close
Sayahna Sayahna
Search

ഗാലപ്പ‌ ഗോസ്


‌← ഇ.സന്തോഷ് കുമാർ

ഗാലപ്പ‌ ഗോസ്
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

ഗാലപ്പഗോസ്[1]

റിങ്‌മാസ്റ്റർ പറഞ്ഞു:

ഈ കൂടാരത്തിൽ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാർന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങൾ, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തിൽ ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും വന്നുചേർന്നിരിക്കുന്നത്. ഏവർക്കും സ്വാഗതം! നാനാദേശക്കാരായ ഈ ജീവികൾക്കും അല്പമൊരവകാശം ഭൂമിയുടെ മേലുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. ലോകം മൊത്തമായും പ്രളയത്തിനടിപ്പെടുമ്പോൾ നോഹയ്ക്കു രക്ഷിക്കാവുന്നത്രയും ജീവജാലങ്ങളുടെ പേടകമാണ് ഞങ്ങളുടെ കൂടാരമെന്ന് പറയുവാൻ എന്നെ അനുവദിക്കുക. കുട്ടികളേ, വെറുതെ നോക്കിനിൽക്കാതെ വീറോടെ ഒന്നു കൈയടിച്ചോളൂ.

പോരാ..പോരാ… ഒരുശിരുമില്ലാത്ത തലമുറയാണല്ലോ സുഹൃത്തുക്കളേ നിങ്ങളിവിടെ ഉപേക്ഷിച്ചുപോകുന്നത്. കൊച്ചുചെറുപ്പത്തിലേ കണ്ണടയിട്ടും ഗൗരവം പൂണ്ടും നിങ്ങളാകെ വയസ്സന്മാരായിക്കഴിഞ്ഞു. തെറ്റിയും തെന്നിയും നടക്കുന്ന നിങ്ങളുടെ പ്രായത്തിൽ എല്ലാവരും പട്ടാളച്ചിട്ട നടിക്കുന്നു. ഒന്നുപറയാം. വേച്ചു നടക്കാനും വാക്കുകൾ തെറ്റായുച്ചരിക്കാനും ഏതു നട്ടപ്പാതിരക്കും എഴുന്നേറ്റിരുന്ന് അലറിക്കരയാനും പ്രപഞ്ചത്തിൽ നിങ്ങൾക്കുമാത്രമേ അനുവാദമുള്ളൂ. ലോകം ശിശുക്കളെപ്പോലെയുള്ളവരുടേതാകട്ടെ. അതിനാൽ കൈയടിക്കുക. വലിയ ആളുകൾ രണ്ടുകൈ ചേർത്തുണ്ടാക്കുന്ന ശബ്ദം ഒറ്റക്കൈകൊണ്ടുതന്നെ നിങ്ങൾ ഉണ്ടാക്കണം, ആ… ഏതാണ്ട്…

മുമ്പ്, എന്നുപറഞ്ഞാൽ എന്റെയൊക്കെ ചെറുപ്പത്തിൽ ഇത്തരമൊരുസംഘം ഗ്രാമത്തിൽ വന്നാൽ, കുട്ടികളേ ഞങ്ങൾ വീടുമുപേക്ഷിച്ച് അതിനെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അതുകഴിഞ്ഞേ ഞങ്ങൾക്ക് മറ്റെന്തുമുള്ളൂ. മറ്റൊരു ലോകത്തെക്കുറിച്ചുള്ള അന്വേഷണം എത്ര കൗതുകകരമായിരുന്നു! കാലം മാറിമാറിവന്ന് എവിടെയും ഭയങ്കരന്മാരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവറ്റ പെരുവയറുംകൊണ്ട് ലോകമെല്ലാം

​​​ തിന്നൊടുക്കുന്നു. രണ്ടുകാലുംകൊണ്ട് മൂന്നടിവച്ച് പ്രപഞ്ചമാകെ അളന്നെടുക്കുന്നു. ഒറ്റനോട്ടംകൊണ്ട് സർവ്വവും ഭസ്മമാക്കുവാൻപോന്ന അവരുടെ കണ്ണുകളിലെ ശിവശക്തി! ഈ മനുഷ്യരെക്കൊണ്ട് ഭൂമി പൊറുതി മുട്ടിയിരിക്കുകയാണ്. അതിനാൽ കുഞ്ഞുങ്ങൾക്ക് പാരിതോഷികമായി ഈ കാഴ്ചകൾ ഞാൻ സമർപ്പിക്കുന്നു. അവർ ആവോളം ആസ്വദിക്കട്ടെ. അച്ഛനമ്മമാരേ, നിങ്ങളോടു ഞാനൊരു രഹസ്യം പറയാം. അതു നിങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചാണ്. അവരുടെ ആയുസ്സിലെ ഏറ്റവും ലോലമായ നന്മകളിലൂടെയാണ് നാം ഇനിയുള്ള കാലം കഴിഞ്ഞുകൂടാൻ പോകുന്നത്. അവരുടെ നിശ്വാസത്തിന്റെ വിശുദ്ധിയിൽനിന്നേ ഇനി പൂക്കൾക്ക് വിരിയാനൊക്കൂ. ഇതൊക്കെ നിങ്ങളെ അറിയിക്കാനുള്ള ഭാഗ്യം, സംഗതിവശാൽ ഞങ്ങൾക്കു വന്നുചേർന്നെന്നേയുള്ളൂ.

പണ്ട്, എന്നുപറയുമ്പോൾ ഇന്ന് പ്രാവുകളെപ്പോലെ വെളുത്ത താടിയുള്ള എന്റെയൊക്കെ ബാല്യത്തിൽ- ഞാനോർമ്മിക്കട്ടെ- എന്റെ അമ്മ എല്ലാ ആഴ്ചയും പള്ളിയിൽ പോയിവന്നശേഷം വലിയൊരു ചൂട്ടുമെടുത്ത് തൊടിയിലേക്കിറങ്ങുകയായി. ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം. അവരങ്ങനെ വല്ലാത്ത അലിവോടെചെന്നു മരത്തിന്റെ ചില്ലയിൽ കൂടുകൂട്ടിയിരുന്ന ഭയങ്കരന്മാരായ കടന്നലുകളെ ഒറ്റവയ്പ്പിനു കത്തിക്കും. ‘എത്രയും ദയവായി’ എന്നു ഞാൻ ഊന്നുകയാണ്. പുണ്യവാളന്മാരേ! അത്രയും വിരുതുള്ളൊരു സ്ത്രീയെ ഞാനെന്റെ ലോകയാത്രകൾക്കിടയ്ക്കൊന്നും കണ്ടിട്ടേയില്ല, സത്യമാണ് പറയുന്നത്. ഒറ്റ കടന്നൽക്കുഞ്ഞുപോലും ആ ദഹനകാരുണ്യത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ല. അതൊരു പതിവായിരുന്നു. അക്കാലത്ത് ഞങ്ങൾ കുട്ടികൾ- നിങ്ങളുടെപോലെ ഒറ്റക്കുഞ്ഞിനെമാത്രം പ്രസവിച്ചുനിർത്തുന്ന അമ്മമാരുടെ കാലമല്ല അത്- “ഇതെന്താണമ്മച്ചീ” എന്നു ചോദിച്ചാൽ, “പൊന്നുമക്കളേ, അതുങ്ങളുപെരുകി നിങ്ങടെ കുഞ്ഞുദേഹത്തിൽ തൂശിപോലെ കുത്തിനോവിക്കില്ലേ” എന്നുത്തരം കിട്ടും. എന്റെ അമ്മ ദൈവഭയമുള്ളവളായിരുന്നതിനാൽ എല്ലാ ആഴ്ചയും ഈയൊരു കാര്യം വേദനയോടെ കുമ്പസാരിക്കുമായിരുന്നു. നിങ്ങൾ ചിരിക്കുകയാണോ? ഒരു കടന്നൽ, അതിന്റെ കുഞ്ഞുങ്ങൾ, അവയുടേയും കുഞ്ഞുങ്ങൾ ഇങ്ങനെയെല്ലാം ചേർന്ന് നമ്മെയൊക്കെ മൂടി ഒരു കടന്നൽപ്പുറ്റാക്കി മാറ്റുന്ന രംഗം ഓർത്തുനോക്കിയിട്ടുണ്ടോ? ആ- അതാണുപ്രശ്നം. എന്നാൽ, ഞാൻ വലുതായപ്പോൾ ഒരു കടന്നൽക്കൂടുതേടി എത്രദൂരം നടന്നു! പ്രിയമുള്ളവരേ, ഭൂമിയിലെ എല്ലാ അമ്മമാരും ഇങ്ങനെ കടന്നലുകൾക്ക് തീ വയ്ക്കുമായിരുന്നുവെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഇനിയിപ്പോൾ ഈ ചില്ലുകുപ്പിയിൽ ഏകനായി ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ഈ കടന്നൽ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരിക്കലും അരുതാത്ത അതിന്റെ ഘോരമായ ഏകാന്തതയിൽ എനിക്കു ദു:ഖമുണ്ട്. അതിന്റെ വംശം നിലനിൽക്കണമെന്നുതന്നെ ഞാനാഗ്രഹിക്കുന്നു. അതിനാൽ, ഈ കടന്നലിന് ഒരിണതേടുക എന്ന ദുഷ്കരമായ കൃത്യം എന്റെ മുന്നിലുണ്ട്. പക്ഷേ, ഒന്നു കുത്തിനോവിക്കാൻ പോലും ഒരെണ്ണം നമ്മൾ മനുഷ്യരുടെ പിന്നാലെ കൂടുമോ എന്നു സംശയമാണ്.

ഇനിയും ഞാൻ കുഞ്ഞുങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഒരു കൊച്ചു ചോദ്യം! എന്റെ പ്രിയപ്പെട്ട കുട്ടികളേ. എവിടെയാണ് ഈ ഭൂമിയുടെ അച്ചുതണ്ട്? അതേ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, കാലചക്രത്തിന്റെ പാതയിലൂടെ ഇങ്ങനെ നിർത്താതെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂമിയുടെ കടവുകോൽ എവിടെയാണ്? ങേ-? വേണ്ട, വേണ്ട. അക്ഷംശവും രേഖംശവുമൊക്കെ പറഞ്ഞ് നിങ്ങളുടെ ഗുരുക്കന്മാരുടെ വാക്കുകൾ- അവർക്കുതന്നെ അബദ്ധപഞ്ചാംഗങ്ങളിൽനിന്നും കിട്ടിയവ- ആവർത്തിക്കേണ്ടതില്ല. പകരം ഭാവനയെ തുറന്നുവിടൂ, ശലഭങ്ങളെപ്പോലെ. എവിടെയാണ്? അല്ലെങ്കിൽ ഞാൻ തന്നെ പറയാം. ഈ താടിവെളുത്ത് പഞ്ഞിയാകുംവരെ ഞാനീമണ്ണിലാകെ സഞ്ചരിക്കുകയായിരുന്നു. എനിക്കുറപ്പുപറയാനാകും, അത് മരുഭൂമിയുടെ ഏറ്റവും നടുക്കാണ്. കടലിലോ കൊടും മഞ്ഞുമലകളിലോ അല്ല. എന്തെന്നാൽ കാറ്റ് ഒരു തിരിവുകോലായി കറങ്ങി, ആഞ്ഞുവീശാനാരംഭിക്കുന്നത് മരുഭൂമിയുടെ നാഭിയിൽനിന്നാണ്. അതേ, എനിക്കുറപ്പുപറയാനാകും. അതിനാൽ ഭൂമിയാകെ തിരിഞ്ഞുകൊണ്ടിരിക്കുന്നത് തീ പിടിച്ച തലച്ചോറുള്ള മരുഭൂമിയിലാണ്. നിങ്ങളുടെ പ്രവാചകന്മാർ അവിടെത്തന്നെയാണല്ലോ ജനിച്ചതും. ഇതാ ഈ മണൽ മേഖലയുടെ പ്രതിനിധിയായി, ഭാവനയിലെ മണൽക്കാടുകൾ ഇപ്പോഴും അലഞ്ഞുതീർക്കുന്ന വൃദ്ധനായ എന്റെ സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ്.

ഇത്രയും പറഞ്ഞുകൊണ്ട് സംഘത്തലവനായ, ക്രിസ്മസ് അപ്പൂപ്പന്റെ മുഖച്ഛായയുള്ള ആ മനുഷ്യൻ ഒരു കൂട് സ്വയം തള്ളിക്കൊണ്ടുവന്നു. നഴ്സറി റൈമുകൾക്കൊപ്പം ചിട്ടയോടെ കയ്യടിച്ചുശീലിച്ച കുട്ടികൾ അവിശ്വാസം നിഴലിക്കുന്ന കണ്ണുകളോടെ ആ കാഴ്ച നോക്കിനിന്നു. അത് ഒരു ഒട്ടകമായിരുന്നു. അതിന്റെ കണ്ണുകൾ അനന്തതയിലേക്കു നീണ്ടു. ഏറ്റവും ശക്തമായ കണ്ണടകൾ ധരിച്ചിട്ടും അതിന്റെ കണ്ണിലെ പ്രാചീനതയുടെ ആഴം അവർക്കളക്കാനാകുമായിരുന്നില്ല. അവരുടെ കൈയടിയുടെ കുഞ്ഞുസ്വരങ്ങളേയും റിങ്‌മാസ്റ്ററുടെ കനമുള്ള മൂളലുകളേയും, എന്തിന് തന്റെ കൂടിന്റെ ബലവത്തായ ഇരുമ്പുകമ്പികളെപ്പോലും നിർവികാരമായ ഒരു നോട്ടത്തോടെ അത് അവഗണിച്ചു. അപ്പോൾ അവിടെ കൂടിയിരുന്ന കുട്ടികളെല്ലാം ചേർന്ന് നേർത്ത കൈയ്യടിയോടെ “മരുഭൂമിയിലെ കപ്പൽ, മരുഭൂമിയിലെ കപ്പൽ” എന്നു വിളിച്ചു പറയുകയായിരുന്നു. അവരുടെ ശബ്ദങ്ങളൊന്നും ഉന്നതനായ ആ മൃഗത്തിന്റെ കർണ്ണപുടങ്ങളിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. ഒട്ടുനേരം കഴിഞ്ഞപ്പോൾ അത് തന്റെ ചുണ്ടുകൾ ഒരുവശത്തേക്ക് നീക്കി പുച്ഛത്തോടെ ചിരിച്ചു. പിന്നെ, തന്റെ കൂട്ടിലെ ചക്രങ്ങളുടെ സഹായത്തോടെ, അടഞ്ഞ കൂടാരത്തിന്റെ വിതാനങ്ങൾ വകഞ്ഞുമാറ്റി ഉള്ളിലേക്കുപോയി.

റിങ്‌മാസ്റ്റർ വൃത്താകൃതിയിലുള്ള പ്രദർശനസ്ഥലം മുഴുവൻ ചിന്താക്ലാന്തനായി നടന്നുതീർക്കുകയായിരുന്നു അപ്പോൾ. കുറച്ചുനേരത്തെ മൗനം

കൂടാരത്തിൽ നിറഞ്ഞു. പിന്നെ അയാൾ തുടർന്നു: “കൂട്ടരേ, ഭൂമിയിലെ ജീവജാലങ്ങൾ എന്നെ എല്ലാക്കാലത്തും ആകർഷിച്ചിരുന്നു. അവയുടെ വൈവിധ്യം, ആക്രമണവും പിൻവാങ്ങലും ഇണചേരലും അങ്ങനെയെല്ലാംതന്നെ… എന്നാൽ ഞാൻ തികച്ചും ആരാധനയോടെ കാണുന്ന ഒരു മൃഗമുണ്ട്. അതിന്റെ വന്യമായ പ്രണയഭേരികൾ പർവ്വതങ്ങളെ കുലുക്കുന്നു. അലർച്ചകൾ കിളുന്നുമാൻകുട്ടികളെ ദൂരങ്ങളുടെ കാമുകന്മാരാക്കുന്നു. ഒന്നാലോചിച്ചാൽ എത്ര ഉചിതജ്ഞതയോടെയാണ് ഒരു രാജാവിന്റെ പട്ടം നാമയാൾക്കുകൊടുത്തിട്ടുള്ളത്!”

അയാൾ അത്രയും പറഞ്ഞുതീർന്നപ്പോൾ കൂടുതൽ ബലവത്തായ ഇരുമ്പുകമ്പികളുടെ ബന്ധനത്തിൽ, ഒരു സിംഹം പ്രത്യക്ഷനായി. കൂടിനുള്ളിൽ വല്ലാത്തൊരു വേഗത്തോടെ അത് ഉലാത്തിക്കൊണ്ടിരുന്നു. ആദ്യം നടന്ന ദിശയിൽ കൂടിന്റെ ഭിത്തിയെത്തുന്നതിനു മുമ്പായി അല്പനേരം നിൽക്കും; പിന്നെ തിരിച്ചുനടക്കും. ഇത് നിർത്താതെ ആവർത്തിച്ചുകൊണ്ടിരുന്നു. അസാധാരണമെന്നുപറയട്ടെ- കുട്ടികൾ അത് പേടിയോടെ പ്രതീക്ഷിച്ചിരുന്നെങ്കിലും- ആ നടത്തത്തിനിടയിൽ ഒരിക്കൽപ്പോലും വന്യമായ ഒരലർച്ച കാണികൾക്ക് ലഭിച്ചതേയില്ല. കാർട്ടൂണുകളും വന്യജീവികളുടെ സീരിയലുകളും കണ്ടുപരിചയിച്ച കുട്ടികൾ ഈ മൃഗങ്ങൾ ഉടുപ്പിടാതെ നിൽക്കുന്നതെന്താണെന്നുമാത്രം രക്ഷിതാക്കളോടു ചോദിച്ചുകൊണ്ടിരുന്നു.

പ്രദർശനം നീണ്ടുപോവുകയാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ വൈവിധ്യം എല്ലാവരെയും അമ്പരപ്പിച്ചു. ഞങ്ങളൊരിക്കലും കാണാത്ത വിവിധനിറമുള്ള ഇഴജന്തുക്കൾ, കുങ്കുമച്ചുണ്ടുള്ള വലിയ തത്തകൾ, പതിനാലുലോകങ്ങളും വായിലൊളിപ്പിക്കാവുന്ന നീർക്കുതിരകൾ, കൂടിന്റെ അഴികൾക്കുള്ളിൽ കോപവും സ്നേഹവും കലർത്തി പരസ്പരം അറിഞ്ഞുകൊണ്ടിരുന്ന പ്രത്യേകതരം കുരങ്ങുകൾ, പല നിറങ്ങളിൽ കൂടാരമാകെ പാറിനടന്ന പൂമ്പാറ്റകൾ (അവയുടെ പ്രത്യേകമായ വിധത്തിലുള്ള ഒരു കൂടിച്ചേരലുണ്ടായപ്പോൾ നിറങ്ങളെല്ലാം അസാധാരണമായ രീതിയിൽ അലിഞ്ഞ് വെള്ളനിറമുണ്ടായി. അതു സംഘത്തലവന്റെ വെളുത്തതാടിപോലെത്തന്നെ ശുഭ്രമായിരുന്നു. അല്പനേരത്തെ വെണ്മയ്ക്കുശേഷം പൂമ്പാറ്റകൾ പിരിഞ്ഞു. കൂടാരത്തിലെങ്ങും വർണ്ണങ്ങൾ വിരിയുകയായി). കൂടാരം അത്ഭുതങ്ങളുടെ പേടകം തന്നെയായിരുന്നു.

* * *

നഗരത്തിലെ പ്രദർശനം ആഴ്ചകൾ നീണ്ടുപോയി. ഇപ്പോൾ കൂടാരത്തിലെ ആളുകൾ ഞങ്ങൾക്കു പരിചിതരായിത്തീർന്നിരിക്കുന്നു. ആദ്യമെല്ലാം യാത്രാക്ഷീണം പ്രകടമായിരുന്ന അവരുടെ കണ്ണുകൾക്ക് തിളക്കം കൈവന്നു. സൈക്കിളിൽ അഭ്യാസം നടത്തുന്ന ചിലരെങ്കിലും നഗരപ്രാന്തങ്ങളിലേക്കു യാത്രചെയ്യുമായിരുന്നു. വിചിത്രമായ ഒരു വസ്തുത, കൂടാരത്തിനുവെളിയിൽ അവർ, നമ്മൾ സാധാരണക്കാരെപ്പോലെ മാത്രമേ സൈക്കിൾ ചവിട്ടിയിരുന്നുള്ളൂ എന്നതാണ്. പാതയുടെ നിയമങ്ങൾ അവർ കണിശമായും പാലിച്ചു. അസാധാരണമായ അഭ്യാസങ്ങൾ ചെയ്യുന്നവരെങ്കിലും അവരുടെ നടത്തത്തിന്റെ ലാളിത്യവും സംഭാഷണങ്ങളിലെ വിനയവും മറക്കാനാവുകയില്ല.

പക്ഷേ, വയസ്സനായ റിങ്‌മാസ്റ്റർ കാര്യമായൊന്നും പുറത്തിറങ്ങിയിരുന്നില്ല. അയാൾ കൂടാരത്തിനടുത്തുതന്നെ സജ്ജമാക്കിയിരുന്ന ചെറിയൊരു ടെന്റിൽ കഴിഞ്ഞുകൂടി. പഞ്ഞിയെല്ലാം ഒരരികിലേക്കു ക്രമംതെറ്റിക്കിടന്ന ഒരു പഴഞ്ചൻ കിടക്കയിൽ പകൽമുഴുവനും ആർക്കും വ്യക്തമാകാത്തൊരു സംഗീതവും കേട്ട് അയാളങ്ങനെ കിടക്കുകയായിരിക്കും. ഒന്നുറപ്പാണ്. അതികഠിനമായ ദു:ഖം ആ മുഖത്തുണ്ട്. ചിന്തകൾ ഒന്നിൽനിന്നൊന്നായി ബഹുദൂരം യാത്രചെയ്യുകയാണ്. വിഷാദത്തിന്റെ നിഴലുകൾ ആ കണ്ണുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷമായിരുന്നു. ഇപ്പോൾ ഈ കൂടാരം നമ്മുടെ നഗരത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. കൂടാരം നാട്ടിയ ഇരുമ്പുതൂണുകൾക്ക്, സാധിക്കുമെങ്കിൽ വേരുകളാഴ്ത്തി ഈ ഭൂമിയിൽത്തന്നെ തുടരാവുന്നതേയുള്ളൂ.

ഒടുവിൽ, അപ്രതീക്ഷിതമായ ഒരു ദിവസം, സംഘം യാത്രതുടരാൻ തീരുമാനിച്ചിട്ടുള്ളതായി വാർത്ത പരന്നു. അതുകൊണ്ടാവണം, ആഴ്ചയുടെ അവസാനത്തെ ദിവസം പതിവിലേറെ ആളുകൾ പ്രദർശനത്തിനെത്തിച്ചേർന്നു. ഏറെ നാൾക്കുശേഷം, റിങ്‌മാസ്റ്റർ തന്റെ ഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുകയായിരുന്നു.

“നന്നായി.” അയാൾ തുടങ്ങി: “നിങ്ങൾ കുഞ്ഞുങ്ങളെ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. അത്രയും നന്ന്. ഞാൻ ആദ്യദിവസം പറഞ്ഞതുപോലെ ലോകം ശിശുക്കളെപ്പോലുള്ളവരുടേതായിരുന്നെങ്കിൽ! ഒരു തോട്ടത്തിൽ വിരിയുന്ന പൂക്കളിൽ ഞാൻ കുഞ്ഞുങ്ങളുടെ ചിരി കാണുന്നു. എന്നാൽ ഏറെ നാൾക്കുശേഷം ഞാനിവിടെയെത്തുമ്പോൾ, ഒരു കാലത്ത് കുഞ്ഞുചിരികളിൽ വിരിഞ്ഞിരുന്ന നിങ്ങളെല്ലാം വലിയ മനുഷ്യരായിത്തീർന്നുകഴിഞ്ഞു. ഒന്നും നിങ്ങളെ വിസ്മയം കൊള്ളിക്കുന്നില്ല. കഷ്ടമെന്നു പറയാം, നിങ്ങളുടേതുമാത്രമായ ദു:സ്വപ്നങ്ങൾ കണ്ടുപേടിച്ച ഈ കുട്ടികളും ചിരിമറന്നുപോയിരിക്കുന്നു. ഞാൻ പഴങ്കഥകളിലെ നന്മകൾ പറഞ്ഞ് നിങ്ങളെ വിമർശിക്കുകയല്ല. പുത്തൻ ദേശങ്ങളുടെ, പുത്തൻ കാലത്തിന്റെ, പുത്തൻ ജീവിതത്തിന്റെതന്നെയും ആരാധകനാണു ഞാൻ. എന്നാൽ ഈ പ്രദർശനമൊക്കെ നടത്തുമ്പോഴും വല്ലാത്തൊരുകുറ്റബോധം എന്നെ വേട്ടയാടുകയായിരുന്നു.” അത്രയും പറഞ്ഞ് അയാൾ ചിന്താമഗ്നനായി നടന്നുതുടങ്ങി. ഭാരമേറിയ ആ കാൽവയ്പുകൾ ടെന്റിനെത്തന്നെ കുലുക്കിയിരുന്നു. കൂടാരത്തിലെ അഭ്യാസികൾ, സൈക്കിളുകൾ, തൂക്കിക്കെട്ടിയ ട്രപ്പീസ് ബാറുകൾ, പല നിറത്തിലുള്ള അസംഖ്യം വിളക്കുകൾ ഒക്കെയും ആ മനുഷ്യനെ നോക്കിക്കൊണ്ടുനിൽക്കുകയാണെന്നു ഞങ്ങൾക്കുതോന്നി. മൃഗങ്ങൾ താമസിച്ചിരുന്ന കൂടാരത്തിലെ ഉൾവശം ഞങ്ങൾക്കു കാണാനാകുമായിരുന്നില്ല. ആ ഭാഗം ആകാശനീലിമയുള്ള ഒരു വിരികൊണ്ട് പ്രത്യേകം മറച്ചിരുന്നു.

അയാൾ തുടർന്നു:

“ഞാൻ എന്റെ അമ്മയെക്കുറിച്ച് ഒരിക്കൾ പറഞ്ഞു. ഞങ്ങൾ കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹംകൊണ്ട് ആ പാവം സ്ത്രീ തൊടിയിലെ കടന്നൽക്കൂടുകൾ ഒന്നാകെ തീവെയ്ക്കുമായിരുന്നു. പ്രിയപ്പെട്ടവരേ, ഈ ഭൂമിയിലെ അമ്മമാർ കുഞ്ഞുങ്ങളോടുള്ള അന്ധമായ സ്നേഹലാളനമൂലം അഗ്നിക്കിരയാക്കിയ കടന്നൽക്കൂടുകളാണ് എന്റെ ശിരസ്സിലത്രയും. അവയോ, ആർത്തമായ നിലവിളികളോടെ എന്നെ പിന്തുടരുകയും. ഒരുപക്ഷേ, എങ്ങുമുറയ്ക്കാതെ ഈ ലോകം മുഴുവൻ ഞാനലഞ്ഞുകൊണ്ടിരിക്കുന്നതിനുള്ള കാരണവും അതുതന്നെയല്ലേ? ഇങ്ങ്നെ എല്ലാ കടന്നലുകളും ഇഴജന്തുക്കളും പാറ്റകളും മത്സ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോകുമ്പോൾ, ഒക്കെയും വിസ്മൃതമാക്കുന്ന ഒരു പ്രളയകാലത്ത്, ജീവന്റെ പെട്ടകം നാമെങ്ങനെ നിറയ്ക്കും? (അതുപറഞ്ഞ്ശേഷം ആദിമമായ ഒരു നാദത്തോടെ, നോഹ ചുമയ്ക്കുന്നതുപോലെത്തന്നെ, അയാൾ ചുമച്ചു). ഈ ഒരു കുറ്റബോധം എന്നെ പീഡിപ്പിച്ചിരുന്നു; എന്നും എവിടെയും. മനുഷ്യരേ, നിങ്ങൾ ഈ കൂടാരത്തിലെ പലജാതി മൃഗങ്ങളെ കാണാൻ വന്നിരിക്കുന്നു. ഒരിക്കലെങ്കിലും, ഒരിക്കലെങ്കിലും, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഈ മൃഗങ്ങൾ നിങ്ങളോടെങ്ങനെ പ്രതികരിക്കുന്നുവെന്ന്? ദൈവത്തിലെ ആകാരത്തിൽ സൃഷ്ടിക്കപ്പെട്ട നാം മനുഷ്യരെ അവ എങ്ങനെയാണ് നോക്കിക്കാണുന്നത്? എന്റെ കുട്ടികളേ, നിങ്ങൾ അവരെ കാണുന്നു. അവർ നിങ്ങളേയോ?”

“സൂക്ഷിച്ചുനോക്കൂ; ഈ കൂടാരത്തിലെ മൃഗങ്ങളൊന്നും നിങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. സത്യമായും, അവ ഒരിക്കൽപോലും നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഞാൻ ഉറപ്പിച്ചുപറയുന്നു. പന്തുകളിക്കുന്ന കരടിയോ, അഭിവാദ്യം ചെയ്യുന്ന ആനയോ, കണക്കുകൂട്ടുന്ന പട്ടിയോ, പുലിയോ ഒന്നും നിങ്ങളുടെ നാഗരികതയെ നോക്കുന്നതുപോലുമില്ല.

പശ്ചാത്താപവിവശനായി, രാത്രികളിലേറെയും ഞാൻ ഉരുകിത്തീരുകയായിരുന്നു. സുഹൃത്തുക്കളേ, നഗരത്തിന്റെ വന്യതയിലേക്ക് ഇവയെ എങ്ങനെ വലിച്ചെറിയുമെന്ന ഭീതികൊണ്ടുമാത്രം, ശിരസ്സിൽ നിറച്ചും പാപബോധവുമായി ഞാനീ ഭൂമിയെ ഭ്രമണം ചെയ്തു. ഒരു പക്ഷേ, അവയെന്നോടിണങ്ങുകയും ചെയ്തിരിക്കണം. പ്രായശ്ചിത്തത്തിന്റെ ഒരു ചെറുവിരലനക്കമെന്നോണം ഒറ്റക്കടന്നലിനെ ഞാനെന്റെ നെറ്റിയിൽത്തന്നെ വെക്കുമായിരുന്നു. നീലവിഷം പേറുന്ന പാമ്പുകളെ കണ്ഠത്തിൽത്തന്നെ കിടത്തിയിരുന്നു. ഒറ്റയ്ക്ക്, അതും വിശന്നിരിക്കുന്ന പുലിയുടെ കൂട്ടിലേക്ക് കയറിച്ചെന്നിട്ടുണ്ട്. പക്ഷേ, പക്ഷേ ഒരു കടന്നൽക്കുത്തോ സർപ്പദംശമോ ഒന്നുകൊണ്ടും അവയെന്നെ അനുഗ്രഹിച്ചിട്ടില്ല. കൂടുകളിലുള്ള ചെറുതും നിസ്സാരവുമായ ലോകങ്ങൾകൊണ്ട് അവയെല്ലാം ഈ ഭൂമിയെ മൊത്തമായും അളന്നെടുക്കുകയായിരുന്നുവെന്നു ഞാൻ, എന്റെ സന്ധ്യയിൽ, ഇപ്പോൾ മനസ്സിലാക്കുന്നു. അത്രയും നല്ലത്. എത്ര അന്തസ്സാരശൂന്യമായ നമ്മുടെ ലോകം! ഈയിടെ കാണികളിലൊരാൾ ചോദിച്ചു: നിങ്ങളീ ജന്തുക്കളെയും കൊണ്ട് ഒരു ചൂഷകനെപ്പോലെ ഊരുചുററുകയായിരുന്നില്ലേ? അക്ഷരംപ്രതി ശരിയാണു സ്നേഹിതാ. എന്നാല്‍ ആവേശത്തിനിടയ്ക്ക് അദ്ദേഹം വിട്ടുപോയ ഒരു ചെറിയ സംഗതികൂടിയുണ്ട്. ഇക്കാലമത്രയും ഏകനായി ഞാനും ഈരുചുററുകയായിരുന്നു. എന്റെ ഏകാന്തതയെ നമ്മുടെ സ്നേഹിതന്‍ വിട്ടുകളഞ്ഞു. പോരാ, ഈ മൃഗങ്ങളുടെ ജിവിതത്തിന്റെ ഒരേട് ഞാനെന്റെ ജീവിതത്തിലും പകര്‍ത്തിയിട്ടുണ്ട്. നിങ്ങളിതുവരെയും കാണാത്ത ഒരു വലിയ അദ്ധ്യായം. എന്റെ അടുത്ത ഇനം അതാണ്.”

അപ്പോള്‍ കൂടാരത്തിലെ നീലവിരിപ്പുകള്‍ രണ്ടായി പിളര്‍ത്തിക്കൊണ്ട് ഒരു കൂട് പ്രദര്‍ശനമദ്ധ്യത്തിലേക്കു വന്നു. അരങ്ങിലെ ഇരുണ്ട പ്രകാശത്തില്‍ ഞങ്ങള്‍ സൂക്ഷിച്ചുനോക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. ആ കൂടിന്റെ ഒരു മൂലയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു അത്.

“ഒരു മനുഷ്യന്‍.” കുട്ടികള്‍ വളിച്ചുപറഞ്ഞു. “അതേ,” അയാള്‍ സമ്മതിച്ചു. “ഇതാ ഒരു മൃഗത്തിന്റെ എല്ലാ ഏകാന്തതയും ഏറ്റുവാങ്ങിയ ഒരു മനുഷ്യന്‍. എന്നെയും നിങ്ങളെയും പോലെ ഒരാള്‍. അല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം രൂപത്തില്‍ ഒരാള്‍.”

ആളുകള്‍ അവിശ്വാസത്തോടെ അരങ്ങിലേക്കു നോക്കിക്കൊണ്ടിരുന്നു. സംഘത്തലവന്‍ മുഴക്കത്തോടെ തുടര്‍ന്നു:

“വിശ്വാസമാവുന്നില്ല അല്ലേ? കൂട്ടരേ, ഇതെന്റെ മകനാണ്. എന്റെ ചോരതന്നെ ഇവനിലും പ്രവഹിക്കുന്നു.”

കൂടാരം ഒരു നാടകശാലയായി അതിവേഗം മാറുകയാണെന്ന് തോന്നിച്ചു. വെളിച്ചത്തിനു കൂടുതല്‍ ദുരൂഹത കൈവന്നു. പക്ഷേ, സര്‍ക്കസ്സിലെ അഭ്യാസികളെല്ലാം ഇതൊക്കെയും വെറും സാധാരണമെന്നമട്ടില്‍ കണ്ട്, തങ്ങളുടെ പ്രകടനങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ കൂടാരത്തിന്റെ പിന്നില്‍ നിന്നും ചെറിയ ഒച്ചകളുയര്‍ന്നു. പിന്നെ വലുതായി. ഗ്യാലറികളില്‍ നിന്ന് ഇറങ്ങിവന്ന ചെറുപ്പക്കാരന്‍ സംഘത്തലവനോടു പറഞ്ഞു:

“ദ്രോഹീ, നീ ചോരയും നീരുമുള്ള ഒരു മനുഷ്യനെ ജന്തുവിനെപ്പോലെ അടച്ചിട്ടിരിക്കുന്നു. തന്നെ ഞങ്ങള്‍ വെറുതെ വിടില്ല. ഇയാളൊരു പെരുംകളളനാണ്. ഞങ്ങളിത് ആദ്യം മുതലേ ഊഹിച്ചതാണ്. എന്തെങ്കിലും കാട്ടി പിഴച്ചുപോകട്ടെയെന്നു കരുതി. കളിച്ചുകളിച്ച് കളി കാര്യമായിരിക്കുന്നു. എടോ പരട്ടുകിഴവാ, അയാളെ തുറന്നുവിട്.”

നിയമപാലകരുടെ നിരയും മുന്നിലും വന്നു.

“ഞാനൊരു തടസ്സമല്ലല്ലോ.” കൈയിലെ നീണ്ട ദണ്ഡുയര്‍ത്തി റിങ്‌മാസ്ററര്‍ പറഞ്ഞു. “എന്നാല്‍ ഒക്കെയും അടിപ്പെടുന്ന പ്രളയത്തില്‍ ജീവന്റെ പെട്ടകം നിറയ്ക്കാന്‍ നിങ്ങളുടെ കുലത്തില്‍ നിന്നാരും വേണ്ടന്നാണോ?”

“തന്റെയൊരു പെട്ടകം! അതില്‍ താന്‍ കേറിയിരുന്നു തുഴഞ്ഞോ!” അതിനുശേഷം ഒരുവന്‍ കൂടിനടുത്തേക്കുചെന്ന് അതിന്റെ ഇരുമ്പുസാക്ഷ ഊരാന്‍ തുടങ്ങി. അപ്പോള്‍ റിങ് മാസ്ററര്‍ തന്റെ ദണ്ഡുയര്‍ത്തി ഉറക്കെ പറഞ്ഞു:

“അടങ്ങൂ യുവാവേ, അതിനുമുമ്പ് നീതിപൂർവ്വകമായ മറ്റൊന്നുചെയ്യാനുണ്ട്. എന്നിട്ടുമാത്രം മതി ഇതെല്ലാം.”

കണ്ണടച്ചു തുറക്കും മുമ്പ് കൂടാരത്തിന്റെ വിരിപ്പുകൾ ഭേദിച്ച് ഒട്ടേറെ കൂടുകൾ അരങ്ങിലെത്തി. ആനകൾ, മയിലുകൾ, ഒട്ടകങ്ങൾ, പാമ്പുകൾ, പുലികളും സിംഹങ്ങളും- അങ്ങനെ ലോകത്തിലെ എല്ലാ ജന്തുക്കളും ഒറ്റയായോ ഇണയായോ അവരിലുണ്ടായിരുന്നു.

“തുറക്കൂ.” അയാൾ ആജ്ഞാപിച്ചു. പെട്ടെന്ന് ജീവനക്കാർ വന്ന് ആ കൂടുകളൊന്നൊന്നായി തുറന്നു മൃഗങ്ങളെ പുറത്തേക്കുകൊണ്ടുവന്നു. ഗ്യാലറികളിൽനിന്നുവന്ന ചെറുപ്പക്കാർ പേടിച്ചുവിവശരായി. അവർക്ക് ചലിക്കാനാവാത്തവിധം സംഘത്തലവൻ തന്റെ ദണ്ഡ് നീട്ടിപ്പിടിച്ചിരുന്നു.

“എല്ലാം തകരട്ടെ! ഈ ഭൂമി പ്രളയത്താൽ മൂടട്ടെ. നിന്ദ്യരായ മനുഷ്യർ തുലയട്ടെ. ഒന്നും അവശേഷിക്കുകയില്ല; ഒന്നും…”

ഒരു ദുർമന്ത്രവാദിയെപ്പോലെ അയാൾ പുലമ്പിക്കൊണ്ടിരുന്നു. വിചിത്രമെന്നു പറയട്ടെ, പുറത്തുവന്ന മിക്ക മൃഗങ്ങളും ഒരു ഭാഗത്ത് കൂനിക്കൂടിയിരുന്നു. ചുറ്റും ഇരുമ്പുകൂടുകളുണ്ടെന്ന വിശ്വാസത്തിലാണെന്നുതോന്നും അവയുടെ ഇരിപ്പുകണ്ടാൽ. മൃഗരാജനായ സിംഹം ഉലാത്തുകയായിരുന്നു. അതു കുറച്ചുദൂരം പോയി പെട്ടെന്നുവെട്ടിത്തിരിഞ്ഞ് പിന്നെയും നടന്ന് ഉലാത്തൽ തുടർന്നുകൊണ്ടിരുന്നു. “മരുഭൂമിയിലെ കപ്പൽ” എന്നു കുട്ടികൾ ആർത്തുപറഞ്ഞ ഒട്ടകം അനന്തവും ശൂന്യവുമായ അകലങ്ങളിലേക്കു നോട്ടം തുടർന്നു. പലനിറമുള്ള ശലഭങ്ങൾ ഒത്തുചേർന്നു വെളുപ്പുണ്ടാക്കുകയും പിരിഞ്ഞ് നാനാനിറങ്ങളാവുകയും ചെയ്തു.

പടുകൂറ്റൻ ആമകൾ, തലയുയർത്തിനിൽക്കുന്ന ഒട്ടകം, അർദ്ധനിമീലിതനായ പുലി, ഉലാത്തുന്ന സിംഹം, ചുറ്റിപ്പിണയുന്ന പാമ്പുകൾ, പേടിതോന്നുംവിധം വലിപ്പമുള്ള പല്ലികൾ, നൃത്തം ചെയ്യുന്ന മയിൽ, വായുവിൽ തൂങ്ങിക്കിടന്ന് സ്വപ്നങ്ങൾ തലതിരിച്ചുകാണാൻ കെല്പുള്ള വവ്വാലുകൾ, വാ തുറന്നുപിടിച്ച നീർക്കുതിര, ഗണിതവിദഗ്ധനായ പട്ടി, പ്രണയിച്ചുകൊണ്ടിരുന്ന ചില കുരങ്ങുകൾ, കുറുക്കന്മാർ, പൊയ്ക്കാലുകൾവച്ച ചിലന്തികൾ, കൂടാരത്തിലെ നിറങ്ങളെ അനുനിമിഷം മാറ്റിക്കൊണ്ടിരുന്ന ഉരഗശ്രേഷ്ഠരായ രണ്ട് ഓന്തുകൾ എന്നിങ്ങനെ പലജാതി ജന്തുക്കൾ, തലയുയർത്താതെനിന്ന ഒരു മനുഷ്യൻ- എല്ലാംചേർന്ന് ഒരിക്കൽ അഗ്നിക്കിരയാവുകയും പ്രപഞ്ചത്തിലെ സൃഷ്ടിവൈചിത്ര്യങ്ങൾ മുഴുവൻ സമന്വയിക്കുകയും ചെയ്തിരുന്ന പ്രാചീനമായൊരു ദ്വീപായി മാറുകയായിരുന്നു അവിടം.


<references> (ഗാലപ്പഗോസ്: ഇക്വഡോറിന്റെ ഉടമയിലുള്ള തെക്കെ അമേരിക്കൻ പരിസരത്തെ, ശാന്തസമുദ്രത്തിലെ ദ്വീപസമൂഹം. ഡാർവിൻ പരിണാമത്തെക്കുറിച്ചുപഠിച്ചത് ഇവിടത്തെ ജൈവവൈവിധ്യം കണ്ടുകൊണ്ടായിരുന്നു)

  1. (ഗാലപ്പഗോസ്: ഇക്വഡോറിന്റെ ഉടമയിലുള്ള തെക്കെ അമേരിക്കൻ പരിസരത്തെ, ശാന്തസമുദ്രത്തിലെ ദ്വീപസമൂഹം. ഡാർവിൻ പരിണാമത്തെക്കുറിച്ചുപഠിച്ചത് ഇവിടത്തെ ജൈവവൈവിധ്യം കണ്ടുകൊണ്ടായിരുന്നു)