻ അവരുടെ പക്ഷത്താണ്, ഇന്നും എന്നും.