close
Sayahna Sayahna
Search

ഓരോരുത്തർക്ക് ഓരോ ജീവിതം


ഓരോരുത്തർക്ക് ഓരോ ജീവിതം
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

നാലോ അഞ്ചോ വയസ്സിലാണ് രമ അച്ഛനെക്കുറിച്ച് ചോദിച്ചത്. എല്ലാവർക്കും അച്ഛനുണ്ടാവണമെന്ന അറിവ് അവ ൾ പുതുതായി സ്‌കൂളിൽനിന്നു സമ്പാദിച്ചതാണ്. മുട്ടുകുത്തിയിരുന്ന് അവളുടെ ഉടുപ്പ് അഴിച്ചു കൊടുക്കുന്ന അമ്മ പറഞ്ഞു.

‘മോക്കും ഒരച്ഛന്ണ്ട്.’

‘ശരിക്കും?’

‘അതെ മോളെ, മോക്കും ഒരച്ഛന്ണ്ട്.’

‘എവിടെ?’

‘എവിട്യാണ്‌ന്നൊന്നും അമ്മയ്ക്കറീല്ല്യ.’

‘എന്താമ്മേ അങ്ങിനെ?’

കുറച്ചുനേരത്തെ മൗനത്തിനുശേഷം അമ്മ പറഞ്ഞു. ‘ഓരോരുത്തർക്ക് ഓരോ ജീവിതംണ്ട് മോളെ. നമ്ക്ക് ആ ജീവിതേ ജീവിക്കാൻ പറ്റൂ.’

‘എന്നാന്റച്ഛൻ വര്വാ അമ്മേ?’

അമ്മ ധൃതിയിൽ അവളെ പിടിച്ച് കുളിമുറിയിലേയ്ക്കു കൊണ്ടുപോയി. മേൽ കഴുകിച്ചശേഷം ഉടുപ്പിടുവിച്ച് അവൾക്ക് ദോശ കൊടുത്തു. ദോശ കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു.

‘എന്നാന്റച്ഛൻ വര്വാ അമ്മേ?’

‘നീയൊന്ന് മിണ്ടാതിരിക്ക്.’

സാവിത്രിയമ്മ അടുക്കളയിലേയ്ക്കു വരുന്ന ശബ്ദം കേട്ടു. അതിനുമുമ്പ് ഈ സംസാരം നിർത്തണമെന്നുണ്ടായിരുന്നു അമ്മാളുവിന്.

‘എന്താ മോള് പറയണത് അമ്മാള്വോ?’

‘ഒന്നുംല്ല്യ സാവിേത്ര്യമ്മേ.’

ഈ ഒരു വിഷയം തന്റെ യജമാനത്തിയുടെ മുമ്പിൽ വച്ച് അഴിക്കാൻ അമ്മാളുവിന് താല്പര്യമുണ്ടായിരുന്നില്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ അവളും മകളും ഈ നല്ല സ്ത്രീയുടെ ഔദാര്യത്തിൽ കഴിയുന്നു. ഒരു വേലക്കാരിയെന്നതിനപ്പുറത്തൊന്നും അവൾ അവരിൽനിന്നോ അവരുടെ ഭർത്താവിൽനിന്നോ പ്രതീക്ഷിക്കുന്നില്ല. സ്വന്തമായി കുട്ടികളില്ല എന്നതുകൊണ്ടാവണം അവർക്ക് രമയെ ഇഷ്ടമാണ്.

‘എന്നാന്റച്ഛൻ വര്വാ ആന്റീ?’

‘മോളടെ അച്ഛൻ മോളടെ കല്യാണത്തിന് വരും, പോരെ?’

ഇത് പഴയ ഓർമ്മയാണ്. അതിനുശേഷം ആ നല്ലവരായ ഭാര്യയും ഭർത്താവും തന്നെ ദത്തെടുത്തു. അമ്മ അമ്മയുടെ പഴയ ജീവിതംതന്നെ തുടർന്നു. അവർ അതുവരെ കിടന്നിരുന്ന ഇടുങ്ങിയ മുറിയിൽത്തന്നെ കിടന്നു. എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞാൽ മാത്രം സ്വന്തം വിളമ്പിക്കഴിച്ചു. മകളുടെ കാര്യത്തിൽ ഒരുതരം അവകാശവും കാണിച്ചില്ല. താൻ ജോലിയെടുക്കുന്ന വീട്ടിലെ യജമാനത്തിയുടെ മകളോടെന്നപോലെ പെരുമാറി. ആദ്യമെല്ലാം രമയ്ക്കതു വേദനാജനകമായി തോന്നിയിരുന്നു. പിന്നെ എല്ലാം സാധാരണ മട്ടിലായി. മകൾക്കൊരു നല്ല ജീവിതം കൊടുക്കാൻ ആ അമ്മ ചെയ്ത ത്യാഗം ഓർക്കുമ്പോൾ കണ്ണുകൾ ഈറനാവും.

പാർക്കിൽ തനിക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരൻ ചോദിച്ചു.

‘രമേടെ അച്ഛൻ പിന്നെ വന്നിട്ടേയില്ലേ?’

‘ഇല്ല.’

‘ഞാൻ ഇതൊക്കെ ചോദിക്കണതില് വെഷമൊണ്ടോ?’

‘ഇല്ല, സുരേന്ദ്രന് എന്തും ചോദിക്കാനുള്ള അധികാരംണ്ടല്ലോ.’ ഇടത്തെ കയ്യിലെ മോതിരവിരലിൽ നിശ്ചയദിവസം അയാൾ അണിയിച്ച കല്യാണമോതിരം ഉയർത്തിക്കാട്ടി രമ പറഞ്ഞു.

‘കഴിഞ്ഞ ഒരു മാസായിട്ട് എനിക്ക് ആ വിശ്വാസം വന്നിട്ട്ണ്ട്, രമ്യോട് എന്തു വേണമെങ്കിലും സംസാരിക്കാംന്ന്.’

അതാണ് നല്ലത്. മനസ്സ് തുറക്കുക, ഒന്നും ബാക്കിവയ്ക്കാതെ.

‘എന്റെ ഒരു സ്‌നേഹിതൻ നിങ്ങടെ അടുത്താണ് താമസിക്കണത്. ബിജു. അറിയോ?’

‘ഒരു താടിയുള്ള പയ്യൻ, ബൈക്കോടിച്ചു പോവാറ്ണ്ട്?’

‘അതെ അവൻതന്നെ. നിങ്ങളെപ്പറ്റി ആ ഭാഗത്ത് പറഞ്ഞുകേൾക്കണ കുറേ കാര്യങ്ങള് അവൻ പറയാറ്ണ്ട്. എന്താ നിനക്ക് ഇത്രയധികം ശത്രുക്കളുണ്ടാവാൻ കാരണം?’

‘ശര്യാണ്, എനിക്ക് ധാരാളം ശത്രുക്കളുണ്ട്. കാരണം പലതാണ്. ആന്റിയ്ക്ക് മക്കളില്ല എന്നതിൽ സന്തോഷിച്ചിരുന്ന കൊറേ ബന്ധുക്കളുണ്ട്. ആന്റിടെ സ്വത്തിൽ കണ്ണുംവച്ച് കൊതിച്ചിരുന്ന കുറേപേർ. ആന്റീടെ സ്വത്ത്ന്ന് പറഞ്ഞാൽ കുറച്ചൊന്നുമല്ല ഉള്ളത്. ഇന്നത്തെ നെല വച്ചുനോക്കിയാൽ പത്തറുപതു ലക്ഷത്തിന്റെ മൊതല്ണ്ട്. എന്നെ ദത്തെടുത്തതോടുകൂടി അവര്‌ടെ അവസരൊക്കെ നഷ്ടപ്പെട്ടിരിക്ക്യാണ്. വെഷമല്ല്യാതിരിക്ക്യോ? അതും ഒരു ജോലിക്കാരിടെ മകളെ. ആട്ടെ എന്തൊക്കെയാണ് എന്നെപ്പറ്റി പറയണത്?’

‘അതൊക്ക പോട്ടെ, കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയെപ്പറ്റി കഥകളുണ്ടാക്കാൻ ആളുകള് മെനക്കെട്ടിരിക്ക്യാണ്. ബിജുവിന് ആ പരിസരം മുഴുവൻ അറിയാം. ഏതെങ്കിലും ഒരു പെൺകുട്ടി വഴിപിഴച്ചു നടക്ക്വാണെങ്കില് അവനറിയും. നിന്നെപ്പറ്റി അവൻ പറഞ്ഞതെന്താന്നറിയോ? നീ ഒന്നും ആലോചിക്കണ്ട, നല്ല കുട്ട്യാണ്, സമ്മ തം മൂളിക്കോന്ന്. ഞാൻ പറയാൻ പോണത് അതൊന്നും അല്ല. ശങ്കരൻ അങ്കിളാണ് നിന്റെ അച്ഛൻന്ന് ഒരു സംസാരംണ്ട്. നിനക്കതറിയുമോ?’

‘എനിക്കറിയാം. പാവം, എന്തൊരു സാത്വികനായ മനുഷ്യനാണെന്നോ അങ്കിൾ! സാവിത്രി ആന്റിയെയല്ലാതെ മറ്റൊരു സ്ത്രീയെ അദ്ദേഹം തൊട്ടിട്ട്ണ്ടാവില്ല. എനിക്ക് എന്റെ സ്വന്തം അച്ഛനേക്കാൾ മമത ഈ മനുഷ്യനോടാണ്. എനിക്കൊരു ജീവിതം തന്നത് ഈ അങ്കിളും ആന്റിയുമാണ്. പക്ഷേ എന്റെ കല്യാണത്തിന് എന്റെ ശരിക്കുള്ള അച്ഛൻ എങ്ങിനെയെങ്കിലും വന്നുചേരണമെന്നുണ്ട്. ആൾക്കാരുടെ വാ മൂടാനെങ്കിലും. അതുകൊണ്ടാണ് നമ്മുടെ നിശ്ചയത്തിന്റ ഫോട്ടോ പത്രത്തിൽ കൊടുക്കണമെന്ന് ഞാൻ പറഞ്ഞത്. അതു കണ്ടിട്ടെങ്കിലും…’ രമയുടെ കണ്ണുകൾ ഈറനായി.

‘ഞാൻ നിന്നെ വേദനിപ്പിച്ചോ?’

‘ഇല്ല സുരേന്ദ്രൻ. ശരിക്കു പറഞ്ഞാൽ ഇങ്ങിനെ ഓരോന്ന് ചോദിക്കുന്നത് എനിക്കിഷ്ടാണ്. ഒന്നും മനസ്സിൽ വയ്ക്കാത്ത സംസാരം. ഞാൻ ഭാഗ്യം ചെയ്തവളാണ്.’

അവൾ അമ്മയെ ഓർത്തു. ഒരേ വീട്ടിൽ അമ്മയും മകളുമായിട്ടുകൂടി ജീവിതങ്ങളിലുണ്ടായ അന്തരം എത്രയാണ്. അമ്മ കാറ്റും വെളിച്ചവും ഇല്ലാത്ത ഒരു ചെറിയ മുറിയിൽ പഴയൊരു കട്ടിലിൽ അട പോലെ ആയ കിടയ്ക്ക വിരിച്ചു കിടക്കുന്നു. അവളും ആറു വയസ്സുവരെ ആ കിടയ്ക്കയിലാണ് കിടന്നത്. പിന്നീട് അവൾക്കായി ഒരു മുറി ഒരുക്കപ്പെട്ടു. ആന്റിയും അങ്കിളും കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി. പുതിയ ഇരട്ടക്കട്ടിൽ, ഫോമിന്റെ കിടയ്ക്ക, പൂക്കളുടെ ചിത്രങ്ങളുള്ള വിരി, മുകളിൽ കറങ്ങുന്ന ഫാൻ. അമ്മയുടെ മുറിയിൽ ഫാനുണ്ടായിരുന്നില്ല. മുറി ഒരുക്കിയപ്പോൾ ആന്റി അമ്മയോട് അവളുടെ ഒപ്പം കിടന്നുകൊള്ളാൻ പറഞ്ഞതായിരുന്നു. അവർ സമ്മതിച്ചില്ല. ഓരോരുത്തർക്ക് ഓരോ ജീവിതം.

മകളെ യജമാനത്തി ദത്തെടുത്തപ്പോൾ അവർ പറഞ്ഞു.

‘ഇനി ഞാൻ ഇവിടെ നില്ക്കണത് ശര്യല്ല. ഞാൻ പൊയ്‌ക്കോട്ടെ.’

ദാനംകൊടുത്ത മകളുടെ ഒപ്പം താമസിക്കുന്നത് രണ്ടുകൂട്ടർക്കും നന്നാവില്ലെന്ന് അവർ വിശ്വസിച്ചു. പുതിയ അച്ഛനമ്മമാരുമായി ഇണങ്ങിച്ചേരാൻ അത് ഒരു തടസ്സമാകും. പോരാത്തതിന് ഒരു വേലക്കാരിയുടെ മകളെയാണ് ദത്തെടുത്തത് എന്ന് തന്നെക്കാണുമ്പോൾ ലോകം ഓരോ നിമിഷവും ഓർക്കും.

അതെല്ലാം ഒഴിവാക്കാൻ തന്റെ തിരോധാനമാണ് ഏറ്റവും നല്ല വഴി എന്ന് ആ പാവം സ്ത്രീയ്ക്ക് തോന്നിയിട്ടുണ്ടാകണം.

‘അമ്മാളുവിന് പോകാൻ എത്ര വീടുകള്ണ്ട്?’ സാവിത്രിയമ്മ ചോദിച്ചു.

‘പോകാൻ…? എവിടെയെങ്കിലും വീട്ടുപണി കിട്ടില്ലേ?’

‘അത് ഇവിടെ ചെയ്താൽ പോരെ. ഞാൻ അമ്മാളൂന്റെ മോളെ വേണംന്നേ പറഞ്ഞിട്ടുള്ളു. അമ്മാളൂനെ ഇനി കണ്ടുപോവര്ത്‌ന്നൊന്നും പറഞ്ഞിട്ടില്ല. ഞാൻ അമ്മാളൂന്റെ ആരാണ്?’

‘എനിക്കൊരു ചേച്ചീടെ മാതിര്യേ തോന്നീട്ടുള്ളു.’

‘എനിക്ക് അമ്മാളു ഒരനുജത്തിയാണ്. ഞങ്ങടെ ഭാഗ്യക്കേടോണ്ട് കുട്ടികളൊന്നുംണ്ടായില്ല. രമയാണെങ്കില് ഈ വീട്ടില് പെറ്റുവീണ കുട്ടിയാണ്. അവളോട്ള്ള കൊതീം, പിന്നെ അവള്‌ടെ ഭാവിം ഒക്കെ ഓർത്തിട്ടാ ഞങ്ങള് അവളെ ദത്തെടുക്കാംന്ന് പറഞ്ഞത്. അല്ലാതെ മോളെ അമ്മാളൂന്റെ അട്ത്ത്ന്ന് തട്ടിപ്പറിക്കാനല്ല. അവൾക്ക് രണ്ടമ്മമാര്ണ്ട്ന്ന് കണക്കാക്ക്യാ മതി.’

വളരെക്കാലത്തിനു ശേഷം തനിക്ക് പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാണ് അമ്മ ഈ സംഭവത്തെപ്പറ്റി പറയുന്നത്. അമ്മ ചെയ്യാൻ പോയ ത്യാഗം എത്ര വലുതാണെന്നവൾ മനസ്സിലാക്കിയിരുന്നു. അവൾ അച്ഛനെപ്പറ്റി ചോദിച്ചു. എവിടെയാണെന്നവർക്കറിയില്ല. തന്നെ ആറുമാസം ഗർഭം ധരിച്ചിരിക്കുമ്പോഴാണ് അച്ഛൻ ഉപേക്ഷിച്ചു പോയത്. കാരണം? അമ്മയ്ക്കറിയില്ല. വരുമെന്ന പ്രതീക്ഷയോടെ പാതി പട്ടിണിയുമായി രണ്ടു മാസം കാത്തു. വയറ്റിലുള്ള കുഞ്ഞിന്റെ കാര്യം ഓർത്തപ്പോൾ ജീവനൊടുക്കാനും കഴിഞ്ഞില്ല. അങ്ങിനെയാണ് സാവിത്രിയമ്മയുടെ വീട്ടിൽ അഭയം പ്രാപിച്ചത്.

‘നീ കുറച്ചുനേരായിട്ട് എവിട്യായിരുന്നു?’ സുരേന്ദ്രൻ ചോദിച്ചു. അവൾ ചിരിച്ചു. ശരിയാണ്, ഞാൻ കുറേ ദൂരം നടന്നു, എന്റെ ഭൂതകാലത്തിന്റെ അകലങ്ങളിൽ.

‘ഞാനേയ്, എന്തൊക്ക്യോ ആലോചിക്ക്യായിരുന്നു. എന്റെ രണ്ട് അമ്മമാരെപ്പറ്റി. എത്ര നല്ലവരാണവർ! എന്റെ അമ്മ എനിക്കുവേണ്ടി വളരെയധികം ത്യാഗം സഹിച്ചിരിക്കുണു.’

‘നമുക്കൊരു കാര്യം ചെയ്യാം.’ സുരേന്ദ്രൻ പറഞ്ഞു. ‘കല്യാണം കഴി ഞ്ഞ് ചെന്നൈയില് പോകുമ്പോ അമ്മയേം കൂട്ടാം.’

‘അയ്യോ, അതിപ്പൊ വേണ്ട. എന്റെ മറ്റെ അമ്മയ്ക്ക് വയസ്സായിരിക്കുണു. ആന്റിക്ക് ഇപ്പോ അറുപത്തിരണ്ടാണ്. അങ്കിളിന് എഴുപതും. ഈ സമയത്ത് അവർക്ക് ഒരു തൊണ ആവശ്യാണ്. അങ്കിളിന്റീം ആന്റിടീം കാലം കഴിഞ്ഞിട്ട് നമുക്കതൊക്കെ ആലോചിക്കാം.’

‘ഞാൻ നാളെ ചെന്നൈയിലേയ്ക്കു പോണു. ഇനി കല്യാണത്തിനെ വരു. ഒന്നര മാസം കഴിഞ്ഞിട്ട്. പോണേന്റെ മുമ്പ് എന്താണ് തരുക?’

‘ഈ പാർക്കിൽവച്ച് തരാൻ പറ്റിയതൊന്നും ഇല്ല എന്റെ കയ്യിൽ.’

‘ശരി നമുക്ക് നിന്റെ വീട്ടിൽ പോവാം.’

സുരേന്ദ്രൻ പോയശേഷം രമ ദിവസങ്ങളെണ്ണുകയായിരുന്നു. എന്തുകൊണ്ടോ പണ്ട് സാവിത്രി ആന്റി പറഞ്ഞത് അവളോർത്തു. ‘മോളടെ അച്ഛൻ മോളടെ കല്യാണത്തിന് വരും.’ ഒരു കുട്ടിയായിരിക്കുമ്പോൾ അവളെ ആശ്വസിപ്പിച്ചിരുന്നത് ആന്റിയുടെ വാക്കുകളായിരുന്നു. തന്റെ ജീവിതം തുടങ്ങാനുള്ള ദിവസങ്ങൾ അവൾ താഴേയ്ക്ക് എണ്ണുകയാണ്. ഓരോ ദിവസം കഴിഞ്ഞാലും അവൾ ഡയറിയിൽ ആ ദിവസത്തിനു നേരെ ചുവപ്പ് വര വരയ്ക്കും. ഇന്നും അച്ഛൻ വന്നില്ല. പിന്നെപ്പിന്നെ അവൾ വരയുടെ നീളം കുറച്ചു വന്നു. ഇത് എന്റെ ചെറുതായി വരുന്ന പ്രതീക്ഷകളുടെ പ്രതീകമാണ്. കല്യാണത്തിന് ഒരാഴ്ചമുമ്പ് അവൾ വര തീരെ നിർത്തി. ഇനി എനിയ്ക്ക് പ്രതീക്ഷയൊന്നുമില്ല. സുരേന്ദ്രൻ ദിവസവും രാത്രി ഒമ്പതു മണിയ്ക്ക് വിളിക്കും. ഒരു ദിവസം അവൾ തന്റെ ഈ ഭ്രാന്തിനെപ്പറ്റി പറഞ്ഞു. അയാൾ നിശ്ശബ്ദനായി. അപ്പോൾ അതു പറയേണ്ടിയിരുന്നില്ലെന്നവൾക്കു തോന്നി. അവൾ ചോദിച്ചു.

‘എന്താണ് ഒന്നും പറയാത്തത്?’

‘അച്ഛന്റെ കാര്യം നിനക്കൊരു ഒബ്‌സെഷനായിരിക്കുന്നു. അതിന്റെ ആവശ്യമില്ല. ശങ്കരൻ അങ്ക്ൾ ആണ് നിന്റെ ശരിക്കുള്ള അച്ഛൻ എന്നു വച്ചാൽത്തന്നെ എന്താണ്?’

‘എനിക്കിഷ്ടാണ്.’

‘പിന്നെയെന്താണ്? ഒരു പറ്റം പരദൂഷണക്കാരികളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമെന്ത്?’

കല്യാണദിവസം ഹാളിൽ നാദസ്വരക്കാർക്കും താലം പിടിച്ച പെൺകുട്ടികൾക്കും പിന്നിൽ മണ്ഡപത്തിലേയ്ക്കു നടക്കുമ്പോൾ അവൾ ഒരിക്കൽ തലയുയർത്തി നോക്കി. വരൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നു. ഒപ്പം ബിജുവും വേറെ രണ്ടു കൂട്ടുകാരുമുണ്ട്. ധൈര്യത്തിന് കൂട്ടിക്കൊണ്ടുവന്നതാണോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ശങ്കരൻ അങ്കിൾ അവളുടെ ഒപ്പം നടന്നു. തൊട്ടുപിന്നിലായി ആന്റിയും അമ്മയും. മണ്ഡപത്തിലെത്തി ഒരു പ്രദക്ഷിണം കഴിഞ്ഞ് വരന്റെ വാമഭാഗത്തിരുന്നപ്പോൾ സുരേന്ദ്രൻ ചോദിച്ചു.

‘ഡയറിയിൽ ഇന്നത്തെ ദിവസം എന്തു നിറംകൊണ്ടാണ് മാർക്കു ചെയ്തിരിക്കണത്?’

അവൾ ചിരിച്ചു. അപ്പോഴാണ് ആന്റി കുമ്പിട്ട് അവളോട് പറഞ്ഞത്.

‘ഒരു നല്ല കാര്യം. മോളടെ അച്ഛൻ വന്നിട്ട്ണ്ട്. ഇതാ പിന്നില്ണ്ട്.’

അവൾ ചാടിയെഴുന്നേറ്റു. ചൂണ്ടിക്കാട്ടേണ്ടിവന്നില്ല. ആ മുഖം, എത്രയോ നാൾ കണ്ണാടിയിലൂടെ കണ്ട ഛായതന്നെ. അവൾ നമസ്‌കരിച്ചു. അയാൾ തലയിൽ തൊട്ട് അനുഗ്രഹിച്ചുകൊണ്ട് അവളെ എഴുന്നേല്പിച്ചു. തലമുടി നരച്ചിരിക്കുന്നുവെങ്കിലും പ്രായം അധികം തോന്നിക്കില്ല. സുന്ദരമുഖം, വെളുപ്പിനോടടുത്ത ഇരുനിറം. അവൾ വിളിച്ചു.

‘അച്ഛാ…’

അവളുടെ കണ്ണുകൾ ഈറനായി. അമ്മ പിന്നിൽ ഒരു കസേലയിലിരിക്കുകയാണ്. ഇരുപത്തിരണ്ടുകൊല്ലത്തിനു ശേഷം ഭർത്താവിനെ കണ്ടത് അവരെ തളർത്തിയെന്നു തോന്നുന്നു. അയാൾ കീശയിൽനിന്ന് ഒരു പൊതിയെടുത്തു തുറന്നു. അവൾക്കുള്ള ആഭരണങ്ങൾ. അവ അണിയിക്കാനായി അയാൾ ഭാര്യയെ വിളിച്ചു. അമ്മ സാവധാനത്തിൽ എഴുന്നേൽക്കുകയാണ്.

ഹാളിൽ ശബ്ദം കൂടിയത് രമ ശ്രദ്ധിച്ചു. അവൾ നോക്കി. എല്ലാ പരദൂഷണക്കാരികളും എത്തി മുന്നിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരൊക്കെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഇവിടെ എന്താണ് നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിൽ എത്തിയതായിരിക്കണം. മുമ്പിലെ വരിയിൽ ആശ്ചര്യത്തിന്റേയും വിസ്മയത്തിന്റേയും കാഴ്ചകൾ.

മാലയിടുമ്പോൾ വരൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

‘സന്തോഷായില്ലേ?’

അവൾ മൂളി.

രമയുടെ കൈപിടിച്ച് സുരേന്ദ്രന്റെ കയ്യിൽ ഏല്പിച്ചുകഴിഞ്ഞ ശേഷം അച്ഛൻ പിന്നിലേയ്ക്കു മാറി. വരന്റെ കൈ പിടിച്ച് മൂന്ന് പ്രദക്ഷിണം വച്ച് ഇരിക്കാൻ നോക്കുമ്പോഴാണ് അവൾ കണ്ടത്. ശങ്കരൻ അങ്ക്ൾ ഒരു മൂലയിൽ മാറി നില്ക്കുന്നു. പുറംതള്ളപ്പെട്ടപോലെ. അവൾക്ക് വല്ലാതെ വിഷമമായി. അവൾ അദ്ദേഹത്തിന്റെ അടുത്തു ചെന്നു കാൽക്കൽ വീണു. അവൾ എഴുന്നേൽക്കുന്നതു കാണാഞ്ഞപ്പോഴാണ് അങ്ക്ൾ നോക്കുന്നത്. അവൾ തേങ്ങിക്കരയുകയാണ്. അയാൾ രമയെ എഴുന്നേൽപ്പിച്ച് പുറത്തുതട്ടി ആശ്വസിപ്പിച്ച് വരന്റെ അടുത്തു കൊണ്ടുവന്നിരുത്തി. സുരേന്ദ്രൻ രമയുടെ കൈപിടിച്ചമർത്തി. അവളെ സംബന്ധിച്ചേടത്തോളം ഈ നിമിഷം എത്ര ധന്യമാണെന്ന് അയാൾക്കറിയാം. എഴുപതു വയസ്സായ ഒരു വൃദ്ധന്റെ മേൽ വന്ന കറ ഇപ്പോൾ പൂർണ്ണമായും കഴുകിക്കളഞ്ഞിരിക്കുന്നു. ഹാളിൽ മുമ്പിലിരിക്കുന്ന സ്ത്രീകളുടെ പകച്ചുകൊണ്ടുള്ള നോട്ടം സുരേന്ദ്രനെ രസിപ്പിച്ചു. അയാൾ രമയുടെ അച്ഛനുവേണ്ടി തിരിഞ്ഞു നോക്കി.

‘എവിടെ നിന്നെ രക്ഷിച്ച മനുഷ്യൻ?’

രമയും ചുറ്റും നോക്കി. കാണാനില്ല. ഇതൊരു സ്വപ്നമായിരുന്നോ എന്നവൾ ഭയപ്പെട്ടു. അവൾ കഴുത്തിലും കൈയ്യിലും തടവി നോക്കി. അച്ഛൻ കൊണ്ടുവന്ന നെക്ക്‌ലേസും വളകളും അവിടെത്തന്നെയുണ്ട്.

പിറ്റേന്ന് സ്റ്റുഡിയോക്കാർ കൊണ്ടുവന്ന ആൽബം നോക്കിക്കൊണ്ടിരിക്കെ സുരേന്ദ്രൻ അവളോട് പറഞ്ഞു.

‘നിന്റെ അച്ഛൻ ഒരുപാട് ഫോട്ടോവിൽ വന്നിട്ട്ണ്ട്. എല്ലാം ക്ലോസപ്പിൽത്തന്നെ. ചരിത്രം തിരുത്തിയ ശുഭമുഹൂർത്തമായിരുന്നു അതെന്ന് ഫോട്ടോഗ്രാഫർമാർക്ക് മനസ്സിലായെന്നു തോന്നുന്നു.’

ഒരു പത്തു മിനുറ്റു നേരത്തേയ്ക്ക് ഏതോ അജ്ഞാതലോകത്തുനിന്ന് പ്രത്യക്ഷപ്പെട്ട് തന്നെ അനുഗ്രഹിക്കുകയും വീണ്ടും അതേ ലോകത്തേയ്ക്ക് അപ്രത്യക്ഷനാവുകയും ചെയ്ത ആ മനുഷ്യനെ ഓർക്കുകയായിരുന്നു രമ.