close
Sayahna Sayahna
Search

ഘനീഭവിച്ച രത്നം


ഘനീഭവിച്ച രത്നം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഒരു ഖണ്ഡികയോ ഏതാനും വാക്യങ്ങളോ ഒരു വാക്യമോ ഉദാത്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഉത്കൃഷ്ടമായ ട്രാജഡിയുടെ മഹത്വം ആവാഹിക്കുകയും ചെയ്യുന്നതിനു് വിശ്വസാഹിത്യത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ടു്. വിശ്വസാഹിത്യമെന്നു പറഞ്ഞപ്പോള്‍ ഭാരതീയ സാഹിത്യത്തെ ഞാന്‍ പരിഗണിച്ചില്ല. അതിനാല്‍ ഭാരതീയ സാഹിത്യത്തിലും അതിനു് ഉദാഹരണങ്ങളുണ്ടെന്നു് വ്യക്തമാക്കിക്കൊള്ളട്ടെ. ദമയന്തി അലഞ്ഞുതിരിയുന്ന കാടിനെ വര്‍ണ്ണിക്കുന്ന സന്ദര്‍ഭത്തില്‍ വ്യാസന്‍ ‘വനം പ്രതിഭയം ശൂന്യം ഝില്ലികാ ഗണനാദിതം’ എന്നു പറയുന്നുണ്ട്. ഈ പദസമൂഹത്തിനു് എന്തെന്നില്ലാത്ത ഔത്കൃഷ്ട്യമുണ്ടെന്നാണു് അരവിന്ദഘോഷിന്റെ മതം.

തോമസ് ഹാര്‍ഡിയുടെ Mayor of Casterbridge എന്ന നോവലിലെ പ്രധാന കഥാപാത്രം മരണശാസനപത്രം തെറ്റായ ഇംഗ്ലീഷില്‍ എഴുതിവയ്ക്കുന്നു. അജ്ഞനായ അയാള്‍ മരിച്ചതിനുശേഷം അതു തുറന്നുനോക്കിയപ്പോള്‍ കണ്ടതു് ഇങ്ങനെയാണു്:

The Elizabeth Jane Farfrae be not told of my death or made to grieve on account of me and that I be not bury’d in consecrated ground and that no sexton be asked to toll the bell and that nobody is wished to see my dead body and that no murners walk behind my funeral and that no flours be planted on my grave and that no man remember me. To this I put my name Michael Henchard.

സത്യവും ഭാവനയും സങ്കലനം ചെയ്തതിന്റെ ഉദാത്തമായ അവസ്ഥയാണു് ഇവിടെ കാണുന്നതെന്നും മഹനീയമായ ട്രാജഡി പ്രദാനം ചെയ്യുന്ന മാനസികോന്നമനം ഇതു് നല്‍കുന്നുവെന്നും നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡാന്റേയുടെ ‘ഡിവൈന്‍ കോമഡി’യിലെ ഒരു ഭാഗം കൂടി പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെ. റോജര്‍ എന്ന ആർച്ച് ബിഷപ്പ് ഉഗാലിനോ പ്രഭുവിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും പൗത്രന്മാരെയും ഒരു ഗോപുരത്തില്‍ തടവില്‍ പാര്‍പ്പിച്ചു. ഒരു ദിവസം ഗോപുരം അടച്ചുപൂട്ടി താക്കോല്‍ ആറ്റിലെറിയാന്‍ ആര്‍ച്ച് ബിഷപ്പ് ആജ്ഞാപിച്ചു. എട്ടുദിവസം കഴിഞ്ഞു് ഗോപുരം തുറന്നുനോക്കിയപ്പോള്‍ എല്ലാവരും മരിച്ചു കിടക്കുന്നു. ഈ സംഭവം ഉഗാലിനോ നരകത്തില്‍വച്ചു് ഡാന്റോയെ പറഞ്ഞുകേള്‍പ്പിക്കുന്നു:

Then at the foot of that grim tower I heard
Men nailing up the gate, far down below;
I gazed in my sons’ eyes without a word;
I wept not, I seemed turned to stone all through
They wept, I heard my little Anselm say:
’Father what’s come to thee? why look’st thou’

മഹനീയമായ കവിതയുടെ നികഷോപലമായി മാത്യു ആര്‍നോള്‍ഡ് എടുത്തുകാണിക്കുന്ന ഈ കാവ്യഭാഗം — വിശേഷിച്ചും I wept not — എന്നു തുടങ്ങുന്ന ഭാഗം — ഉത്കൃഷ്ടമായ ഏതു ഗ്രീക്കു് ട്രാജഡിക്കും സദൃശമാണു്. ഈ വിധത്തില്‍ ഔത്കൃഷ്ട്യമാര്‍ന്ന ഒരാധുനിക നോവലിനെക്കുറിച്ചു് വായനക്കാരോടു് പറയാനാണു് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതു്. ഫ്രഞ്ച് നോവലിസ്റ്റായ സാങ്ത് എഗ്സ്യൂപേറി (Saint — Exupery) എഴുതിയ Night Flight ആണു് ആ ‘മാസ്റ്റര്‍പീസ്”. മൂന്നു കഥാപാത്രങ്ങളേയുള്ളു ഈ കൊച്ചു നോവലില്‍. പെന്‍ഗ്വിന്‍ പുസ്തകത്തിന്റെ അറുപത്തിനാലു പുറങ്ങള്‍ക്കുള്ളില്‍ ഇതു് ഒതുങ്ങിയിരിക്കുന്നു. പക്ഷേ, അതു വായിച്ചു കഴിയുമ്പോള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിന്റെ താഴെ നില്‍ക്കുന്ന പ്രതീതി ഉളവാകും. വിധിയുടെ ആഘാതത്തിന്റെ ശക്തി നാമറിയും. “മനുഷ്യജീവിതം അമൂല്യമായിരിക്കാം. പക്ഷേ, മനുഷ്യജീവിതത്തേക്കാള്‍ ഉയര്‍ന്ന മൂല്യം എന്തോ ഉണ്ടു് എന്ന സങ്കല്പത്തില്‍ നാം പെരുമാറുന്നു. എന്തായിരിക്കാമതു്?” എന്നു് നോവലിലെ പ്രധാന കഥാപാത്രം ചോദിക്കുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം നാം കണ്ടുപിടിക്കുന്നു എന്നതിനാലാണു് ഈ നോവലിന്റെ മഹത്വം.

പാറ്റഗോണിയയില്‍ നിന്നു് ബ്യൂനോസ് ഐറീസിലേക്കും അവിടെ നിന്നു് പാറ്റഗോണിയയിലേക്കും രാത്രി കാലങ്ങളില്‍ വിമാനയാത്ര നടത്തുന്ന ഫേബിയന്‍ എന്ന വൈമാനികന്റെ കഥയാണു് സാങ്ത് എഗ്സ്യൂപേറി പറയുന്നതു്. കപ്പലുകള്‍ തീവണ്ടികള്‍ ഈ സര്‍വ്വീസികളോടു മത്സരിച്ചു് വിജയം കൈവരിക്കണമെങ്കില്‍ വിമാനങ്ങള്‍ രാത്രിസമയത്തു് പറന്നേ മതിയാകൂ. പറക്കുന്നതോ? പര്‍വതപംക്തികളുടെ മുകളില്‍ക്കൂടി. അതും പലപ്പോഴും കൊടുങ്കാറ്റുള്ളപ്പോള്‍. അങ്ങനെ വിമാനങ്ങള്‍ പറക്കുന്നതിനോടു് ഔദ്യോഗികമണ്ഡലത്തിനു് യോജിപ്പില്ല. എങ്കിലും വിമാനക്കമ്പനിയുടെ ഡയറക്ടര്‍ ആ എതിര്‍പ്പിനെ വകവയ്ക്കാതെ വിമാനങ്ങള്‍ അയയ്ക്കുന്നു. എന്തിനു്? വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിലപിടിച്ച കത്തുകള്‍ കൃത്യസമയത്തു് മേല്‍വിലാസക്കാര്‍ക്കു് കിട്ടാനോ? അതോ, കാമുകി കാമുകനയയ്ക്കുന്ന പ്രേമലേഖനം അയാളുടെ കൈയില്‍ യഥാസമയം കിട്ടി അയാള്‍ ഹര്‍ഷപുളകിതനാകുന്നതിനോ? അതൊക്കെ സംഭവിച്ചുകൊള്ളട്ടെ. ഡയറക്ടര്‍ക്കു അതില്‍ ആനുകൂല്യമില്ലാതില്ല. എന്നാലും അതിനെക്കാള്‍ മഹനീയമായ കര്‍ത്തവ്യം തങ്ങള്‍ക്കു് — വിമാനക്കമ്പനിക്കാര്‍ക്കു് — അനുഷ്ഠിക്കാനുണ്ടെന്നാണു് അദ്ദേഹത്തിന്റെ വിശ്വാസം. ഡയറക്ടര്‍ പറയുന്നു: “ശാശ്വതികത്വം നമുക്കു വേണമെന്നു നമ്മള്‍ പറയുന്നില്ല. പ്രവര്‍ത്തനങ്ങളും വസ്തുതകളും പെട്ടെന്നു് അവയുടെ അര്‍ത്ഥം നശിപ്പിക്കണമെന്നും നാം കരുതുന്നില്ല. ലക്ഷ്യം, ഒരുപക്ഷേ ഒന്നിനെയും നീതിമത്കരിക്കുന്നില്ലായിരിക്കും. എങ്കിലും കര്‍മ്മം മരണത്തില്‍നിന്നു് മോചനം നല്‍കുന്നു.” ഈ വിശ്വാസം വച്ചുപുലര്‍ത്തുന്ന ഡയറക്ടര്‍, ഫേബിയന്‍ എന്ന പൈലറ്റിനെ വിമാനം കൊണ്ടുപോകാന്‍ ആജ്ഞാപിക്കുന്നു. ആ യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് അധികം ദിവസമായില്ല. എങ്കിലും മനുഷ്യന്റെ ആനന്ദം അവന്റെ സ്വാതന്ത്യത്തിലല്ല, കര്‍ത്തവ്യമേറ്റെടുക്കുന്നതിലാണു് ഇരിക്കുന്നതെന്നു കരുതുന്ന ഡയറക്ടര്‍ ദയ ലവലേശവും കാണിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും ഉറങ്ങിക്കിടക്കുമ്പോഴാണു് ടെലഫോണിന്റെ മണി ശബ്ദിച്ചതു്. അവള്‍ അതുകേട്ടു് ഉണര്‍ന്നു. “അദ്ദേഹം കുറച്ചുകൂടി ഉറങ്ങട്ടെ” എന്നു് അവള്‍ വിചാരിച്ചു. ഭാര്യ ഭര്‍ത്താവിന്റെ മനോഹരമായ മാറിടം നോക്കി. തുറമുഖത്തെ യാനപാത്രംപോലെ അദ്ദേഹം പ്രശാന്തനായി ഉറങ്ങുന്നു. ആ നിദ്രയ്ക്കു ഭംഗം വരാതിരിക്കാന്‍ വേണ്ടി അവള്‍ കിടക്കയിലെ ആ ചുളിവിനെ, ആ തരംഗത്തെ, ആ നിഴലിനെ സ്വന്തം വിരലുകൊണ്ടു് അമര്‍ത്തി ഇല്ലാതാക്കി. സമുദ്രത്തെ ദൈവീകമായ വിരല്‍ പ്രശാന്തമാക്കുന്നതുപോലെ, എല്ലാം ശാന്തം. സുരക്ഷിതം. പക്ഷേ, ‘ആയുധമെടുക്കൂ’ എന്നു് ആരെങ്കിലും ആജ്ഞാപിക്കുമെന്നും ഉടനെ തന്റെ ഭര്‍ത്താവു് ചാടിയെഴുന്നേറ്റു് കര്‍ത്തവ്യനിര്‍വ്വഹണത്തിനു സന്നദ്ധനാകുമെന്നും അവള്‍ക്ക് അറിയാമായിരുന്നു. അദ്ദേഹം എഴുന്നേറ്റു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഫേബിയന്‍ ആ നഗരം ഉപേക്ഷിച്ചുപോകും — സമുദ്രത്തിന്റെ അടിത്തട്ടുപോലെ. “നല്ല കാലാവസ്ഥ. അങ്ങയുടെ മാര്‍ഗത്തില്‍ നക്ഷത്രങ്ങള്‍ പതിച്ചുവച്ചിരിക്കുന്നു,” എന്നു് അവള്‍ പറഞ്ഞു. “അതേ” എന്നു മറുപടി നല്‍കിക്കൊണ്ടു് അദ്ദേഹം ചിരിച്ചു. “അങ്ങു ശക്തനാണു്. അതെനിക്കറിയാം. എങ്കിലും സൂക്ഷിക്കണേ” എന്നു പ്രിയതമയുടെ നിര്‍ദ്ദേശം. “സൂക്ഷിക്കണമെന്നോ? തീര്‍ച്ചയായും” ഫേബിയന്‍ വീണ്ടും ചിരിച്ചു. അദ്ദേഹം അവളെ ചുംബിച്ചു. എന്നിട്ടു് കൊച്ചുകുട്ടിയെ എടുക്കുന്നതുപോലെ വാരിയെടുത്തു് കിടക്കയില്‍ കിടത്തി. “ഇനി ഉറങ്ങിക്കൊള്ളു” എന്നു് സ്നേഹത്തോടെ പറഞ്ഞിട്ടു് ആക്രമണോദ്യുക്തനായി കാലുകള്‍ മുന്നോട്ടുവച്ചു; അജ്ഞാതമായ നിശീഥിനിയിലേക്കു്.

വിമാനത്തില്‍ കയറി യാത്ര ആരംഭിച്ച ഫേബിയന്‍ പൊടുന്നനവേ കൊടുങ്കാറ്റിലകപ്പെട്ടു. കൂരിരുട്ടു്. അദ്ദേഹം മേഘങ്ങള്‍ക്കുള്ളിലായി. ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഇന്ധനമുണ്ടു്. അതു അരമണിക്കൂര്‍ നേരത്തേക്കായി. പിന്നീടു പതിനഞ്ചു മിനിറ്റു നേരത്തേക്കായി. റേഡിയോസ്റ്റേഷന്‍ പലതുണ്ടു താഴെ. പക്ഷേ, ഫേബിയന്റെ സന്ദേശം ആര്‍ക്കും കിട്ടുന്നില്ല. രാത്രി അതിന്റെ തരംഗപരമ്പരകള്‍കൊണ്ടു് വിമാനത്തില്‍ ആഘാതമേല്പിക്കുകയാണെന്നു് ആരറിഞ്ഞു? അതിന്റെ അഗാധതയില്‍ വിമാനം ആപത്തില്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ കരയില്‍നിന്നു് നിഷ്ഫലമായി ഒരാള്‍മാത്രം കൈ വീശുന്നു. ആ ആള്‍ ഫേബിയന്റെ അത്യന്തസുന്ദരിയായ സഹധര്‍മ്മിണിയാണു്. അവള്‍ ടെലഫോണില്‍ വിളിച്ചു ചോദിച്ചു: “എന്റെ ഭര്‍ത്താവു് താഴെ ഇറങ്ങിയോ?” മറുപടി അനുകൂലമായിരുന്നില്ല. ക്ഷതം പറ്റിയ ജീവിയെപ്പോലെ അവള്‍ ‘ഹ’ എന്നുമാത്രം പറഞ്ഞു. ഡയറക്ടര്‍ അവളെ സമാശ്വസിപ്പിച്ചു: “മാഡം ദയവുചെയ്തു സമാധാനത്തോടെ ഇരിക്കു, ഞങ്ങളുടെ ജോലിയുടെ സ്വഭാവമിതാണു്. വാര്‍ത്തയ്ക്കുവേണ്ടി വളരെ സമയം കാത്തിരിക്കേണ്ടിവരും.”

ഈ സമയംകൊണ്ടു് ഫേബിയന്‍ മരണത്തോടു് അടുക്കുകയായിരുന്നു. നക്ഷത്രരത്നങ്ങള്‍ നിറഞ്ഞ മണ്ഡലത്തില്‍ ഫേബിയനും അദ്ദേഹത്തിന്റെ വിമാനവും സഞ്ചരിക്കുന്നു. രത്നങ്ങള്‍ നിറഞ്ഞ ഗുഹകളില്‍ വന്നു രക്ഷപ്പെടാന്‍ കഴിയാതെ തസ്ക്കരന്മാര്‍ അകപ്പെട്ടുപോകുന്നതു കെട്ടുകഥകളില്‍ വര്‍ണ്ണിച്ചിട്ടില്ലേ? ഘനീഭവിച്ച രത്നങ്ങള്‍ക്കിടയില്‍ അവര്‍ അലയുന്നു. അവര്‍ സമ്പന്നരാണു്. പക്ഷേ, നാശത്തിലെത്തിയവരും. അതുപോലെയായിരുന്നു ഫേബിയനും. അദ്ദേഹം ആ മണ്ഡലത്തില്‍ അന്തര്‍ദ്ധാനം ചെയ്തു. മേഘങ്ങള്‍ക്കിടയില്‍ കണ്ട ഒരു വിടവിലൂടെ അദ്ദേഹം മുകളിലേക്ക് ഉയരുകയും നിശീഥിനിയുടെ അന്തരീക്ഷത്തില്‍ വിലയം കൊള്ളുകയുമാണു് ചെയ്തതു്.

കര്‍ത്തവ്യനിരതനായ മനുഷ്യനു് പലപ്പോഴും ആപത്തുകള്‍ അഭിമുഖീഭവിച്ചു നില്‍ക്കേണ്ടതായി വരും. ചിലപ്പോള്‍ മരണം അയാളെ ഗ്രസിച്ചെന്നും വരും. എങ്കിലും കര്‍മ്മം ചെയ്യുന്നവനാണു് ത്യാഗി. ത്യാഗിയാണു് യഥാര്‍ത്ഥ മനുഷ്യന്‍. ഈ സന്ദേശം കലാപരമായി വിളംബരം ചെയ്യുന്ന ഉജ്ജ്വലമായ കലാസൃഷ്ടിയാണു് സാങ്ത് എഗ്സ്യൂപേറിയുടെ ‘നൈറ്റ് ഫ്ലൈറ്റ്’. ഈ സന്ദേശം നമുക്കു് ലഭിക്കുന്നതു് വിമാനക്കമ്പനിയുടെ ഡയറക്ടറില്‍ നിന്നാണു്. “അന്യരുടെ സ്നേഹത്തിനുവേണ്ടി ഒരിക്കലും സഹതാപം കാണിക്കരു”തെന്നു് അദ്ദേഹം രണ്ടോ മൂന്നോ തവണ പറയുന്നുണ്ടു്. അദ്ദേഹത്തിനു് സ്നേഹമില്ലാഞ്ഞിട്ടല്ല. കാരുണ്യമില്ലാഞ്ഞിട്ടല്ല. പക്ഷേ, മനുഷ്യന്റെ ആന്തരശക്തിയെ ഉദ്ദീപിപ്പിക്കണമെങ്കില്‍, കര്‍മ്മപഥത്തിലേക്ക് അവനെ നയിച്ചേ മതിയാകൂ എന്നു വിശ്വസിക്കുന്ന ആളാണു് അദ്ദേഹം. പെറുവിലെ പ്രാചീനരായ മനുഷ്യര്‍ (ഇങ്കകള്‍) സൂര്യദേവനുവേണ്ടി നിര്‍മ്മിച്ച ദേവാലയത്തെക്കുറിച്ചു് അദ്ദേഹം ഒരിക്കല്‍ ഓര്‍മ്മിച്ചു. പര്‍വതത്തിന്റെ ഒരു ഭാഗത്തു് ഭീമാകാരങ്ങളാര്‍ന്ന പാറക്കെട്ടുകള്‍ കൊണ്ടു് നിര്‍മ്മിക്കപ്പെട്ട ദേവാലയം. സമകാലിക മനുഷ്യനെ ഈ ക്ഷേത്രം കുറ്റപ്പെടുത്തുന്നു. അന്നു് ഇതു നിര്‍മ്മിച്ച ആളുകളുടെ നേതാവു് എന്തിനാണു് വലിയ വലിയ പാറക്കഷണങ്ങള്‍ അവരെക്കൊണ്ടു പര്‍വതാഗ്രത്തിലേക്കു വലിച്ചുകയറ്റിച്ചതു്? അമരത്വത്തിലേക്ക് ഉയരാന്‍ അദ്ദേഹം എന്തിനാണു് അവരെ നിര്‍ബ്ബന്ധിച്ചതു്? മനുഷ്യന്റെ വേദനകളില്‍ ആ നേതാവു് ദുഃഖിച്ചിരിക്കാനിടയില്ല. പക്ഷേ, അവന്റെ മരണത്തില്‍ അദ്ദേഹം കരഞ്ഞിരിക്കും. അതുപോലെ ഫേബിയന്റെ കഷ്ടപ്പാടുകളില്‍, അദ്ദേഹത്തിന്റെ നവവധുവിന്റെ വിലാപങ്ങളില്‍ ഡയറക്ടര്‍ സഹതാപം കാണിച്ചില്ല. എങ്കിലും ആ യുവാവിന്റെ മരണത്തില്‍ അദ്ദേഹം വിഷാദിച്ചു. ഇങ്ങനെ എത്രയെത്ര യുവാക്കന്മാര്‍ മരിച്ചാലാണു് രാത്രിയുടെ ഭീകരതയെ കീഴടക്കാന്‍ കഴിയുക.

ഫേബിയനെപ്പോലെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണു് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. അന്തരീക്ഷം ഇരുളുമ്പോള്‍ ഭര്‍ത്താവിനു് ആപത്തുണ്ടായേക്കുമെന്നു കരുതി പേടിക്കുകയും ചന്ദ്രന്‍ ഉദിക്കുമ്പോള്‍ അദ്ദേഹം രക്ഷപ്പെടുമെന്നു കരുതി ആഹ്ലാദിക്കുകയും ചെയ്യുന്ന ഈ തരുണി നിര്‍മ്മലമായ സ്നേഹത്തിന്റെ ശാശ്വതപ്രതീകമാണു്. പക്ഷേ, സ്ത്രീയുടെ സ്നേഹം പുരുഷന്റെ കര്‍മ്മപദ്ധതിക്ക് അനുകൂലമല്ല. കര്‍മ്മം ശ്രേഷ്ഠം. സ്നേഹത്തിനു് അതിന്റെ താഴെ മാത്രമേ നിലയുള്ളു. ഇതു മനസ്സിലാക്കി അവള്‍ വിധിക്ക് കീഴടങ്ങിയിരിക്കണം. വിളക്കുകത്തിച്ചുവച്ച്, ആഹാരം തയ്യാറാക്കിവച്ച് ഭര്‍ത്താവിനുവേണ്ടി — തിരിച്ചുവരാത്ത ഭര്‍ത്താവിനുവേണ്ടി — അവള്‍ കാത്തിരിക്കുന്നു.

ഫേബിയന്റെ അന്ത്യംപോലെയായിരുന്നു സാങ്ങ്ത് എഗ്സ്യൂപേറിയുടെ അന്ത്യവും. രണ്ടാംലോകമഹായുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം അമേരിക്കയിലേക്കു പോയി. 1943-ല്‍ അദ്ദേഹം വടക്കേ ആഫ്രിക്കയിലെത്തി. അവിടെ അമേരിക്കന്‍ സൈന്യത്തിനുവേണ്ടി നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം വിമാനത്തില്‍ കയറി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന ഈ കലാകാരന്‍ ഫേബിയനെപ്പോലെ ഘനീഭവിച്ച നക്ഷത്രരത്നങ്ങളുടെ മണ്ഡലത്തില്‍ അന്തര്‍ദ്ധാനം ചെയ്തു. അദ്ദേഹത്തിന്റെ പ്രത്യക്ഷശരീരം ഇന്നില്ല. പക്ഷേ, അദ്ദേഹം സൃഷ്ടിച്ച കലാശില്പം മയൂഖമാലകള്‍ വീശിക്കൊണ്ടിരിക്കുന്നു. ആ “ഘനീഭവിച്ച രത്നം” കാണുമ്പോള്‍ നാം എസ്കിലസിന്റെയും സോഫോക്ലിസ്സിന്റെയും രത്നങ്ങളെ ഓര്‍മ്മിക്കുന്നു.