close
Sayahna Sayahna
Search

ഓഈ കെന്‍സാബുറോ


ഓഈ കെന്‍സാബുറോ
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

നവീന ജാപ്പനീസ് സാഹിത്യം ആരില്‍ സമാരംഭിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ വൈഷമ്യമുണ്ട്. 1968-ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ യാസൂനാരീ കാവാബാത്തയിലാണ് നവീനത പുഷ്പിക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേസമയം ജൂനിചീറോ താനീസാക്കി, യൂക്കിയോ മിഷീമ, കോബോ ആബേ ഈ നോവലിസ്റ്റുകളും നവീനതയുടെ ഉദ്ഘോഷകരാണെന്നു പറയാം. ഓരോ സാഹിത്യകാരന്റെയും രചനകള്‍ ജാപ്പനീസ് സാഹിത്യത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ചിട്ടുണ്ടു്. എന്താണ് ജാപ്പനീസ് സാഹിത്യത്തിലെ നവീനത? ജപ്പാനിലെ സാഹിത്യത്തിനു സുശക്തമായ പാരമ്പര്യമുണ്ട്. ആ പാരമ്പര്യം ഷീക്കീബു മൂറാസാക്കിയുടെ അത്യുല്‍കൃഷ്ടമായ ‘Tale of Genji’ എന്ന നോവലില്‍ ആരംഭിക്കുന്നു. മൂറാസാക്കിയുടെ പാരമ്പര്യമാണ് തന്റെയും പാരമ്പര്യമെന്നു കാവാബാത്ത സമ്മതിച്ചിട്ടുണ്ടു്. എങ്കിലും പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനതയ്ക്ക് അദ്ദേഹവും മറ്റുള്ള നോവലിസ്റ്റുകളും വിധേയരായി. ഈ രണ്ടു ഘടകങ്ങളെയും സമഞ്ജസമായി സമ്മേളിപ്പിച്ചതിലാണ് ജാപ്പനിസ് സാഹിത്യത്തിന്റെ നവീനത നമ്മള്‍ കാണേണ്ടത്. താനീസാക്കിയില്‍ പോ, വൈല്‍ഡ്, ബോദ ലേര്‍ ഈ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരുടെ സ്വാധീനത കാണാം. ദസ്തെയെവ്സ്കിയുടെ ആധിപത്യമാണ് മിഷീമയുടെ കൃതികളിലുള്ളത്. കാഫ്കയുടെ അവലംബമില്ലാതെ കോബോ ആബേയ്ക്ക് ഒന്നുമെഴുതാന്‍ വയ്യ. എങ്കിലും ദാസ്യമനോഭാവമെന്നു പറയാന്‍ കഴിയാത്ത വിധം ഈ രണ്ടംശങ്ങളെയും ഇവർ യോജിപ്പിച്ചിരിക്കുന്നതുകൊൻട് ഓരോ കൃതിയും മൗലികതയുടെ പ്രകാശം പ്രസരിപ്പിക്കുന്നു. കാവാബാത്തയുടെ ‘Snow Country’. മിഷീമയുടെ ‘The Sea of Fertility’, താനീസാക്കിയുടെ ‘Diary of a Mad Old Man’, കോബോ ആബേയുടെ ‘The Woman in the Dunes’ ഈ നോവലുകള്‍ പാരമ്പര്യാധിഷ്ഠിതങ്ങളാണ്: അതേസമയം പടിഞ്ഞാറന്‍ സാഹിത്യത്തിന്റെ സ്വാധീനതയില്‍ പെട്ടവയുമാണ്. ഇവിടെപ്പറഞ്ഞ ഈ സവിശേഷതയാല്‍ അനുഗൃഹീതമാണ് ഈ മാസം 13-നു-നോബല്‍ സമ്മാനം നേടിയ ഓഈ കെന്‍സാബൂറോയുടെ നോവലുകളും ചെറുകഥകളും.1935-ല്‍, ജപ്പാന്റെ വടക്കുകിഴക്കേ ഭാഗത്തുള്ള ഏറ്റീമേയില്‍ ഇദ്ദേഹം ജനിച്ചു 1957-ല്‍ പ്രസിദ്ധപ്പെടുത്തിയ The Extravagance of the Dead എന്ന കൃതിക്ക് ‘ആക്കൂത്താഗാവാ സമ്മാനം’ ലഭിച്ചതോടെ കെന്‍സാബൂറോ ജപ്പാനിലെങ്ങും അറിയപ്പെട്ട സാഹിത്യകാരനായി. ‘Personal Matter’, ‘Silent cry’ ഇവയുടെ പ്രസാധനം അദ്ദേഹത്തിന് രാഷ്ട്രന്തരീയ പ്രശസ്തി നേടിക്കൊടുത്തു. ഇപ്പോള്‍ നോബല്‍സമ്മാനവും. മഹാനായ ഈ സാഹിത്യകാരനെക്കുറിച്ച് യൂക്കിയോ മിഷീമ പറഞ്ഞത് ഓര്‍മ്മിക്കേണ്ടതാണ്.

Sealed in the test-tubes of the laboratory of the school of attraction for our first three extracts, our reader will breathe the free air of the outside world of social and historical relationships in the next choice. Even so, the outside world in this instance is one thoroughly recoloured and reconstituted by the forceful individuality of the author, Oe Kenzaburo in ‘The Catch’: As a young writer in his thirties, Oe is representative of Japanese youth, and his rich talent is already widely acknowledged internationally as a result of translations of ‘An Individual Experience’ and other novels.

ഏതാണ്ട് മുപ്പതു വര്‍ഷം മുന്‍പുതന്നെ മിഷീമ ഇന്നത്തെ നോബല്‍ സമ്മാനാര്‍ഹന്റെ മഹത്ത്വം മനസ്സിലാക്കി. ‘സുശക്തമായ വ്യക്തിത്വം’, ‘സമ്പന്നമായ പ്രതിഭ ഇവയൊക്കെയാണ് അദ്ദേഹം കെന്‍സാബൂറോയുടെ രചനകളില്‍കണ്ടത്. വിശേഷിച്ചും ‘The Catch’ എന്ന നോവ്‌ലെറ്റില്‍ ‘ബന്ധനസ്ഥനാക്കപ്പെട്ട കുറ്റവാളി’–The Catch–എന്ന ദീര്‍ഘമായ കഥയെക്കുറിച്ചാവട്ടെ ഇവിടത്തെ പ്രതിപാദനം. നോവലുകള്‍ വിസ്തരിച്ചുള്ള പ്രതിപാദനം അര്‍ഹിക്കുന്നതുകൊണ്ടും ഇക്കഥ കെന്‍സാബൂറോയുടെ രചനയുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടും കഥാവിമര്‍ശനം പര്യാപ്തമാകുമെന്നാണ് ഈ ലേഖകന്റെ വിചാരം.

ഒരു ശ്മശാനത്തിന്റെ വര്‍ണ്ണനത്തോടു കൂടിയാണ് കഥയുടെ തുടക്കം. അതു പറയുന്നത് ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്. അവന്‍ രണ്ടുദിവസം മുന്‍പു കണ്ട കാഴ്ച ഭീതിദമായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പ്രായംകൂടിയ അനേകം കാലുകളുടെ നിരയ്ക്കിടയിലൂടെ അവന്‍ നോക്കിയപ്പോള്‍ പട്ടടയില്‍വച്ച ശവത്തിന്റെ നഗ്നമായ വയറ് ശൂന്യാകാശത്തിലേക്ക് ഉയര്‍ന്നുനില്ക്കുന്നതു കണ്ടു. സഹോദരന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് അവന്‍ വേഗം നടന്നുകളഞ്ഞു. മരിച്ചയാളിന്റെ ഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലേക്കു കയറി; ചില വൻടുകളെ വിരലുകള്‍ക്കിടയില്‍വച്ചു ഞെരിച്ചാലുണ്ടാകുന്ന നാറ്റംപോലെയൊരു നാറ്റം. ഇങ്ങനെ ഏതാനും വാക്യങ്ങള്‍ കൊണ്ടു കഥയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കെന്‍–സാബൂറോ പ്രധാനപ്പെട്ട വിഷയത്തിലേക്കു ചെല്ലുന്നു. അവിശ്വസനീയമായ വലിപ്പമുള്ള ഒരു വിമാനം ഭയം ജനിപ്പിക്കുന്ന വേഗത്തില്‍ കടന്നുപോയി. ‘അതാ ശത്രുവിമാനം’ എന്ന് മറ്റൊരു ബാലന്‍ വിളിച്ചു പറഞ്ഞു. ‘ശത്രു വന്നുകഴിഞ്ഞു’ എന്ന് അവന്‍ വീണ്ടും. പ്രഭാതമായപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കഥ പറയുന്നവനും മറ്റുള്ളവരും കേള്‍ക്കുകയായി. ശത്രുവിമാനം ഫിര്‍വനത്തില്‍ തകര്‍ന്നുവീണ ശബ്ദമായിരുന്നു അത്. ശത്രുഭടന്മാര്‍ എങ്ങനെയിരിക്കുമെന്ന് അറിയാന്‍ ഒരു ബാലന് ആഗ്രഹം. വിദേശികളായ വൈമാനികര്‍ ദേവദാരുമരങ്ങളുടെമുകളില്‍ തങ്ങിക്കൊണ്ട് തന്നെയും മറ്റുള്ളവരെയും നോക്കുന്നുണ്ടെന്ന് കഥ പറയുന്ന ബാലന്‍ വിചാരിച്ചു. പക്ഷേ അതൊന്നുമില്ല. വിമാനത്തിലെ രണ്ടുപേര്‍ കത്തിയെരിഞ്ഞുപോയി. ഒരുത്തന്‍–കറുത്ത തടിയന്‍–പാരഷൂട്ടിന്റെ സഹായത്തോടെ താഴേക്കു പോന്നു. അയാള്‍തന്നെയാണ് ബന്ധനസ്ഥനാക്കപ്പെട്ട കുറ്റവാളി. ‘അവന്‍ നീഗ്രോ. യഥാര്‍ത്ഥത്തില്‍ നീഗ്രോ’ എന്ന് എല്ലാവരും ഉച്ചത്തില്‍പ്പറഞ്ഞു. സായാഹ്നസമയത്താണ് ഗ്രാമീണര്‍ അയാളെ ദേവദാരു മരങ്ങളുടെ വനത്തില്‍ കണ്ടത്. ലജ്ജയില്ലാതെ. ഔചിത്യമില്ലാതെ അയാള്‍ അല്പമകലെനിന്നു വളരെനേരം മൂത്രമൊഴിച്ചത് ഗ്രാമീണരെ അമ്പരപ്പിച്ചു.

നീഗ്രോ ഗ്രാമത്തിലുള്ളവരുടെ തടവുകാരനായി. അയാളെ പൊലീസില്‍ ഏല്പിക്കുന്നത് പിന്നീടാവട്ടെ എന്നാവാം അവരുടെ വിചാരം നീഗ്രോഭടനെ മൃഗത്തെപ്പോലെ അവര്‍ ബന്ധനസ്ഥനാക്കി താടി കാല്‍മുട്ടില്‍ച്ചേര്‍ത്തു രക്തരൂഷിതങ്ങളായ കണ്ണുകളോടെ നീഗ്രോ തടവറയില്‍ ഇരിക്കും. ബാലന്റെ അച്ഛന്‍ തോക്കു ചൂണ്ടിക്കൊണ്ട് അയാള്‍ക്കു ഭക്ഷണം കൊടുക്കും എന്തൊരാര്‍ത്തിയോടെയാണ് കുറ്റവാളി അതൊക്കെ വലിച്ചുവാരി തിന്നുന്നത്! ദിവസങ്ങള്‍ കഴിയുന്തോറും ഗ്രാമീണരുടെ കോപം കുറഞ്ഞുകുറഞ്ഞു വന്നു. നീഗ്രോ വടിവൊത്ത പല്ലുകള്‍ കാണിച്ചു ചിരിച്ചു. അവരോടൊത്തു കളിച്ചു. ഗ്രാമീണരോടൊത്ത് അയാള്‍ നടത്തം തുടങ്ങി. നീരുറവയില്‍ച്ചെന്നു കുളിച്ചു. വെള്ളം തെറ്റിയൊഴിച്ചു കളിച്ചു. അങ്ങനെയിരിക്കെ ഗ്രാമീണരില്‍ ഒരുവന്‍ പറഞ്ഞു നീഗ്രോയെ പൊലീസില്‍ ഏല്പിക്കാന്‍ പോകുന്നുവെന്ന്. അതറിഞ്ഞപ്പോള്‍ കഥ പറയുന്ന കുട്ടിക്കു സങ്കടം. നീഗ്രോയെ പൊലീസിന് വിട്ടുകൊടുത്താല്‍ ഗ്രാമത്തില്‍ പിന്നെ എന്തവശേഷിക്കും?; ഉഷ്ണകാലത്തിന്റെ ഒഴിഞ്ഞ തോടല്ലാതെ. ബാലന്‍ സ്നേഹപൂര്‍വം നീഗ്രോയുടെ അടുക്കലെത്തി അയാളുടെ തോള് പിടിച്ചു കുലുക്കി. അയാള്‍ പൊടുന്നനെ ചാടിയെഴുന്നേറ്റ് വന്മരമെന്നപോലെ അവന്റെ മുന്‍പില്‍ ഉയര്‍ന്നുനിന്നു. ബാലനെ അയാള്‍ കശക്കി. കഴുത്തു ഞെക്കിക്കൊല്ലാനുള്ള യത്നം. ജനക്കൂട്ടത്തില്‍നിന്ന്, അവന്റെ അച്ഛന്‍ വെട്ടുകത്തിയുമായി പാഞ്ഞുകയറി. നീഗ്രോയുടെ തലയില്‍ ഒറ്റവെട്ട്. അയാളുടെ പിടിയിലമര്‍ന്നിരുന്ന ബാലന്‍ രക്ഷപ്പെട്ടു. അവന്റെ കൈ ഒടിഞ്ഞുപോയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടില്ല. ഗ്രാമീണര്‍ ചിതയൊരുക്കി. സംഘട്ടനത്തിനിടയില്‍പ്പെട്ട് ഒരു കൃത്രിമക്കാലുള്ള ‘ക്ളാര്‍ക്കും’ മരണമടഞ്ഞു. നീഗ്രോയെ ദഹിപ്പിക്കാന്‍ തേടിയെടുത്ത തടിക്കഷണങ്ങള്‍കൊണ്ടു് അയാളെയും ദഹിപ്പിച്ചേക്കാമെന്നു ബാലന്‍ വിചാരിച്ചു. കഥ അവസാനിക്കുന്നു. ‘With tear-filled eyes, I looked up at the narrow white stretch of sky where twilight still lingered, then set off, down the field in search of my brother.

പെസിഫിക്‌ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നീണ്ടകഥ ജപ്പാന്റെ രണോത്സികതയെയാകെ ആവിഷ്കരിക്കുന്നു. ആ സമരാസക്തി അവര്‍ക്കുണ്ടാക്കിയത് അവര്‍തന്നെയാണോ അതോ പടിഞ്ഞാറന്‍ രാജ്യങ്ങളോ? അറിവില്ല. പക്ഷേ ദീര്‍ഘകാലമായി അതു നിലനില്ക്കുന്നു. അവര്‍ ശത്രുക്കളെ നിഗ്രഹിക്കും. അവലംബമില്ലെന്നു കണ്ടാല്‍ സ്വയം ജീവനൊടുക്കും. ജനങ്ങളുടെ നേതാവായ ധൈഷണിക മണ്ഡലത്തിലെ നായകനായ ആക്കുത്താഗാവാ ആത്മഹത്യ ചെയ്തു. വേറൊരു മഹാനായ സാഹിത്യകാരന്‍ യൂക്കിയോ മിഷീമ വയറുകീറി ആത്മഹനനം നടത്തി. ജീവന്‍ പോകുന്നില്ലെന്നു കണ്ടപ്പോള്‍ മിഷീമയുടെ സ്നേഹിതന്‍ ആ യത്നത്തിനു സമ്പൂര്‍ണ്ണത നല്കി സ്വന്തം വാളുകൊണ്ട്. അന്യഹനനത്തിലും ആത്മഹനനത്തിലും തല്‍പരരായ ജപ്പാന്‍ ജനതയുടെ രണോത്സുകത ഓഈ കെന്‍സാബൂറോയുടെ ഈ കഥയിലും പ്രതിഫലിക്കുന്നു. തങ്ങളുടെ വീര്യം കെടുത്താന്‍ ജപ്പാന്‍ ജനത ആരെയും സമ്മതിക്കില്ല. കുട്ടികള്‍ അവരുടെതായ നിഷ്കളങ്കതകൊണ്ടു ശത്രുവിനെ മിത്രമായി കരുതിയെങ്കിലും ശത്രുവിന്റെ പക അവന്റെയുള്ളില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. താന്‍ വധിക്കപ്പെടുമെന്നു കണ്ടപ്പോള്‍ അയാള്‍ കുട്ടിയെപ്പോലും കൊല്ലാന്‍ തയ്യാറായി തലയില്‍ വെട്ടേറ്റ് അയാള്‍ക്കു മരിക്കേണ്ടതായി വന്നു. ആക്രമണകാരിയെ മനുഷ്യത്വത്തോടു വീക്ഷിക്കാന്‍ ജപ്പാന്‍ ജനതയ്ക്കറിയാം. പക്ഷേ അയാള്‍ ആക്രമണോത്സുകനായാല്‍ അവര്‍ കണ്ടുനില്ക്കില്ല. ജപ്പാന്റെ ആത്മവീര്യം എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കും എന്ന് കെന്‍സാബൂറോയും പ്രഖ്യാപിക്കുന്നു.

കഥ പറയുകയല്ല പ്രതിഭാശാലികളായ എഴുത്തുകാര്‍. അവര്‍ സംഭവങ്ങള്‍ കാണിച്ചു തരികയാണ്. ദൃഷ്ടിഗതങ്ങളായ ആ സംഭവങ്ങളിലൂടെയാണ് മുകളില്‍പ്പറഞ്ഞ സമരോത്സുകത ഒരു ഉപോല്‍പന്നമായി രൂപം കൊള്ളുന്നത്. കെന്‍സാബൂറോയുടെ ആഖ്യാനം ഒരു നാടകീയ ഘടനയിലൂടെ വിരാജിക്കുന്നു. കഥ വായിക്കുമ്പോള്‍ പാരായണം നിര്‍വഹിക്കുന്നു എന്ന തോന്നല്‍ നമുക്കുണ്ടാവില്ല. നമ്മള്‍ ഓരോ സംഭവവും കാണുന്നതേയുള്ളു. മിഷീമ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ വേറൊരു വാക്യം എടുത്തെഴുതിക്കൊണ്ടു് ഞാനിത് അവസാനിപ്പിക്കാം. ‘Already a prolific writer, Oe’s thorough command of sensual imagery, his highly evocative poetic style and his humorous deformation of reality have made him the idol of Japanese youth’ ജപ്പാന്റെ തലമുറയുടെ മാത്രമല്ല ലോകജനതയുടെയാകെ ആരാധനാവിഗ്രഹമായി മാറിയിരിക്കുന്നു കെന്‍സാബൂറോ.