close
Sayahna Sayahna
Search

മനസ്സിൽ ഇന്നും ആ ചെറുപ്പക്കാരൻ


മനസ്സിൽ ഇന്നും ആ ചെറുപ്പക്കാരൻ
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


തൊള്ളായിരത്തി എഴുപതിലാണ്. ഞാൻ കൽക്കത്തയിൽനിന്ന് മാറ്റമായി ദില്ലിയിൽ താമസിക്കുകയായി രുന്നു. ലോധി കോളനിയിൽ ഓഫീസർമാരുടെ ക്വാർട്ടേഴ്‌സിന്റെ ബർസാത്തികളി ലൊന്നിൽ താമസം. ലോധി കോളനിയിൽത്തന്നെയുള്ള കൃഷ്ണൻ നായരുടെ ഹോട്ടിൽനിന്ന് ഊണും. ഒരു ദിവസം കൽക്കത്തയിൽ നിന്ന് ശ്രീ. കെ.എം. ഗോവിയുടെ കത്തു കിട്ടുന്നു. ശ്രീ. ഗോവി അവിടെ നാഷനൽ ലൈബ്രറിയിൽ മലയാളം വിഭാഗത്തിന്റെ തലവനായി ജോലി നോക്കുകയാണ്. ഒരു ചെറുപ്പക്കാരന്റെ കാര്യത്തിനാണ് കത്ത്. അയാളെ ദില്ലിയിലേയ്ക്ക് പറഞ്ഞയക്കുന്നു. ഒരു ജോലി ശരിയാക്കിക്കൊടുക്കണം, ഒപ്പം തന്നെ താമസവും ശരിയാക്കണം. ഗോവിസാർ പറഞ്ഞാൽ എനിക്ക് എതിരൊന്നും പറയാനില്ല. അനുസരിക്കുകയേ നിവൃത്തിയുള്ളു. ഒരു ചെറുപ്പക്കാരൻ നന്നാവുന്ന കാര്യമാണ്. എന്റെ ഒപ്പം താമസിക്കാമെന്നും ജോലിയുടെ കാര്യത്തിൽ പരമാവതി ശ്രമിക്കാമെന്നും മറുപടി എഴുതി.

ഒരു സഹൃദയനായ ചെറുപ്പക്കാരൻ. എനിക്കയാളെ ഇഷ്ടമാകുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. അയാൾ അച്ഛന്റെ കവിതകൾ വായിക്കുമായിരുന്നു. ‘ഒരു പിടി നെല്ലിക്ക’ എന്ന കവിതയിലെ രണ്ടു വരി അയാളെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നു പറഞ്ഞു. അതിതാണ്:

“തിരിച്ചു പോകരുതു നീ വിട്ടുപോന്ന മൃഗത്തിനെ

ത്തിരയാൻ, ദേവനിലത്രെ നിനക്കു ലക്ഷ്യം.”

അയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഞാൻ കൃഷ്ണൻ നായരുടെ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിക്കൊടുത്തു. അയാൾ മൂന്നു നേരം ഭക്ഷണവും ചായയും അവിടെ നിന്ന് കഴിച്ചു. ജോലിയുടെ കാര്യത്തിൽ എനിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അയാൾക്കും ജോലിയിൽ തീരെ താൽപര്യ മില്ലാത്തപോലെ തോന്നി. രാവിലെ മുതൽ ഭക്ഷണത്തിന്നല്ലാതെ പുറത്തൊന്നും ഇറങ്ങാറില്ല. ഒരു ജോലി അന്വേഷിക്കുന്നതിനെപ്പറ്റി പറഞ്ഞാൽ അയാൾ വിഷയം മാറ്റും. ആഴ്ചകളും, മാസങ്ങളും കടന്നു പോയി. ഞാൻ അയാളുടെ ഹോട്ടൽ ബില്ലും കൊടുത്തുകൊണ്ടിരിക്കയാണ്. എന്റെ കാര്യങ്ങൾ കൂടി നടത്താതെ വീട്ടിലേയ്ക്കു പണമയച്ചിരുന്ന കാലമാണ്. ഈ അധികച്ചിലവ് എന്നെ വിഷമിപ്പിച്ചു. ഒരിക്കൽ അതിനെപ്പറ്റി, അതായത് വേഗം ഒരു ജോലി അന്വേഷിക്കണമെന്നു പറഞ്ഞപ്പോൾ അയാൾ തട്ടിക്കേറുകയാണുണ്ടായത്. പിന്നീട് അയാളുടെ പെരുമാറ്റം അത്ര സുഖമുള്ളതായിരുന്നില്ല. ഏകദേശം ആറു മാസത്തോളം ഞാൻ അയാളെ ഒപ്പം താമസിപ്പിച്ചു. അവസാന ദിവസങ്ങളിൽ അയാൾ വളരെ മോശമായിട്ടാണ് പെരുമാറിയത്. ഒരു ദിവസം വല്ലാതെ ചീത്ത വാക്കുകൾ കേൾക്കേണ്ടി വന്നപ്പോൾ ഗതികെട്ട് ഞാൻ അയാളോട് പോകാൻ പറഞ്ഞു. കാര്യങ്ങൾ വിവരിച്ചു ശ്രീ. ഗോവിക്ക് ഒരു കത്തെഴുതുകയും ചെയ്തു. ഒരാൾക്ക് ഉപകാരം ചെയ്ത തിനുള്ള കൂലി കിട്ടിയെന്നു മാത്രം മനസ്സിൽ കരുതി.

അയാൾക്കു വേണ്ടി ചെലവാക്കിയ പണമെല്ലാം എന്നെങ്കിലും തിരിച്ചുതരാതിരിക്കില്ലെന്നു പറഞ്ഞു കൊണ്ടാണയാൾ പോയതെങ്കിലും അതുണ്ടായില്ല. അയാൾ പോയപ്പോൾ എനിക്കു വിഷമമായി. എത്രയായാലും അച്ഛന്റെ കവിതകൾ ഇഷ്ടപ്പെടുന്ന മനുഷ്യനാണ്.

ഞാൻ പിന്നീട് ആ സംഭവം തന്നെ മറന്നു. ഒരു മാസം മുമ്പ് ശ്രീ കെ. എം. ഗോവിയെ തൃശ്ശൂരിൽ അക്കാദമി ഓഫീസിൽവച്ച് കണ്ടപ്പോൾ അദ്ദേഹമാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്. “ഞാൻ ഹരിയെ ഒരിക്കൽ കുറച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ട്… ” അതു സാരമില്ലെന്നു ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അപ്പോഴാണ് അദ്ദേഹം അതു പറഞ്ഞത്, ആ ചെറുപ്പക്കാരന്ന് മാനസികരോഗമായിരുന്നു. പിന്നീട് കുറേക്കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നുവത്രേ!

അതു കേട്ടപ്പോൾ എനിക്ക് ശരിക്കും വിഷമമായി. ഒരു പക്ഷേ അയാളുടെ പെരുമാറ്റത്തിനു കാരണം അയാളുടെ രോഗമായിരിക്കണം. അന്നു തന്നെ രോഗം തുടങ്ങിയിട്ടുണ്ടാവണം. ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്റെ കഴിവിനനുസരിച്ച് കുറച്ചെന്തെങ്കിലും അയാൾക്കു വേണ്ടി ചെയ്യാൻ കഴിഞ്ഞുവല്ലോ എന്നു മാത്രമാണ്.