close
Sayahna Sayahna
Search

ഒരു കത്ത്


പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350

ഒരു കത്ത്

“പാവങ്ങൾ” ഇറ്റാല്യൻഭാഷയിൽ പ്രസിദ്ധീകരിച്ച മൊസ്സ്യു ഡെയിലിക്കു മൂലഗ്രന്ഥകാരൻ അയച്ചത്


‘ഹോത്തോവിൽ’ ഭവനം
ഒക്ടോബർ 18, 1862

സേർ,

“പാവങ്ങൾ” എന്ന പുസ്‌തകം എല്ലാ രാജ്യക്കാർക്കുംവേണ്ടി എഴുതപ്പെട്ടതാണെന്നു നിങ്ങൾ പറയുന്നതു ശരിയാണ്. അതു എല്ലാവരും വായിച്ചുനോക്കുമോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഞാൻ അത് എല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണ്. അതു ഇംഗ്ലണ്ടിലെന്നപോലെ സ്‌പെയിനും, ഇറ്റലിയെന്നപോലെ ഫ്രാൻസും, ജർമ്മനിയെന്നപോലെ ഐർലാണ്ടും, അടിമകളുള്ള പ്രജാധിപത്യരാജ്യമെന്നപോലെ അടിയാരുള്ള ചക്രവത്തിഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവച്ച് എഴുതപ്പെട്ടിട്ടുള്ളതാണ്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവനും വ്യാപിച്ചുകിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്‌ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ട് നിൽക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനു വേണ്ടി സ്‌ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം “പാവങ്ങൾ” എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണ്.’

നാമിപ്പോൾ കടന്നുപോരുന്നതും ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ പാവങ്ങളുടെ പേർ “മനുഷ്യൻ” എന്നാണ്; അവൻ എല്ലാരാജ്യത്തും കിടന്നു കഷ്ടപ്പെടുന്നു; എന്നല്ല, അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്നു.

ഈ ദുഃഖസ്ഥിതിയിൽനിന്ന് നിങ്ങളുടെ ഇറ്റലിക്ക് ഞങ്ങളുടെ ഫ്രാൻസിനെക്കാൾ ഒട്ടുമധികം ഒഴിവു കിട്ടിയിട്ടില്ല. പ്രശംസനീയമായ നിങ്ങളുടെ ഇറ്റലിരാജ്യത്തിന്റെ മുഖത്തുണ്ട് ഈ എല്ലാ കഷ്ടതകളും. ദാരിദ്ര്യത്തിന്റെ ശുണ്ഠിയെടുത്ത സ്വരൂപമാകുന്ന തട്ടിപ്പറി നിങ്ങളുടെ മലമ്പ്രദേശങ്ങളിൽ പാർത്തുവരുന്നില്ലേ? ഞാൻ ഈ ഗ്രന്ഥത്തിൽ നിദാനം നോക്കാൻ ശ്രമിച്ചിട്ടുള്ള കന്യകാമഠവ്രണംകൊണ്ട് ഇറ്റലിയെപ്പോലെ മറ്റധികം രാജ്യങ്ങളൊന്നും അളിഞ്ഞിട്ടില്ല. റോം, മിലാൻ, നേപ്പിൾസ്, പലെർമോ, ദ്യൂറിൻ, ഫ്‌ളോറൻസ്, സിയെന, പൈസ, മാൻത്വ, ബൊളോന, ഫെറാർ, ജെനോവ, വെനിസ്സ് എന്നീ പട്ടണങ്ങളും അന്തസ്സുകൂടിയ നഗരാവശേഷങ്ങളും, വീരധർമ്മാത്‌മകമായ ഒരു ചരിത്രവും, എല്ലാമിരുന്നാലും നിങ്ങൾ, ഞങ്ങളെപ്പോലെതന്നെ ദരിദ്രരാണ്. അദ്‌ഭുതവസ്‌തുക്കളാലും അണുകൃമികളാലും നിങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നിശ്ചയമായും, ഇറ്റലിയിലെ സൂര്യൻ പ്രകാശമാനൻതന്നെ; പക്ഷേ ഹാ കഷ്ടം, ആകാശത്തിലെ നീലനിറം മനുഷ്യദേഹത്തിൽ കീറത്തുണികളില്ലാതാക്കുന്നില്ല!

ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും അബദ്ധധാരണകളുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, പ്രജാപീഡനങ്ങളുണ്ട്, മതഭ്രാന്തുകളുണ്ട്, മൂഢങ്ങളായ ആചാരങ്ങളെ സഹായിക്കുന്ന അന്ധനിയമങ്ങളുമുണ്ട്. ഭൂതകാലത്തിന്റേതായ ഒരു വറുത്തിടത്തിലോടുകൂടിയല്ലാതെ, വർത്തമാനമോ ഭാവിയോ നിങ്ങൾക്കും സ്വാദുനോക്കാൻ കിട്ടുന്നില്ല. നിങ്ങൾക്ക് ഒരു കാട്ടാളനുണ്ട്, മതാചാര്യൻ; ഒരു കാടനുണ്ട്, യാചകൻ. സാമുദായികവാദം ഞങ്ങൾക്കുള്ളതുതന്നെയാണ് നിങ്ങൾക്കും. വിശപ്പുകൊണ്ടുള്ള മരണം നിങ്ങളുടെ ഇടയിൽ കുറച്ചുകുറവാണെങ്കിൽ, പനികൊണ്ടുള്ള മരണം കുറച്ചധികമുണ്ട്. സാമുദായികമായ ആരോഗ്യശാസ്ത്രം ഞങ്ങളുടേതിൽ നിന്ന് ഒട്ടുമധികം നല്ലതല്ല നിങ്ങളുടേത്; ഇംഗ്ലണ്ടിൽ പ്രോട്ടസ്റ്റണ്ടാകുന്ന (പുതിയ കൂറ്റുകാർ) അന്ധതകൾ ഇറ്റലിയിൽ കത്തോലിക്കാണ് (പഴയ കൂറ്റുകാർ); എന്നാൽ പേരു മാറിയെങ്കിലും നിങ്ങളുടെ പ്രധാന മതാചാര്യനും ഞങ്ങളുടെ മെത്രാനും ആളൊന്നാണ്; അർഥം എന്നെന്നും അന്ധകാരം. ഏതാണ്ട് രണ്ടും ഒരൊറ്റസ്സാധനം. വേദപുസ്തകത്തെ തെറ്റി വ്യാഖ്യാനിക്കുന്നതുപോലെത്തന്നെയാണ് ‘സുവിശേഷ’ത്തെ തെറ്റിദ്ധരിക്കുന്നത്.

ഇതിനെ ഊന്നിപ്പറയേണ്ടതുണ്ടോ? ഈ ദുഃഖമയമായ സമത്വത്തെ ഇനിയും പരിപൂർണ്ണമായി തെളിയിക്കേണ്ടതുണ്ടോ? നിങ്ങളുടെ ഇടയിൽ ദിവസവൃത്തിക്കില്ലാത്തവരില്ലേ? കീഴ്പോട്ടു നോക്കൂ. നിങ്ങളുടെ ഇടയിൽ കാൽതിരുമ്മികളില്ലേ? മേൽപോട്ടു നോക്കൂ. വ്യസനകരമാംവണ്ണം സ്വയം നിലയ്‌ക്കു നിർത്താൻ നോക്കുന്ന കടുംവറുതി, കാൽതിരുമ്മൽ എന്നീ രണ്ടു തട്ടുകളോടുകൂടിയ ആ ഭയങ്കരത്തുലാസ്സ്, ഞങ്ങളുടെയെന്നപോലെ, നിങ്ങളുടേയും മുമ്പിൽ ആടിക്കളിക്കുന്നില്ലേ? അധ്യാപകന്മാരാകുന്ന ഭടസംഘം, പരിഷ്‌കാരത്താൽ സ്വീകരിക്കപ്പെട്ട ഏകഭടസംഘം, എവിടെയുണ്ട്?

പ്രതിഫലം കൂടാതെയും നിർബന്ധമായും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന നിങ്ങളുടെ വിദ്യാലയമെവിടെ? ദാന്തെയുടെയും[1] മൈക്കേൽ ഏൻജലോവിന്റെയും[2] രാജ്യത്ത് എല്ലാവർക്കും വായിക്കാനറിയാമോ? നിങ്ങളുടെ പട്ടാളത്താവളങ്ങളെയെല്ലാം നിങ്ങൾ പാഠശാലകളാക്കിയിട്ടുണ്ടോ? ഞങ്ങൾക്കെന്നപോലെതന്നെ, നിങ്ങൾക്കും വലുതായ യുദ്ധച്ചെലവും കുറച്ചുമാത്രം വിദ്യാഭ്യാസച്ചെലവുമല്ലേ കൊല്ലംതോറും ആയവ്യയക്കണക്കിൽ കാണുന്നത്? പട്ടാളക്കരുടെ അനുസരണശീലമാക്കി ക്ഷണത്തിൽ മാറ്റിക്കളയാവുന്ന ആ എതിർനിൽപില്ലാത്ത അനുസരണശീലം നിങ്ങൾക്കുമില്ലേ? ഗാറിബാൾഡിയുടെ[3] നേരെ — അതായത് ഇറ്റലിയുടെ ജീവത്തായ അഭിമാനത്തിനു നേരെ-വെടിവയ്ക്കുക എന്ന അറ്റത്തോളം രാജ്യനിയമങ്ങളെ പിടിച്ചുന്തുന്ന പട്ടാളവ്യവസ്ഥ നിങ്ങളുടെ രാജ്യത്തുമില്ലേ? നിങ്ങളുടെ സാമുദായികസ്ഥിതിയെ ഒന്നു പരീക്ഷണം ചെയ്യട്ടെ. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അതിനെ നിർത്തി, സുസ്പഷ്ടമായ അതിന്റെ അപരാധങ്ങളെ ഒന്നു പരീക്ഷണം ചെയ്യട്ടെ; സ്ത്രീയേയും കുട്ടിയേയും എനിക്കൊന്നു കാണിച്ചുതരൂ. ഈ രണ്ട് അബലങ്ങളായ സത്ത്വങ്ങൾക്കും ചുറ്റുമുള്ള രക്ഷയുടെ തുകയനുസരിച്ചാണ് പരിഷ്‌കാരത്തിന്റെ നില അളക്കേണ്ടത്. നേപ്പിൾസിലെ വേശ്യാവൃത്തി പാരിസ്സിലുള്ളതിനേക്കാൾ കുറച്ചുമാത്രമേ ഹൃദയഭേദകമാകുന്നുള്ളുവോ? നിങ്ങളൂടെ രാജ്യനിയമങ്ങളിൽനിന്ന് പുറപ്പെടുന്ന സത്യസ്ഥിതിയുടെ തുകയെന്താണ്? നിങ്ങളുടെ കോടതിവിചാരണകളിൽനിന്ന് എത്രകണ്ട് നീതിന്യായം പുറപ്പെടുന്നുണ്ട്? കോടതിവിചാരണ, നിയമസംബന്ധിയായ മാനഭംഗം, കാരാഗൃഹം, തൂക്കുമരം, കൊലയാളി, മരണശിക്ഷാവിധി — ഈ വക അപകടം പിടിച്ച വാക്കുകളുടെ അർഥത്തെപ്പറ്റി അറിവില്ലാതിരിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടോ? അല്ലയോ ഇറ്റലിക്കാരെ, ഞങ്ങളെസ്സംബന്ധിച്ചേടത്തോളമെന്നപോലെ, നിങ്ങളുടേയും ഇടയിൽ ബിക്കാറിയ[4] മരിച്ചുപോയി; ഫാരിനെസ്സ്[5] ജീവിച്ചിരിക്കുന്നു. ഇനി നിങ്ങളുടെ ഭരണത്തിനുള്ള യുക്‌തികളെ ഒന്നു സൂക്ഷിച്ചുനോക്കട്ടെ. സദാചാരവും രാജ്യഭരണതന്ത്രവും ഒന്നാണെന്നറിയുന്ന ഒരു ഭരണാധികാരി സംഘം നിങ്ങൾക്കുണ്ടോ? വീരപുരുഷന്മാർക്കു മാപ്പുകൊടുക്കുക എന്ന ഘട്ടത്തിൽ നിങ്ങൾ എത്തിയിട്ടുണ്ട്! ഫ്രാൻസിലും ഇങ്ങനെയൊന്നു നടക്കുകയുണ്ടായി. നിൽക്കൂ, നമുക്ക് നമ്മുടെ കഷ്ടപ്പാടുകളെ പരിശോധിക്കുക; ഓരോരുത്തനും തനിക്കുള്ള മുതൽ കൂട്ടിവയ്‌ക്കുക; ഞങ്ങളെപ്പോലെത്തന്നെ നിങ്ങളും സമ്പന്നന്മാരാണ്. ഞങ്ങൾക്കെന്നപോലെത്തന്നെ നിങ്ങൾക്കും രണ്ടു ശിക്ഷാവിധികളില്ലേ — മതാചാര്യൻ കൽപിക്കുന്ന മതസംബന്ധിയായ ശിക്ഷയും, ന്യായാധിപന്മാർ കല്പിക്കുന്ന സാമുദായികമായ ശിക്ഷയും? അല്ലയോ ഇറ്റലിയിലെ മഹാജനങ്ങളേ, നിങ്ങൾ ഫ്രാൻസുകാരോടു ശരിയാണ്. കഷ്ടം, ഞങ്ങളുടെ സഹോദരന്മാരെ, നിങ്ങളും ഞങ്ങളെപ്പോലെതന്നെ പാവങ്ങളാണ്.

നിങ്ങൾ താമസിച്ചുപോരുന്ന അന്ധകാരത്തിന്റെ അഗാധതകളിൽനിന്നു ഞങ്ങളെക്കാൾ അധികമായി സ്വർഗത്തിലെ പ്രകാശമാനവും ദുരിതസ്ഥിതവുമായ പൂമുഖങ്ങളെ നിങ്ങളും കാണുന്നില്ല. ഒന്നുമാത്രം; മതാചാര്യന്മാർ തെറ്റിദ്ധരിച്ചിരിക്കുന്നു. ആ ദിവ്യങ്ങളായ പൂമുഖങ്ങൾ നമ്മുടെ മുൻപിലാണ്, പിന്നിലല്ല.

ഞാൻ ഇനിയും തുടങ്ങുന്നു. ഈ പുസ്തകം, “പാവങ്ങൾ”, ഞങ്ങളുടെ എന്നതിൽ ഒട്ടും കുറയാതെ, നിങ്ങളുടെയും കണ്ണാടിയാണ്. ചില ആളുകൾ, ചില വർഗക്കാർ, ഈ ഗ്രന്ഥത്തോടു ശണ്ഠയിടുന്നുണ്ട്-എനിക്കറിയാം. കണ്ണാടികളോടു, സത്യസ്ഥിതിയെ വെളിപ്പെടുത്തുന്നവയോട്, വെറുപ്പുണ്ടാവും; അതുകാരണം അവ പ്രയോജനശൂന്യങ്ങളാവുന്നില്ല.

എന്നെസ്സംബന്ധിച്ചിടത്തോളമാണെങ്കിൽ, ഞാൻ എന്റെ രാജ്യത്തിന്മേൽ അതിയായ സ്‌നേഹത്തോടുകൂടിയും, എന്നാൽ മറ്റൊരു രാജ്യത്തെക്കാളുമധികം ഫ്രാൻസിനായി മനസ്സിൽ സ്ഥലം കൊടുക്കാതെയും, സകലർക്കുംവേണ്ടിയാണ് ഇതെഴുതിയിട്ടുള്ളത്. പ്രായം കൂടുംതോറും ഞാൻ അധികമധികം ഒതുങ്ങുകയാണ് ചെയ്യുന്നത്; മനുഷ്യസമുദായത്തോടുള്ള സ്‌നേഹം അത്രമേൽ എനിക്ക് വർധിക്കുകയും ചെയ്യുന്നു.

എന്നല്ല, എത് ഈ കാലത്തെ അനുസരിച്ചുള്ള ഗതിഭേദമാണ്-ഫ്രാൻസിലെ ഭരണപരിവർത്തനത്തിന്റെ സുസ്‌പഷ്ടഫലം. പുസ്തകങ്ങൾ ഫ്രഞ്ചോ ജർമ്മനോ സ്‌പാനിഷോ ഇംഗ്ലീഷോ എന്ന നില പോകണം — യൂറോപ്യനാവണം, പരിഷ്‌കാര വ്യാപ്‌തിയെ അനുസരിക്കണമെങ്കിൽ അധികമധികം മാനുഷമായിരിക്കണമെന്നു ഞാൻ പറയും.

അതിനാൽ മുൻകാലത്ത് ഇടുങ്ങിയവയും മറ്റുള്ളവയെപ്പോലെതന്നെ മേലാൽ വലുതായിവരേണ്ടവയുമായ വാസനയുടെയും ഭാഷാഗതിയുടെയും സ്ഥിതികളെ, എന്നില്ല സകലത്തെയും, മാറ്റിത്തീർക്കുന്നവിധം കലാവിദ്യയേയും പ്രതിപാദനരീതിയേയും സംബന്ധിച്ച് ഒരു നൂതനമീമാംസാഗ്രന്ഥം ആ ഭരണപരിവർത്തനത്തിൽ നിന്നാണുണ്ടായത്.

ഫ്രാൻസിലെ ചില നിരൂപകന്മാർ, എന്റെ അപരിമിതമായ ആഹ്ലാദത്തിന്, ‘ഫ്രാൻസുകാരുടെ സഹജമായ രുചിഭേദം’ എന്ന് അവർ പറയുന്ന ഒന്നിന്റെ അതിർവരമ്പുകളെ ഞാൻ അതിക്രമിച്ചിരിക്കുന്നു എന്ന് അധിക്ഷേപിക്കുകയുണ്ടായി; ഈ സ്‌തുതിയെ അർഹിക്കുന്നന്നുണ്ടെങ്കിൽ, ഞാൻ കൃതാർഥനത്രേ.

ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്നെക്കൊണ്ടു കഴിയുന്നതും പ്രവർത്തിക്കുന്നു; എല്ലാവർക്കുമായുള്ള കഷ്ടപ്പാടുകൊണ്ട് ഞാനും കഷ്ടപ്പെടുന്നു; ഞാൻ അതിനെ കുറയ്‌ക്കാൻ ശ്രമിക്കുകയാണ്. ഒരു മനുഷ്യന്റെ നിസ്സാരശക്‌തികൾ മാത്രമേ എനിക്കുള്ളൂ. ഞാൻ എല്ലാവരുമായി ഉച്ചത്തിൽ പറയുന്നു: ‘എന്നെ സഹായിക്കണേ!’

‘സേർ, ഇതാണ് നിങ്ങളുടെ കത്തു വായിച്ചിട്ട് എനിക്കു പറയാൻ തോന്നിയത്; ഇതു ഞാൻ നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ രാജ്യത്തിനുവേണ്ടിയും പറയുന്നു. ഞാൻ അത്ര ശക്‌തിയിൽ ഊന്നിപ്പറയുന്നുണ്ടങ്കിൽ, അത് നിങ്ങളുടെ കത്തിലെ ഒരു വാചകം കാരണമാണ്. നിങ്ങൾ എഴുതുന്നു:

‘ഇങ്ങനെ പറയുന്ന ചില ഇറ്റലിക്കാരുണ്ട്, അവരുടെ എണ്ണം കുറവില്ലതാനും: ‘ഈ പുസ്‌തകം, “പാവങ്ങൾ”, ഒരു ഫ്രഞ്ചുപുസ്‌തകമാണ്. നമുക്ക് ഇതുകൊണ്ട് പ്രയോജനമില്ല. ഫ്രാൻസുകാർ ഇതൊരു ചരിത്രമായി വായിക്കട്ടെ; നമ്മൾ ഇതൊരു കെട്ടുകഥയായി മാത്രം വായിച്ചുനോക്കും.’ കഷ്ടം! ഞാൻ ഒരിക്കൽക്കൂടി പറയുന്നു; നമ്മൾ ഇറ്റലിക്കാരായാലും ഫ്രാൻസുകാരായാലും കഷ്ടപ്പാടു നമ്മെയെല്ലാം ബാധിക്കുന്നു. ചരിത്രം എഴുതിത്തുടങ്ങിയതുമുതൽ, തത്ത്വശാസ്ത്രം മനനം ചെയ്യപ്പെട്ടുവന്നതുമുതൽ, കഷ്ടപ്പാടു മനുഷ്യവർഗ്ഗത്തിന്റെ ഉടുപ്പാണ്; ആ പഴന്തുണിയെ പറിച്ചുകീറിക്കളഞ്ഞ്, മനുഷ്യസമുദായത്തിന്റെ നഗ്നശരീരത്തിൽ, ഭൂതകാലത്തിന്റെ ആ അപകടം പിടിച്ച വസ്‌ത്രത്തിന്റെ സ്ഥാനത്ത്, പ്രഭാതത്തിന്റെ മാഹാത്മ്യമേറിയ പള്ളിയുടുപ്പണിയിക്കാനുള്ള കാലം അത്യാസന്നമായിരിക്കുന്നു.

ചില മനസ്സുകളെ വെളിച്ചം വെപ്പിക്കാനും ചില തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും ഈ കത്ത് ഉപയോഗപ്പെടുമെന്നു തോന്നുന്ന പക്ഷം, സേർ ഇത് പ്രസിദ്ധീകരിക്കുവാൻ നിങ്ങൾക്കധികാരമുണ്ട്. എന്റെ ക്ഷേമാശംസകളെ നിശ്ചയമായും ഞാൻ വീണ്ടും നിങ്ങൾക്കായർപ്പിക്കുന്നതിനെ സ്വീകരിക്കണമെന്നു പ്രാർത്ഥിക്കുന്നു.

— വിക്‌തോർ യൂഗോ


കുറിപ്പുകൾ

  1. ഇറ്റലിയിലെ കവിസാർവ്വഭൗമൻ.
  2. ഇറ്റലിയിലെ അദ്വിതീയനായ ശില്പശാസ്ത്രജ്ഞൻ.
  3. ഇറ്റലിയിലെ സ്വതന്ത്രമാക്കിയ സുപ്രസിദ്ധ സ്വരാജ്യസ്നേഹി.
  4. സദാചാരത്തിന്റെയും രാജ്യഭരണതന്ത്രത്തിന്റെയും തത്ത്വങ്ങളെപ്പറ്റി ഈ ഇറ്റലിക്കാരൻ അനവധി ഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ട്. ‘കുറ്റങ്ങളും ശിക്ഷകളും’ എന്നതാണ് സുപ്രസിദ്ധം.
  5. ഇറ്റലിയിലെ ഒരു നോവലെഴുത്തുകാരൻ.