close
Sayahna Sayahna
Search

ഡെഡാലസിന്റെ വരവും കാത്ത്


ഡെഡാലസിന്റെ വരവും കാത്ത്
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

ശില്പികളുടെ തെരുവില്‍ ദിവസങ്ങളായി നിലനിന്നിരുന്ന ഗന്ധം ക്രമേണ ഗാഢമായപ്പോള്‍ അതവര്‍ക്ക് അവഗണിക്കാന്‍ വയ്യെന്നായി. വായുവില്‍ത്തന്നെ അലിഞ്ഞുചേര്‍ന്ന പുതിയ ഗന്ധം അവരുടെ ചലപില ശബ്ദത്തിലും കല്ലിന് മേല്‍ആവര്‍ത്തിച്ചു പതിയുന്ന ചുറ്റിക ശബ്ദത്തിലും ശ്ളഥ താളങ്ങളുടെ കുരുക്കുവീഴ്ത്തി. തലമുറകളോ നൂറ്റാണ്ടുകളോ ആയി പ്രതിമകള്‍ നിര്‍മ്മിച്ചുപോന്നിരുന്ന ശില്പികളുടെ ഈ തലമുറയ്ക്ക് ആദ്യമായി കണ്ണുകളില്‍ വിടരുന്ന വികാരങ്ങളെ പുനഃസൃഷ്ടി ചെയ്യാനും പുല്‍ത്തകിടിയിലൂടെത്തുന്ന ശിശിരക്കാറ്റിന്റെ നൃത്തം ആവാഹിക്കാനും, ദേശാടന പക്ഷികളുടെ രാഗതാളങ്ങല്‍ക്കു മൊഴിമാറ്റം നല്കാനും, തങ്ങള്‍ നിര്‍മ്മിക്കുന്ന പ്രതിമകളിലേക്ക് അവയെ ഉദ് ഗ്രഥിപ്പിക്കാനും വയ്യെന്നായി.

തലമുറകളിലെ ജനിമൃതികള്‍ക്കിടയില്‍ ഉറഞ്ഞുകൂടിയ പാപഭാരങ്ങളുടെ ഗന്ധമല്ലായിരുന്നു അത്, തങ്ങള്‍ക്കതീതമായ വൈദഗ്‌ദ്ധ്യം മെരുക്കിയെടുത്തതിന് ഏദന്‍തോട്ടത്തില്‍ നിന്നുമുണ്ടായ പുറന്തള്ളലിന്റെ ഗന്ധവുമല്ലായിരുന്നു അത്. അവരുടെ ഉച്ഛ്വാസവായു പ്രതിമകളില്‍ തട്ടി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതോ അവരുടെ പ്രയത്നത്താലുരുകുന്ന രക്തത്തിന്റെ ഗന്ധമോ ആയിരുന്നില്ല അത്.

അതവരുടെ നിലനില്പിന്റേയും നിയോഗത്തിന്റേയും സ്മൃതികളില്‍ നിന്നും രക്ഷപ്പെട്ട് മറവിയുടെ കാടുകളില്‍ അലിഞ്ഞു ചേര്‍ന്ന ആപല്‍സൂചനകളുടെ ഒഴുക്കായിരുന്നു.

അവരെ ഭയപ്പെടുത്തി ഈ അന്തരീക്ഷത്തിലെ കരുണയും മാധുര്യവുമായിരുന്നുവല്ലോ തലമുറകളായി അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവയായിരുന്നുവല്ലോ പഴമയുടേയും പുതുമയുടേയും കാതല്‍ സ്വാംശീകരിച്ച് സമൂഹത്തിന് കെട്ടുറപ്പുള്ള സംസ്കാരം നല്കുവാന്‍ ശില്പികളെ സാധ്യമാക്കിയത്. അവര്‍ നിര്‍മ്മിച്ചപ്രതിമകള്‍ വെറും പ്രതിബിംബങ്ങളായിരുന്നില്ല. ജീവിതത്തിന്റെ ഭാവമാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ചേതനയുറ്റ സൃഷ്ടികളായിരുന്നു. ഋതുക്കളുടെ രതിഭാവങ്ങളും, സാമൂഹ്യബന്ധങ്ങളുടെ ചലനങ്ങളും വാഗ്ദാനങ്ങളുടെ പ്രതീകങ്ങളും അവര്‍ നിര്‍മ്മിച്ച പ്രതിമകളില്‍ നിറഞ്ഞു നിന്നിരുന്നു. അതിനാല്‍ സമൂഹത്തിലുണ്ടാകുന്ന ഭരണമാറ്റങ്ങളും വിപ്ലവപ്രതിവിപ്ലവങ്ങളും ഈ പ്രതിമകളുടെ നിലനില്പിനെ ബാധിച്ചിരുന്നില്ല. മാറിമാറിവന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കനുസൃതമായ രൂപഭാവങ്ങളുള്‍ക്കൊള്ളാന്‍ കഴിവുള്ള ഈ ശില്പങ്ങളിലേ ദൈവികത്വം സമൂഹത്തെ അതിശയിപ്പിക്കാന്‍ പോന്നതായിരുന്നു. വ്യക്തിബന്ധങ്ങളുടെ സാക്ഷാത്കാരവും സൗന്ദര്യവസ്തുക്കളുടെ പ്രസരിപ്പും മാത്രമല്ല, ജനാധിപത്യ തത്വങ്ങളിലെ പോരായ്മകളും സാമൂഹ്യനീതിയിലെ പാളിച്ചകളും പ്രതിമകളില്‍ ലിഖിതമായിരുന്നു. അതുകൊണ്ടുതന്നെ തെരുവില്‍ നിര്‍മ്മിച്ചിരുന്ന പ്രതിമകള്‍ നാട്ടിലെങ്ങും ഭാവിയെത്താങ്ങി നിര്‍ത്തുന്ന പ്രതീകങ്ങളായി.

അവര്‍ക്കു ചുറ്റും പടര്‍ന്ന പുതിയ ഗന്ധത്താല്‍ തങ്ങളുടെ ശില്പചാരുതയ്ക്കു കോട്ടംതട്ടുന്നതവരറിഞ്ഞു. അവര്‍ വസിച്ചിരുന്ന തെരുവില്‍ ഉടലെടുത്ത നിശ്ശബ്ദതകളില്‍ ഈ ഗന്ധത്തിന്റെ ഉറവിടമന്വേഷിച്ചു; സ്വപ്നങ്ങളില്‍തങ്ങളെ ഉല്‍കണ്ഠാകുലരാക്കിയ പുതിയ ഗന്ധത്തിന്റെ പൊരുള്‍ തേടി. അന്യോന്യം നോക്കുന്ന വേളകളില്‍ അപരന്റെ കണ്ണുകളില്‍ ഓരോരുത്തരും അറിവിന്റെ തെളിനീര്‍ തിരഞ്ഞു. അവരുടെ സ്ത്രീകള്‍ ഈറനുടുത്ത് അഴിഞ്ഞ മുടിയുമായി തങ്ങളുടെ പുരുഷന്മാരുടെ ദുഃഖനിവൃത്തിക്കായി പരദേവതകളോദു് കേണു. നാളികേരവും കദളിപ്പഴവും തെങ്ങിന്‍ക്കള്ളും കറുപ്പും നൈവേദ്യങ്ങളാക്കി അമാവാസിയിലും പൗര്‍ണ്ണമിയിലും മുതിര്‍ന്ന സ്ത്രീകള്‍ ഉറഞ്ഞുതുള്ളി. മറ്റുള്ളവര്‍ പ്രാചീനമായ തങ്ങളുടെ സംസ്കാരത്തിന്റെ കലവറയില്‍നിന്നും ഐതീഹ്യങ്ങളെപുറത്തെടുത്തു.

പുതിയ ഗന്ധത്തിന്റെ സ്വഭാവം കണ്ടെത്താന്‍ ശ്രമിച്ച ശില്പികള്‍ അത് തെരുവിന്റെ പാര്‍ശ്വങ്ങളില്‍ കൂടിയിരുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധമല്ലെന്ന് മനസ്സിലാക്കി. ദൂരെ നടന്ന പരിവര്‍ത്തനത്തിന്റെ വിപ്ലവരക്തമലിഞ്ഞുചേര്‍ന്ന തിരമാലകളില്‍ നിന്നുമുയരുന്ന ദുര്‍ഗന്ധമോ തകര്‍ന്നുവീണ മനുഷ്യ സ്വപ് നങ്ങള്‍ ജീവിതത്തിന്റെ ജീര്‍ണ്ണതയില്‍പ്പെട്ട് ദ്രവിക്കുന്ന ദുര്‍ഗന്ധമോ അല്ലെന്നുമവര്‍ ഗ്രഹിച്ചു. എന്തിന്, അതൊരു ദുര്‍ഗന്ധമേ അല്ലെന്നും, അവര്‍ നിര്‍മ്മിച്ച പ്രതിമകള്‍ക്കു ചുറ്റും വിടര്‍ന്ന പുഷ്പങ്ങളുടെ പരാഗവിന്യാസത്തോടെത്തുന്ന സുഗന്ധമോ പ്രകൃതിയുടെ സാക്ഷാത്കാരമായി പ്രതിമകളുടെ മുഖത്തു നിഴലിക്കുന്ന മോഹങ്ങളുടെ സുഗന്ധമോ അല്ലെന്നും ഗ്രഹിച്ചു. അതൊരു സുഗന്ധമേ അല്ലെന്നും.

ദുര്‍ഗന്ധമോ സുഗന്ധമോ അല്ലാത്ത ഈ നപുംസക ഗന്ധം നിര്‍വചിക്കാനാവുന്ന കെടുതിയോ ഭാഗ്യമോ അല്ലെന്നും, അനിര്‍വാച്യമായ മറ്റെന്തിന്റെയോ മുന്നോടിയാണെന്നും അറിഞ്ഞ അവര്‍ ഭാവിയെ ഭയന്നു.

ക്രമേണ ഗന്ധം രൂക്ഷമാകുകയും തെരുവിലെ സമാധാനത്തിനു വിഘാതം നേരിടുകയും ചെയ്തപ്പോള്‍ അവര്‍ ഉല്‍ക്കണ്ഠാകുലരായി. ആദ്യമായവര്‍ക്കു മരണഭയമുണ്ടായത് സൈബീരിയയില്‍ നിന്നും പലായനം ചെയ്ത ഇരണ്ടപക്ഷികള്‍ അകാരണമായി ചത്തുവീണപ്പോഴാണ്. മരണഭീതിയോടെ പരക്കംപാഞ്ഞ ഇരണ്ടപക്ഷികളുടെ ദീനരോദനങ്ങള്‍ക്കിടയില്‍ നിശബ്ദമായി കൊഴിഞ്ഞുവീഴുന്ന ചിത്രശലഭങ്ങളുടെ കൂമ്പാരവും തെരുവില്‍ പലേടങ്ങളില്‍ കണ്ടതോടെ ഭീതിയുടെ കുടുക്കുകളില്‍പ്പെട്ട ശില്പികള്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമമായി.

പ്രാര്‍ത്ഥനകൊണ്ടും ആഭിചാരങ്ങള്‍ കൊണ്ടും കൂട്ടായി ചിന്തിച്ചതുകൊണ്ടും ഫലമില്ലെന്നു കണ്ട അവരുടെ തെരുവ് ദുഃഖത്തിന്റെ ഗന്ധവും സാന്ത്വനത്തിന്റെ അടക്കം ചൊല്ലലും പരാജയത്തിന്റെ നെടുവീര്‍പ്പുകളും കൊണ്ട് നിറഞ്ഞു. ഇനി അവരുടെ രക്ഷകന്‍ മുത്തപ്പന്‍ മാത്രമാണെന്ന് അവര്‍ തങ്ങളില്‍ പറഞ്ഞുതുടങ്ങി.

മുത്തപ്പന്‍.

തങ്ങളുടെ മുത്തപ്പന്‍.

മനുഷ്യായുസ്സിനും ജനിമൃതികള്‍ക്കുമതീതനായ, നൂറ്റാണ്ടുകളുടെ പ്രായത്താല്‍ തലമുറകളുടെ കണ്ണിയായ മുത്തപ്പന്‍.

“മുത്തപ്പന്‍" എന്ന ശബ്ദം ഒരു ശാന്തിമന്ത്രമെന്നോണം അവരുടെ ചുണ്ടുകളില്‍ നിന്ന് ഉതിര്‍ന്നുവീണ് അനവധി തവണ ആവര്‍ത്തിക്കപ്പെട്ട് തെരുവിലെമ്പാടും നിറഞ്ഞുനിന്നു. ക്രമേണ ഈ മന്ത്രം പിന്‍സ്മൃതികളുടെ താളമായി ആരോഹണാവരോഹണമായി തിരമാലകളായി മുന്നോട്ടു നീങ്ങി. അവര്‍ ഈ ശബ്ദത്തെ പിന്തുടര്‍ന്ന് മുത്തപ്പനു ചുറ്റൂം തടിച്ചുകൂടി ദയനീയമായി അപേക്ഷിച്ചു.

“ഞങ്ങള്‍ക്കൊരു പോംവഴി പറഞ്ഞുതരൂ…”

സമൃദ്ധവും ദീര്‍ഘവുമായ താടിരോമങ്ങളും ചുളിവു വീണ, എന്നാല്‍ ഗംഭീരവുമായ മുഖവുമായിരുന്നു അദ്ദേഹത്തിന്, നിരവധി തലമുറകളില്‍ വ്യാപരിച്ചിരുന്ന ഓര്‍മ്മകള്‍ക്കും നൂറ്റാണ്ടുകളുടെ പ്രായത്തിനുമനുസൃതമായ നിറഭേദങ്ങള്‍ മുടിയിലും താടിരോമങ്ങളിലും ഉണ്ടായിരുന്നു. നിശ്ശബ്ദമായ യാമങ്ങളുടെ പൊടിപടലങ്ങള്‍ താടിരോമങ്ങല്‍ക്കിടയില്‍ അടങ്ങിക്കിടന്നു. അവരുടെ ദൈന്യത മുത്തപ്പന്റെ കണ്ണുകളില്‍ മിന്നിനിറഞ്ഞു. ആ കണ്ണുകള്‍ ത്രസിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മൃതികളിലേക്കു ആഴ്ന്നിറങ്ങുന്നതും ശില്പികള്‍ കണ്ടുനിന്നു.

അതില്‍നിന്നുണര്‍ന്ന് അവരോടായി അദ്ദേഹം പറഞ്ഞു. “മക്കളേ, ഇപ്പോഴുള്ള നിമിത്തങ്ങള്‍ ഈ തെരുവിന്റേയും ഇന്നത്തെ ശില്പിപരമ്പരയുടേയും അന്ത്യത്തെ സൂചിപ്പിക്കുന്നു. നിരാശരാകാതെ സമചിത്തതയോടെ അന്ത്യംവരേയും കഴിയുക. അതിലേക്കായിനിങ്ങളുടെ പൂര്‍വ്വജന്മങ്ങളുടെ കഥ പറഞ്ഞുതരാം.”

“മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പും ഈ തെരുവുണ്ടായിരുന്നു, ശില്പികളും. അവരുടെ അന്ത്യത്തിന്റെ സൂചന മഴയിലൂടെയാണ് എത്തിയത്. നിര്‍ത്താതെ പെയ്തിരുന്ന മഴയില്‍ തെരുവും മേല്പുരകളും മുങ്ങുമെന്നുറപ്പായപ്പോള്‍ ഞങ്ങള്‍ പരിഹാരം കണ്ടെത്തി ഞങ്ങളെക്കൊണ്ടാവുംവിധം വലിയ പെട്ടകം നിര്‍മ്മിച്ച് ഏറ്റവും പ്രഗല്ഭരായ ശില്പികളേയും ആവുന്നത്ര സ്ത്രീകളേയും അതിനുള്ളിലാക്കി പ്രളയ ജലത്തില്‍ തുഴഞ്ഞുനടന്നു. പ്രളയമൊടുങ്ങിയപ്പോള്‍ അവര്‍ തെരുവു സംസ്കാരവും വീണ്ടും സ്ഥാപിച്ചു. ആ ശില്പികള്‍ വൈദഗ്ദ്ധ്യം വാര്‍ന്നൊഴുകുന്ന പുതിയ ശില്പങ്ങളുണ്ടാക്കി. അവരുടെ സ്ത്രീകളില്‍നിന്നും ഉതിര്‍പൂക്കള്‍ പോലെ സന്തതികള്‍ വന്നു നിറഞ്ഞു. ആ അമ്മമാര്‍ അവര്‍ക്കായി പാല്‍ ചുരത്തി, അങ്ങനെ അവരുടെ സിരകളില്‍ ശില്പകലയുടെ മുലപ്പാല്‍ അലിഞ്ഞുചേര്‍ന്നു.”

“പക്ഷേ ഇപ്പോള്‍ നൂറ്റാണ്ടുകളിലൂടെ വന്നെത്തിയ അസ്തിത്വം അവസാനിക്കുന്നതിന്റെ നിമിത്തങ്ങള്‍ ജീവവായുവില്‍ത്തന്നെ അലിഞ്ഞുചേര്‍ന്നിരിക്കുന്നതിനാല്‍ അത് ജീവിക്കുക അസാദ്ധ്യം തന്നെ…”

അദ്ദേഹം കണ്ണുകള്‍ തുറന്ന് ചുറ്റും കൂടിയിരുന്ന തന്റെ സന്തതിപരമ്പരയിലെ എല്ലാവരേയും നോക്കിക്കണ്ടു. ദാക്ഷിണ്യത്തിന്റേയും സാന്ത്വനത്തിന്റേയും വാക്കുകള്‍ക്കു കാത്തുനിന്ന അവരോട് അദ്ദേഹം തുടര്‍ന്നു:

“മക്കളേ, നമ്മെ സൃഷ്ടിച്ചത് ഒരു ശില്പിയായിരുന്നു. ഡെഡാലസ്. ശില്പികളുടെ ദേവന്‍. ആയിരക്കണക്കിനു മനുഷ്യപ്രതിമളുണ്ടാക്കി ജീവവായു ഊതിക്കൊടുത്ത് പ്രാണന്‍ നല്കിയത് അദ്ദേഹമാണ്. എന്നിട്ട്, സംസ്കാരങ്ങളും വിപ്ലവങ്ങളും മാറിമാറി വന്നപ്പോള്‍ പുതിയതലമുറകള്‍ ഡെഡാലസിനെ സ്മൃതിയില്‍ നിന്നും മായ്ച് അനാദരവു കാട്ടി. അതാവണം ഈ പ്രതിസന്ധി. നിങ്ങള്‍ പ്രാചീനതയിലേക്കു മടങ്ങിപ്പോയി ശില്പികളുടെ ദേവനെ ഭജിക്കുക. ഒഴിയാനാവാത്ത മരണം തേടിയെത്തുമ്പോള്‍ സ്വന്തം രൂപത്തില്‍ പ്രതിമകള്‍ നിര്‍മ്മിച്ച് തര്‍പ്പണം ചെയ്ത് മരണത്തെ വരിക്കുക. എന്നെങ്കിലും ഡെഡാലസ് നിങ്ങളോട് കാരുണ്യം കാട്ടാന്‍ വീണ്ടും വരാതിരിക്കില്ല. അന്ന് നിങ്ങളുടെ പ്രതിമകളില്‍ ജീവവായു ഊതിത്തന്ന് പ്രാണന്‍ തിരികെ നല്കും. ശേഷിച്ച ജീവിതം തിരിച്ചുകിട്ടും.”

മുത്തപ്പന്റെ വാക്കുള്‍കള്‍ അവര്‍ക്കു വാഗ്ദാനമായി. കഠിനമായ അദ്ധ്വാനത്തിനു ശേഷം ദൈവം അറിഞ്ഞുനല്കിയ വിശ്രമമെന്നോണം അതവരെ കുളിര്‍പ്പിച്ച് കണ്ണുകളില്‍ നിന്നും ഭീതിയകറ്റി.

അവരാദ്യം തങ്ങള്‍ അനാദരിച്ച ദേവന് അമ്പലം തീര്‍ത്തു. കൂടിവരുന്ന ഗന്ധത്തില്‍ നിന്നും ജീവവായു അരിച്ചെടുത്ത് അവര്‍ കര്‍മ്മനിരതരായി. തെരുവില്‍ ഒരുണര്‍വ്വോടെ തുടര്‍ച്ചയായ ചുറ്റികശബ്ദം മടങ്ങിവന്നു. പ്രകൃതിയുടെ പൊരുള്‍ പകര്‍ത്തിയിരുന്ന അവര്‍ക്ക് ഇക്കുറി സ്വന്തം പ്രതിബിംബമൊരുക്കുകയെന്നത് അനായാസമായി ചെയ്യുവാന്‍ കഴിയുമായിരുന്നു. പക്ഷെ എങ്ങനെയാണ് മരണത്തിനു തൊട്ടുമുമ്പുള്ള തങ്ങളുടെ രൂപഭാവങ്ങള്‍ ശില്പത്തിലാക്കുക? എങ്ങനെയാണ് ശിഷ്ടജീവിതത്തിനായ പ്രാര്‍ത്ഥനയുമായി തങ്ങളുടെ പ്രതിമകള്‍ ഡെഡാലസിനെ കാത്തുനില്‍ക്കേണ്ടത്? ഇതിനുത്തരം ഒരു വെളിപാടായി അവരുടെ കണ്ണുകളില്‍ പ്രത്യക്ഷപ്പെട്ടു. പ്രതിമ പാദങ്ങളില്‍നിന്നും ആരംഭിച്ച് മുഖത്തില്‍ അവസാനിക്കുക. മുഖത്തിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യവെ മരണം വരിക്കുക.

ദീര്‍ഘമായ പ്രാര്‍ത്ഥനകളും തര്‍പ്പണവുമായി ദിവസങ്ങള്‍ കടന്നുപോകെ അവിടെ നിമിത്തമായി വന്ന ഗന്ധവും ശക്തിയാര്‍ജ്ജിച്ചു. അതു ക്രമേണ പ്രാണവായുവിനെ നേര്‍പ്പിച്ച് ജീവജാലങ്ങളെ അസ്തമിപ്പിച്ചിരുന്നു. ദ്രുതവും ക്രമവുമായ ശിലകളിലമരുന്ന പണിയായുധങ്ങളുടെ ശബ്ദം യവനദേവന് അര്‍പ്പിച്ചുകൊണ്ട് തുടര്‍ന്നെത്തിയ ദിനങ്ങളിലേക്ക് തെരുവ് ഇഴഞ്ഞുനീങ്ങി.

അനുബന്ധം:

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗവേഷകന്‍ അവിടെയെത്തിയത്. ഉല്‍കൃഷ്ടമായ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്ന വലിയ ഒരു സംസ്കാരം അവിടെ നിലനിന്നിരുന്നുവെന്ന് അയാള്‍ ഗ്രഹിച്ചിരുന്നു. ക്ലേശപൂര്‍ണ്ണവും സുദീര്‍ഘവുമായ അന്വേഷണത്തിനും ഖനനത്തിനും ശേഷം അയാള്‍ തെരുവിന്റെ ഹൃദയം കണ്ടെത്തി.

അവിടെ യവന മാതൃകയിലുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ആയിരക്കണക്കിനു മനുഷ്യ പ്രതിമകളും ഉണ്ടായിരുന്നു.

പ്രതിമകളില്‍ ഒന്നിനുപോലും മുഖം ഉണ്ടായിരുന്നില്ല.

ഗര്‍ഭേ നു സന്നന്വേഷാമ വേദ-

മഹം ദേവാനാം ജനിമാനി വിശ്വാ
ശതം മാ പുര ആയസീര രക്ഷ-
നധഃ ശ്യേനോ ജവസാ നിരദീയ മിതി.

(ഐതരേയോപനിഷത്ത്, 2.5)