close
Sayahna Sayahna
Search

മനോരഥങ്ങളിലെ...


മനോരഥങ്ങളിലെ...
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

ചിലിയിലെ മഹാനായ കവിയാണ് ബീസെന്തെ വീദൊവ്രൊ (Vicente Hudibro, 1893–1948). അദ്ദേഹം പറഞ്ഞു: “യഥാര്‍ത്ഥങ്ങളായ കാവ്യങ്ങള്‍ അഗ്നികളാണ്. ആഹ്ലാദത്തിന്റെയോ യാതനയുടെയോ പ്രകമ്പനങ്ങളോകൂടി കവിത അതിന്റെ സാഫല്യങ്ങളെ ജ്വലിപ്പിച്ചുകൊണ്ട് എല്ലായിടങ്ങളിലും പ്രചരിക്കുന്നു. മാതൃഭാഷയൊഴിച്ചുള്ള ഒരു ഭാഷയിലാണ് അതു രചിക്കപ്പെടേണ്ടതു്. പ്രധാനപ്പെട്ട നാലു ബിന്ദുക്കള്‍ മൂന്നാണ്: വടക്കും തെക്കും ആയിത്തീരുന്ന ഒരു വസ്തുവാണ് കാവ്യം”[1] മറ്റൊരു സന്ദര്‍ഭത്തില്‍ വീദൊവ്രൊ പ്രസ്താവിച്ചു: “കവികളെ, നിങ്ങള്‍ എന്തിനാണ് പനിനീര്‍പ്പൂവിനെപ്പറ്റി പാടുന്നതു്? കാവ്യത്തില്‍ അതിനെ വിരിയിക്കൂ. സൂര്യനു താഴെയുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ് വര്‍ത്തിക്കുന്നതു്. കവി ഒരു കൊച്ചു ഈശ്വരനാണ്.”[2]

ലാറ്റിനമേരിക്കന്‍ കലാസൃഷ്ടികള്‍ക്ക് അവലംബമരുളുന്ന കലാസങ്കല്പമാണ് വീദൊവ്രൊയുടെ ഈ രൻടു പ്രസ്താവങ്ങളിലും കാണുന്നതു്. പ്രിയപ്പെട്ട വായനക്കാര്‍ ആ രൻടു മതങ്ങളെയും ഒന്നുകൂടി നോക്കണമെന്നു് ഞാന്‍ അപേക്ഷിക്കുന്നു. കലാസൃഷ്ടിയെന്നതു് ഒരു നിര്‍മ്മാണം മാത്രമാണ്. ഇംഗ്ലീഷിലെ construct എന്ന വാക്ക് പ്രയോഗിച്ചാല്‍ ഞാനുദ്ദേശിക്കുന്നതു് കൂടുതല്‍ സ്പഷ്ടമാകുമെന്നു് കരുതുന്നു. അതു് സാമൂഹിക സത്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയല്ല. യാഥാര്‍ത്ഥ്യത്തിന്റെ പുനരാവിഷ്കരണമല്ല. ഒരു നിര്‍മ്മിതവസ്തു മാത്രം. അതിനു നിത്യജീവിതവുമായി ബന്ധമില്ലെങ്കിലും തരക്കേടൊന്നുമില്ല. അതിനാല്‍ അതു ശുദ്ധമായ മനോരഥ സൃഷ്ടിയായി ഭവിച്ചാലും അംഗീകരിക്കത്തക്കതുതന്നെ. കവിതയെക്കുറിച്ച് വീദൊവ്രൊ ആവിഷ്കരിച്ച ഈ സത്യം നവീനങ്ങളായ ലാറ്റിനമേരിക്കന്‍ ചെറുകഥകള്‍ക്കും ചേരും.

ബ്രസീലിലെ ഉജ്ജ്വലപ്രതിഭാശാലിയായ ഷ്വൗങ്ങ്ഗീമറാങ്ങ്ഷ് റോസ്സ (Joao Guimaraes Rosa, 1908–1967) എഴുതിയ The Third Bank of the River എന്ന അതിസുന്ദരമായ ചെറുകഥ മുകളില്‍ സ്ഫുടീകരിച്ച സത്യത്തിനു നിദര്‍ശകമാണ്. കഥപറയുന്ന ആളിന്റെ അച്ഛന്‍ ശാന്തനാണ്. വീടുഭരിച്ചിരുന്നതു് അമ്മയാണു്: അച്ഛനല്ല. ഒരുദിവസം അച്ഛന്‍ ഒരാളിനോടു നിര്‍ദേശം നല്‍കി. ഒരു വഞ്ചിയുണ്ടാക്കിക്കൊണ്ടു വരണമെന്നു്. ഇരുപതോ മുപ്പതോ വര്‍ഷം ഒരു കേടും വരാതെയിരിക്കുന്ന വഞ്ചിയായിരിക്കണം അതു്. അവരുടെ വീട്ടില്‍നിന്നു് ഒരു നാഴിക അകലെയായി ഒരു മഹാനദിയുണ്ട്. അച്ഛന്‍ മീന്‍പിടിക്കാന്‍ പോകയാണോ? എന്തോ അറിഞ്ഞുകൂടാ. ഒരു ദിവസം വഞ്ചികൊണ്ടുവന്നു. ഭക്ഷണംപോലുമെടുക്കാതെ അച്ഛന്‍ വഞ്ചിയില്‍ കയറി തുഴഞ്ഞുപോയി. അദ്ദേഹം തിരിച്ചുവന്നതേയില്ല. എന്നാല്‍ ഒരിടത്തും പോയതുമില്ല. നദിയിലങ്ങനെ തുഴഞ്ഞുനടന്നു. രാത്രിയോ പകലോ അച്ഛന്‍ കരയ്ക്കടുത്തില്ല. ലക്ഷ്യമില്ലാതെ വള്ളത്തിലിരുന്നു് അലഞ്ഞതേയുള്ളു. മകന്‍ ആഹാരമെടുത്തു കരയില്‍ച്ചെന്നുനിന്നു് അച്ഛനെ വിളിച്ചു. അദ്ദേഹം നദിയുടെ മൃദുലതയില്‍ തെന്നിത്തെന്നി പോയതല്ലാതെ അവന്റെ ആഹ്വാനം ചെവിക്കൊണ്ടില്ല.

കാലം കഴിഞ്ഞു. കഥ പറയുന്ന മകന്റെ സഹോദരി വിവാഹിതയയി. അവള്‍ക്കു കുഞ്ഞുണ്ടായി. മകനും മകളും മകളുടെ കുഞ്ഞുംകൂടി നദീതീരത്തു ചെന്നുനിന്നു. മകള്‍ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അച്ഛനെ വിളിച്ചു. അദ്ദേഹം എന്നിട്ടും വന്നില്ല. അവര്‍ നിലവിളിച്ചു. പിന്നെയും കാലം കടന്നു, സഹോദരി പട്ടണത്തിലേക്കു മാറിപ്പോയി. അമ്മയും അവളുടെകൂടെപോയി. മകന്‍ വൃദ്ധനായി. അച്ഛന്‍ പടുകിഴവനായി. നദി എപ്പോഴും നദിതന്നെ. അതു സ്വയം നവീകരിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മകന്‍ കരയില്‍ച്ചെന്നു നിന്നപ്പോള്‍ അച്ഛനെ അകലെക്കണ്ടു. അയാള്‍ ആ രൂപത്തോടു വിളിച്ചു പറഞ്ഞു: “അച്ഛാ വളരെക്കാലമായല്ലോ അച്ഛന്‍ അവിടെയായിട്ട്. അച്ഛന്‍ വൃദ്ധനുമായി…തിരിച്ചുവരൂ. ഇനി ഇതുവേണ്ട, തിരിച്ചുവരൂ. ഞാന്‍ അച്ഛനുപകരം അങ്ങോട്ടു വരാം…” അച്ഛന്‍ അതു കേട്ടു. അദ്ദേഹം മകന്റെ നേര്‍ക്കായി വഞ്ചി തുഴഞ്ഞു. പക്ഷേ മകനു് ആ സമയത്ത് വല്ലാത്ത പേടിയുണ്ടായി.

അയാള്‍ ഓടിക്കളഞ്ഞു. ജീവിതത്തിന്റെ മണല്‍ക്കാടുകളില്‍ അയാള്‍ക്കു കഴിഞ്ഞുകൂടിയേ പറ്റൂ. പക്ഷേ അയാള്‍ക്ക് ഒരാഗ്രഹമുണ്ട്. മരണം ആഗമിക്കുമ്പോള്‍ത്തന്നെ ഒരു കൊച്ചു വഞ്ചിയിലാക്കി ശാശ്വത സ്വഭാവമുള്ള ആ മഹാനദിയില്‍ ഒഴുക്കണം. കഥ അവസാനിക്കുന്നു. അതു കഥാകാരന്റെ വാക്കുകളില്‍ത്തന്നെയാവട്ടെ. “and I down the river, lost in the river, inside the river…the river…”

ഇക്കഥയില്‍ സാമൂഹികസത്യങ്ങള്‍ ഇല്ലാതില്ല. കുടുംബബന്ധങ്ങള്‍, ആ ബന്ധങ്ങളെ മാനിക്കാതിരിക്കാന്‍ ഇവയൊക്കെ സാമൂഹികസത്യങ്ങള്‍ തന്നെ. തത്ത്വചിന്തയില്‍ ആഭിമുഖ്യമുള്ളവര്‍ക്ക് മഹാനദിയിലൂടെയുള്ള അച്ഛന്റെ സഞ്ചാരം അതീന്ദ്രിയത്തിലേക്കുള്ള സഞ്ചാരമായി വ്യാഖ്യാനിക്കാം. അതിനു സന്ദര്‍ഭം ലഭിച്ചപ്പോള്‍ ലൗകിക സുഖതല്പരനായ മകന്‍ ഭയപ്പെട്ടു പലായനം ചെയ്തുവെന്നു പറയാം. എങ്കിലും കഥാകാരന്റെ ഊന്നല്‍ അതിലൊന്നിലുമല്ല. പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്നു അനുവാചകനെ മോചിപ്പിച്ച് കലയുടെ ശുദ്ധസൗന്ദര്യത്തിലേക്ക് ആനയിക്കുവാനാണ് ഗീമാറാങ്ഷിനു് കൗതുകം. അതിനുവേണ്ടി അദ്ദേഹം ഒരു ‘കണ്‍സ്ട്രക്ട്’ പ്രദാനം ചെയ്യുന്നു. ഭാവനയുടെ ഈ അതിപ്രസരമാണ് മറ്റെല്ലാ ലാറ്റിനമേരിക്കന്‍ ചെറുകഥകളുടേയും മുദ്ര. ഈ സവിശേഷത റഷ്യന്‍ ചെറുകഥകളിലോ ജര്‍മ്മന്‍ ചെറുകഥകളിലോ ദൃശ്യമല്ല. ഇംഗ്ലീഷ് ചെറുകഥകളിലും അതില്ലതന്നെ. ഒരു കഥയെ അവലംബിച്ചുകൊണ്ട് ഞാന്‍ സാമാന്യകരണം നടത്തുകയാനെന്നു് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും. അവരോട് മറ്റു ലാറ്റിനമേരിക്കന്‍ ചെറുകഥകള്‍ വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. മെക്സിക്കോവിലെ വേറൊരു പ്രതിഭാശാലിയായ ഒക്ടോവ്യാപാസ്സിനെക്കുറിച്ച് വായനക്കാര്‍ക്ക് അറിവുകാണും. അദ്ദേഹത്തിന്റെ My life with the wave എന്ന ചെറുകഥയും ഇതുപോലെ ശുദ്ധസൗന്ദര്യത്തിന്റെ മാത്രം പ്രതീകമാണ്. ഒരു ‘നിര്‍മ്മിതവസ്തു’ (കണ്‍സ്ട്രക്ട്) എന്നതില്‍ കവിഞ്ഞ് അതിനൊരു സ്ഥാനവുമില്ല. കഥപറയുന്ന ആള്‍ — ഇനി അദ്ദേഹത്തെ പാസ്സ് എന്നുതന്നെ വിളിക്കാം — കടലില്‍ നിന്നു് കരയിലേക്ക് പോന്നപ്പോള്‍ ഒരു തിര അദ്ദേഹത്തിന്റെ കൂടെവന്നു് കരതലം പിടിച്ചു. പാസ്സിനോടൊരുമിച്ച് അതു് ചാടിച്ചാടി നടക്കുകയായി. അവൾക്കു (തിരയ്ക്ക്) പൊക്കമുണ്ട്, കനക്കുറവുണ്ട് പാസ്സ് എത്ര അപേക്ഷിച്ചിട്ടും അവള്‍ കടലിലേക്കു തിരിച്ചുപോയില്ല. അദ്ദേഹം തീവൻടിയില്‍ കയറിയപ്പോള്‍ അവളും കൂടിയുണ്ട്. ഗത്യന്തരമില്ലാതെ പാസ്സ് അവളെ വാട്ടര്‍ടാങ്കില്‍ ഒഴിച്ചു. ആരോ ഒരു കപ്പ് വെള്ലം എടുത്ത് കുടിച്ചിട്ട് “ഹായ് ഇതില്‍ ഉപ്പു ചുവയ്ക്കുന്നു” എന്നു പറഞ്ഞു. കുടിവെള്ളത്തില്‍ ഉപ്പിട്ടുവെന്നു പറഞ്ഞു പാസ്സിനെ അധികാരികള്‍ അറസ്റ്റുചെയ്തു. ചെറിയ ശിക്ഷയാണ് അദ്ദേഹത്തിനു കിട്ടിയതു്. തിരിച്ചു മെക്സിക്കോയില്‍ അദ്ദേഹമെത്തിയപ്പോള്‍ അവള്‍ വീട്ടിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നു. ഉപ്പുവെളളമാണെന്നുകണ്ടു തീവണ്ടിജോലിക്കാര്‍ അവളെ എഞ്ചിനില്‍ ഒഴിച്ചു. ആവിയായി ഉയര്‍ന്നു അവള്‍ മഴയായി പെയ്തു. പഴയരൂപം കിട്ടി. ചില തുള്ളികള്‍ നഷ്ടപ്പെട്ടുവെന്നേയുള്ളു. അവളുടെ സാന്നിദ്ധ്യം പാസ്സിന്റെ ജീവിതത്തിനു പരിവര്‍ത്തനം വരുത്തി. പൊടിമൂടിയ മുറികളും മുറികളുടെ കോണുകളും തിളങ്ങി. സൂര്യന്‍ മറ്റു വീടുകളില്‍ കയറാതെ പാസ്സിന്റെ വീട്ടില്‍ മാത്രം കയറി. അവള്‍ ചക്രവാളത്തെപ്പോലെ അനന്തമായി അദ്ദേഹത്തിന്റെ മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടന്നു. പാസ്സും ചക്രവാളവും നിശ്ശബ്ദതയുമായി മാറി. ആലിംഗനങ്ങള്‍, ചുംബനങ്ങള്‍, മന്ത്രിക്കലുകള്‍ ഒടുവില്‍ പാസ്സിനു് വൈരസ്യമായി. അങ്ങനെയിരിക്കെ ശീതകാലം എത്തി. അവള്‍ കരഞ്ഞു. അവളോടു ഒരുമിച്ച് കിടക്കാന്‍വയ്യ പാസ്സിനു്. അത്രയ്ക്കുണ്ട് അവളുടെ തണുപ്പ്. പാസ്സ് പര്‍വതങ്ങളിലേക്ക് ഓടിപ്പോയി. ഒരുമാസം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ അവള്‍ ഒരു മഞ്ഞുകട്ടയുടെ പ്രതിമ. അദ്ദേഹം അവളെ ഒരു ചാക്കിനകത്താക്കികെട്ടി ഒരു ഭക്ഷണശാലയിലെ വെയിറ്റര്‍ക്കു വിറ്റു. അയാള്‍ അവളെ കൊച്ചു കഷണങ്ങളാക്കി ബക്കറ്റുകളില്‍ ഇട്ടു. അവയുടെ നടുക്ക് മദ്യക്കുപ്പികള്‍വെച്ചു തണുപ്പിച്ചു.

നമ്മുടെ സങ്കല്പത്തിനു മാത്രമല്ല, പാസ്സിന്റെ സങ്കല്പത്തിനുപോലും അന്യമായിത്തീര്‍ന്ന ഒരു വിഷയമാണ് ഇവിടെ പ്രതിപാദ്യം. തിരയാണെങ്കിലും അതു പ്രേമഭാജനമായിത്തീരുക. ഒരു വികാരത്തിനും ശാശ്വതസ്വഭാവമില്ലാത്തതുകൊണ്ട് ആ പ്രേമം വൈരസ്യത്തിലേക്കു് ചെല്ലുക–വൈരസ്യം ഹനനത്തിലേക്ക് നയിക്കുക. ഇങ്ങനെ സാമൂഹികാംശങ്ങള്‍ ഇക്കഥയിലുണ്ടെങ്കിലും ആ അംശങ്ങള്‍ക്കാണ് പ്രാമുഖ്യമെന്നു പറയാന്‍ വയ്യ. ഭാഗികമായി മനുഷ്യനെ ത്യജിച്ചിട്ട് ചൈതന്യരഹിതമായ തിരയിലൂടെ ഒരന്വേഷണം നടത്തുകയാണ് പാസ്സ്. ആ അന്വേഷണത്തെയും അപ്രധാനമാക്കിക്കൊണ്ട് കഥ ഒരു നിര്‍മ്മിതവസ്തുവായി വിലസിക്കൊണ്ടിരിക്കുന്നു.

റഷ്ദിയോടു സംസാരിക്കുന്ന കടുവ

ഇവിടെപ്പറഞ്ഞ രണ്ടു കഥകള്‍ക്കും ഫാന്റസിയുടെ –മനോരഥ സൃഷ്ടിയുടെ –സ്വഭാവമുണ്ട്. മറ്റു രാജ്യങ്ങളില്‍ അധികമില്ലാത്ത ഈ ‘ഫാന്റസി പ്രേമം’ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍ക്ക് ഉണ്ടായതു് എന്തുകൊണ്ട്? കാരണം ഒന്നേയുള്ളു. വ്യവസ്ഥാപിതമായ ഭരണം ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തുമില്ല. മാറി മാറി വരുന്ന ‘കൂദേതാ’ (Coup d’ etat — അട്ടിമറി വിപ്ലവം) മിലിറ്ററി ഡിക്ടേറ്റര്‍ഷിപ്പ് ഇവയെല്ലാം ബഹുജനത്തിന്റെ സ്വസ്ഥത നശിപ്പിച്ചു. സെന്‍സിറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ആ അസ്വസ്ഥത വളരെക്കൂടും. ജീവിത യാഥാര്‍ഥ്യത്തെ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കാന്‍ സമഗ്രാധിപത്യം വിഘാതം സൃഷ്ടിക്കുമെന്നു വന്നാല്‍ ഫാന്റസിയില്‍ ആശ്രയം തേടുക എന്നതല്ലാതെ മറ്റെന്തു മാര്‍ഗ്ഗമാണുള്ളതു്? അല്ലെങ്കില്‍ത്തന്നെ ഫാന്റസിക്കും യാഥാതഥ്യത്തിനും തമ്മില്‍ അത്രയ്ക്ക് വിഭിന്നതയുണ്ടോ? വിശ്വവിഖ്യാതനായ ആര്‍ജന്‍ടീന്‍ സാഹിത്യകാരന്‍ ഹൊര്‍ഹേ ലൂയിസ് ബൊര്‍ഹേസ് (Jorge Luis Borges) The Other Tiger എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. ഗാംഗയുടെ തീരത്തു് കാല്പാടുകള്‍ ഉണ്ടാക്കി നടക്കുന്ന കടുവയുടെ രൂപം കവിയുടെ മനസ്സില്‍ വരുന്നു. പ്രഭാതത്തിന്റെ മണവും മേയുന്ന മാനിന്റെ മണവും പിടിച്ചെടുത്തുകൊണ്ട് വരകളാര്‍ന്ന ശരീരത്തോടെ നടക്കുന്ന കടുവയെ തെക്കേയമേരിക്കയിലിരുന്നു് കവി സ്വപ്നം കാണുകയാണ്. കവിയുടെ കാവ്യത്തിലൂടെ സംബോധന ചെയ്യപ്പെടുന്ന കടുവ നിഴലുപോലുള്ള മൃഗം മാത്രം. അതിനു ജീവനില്ല. സൂര്യനുതാഴെ, നക്ഷത്രങ്ങള്‍ക്കുതാഴെ, മാറിവരുന്ന ചന്ദ്രനുതാഴെ, ബംഗാളില്‍ നടക്കുന്ന കടുവയല്ല അതു് കാവ്യത്തിലെ മൃഗം വെറും സങ്കല്പം. ഇനി വാക്കുകള്‍കൊണ്ടു രൂപം നല്‍കപ്പെടുന്ന മൂന്നാമത്തെ കടുവ — അതിനു മാംസമില്ല. അസ്ഥികളില്ല. യാഥാതഥ്യത്തെ വാക്കുകൾകൊണ്ട് ആവിഷ്കരിക്കാനാവില്ല എന്നു പറയുകയാണ് ബൊര്‍ഹേസ്. അതിനു കഴിവില്ലെങ്കില്‍ കടുവ വിമാനത്തില്‍ കയറി ഇംഗ്ലണ്ടിലേക്കു പോയെന്നും ഒളിവില്‍ കഴിയുന്ന സല്‍മാന്‍ റഷ്ദിയെക്കണ്ട് Satanic Verses-നെക്കുറിച്ച് സംസാരിച്ചുവെന്നും എഴുതിയാലെന്ത്? ഒരു തെറ്റുമില്ല. മനോരഥസൃഷ്ടിക്കും (ഫാന്റസിക്കും) യാഥാതഥ്യത്തിനും തമ്മില്‍ അതിരു കല്പിക്കാന്‍ പ്രയാസം. ഇങ്ങനെ വിശ്വസിക്കുന്നവരാണ് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍. അട്ടിമറിയിലൂടെ ജനാധിപത്യവ്യവസ്ഥിതിയെ തകര്‍ത്തിട്ട് അധികാരത്തില്‍ വരുന്ന ഡിക്ടേറ്റര്‍മാര്‍ സൃഷ്ടിക്കുന്ന സമുദായം യഥാര്‍ത്ഥമല്ലല്ലോ. അതുകൊണ്ട് ആ സമുദായത്തിന്റെ ചിത്രീകരണം ഫാന്റസിയായിക്കൂടെ എന്നു് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍ ചോദിച്ചാല്‍ ആ ചോദ്യത്തില്‍ തെറ്റുണ്ടെന്നു് പറഞ്ഞുകൂടാ.

സത്യമേതു്, അസത്യമേതു്?

ഫാന്റസിയില്‍ തല്പരത്വമുള്ളവര്‍ ലോകത്തിന്റെ ഉണ്‍മയില്‍ അവിശ്വാസം പ്രകടിപ്പിച്ചാല്‍ അതിലെന്തേ അത്ഭുതം? വീട്ടിനകത്തെ കൊച്ചുമുറിയില്‍ കുട്ടികളിരുന്നു് കഞ്ഞിയും കറിയും വെച്ചു കളിക്കുന്നു. ഗൃഹനായിക അടുക്കളയില്‍ കഞ്ഞിവെക്കുന്നു. കറികളുണ്ടാക്കുന്നു. കുട്ടികളുടെ പ്രവൃത്തി വീട്ടമ്മയുടെ ദൃഷ്ടിയില്‍ വെറും വിനോദം, പക്ഷേ ഗൃഹനായികയുടെ പാചകം നമുക്കു കണാന്‍ പാടില്ലാത്ത ഒരാളിന്റെ ദൃഷ്ടിയില്‍ വിനോദമായിക്കൂടേ? ഒരു കാവ്യം വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. രണ്ടു പേര്‍ ചതുരംഗം കളിക്കുന്നു. ആ കളിക്കാര്‍ അദൃശ്യനായ വേറൊരാളിന്റെ നോട്ടത്തില്‍ ചതുരംഗക്കരുക്കളായിക്കൂടേ? ഈ ചിന്താഗതി പല ലാറ്റിനമേരിക്കന്‍ കഥാകാരന്മാര്‍ക്കുമുണ്ട്. പെറൂവ്യന്‍ കവിയായ സേസാര്‍ വായേഹോ (Cesar Vallejo, 1895–1938) എഴുതിയ On the other side of life and death എന്ന ചെറുകഥ ഈ സങ്കല്‍പ്പത്തിനു് നിദര്‍ശകമാണ്.

പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ ജന്മസ്ഥലമായ സാന്ത്യാഗോപ്പട്ടണത്തിലേക്ക് കുതിരപ്പുറത്തു വരികയായിരുന്നു. അയാളുടെ അമ്മ മരിച്ചിട്ട് രണ്ടുകൊല്ലം കഴിഞ്ഞു. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ അമ്മയുമൊത്ത് ആവഴിവന്നതും അമ്മ ലാളിച്ചതുമൊക്കെ ഓര്‍മ്മിച്ച് അയാള്‍ ദുഃഖിച്ചു. ഇപ്പോള്‍ അവര്‍ തികച്ചും സാധാരണമായ ഒരു ശവക്കുഴിയില്‍ അന്ത്യവിശ്രമംകൊള്ളുകയാണ്. ലീമ നഗരത്തില്‍വെച്ചാണ് അയാള്‍ അമ്മയുടെ മരണത്തെക്കുറിച്ച് അറിയുന്നതു്. ദൂരെയുള്ള ഒരു എസ്റ്റേറ്റിലേക്ക് അയാളുടെ അച്ഛനും സഹോദരന്മാരും ദുഃഖശമനത്തിനുവേണ്ടി പോയി എന്നും അവിടെവെച്ചുതന്നെയാണ് അയാള്‍ അറിഞ്ഞതു്. സാന്ത്യാഗോവില്‍ ചെന്നിട്ട് അയാള്‍ക്കും അവിടെ പോകണം. അയാള്‍ സന്ത്യാഗോവിലെത്തി. അമ്മയുടെ ശവക്കുഴി കണ്ടു. വീട്ടിലെത്തി. ചേട്ടനെ കണ്ടു. അമ്മയോട് ബന്ധപ്പെട്ടതെല്ലാം കണ്ടു. വല്ലാത്ത വിഷാദത്തില്‍ പതിക്കുകയും ചെയ്തു. അടുത്ത ദിവസം അയാള്‍ എസ്റ്റേറ്റിലേക്ക് യാത്രയായി. അവിടെച്ചെന്നു് വീട്ടുവാതിലില്‍ തട്ടിയപ്പോള്‍ അയാളുടെ അമ്മയാണ് വാതില്‍ തുറന്നതു്. അവര്‍ അദ്ഭുതത്തോടെ ചോദിച്ചു: “എന്റെ മോനേ, നീ ജീവിച്ചിരിക്കുന്നോ. നീ തിരിച്ചു ജീവനാര്‍ന്നു വന്നോ. ഈശ്വരാ, ഞാന്‍ എന്താണ് കാണുന്നത്?” അതേ അമ്മ അവിടെയുണ്ട്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച അമ്മ. ജീവനോടെ നില്‍ക്കുന്നു. ഇതു സാധ്യമോ? “ഞാന്‍ മരിച്ചെന്നു് അവര്‍ വിചാരിച്ചോ?” അയാള്‍: “ഒരിക്കലുമില്ല! ഒരിക്കലുമില്ല. എന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചുപോയി. ഇതു് സാധ്യമല്ല.” അപ്പോള്‍ അമ്മ ചോദിച്ചു: “ശവപ്പെട്ടിയില്‍ ഞാന്‍ കണ്ട എന്റെ മകനാണോ ഇതു്” അയാള്‍ അമ്മയുടെ വെള്ളിത്തലമുടിയില്‍ തൊട്ടു. എന്നിട്ടു് പറഞ്ഞു: “അതേ, ഞാന്‍ അമ്മയെ കാണുന്നു. തൊടുന്നു. എങ്കിലും ഞാന്‍ വിശ്വസിക്കുന്നില്ല” അയാള്‍ ഉറക്കെച്ചിരിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

മരണവും ജീവിതവും വായേഹോയുടെ നോട്ടത്തില്‍ ‘ഫിക്‌ഷ’നായി മാറുന്നു. മരിച്ചെന്നു് കരുതപ്പെട്ടിരുന്ന അമ്മ ജീവനോടെ നില്‍ക്കുന്നു. ജീവിച്ചിരിക്കുന്നു എന്നു് ഏവരും കരുതുന്ന മകന്‍ എന്നേ മരിച്ചു എന്നു് അമ്മയ്ക്കു വിചാരം. ശവക്കുഴിയില്‍നിന്നു അവന്‍ ജീവനാര്‍ന്നു വന്നിരിക്കുന്നുവെന്നു് അവര്‍ സംശയലേശം കൂടാതെ കരുതുന്നു. കഥയ്ക്ക് അവിശ്വാസ്യതയുടെ മുദ്ര. ആ അവിശ്വാസ്യത ലോകത്തിനുമുണ്ട്. വായേഹോയുടെ ഈ അഭിപ്രായം തന്നെയാണ് ബൊര്‍ഹേസിനും. മരണത്തേയും ജീവിതത്തേയും സംബന്ധിച്ച ഈ മിഥ്യ ഏതളവുവരെ ചെല്ലുമെന്നതിനു് തെളിവു നല്‍കുന്നു ബൊര്‍ഹേസിന്റെ ‘ദി അദര്‍ ഡെത്ത്’ എന്ന ചെറുകഥ. പെദ്രോ ദാമിയന്‍ ചെറുപ്പകാലത്ത് ഒരു യുദ്ധത്തില്‍ പങ്കുകൊണ്ടു. ഭീരുത്വം കാണിച്ചതുകൊണ്ട് അയാള്‍ മരിച്ചില്ല. വാര്‍ദ്ധക്യത്തില്‍ മരണം സംഭവിക്കുന്നതുവരെ അയാളെ ഒഴിയാബാധയായി പിന്തുടര്‍ന്ന വിചാരം താന്‍ അന്നു് യുദ്ധത്തില്‍ മരിച്ചു വീരനായി മാറിയില്ലല്ലോ എന്നായിരുന്നു. അയാള്‍ ഈശ്വരനോട് അപേക്ഷിച്ചു. തന്റെ ജീവിതകാലമില്ലാതാക്കി യുദ്ധഭൂമിയില്‍ മരിക്കാന്‍ ഇടയാക്കണമെയെന്നു്. പക്ഷേ കഴിഞ്ഞകാലം ഇല്ലാതാക്കാന്‍ ഈശ്വരനു് കഴിയുമോ? അദ്ദേഹം അറിയിച്ചു. ബഹുജനത്തിന്റെ മനസ്സില്‍ നിന്നു് പെദ്രോ എന്ന മനുഷ്യനെ ഇല്ലാതാക്കണമെന്നു്. അപ്പോള്‍ കാരണവും കാര്യവും ഇല്ലാതാകും. ബൊര്‍ഹേസ് പറയുന്നു: In his final agony he lived his battle over again, conducted himself as a man and in heading the last charge he was struck by a bullet in the middle of the chest[3] യുദ്ധം 1904–ലാണ് ഉണ്ടായതു്. പക്ഷേ “മന്ദമായി കത്തിയെരിയുന്ന” വികാരത്തില്‍പ്പെട്ട് 1946-ല്‍ പെദ്രോ മരിച്ചു. വാസ്തവത്തില്‍, വൃദ്ധനായി ശ്വാസകോശത്തിനു് തകരാറു സംഭവിച്ചാണ് പെദ്രോ മരിച്ചതു്. പക്ഷേ ഏതാണ് ശരിയായ മരണം? കാര്യത്തില്‍നിന്നു കാരണത്തിലേക്കു പോയി 1946-ല്‍ അയാള്‍ മരിച്ചതോ? അതോ രോഗാര്‍ത്തനായി മരിച്ചതോ? എല്ലാം പ്രഹേളിക.

രാവണന്‍കോട്ട

ചില നഗരങ്ങളിലെ എക്സിബിഷനോടു ചേര്‍ന്നു മേയ്സ്–maze–കുരുക്കുവഴി ഉണ്ടാക്കുന്നതു് പലരും കണ്ടിരിക്കും. ഇതിനെ രാവണന്‍ കോട്ടയെന്നും വിളിക്കാറുണ്ട്. പ്രദര്‍ശനം കാണാന്‍ വരുന്നവര്‍ ഇതില്‍ കയറി ഒന്നു കറങ്ങിയാല്‍ തിരിച്ചു പുറത്തേക്കു പോരാന്‍ വളരെ വിഷമിക്കും. രാവണന്‍ കോട്ട നിര്‍മ്മിച്ചവനു് വഴിയറിയാം. കയറുന്നവര്‍ക്ക് അതു് അറിഞ്ഞുകൂടാ. ഈ ലോകം ഒരു കുരുക്കുവഴിയാണ്–രാവണന്‍ കോട്ടയാണ്–എന്നു് പല ലാറ്റിനമേരിക്കന്‍ കഥാകാരന്മാര്‍ക്കും അഭിപ്രായമുണ്ട്. അതു് സൃഷ്ടിച്ച ഈശ്വരനു വഴിയേതെന്ന് അറിയാം. അതില്‍ പ്രവേശിച്ച നമുക്ക് അറിയാനും പാടില്ല. അങ്ങനെ രാവണന്‍ കോട്ടയ്ക്കകത്തുകയറി കറങ്ങിക്കൊണ്ടിരിക്കുന്നവരാണ് നമ്മളെന്നു പറയുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരില്‍ പ്രധാനന്‍ ബൊര്‍ഹേസാണ്. വൃത്താകൃതിയിലുള്ള രാവണന്‍കോട്ടയില്‍ കയറി കറങ്ങുന്നവര്‍ക്ക് ഭ്രമണത്തിന്റെ നിയതത്വവും നിയതത്വവും ക്രമവിന്യാസവും അനുഭവപ്പെടുമെങ്കിലും പുറത്തേക്കു പോരാനുള്ള വഴിയറിയായ്കകൊണ്ട് അമ്പരപ്പ് ഉണ്ടാകും. ലോകമാകുന്ന ‘മേയ്സി’ല്‍ കയറിയ നമ്മള്‍ സ്വത്വം നശിച്ച് യുക്തി നശിച്ച് ‘അബ്സേഡായ’ ജീവിതം നയിക്കുന്നുവെന്നു സ്ഥാപിക്കാനാണ് ബൊര്‍ഹേസ് കഥകളെഴുതിയതു്. അദ്ദേഹത്തിന്റെ Death and the Compass, The Circular Ruins, The garden of forking Paths ഈ കഥകളെല്ലാം പ്രത്യക്ഷമായ നിയതത്വത്തിന്റെയും പരോക്ഷമായ അമ്പരപ്പിന്റെയും പ്രതീതിയുളവാക്കുന്നു. മെക്സിക്കന്‍ സാഹിത്യകാരനായ കാര്‍ലോസ് ഫ്വേന്റസ് (Carlos Fuentes) ആര്‍ജന്‍റ്റൈന്‍ സാഹിത്യകാരനായ ഹൂല്യോ കോര്‍ട്ടാസാര്‍ (Julio Cortazar) ക്യൂബന്‍ നോവലിസ്റ്റായ ആലേഹോ കാര്‍പെന്റ്യാര്‍ (Alejo Carpentier) ബ്രസീലിയന്‍ എഴുത്തുകാരിയായ ഡൈനസില്‍ വീറ ഡൈ കേറോഷ് (Dinah Silveira De Queiroz) ഇവരെല്ലാം അസ്ഥിത്വത്തിന്റെ വ്യര്‍ത്ഥതയെ തങ്ങളുടെ കൃതികളിലൂടെ ആവിഷ്ക്കരിച്ചിട്ടുള്ളവരാണ്. അവര്‍ക്കും ജീവിതം രാവണന്‍ കോട്ടതന്നെ. സ്ഥലപരിമിതിയെ ഓര്‍ത്തു് കഥാസംഗ്രഹം നല്കുന്നില്ലെന്നേയുള്ളു.

ദ്വന്ദ്വസങ്കല്പം

നോബല്‍ സമ്മാനം നേടിയ കൊളംബിയന്‍ നോവലിസ്റ്റ് കാര്‍കേസിനു പ്രിയപ്പെട്ട ഒരാശയംകൂടി ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. എല്ലാ വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും ദ്വന്ദ്വഭാവമുണ്ട് എന്നതാണതു്. ഒരു വ്യക്തിയില്‍ത്തന്നെ ഇതു ദര്‍ശിക്കാം. മാര്‍കേസ് ഇതിനു് ആകര്‍ഷകമായ സ്ഫുടീകരണം നല്കുന്നു. ‘കുലപതിയുടെ വീഴ്ച’ എന്ന നോവലില്‍. അതിനെക്കാള്‍ മനോഹരവും വ്യക്തവുമായ ചിത്രീകരണം അദ്ദേഹത്തിന്റെ The Other Side of Death എന്ന ചെറുകഥയിലുണ്ട്. ഒരാളിന്റെ സഹോദരന്‍ മരിച്ചു. ക്ഷുരകന്‍ വന്നു് ശവത്തിന്റെ മുഖം ക്ഷൗരം ചെയ്യുകയാണ്. കത്തി നീങ്ങുന്നതിന്റെ അടിയിലൂടെ സഹോദരന്റെ വിവര്‍ണ്ണമായ മുഖം പ്രത്യക്ഷപ്പെട്ടപ്പോള്‍ അയാള്‍ക്കുതോന്നി തന്റെ ആവര്‍ത്തനമാണ് ആ ശവമെന്നു്. ആ സമയത്തു് അയാള്‍ കണ്ണാടിയില്‍ച്ചെന്നു് തന്റെ മുഖം നോക്കിയിരുന്നെങ്കില്‍ അതു് കാണില്ലായിരുന്നു. ഫിസിക്സിനു് അതിനു് സമാധാനം നല്കാന്‍ കഴിഞ്ഞില്ലെന്നു വരും. അപ്പോള്‍ അയാളുടെ ദ്വന്ദം ഒരു ശവമാണ്. (His double was a corpse) രണ്ടു സഹോദരന്മാര്‍–അവര്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അടക്കംചെയ്യപ്പെട്ട സഹോദരന്‍ അഴുകാതെ കിടക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന സഹോദരന്റെ ശരീരം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കില്ലേ? കൊളമ്പിയന്‍ ആഭ്യന്തരസമരങ്ങള്‍ ഫന്റസികളെക്കാള്‍ അവിശ്വസനീയങ്ങളായിബ്ഭവിക്കുമ്പോള്‍ തന്നെപ്പോലെ മറ്റുള്ളവരെയും കണ്ട് സമീകരണത്തിലെത്താനുള്ള പ്രവണതയല്ലേ ഈ ദ്വന്ദ്വസങ്കല്പത്തില്‍ നമ്മള്‍ ദര്‍ശിക്കുന്നതു്?

=ചരിത്രം അര്‍ത്ഥശൂന്യം

ലാറ്റിനമേരിക്കന്‍ ചെറുകഥകളെക്കുറിച്ചുള്ള ഈ ലേഖനത്തില്‍ ഒരു മഹനീയമായ നോവലിനെക്കുറിച്ചു പറയേണ്ടതായിട്ടുണ്ട്; ആലേഹോ കാര്‍പെന്റ്യാറുടെ Explosion in a Cathedral എന്ന നോവല്‍. കഥ സംഭവിക്കുന്നത് ഫ്രാന്‍സിലല്ലെങ്കിലും ഫ്രഞ്ച് വിപ്ലവമാണ് അതിലെ വിഷയം. രാജവാഴ്ചയുടെ അന്ത്യമായി. ജക്കബിന്‍സ് എന്നറിയപ്പെട്ടിരുന്ന ചിലര്‍ ഒരുമിച്ചുകൂടി ഭീകരവാഴ്ചയ്ക്കു (Reign of Terror) വേണ്ട ആനുകൂല്യങ്ങളൊക്കെ ചെയ്തു. അവര്‍ക്കു് പ്രാധാന്യമുണ്ടായിരുന്ന കാലത്തെ ജക്കബിനിയസമെന്നു വിളിക്കുന്നു. രാജവാഴ്ച തകര്‍ന്നതുപോലെ ജക്കബിനിയസം തകര്‍ന്നു. അപ്പോള്‍ നെപ്പോളിയന്‍ അധീശനായി. അദ്ദേഹത്തിന്റേയും അനുചരന്മാരുടെയും കാലം ബൊനപാര്‍ട്ടിസം എന്നറിയപ്പെടുന്നു. അതും തകര്‍ന്നപ്പോള്‍ ഫ്രാന്‍സില്‍ രാജവാഴ്ചയായി. ചരിത്രത്തിന്റെ ഈ ചാക്രികസ്വഭാവം കാര്‍പെന്റ്യാറെ വല്ലാതെ ആകര്‍ഷിക്കുന്നു. അദ്ദേഹത്തിന്റെ നോവലിലെ പ്രധാന കഥാപാത്രമായ എസ്റ്റബന്‍ സസ്യങ്ങളുടെ ജീവിതം അവലോകനം ചെയ്യുന്നു. ആദ്യം വിത്ത് ഫലമായി പ്രത്യക്ഷപ്പെടുന്നു. ആ ഫലത്തില്‍ പല മാറ്റങ്ങള്‍ ക്രമാനുഗതമായി ഉണ്ടാകുന്നു. ഒരു ദിവസം അതു് മരത്തില്‍നിന്നോ ലതയില്‍നിന്നോ താഴെ വീഴുന്നു. അങ്ങനെ വീണ ഫലം അതിന്റെ പുറംതൊലി നഷ്ടപ്പെടുത്തി വിത്തിന്റെ ‘അസ്ഥിപഞ്ജരം’ മാത്രമാകുന്നു. കുറെക്കഴിയുമ്പോള്‍ ആ വിത്തില്‍നിന്നു് ഒരു മുളപൊട്ടുന്നു. ജീവിതചക്രം അനന്തമായി ആവര്‍ത്തിക്കപ്പെടുന്നു. ഇതുതന്നെയല്ലേ ഫ്രാന്‍സിലും കണ്ടതു്? ലോകമെമ്പാടും നമ്മള്‍ കണ്ടുകൊൻടിരിക്കുന്നതു്? ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇതു് അനുദിനം സംഭവിക്കുന്നു. അതു് നേരിട്ട് ദര്‍ശിച്ച കാര്‍പെന്റ്യാര്‍ തന്റെ കഥാപാത്രത്തിലൂടെ ചരിത്രത്തിന്റെ വ്യര്‍ത്ഥതയും അര്‍ത്ഥരാഹിത്യവും പ്രകടിപ്പിക്കുന്നു. എങ്ങനെ? എസ്റ്റബന്‍ ഒരു വനത്തില്‍ച്ചെന്നു് മരത്തില്‍കയറുന്നു. മരം പ്രകൃതിയുടെ പ്രതീകം. അരവിന്ദഘോഷ് ചില ഉക്തികളെ Supreme poetic utterance എന്നു വിളിക്കാറുണ്ടല്ലോ. അതുപോലെ പരമോത്കൃഷ്ടമായ കാവ്യഭാഷണമാണ് ഈ സന്ദര്‍ഭം വര്‍ണ്ണിക്കുമ്പോള്‍ കാര്‍പെന്റ്യാര്‍ക്കുള്ളതു്. ആ ഭാഗം എടുത്തെഴുതട്ടെ: Climbing a tree is in an intimate experience which can never be conveyed. A man who embraces the tall breasts of a tree-trunk is realizing a sort of nuptial act, deflowering a secret world never before seen by man. His glance suddenly takes in all the beauties and imperfections of the Tree. He discovers the two tender branches, which part like a woman’s thighs and conceal at their juncture a handful of green moss;…” (രണ്ടാമദ്ധ്യായത്തിലെ 22-ആമത്തെ ഭാഗം). ചരിത്രം അര്‍ത്ഥരഹിതമാണെന്നു് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിടെ സംഭവങ്ങള്‍ തെളിയിക്കുന്നു. പ്രകൃതിയിലേക്കു് മടങ്ങൂ എന്നാണ് കാര്‍പെന്റ്യാറുടെ ആഹ്വാനം.വാര്‍ഗാസ് യോസയുടെ നോവലുകളിലും (Vargas Llosa) ബൊര്‍ഹേസിന്റെ ചെറുകഥകളിലും ഇതേ ആഹ്വാനം നമുക്കുകേള്‍ക്കാം.

ഓരോ രാജ്യത്തിനും അതിന്റേതായ ഭാവനയുണ്ട്. ഇലക്കൈകൾകൊണ്ടു നാമം ജപിക്കുന്ന അരയാലിനെ ഗുരുവായൂരമ്പലനടയില്‍ കാണാന്‍ കേരളത്തിലെ കവിക്കേ കഴിയൂ. കരിക്കിന്റെ മുകള്‍ഭാഗം ചെത്തുമ്പോള്‍ അതിന്റെ ഉള്ളിലെ മധുരപാനീയം ഉയര്‍ന്നുചാടുന്നതുപോലെ പ്രഭാതസൂര്യന്റെ രശ്മികള്‍ വേഗത്തില്‍ പ്രസരിക്കുന്നുവെന്നു് ഇവിടത്തെ കവിക്കേ പറയാനാവൂ. സന്ധ്യാദേവി ചന്ദ്രനാകുന്ന ദര്‍പ്പണത്തില്‍നോക്കി ഒരുങ്ങുകയായിരുന്നു. അവള്‍ കണ്ണില്‍ മഷിതേച്ചിട്ട് ശേഷമുള്ളതു് ആ കണ്ണാടിയില്‍ തുടച്ചതാണ് കളങ്കമായി കാണപ്പെടുന്നത് എന്നതു് ശുദ്ധമായ ഭാരതീയഭാവനയാണു്. വ്യക്തിനിഷ്ഠമായ അനുഭവത്തെ ബഹുജനത്തിലേക്ക് പകരുമ്പോള്‍ വ്യക്തിയായ കവിക്ക് സ്ഥലം, കാലം,സ്വന്തം സംസ്കാരം ഇവയില്‍നിന്നു് മാറിനില്‍ക്കാനാവില്ല. ലാറ്റിനമേരിക്കന്‍ കഥാകാരന്മാര്‍ക്ക് അവരുടേതായ ഭാവനയുണ്ട്. അതിനു തുല്യം അതുമാത്രം. അതിന്റെ ചില സവിശേഷതകളെക്കുറിച്ചാണ് ഞാനിത്രയും നേരം ഉപന്യസിച്ചതു്. അവയില്‍ ആമജ്ജനംചെയ്ത് അനുഭൂതികള്‍ക്ക് വിധേയരാകുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ ചക്രവാളം വികസിക്കും. അപ്പോള്‍ നമ്മള്‍ കൂടുതല്‍ ധന്യരാകും.


  1. True poems are fires. Poetry propagates itself everywhere, illuminating its consummations with shudders of pleasure and agony. It must be written in a language other than the mother-tongue. The four cardinal points are three: north and south, A poem is a thing which will be (The Penguin Book of Latin American Verse, Page 113).
  2. Why do you sing the rose O, poets make it flower in the poem only for you live all things under the Sun. The poet is a small God.
  3. കഥ Eye of the Heart, Short stories from Latin America എന്ന പുസ്തകത്തില്‍, പുറം 179.