close
Sayahna Sayahna
Search

എഫ്. അഷ്ടമൂര്‍ത്തി


എഫ്. അഷ്ടമൂര്‍ത്തി
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഓഫീസില്‍ എല്ലാവരും ശ്രീ. എഫ്. അഷ്ടമൂര്‍ത്തിയെപ്പററി സംസാരിക്കുമായിരുന്നു. പലരുടേയും അലസനിമിഷങ്ങളിലെ ഉത്തമ വിഷയമായിരുന്നു ആ യു. ഡി. ടൈപ്പിസ്റ്റ്.

എന്നാല്‍ അഷ്ടമൂര്‍ത്തിയെ ആരും അറിഞ്ഞില്ല. മുര്‍ത്തിയാകട്ടെ മറ്റൊരാളെ അറിയാനോ അറിയിക്കാനോ ശ്രമിച്ചതുമില്ല.

ഫല്‍ഗുനയ്യര്‍ മകന്‍ അഷ്ടമൂര്‍ത്തി ഒരു ജീവനക്കാരനായി അവിടെ വന്നത് 11 കൊല്ലം മുമ്പാണ്. അന്നേ ചടച്ചിരുന്ന ആ ശരീരം ഇന്നും അങ്ങനെതന്നെ തുടരുന്നു. അയാളെപ്പററി ഓര്‍ക്കുമ്പോള്‍ തിരതള്ളി എത്തുന്നത് മാററമില്ലാതെ തുടരുന്ന ഇത്തരം വസ്തുതകളാണ്.

പ്രസിദ്ധമല്ലാത്തൊരു തുണിക്കടയുടെ പേരുളളതും അകറ്റാനൊരുങ്ങുമ്പോള്‍ പിണങ്ങുന്ന സ്റ്റ്രാപ്പോടു കൂടിയതുമായ ബ്രൌണ്‍ കളര്‍ ബാഗ്. അതിനുള്ളില്‍ ഒളിക്കുന്ന വിചിത്രലോഹ നിര്‍മ്മിതമായ ചോററുപാത്രം. കര്‍ച്ചീഫിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന നരച്ചപൂവുള്ള തുണിക്കഷണങ്ങള്‍. മഞ്ഞതൂവിയ വെള്ളവസ്ത്രങ്ങള്‍. രോമദരിദ്രമായ ആ മുഖത്ത് ചിരിയായി തെളിയുന്ന, മുമ്പോട്ടും പിമ്പോട്ടും ചാഞ്ഞ് ഞെരുങ്ങിക്കൂടിയിരിക്കുന്ന പല്ലുകള്‍. ആ പല്ലുകളുടെ ഓരങ്ങളില്‍ കിന്നരിയായ് മിന്നുന്ന പച്ചപ്പൊട്ടുകള്‍…

അഷ്ടമൂര്‍ത്തി കോപാവിഷ്ടനാവുക ആ ചോററുപാത്രം മറ്റൊരാള്‍ തീണ്ടുമ്പോള്‍ മാത്രമാകുന്നു.

ചോറു കൊണ്ടുവരാത്ത ദിവസങ്ങളില്‍ മൂര്‍ത്തി കാന്റീനില്‍ പോകും. രണ്ട് സാദാദോശ സാമ്പാറില്‍ നനച്ച് മദ്ധ്യാഹ്നം സുഭിക്ഷമാക്കും. ഓഫീസിനുളളില്‍ പയ്യന്‍ കൊണ്ടുവരുന്ന കാപ്പി വല്ലപ്പോഴുമേ വാങ്ങി കുടിക്കൂ. അതിന് അപ്പോള്‍ തന്നെ ബാഗ് തുറന്ന് കാശ് എണ്ണിക്കൊടുത്തുകളയും. ഉഴുന്നുവടയെ ഒളികണ്ണാല്‍ നോക്കാറുണ്ടെങ്കിലും ഒരിക്കല്‍പോലും കൈനീട്ടി വാങ്ങിയ ചരിത്രമല്ല.

രാഷ്ട്രീയ ചലനങ്ങളും, ക്രിക്കറ്റ് സ്കോറുമൊക്കെ ഫയലുകള്‍ക്കുമീതെ വാഗ്വാദങ്ങളായി തിരതുള്ളുമ്പോഴും അഷ്ടമൂര്‍ത്തി ടൈപ്പ്റൈറററിനോട് സല്ലപിച്ചുകൊണ്ടിരിക്കും. സംസാരം സ്ത്രീവിഷയമായാല്‍ തിരുതകൃതിയായി ആ യന്ത്രം കിടുക്കും. അടിച്ചുകൂട്ടാന്‍ അക്ഷരങ്ങളില്ലെങ്കില്‍ നാട ഉറപ്പിക്കും; മെഷീന്‍ ക്ലീന്‍ ചെയ്യും. ഈ അഷ്ടമൂര്‍ത്തീവിശേഷങ്ങള്‍ അഷ്ടകം പോലെ ആവര്‍ത്തിച്ചു രസിക്കാന്‍ സ്ത്രീജനത്തിനുപോലും ഉത്സാഹമാണ്. അതൊന്നും അഷ്ടമൂര്‍ത്തിയുടെ കാത് ഉള്‍ക്കൊണ്ടില്ല. അനൗദ്യോഗികമായ എന്തും മനസ്സിലായില്ലെന്ന മട്ടില്‍ നിസ്തോഭനായി കണ്ണുമിഴിച്ച് നോക്കിയിരുന്നുകളയും.

അഷ്ടമൂര്‍ത്തിയെ ഏററവും കൂടുതല്‍ ശ്രവിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള സഹപ്രവര്‍ത്തകന്‍ ഞാനാണ്. ഈ അവകാശവാദത്തെ ആര്‍ക്കും എതിര്‍ക്കുവാനാവില്ല. ഇടനാഴിയിലും വഴിയിലും വച്ചു നടത്തിയിട്ടുള്ള ഏകാന്ത ഹൃദയസംവാദങ്ങള്‍ അത്രയേറെയുണ്ട്.

മൂര്‍ത്തിയുടെ നാവിന് പഥ്യമായി ഒററവിഷയമേ ഉണ്ടായിരുന്നുളളു — ‘സുന്ദര’മെന്നു വിളിക്കുന്ന സുന്ദരാംബാള്‍; ഏക സഹോദരി അവള്‍ ചമഞ്ഞു വീട്ടിലിരിക്കുകയാണ്. അവളെ മൂര്‍ത്തിയുടെ കൈയിലേല്‍പ്പിച്ചിട്ടാണ് അച്ഛനു പുറകെ അമ്മയും കണ്ണടച്ചുകളഞ്ഞത്. അക്കാലത്ത് ടൈപ്പ് പരീക്ഷ കഴിഞ്ഞിട്ടേയുണ്ടയിരുന്നുള്ളു.

അന്ന് സുന്ദരത്തിന് വയസ്സ് പതിമൂന്നായിരുന്നു. അവള്‍ മുന്നോട്ട് പഠിച്ചില്ല; അവളുടെ അഗ്രഹാരത്തിലെ മിക്ക പെണ്‍മണികളെയുംപോലെ യോഗ്യനായ ഒരു വരന് അവളെ നല്‍കണം — അത്രേയുള്ളു മൂര്‍ത്തിയുടെ ജീവിതലക്ഷ്യം.

അഷ്ടമൂര്‍ത്തിയുടെ തലയില്‍ നര അങ്ങുമിങ്ങും വിരലുയര്‍ത്തി നില്‍ക്കുന്നു. എങ്കിലും സുന്ദരത്തിന്റെ തിരുമണം കഴിഞ്ഞേ സ്വന്തം അസ്തിത്വത്തെപ്പററി ചിന്ത ഉദിക്കൂ. മൂര്‍ത്തിയേയും സുന്ദരത്തെയും കൂടാത ‘ആത്തില്‍’ ഒരു ജീവി കൂടെയുണ്ട് — പാട്ടി. അമ്മയുടെ ഒരു കൊച്ചമ്മ. മകളില്‍ക്കവിഞ്ഞ വാല്‍സ‌ല്യമുണ്ടവര്‍ക്ക് സൂന്ദരത്തിനോട്… സുന്ദരം ചമഞ്ഞനാള്‍ മുതല്‍ കല്യാണാലോചനകള്‍ മുറമുറയായി വരുന്നുണ്ട്. പലതും അഷ്ടമൂര്‍ത്തിക്കു ഇഷ്ടമായില്ല. മനസ്സിന് ഇണങ്ങിയവരുടെ ജാതകം ഇണങ്ങിയില്ല. ചിലര്‍ സ്ത്രീധനക്കാര്യത്തില്‍ പിണങ്ങിപ്പോയി.

“നേററുകുട ഒരുവന്‍ വന്തിരുന്താന്‍ സാര്‍… ഒരു വെററിനറി സര്‍ജന്‍. ഗസററഡ് റാങ്കു താന്‍. ആനാലോ ഒരു ചണ്ടാളപ്പാവി! അവനുടെ ഡിമാന്‍റ് തെരിയുമാ — ഫീഫ്ററി തൗസന്റ്! അതര്‍ക്കുമേല്‍ ഒരു ഫിഫ്ററിയുടെ നകൈയും.

എപ്പടിയിരിക്ക്?

“ഇന്നാളൊരു എഞ്ചിനീയറുടെ കാര്യം പറഞ്ഞല്ലോ?‍”

“ആമാമാ… അവാള്‍ കെട്ടിക്കാറന്‍, എന്ന ശെയ്യലാം! അവരുക്കു ചൊവ്വാദോഷമിരിക്ക്. സുന്ദരത്തുടെ ഹൊറോസ്ക്കോപ്പ് റൊമ്പ വിശേഷമാക്കും സാര്‍. ഏഴാമടത്തിലെ ചന്ദ്രന്‍. എട്ടിലെ ശുക്രനും വിയാഴമും അവള്‍ കൊടുത്തുവൈത്തവള്‍ താന്‍. ആനാ… ടൈമാകല്ലൈ!”

എന്നാലും സമയമാകും വരെ ഒരു സഹോദരന് അടങ്ങിയിരിക്കാനൊക്കുമോ? അയാള്‍ നിതാന്തമായി തെരച്ചില്‍ തുടരുന്നു. ഒപ്പം അതിനാവശ്യമായി ധനവും സ്വരൂപിക്കുന്നു. അക്കൌണ്ട് മുന്നു ബാങ്കിലായാണ്. സ്റ്റേററ്ബാങ്കിലുള്ള തുക സ്ത്രീധനം. കാനാറയിലേത് കല്യാണച്ചെലവിന്. ആഭരണത്തിനുളള വക ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍. പാസ്ബുക്കുകള്‍ മൂന്നും ബാഗിലെ അറയില്‍തന്നെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നു. ഇടയ്ക്കിടെ അവയിലെ അക്കങ്ങള്‍ നോക്കി ആത്മവിശ്വാസം ഉറപ്പിക്കുന്നു. ഇത്തിരി വല്ലതും കുറവുവന്നാല്‍ പി. എഫ്. ലും എല്‍. ഐ. സി. യിലും നിന്ന് ലോണെടുക്കും.

സര്‍ക്കാര്‍ സേവനമായിരുന്നു ഫല്‍ഗുനയ്യരും. അദ്ദേഹം മരിച്ചപ്പോള്‍ പല വകയിലായി നല്ലൊരു തുക കിട്ടി. അത് സ്റ്റേറ്റ്ബാങ്കിലുണ്ട്. പലിശ പോലും തൊട്ടിട്ടില്ല. ഇന്നോളം കിട്ടിയ ബഹുവിധ അരിയേഴ്സും അവ്വണ്ണം തന്നെ.

അഷ്ടമൂര്‍ത്തി ഒരേയൊരു ആര്‍ഭാടമേ ആചിരിച്ചിരുന്നുള്ളു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ കവലയില്‍ നിന്ന് മുടങ്ങാതെ 25 പൈസയുടെ മുല്ലപ്പൂവ് വാങ്ങും. സുന്ദരം ഈറന്‍മുടിയുമായി ഉമ്മറത്ത് കാത്തു നില്‍പുണ്ടാവുമത്രേ.

തന്റെ ലോകത്തെ സഹോദരിയുടെ വര്‍ത്തമാനത്തിലും ഭാവിയിലും മാത്രമൊതുക്കി ചലിക്കുന്ന അഷ്ടമൂര്‍ത്തിയോട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. അയാള്‍ക്ക് ചെവികൊടുത്തിരിക്കുമ്പോള്‍ എന്നിലെ അപരാധിയായ സഹോദരന്റെ മുഖം കുനിഞ്ഞുപോകുന്നത് വേദനയോടെ ഞാന്‍ അറിഞ്ഞിരുന്നു. അയാളുടെ അയല്‍വാസിയാകാന്‍ ഇടയാകാത്തത് ഒരു ഭാഗ്യമായി ഞാന്‍ കരുതി. അല്ലെങ്കില്‍ സുന്ദരത്തിന്റെ ഭാഗ്യം ചൂണ്ടിക്കാട്ടി എന്റെ കൊച്ചനുജത്തിമാര്‍ നിത്യം നിത്യം പിറുപിറുത്തേനെ.

പതിവില്ലാതെ, ഒരു സന്ധ്യയ്ക്ക് ടൌണില്‍ അഷ്ടമൂര്‍ത്തിയെ കണ്ട് ലോഹ്യം പറഞ്ഞു നില്‍ക്കവേ മൂര്‍ത്തിയുടെ കൈയിലെ പൊതി കണ്ണില്‍പ്പെട്ടു. കടലാസു നീങ്ങിയ ഭാഗത്ത് രണ്ടുനില ബസ്സിന്റെ ബോര്‍ഡ് തെളിഞ്ഞു കണ്ടു.

എനിക്ക് അദ്ഭുതം തോന്നി. ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു “ആര്‍ക്കാ മൂര്‍ത്തി കളിപ്പാട്ടം?”

ആ മുഖമൊന്നു നരച്ചോ എന്നു സംശയം.

പെട്ടെന്നു തന്നെ അയാള്‍ പച്ചപ്പൊട്ടുകള്‍ നിരത്തിച്ചിരിച്ചു.

“പക്കത്തുവീട്ടിലെ ഒരു കുഴന്തൈയിരിക്ക്…”

അയാള്‍ ശ്രദ്ധാപൂര്‍വ്വം പൊതി നേരെയാക്കി. യാത്ര ചോദിച്ച് പോവുകയും ചെയ്തു.

മൂര്‍ത്തിയെ സഭാര്യനാക്കാന്‍ ചില ദല്ലാളന്മാര്‍ കച്ചകെട്ടി വരികയുണ്ടായി. അവരൊടൊക്കെ അയാള്‍. രണ്ടേരണ്ടു വാക്കില്‍ മറുപടി ചൊല്ലി — “അതെല്ലാം പിറക്”.

അവര്‍ പിന്‍വാങ്ങവേ പുറകെചെന്ന് സുന്ദരത്തിനിണങ്ങുന്നൊരു വരനെ കൊണ്ടു വന്നാല്‍ തക്കതായ പ്രതിഫലം നല്കാമെന്ന് വാഗ്ദാനം ചെയ്യാന്‍ അയാളൊരിക്കലും മറന്നില്ല.

ഓഫീസിലുടനീളം ശമ്പളപരിഷ്കരണത്തിന്റെ ആഹ്ളാദം അലയടിച്ചു തുളളിയ ദിവസം. മററുള്ളവര്‍ കുടുംബബഡ്ജററ് പുതുക്കുകയും കിട്ടാവുന്ന കുടിശ്ശിക കണക്കുകൂട്ടിക്കയററുകയും ചെയ്യുമ്പോള്‍ അഷ്ടമൂര്‍ത്തി മാത്രം മ്ളാനവദനനായി ഇരുന്നു.

“എന്താ അഷ്ടമൂര്‍ത്തിക്കൊരു വല്ലായ്ക?” പലരും ചോദിച്ചു. അയാള്‍ മിണ്ടിയില്ല.

ഒടുവില്‍ ഞാനും തിരക്കി. അയാള്‍ ഒരു നെടുവീര്‍പ്പിട്ടു.

“ഇന്ത സാലറി ഇന്‍ക്രീസിലെ എന്ന വിശേഷമിരിക്ക് സാര്‍? വാറവനെല്ലാം മേലിലെ ഡൌറിയും കൂട്ടിക്കൂട്ടിത്താനേ കേള്‍ക്കും! ശമ്പളം ഒരു നൂറുകൂടിയാച്ചെണ്ണാ ഡൌറി ടെണ്‍തൗസന്റ് കൂടും…”

ഞാനാ സഹോദരമൂര്‍ത്തിയെ നോക്കി മലച്ചിരുന്നു പോയി!

ഇടയ്ക്കൊരുദിനം അഷ്ടമൂര്‍ത്തി വളരെ ഉല്ലാസവാനായി. അയാളുടെ ഒരു ചിററപ്പന്റെ കത്തുവന്നതാണ് കാരണം. വിദൂരത്തിലെങ്ങോ ഉദ്യോഗമുള്ളൊരുവന്റെ ജാതകവും ആ കത്തിനൊപ്പമുണ്ടായിരുന്നു. പൊരുത്തം നോക്കി വിവരമറിയിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു.

അഷ്ടമൂര്‍ത്തി അന്ന് പലകുറി ആ തലക്കുറിയില്‍ കണ്ണും നട്ടിരിക്കുന്നതായ് കാണായി. ഒരു വേള മൂര്‍ത്തിക്ക് ഗ്രഹങ്ങളെപ്പററിയും ജ്ഞാനമുണ്ടായിരിക്കാമെന്ന് ഞാന്‍ കരുത്.

ദിവസങ്ങളെങ്ങനെ പൊഴിയവേ എന്റെ ബന്ധുവായൊരാള്‍ അകാല ചരമമടഞ്ഞു: ഓഫീസ് ഇന്‍സ്പെകഷന്‍ കാര്യങ്ങള്‍ സംബന്ധിച്ച് ചില ഏര്‍പ്പാടുകളും ചെയ്യേണ്ടിയിരുന്നു. അതിനാല്‍ അതിരാവിലെ അഷ്ടമൂര്‍ത്തിയെ കാണുവാന്‍ പോയി.

അഗ്രഹാരത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ കണ്ടുമുട്ടിയ വൃദ്ധബ്രാഹ്മണന്‍ ആ വീടു ചൂണ്ടിക്കാട്ടിത്തന്നു.

ഇരുവശവും നിരന്നിരിക്കുന്ന കോലെമെഴുതിയ ഒരേ ജനുസ്സിലുള്ള വീടുകള്‍ പലതു പിന്നിട്ട് ഞാനാ മുററത്തെത്തി.

ഉമ്മറത്തെ നിലത്ത് ഒരു യുവതി അങ്ങോട്ട് തിരിഞ്ഞിരിപ്പുണ്ടായിരുന്നു. ഇത്തിരി തടിച്ചിട്ടാണ്. സുന്ദരമായിരിക്കണം — ഞാന്‍ കരുതി.

അവള്‍ അതീവ ജാഗ്രതയോടെ എന്തോ ചെയ്യുകയാണ്. ഞാന്‍ പടികള്‍ കയറി.

സുന്ദരം ബസ്സുരുട്ടിക്കളിക്കുന്നു! രണ്ടു നില ബസ്സ്!!

ഏകാന്തതയിലൊരു കുട്ടിത്തം അനുസ്മരിക്കുന്നത് അന്യനൊരാള്‍ കണ്ടാല്‍ ആരും നാണിച്ചു പോവില്ലേ. പെണ്ണാവുമ്പൊ നാണിച്ചു ദഹിക്കുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ ശ്വാസം പോലും നിയന്ത്രിച്ചുനിന്നു.

എന്റെ നിഴല്‍ മണത്തിട്ടാവാം അവള്‍ മുഖം തിരിച്ചു. സന്തോഷപൂര്‍വ്വം ചിരിച്ചു. അപ്പോഴും വലംകൈ ബസ്സില്‍ത്തന്നെ.

ഇടത്തോട്ടൊരല്പം ചരിഞ്ഞുതുറന്ന വായില്‍ നിന്ന് കൊഴുപ്പേറിയ ഉമിനീര്‍ ഒലിച്ചു. അതു തുടയ്ക്കാനവള്‍ കൂട്ടാക്കിയില്ല.

നിര്‍വ്യാജമായ, കൌതുകവും ആഹ്ലാദവും തുളുമ്പുന്ന ചിരി. അവസാനമറിയാതെ നില്ക്കുന്ന മന്ദഹാസം.

ഞാന്‍ വല്ലാതായി. അവള്‍ ആ ഇരുപ്പില്‍നിന്നിളകാതെ പറഞ്ഞു.

“അണ്ണന്‍ കോയിലിക്കു പോനാന്‍, വാങ്കോ, എന്‍ ബസ്സെ പാത്തീങ്കളാ. റൊമ്പ സ്പീഡാക ഓടും”.

അവൾ ശക്തിയിൽ ബസ്സുരുട്ടി വിട്ടു.

നില്ക്കണോ പിന്‍വലിയണോ എന്നറിയാതെ കുഴങ്ങി നിന്നു ഞാന്‍.

അവള്‍ എണീററു. മുറികൂടാത്ത ചിരിയുമായി തൊട്ടുമുന്നില്‍ വന്നു നിന്ന് എന്നെ ഒരു വിചിത്രജീവിയെയെന്നോണം വിടര്‍ന്ന കണ്ണുകളാല്‍ ഉഴിഞ്ഞു.

പൊടുന്നനെ കൈനീട്ടി എന്റെ ഷര്‍ട്ടിന്റെ തുമ്പ് പിടിച്ചു വാസനിച്ചു; മുത്തി.

“എന്ന മണം! അയ്യാ!”

പെട്ടെന്നാ മുഖം വാടി. “അണ്ണനുടെ ചട്ടയ്ക്കു മണം കിടയാത്” അവളാ ഷര്‍ട്ടില്‍തന്നെ നോക്കി നിന്നു.

“റൊമ്പ അഴകായിരിക്ക്, സത്യമാ നല്ലായിരിക്ക്”.

ആ സന്തോഷം കൊഴുത്ത ഉമിനീർവൃത്തങ്ങളായി ഷർട്ടിൽ പരന്നു.സാവകാശം പിടി വിട്ടുകൊൻടവൾ പറഞ്ഞു.

“പാട്ടി ഉള്ളെയിരിക്ക്”.

ഞാന്‍ ധൃതിയില്‍ പറഞ്ഞു — “അണ്ണനെ പിന്നെ വന്നു കണ്ടുകൊള്ളാം.”

ഞാന്‍ തിരികെ ചെരിപ്പില്‍ പ്രവേശിക്കുമ്പോള്‍ അവള്‍ ചൊല്ലി – “അണ്ണന്‍ വന്തിട്ടെണ്ണാ കാപ്പി കെട്യ്ക്കും. ഇരുവരെയും എന്‍ ബസിലെയേററി ആപ്പിസിലേ കൊണ്ടുവിട്ടിടലാം”.

അടുത്ത ദിവസം തുടക്കം മുതലേ തിരക്കിട്ടു പണിയെടുക്കുകയായിരുന്നു അഷ്ടമൂര്‍ത്തി. ഓരോ സീററിലും ചെന്ന് അത്യാവശ്യമുള്ള പേപ്പറുകള്‍ എടുത്തു കൊണ്ടുപോയി ടൈപ്പുചേയ്തു.

മൂന്നുമണിയായപ്പോള്‍ എന്റെടുത്തു വന്ന് വളരെ സ്വകാര്യമായിപ്പറഞ്ഞു. — “കൊഞ്ചം ഏര്‍ലിയറാ പോകവേണ്ടിയിരിക്ക്. പെര്‍മിഷന്‍ വാങ്കിയാച്ച്”.

ഞാന്‍ എഴുത്തുനിറുത്തി ആ മുഖത്തു നോക്കി. അയാള്‍ കുടുതല്‍ ശബ്ദമൊതുക്കി, “നേററ് കാലൈയിലെ നാന്‍ കോയിലുക്ക് പോയിരുന്ത പോത് ഒരുവര്‍ വന്തിരുന്താര്‍. സുന്ദരത്തെ പാര്‍ക്കതുക്കാക. ഒരു സമയം അവര്‍ ഇന്റും വരുവാര്‍”.

പറഞ്ഞു തീര്‍ന്നപാടേ അയാള്‍ ബാഗുമെടുത്ത് നടകൊണ്ടു. എന്റെ മുഖത്തേയ്ക്ക് ആ കണ്ണുകള്‍ പതിയാത്തതൊരു അനുഗ്രഹമായി.

അഷ്ടമൂര്‍ത്തി പിന്നെയും പിന്നെയും സുന്ദരത്തെത്തേടി വന്നവരെപ്പററി പറഞ്ഞുകൊണ്ടിരിക്കുന്നു.

പണക്കൊതിയന്മാര്‍,

ജാതകദോഷികള്‍,

സ്റ്റാററസില്ലാത്തവര്‍,

സൌന്ദര്യം കുറഞ്ഞവര്‍,

ഒളിമങ്ങാത്ത താല്പര്യവുമായി ഞാനെല്ലാററിനും ചെവി നല്കിക്കൊണ്ടിരുന്നു.

ചുമരിലെ സര്‍ക്കാര്‍കലണ്ടറില്‍ താളുകള്‍ മറിഞ്ഞുകൊണ്ടിരുന്നു. അയാളുടെ ബാങ്ക്ബാലന്‍സ് പെരുകിക്കൊണ്ടിരുന്നു.

തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം അഷ്ടമൂര്‍ത്തി ഓഫീസില്‍ വന്നില്ല! മൂടിക്കെട്ടിയിരുന്ന ടൈപ്പ്റൈററര്‍ ഇടയ്ക്കിടെ അയാളുടെ സ്മരണ നുള്ളിയിട്ടു.

പിറ്റേന്നും അഷ്ടമൂര്‍ത്തി എത്തിയില്ല. പക്ഷേ ഒരു വാര്‍ത്ത എത്തി.

തലേന്നു രാവിലെ സുന്ദരം അടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി അമ്പലത്തില്‍ പോയത്രേ. ഇരുവരും പരസ്പരം ഓരോ തുളസിമാലയണിയിച്ചു. ദേവസ്വം പുസ്തകത്തില്‍ വിരല്‍ പതിച്ചു. വധുവരന്മാര്‍ വരന്റെ ആത്തിലേക്ക് നടന്നു.

ഗൃഹഭരണത്തില്‍ അഷ്ടമൂര്‍ത്തിക്ക് പണ്ടേ തുണയായിരുന്നവനാണാ ചെറുപ്പക്കാരന്‍. ബന്ധുവാണ്. കാഴ്ചയിലും തരക്കേടില്ല. സ്വഭാവത്തില്‍ സാത്വികന്‍. സ്വന്തമായൊരു ചെറിയ ബിസിനസ്സ് ചെയ്തു ജീവിതം പോക്കുന്നു.

അവശ്വസനീയമായ ആ ജീവിതത്തിരുത്ത് ഇത്തിരി താമസിച്ചാണ്

എന്റെ ബുദ്ധി ഉള്‍ക്കൊണ്ടത്. അപ്പോള്‍ സന്തോഷം തോന്നി. ഇനിയെങ്കിലും അഷ്ടമൂര്‍ത്തിയുടെ മനസ്സ് സ്വസ്ഥമാകുമല്ലോ. ബാങ്കിലുള്ളതില്‍ ഒരു ചെറിയ തുക നല്‍കിയാല്‍ അയാള്‍ ബിസിനസ്സ് മെച്ചപ്പെടുത്തി ജീവിച്ചുകൊളളും. ഇനി അഷ്ടമൂര്‍ത്തിക്കും ജീവിതത്തിലേക്ക് ചവിട്ടിക്കയറാം. ഒരു ചുഴിയിലുഴറിത്തിരിഞ്ഞിരുന്ന ആ ജീവിതങ്ങള്‍ അങ്ങനെ തനതായ ചാലുകളിലൂടെ കുതിച്ചു പോകും. നിശ്ചയമായും അഷ്ടമൂര്‍ത്തിയും സന്തോഷിക്കുന്നുണ്ടാവണം.

അഷ്ടമൂര്‍ത്തിയുടെ അവധിക്കുള്ള അപേക്ഷപോലും വരാതെ ആ ആഴ്ച അവസാനിച്ചപ്പോള്‍ എനിക്ക് വേവലാതിയായി. അയാളെ പുറത്തെങ്ങും കാണാറില്ലെന്നും ആരോ പറഞ്ഞു.

അതുകൊണ്ടാണ് കഴിഞ്ഞ ഞായറാഴ്‌ച ഒരിക്കല്‍ക്കൂടി ഞാന്‍ ആ അഗ്രഹാരത്തിലേക്ക് പോയത്.

വിജനമായിരുന്നു ഉമ്മറം. ഞാനൊച്ചയുണ്ടാക്കി വരവറിയിച്ചു. ജനലയ്ക്കല്‍ പാട്ടിയുടെ മുഖം മിന്നിമറഞ്ഞു. ഇത്തിരിക്കഴിഞ്ഞേ അഷ്ടമൂര്‍ത്തി പുറത്തേക്കൂര്‍ന്നുവന്നുള്ളു.

ആകെ വികലമായിരുന്നു ആ രൂപം. കണ്ണുകള്‍ കലങ്ങിയിരുന്നു. ആ മുഖത്ത് അങ്ങിങ്ങ് നനുത്ത രോമങ്ങള്‍ വളഞ്ഞു കിടന്നു.

അയാള്‍ ഏറെനേരം തലകുനിച്ച് നിശ്ശബ്ദനായി ഇരുന്നു.

ഞാന്‍ വിമ്മിട്ടത്തോടെ ചോദിച്ചു. ‘എന്താ മൂര്‍ത്തി ഇങ്ങനെ?’

അയാള്‍ പൊട്ടിയൊഴുകി.

എന്റെ കൈത്തണ്ട പിടിച്ചമര്‍ത്തിക്കൊണ്ട് വിമ്മിവിങ്ങിക്കരഞ്ഞു.

എനിക്ക് ഒരാലംബം വേണമെന്നു തോന്നിപ്പോയി.

അയാളുടെ കരച്ചില്‍ വിരാമം കാണാതെ നീളുകയാണ്. പാട്ടിയുടെ ജരകാര്‍ന്ന ദീനമുഖം ജനാലയ്ക്കപ്പുറംനിന്ന് അനുതാപപൂര്‍വ്വം വീക്ഷിക്കുന്നുണ്ടായിരുന്നു.

“അവന്‍ സുന്ദരത്തെ നോക്കിക്കൊള്ളുകില്ലേ”? ഞാന്‍ ചോദിച്ചു.

അഷ്ടമൂര്‍ത്തി തേങ്ങിയതല്ലാതെ ഉരിയാടിയില്ല.

അവന്‍ റൊമ്പ നല്ല പയ്യന്‍. സാര്‍, പലതടവ് എങ്കിട്ടെ സുന്ദരത്തെ കേട്ടാന്‍. നാന്‍ ഒണ്ണുമേ ബദല്‍ സൊല്ലല്ലെ. കടിശിയാകെ നാന്‍ താന്‍ തിരുമണം അമൈത്ത് വൈത്തത്. അവന്‍ സുന്ദരത്തെ പൊന്നൈപ്പോലെ കാപ്പാററുവാന്‍. നേററു ഇരുവരുമാ കോയിലിക്കു വന്തിരുന്നത്… പാട്ടി വിക്കി വിക്കി പറഞ്ഞു കൊണ്ടിരിക്കുന്നു. “എന്നമോ. ഇവന്‍ ഇപ്പടിയേ അഴുതിട്ടേയിരിക്കിറാന്‍.”

ഞാന്‍ സാന്ത്വനിപ്പിക്കും മട്ടില്‍ ചോദിച്ചു.

“ഇതെല്ലാം ശരിയല്ലേ മൂര്‍ത്തീ?”

അയാള്‍ മുഖമുയര്‍ത്തിയില്ല. കണ്ണീരടക്കിയില്ല. എങ്ങോ നോക്കി തേങ്ങിത്തേങ്ങിയിരുന്നു. കൊച്ചു കുട്ടികളെപ്പോലെ ഓര്‍ത്തോര്‍ത്ത് ഇടയ്ക്കിടെ

തേങ്ങലിന് ആക്കം കൂട്ടി…

ശ്വാസം മുട്ടുന്ന ആ അന്തരീക്ഷത്തിന്റെ ഏതോ ഒരു ഞൊടിയില്‍ വച്ച് അയാള്‍ എന്തിനോ എന്റെ കൈയ് വിട്ടു. ഞാന്‍ എണീററു.

ഒരു യാത്രാവചനം എന്നോണം ചോദിച്ചു.

‘അഷ്ടമൂര്‍ത്തി നാളെ ഓഫീസില്‍ വരില്ലേ?’

പ്രതിമ കണക്കിരുന്ന് അയാള്‍ പ്രതിചോദ്യമുതിര്‍ത്തു.

“നാന്‍ വര്ണമാ സാര്‍…? വരണമാ…? എതര്‍ക്കു സാര്‍?…”

കണ്ണീരടരുന്ന ആ കുനിഞ്ഞ മിഴികള്‍ എന്റെ മനസ്സിലൊരു പ്രഹേളികയായി ഉത്തരം കിട്ടാതെ അലഞ്ഞുകൊണ്ടേയിരിക്കുന്നു.

(ദീപികം വാരിക, 1980 നവംബര്‍)