close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്തിയൊന്ന്


കൊച്ചമ്പ്രാട്ടി: ഇരുപത്തിയൊന്ന്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

വിജയേട്ടന്റെ പതിനാറടിയന്തിരത്തിന് പോയതാണ് വീട്ടില്. അന്നത്തെ യാത്ര ഭർത്താവിന്റെ വീട്ടിലേയ്ക്കുള്ള അവസാനത്തേതുമാക്കാൻ വസുമതി തീർച്ചയാക്കിയിരുന്നു. ആ വീട് അവളെ സംബന്ധിച്ചേടത്തോളം എല്ലാ പ്രതീക്ഷകളുടെയും മരണവീടാണ്. ആ വീട്ടിൽ വച്ചാണ് ഭർത്താവ് മദ്യപനായത്. ആ വീട്ടിൽ വച്ചാണ് അദ്ദേഹം സ്ത്രീകളിൽ ആസക്തനായത്. തന്റെ കൂടെയായിരുന്നു താമസിച്ചിരുന്നതെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ലെന്ന് അവൾക്കു തോന്നി. അദ്ദേഹത്തിനു വേണ്ടതെല്ലാം തന്റെ കയ്യിലുണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ച് ആ മനുഷ്യൻ എന്തിന് ചീത്ത വഴിയിലൂടെ നടന്നു?

തങ്കമാണ് നാട്ടിൽ പാട്ടായ കാര്യങ്ങൾ പറഞ്ഞുതന്നത്. നാട്ട്കാര് ഇങ്ങന്യൊക്കെ പറയ്ണ്ണ്ടമ്പ്രാട്ട്യെ എന്ന മുഖവുരയുമായി അവൾ പറഞ്ഞു തുടങ്ങുന്നു.

‘ദേവകിയ്ക്ക് വീടും പറമ്പും വെറ്‌തെ കൊടുത്തതാന്നാ പറഞ്ഞ് കേക്കണത്. ഓള് പറേണത് തമ്പ്രാ ന്റട്ത്ത്ന്ന് കാശുകൊട്ത്ത് വാങ്ങീതാന്നാ. ഓള്‌ടെ അട്‌ത്തെവിട്യാ ഇത്രീം കാശ്ണ്ടാവണത്? ഓള് തമ്പ്രാന്റട്ത്തന്ന്യായിരുന്നൂത്രെ. ഒക്കെ മാളോര് പറേണ് കേക്കണാതാമ്പ്രാട്ടീ. ഒക്കെ ഓരോല്ത്തര് പറഞ്ഞ്ണ്ടാക്കണതാണോന്നും തെരിയൂല. തമ്പ്രാൻ ഓളടെ വീട്ടില് എടക്കെടയ്ക്ക് പൊഗ്ഗാറ്ണ്ട്‌ത്രെ. ആ തള്ള കണ്ണും ചെവീംല്ല്യാതെ കെടക്ക്വല്ലേ.’

തങ്കത്തിന്റെ കഞ്ഞികുടി കഴിയുന്നതുവരെ കഥാകഥനം തുടരും. ഒരു ദിവസത്തേയ്ക്കുള്ള അലോസരങ്ങളെല്ലാം വസുമതിയ്ക്ക് കൊടുത്തുകൊണ്ട് അവൾ പോകും. അവൾ തെക്കേ വെട്ടുവഴിയിലുള്ള ആ വീട് ഓർക്കും. കല്യാണം കഴിഞ്ഞ കാലത്ത് അവർ ഒരിക്കൽ അവിടെ പോയിട്ടുണ്ട്. ആ വീട്ടിലെ വാടകക്കാരൻ ഒഴിഞ്ഞു കൊടുത്തപ്പോൾ വീട് വൃത്തിയാക്കിക്കാനായി വിജയേട്ടൻ പോയതാണ്. അവളും ഒപ്പം പോയി. ഒരു ബന്ധുവിന്റെ വീട്ടിൽ ഊണു കഴിക്കാമെന്നേറ്റിരുന്നു. പോകുന്ന വഴിയ്ക്കായിരുന്നതുകൊണ്ട് ആ കാര്യവും നടത്താമെന്നു കരുതി. ചെറിയ വീട്. മൂന്നു മുറികളുണ്ട്, ഒരിടനാഴികയുടെ അറ്റത്ത് അടുക്കള. അടുക്കള വലിയ ഓർമ്മയില്ല, പക്ഷേ അവിടുത്തെ കിടപ്പറ അവൾ ഇപ്പോഴും ഓർത്തു. ആ വീട്ടിൽ അടിച്ചുതളി നടത്തിയിരുന്ന സ്ത്രീ തൊട്ടടുത്തു തന്നെയായിരുന്നു താമസം. അവരെ വിളിച്ചുകൊണ്ടുവന്നു. ഒരു മണിക്കൂറിനുള്ളിൽ ജോലിയെല്ലാം കഴിഞ്ഞു. അവർക്ക് കൂലികൊടുത്തു പറഞ്ഞയച്ചു. ഇനി വൈകാതെ പോവാം എന്നു പറയുമ്പോഴാണ് വിജയേട്ടൻ വേറെ ചില പരിപാടികളുമായി അകത്തുകടന്ന് വാതിലടച്ചത്. അവൾ ചോദിച്ചു. ‘ഈ പട്ടാപ്പകലോ?’

‘പകല് ചെയ്യണ രസം നെനക്കറിയാഞ്ഞിട്ടാ?’ അവളെ അടുപ്പിച്ചു നിർത്തി സാരി അഴിച്ചുമാറ്റിക്കൊണ്ട് വിജയേട്ടൻ പറഞ്ഞു. സിമന്റിട്ട നിലത്ത് നഗ്നശരീരം അമരുമ്പോഴുണ്ടാകുന്ന സുഖം വസുമതി ഓർത്തു.

ജീവിതത്തിൽ ആദ്യമായി പകൽസുരതംകൊണ്ട് തന്നെ രസിപ്പിച്ച ആ വീട്ടിൽ അയാൾ ദേവകിയുമായി കിടക്കുന്നത് മനസ്സിൽ കണ്ടപ്പോൾ അവളുടെ മനസ്സ് കലുഷമായി. ഞാൻ എന്തു കൊടുക്കാതിരുന്നിട്ടാണ്?

രാഘവേട്ടൻ ഇടയ്ക്ക് ചോദിക്കുന്നു.

‘ആ തള്ളേം മോളും ഒറ്റയ്ക്കല്ലേ? ഒന്ന് പോയി അന്വേഷിക്കണ്ടേ? ഒന്നും ഇല്ലെങ്കിൽ നാട്ട്കാര് പറയില്ലേ?’

പിന്നെ പോവാം എന്നു മാത്രം അവൾ പറയും. ഉടനെത്തന്നെ ഇനി അവിടെ പോകലുണ്ടാവില്ല എന്നു മനസ്സിലുറപ്പിക്കുകയും ചെയ്യും. പാറുവമ്മ തീരെ കിടപ്പിലാണെന്ന് രാഘവേട്ടൻ പറഞ്ഞപ്പോൾ അവൾ കുറച്ചു വിഷമത്തിലായി. ഇതൊന്നും ആ സ്ത്രീയുടെയോ മകളുടെയോ കുറ്റമല്ല. താനെന്തിന് അവരോട് ശത്രുത വച്ചിരിക്കുന്നു? അവൾക്ക് പക്ഷേ ആ വീട്ടിൽ പോകാൻ കഴിയുന്നില്ല. അവിടെ തന്റെ ജീവിതത്തിന് തടയിട്ട എന്തോ ദുർശക്തിയുണ്ട്. ആ വീടിന്റെ കുറ്റമായിരിക്കാം.

‘കഴിഞ്ഞതൊക്കെ മറന്നേയ്ക്ക.്’ രാഘവേട്ടൻ പറയുന്നു. ‘എന്നോടാണ് അവർ മോശായിട്ട് പെരുമാറീട്ട്ള്ളത്. ഞാനൊന്നും മനസ്സിൽ വയ്ക്കിണില്ലല്ലോ. അവര്‌ടെ സ്ഥിതി അതായിരിക്കും. പറ്റ്വേങ്കില് നമ്ക്ക് നാളെത്തന്നെ ഒന്ന് പോയിവരാം.

പടിവാതിൽ കടന്നപ്പോൾത്തന്നെ തകർച്ചയുടെ ചിത്രങ്ങൾ വസുമതിയെ സ്വീകരിച്ചു. ഉണങ്ങിയ പറമ്പ്, പൊട്ടിയ ഓടുകളുള്ള മേൽപ്പുര, കുമ്മായം അടർന്നുപോയി വികൃതമായ ചുവരുകൾ, ഒഴിഞ്ഞ പശുത്തൊഴുത്ത്. അതിനപ്പുറത്ത് ഒരുകാലത്ത് വൈക്കോൽകൂനയുണ്ടായിരുന്ന രണ്ടിടങ്ങളിൽ വൈക്കോൽ ഒതുക്കാൻ നാട്ടിയ മരക്കൊമ്പുകളിൽ ചില്ലകൾ തഴച്ചുവളരുന്നു. പറമ്പിന്റെ ഉണക്കം ആ സ്മാരകാവശിഷ്ടങ്ങളെ ബാധിച്ചിട്ടില്ല.

‘അമ്മേ അമ്മായി വന്നിട്ട്ണ്ട്.’ പദ്മിനി അമ്മയോട് പറഞ്ഞു. അവരുടെ മുഖത്ത് യാതൊരു വികാരവുമില്ല. വസുമതി അടുത്തേയ്ക്കു ചെന്നു.

‘ഇരിക്കു.’ വളരെ ക്ഷീണിച്ച സ്വരം.

രാഘവൻ നായർ മുറ്റത്തേയ്ക്കിറങ്ങി. ഒരു കർഷകനായ അയാൾക്ക് ആ പറമ്പിന്റെ അനന്തസാധ്യതകൾ കാണുമ്പോൾ വെറുതെയിരിക്കാൻ തോന്നുന്നില്ല. പറമ്പിലൂടെ നടക്കുമ്പോൾ അയാൾ കണ്ടു. നന തുടങ്ങിയിരിക്കുന്നു. അത്രയും നല്ലത്. പടിഞ്ഞാറെ കുളത്തിൽ ഏത്തമിട്ടതയാൾ പരിശോധിച്ചു. പുതുതായി ഇട്ടതാണ്. ഇനിയുള്ള കാലങ്ങളിലൊന്നും ഏത്തമിട്ട് നനച്ചാൽ ശരിയാവില്ല. വേണ്ടവിധം നന എത്തില്ല. ഒരു പമ്പ് വച്ച് വെള്ളമടിക്കണം. നന പറമ്പിലെല്ലായിടത്തും എത്തണം. തെങ്ങിനും നനയ്ക്കണം. എന്നാലെ വർഷക്കാലത്ത് തേങ്ങ കിട്ടൂ. വേനലിന്റെ അലച്ചിൽ തെങ്ങിൻ കുലകളിൽ അനുഭവപ്പെടണത് വർഷത്തിലാണ്. ഇപ്പോൾ മൂന്ന് ഹോഴ്‌സ്പവർ മോട്ടോറിന്റെ പമ്പാണെങ്കിൽ കാർഷിക നിരക്ക് കൊടുത്താൽ മതി കറന്റിന്.

തിരിച്ചു നടക്കുമ്പോഴാണയാൾ കണ്ടത്. വെണ്ടച്ചെടികൾ പൂവും കായുമായി നിൽക്കുന്നു. അപ്പുറത്ത് വഴുതിനച്ചെടികൾ ആരോഗ്യത്തോടെ തഴച്ചു വളരുന്നു. അതും മൊട്ടിട്ടുതുടങ്ങി. ആ ദൃശ്യം രാഘവൻ നായർ കൗതുകത്തോടെ നോക്കിനിന്നു. ആകെ ഉണങ്ങിപ്പോയെന്നു കരുതിയ ഒരു ഫലവൃക്ഷത്തിന്മേൽ വീണ്ടും നിറയെ പൊടിപ്പുകൾ കാണുന്നപോലെ അയാൾ ആ കാഴ്ച നോക്കിനിന്നു.

അയാൾ തിരിച്ച് ഉമ്മറത്തെത്തിയപ്പോൾ വസുമതി അന്വേഷിച്ചു നടക്കുകയായിരുന്നു.

‘ഞാൻ പറഞ്ഞില്ലേ. ഏട്ടൻ പറമ്പിലെവിടെയെങ്കിലുംണ്ടാവുംന്ന്.’ അവൾ പദ്മിനിയോട് പറഞ്ഞു.

‘ഞാൻ പദ്മിനീടെ കൃഷി നോക്ക്വായിരുന്നു. നന്നായിട്ട്ണ്ട്‌ട്ടോ മോളെ. ആരാ തേവണത്? ചാത്ത്യാണോ?’

‘അല്ല ചാത്തടെ മകനാ. അറുമുഖൻ.’ പദ്മിനി പ്രശംസിക്കപ്പെട്ടിരിക്കുന്നു.

‘നോക്കു രാഘവേട്ടാ, പാറുവേടത്തിയെ കാണണ്ടെ? വയ്യാതായിരിക്കുണു.’

‘കാണാം.’ അയാൾ പെങ്ങളോടൊപ്പം അകത്തേയ്ക്കു കയറി.

പദ്മിനി ഉമ്മറത്തുതന്നെ തൂണും ചാരി നിന്നു. അവളുടെ മനസ്സിൽ ഒരു രാസപ്രക്രിയ നടന്നുകൊണ്ടിരിക്കയായിരുന്നു. ഇവരെക്കുറിച്ചു തന്റെ മനസ്സിലുണ്ടായിരുന്ന അഭിപ്രായങ്ങൾ പതുക്കെ മാറുകയാണെന്ന് അവൾ കണ്ടു. അവരൊന്നും അത്ര മോശമായിരിക്കില്ല. തന്റെ അമ്മാമൻ ചീത്തയായതിന് ഇവരെന്തു പിഴച്ചു. രാഘവമ്മാമ പെങ്ങ ൾക്ക് ഭാഗം ചോദിച്ചു വന്നു. ശരിയാണ്. ഈ വസ്തുവിൽ അവർക്കും അവകാശമുണ്ട്. അതു നശിപ്പിച്ചത് അവരുടെ ഭർത്താവുതന്നെയാണെന്നതും നെല്ലും തേങ്ങയും വിറ്റ പണം തറവാട്ടിനുവേണ്ടി ചെലവാക്കാതെ പുറത്ത് ഓരോരുത്തരുടെ കയ്യിലെത്തുകയായിരുന്നുവെന്ന തും അവരറിയാൻ വഴിയില്ല. അതുപോലെ തറവാട്ടുവക ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്നുണ്ടെന്നും, അതെല്ലാം അനർഹരായവരുടെ അടുത്തെത്തുകയായിരുന്നെന്നും പാവം അവരെങ്ങിനെ അറിയാൻ? ഭർത്താവിന്റെ കള്ളുകുടിയെപ്പറ്റി അവർ അറിഞ്ഞിട്ടുണ്ടാവും. അത് അവരുടെ മൗനാനുമതിയോടെയായിരുന്നുവെന്ന് പക്ഷെ പദ്മിനി കരുതിയില്ല. ആ മനുഷ്യനെ നിയന്ത്രിക്കാൻ വിഷമമായിരുന്നെന്ന് അവൾ ക്കറിയാം. ഇതിലെല്ലാം അവർ ഏതു വിധത്തിലാണ് തെറ്റുകാരാവുന്നത്? താൻ തന്നെ ഇതെല്ലാം അറിയുന്നത് അറുമുഖൻ പറഞ്ഞിട്ടാണ്. അവൻ കാര്യങ്ങൾ തുറന്നുപറയുന്ന കൂട്ടത്തിലാണ്. ‘കൊച്ചമ്പ്രാട്ടി എന്തു വിചാരിച്ചാലും ശരി ഇതൊക്ക്യാണ് നാട്ട്കാര് പറേണത്. കൊച്ചമ്പ്രാട്ടി ഇതൊന്നും അറിഞ്ഞില്ലെങ്കില് വിഡ്ഢിയാവ്വേള്ളൂ. തമ്പ്രാൻ ചീത്ത പെണ്ണുങ്ങളുടെ അട്ത്ത് പോണ്ണ്ട്ന്നാ പറേണത്.’

ചീത്ത പെണ്ണുങ്ങൾ എന്നാൽ എന്താണെന്നതിനെപ്പറ്റി അവൾക്കും വലിയ രൂപമൊന്നുമില്ല. അവൾക്ക് ഇരുപതു വയസ്സായി, ശരി. പക്ഷേ ബാഹ്യലോകവുമായി ബന്ധമില്ലാത്തതുകൊണ്ട് അവളുടെ സാമാന്യവിവരം വളരെ പരിമിതമായിരുന്നു. അറുമുഖനുമായുള്ള സംസാരം ഒരിക്കലും ബാലിശമോ വിലകുറഞ്ഞതോ ആവാറില്ല. പിന്നെ ഉണ്ടായിരുന്നത് ദേവകിയായിരുന്നു. അവൾ ഗൂഢാർത്ഥത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ പദ്മിനിയ്ക്ക് മനസ്സിലായിരുന്നില്ല. അവൾ ജോലി നിർത്തി പോയ ശേഷം പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത മട്ടാണ്. അവൾ പോയത് എന്തായാലും നന്നായി. അറുമുഖൻ ദേവകിയെപ്പറ്റിയും പറഞ്ഞിരുന്നു. ഇത്ര തൊട്ടടുത്തായിട്ട് പദ്മിനിയ്ക്ക് അതിന്റെ സൂചനപോലും കിട്ടിയിരുന്നില്ലെന്നത് അദ്ഭുതംതന്നെ. അറുമുഖൻ പറഞ്ഞശേഷമാണ് അമ്മാമനുമായി ഒരു രാത്രിയുണ്ടായ അസുഖകരമായ അനുഭവത്തിന്റെ പൊരുൾ അവൾക്ക് മനസ്സിലായത്. ആ അനുഭവത്തിനുശേഷം അവൾ അമ്മാമനെ ഒഴിവാക്കുകയാണ് ചെയ്തത്. പിന്നീട് ആ മനുഷ്യന്റെ തകർച്ച പെട്ടെന്നുണ്ടാവുകയും ചെയ്തു.

അമ്മായിയും രാഘവമ്മാമയും പുറത്തു കടന്നു.

‘ഞങ്ങള് പോട്ടെ പദ്മിനി.’

അവൾ തലയാട്ടി.

‘എന്തെങ്കിലും ആവശ്യണ്ടെങ്കില് പറയണം കെട്ടോ മോളെ.’ രാഘവൻമാമ പറഞ്ഞു. ‘മടിയ്ക്കണ്ട. അറുമുഖനെ പറഞ്ഞയച്ചാൽ മതി.’

പദ്മിനി അവരോടൊപ്പം മുറ്റത്തിറങ്ങി. അവർ പടികടന്ന് വീതിയുള്ള വരമ്പിന്മേൽ നടക്കുന്നത് അവൾ നോക്കിനിന്നു. അല്പം തടിയുണ്ടെന്നേ ഉള്ളൂ. എന്തു ഭംഗിയാണ് അമ്മായിയ്ക്ക്. കുട്ടിക്കാലത്തുതന്നെ അവർ വന്നാൽ കുട്ടികളുടെ ഭംഗിയുള്ള ഉടുപ്പുകളും, അമ്മായി ഉടുത്തിരുന്ന സെറ്റുമുണ്ടിന്റെയോ സാരിയുടെയോ പളപളപ്പും അവരുടെ കയ്യിലും കഴുത്തിലുമുള്ള കട്ടിയുള്ള ആഭരണങ്ങളും അവൾക്ക് വല്ലാത്തൊരു അപകർഷതാബോധം ഉണ്ടാക്കാറുണ്ട്. അവൾ ഒരു ഷിമ്മീസുമാത്രമായിരിക്കും ധരിച്ചിരിക്കുക. അതുതന്നെ നിറം മങ്ങിയതും. അവർ കലിക്കറ്റ് ടാക്കീസിൽ ജീവിതനൗക കാണാൻ പോയ കാര്യങ്ങളെല്ലാം പറയും. അവരുടെ അമ്മാമനാണ് എല്ലാ കുട്ടികളെയും സിനിമയ്ക്കു കൊണ്ടു പോകാറ്. രാഘവൻമാമയ്ക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. പദ്മിനി അസൂയയോടെ അവർ പറയുന്നത് കേട്ടിരിക്കും. തനിക്ക് അങ്ങിനെയൊരു അമ്മാമയെ തരാത്ത ദൈവത്തെ മനസ്സിൽ ശപിക്കും.

അന്നും അവൾ അമ്മായിയുടെ ഭംഗി നോക്കിക്കൊണ്ടിരിക്കാറുണ്ട്. അത്ര ഭംഗിയുള്ള അമ്മായിയുള്ളപ്പോൾ എന്തിന് അമ്മാവൻ ഇതിനൊക്കെ പോയി?

നാളെ ഞായറാഴ്ചയാണ്. അറുമുഖൻ രാവിലെ തേവാൻ വന്നാൽ ബാക്കിയുള്ള കവുങ്ങുകൾക്കുകൂടി നനയ്ക്കാനുള്ള തടംകൂട്ടാമെന്നു പറഞ്ഞിട്ടുണ്ട് അതുപോലെ കുറച്ചു നേന്ത്രവാഴ വെയ്ക്കാനുള്ള ചാലു കീറാമെന്നും പറഞ്ഞിട്ടുണ്ട്. അവന് എവിടെനിന്നോ കുറച്ച് നേന്ത്രവാഴക്കന്ന് കിട്ടിയിട്ടുണ്ടത്രെ. തേവൽ ഇനിതൊട്ട് രണ്ടു നേരമാക്കാമെന്നു പറഞ്ഞു. പകുതി രാവിലെയും പകുതി വൈകുന്നേരവും. അല്ലെങ്കിൽ സമയമുണ്ടാവില്ല.

അവൾ അകത്തു ചെന്നു, കട്ടിലിലിരുന്ന് അമ്മയുടെ കൈ മടിയിൽവച്ച് തലോടി.

‘അമ്മയ്ക്ക് അവര്യൊക്കെ മനസ്സിലായില്ലേ?’

അവർ മുളി. അവരുടെ പ്രതികരണമെന്താണെന്നറിയാൻ വഴിയില്ല. രാഘവൻമാമ എന്തായിരിക്കും അമ്മയോട് പറഞ്ഞിരിക്കുക. തന്നോട് പറഞ്ഞപോലെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം എന്നാവും. അമ്മ ഇതുപോലെ വെറുതെ മൂളിയിട്ടുണ്ടാവും. അമ്മയുടെ ഓർമ്മയിൽ വിടവുകൾ വന്നതിനെപ്പറ്റി അവൾക്കറിയാം. മുമ്പെല്ലാം പദ്മിനി അതിനെപ്പറ്റി സംസാരിച്ചിരുന്നു. ഓർമ്മയിൽനിന്ന് രക്ഷപ്പെട്ടുപോയ കാര്യങ്ങൾ അവൾ അമ്മയെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങിനെ ചെയ്യുന്നില്ല. ഒന്നാമതായി എന്തൊക്കെയാണ് അമ്മ മറന്നുപോയതെന്നറിയാൻ വഴിയില്ല. പിന്നെ ഓർമ്മിപ്പിച്ചിട്ടും കാര്യമില്ലെന്നവൾക്കു മനസ്സിലായിരിക്കുന്നു. ഇപ്പോൾ അവളുടെ ചോദ്യങ്ങൾ കഞ്ഞി കൊണ്ടുവരാറായോ, മേല് തൊടപ്പിക്കട്ടെ, അല്ലെങ്കിൽ പൊറത്ത് പോവാൻ തോന്ന്ണ്‌ണ്ടോ എന്നിവ മാത്രമാണ്. അവൾ ബെഡ്പാൻ അടിയിൽ വച്ചുകൊടുക്കും. അറുമുഖൻ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. അതു വലിയ ഉപകാരമായി. ഇടയ്ക്ക് തിരിച്ചും മറിച്ചും മാറ്റിക്കിടത്തണമെന്ന് വൈദ്യർ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ പുറത്ത് പുണ്ണു വരും.

അറുമുഖൻ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന കൈക്കോട്ടാണ് പദ്മിനി ഇപ്പോൾ ഉപയോഗിക്കുന്നത്. മറ്റെ കൈക്കോട്ട് നന്നാക്കിയെടുക്കാനാവുമോ എന്ന് അവൻ കുറേ ശ്രമിച്ചു. അപ്പോഴാണ് തന്റെ പഴയ കൈക്കോട്ടിനെപ്പറ്റി ഓർമ്മ വന്നത്. അവൻ വീട്ടിൽ പോയി അതെടുത്തുകൊണ്ടുവന്നു. അതുകൊണ്ട് ചാൽ തിരിക്കുന്ന പണി എളുപ്പമായി. അറുമുഖന്റെ പുതിയ കൈക്കോട്ടിന്റെ ഭാരമില്ല, എന്നാൽ ആവശ്യത്തിന് മൂർച്ചയുണ്ട്താനും. അവൾ നോക്കി. കവുങ്ങുകളെല്ലാം കഴിഞ്ഞു. ഇനി പച്ചക്കറി നനയ്ക്കാനുള്ള കുണ്ടിലേയ്ക്ക് വെള്ളം തുറന്നിടുകയെ വേണ്ടു. ചാൽ അതിലേയ്ക്ക് വിട്ടശേഷം അവൾ വിളിച്ചു പറഞ്ഞു. ‘മതി.’ ഇനി ചാലിൽ ഒഴുകിവരുന്ന വെള്ളംകൊണ്ട് കുഴി നിറഞ്ഞുകൊള്ളും.

തുലാത്തിന്റെ കരകരശബ്ദം നിന്നു. അറുമുഖൻ തേക്കുകൊട്ട രണ്ടു മുളകൾക്കിടയിൽ കൊളുത്തിവച്ച് പാത്തിയിലുടെ നടന്ന് പുറത്തുകടന്നു.

‘ഞാമ്പോയി കഞ്ഞി കുടിച്ചിട്ട് വരാം കൊച്ചമ്പ്രാട്ടി. ന്റെ കൈക്കോട്ടും കൊണ്ടരാ. വാഴവെയ്ക്കാന്ള്ള ചാല് കീറണം.

‘ശരി, ഞാൻ അപ്പഴയ്ക്ക് ഈ വെണ്ടയ്‌ക്കൊക്കെ നനയ്ക്കാം.’

‘എത്ര കന്ന് കൊണ്ടരണം? ഒരു പത്തെണ്ണം ആവാം അല്ലെ? കൊച്ചമ്പ്രാട്ടിടെ ജോലി കൂട്വാണ്. തൈയ്യ് വലുതായി തടം കെട്ടിക്കൊട്ക്കണവരെ ബക്കറ്റെട്ത്ത് നനയ്ക്കണ്ടിവരും.’

‘അതു സാരല്യ. എത്ര കെഴങ്ങ് കിട്ടീട്ട്ണ്ട്?’

‘പത്തമ്പത് എണ്ണംണ്ട്. ചെറ്യേടത്തെ തമ്പ്രാൻ തന്നതാ. ഒന്നുകില് അറുമുഖൻ വിറ്റ് കാശാക്കിക്കോ അല്ലെങ്കില് കുടീല് വെച്ചോന്ന് പറഞ്ഞിട്ട്. ഞങ്ങടെ പറമ്പില് ഇനി കാല് വെയ്ക്കാൻ സ്ഥലല്യ. ബാക്കിള്ളത് വേറെ ആർക്കെങ്കിലും കൊടുക്കാം.’

പെട്ടെന്നാണ് ആ ആശയം പദ്മിനിയുടെ മനസ്സിൽ ഓടിയത്. അവൾ പറഞ്ഞു.

‘എല്ലാം ഇവിടെ നട്ടൂടെ. സ്ഥലല്യാഞ്ഞിട്ട് കൃഷി ചെയ്യാണ്ടിരിക്കണ്ട.’

അറുമുഖൻ കുറച്ചുനേരം ആലോചിച്ചു. തരക്കേടില്ല. ഇവിടെയാണെങ്കിൽ ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. കുളത്തിൽ ധാരാളം വെള്ളമുണ്ട്. വേനലിൽ വെള്ളം വല്ലാതെ താഴുമ്പോൾ മാത്രം കുറച്ചു വിഷമമാവും. ഈ കുളത്തിൽ അങ്ങിനെ താഴാറില്ല. അഥവാ കുറഞ്ഞാൽ ഒന്ന് വെട്ടിത്താഴ്ത്തണം.

‘നമ്ക്ക് ഒരു കാര്യം ചെയ്യാം. രണ്ടുപേർക്കും കൂടീട്ട് നേന്ത്രവാഴകൃഷി തൊടങ്ങാം. കിട്ടിയത് പപ്പാതിയായി പങ്കിടാം. എന്താ?’

‘എന്നോട് അറുമുഖൻ കണക്കു പറയരുത്.’ പദ്മിനിയുടെ സ്വരത്തിൽ വേദനയുണ്ട്. ‘അറുമുഖൻ ഇവിടെ എന്തു വേണങ്കിലും നട്ടോളു, കൊണ്ടുപോയി വിറ്റോളു. എനിക്ക് ഒന്നും വേണ്ട. അറുമുഖൻ എനിക്കുവേണ്ടി ഇപ്പ ചെയ്യണത് തന്നെ വളരെ അധികാ.’

‘ഞാൻ അങ്ങിന്യൊന്നും ഉദ്ദേശിച്ചില്ല കൊച്ചമ്പ്രാട്ടി.’ അറുമുഖൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. കൊച്ചമ്പ്രാട്ടി ഇപ്പത്തന്നെ വല്ലാതെ കഷ്ടപ്പെട്ണ്ണ്ട്. അമ്പത് വാഴക്കന്ന് നട്വാന്ന്‌ള്ളേന്റെ അർത്ഥം ദെവസും രണ്ട് നേരം അമ്പത് ബക്കറ്റ് വെള്ളംവീതം ഒഴിക്ക്യാന്നാണ്. രണ്ടെലേങ്കിലും വരണേന്റെ മുമ്പെ തടംണ്ടാക്കാൻ പറ്റില്ല. അതുവരെ വെള്ളം കുഴീന്ന് മുക്കി ഒഴിക്യന്നെ വേണം. കൊറ്യൊക്കെ ഞാനും ചെയ്യാം. രാവില്യാവുമ്പോ നിക്ക് പണിക്ക് പോവും വേണം.’

‘അപ്പൊ ഇതുവരെ അറുമുഖൻ ചെയ്തിരുന്നതൊക്കെ ആർക്കുവേണ്ടീട്ടാണ്. നമ്മള് തമ്മില് കണക്കൊന്നും വേണ്ട. ആ കന്നുകള് മുഴുവൻ നമുക്ക് ഇവിടെ നടാം.’

‘ഞാൻ കഞ്ഞി കുടിച്ചിട്ട് കൈക്കോട്ടുമെട്ത്ത് വരാം. കാനല് വീഴാത്ത പറമ്പ് നോക്കി കുഴിക്കാം. വാഴയ്ക്ക് ഒട്ടും കാനല് പാടില്ല. ഒപ്പംതന്നെ കൊളത്തീന്ന് വല്ലാതെ അകലാനും പാടില്ല.’

അറുമുഖൻ ചുറ്റും നോക്കുകയായിരുന്നു. അടുത്തുതന്നെയുള്ള പറമ്പിലേയ്ക്കു ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു. ‘ആ പറമ്പിലാവാം. ഒരു ഞാവല് മാത്രേള്ളു. അത് സാരല്യ.’

അറുമുഖന്റെ അറിവിൽ അദ്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു പദ്മിനി.

നന കഴിഞ്ഞ് പദ്മിനി അമ്മയ്ക്ക് കഞ്ഞി കൊടുത്തു. കഞ്ഞി കൊടുക്കുമ്പോഴാണ് അവൾ അമ്മയോട് സംസാരിക്കുന്നത്. അവർ എല്ലാം മൂളിക്കേൾക്കും. മനസ്സിലാവുന്നുണ്ടോ എന്ന് ദൈവത്തിനറിയാം. കഞ്ഞികുടിച്ച് പറമ്പിലേയ്ക്കു നോക്കിയപ്പോൾ അറുമുഖൻ കുഴിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. അവൻ നീണ്ട കിടങ്ങുകളാണുണ്ടാക്കുന്നത്. ഒന്നു കുഴിച്ചുകഴിഞ്ഞാൽ കുറച്ചകലത്തായി മറ്റൊന്ന്. ഉച്ചയായപ്പോഴേയ്ക്കും ഒരേ അകലത്തിൽ എട്ട് ആഴമുള്ള ചാലുകൾ ഉണ്ടാക്കിക്കഴിഞ്ഞു.

‘ഇനി ഇതൊക്കെ പച്ചെലേം ചപ്പും ചവറും കൊണ്ട് നെറക്കണം.’ അവൻ വെട്ടുകത്തിയുമായി പറമ്പിൽ നടക്കുകയാണ്. ചെറിയ മരങ്ങളുടെ ചില്ലകളും മറ്റും വെട്ടിക്കൊണ്ടുവന്ന് അവൻ കുഴികൾ ഇലകൾ കൊണ്ട് നിറച്ചു.

‘വെണ്ണീറും ചാണകോം നമക്ക് അമ്മേടെ അട്ത്ത്ന്ന് തരാക്കാം. ബാക്കി പണി വൈന്നേരം തേവാൻ വരുമ്പോ ചെയ്യാം.’