close
Sayahna Sayahna
Search

ജിയുടെ കാവ്യശൈലി


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

ജിയുടെ കാവ്യശൈലി

രൂപശില്പത്തിന്റെ സൗഭാഗ്യത്തില്‍ മാത്രം ശ്രദ്ധിച്ച കവികളുണ്ട്. രൂപശില്പം അതിനേക്കാള്‍ മഹനീയമായ മറ്റൊന്നില്‍ ചെന്നു ചേരാനുള്ള ഒരു മാര്‍ഗ്ഗമാണ് എന്നു വിശ്വസിച്ച കവികളുമുണ്ട്. ചങ്ങമ്പുഴ ആദ്യത്തെ വിഭാഗത്തിലും, ശ്രീ. ജി. ശങ്കരക്കുറുപ്പ് രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുന്നു. കവിതയുടെ രൂപഭംഗിയില്‍ ആകൃഷ്ടനായിപ്പോയ കവിയാണ് ചങ്ങമ്പുഴ. ജിയും ആ സൗന്ദര്യത്തിന്റെ ആരാധകനാണ്. എങ്കിലും അതുമാത്രം ആസ്വദിച്ചു തൃപ്തിയടയുവാന്‍ അദ്ദേഹം സന്നദ്ധനല്ല. കവിതജനിപ്പിക്കുന്ന പരമമായ ഫലത്തില്‍ അദ്ദേഹം സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുന്നു. കവിത ആത്മപ്രകാശനമാണ് എന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് ബാഹ്യമായ രൂപശില്പത്തില്‍ക്കൂടി അതിനെ സമീപിക്കുക സാദ്ധ്യമല്ല. ഇതുതന്നെയാണ് അദ്ദേഹത്തെ മറ്റു പല കവികളില്‍നിന്നു വ്യത്യസ്തനാക്കി നിര്‍ത്തുന്നത്.

ആധുനിക മലയാളകവികളുടെ കാവ്യശൈലി പരിശോധിച്ചുനോക്കുമ്പോള്‍ ഒരു പരമാര്‍ത്ഥം വ്യക്തമാകും. പലരുടെയും ശൈലിക്ക് സ്പഷ്ടമായ വികാസമോ വളര്‍ച്ചയോ ഇല്ല. ‘സാഹിത്യമജ്ഞരി’ ഒന്നാംഭാഗത്തിലെ അതേ ശൈലിവിശേഷത തന്നെയാണ് ഇന്നു വള്ളത്തോള്‍ എഴുതുന്ന കവിതകളിലും ദൃശ്യമാവുക. ‘ബാഷ്പാജ്ഞലി” എഴുതിയ ചങ്ങമ്പുഴ അനുവാചകനു ‘പാടുന്ന പിശാചി’ലും കാണാം. ഉള്ളൂരിന്റെ ആദ്യകാല കവിതകളും അന്ത്യകാലകവിതകളും ശൈലീവിഷയകമായി നോക്കുമ്പോള്‍ സദൃശ്യങ്ങള്‍ തന്നെ. ഇവിടെയാണ് ജി. ഒരു പ്രത്യേകത പ്രദര്‍ശിപ്പിക്കുന്നത്. ‘സാഹിത്യകൗതുകം’ തൊട്ടു ‘വെള്ളിലപറവകള്‍’ വരെയുള്ള കൃതികള്‍ സൂക്ഷ്മപഠനം നടത്തുന്നവര്‍ക്ക് അനുക്രമമായ ഒരു ശൈലീവികാസം ദര്‍ശിക്കാം. അസ്പഷ്ടതയില്‍ നിന്ന് സ്പഷ്ടതയിലേക്ക്, സങ്കീര്‍ണ്ണതയില്‍ നിന്ന് അസങ്കീര്‍ണ്ണതയിലേക്ക് അത് പുരോഗമിക്കുകയാണ്. ‘അന്തര്‍ദാഹത്തി’ലും വെള്ളിലപറവകളിലും എത്തുമ്പോള്‍ ആ ശൈലിക്ക് അനുകരിക്കാനാവാത്ത ഗുണഗണങ്ങളുണ്ട്. ആ വ്യക്തിമുദ്രയും ആത്മവത്വവും മറ്റെങ്ങും കാണുകയില്ല. രൂപശില്പവും ഭാഷയും കവിയുടെ കലാവൈദഗ്ധ്യവും വ്യക്തിപ്രഭാവവും ഒന്നിച്ചു സങ്കലനം ചെയ്തു രൂപം കൊണ്ടതാണ് ആ കാവ്യശൈലി. ഓരോ പദത്തിനും എന്നുവേണ്ട’ ഒരോ അക്ഷരത്തിനും അവിടെ പ്രാധാന്യമുണ്ട്. പദങ്ങളില്‍ നിന്ന് ഒരു പരിദീപ്തി ഉദ്ഗമിക്കുന്നുവോ എന്നു തോന്നിപ്പോകും. അതു നിര്‍മ്മിക്കുന്ന കാന്തി വിശേഷം അസാധാരണവുമാണ്.

വസന്തകാലത്തില്‍ വൃക്ഷലതാദികള്‍ പുഷ്പിക്കുന്നതു പോലെ യൗവന കാലത്തില്‍ കവിതയുടെ പ്രതിഭ വികസിക്കുന്നു. ഭാവഗായകരായ കവികളുടെ സര്‍ഗ്ഗശക്തി യുവത്വം കഴിഞ്ഞാല്‍ നശിച്ചുപോവുകയാണ് പതിവ്. അതുകൊണ്ട് പലരും ഗദ്യമെഴുതാന്‍ തുടങ്ങുന്നു. മറ്റുചിലര്‍ നിശ്ശബ്ദരായിരിക്കുന്നു. ശങ്കരക്കുറുപ്പിനെപ്പോലെ അപൂര്‍വ്വം ചിലകവികളുടെ സര്‍ഗ്ഗശക്തി മാത്രമേ പ്രായം കൂടുന്തോറും വികസിച്ചു വരുന്നുള്ളു. മഹാകവിയ്ക്ക് അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞു. എങ്കിലും വെള്ളിലപറവകളില്‍ പ്രത്യക്ഷപ്പെടുന്ന ശങ്കരക്കുറുപ്പ് ഒരു നവയുവാവാണ്. വേഡ്സ് വര്‍ത്തിന്റെ സര്‍ഗ്ഗശക്തിപോലും കുറെക്കാലം കഴിഞ്ഞപ്പോള്‍ ക്ഷയിച്ചുപോയി. എന്നിട്ടും അദ്ദേഹം സൗന്ദര്യത്തിനെതിരായുള്ള ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജിയാകട്ടെ കാവ്യലോകത്തിലെ നിത്യയുവത്വംകൊണ്ട് അനുഗ്രഹീതനാണ്.

ശങ്കരക്കുറുപ്പ് ജനിച്ചുവളര്‍ന്ന നാട്ടുമ്പുറത്തിലെ പ്രകൃതിരമണീയകം അദ്ദേഹത്തിന്റെ കവിഭാവനയെ ഉണര്‍ത്തിവിട്ടു. അദ്ദേഹം തന്നെ അതു പറയുന്നതു കേള്‍ക്കുക:

“അരിവാളുകളും കൈവാളുകളും തിളങ്ങുന്ന വിരിപ്പുനിലങ്ങള്‍, കറ്റതാങ്ങിക്കിതച്ചു പോകുന്ന കന്യകമാര്‍, പടികളില്‍ വല്ലിക്കു കാത്തുനില്ക്കുന്ന പുലയര്‍, സന്ധ്യാശാന്തിയെ മധുരമന്ദ്രമാക്കുന്ന ക്ഷേത്രശംഖനാദം എല്ലാം എന്റെ സങ്കല്പലോകത്തില്‍ അവ്യക്തങ്ങളും വിചിത്രങ്ങളും ആയ ഭാവനകള്‍ ഉല്പാദിപ്പിച്ചിരുന്നില്ലേ? എന്റെ ഹൃദ യം എന്റെ വ്യക്തിത്വത്തിന്റെ അങ്കുരം, ഞാന്‍ വിശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തില്‍ നിന്നാണ് വായുവും വെളിച്ചവും കുളിര്‍മയും വലിച്ചെടുത്തിരുന്നത്. എന്റെ കവിത ആ ഗ്രാമഹൃദയത്തിന്റെ തന്നെ ഒരു ഭാഗമാണ്. അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചതിനു ശേഷം മറ്റൊരു നാട്ടിന്‍പുറംകൂടി എന്നില്‍ അന്യാദൃശ്യമായ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ട്. തിരുവില്വാമലയുടെ വിശാലഹൃദയംപോലെ സ്വപ്നസാന്ദ്രമായി പരന്നുകിടന്ന മൈതാനങ്ങള്‍, മേടുകളുടേയും കാടുകളുടേയും മറവിലൂടെ ഓടിപ്പിടഞ്ഞു സങ്കേതത്തില്‍ ഒന്നിച്ചു ചേര്‍ന്നു കൈകോര്‍ത്തുകെട്ടിപ്പിടിച്ചു പോകുന്ന പുഴകള്‍, പൂര്‍ണ്ണഗര്‍ഭങ്ങളായ കാദംബിനികള്‍. അലസസഞ്ചാരം ചെയ്യുന്ന മേട്ടുമ്പുറങ്ങള്‍, ഉറക്കത്തിലെന്നപോലെ കാളവണ്ടികള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ആ കുന്നിന്‍ചരുവില്‍ കൂടിയുള്ള പാതകള്‍- ഒക്കെ ഏകാന്തത്തിലും ഏകാകിയല്ലാതാക്കി എന്റെ വ്യക്തിത്വത്തെ വളര്‍ത്തിക്കൊണ്ടു വന്ന രംഗങ്ങളാണ്.”

മനോഹരമായ ഒരു ഭാഗംകൂടി ഉദ്ധരിക്കട്ടേ: “അനന്തമായ ആകാശത്തില്‍ പ്രേമോഷ്മളമായ പ്രസന്നമുഖത്തോടെ നിര്‍ന്നിമേഷം ചാഞ്ഞും നേരെ നിന്നും നോക്കുന്ന നിത്യകാമുകനായ ആദിത്യന്‍, ഋതുഭേദങ്ങള്‍ സ്ഫുരിക്കുന്ന ഭാവവൈചിത്ര്യത്തോടെ സ്വയംതിരിഞ്ഞു വട്ടത്തില്‍-നൃത്തം വെയ്ക്കുന്ന വര്‍ണ്ണനാദചലനരമണീയയായ ഭൂമി- എനിക്ക് ദര്‍ശനീയമാണ്. ഈ സൗഭാഗ്യം കലര്‍ന്ന സാങ്കല്പികചിമിന്നും ഒരു ചെറിയ ‘സെല്‍’ ഒരു ശങ്കുതളയായി വളരുക! ജ്ഞാനം വികാരഭാവനകളുടെ ചക്രവാളം വിപുലമാക്കുകയാണ്, വിസ്മയത്തെ വിജൃംഭിപ്പിക്കുകയാണ്. മേഘത്തിന്റെ മടിയില്‍നിന്നും മേഘത്തിന്റെ മടിയിലേയ്ക്ക് കുതിക്കുന്ന മിന്നല്‍ക്കൊടിയെ കണ്ട് ആരും അരികത്തില്ലാത്തപ്പോള്‍ ഇടവപ്പാതിക്കാലത്തെ അന്തിക്കൂരിരുളിന്റെ ചുരുളില്‍ എന്റെ കൊച്ചുവീടിന്റെ കോലായില്‍ നിന്ന് ബാല്യത്തില്‍ ഞാന്‍ എന്തിനെന്നറിയാതെ തുള്ളിപ്പോയിട്ടുണ്ട്.” പ്രകൃതിദൃശ്യങ്ങളെക്കുറിച്ചുള്ള ഈ മനോഭാവം ശങ്കരക്കുറുപ്പിന്റെ കാവ്യശൈലിയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ഇതെഴുതുന്നയാളിന്റെ പക്ഷം. വികാരങ്ങളുടെ താല്കാലികാവസ്ഥകള്‍ക്ക് വിധേയനായി ഇന്ദ്രിയപരമായ (Sensuous) ഒരു ശൈലി കൈക്കൊള്ളാന്‍ ശങ്കരക്കുറുപ്പിനെ പ്രേരിപ്പിച്ചതും ഈ പ്രകൃത്യാപസന തന്നെയായിരിക്കണം. ഇറ്റാലിയിയന്‍ കവിയായ ലിയോപ്പോര്‍ഡിയും (Leopard)ആംഗലകവിയായ വേഡ്സ് വര്‍ത്തും പ്രകൃത്യാപാസകരായിരുന്നു. അവരുടെയും ആദ്യകാല കാവ്യശൈലി ഇന്ദ്രിയപരമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ആദ്യകാലത്തെ കവിതകള്‍

ബാല്യകാലത്ത് വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പില്‍ സ്വാധീനശക്തി ചെലുത്തി. ഇത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

“അവിദഗ്ധവും അധീരവുമായ പദദവിന്യാസത്തോടെ ഞാന്‍ സാഹിത്യക്ഷേത്രത്തിലേക്കു നടന്നുചെല്ലുമ്പോള്‍ എന്റെ ആരാധനാപാത്രമായിരുന്നത് മഹാകവി വള്ളത്തോളാണ്. സാഹിത്യമഞ്ജരികളിലെ ഭാവനാസുരഭിലങ്ങളും ഭാവമധുരങ്ങളായ ഗീതികാവ്യങ്ങള്‍ എന്റെ ആത്മാവിനെ കോരിത്തരിപ്പിച്ചു. മഹാകവി ഉള്ളൂരിന്റെ നര്‍മ്മോല്ലേഖവൈചിത്ര്യം എന്നെ അദ്ഭുതപ്പെടുത്തി.”

ഈ പ്രസ്താവന ശരിയാണെന്നു ‘സാഹിത്യകൗതുക’ ത്തിലെ കവിതകള്‍ തെളിയിക്കുന്നു. വള്ളത്തോളിന്റെ മനോഹരമായ മണിപ്രവാളശൈലി കവിതയുടെ ബാഹ്യരൂപത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിയപ്പോള്‍ ഉള്ളൂരിന്റെ ഉല്ലേഖന പാടവം ആന്തരികരൂപത്തെ വല്ലാതെ ബാധിക്കുകയുണ്ടായി.

“ത്വിട്ടോലുമക്ഷികള്‍, നരച്ചു വളര്‍ന്നു മാറിന്‍-
ത്തൊട്ടോരു താടി, ചുളിവിണു പരന്നനെറ്റി
മുട്ടോളമെത്തിയ ഭൂജാമുസലങ്ങ.ളന്നീ
മാട്ടോടവന്‍ വിലസി മേദൂര ദീര്‍ഘകായന്‍”

എന്ന വള്ളത്തോളിന്റെ ശ്ലോകത്തിലെ പ്രതിപാദനരീതി ശങ്കരക്കുറുപ്പിന്റെ കവിതയെ എങ്ങനെ സ്വാധീനപ്പെടുത്തി എന്നതിന്

“ആജാനുബാഹു, വിരിമാറു വിടര്‍ന്നശോണാം-
ഭോജാക്ഷി, പൗരുഷമഹാനലധൂമമീശ
രാഹാധിരാജമുഖഭാവമിതൊക്കെയും നി-
ര്‍വ്വ്യാജാനുഭാവനവനെന്നുരചെയ്തിരുന്നു.”

എന്ന ശ്ലോകം നിര്‍ദശകമാണ്. ഉള്ളൂരിന്റെ ഉല്ലേഖനരീതി കവിയെ വിസ്മയിപ്പിച്ചതിന്റെ ഫലമായിട്ടായിരിക്കണം അദ്ദേഹം അലങ്കാരസ്വീകാര്യത്തില്‍ വ്യഗ്രത പ്രദര്‍ശിപ്പിച്ചുപോയത്.

“ആ മന്നവന്‍ മംഗളവംശനിശയ്ക്കും പൂര്‍ണ്ണ-
സോമന്‍ സസര്‍ത്ഥി മധുപത്തിനു പുഷ്പവാടം
പൂമങ്കതന്‍ പുതിയ പുഞ്ചിരിയാം നിലാവി-
ന്നോമല്‍ സുനിര്‍മ്മല നിശാന്തരശാരസാഭ്രം”

എന്നിങ്ങനെ ഓരോ വരിയിലും അലങ്കാരനിവേശനം ചെയ്യുന്ന സമ്പ്രദായം അസ്ഖലത്താണ്” എന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ഭാഗ്യവശാല്‍ ഉള്ളൂരിന്റെ ഈ സ്വാധീനശക്തി വളരെക്കാലം നീണ്ടുനിന്നില്ല. പ്രതിഭാശാലികളായ കവികള്‍ ആരുടേയും ആധിപത്യത്തിലമര്‍ന്നുപോകാറില്ലല്ലോ. ശങ്കരക്കുറുപ്പ് “സൂര്യകാന്തി” യിലെത്തിയപ്പോഴേക്കും വളരെ വളര്‍ന്നുകഴിഞ്ഞു. കവിതയെന്നത് അലങ്കാരപ്രയോഗമല്ല എന്ന് അദ്ദേഹം മനസ്സിലാക്കി. നിഷിദ്ധമായ ആ മാര്‍ഗ്ഗം അദ്ദേഹം ഉപേക്ഷിച്ചു. ഉള്ളൂരാകട്ടെ തുടങ്ങിയ സ്ഥലത്തുതന്നെ നിന്നു. ബാലിശമായ ആ അലങ്കാരപ്രയോഗത്തില്‍നിന്ന് അദ്ദേഹത്തിന് രക്ഷനേടുവാനേ കഴിഞ്ഞില്ല.

ഭാവികാലത്തെ പ്രൌഢോജ്ജ്വലമായ കാവ്യശൈലിയില്‍ ദൃശ്യങ്ങളാണെങ്കിലും യൗവനകാലത്തിന്റേതു മാത്രമായ ചില പ്രത്യേകതകളും അവിടെ പ്രകടങ്ങളാണ്. അര്‍ത്ഥാലങ്കാരഭ്രമംപോലെതന്നെ ശബ്ദാലങ്കാരഭ്രമവും കവിയെ വല്ലാതെ ബാധിച്ചിരുന്നു. ദ്വിതീയാക്ഷരപ്രാസം അനുപ്രാസം എന്നിവയെല്ലാം നിര്‍ലോപം പ്രയോഗിക്കുന്നതായിരുന്നു അന്നത്തെ വാസന. അത് പ്രകടനാത്മകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.

“പാലപ്പൂവിന്‍ നവപരിമളം വീശിനല്‍ത്താമരപ്പൂ-
ത്താലം തന്നില്‍പ്പതുമധു പകര്‍ന്നോമലാരാമലക്ഷ്മി
ലോലന്നീലഭ്രമരമിഴിയായ് പെയ്ങ്കിളിക്കൊഞ്ചലാര്‍ന്നു-
ദ്വേലപ്രേമം സുഭഗമധുവൊത്തുല്ലസിക്കുന്നകാലം”

എന്ന ശ്ലോകത്തിലെ ലകാരത്തിന്റെ ആവര്‍ത്തനം ബോധപൂര്‍വ്വകമല്ലന്നു പറഞ്ഞുകൂടാ. അതുപോലെ,

ഹ! ഹ! മംഗളദേവതാ പാസത്താ-
രണി മജ്ഞീരക ശിഞ്ജിതം കണക്കെ
മദപശല ശാരികാസമൂഹ-
ധ്വനിപൊങ്ങുന്നു മനോജ്ഞമായതിങ്കല്‍’

എന്ന പദ്യത്തില്‍ മൃദുവും കോമളവും ആയ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത് ധ്വന്യാനുകരണത്തിനുവേണ്ടിയാണെന്നുള്ളതും ആവിതര്‍ക്കിതമാണ്. “അന്തര്‍ദാഹത്തി”ലുള്ള നിയന്ത്രണത്തിന്റെ സൗന്ദര്യം ‘സാഹിത്യ കൌതുക’ ത്തില്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. എങ്കിലും വൃഥാസ്ഥൂലതയിലേക്കു പോകുവാനുള്ള ഒരു പ്രവണത കവിയുടെ യുവത്വത്തിന്റെ ലക്ഷ്യമായി ഇവിടെ ദൃശ്യമത്രേ.

മലയാളകവിതയില്‍ രണ്ടുതരത്തിലുള്ള ശൈലീവിശേഷങ്ങളാണുള്ളത്. ഒന്ന് കൃഷ്ണഗാഥയിലാരംഭിച്ച് ചമ്പുകാവ്യങ്ങളിലൂടെ വികസിച്ച്, വെണ്മണി, വള്ളത്തോള്‍ എന്നീ കവികളുടെ കൃതികളില്‍കൂടി അതിമനോഹരമായ പദവിയിലെത്തി, ചങ്ങമ്പുഴക്കവിതയില്‍ അതിന്റെ അതുല്യമായ മനോഹാരിതയില്‍ എത്തുന്നു. ഈ ശൈലിയില്‍ പദങ്ങള്‍ ഒഴുകുകയാണ്. നദിയില്‍കൂടി പൂക്കളൊഴുകിവരുന്ന ഒരു പ്രതീതിയുണ്ടാകും കവിത വായിച്ചാല്‍. മറ്റേ ശൈലി എഴുത്തച്ഛനില്‍ ആരംഭിക്കുന്നു. ഉണ്ണായിവാര്യര്‍ വികസിപ്പിക്കുന്നു. പിന്നീട് ആശാനില്‍ ഉച്ചാവസ്ഥയിലെത്തി ശങ്കരക്കുറുപ്പില്‍ പരിപൂര്‍ണ്ണാവസ്ഥയെ പ്രാപിക്കുന്നു. ഈ ശൈലിയിലെ പദങ്ങള്‍ നിശ്ചലങ്ങളാണ്. അടുത്തുള്ള പദങ്ങളുമായി അവ ബന്ധപ്പെട്ടു നില്ക്കുന്നു. ഒരക്ഷരംപോലും അടര്‍ത്തിയെടുക്കാന്‍ സാധ്യമല്ല. അങ്ങനെ ചെയ്താല്‍ കവിതയുടെ ഘടന തകര്‍ന്നുപോകും. ‘സാഹിത്യകൗതുകം’ വായിക്കുന്നയാളിന് ഈ രണ്ടാമത്തെ രീതിയുടെ ഉദ്ഘോഷകനാണ് ശങ്കരക്കുറുപ്പെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ലെങ്കിലും അതിലെ കവിതകളെഴുതിയകാലത്ത് ദീര്‍ഘങ്ങളായ സമസ്തപദങ്ങളും അതുപോലെയുള്ള പ്രയോഗവിശേഷങ്ങളും നിവേശനംചെയ്യുവാന്‍ അദ്ദേഹത്തിന് കൌതുകമുണ്ടായിരുന്നു എന്ന വസ്തുത ബോധപ്പെടും. ചില ഉദാഹരണങ്ങള്‍:

“അപ്രതിമ പൂര്‍വ്വമഹാദ്രിതുംഗ
ശൃംഗോദ്യല്‍ക്കട ഭവാഗ്നി ശിഖാകലാപം”
“വാതപോതപരിധുതസുരദ്രജാത
സൂനോത്ഥ നിര്‍മ്മല സരാഗപരാഗപാളി”
“മദ സുഭഗ വലാക മുഗ്ദ്ധനീലാം
ബുദമുഖ ചുംബന കൗതുകാല്‍”
“വേലാതിഗോല്‍സുകസുദൃപ്തചമു
സമൂഹകോലാഹലങ്ങള്‍”
“ക്ഷ്വേള പ്രവര്‍ഷിചല ജിഹ്വഫണം”
ശ്രീസംസ്കൃതാര്‍ക്ക പ്രഭാജാലപ്രോജ്ജലിത പ്രസാദമിളിതം”

സംസ്കൃത പദപ്രയോഗത്തിലുള്ള താല്പര്യം അല്ല ഈ വരികളെഴുതുന്നതിനു ശങ്കരക്കുറുപ്പിനെ പ്രേരിപ്പിച്ചത്. സമസ്ത പദനിര്‍മ്മാണത്തില്‍ കവിക്ക് വൈദഗ്ദ്ധ്യം ഉണ്ടങ്കിലും അത് പ്രകാശിപ്പിക്കുവാനായിരുന്നില്ല അദ്ദേഹത്തിന്റെ യത്നം. കാവ്യമാര്‍ഗ്ഗത്തില്‍ കാലെടുത്തു വയ്ക്കുന്ന ഏതു പ്രതിഭാശാലിക്കും വന്നുപോകാവുന്ന ഒരു അനിശ്ചിതത്വത്തിന് ശങ്കരക്കുറുപ്പും വിധേയനയി എന്നേ പറയാനുള്ളു. പ്രകൃത്യാപാസന, പ്രകൃതിയുടെ പിറകിലുള്ള ചൈതന്യത്തോട് ഉണ്ടായബന്ധം ബാല്യകാലത്തെ പരിത:സ്ഥിതികള്‍, വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കാവ്യവിഷയകമായ സ്വാധീനശക്തി എന്നിങ്ങനെ വിരുദ്ധങ്ങളായ കാര്യങ്ങള്‍ കവിയില്‍ സുശക്തങ്ങളായ ആഘാത പ്രത്യാഘാതങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ സുവ്യക്തവും സ്വാഭാവികവും ആയ ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു വിചാരിക്കാം. ഏതാണ് ഉത്തമമായ പനഥാവ് എന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമൂണ്ടായിരുന്നുവെന്നും വരാം, ആലപിക്കപ്പെടേണ്ട ഗാനം കവിയുടെ കണ്ഠനാളത്തില്‍ തടഞ്ഞിരിക്കുന്ന ഒരു പ്രതീതി ‘സാഹിത്യകൌതു’ കത്തിലെ പല കവിതകളും ജനിപ്പിക്കും. സ്വാഭാവികമായി വികാര വിചാരങ്ങള്‍ ആവിഷ്കരിക്കണമെങ്കില്‍ കവിയ്ക്ക് തന്റെ ശൈലിയെക്കുറിച്ച് സുനിശ്ചിതത്വം വേണം. അതിന്റെ അഭാവമാണ് മേലുദ്ധരിച്ച പദ്യഭാഗങ്ങളുടെ നിര്‍മ്മിതിക്ക് കാരണമായത്. മുന്‍പു പറഞ്ഞ സ്വാധീനശക്തികള്‍, സങ്കലനം ചെയ്യുന്നില്ലെങ്കില്‍ ‘സാഹിത്യകൌതുക’ത്തിലെ കാവ്യശൈലിക്ക് ഈ ദുഃസ്ഥിതി വരുമായിരുന്നില്ല. പ്രൌഢസംസ്കൃതപദങ്ങളെ ശുദ്ധദ്രാവിഡപദങ്ങളോടു ചേര്‍ക്കുക, സന്ദര്‍ഭത്തോടു ബന്ധമില്ലാത്ത അലങ്കാരങ്ങള്‍ പ്രയോഗിക്കുക, ഋജുവും സരളവുമായ രീതി വിട്ട് വക്രവും കര്‍ക്കശവും ആയ മാര്‍ഗ്ഗം സ്വീകരിക്കുക, ഇവയെല്ലാം ശൈലിയെ സംബന്ധിച്ച അനിശ്ചിതത്വത്തിലേക്കു വിരല്‍ചൂണ്ടുകയാണ്. അക്കാലത്തു “കാരുണ്യമാകും കൂട” എന്നും “അനുകൂല്യച്ചെടിയോട്” എന്നും ശങ്കരക്കുറുപ്പ് പ്രയോഗിച്ചിരുന്നു എന്നു കേട്ടാല്‍ നാം വിശ്വസിക്കുകയില്ല.

“നേരു കഥിക്കണമങ്ങുവിളിക്കെയെന്‍
പേരു മധുരമായ് തീരുന്നതെങ്ങനെ?
നേരുകഥിക്കണമങ്ങുതൊടുമ്പോള്‍ ഞാന്‍
താരുപോലെ മൃദുവാകുന്നതെങ്ങനെ?
പാരിന്റെ മാദകസൌഖ്യങ്ങളൊക്കെയീ-
ച്ചോരിവായിങ്കലൊതുക്കിയതെങ്ങനെ?”

എന്നിങ്ങനെ വികാരത്തിനും പ്രതിപാദനരീതിക്കുമുള്ള നിയന്ത്രണം ‘സാഹിത്യകൌതുക’ ത്തില്‍ വല്ലപ്പോഴും കാണാമെന്നല്ലാതെ, അത് കവിതയുടെ പൊതുവേയുള്ള സ്വഭാവമാണെന്ന് പറയാന്‍ പാടില്ല.

‘സൂര്യകാന്തി’യിലേയ്ക്ക്

‘സാഹിത്യകൌതുക’ത്തില്‍നിന്ന് ‘സൂര്യകാന്തി’യിലെത്താന്‍ കവി എത്ര കാലമെടുത്തു എന്നറിഞ്ഞുകൂടാ. കാരണം അദ്ദേഹത്തിന്റെ കാവ്യസമാഹാരഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരണകാലം കാണിക്കുന്നില്ല എന്നതാണ്. അപ്പോള്‍ ഓരോ കവിതയും ഏതേതു കാലത്താണ് രചിച്ചതെന്ന അന്വേഷണം വ്യര്‍ത്ഥമാണ് എന്നു സിദ്ധിക്കുന്നു. കവിതാരചനയുടെ പൗര്‍വ്വാപര്യക്രമം കാവ്യജീവിതത്തിലെ വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കുവാന്‍ പ്രയോജനമായതു ശങ്കരക്കുറുപ്പിന്റെ കവിതകളെക്കുറിച്ച് പഠനം നടത്തുന്ന വിദ്യാര്‍ത്ഥി വിഷമിച്ചുപോകാനേ തരമുള്ളു.

“സൂര്യകാന്തി’ യിലെത്തിയ ശങ്കരക്കുറുപ്പിനു വിസ്മയാവമായ ഒരു പരിവര്‍ത്തനം വന്നുകഴിഞ്ഞു. അനിശ്ചിതത്വമാണ് ആദ്യകാലശൈലിയുടെ പ്രത്യേകതയെങ്കില്‍ സുനിശ്ചിതത്വവും അസന്ദിഗ്ദ്ധതയും ആണ് ഈ കാലഘട്ടത്തിലെ ശൈലിയുടെ മുദ്രകള്‍. ഇവിടെ ആരുടേയും സ്വാധീനശക്തി ഇല്ല. ഇല്ലെന്നു മാത്രമല്ല, കവിയുടെ സ്വന്തം ശബ്ദം അതിന്റെ മന്ദ്രധ്വനിയോടെ അനുവാചകന്‍ കേള്‍ക്കുകയും ചെയ്യുന്നു. ഉപരിവിപ്ലവമായി പദങ്ങള്‍ പ്രയോഗിക്കുന്ന രീതിയല്ല; അലങ്കാരള്‍ക്കള്‍ക്കുവേണ്ടിയുള്ള അന്വേഷണമില്ല.

“നിദ്രയില്ലാത്താരകനേത്രനായ് പുലര്‍ച്ചയ്ക്കു
ഹൃദ്രമനെത്തും, നാളെ, നോക്കുമീമുറ്റത്തെന്നെ
വിളറും മുഖം വേഗം, തെക്കന്‍കാറ്റടിച്ചട-
ര്‍ന്നിളമേല്‍ക്കിടക്കുമെന്‍ മ്ലാനമാകൂടല്‍കാങ്കെ
ക്ഷണമാനില്പില്‍ത്തന്നെ നിന്നുപോയേക്കാം, പിന്നെ
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:
‘ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍.”

എന്ന വരികള്‍ ജനിപ്പിക്കുന്ന അനുഭൂതി അലങ്കാരപ്രയോഗംകൊണ്ടു സിദ്ധിച്ചതല്ല മലയാളഭാഷയുടെ ജീനിയസ്സ് സ്വായക്തമാക്കിയ കവിക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ. ഒരോ പദത്തിന്റെയും ഘനം തുല്യം. “ഇതാ ശങ്കരക്കുറുപ്പിന്റെ ശൈലി” എന്ന് അനുവാചകന്‍ പറയത്തക്കവിധത്തില്‍ ഇത് മൌലികമാണ്; ചൈതന്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവുമാണ്. നൂതനമായ പ്രതിപാദ്യവിഷയത്തിന്റെ സ്വീകാര്യവും എന്നതില്‍ മാത്രമല്ല നവീനമായ ഒരു ശൈലിയുടെ പ്രയോഗം എന്ന നിലയിലും സൂര്യകാന്തി സാഹിത്യത്തിലെ ഒരു പ്രധാന സംഭവമായിത്തീരുന്നു. ‘ചന്ദ്രക്കല’യും അന്വേഷണ’വും ‘എന്റെ വേളി’യും അന്നുവരെ അപരിചിതമായിരുന്ന ഒരു കാവ്യലോകമാണ് കേരളീയങ്ങളോ അപ്രാപ്യങ്ങളോ ആയ വികാരങ്ങളെ ഭാവസാന്ദ്രതയോടെ ആവിഷ്കരിക്കുന്ന ആ സമ്പ്രദായം മലയാളകവിത ആദ്യമായിട്ടാണ് കണ്ടത്.

“ഹാ തിരിച്ചിവിടെനിന്നാഗനിക്കുന്നില്ലാരു-
മോതിദാന്‍; അന്തപുരം നാകമോ നരകമോ!

എന്ന രണ്ടുവരികള്‍ അവയുടെ സാന്ദ്രതകൊണ്ടും ലാളിത്യംകൊണ്ടും നിസ്തുലങ്ങളാണ്. ‘സൂര്യകാന്തി’ എന്ന കവിതതന്നെ നോക്കുക. അതൊരു പ്രേമഗാനമാണ്. ഒരോ വരിയും സാന്ദ്രം. എന്നാല്‍ പ്രേമഗാനത്തിന് അനുരൂപമായ ഒരു സംഗീതം അതില്‍ സ്പന്ദിക്കുന്നുണ്ട്. അതി നിയന്ത്രണത്തിനു വിധേയവുമാണ്. ‘ചന്ദ്രക്കല’യും ‘ഇന്നു ഞാന്‍ നാളെ നീ’ യും ശൈലിയെ സംബന്ധിച്ച സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെ പരകോടിയിലേക്ക് ഉയര്‍ന്ന കവിതകളാണ്.

‘സാഹിത്യകൌതുക’ത്തിലെ കവിതകളുടെ ദൈര്‍ഘ്യം ശ്രദ്ധിച്ചാല്‍ കവി ആ ദൈര്‍ഘ്യത്തിന്റെ ഐക്യരൂപത്തില്‍ ചഞ്ചലമനസ്തനായിരുന്നു എന്ന് ഗ്രഹിക്കാന്‍ കഴിയും. ഒരു കവിത ഹ്രസ്വമാണെങ്കില്‍ മറ്റൊന്നു ദീര്‍ഘം, കവിതയുടെ ദൈര്‍ഘ്യവും ഹ്രസ്വവും അദ്ദേഹം ഒന്നുപോലെ ആദരിച്ചിരുന്നു എന്നുസാരം. ‘സൂര്യകാന്തി’യിലെ കവിതകള്‍ ഇതില്‍നിന്നു വ്യത്യസ്തങ്ങളാണ്. അവ എല്ലാം ഒരേ നീളത്തിലുള്ളതാണെന്നു തെറ്റിദ്ധരിക്കരുത്. എങ്കിലും കവിതയുടെ ദീര്‍ഘതയെ സംബന്ധിച്ച ഒരു ഐക്യരൂപ്യം എല്ലാ കവിതകള്‍ക്കുമുണ്ട്, രസശൂഷ്ക്കമായ പ്രതിപാദനത്തില്‍നിന്ന് അലങ്കാരബഹുലതയിലേക്കും അവിടെനിന്ന് കാടുകയറിയവര്‍ണ്ണനയിലേക്കും മാറിമറയുന്ന ചഞ്ചലചിത്തനായ ഒരു കവിയെ നിങ്ങള്‍ സാഹിത്യകൌതുകത്തില്‍ കാണാം. എന്നാല്‍ യഥാര്‍ത്ഥമായ കവിതയുടെ നാദമുയര്‍ത്തിക്കൊണ്ട്, സ്വന്തം വ്യക്തിത്വം വിളംബരംചെയ്യുന്ന ശൈലിയുടെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചുകൊണ്ട്, തലയുയര്‍ത്തിനില്ക്കുന്ന ഒരു മഹാകവിയെയാണ് ‘സൂര്യകാന്തി’യില്‍ ദര്‍ശിക്കുന്നത്.

‘നാളെ’ എന്ന ഗീതം

മഹാപണ്ഡിതനായ ശ്രീ.ഏ.ബാലകൃഷ്ണപിള്ളയുടെ ‘കേസരി’ എന്ന പത്രം ‘സൂര്യകാന്തി’യെ അധികരിച്ചു ചെയ്ത നിരൂപണം ശങ്കരക്കുറുപ്പിനെ നല്ലപോലെ സ്പര്‍ശിച്ചു. റിയലിസത്തില്‍ നേതൃത്വം വഹിക്കേണ്ട കവിയാണ് ശങ്കരക്കുറുപ്പെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സൂര്യകാന്തി’യില്‍ അവലംബിക്കപ്പെട്ട മാര്‍ഗ്ഗം ആദരണീയമല്ലന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ശങ്കരക്കുറുപ്പിനെ “വേദനിപ്പിക്കുകയും ക്ഷോഭിപ്പിക്കുകയും ചിന്തിപ്പിക്കുകയും കുറെക്കാലം മന്ദോത്സാഹനാക്കുകയുംചെയ്ത ആദ്യത്തെ പ്രതികൂലവിമര്‍ശനമായിരുന്നു അത്. ഇതിനുള്ള ഉജ്ജ്വലമായ മറുപടിയാണ് ‘എന്റെ കവിതയോട്” എന്നതില്‍ കാണൂന്നത്. വിഷയത്തിന്റെ ഗാംഭീര്യത്തിന് അനുരൂപമായി അതിലെ ശൈലിയും ഗാംഭിരമായിട്ടുണ്ട്.

“ഉറക്കമിളിച്ചിരുന്നീടും ഞാന്‍ നക്ഷ്ത്രത്തി-
ലുറക്കെക്കേണും കൊണ്ടുപോകും ഞാന്‍
കൊടുങ്കാറ്റില്‍
സോമലേഖയില്‍ക്കൂടി കാമിക്കും കടലിനെ-
സ്സോമലേഖയെത്തന്നെ മുകരും കടലായ് ഞാന്‍
കൂടുവിട്ടേവം കൂടുമാറിയീ പ്രകൃതിയി-
ലോടുവാനെന്താനന്ദമാണെന്നോ ക്ഷമിക്കുക”

എന്ന വരികളോടുകൂടിയാണ് കവിത അവസാനിക്കുന്നത്. ഈ പദങ്ങള്‍കൊണ്ട് കവി ആവിഷ്കരിച്ച ആശയം അന്നും ഇന്നും ഒന്നുപോലെ പുതുമയുള്ളതാണ്. ആശയത്തിനു മൗലികത്വമുണ്ടെന്നു മാത്രമല്ല, അതാവിഷ്കരിക്കുന്ന വികാരവും അസാധാരണമാണ്. കേസരിപ്പത്രത്തിലെ നിരൂപണം കവിയുടെ ശൈലിക്ക് പരിവര്‍ത്തനം വരുത്തി. പക്ഷേ അത് കേസരി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിക്കൂടെയല്ലെന്നുമാത്രം. റീയലിസ്റ്റിക്കുരീതി വേണമെന്നായിരുന്നു വിമര്‍ശകന്റെ നിര്‍ദ്ദേശം. ശങ്കരക്കുറുപ്പാകട്ടെ തന്റെ റൊമാന്റിക് ശൈലിയെ ഒന്നുകൂടെ പ്രബലപ്പെടുത്തുകയാണ് ചെയ്തത്. അതിന്റെ പരിണതഫലമാണ് ‘നാളെ’എന്ന ഗീതം. ജന്മസിദ്ധാന്തങ്ങളായ സ്ഥാനപദങ്ങള്‍ പുണ്യലബ്ധങ്ങളാണെന്നു വിചാരിച്ചു”മദോന്മത്തരാകുന്ന ഏതാനും ചിലരുടെ നേര്‍ക്കുള്ള സുശക്തമായ ഒരുപാലംഭ്രമാണത്. ‘രക്തമാമുടുപ്പിന്മേല്‍ രക്തപുഷ്പവുംകുത്തി’ ‘നാളെ’ വന്നു നില്ക്കുകയാണ്. അപ്പോള്‍ നാലഞ്ചു നക്ഷത്രങ്ങള്‍ക്കുമാത്രം പുഞ്ചിരികൊള്ളാന്‍ നിന്ന കാലം കരിയിലത്തുമ്പിന്മേല്‍ വിറയ്ക്കുകയാണ്. സൂര്യകാന്തിയില്‍നിന്നുള്ള തെളിഞ്ഞ മാറ്റം-ചിന്താപരവും വികാരപരമായും ഉള്ള മാറ്റം-‘നാളെ’ എന്ന കവിതയില്‍ പ്രകടമാണ്. ബ്രഹ്മാണ്ഡകടാഹത്തിന്റെ മഹാത്ഭുതങ്ങള്‍കണ്ടു പുളകിതഗാത്രനായിത്തീരുന്ന കവി പൊടുന്നനവേ മനുഷ്യന്റെ ഈ ഭൂമണ്ഡലത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന കാഴ്ചയാണ് ‘നളെ’യില്‍ നിന്നുണ്ടാകുക. അപൂര്‍വ്വങ്ങളായ വികാരങ്ങളല്ല, എല്ലാ മനുഷ്യനും ജനിക്കാവുന്ന സാധാരണ വികാരങ്ങളാണ് കവി ചിത്രീകരിക്കുന്നത്. ശൈലിയുടെ ഐക്യരൂപ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു.

“ജന്മസിദ്ധമാം പദം പുണ്യലബ്ദമെന്നോര്‍ത്തു
വന്മദം ഭാവിക്കുന്നോരുന്നത് നക്ഷത്രമേ
വെമ്പുക!വിളറുക! വിറകൊള്ളുക! നോക്കൂ
നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാംനാളെ
.................
നെഞ്ചിടിച്ചും തുടിച്ചും കടലും, രോമാഞ്ചംമേല്‍-
തഞ്ചിടുമവനിയും ഹര്‍ഷമൂകമാം വാനും
കാണട്ടേ വിചിത്രമാം ലിപിയില്‍ കുറിക്കുന്ന
കാലത്തിന്‍ വിളംബരം പൂര്‍വ്വചക്രവാളത്തില്‍”

എന്ന വരികള്‍ വായിക്കുമ്പോള്‍ ശൈലിയുടെ ശക്തിമത്തകൊണ്ട് നമുക്ക് ഒരു ഞെട്ടലുണ്ടായിപ്പോകുന്നു. പരിപൂര്‍ണ്ണതയ്ക്കും സാന്ദ്രീകരണത്തിന്നും അതില്‍ കൂടുതല്‍ ഉയരാന്‍ സാധിക്കുകയില്ലെന്നു തോന്നുന്നു.

‘നിമിഷം’,‘ചെങ്കതിരുകള്‍’, ‘മുത്തുകള്‍’, ‘ഇതളുകള്‍’

‘നാളെ’ എന്ന ഗീതത്തില്‍ പ്രതിഫലിച്ച മനോഭാവത്തിന്റെയും ആശയഗതിയുടെയും അനുസ്യൂതമായ വികാസമാണ് ഈ കാവ്യഗ്രന്ഥത്തിലുള്ളത്. 1935-നോട് അടുപ്പിച്ചുണ്ടായ രാഷ്ട്രീയ സാമൂഹികപരിവര്‍ത്തനങ്ങള്‍ കവിയെ ചലിപ്പിച്ചു. മഹാത്മഗാന്ധിയുടെ മഹായജ്ഞങ്ങള്‍, സ്വാതന്ത്ര്യസമരങ്ങള്‍ ഇവയെല്ലാം ഭാരതീയരെ കൊടുമ്പിരികൊള്ളിച്ച സംഭവങ്ങളാണ്. അതിന്റെ ഫലമായി മനുഷ്യത്വത്തില്‍ അടിയുറച്ച വിശ്വാസം ഉണ്ടായി. കവി ഹൃദയത്തില്‍ അവ പ്രതികരണങ്ങളുളവാക്കിയത് സ്വാഭാവികംതന്നെ. മനുഷ്യന്റെ മഹനീയതയില്‍ അദ്ദേഹം അഭിമാനരഹിതനായി; അവന്റെ മഹത്തായ ഭാവിയില്‍ വിശ്വസിച്ച് അഭിമാനംകൊണ്ടു. മാനുഷികമൂല്യങ്ങള്‍ക്കു മുറിവേറ്റപ്പോള്‍ അദ്ദേഹം ശോകാകുലനായി. ഈ ഹൃദയ വികാരങ്ങളെല്ലാം നാം കണുകയില്ല. യഥാര്‍ത്ഥ്യത്തില്‍ മാത്രം കാലുറപ്പിച്ചു നില്ക്കുകയാണദ്ദേഹം. മറ്റു കവികളില്‍നിന്നു മാത്രമല്ല, ‘സൂര്യകാന്തിയുടെ’ രചയിതാവില്‍ നിന്നും അദ്ദേഹം വിഭിന്നനായി വര്‍ത്തിക്കുന്നു. മുന്‍പുതന്നെ ഭാഷ ശങ്കരക്കുറുപ്പിനു കീഴടങ്ങിയിരുന്നു. ‘ഇതളുക’ളില്‍ എത്തുമ്പോള്‍ അദ്ദേഹം ഭാഷാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി പരിലസിക്കുകയാണ്. കര്‍ക്കശങ്ങളും മൃദുലങ്ങളുമായ വികാരങ്ങള്‍ ചിത്രീകരിക്കാന്‍ ഏതാനും പദങ്ങളേ അദ്ദേഹത്തിനു വേണ്ടൂ. ക്ഷണികങ്ങളായ ദര്‍ശങ്ങളെ അനായാസമായി ആലേഖനം ചെയ്യും. ‘സൂര്യകാന്തി’ യില്‍ അങ്ങിങ്ങായുള്ള കാഠിന്യം ഇവിടെ തീരെ അപ്രത്യക്ഷമായിരിക്കുന്നു. ശില്പകൗശലത്തിന്റെ പാരമ്യം ഈ കാലഘട്ടത്തിലെ കവിതകലുടെ പ്രത്യേകതയാണ്. കവി ഒരു ചോലയുടെ പ്രവാഹം വര്‍ണ്ണിക്കുന്നത് ശ്രദ്ധിക്കുക.

“ലീലയില്‍ ഗ്രാമത്തിന്റെ പച്ചപ്പട്ടിന്മേല്‍മുത്തു-
മാലയൊന്നണിയിച്ചു മൂളിപ്പാട്ടുകളോടെ
ചിരിച്ചു പുളച്ചുകൊണ്ടാവഴിക്കെത്തിച്ചുറ്റി-
ത്തിരിഞ്ഞു പടിഞ്ഞാട്ടു പോകുന്നുന്നുണ്ടൊരു ചോല.”

പുഴ ഒഴുകുന്നതായിട്ടുതന്നെ അനുവാചകനു തോന്നുന്നു.

“ഹാ, വരും, വരും നൂനമദ്ദിന മെന്‍നാടിന്റെ
പാവന പതാകകള്‍ കടലില്‍ത്തത്തിപാറും
ഹാ!വരും, വരും നൂനമദ്ദിനമെന്‍ നാടിന്റെ
നാവനങ്ങിയാല്‍ ശ്രദ്ധിക്കും ലോകമാകെ.

എന്നു കവി പാടുമ്പോള്‍ ആ വരികളിലെ ദ്രുതഗതിയിലുള്ള ലയം അഭിമാനഭാരത്തേയും നിശ്ചയദാര്‍ഢ്യത്തേയും ദ്യോതിപ്പിക്കുവാന്‍ ഉപകരിക്കുന്നു. ഒരുദാഹരണം കൂടെ. മതവൈരത്തില്‍ കളിന്ദജയ്ക്കുള്ള താപം വര്‍ണ്ണിക്കുകയാണ് കവി.

“അമ്പലം പല പള്ളി, ഹിന്ദുവും മുസല്‍മാനും
സമ്പന്നമാക്കിത്തീര്‍ത്ത നഗര, നാട്ടിന്‍പുറം
മതവൈരത്തിന്‍ ജ്വലജ്ജ്വാലയാല്‍ സംസ്കാരത്തിന്‍-
ചിതയാവതോര്‍ത്തേന്തി വിതുമ്പും കളിന്ദജ
ചുഴിയില്‍ച്ചുഴിയില്‍ തന്‍ ശോകത്തെ വിഴുങ്ങിക്കൊ-
ണ്ടൊഴുകീ ശ്ലഥനീലവേണിയായുപാന്തത്തില്‍”

ശോകത്തിന്റെ നൈരന്ത്യവും അതിന്റെ സാവധാനത്തിലുള്ള ആക്രമണവും വ്യജ്ഞിപ്പിക്കുവാന്‍ മന്ദഗതിയിലുള്ള ലയമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ‘ചുഴിയില്‍ ചുഴിയില്‍’ എന്ന ആവര്‍ത്തനം അത്യന്തമനോഹരമായിട്ടുണ്ടെന്ന് ആരും സമ്മതിക്കും.

‘വനഗായകന്‍’, ‘പഥികന്റെ പാട്ടു’,
‘അന്തര്‍ദാഹം’, ‘വെള്ളിലപറവകള്‍’

ഈ നാലു ഗ്രന്ഥങ്ങളും അവയുടെ കലാത്മകത്വം കൊണ്ട് മലയാളകവിതയിലെ സുപ്രധാന ഗ്രന്ഥങ്ങളാനെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ദുര്‍ബലങ്ങളായ കവിതകള്‍ അവയില്‍ കാണുമായിരിക്കും. ഉന്നതങ്ങളായ കൊടുമുടികള്‍ ഉള്ള ഭൂവിഭാഗത്തില്‍ താഴ്വരകളും സമതലങ്ങളും അഗാധഗര്‍ത്തങ്ങളും വരാതെ തരമില്ല. അതിനാല്‍ എല്ലാ കവിതകളും കലാസൗന്ദര്യത്തിന്റെ തുംഗബിന്ദുവില്‍ ചെന്നുചേര്‍ന്നവയാണെന്ന തെറ്റിദ്ധാരണ വേണ്ട. പക്ഷേ ആകെക്കൂടി നോക്കുമ്പോള്‍ ഈ ഗ്രന്ഥങ്ങളിലെ കവിതകള്‍ മലയാളകവിതയുടെ വികാസദശയ്ക്ക് പ്രാതിനിധ്യം വഹിക്കുന്നവയാണെന്ന് മനസ്സിലാക്കാം. ബുദ്ധിപരമായും വികാരപരമായും അവയ്ക്ക് അത്രകണ്ട് ഔന്നത്യമുണ്ട്! പ്രതിപാദ്യവിഷയത്തിന് ഏകാത്മകത്വമില്ല; വൈവിധ്യമുണ്ടുതാനും. ഓരോ കവിതയും ഹൃദയാവര്‍ജ്ജകമായ കലാസൃഷ്ടിയാണ്. രൂപസൗന്ദര്യവും ഭാവസൗന്ദര്യവും ഒത്തുചേര്‍ന്ന കലാസൃഷ്ടികള്‍; അവയുടെ സമ്മേളനം ഇതിനെക്കാള്‍ രമണീയമാവുക അസാദ്ധ്യം.

‘വനഗായകന്‍’ വായിക്കുന്നയാളിനു ശങ്കരക്കുറുപ്പിന്റെ പദസ്വാധീനത ആശ്ചര്യകരമായ രീതിയില്‍ വര്‍ദ്ധിച്ചുവെന്നു തോന്നും. ഇന്ന പദമെന്നില്ല, അത് അസാധാരണമാകട്ടെ, സാധാരണമാകട്ടെ, അല്ലെങ്കില്‍ വര്‍ണ്ണശൂന്യമാകട്ടെ വര്‍ണ്ണോജ്ജ്വലമാകട്ടെ-ഏതും ശങ്കരക്കുറുപ്പിന്റെ ആജ്ഞാനുവര്‍ത്തിയാണ്. അവയെ വിശുദ്ധമായി യോജിപ്പിച്ചു കഴിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉത്കര്‍ഷമാണുണ്ടാകുക. ഒന്നു മറ്റൊന്നിനെ പ്രകാശിപ്പിക്കുന്നു; അത് ആദ്യത്തേതിനേയും. അങ്ങനെ പദങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. എന്തൊരു ആശയപ്രകാശന വൈദഗ്ദ്ധ്യമാണ് ഈ കവിക്ക്? കവിതയുടെ വിഷയം ഏതുമാകട്ടെ, സുനിശ്ചിതമാണ് അദ്ദേഹത്തിന്റെ സ്പര്‍ശം. കാമുകിയുമായുള്ള കൂടിക്കാഴ്ച വര്‍ണ്ണീക്കുന്ന ഒരു രംഗം നോക്കുക:

“അന്നുഞാനിതുപോലെയുള്ളൊരു സായാഹ്നത്തില്‍
ചെന്നു ഭദ്രതന്‍ വീട്ടില്‍ പതറും കാല്‍വയ്പോടെ
ലോലമാമൊരീക്കിളിക്കരമുണ്ടാണന്നോമല്‍
മേലണിഞ്ഞിരുന്നതാക്കുര ഞാനോര്‍ന്നിക്കുന്നു.
ചമ്പകാംഗിതന്‍ നെറ്റിത്തടത്തില്‍ പ്രകാശിച്ചു
കമ്പുകളക്കരുപോലെ ചന്ദനച്ചെറുഗോപി.
പാതിയുമെന്‍പേര്‍ തുന്നിതീര്‍ന്ന പട്ടുറുമാലു
പായയില്‍ക്കിടക്കവതെടുക്കാന്‍ കനിയവേ
ആതിഥേയിതന്‍ തിടുക്കത്തിനാല്‍ നീലക്കരിം-
ചായല്‍ കെട്ടഴിഞ്ഞൂന്നിട്ടൊഴുകീതോളില്‍ക്കൂടി
പുഞ്ചികരത്തെക്കയ്യാല്‍ പിന്നിലേക്കാക്കി, ചുണ്ടില്‍
പുഞ്ചിരിയമര്‍ത്തിക്കൊണ്ടിളകും മിഴിയോടെ
ഓമലാള്‍ നിവര്‍ന്നപ്പോള്‍ നിര്‍ദ്ദയസദാചാര-
ഭീമശാസനമെന്റെ കയൂകള്‍ മറന്നുപോയ്.
‘ചാപലം! വിടു‌!വരും വല്ലോരും ഹായ്’ എന്നോതും
കോപനയുടെചുണ്ടെന്‍ ചുണ്ടിനാലമര്‍ന്നുപോയ്”

കാമിനിയുടെയും കാമുകന്റെയും പരസ്പരദര്‍ശനം പല കവികളും വര്‍ണ്ണിച്ചിരിക്കാം. പക്ഷേ ഇവിടത്തെ പ്രതിപാദനരീതിയുടെ വൈശിഷ്ട്യമാണ് നമ്മെ രസിപ്പിക്കുന്നത്.

പ്രതിപാദ്യവിഷയത്തെ സൂചനാത്മകമായി ആവിഷ്കരിക്കുന്ന ഒരാരംഭം കലാസൗന്ദര്യത്തിന് കിരീടം ചാര്‍ത്തുന്ന ഒരു പര്യവസാനം ഇവ രണ്ടും ശങ്കരക്കുറുപ്പിന്റെ കവിതയ്ക്കുള്ള പ്രത്യേകതയാണ്. “ഇന്നു ഞാന്‍ നാളെ നീ”, മുകളിലുദ്ധരിച്ച “ആ സന്ധ്യ”, “ഇണക്കുരുവികള്‍” എന്നിങ്ങനെ പേരുകേട്ട ഏതു കവിതയിലുമുണ്ട് ഈ സവിശേഷതകള്‍. ‘ആ സന്ധ്യ’ യുടെ പശ്ചാത്തല നിര്‍മ്മിതി അതിവിശിഷ്ഠമായിട്ടുണ്ട്. ആരെയോ വിചാരിച്ചുകൊണ്ട് തുടുത്ത കവിളുമായി ദൂരെ ആ ദിക്കിന്റെ വക്കത്തിരിക്കുകയാണ് സന്ധ്യാലക്ഷ്മി. അവള്‍ തുന്നുവാന്‍ ..റിഞ്ഞിട്ട നീലപ്പട്ടുപോലെ തിരകളാല്‍ ചുളിയുന്ന പാരാവാരം പ്രശോഭിക്കുകയാണ്. ഞെറികള്‍ക്കകമേകൂടി പട്ടുനൂലുകളോടിക്കുന്നതുപോലെ രശ്മികള്‍ തിളങ്ങുന്നു. അപ്പോഴാണ് കവിചിത്തം ഭൂതകാലസ്മരണകളിലേക്ക് ചിറകു വിവരിക്കുന്നത്. ഇത്രയും പ്രസ്താവിച്ചു കഴിയുമ്പോള്‍ കവിതയുടെ അന്തരീക്ഷസൃഷ്ടി നിര്‍വഹിക്കപ്പെട്ടു എന്നു പറയാം. കവി സൃഷ്ടിച്ച നൂതനലോകത്തില്‍ അനുവാചകന്‍ പ്രവേശിക്കുന്നു. ‘ഇണക്കുരുവികള്‍’ എന്ന കവിതയില്‍ വേലുവിന്റെയും ജാനുവിന്റെയും ദയനീയജീവിതം വര്‍ണ്ണിക്കുന്നതിന് പൂര്‍വ്വപീഠികയായി കവി രണ്ടു കുരുവികളെ അവതരിപ്പിക്കുന്നു. അവ നെല്ലോലകള്‍കൊണ്ടു കൂടുകെട്ടുകയാണ്. മാത്രമല്ല ഗാര്‍ഹസ്ഥ്യസങ്കല്പങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു. ആയിരമായിരം പ്രതീക്ഷകളോടുകൂടി ജീവിതമാരംഭിച്ച വേലുവിന്റെയും ജാനുവിന്റെയും ശോകാത്മകമായ കഥയില്‍ വിലയം പ്രാപിക്കുവാന്‍ ഇണക്കുരുവികളുടെ ഹൃദയസ്പര്‍ശിയായ വര്‍ണ്ണന അനുവാചകനെ സഹായിക്കുന്നുണ്ട്. ഇതൊക്കെ അസാമാന്യമയ കലാകുശലതയാണ്.

സുശക്തവും വിശ്വാസജനകവുമായ ഒരു പര്യവസാനം ഏതു കവിതയ്ക്കും നല്കാന്‍ ശങ്കരക്കുറുപ്പിനു കഴിയും. അതില്‍ അദ്ദേഹത്തെ ജയിക്കാന്‍ മറ്റൊരു മഹാകവി ഉണ്ടായിട്ടില്ല. ചില ഉദാഹരണങ്ങള്‍ മാത്രം നല്കുന്നു.

ഒന്നു നടുങ്ങി ഞാനാനടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും”
(‘ഇന്നു ഞാന്‍ നാളെ നീ’)

“സ്ഫാരദു:ഖത്താലിരുണ്ട മന്മാനസ-
ധീരധിയെന്നെന്റെ തിങ്കള്‍തിളക്കമോ”
(‘ചന്ദ്രക്കല’)

“ആവിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആവിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍”

(‘സൂര്യകാന്തി’)

വര്‍ണ്ണനകള്‍ ഇഷ്ടപ്പെടുന്ന കവിയാണ് ശങ്കരക്കുറുപ്പ്. എങ്കിലും സ്ഥൂലവര്‍ണ്ണനകളോട് അദ്ദേഹത്തിന് ഒരു പ്രതിപത്തിയുമില്ല. വിപ്രതിപത്തി ഉണ്ടെന്നും പറയാം. അങ്ങിങ്ങായി നിപുണങ്ങളായ ചില കരസ്പര്‍ശനങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. അത് പൂര്‍ണ്ണമായ ചരിത്രത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്യും. വര്‍ണ്ണ്യവസ്തുവിന്റെ ബാഹ്യവശങ്ങളില്‍ അദ്ദേഹം അത്ര ശ്രദ്ധിക്കറില്ല. ആശാന്റെയും വള്ളത്തോളിന്റെയും വര്‍ണ്ണനകള്‍ നോക്കിയാല്‍ അവര്‍ പ്രതിപാദ്യത്തിന്റെ ബാഹ്യഭാഗങ്ങളെ ചിത്രീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നുവെന്നു ഗ്രഹിക്കാന്‍കഴിയും. ശങ്കരക്കുറുപ്പ് അന്തര്‍ഭാഗത്തെ കടന്നുചെന്നിട്ട് ബാഹ്യരംഗങ്ങളിലേക്ക് കണ്ണോടിക്കുകയാണ്. അതിന്റെ ഫലം ഒരു യഥാര്‍ത്ഥ ചിത്രമല്ല. തനിക്കുണ്ടായ ദര്‍ശനത്തെ അദ്ദേഹം തീക്ഷണത്യോടെ ചിത്രീകരിക്കുന്നു. ഒരുദാഹരണം ഇത് വ്യക്തമാക്കും. ജനുവിന് ഒടുങ്ങാത്ത പ്രതീക്ഷകളുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. വീടു പുതുക്കണം, ഇഷ്ടികച്ചുമരുമതി, ഓടുവാങ്ങാന്‍ ചിട്ടിയില്‍ ചേരണം; എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നുപോയി. വീടുവയ്ക്കാന്‍ ഉണ്ടാക്കിയ പച്ചയിഷ്ടികകള്‍ ഒരു മൂലയില്‍ ഉടഞ്ഞുകിടക്കുന്നു. അവള്‍ രോഗിണിയായി മാറിയിരിക്കുകയാണ്. വേലു കുടിപ്പറമ്പും എഴുതിക്കൊടുത്തു. ഭാര്യയെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നു. ജാനുവിന്റെ കണ്ണൂകള്‍ ഇഷ്ടികകളിലേക്കു ചെല്ലുന്ന രംഗം കവി വര്‍ണ്ണിക്കുകയാണ്.

“തങ്ങ’ടെ മനോരാജ്യം തകര്‍ന്നുകിടക്കയാ-
ണങ്ങനെ യവളറിയാതുടന്‍ വിതുമ്പിപ്പോയ്
ചൂളയ്ക്കുവെയ്ക്കാന്‍ വാര്‍ത്തുവെച്ചതാണവ, പക്ഷെ
ചൂളയായ് മാറിപ്പോയി ജീവിതമപ്പോഴേക്കും”

ഒരു വികാരപ്രപഞ്ചം ഈ നാലുവരികള്‍ക്കുള്ളില്‍ കവി അടക്കിവെച്ചിരിക്കുന്നത് നോക്കുക. അദ്ദേഹം പ്രതിപാദ്യത്തിന്റെ അന്തര്‍ഭാഗത്തേക്കുതന്നെ പ്രവേശിച്ചിരിക്കുന്ന അന്ത്യന്താപേക്ഷിതങ്ങളായ വരികള്‍മാത്രം വരച്ചു സൂക്ഷമത ആവഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന ഒരു ചൈനീസ് ചിത്രകാരനെപ്പോലെയാണ് ഈ കവി എന്ന് എനിക്ക് തോന്നുന്നു. സ്തൂലവും സൂക്ഷമങ്ങളുമായ അംശങ്ങള്‍ പ്രതിബോധങ്ങള്‍, വികാരങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമീകൃതമായ ഒരു വ്യക്തിപ്രഭാവത്തിന്റെ സ്വഭാവികമായ വളര്‍ച്ചയെയാണ് ശങ്കരക്കുറുപ്പിന്റെ കവിത പ്രതിഫലിക്കുന്നത്. പരിശ്രമവും അഭ്യാസവുംകൊണ്ടല്ല അത് ഇത്രത്തോളം പ്രൗഢസുന്ദരമായത്. ‘രീതിയെന്നത് ആ മനുഷ്യന്‍ തന്നെ’(Style is the man)എന്ന പ്രസ്താവത്തെ അവലംബിച്ച് നോക്കുമ്പോള്‍ സമുന്നതമായ ഈ ശൈലീവിശേഷത്തിന്റെ പിറകില്‍ മഹത്തായ ഒരു വ്യക്തിത്വം ദര്‍ശിക്കാം. അന്തര്‍ദാഹത്തിലെ ചില ഭാഗങ്ങള്‍ കവിതയുടെ ഉച്ചകോടിയിലേക്ക് ഉയരുന്നതിനും കാരണമിതുതന്നെ. ‘അഭിവാദന’മെന്ന കവിതയിലാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം പ്രകടമാകുന്നത്. ആ ജീവിതദര്‍ശനത്തെ അദ്ദേഹം വിരസമായി ആവിഷ്കരിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ അതു കവിതയാവുകയില്ലെന്ന് അദ്ദേഹത്തിനറിയാം കവിതയെന്നത് വാങ്ങ്മയപ്രതിരൂപങ്ങളുടെ (image) സമാഹാരമാണ്. അതിനാല്‍ കവി തന്റെ ജീവിത ദര്‍ശനത്തെക്കുറിച്ചുള്ള ചിന്തകളെ വാങ്ങ്മയപ്രതിരൂപങ്ങളായി മാറ്റി പദ്യത്തില്‍ നിവേശിപ്പിക്കുന്നു. അപ്പോള്‍ പച്ചനാമ്പുകളായ വാളുകളെടുത്തുകൊണ്ടു പുല്ക്കൊടികള്‍ ആടരാടുന്നതും മറ്റും നമ്മുടെ മുന്‍പില്‍ പ്രദര്‍ശിതങ്ങളാകുന്നു. ഗഹനങ്ങളായ ചിന്തകളെ പ്രതിരൂപങ്ങളാക്കി മാറ്റുക ദുഷ്കരമാണ്. സര്‍ഗ്ഗശക്തിയുള്ള മഹാകവികള്‍ക്കേ അതിനു കഴിയുകയുള്ളു. ‘അഭിവാദന’മെന്ന കവിതയുടെ ശൈലിയും വിഷയത്തിന് അനുരൂപമായ വിധത്തില്‍ മഹനീയമായി ഭവിച്ചിരിക്കുന്നു.

കലാകാരനെന്ന നിലയില്‍ ശങ്കരക്കൂറുപ്പിനുള്ള വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍തന്നെ ‘അന്തര്‍ദാഹ’ത്തില്‍ സ്പഷ്ടമാകുന്നു എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ആശയപ്രകാശനശക്തി അന്യാദൃശമാണെന്ന് ഈ ഗ്രന്ഥം ഉദ്ഘോഷിക്കുന്നു. കാവ്യോപായങ്ങളെ അദ്ദേഹം പ്രഗല്ഭമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യം സമാര്‍ജ്ജിക്കുന്നതില്‍ കവിക്ക് വൈമുഖ്യമില്ല. എങ്കിലും അതിന്റെ ബോധപൂര്‍വ്വമായ പ്രകടനമില്ല. പ്രയന്തത്തിന്റെയോ പ്രയാസത്തിന്റെയോ ഒരു നേരിയ പാടുപോലുമില്ല. ചിലപ്പോള്‍ വര്‍ണ്ണശബളമാണ് ആ രീതി; മറ്റു ചിലപ്പോള്‍ വര്‍ണ്ണശൂന്യവും. രണ്ടും ഒരുപോലെ ആകര്‍ഷകതയുള്ളതാണ്.

തികച്ചും അഭിനവുമായ ചിന്താഗതിയുടെ ആവിഷ്കരണമായതുകൊണ്ട് ശങ്കരക്കുറുപ്പിന്റെ കാവ്യശൈലി അഭിനവമായിത്തന്നെ നമുക്കനുഭവപ്പെടുന്നു. അത് ഭൂതകാലസ്മരണകള്‍ ഉത്പാദിപ്പിക്കുന്നില്ല. കവിയുടെ വ്യക്തിത്വം ഓരോ പദത്തിലും ഓളം തുളുമ്പി നില്ക്കുന്നതുകൊണ്ട് നാം കാവ്യപാരായണത്തില്‍ ശങ്കരക്കുറുപ്പിനെ പ്രതിപദം പ്രത്യക്ഷരം ഓര്‍മ്മിക്കും. വികാരോദ്ദീപകത്വത്തിന്റെ അനുഭവവും പരിപൂര്‍ണ്ണതയുടെ ബോധവും ജനിപ്പിക്കുന്ന കാവ്യശൈലി മലയാള ഭാഷയിലുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉപജ്ഞാതാവ് മഹാകവി ജി. ശങ്കരക്കുപ്പില്ലാതെ മറ്റാരുമല്ലെന്ന് നാം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കും.