close
Sayahna Sayahna
Search

ഒമ്പതാം ദിവസം


ഒമ്പതാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ആരാണ് തന്നെ ആറു വെള്ളിക്കാശിന് അപ്പന് ഒറ്റിക്കൊടുത്തത്? ചേച്ചിയാണോ? സാറാണോ? അതോ വലിയിടത്തച്ചനോ? ആരായാലും മിന്നല്‍വേ­ഗത്തില്‍ കാര്യങ്ങള്‍ നടന്നു. ഞായറാഴ്ച പെണ്ണുകാണാന്‍ വരുമെന്ന് പറഞ്ഞത് ചേച്ചിയാണ്. ആലുവക്കാ­രനാണത്രെ. വരന് അവിടെ സ്റ്റേഷനറി കച്ചവടമാണ്.

‘വല്ല ബേക്കറിയോ ഐസ് ക്രീം പാര്‍ളറോ ആണെങ്കില്‍ ഞാനുടനെ സമ്മതിച്ചേനെ.’ അവള്‍ ചേച്ചിയോടു പറഞ്ഞു.

‘ഐക്രീം മേണം.’ നെല്‍സണ്‍ ആവശ്യമുന്നയിച്ചു.

‘കൊച്ചമ്മ ഒരു ഐസ് ക്രീം പാര്‍ളറുകാരനെ കെട്ടട്ടെ. എന്നിട്ട് മോന് ദിവസൂം ഐസ്‌ക്രീം കൊണ്ടുവരാം കേട്ടോ.’ നാന്‍സി അവനെ സമാധാനിപ്പിച്ചു.

നാന്‍സി വളരെ സന്തോഷത്തിലായിരുന്നു. ആദ്യമായി ഒരാള്‍ തന്നെ കാണാന്‍ വരുന്നു. അവള്‍ അങ്ങോട്ടു പോയി ആണ്‍പിള്ളേരെ കാണുകയല്ലാതെ ആണൊരുത്തന്‍ അവളെമാത്രം കാണാനായി വരുന്നത് ത്രില്ലുണ്ടാക്കുന്ന സംഭവമാണ്.

അവള്‍ രാജനോടു പറഞ്ഞു.

‘നാളെ എന്നെ കാണാന്‍ ആള്‍ വരുന്നു.’

‘ആരാണ് ആ ധൈര്യശാലി?’ അയാള്‍ എഞ്ചിന്‍റൂമില്‍നി­ന്നിറങ്ങാതെ സംസാരി­ക്കയാണ്.

‘ഇരുപത്താറു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍. നല്ല സുന്ദരന്‍.’

‘നീ ആളെ മുമ്പ് കണ്ടിട്ടുണ്ടോ?’

‘ഇല്ലാ.’

‘ഫോട്ടോ കണ്ടിട്ടുണ്ടാവും അല്ലേ?’

‘അതും ഇല്ല.’

‘പിന്നെ എങ്ങിനെ മനസ്സിലായി അയാള്‍ സുന്ദരനും സുശീലനു­മാണെന്ന്?’

‘നേരിട്ടു കാണുന്നതുവരെ എന്തിനാണ് കുറയ്ക്കുന്നത്?’ ‘അയാളെന്തു ചെയ്യുന്നു.’

‘ആലുവായില്‍ സ്റ്റേഷനറിക്കച്ചവടമാണ്.’

‘നന്നായി വരട്ടെ!’

‘ഞാനയാളെ കണ്ടശേഷം പറഞ്ഞാല്‍ മതി.’ അവള്‍ നടന്നുനീങ്ങി.

പെണ്ണുകാണാന്‍ വരുന്ന വിവരം പറഞ്ഞപ്പോള്‍ ഭാസ്‌കരന്‍­നായരുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നുവോ എന്നവള്‍ സംശയിച്ചു. സാറാണോ വില്ലനെന്നറിയാനെന്തു വഴി? അവള്‍ നുണ പറഞ്ഞു.

‘സാറിന്റെ കത്തു കിട്ടിയെന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്?’

‘എന്റെ കത്തോ? അയക്കാത്ത കത്തെങ്ങി­നെയാണ് നിന്റെ അപ്പന് കിട്ടുക?’

അവള്‍ ആശയക്കുഴപ്പത്തിലായി. ഭാസ്‌കരന്‍ നായരായിരിക്കില്ല തന്നെ ഒറ്റിക്കൊടുത്തത്. ഒന്നുകില്‍ ചേച്ചി, അല്ലെങ്കില്‍ വലിയിടത്തച്ചന്‍. ആരായാലും കണ്ടുപി­ടിച്ചാല്‍ ഉടനെ കൊന്നുകള­യണമെന്നവള്‍ തീര്‍ച്ചയാക്കി.

‘ഞാനിന്ന് കുറച്ചു നേരത്തെ പൊയ്‌ക്കോട്ടെ?’ നാന്‍സി ചോദിച്ചു.

‘എന്തിനാണ്?’

‘കോണ്‍വെന്റ് ജങ്ക്ഷനില്‍ പോണം. കുറച്ചു സൗന്ദര്യവസ്തുക്കള്‍ വാങ്ങണം. കാണാന്‍ വരുന്നത് നല്ല പയ്യനാ­ണെങ്കില്‍ എന്നെ പിടിക്കാതെ പോണ്ട.’

‘കുറച്ചധികം സാധനങ്ങള്‍ വാങ്ങേണ്ടിവരും.’

‘എന്തേ?’

‘ഇല്ലാത്ത ഒന്ന് ഉണ്ടാക്കലല്ലേ?’

‘ഈ സാറിനോട് ഞാന്‍ കൂടൂലാ കേട്ടോ!’

അവള്‍ക്കറിയാം ഭാസ്‌കരന്‍ നായര്‍ കളിപ്പിക്കയാണെന്ന്. അവള്‍ ശരാശരിയിലും മീതെയാ­യിരുന്നു. വെളുപ്പിനോടടുത്ത ഇരുനിറം. മിസ്സ് ഇന്ത്യയ്ക്ക് അസൂയയു­ണ്ടാക്കുന്ന വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. നീണ്ട വിരലുകളില്‍ ഭംഗിയുള്ള നീണ്ട നഖങ്ങള്‍. സ്വപ്‌നങ്ങള്‍ മയങ്ങുന്ന വലിയ കണ്ണുകള്‍. ചേച്ചിയുടെ നിറംകൂടി കിട്ടിയിരുന്നെങ്കില്‍ തന്നെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് അവള്‍ പറയാറ്. കര്‍ത്താവുമായി കണക്കുതീര്‍ക്കേണ്ട ഒരു കാര്യമായി അതവള്‍ കുറിച്ചിട്ടിരി­ക്കയാണത്.

കോണ്‍വെന്റ് ജങ്ക്ഷന്‍ യാത്ര ഒരു ദുരന്തമായിരുന്നു. പരിചയമുള്ള സെയില്‍സ്മാന്‍­മാരെല്ലാം അപ്രത്യക്ഷ­രായിരിക്കുന്നു. പുതിയ മുഖങ്ങള്‍. കാണാന്‍ കൊള്ളാവുന്ന ഒരു മുഖത്തിനു വേണ്ടി അവള്‍ കടകള്‍ കയറിയിറങ്ങി. ഒരൊറ്റ എണ്ണം? അവരൊക്കെ എവിടെപ്പോയി?

സ്റ്റേഷനിലെത്തിയപ്പോഴേയ്ക്ക് അവള്‍ ക്ഷീണിച്ചിരുന്നു.

‘എന്തുപറ്റീ നിനക്ക്?’ രാജന്‍ ചോദിച്ചു. ‘ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീര്‍ച്ചയാക്കി.’

നല്ല കാര്യമെന്നമട്ടില്‍ രാജന്‍ അവളെ അഭിനന്ദിച്ചുകൊണ്ട് നോക്കി.

‘ആത്മഹത്യക്ക് സ്റ്റേഷന്‍ പരിസരം ഒഴിവാക്കാന്‍ എന്താണ് വേണ്ടത്?’

‘ഒരു ഐസ്‌ക്രീം.’

‘അത്രയേ വേണ്ടൂ?’ അവര്‍ പ്ലാറ്റുഫോമിലെ കൗണ്ടറിലേയ്ക്കു നടന്നു.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജന്‍ പറഞ്ഞു.

‘ഞാന്‍ രണ്ടു ദിവസം ലീവിലായിരിക്കും.’

‘എന്താ കാരണം?’

‘അമ്മയ്ക്കു സുഖമില്ല. ഡോക്ടറെ കാണിക്കണം. ഒരുപക്ഷേ ആശുപത്രിയില്‍ രണ്ടു ദിവസം കിടക്കേണ്ടിവരും.’

‘ഐസ്‌ക്രീം വെറുതെയായി.’

‘എന്തേ?’

‘ഞാന്‍ ഇപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.’

രാത്രി കിടക്കുന്നതിനുമുമ്പ് അവള്‍ മേരിയോടു ചോദിച്ചു.

‘ആരുടെ ഐഡിയയാണ് ഈ പെണ്ണുകാണല്‍?’

‘അപ്പന്‍ ചിറ്റപ്പന് എഴുതിയതാണ്. ചിറ്റപ്പനാണ് ഈ ആലോചന കൊണ്ടുവന്നത്. എന്തേ?’

‘ഒന്നുമില്ല, ഭംഗിയായി എന്നു പറഞ്ഞതാ.’

ഡയറിയില്‍ ഒരു ദിവസത്തെ സ്ഥലം ഒഴിഞ്ഞു കിടന്നു. ഇനിയും രണ്ടോ മൂന്നോ ദിവസങ്ങള്‍ അങ്ങിനെ കിടക്കാനാണ് യോഗമെന്നു തോന്നുന്നു.