close
Sayahna Sayahna
Search

യുദ്ധത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോൾ


യുദ്ധത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോൾ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

വിദ്വാനായ സോളമനെക്കുറിച്ചു് നിങ്ങള്‍ കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ചരിത്രമറിയാം നിങ്ങള്‍ക്കു്. ഈ ഭൂമിയെ നിസ്സാരമാക്കിക്കല്പിച്ചുകൊണ്ടു് തന്റെ ജനനസമയത്തെ ശപിച്ചുകൊണ്ടു് അദ്ദേഹം പ്രഖ്യാപിച്ചു, എല്ലാം മിഥ്യാഭിമാനമാണെന്നു്. സോളമന്‍ എത്ര വലിയ പണ്ഡിതന്‍! പക്ഷേ ദിവസം അവസാനിക്കുന്നതിനുമുന്‍പു്. രാത്രിവന്നെത്തുന്നതിനുമുന്‍പു്, വസ്തുത എല്ലാവര്‍ക്കും വ്യക്തമായി, സോളമന്റെ അറിവു തന്നെയാണു് അദ്ദേഹത്തിനു് അധഃപതനം വരുത്തിയതെന്നു്. നിങ്ങള്‍ക്കു് പാണ്ഡിത്യമില്ലെങ്കില്‍ അത്രയും നന്നു്.

ധീരനായ ജൂലിയസ് സീസറിനു് എന്തു സംഭവിച്ചുവെന്നു നിങ്ങള്‍ക്കറിയാം. വേദിയില്‍ ഈശ്വരനെപ്പോലെയിരുന്നു അദ്ദേഹം. എന്നിട്ടോ? അദ്ദേഹത്തിന്റെ കീര്‍ത്തി കൂടിക്കൂടി വന്നപ്പോള്‍ അവര്‍ ഓരോ അവയവവും മുറിച്ചെടുത്തു. ‘ബ്രുട്ടസ്സേ! നീയും! എന്റെ കഥ കഴിഞ്ഞു.’ ദിവസം അവസാനിക്കുന്നതിനു മുമ്പു്, രാത്രി വന്നെത്തുന്നതിനു മുമ്പു്, വസ്തുത എല്ലാവര്‍ക്കും വ്യക്തമായി, സീസറിന്റെ ധൈര്യം തന്നെയാണു് അദ്ദേഹത്തിനു് അധഃപതനം വരുത്തിയതെന്നു്. നിങ്ങള്‍ക്കു് ധൈര്യമില്ലെങ്കില്‍ അത്രയും നന്നു്.

സത്യസന്ധനായ സോക്രട്ടീസിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം എപ്പോഴും സത്യം പറഞ്ഞിരുന്നു. അതു കൊണ്ടു് അവര്‍ അദ്ദേഹത്തോടു് കൃതജ്ഞതയുള്ളവരായിരുന്നു വെന്നു് നിങ്ങള്‍ വിചാരിക്കുന്നുണ്ടു്. പക്ഷേ അവര്‍ അദ്ദേഹത്തിന്റെ പാനീയത്തില്‍ വിഷം കലക്കി. യുവാക്കന്മാര്‍ക്കു് അദ്ദേഹം കൊള്ളരുതാത്തവനാണെന്നു് പ്രഖ്യാപിച്ചു. ജനങ്ങളുടെ പുത്രന്‍ എത്ര സത്യസന്ധന്‍! എന്നാല്‍ ദിവസം അവസാനിക്കുന്നതിനു മുമ്പ്, രാത്രിവന്നെത്തുന്നതിനു് മുമ്പു്, വസ്തുത എല്ലാവര്‍ക്കും വ്യക്തമായി, സോക്രട്ടീസിന്റെ സത്യസന്ധത തന്നെയാണു് അദ്ദേഹത്തിനു് അധഃപതനം വരുത്തിയതെന്നു്. നിങ്ങള്‍ക്കു സത്യസന്ധതയില്ലെങ്കില്‍ അത്രയും നന്നു്.

സ്വാര്‍ത്ഥരഹിതനായ മാര്‍ട്ടിനു് സഹജീവികളുടെ ദുഃഖം സഹിക്കാന്‍ വയ്യാതെയായി. ഹിമഭൂമിയില്‍ അദ്ദേഹം ഒരു യാചകനെ കണ്ടപ്പോള്‍ തന്റെ വസ്ത്രത്തിന്റെ പാതി മുറിച്ചു കൊടുത്തു. രണ്ടുപേരും താഴെ വീണു വെറുങ്ങലിച്ചു. സ്വാര്‍ത്ഥരാഹിത്യത്തിന്റെ മാതൃക! പക്ഷേ ദിവസം അവസാനിക്കുന്നതിനു മുമ്പു്, രാത്രി വന്നെത്തുന്നതിനു മുമ്പു്, വസ്തുത എല്ലാവര്‍ക്കും വ്യക്തമായി, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥരാഹിത്യം തന്നെയാണ് അധഃപതനം വരുത്തിയതെന്നു്. നിങ്ങള്‍ക്കു സ്വാര്‍ത്ഥരാഹിത്യമില്ലെങ്കില്‍ അത്രയും നന്നു്.

ഈശ്വരന്റെ പത്തു കല്പനകള്‍ ഞങ്ങള്‍ പാലിക്കുകയും വേണ്ട രീതിയില്‍ അവയനുസരിച്ചു് പ്രവര്‍ത്തിക്കുകയും ചെയ്തു. അതു ഞങ്ങള്‍ക്കു് ഒരു നന്മയും കൈവരുത്തിയില്ല. തീക്കടുത്തിരിക്കുന്ന നിങ്ങള്‍ ദയവുചെയ്തു ഞങ്ങളെ സഹായിച്ചാലും. അത്രക്കു ആവശ്യകതയുണ്ടു് ഞങ്ങള്‍ക്കു്. തികഞ്ഞ ഈശ്വരഭക്തിയും ഞങ്ങള്‍ക്കുണ്ടു്. പക്ഷേ ദിവസം കഴിയുന്നതിനു മുമ്പു്, രാത്രി വന്നെത്തുന്നതിനു മുമ്പ്, വസ്തുത എല്ലാവര്‍ക്കും വ്യക്തമായി, ഈശ്വരഭക്തിയാണു് ഞങ്ങള്‍ക്കു് അധഃപതനം വരുത്തിയതെന്നു്. നിങ്ങള്‍ക്കു് ഈശ്വരഭക്തിയില്ലെങ്കില്‍ അത്രയും നന്നു്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ നന്മയുണ്ടായിരിക്കുന്നതു് വിപജ്ജനകമാണെന്നു് ഒരു കഥാപാത്രത്തെക്കൊണ്ടു് ഉദീരണം ചെയ്യിക്കുകയാണ് ബര്‍ടോള്‍റ്റു് ബ്രക്ഹ്ത്. (Bertolt Brecht 1898-1956) ആധുനിക കാലഘട്ടം കണ്ട ഏറ്റവും വലിയ നാടകകര്‍ത്താവാണു് അദ്ദേഹം. ഇരുപതാം ശതാബ്ദത്തിലെ ഷേക്സ്പിയര്‍ എന്നു് അദ്ദേഹത്തെ വിളിക്കുന്നവരും ഇല്ലാതില്ല. നമുക്കു് ആ രീതിയിലൊരത്യുക്തിയില്‍ മുഴുകാന്‍ കൗതുകമില്ല. എങ്കിലും ഒന്നു സമ്മതിക്കാം. ഈ ശതാബ്ദത്തിലെ വേറൊരു നാടകകർത്താവും ബ്രക്ഹ്തിനെ അതിശയിച്ചിട്ടില്ല. ഫ്രാന്‍റസ് കാഫ്കാ നോവല്‍ സാഹിത്യത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനശകതി അതേ അളവിലോ അതില്‍ കൂടുതലോ നാടക സാഹിത്യത്തില്‍ ചെലുത്തുന്ന ഒരുജ്ജ്വല പ്രതിഭാശാലിയാണു് ഈ മാര്‍ക്സിസ്റ്റ് നാടകകര്‍ത്താവു്. നാടകകാരന്‍ മാത്രമല്ല ബ്രക്‌ഹ്ത്. അദ്ദേഹം നാടകത്തെക്കുറിച്ച് നൂതനമായ സിദ്ധാന്തം ആവിഷ്ക്കരിച്ചയാളാണു്. നിസ്തുലനായ നാടക സംവിധായകനാണു്. കമ്മ്യൂണിസ്റ്റ് പ്രചാരകനെന്നു് മുതലാളിത്ത രാഷ്ട്രങ്ങളിലെ പിന്തിരിപ്പന്മാര്‍ അദ്ദേഹത്തെ വിളിക്കാറുണ്ടെങ്കിലും. നാടകസാഹിത്യത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ച ഭാവനാസമ്പന്നനാണു്. സംസ്ക്കാരത്തിന്റെ നായകനാണു്. അദ്ദേഹത്തിന്റെ മദര്‍കറേജ് (Mother Courage) എന്ന ഉത്കൃഷ്ടമായ നാടകത്തിലെ ഒരു കഥാപാത്രം പറഞ്ഞ വാക്കുകളാണു് ഞാന്‍ മുകളില്‍ കുറിച്ചിട്ടതു്. മുതലാളിത്തവ്യവസ്ഥിതിയുള്ള രാജ്യങ്ങളില്‍ വ്യക്തികള്‍ക്കു നന്മയുണ്ടായാല്‍ അതു വിപത്തിജനകമാകുമോ? ആയെന്നും വരാം; ഇല്ലെന്നും വരാം. പക്ഷേ കലാകാരൻ കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളേയും വേണ്ടപോലെ ആവിഷ്കരിച്ചു് കലാപരമായ ദൃഢപ്രത്യയം ഉളവാക്കിയാല്‍ സഹൃദയന്‍ സംതൃപ്തനാകും. അപ്പോള്‍ വ്യക്തിപരമായി ആ ആശയത്തോടു യോജിക്കാത്തവന്‍ പോലും രസാനുഭൂതിയില്‍ വിലയം കൊള്ളുന്നു. അങ്ങനെയാണു് കമ്മ്യൂണിസ്റ്റ്’ വിരോധം വച്ചുപുലര്‍ത്തുന്നവരും ബ്രക്‌ഹ്തിനെ മഹാനായ കലാകാരനായി കൊണ്ടാടുന്നത്. ഇത്രയും എഴുതിയതു കൊണ്ടു് നന്മയുടെ വിപജ്ജനക സ്വഭാവത്തെക്കുറിച്ചു മാത്രമാണു് ബ്രക്‌ഹ്തിനു പറയാനുള്ളതു് എന്നു് ആരും തെറ്റിദ്ധരിക്കരുതു്. അതിനെക്കാള്‍ മഹനീയമായ ഒരു സന്ദേശം വിളംബരം ചെയ്യുന്നുണ്ടു് ആ നാടകം. അതു മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ മദര്‍ കറേജ് എന്ന നാടകത്തിലേക്കു തന്നെ പോകണം.

ഏ.ഡി. 1618 മുതല്‍ 1648 വരെ യൂറോപ്പില്‍ ഒരു യുദ്ധം നീണ്ടുനിന്നു. Thirty years war എന്ന പേരില്‍ കുപ്രസിദ്ധമായിരുന്ന ഈ യുദ്ധം ജര്‍മ്മനിയെ എന്തെന്നില്ലാത്ത വിധം തളര്‍ത്തി. ഈ സമരത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണു് ബ്രക്‌ഹ്ത് വിശ്വോത്തരമായ ഈ നാടകം രചിച്ചതും. 1624-ലെ വസന്തകാലം. സ്വീഡിഷ് സൈനികോദ്യോഗസ്ഥന്മാര്‍ പട്ടാളത്തിലേക്കു് ആളുകളെ എടുക്കുമ്പോള്‍ ധീരമാതാവു്–മദര്‍ കറേജ്–സ്വന്തം കന്‍റീന്‍ വണ്ടിയുമായി അവിടെയെത്തുന്നു. വണ്ടി വലിക്കുന്നതു് അവരുടെ പുത്രന്മാരായ ഈലീഫും സ്വിസ്സ് ചീസ്സും. ധീരമാതാവിന്റെ ഊമയായ മകള്‍ കാതറീന്‍ അവരോടൊപ്പം വണ്ടിയിലിരിക്കുന്നുണ്ടു്. പട്ടാളക്കാര്‍ക്കു് ആവശ്യമുള്ളവയില്‍ പലതും വിറ്റ് ഒരു കണക്കില്‍ യുദ്ധംകൊണ്ടു് മുതലെടുത്തു് കഴിഞ്ഞുകൂടുകയാണു് ധീരമാതാവു്. അവരുടെ മൂന്നു സന്താനങ്ങളും മൂന്നു പേര്‍ക്കു ജനിച്ചവരാണു്. ധീരമാതാവിന്റെ ശരിയായ പേരു് അന്നയെന്നത്രേ. റീഗാപ്പട്ടണത്തില്‍ യുദ്ധം നടക്കുമ്പോള്‍ മരണം തൃണവല്‍ഗണിച്ചു് അവര്‍ ഉന്മാദിനിയെപ്പോലെ വണ്ടിയോടിച്ചുപോന്നു.അന്നു മുതലാണു് അന്ന ധീരമാതാവായി അറിയപ്പെട്ടു തുടങ്ങിയതു്. പട്ടാളക്കാരന്‍ യുദ്ധത്തെ വാഴ്ത്തുകയാണു്. യുദ്ധമില്ലെങ്കിൽ സംഘടനയില്ല. സമാധാനം നിലവിലിരിക്കുമ്പോൾ യുദ്ധോപകരണങ്ങൾ വ്യർത്ഥങ്ങളായിപ്പോകുകയാണു്. അപ്പോള്‍ പട്ടണത്തില്‍ എത്ര കുതിരയുണ്ടെന്നും എത്ര യുവാക്കന്മാരുണ്ടെന്നും ആര്‍ക്കുമറിഞ്ഞുകൂട. എഴുപതു കൊല്ലക്കാലമായി യുദ്ധമില്ലാത്ത സ്ഥലങ്ങളില്‍ അയാള്‍ സഞ്ചരിച്ചിട്ടുണ്ടു്. അവിടെയുള്ളവര്‍ തങ്ങളുടെ പേരു പോലും മറന്നുപോകുന്നു. എന്നാല്‍ യുദ്ധം വരട്ടെ, എല്ലാവരും പേരു രജിസ്റ്റര്‍ ചെയ്യുന്നു. സംഘടനയായി. ഇതാണു് യുദ്ധത്തിന്റെ മേന്മ. പട്ടാളക്കാരന്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ ആപ്പീസര്‍ പ്രഖ്യാപിക്കുന്നു: ‘ഇതാണു് ഈശ്വരന്റെ സത്യം’. സൈനികോദ്യോഗസ്ഥന്മാരുടെ കണ്ണു് ഈലീഫിലാണു്. അവനെ പട്ടാളത്തില്‍ ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ധീരമാതാവു് കത്തി കാണിച്ചു് അവരെ പേടിപ്പിക്കുന്നു. തുടര്‍ന്നു് പട്ടാളക്കാരന്റെ തൊപ്പി വാങ്ങിച്ച് ധീരമാതാവു് അതില്‍ ചര്‍മ്മപടത്തിന്റെ കഷ്ണങ്ങള്‍ ചുരുട്ടിയിടുന്നു ചിലതില്‍ അവര്‍ കുരിശു വരച്ചിട്ടുണ്ടു്. മറ്റു ചില കഷണങ്ങളില്‍ ഒന്നും വരച്ചിട്ടില്ലതാനും. ഓരോരുത്തരായി തൊപ്പിയില്‍നിന്നു തുണ്ടുകളെടുത്തു. എടുത്തവര്‍ക്കെല്ലാം കുരിശു വരച്ച കഷണങ്ങളാണു് കിട്ടിയതു്. അവരെല്ലാവരും യുദ്ധത്തില്‍ മരിക്കുമെന്നാണു് അതിന്റെ സൂചന. ധീരമാതാവു് പട്ടാളക്കാരനു് ഒരു ബല്‍റ്റു് വിറ്റു. സൈനികോദ്യോഗസ്ഥന്മാര്‍ ഈലിഫിനെ പട്ടാളത്തില്‍ ചേര്‍ത്തുകൊണ്ടു് അപ്രത്യക്ഷരായി. ഊമയായ മകള്‍ ഈലിഫിനു് പകരം വണ്ടി വലിക്കാന്‍ സന്നദ്ധയാകുമ്പോള്‍ ആ രംഗം അവസാനിക്കുകയാണു്.

രണ്ടു കൊല്ലം കഴിഞ്ഞു. ധീരമാതാവു് സ്വീഡിഷ് സൈന്യത്തോടൊരുമിച്ച് യാത്രചെയ്തു് പോളണ്ടിലെത്തി. സ്വീഡിഷ് പട്ടാളത്തലവന്റെ കൂടാരത്തിനടുത്തുനിന്നു് പാചകനുമായി ഒരു കോഴിയുടെ വിലയെക്കുറിച്ച് അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈലീഫ് അവിടെയെത്തി. രണ്ടു വര്‍ഷം മുമ്പു് തന്നില്‍നിന്നു് പട്ടാളക്കാര്‍ അപഹരിച്ചുകൊണ്ടുപോയ ആ മകനെക്കണ്ടു് ധീരമാതാവു് ആഹ്ലാദിച്ചു. അവനിപ്പോള്‍ പട്ടാളത്തലവന്റെ അതിഥിയാണു്. കാരണമുണ്ടു്, ഈലിഫ് കര്‍ഷകരെക്കൊന്നു് രണ്ടു കാളകളെ അപഹരിച്ചുകൊണ്ടു് വന്നിരിക്കുകയാണു്. സൈനികമേധാവിക്കു് വലിയ ആദരം. അയാള്‍ പറയുന്നു: You have the making of a Julius Ceaser, why you should be presented to the king. പക്ഷേ ധീരമാതാവു് മകന്റെ കരണത്തിനൊരടി കൊടുത്തു. കര്‍ഷകര്‍ കൊല്ലാന്‍ വന്നപ്പോള്‍ അവന്‍ കീഴടങ്ങാത്തതിനായിരുന്നു ആ ശിക്ഷ.

മൂന്നു വര്‍ഷം കഴിഞ്ഞു. ധീരമാതാവിന്റെ മകന്‍ സ്വിസ്സ് ചീസ് ഇപ്പോള്‍ പട്ടാളത്തിലെ പോസ്റ്റ്മാസ്റ്റാണു്. മൂന്നാം രംഗം ആരംഭിക്കുമ്പോള്‍ ഈവെറ്റ് എന്ന ചെറുപ്പക്കാരിയായ വേശ്യയെ കൂടി നമ്മള്‍ കാണുന്നുണ്ടു്. പട്ടാളത്തിലെ ഒരുദ്യോഗസ്ഥന്‍ ധീരമാതാവിനു് വെടിയുണ്ടകള്‍ വിറ്റു് കുടിക്കാനുള്ള പണമുണ്ടാക്കി. അയാളുടെ ഈ കുത്സിതത്വം കണ്ടിട്ടാകാം ധീരമാതാവിനു് വെടിയുണ്ടകള്‍ വിറ്റു് കുടിക്കാനുള്ള പണമുണ്ടാക്കി. അയാളുടെ ഈ കുത്സിതത്വം കണ്ടിട്ടാകാം ധീരമാതാവിനു് സത്യസന്ധതയെക്കുറിച്ചു് വിചാരമുണ്ടായി. അവര്‍ മകനോടു പറഞ്ഞു: ‘നീ സത്യസന്ധനും പാവവും ആയതുകൊണ്ടാണു് അവര്‍ നിന്നെ പോസ്റ്റ്മാസ്റ്ററാക്കിയതു്. പണവും കൊണ്ടു് നീ ഓടിക്കളയരുതു്.’ തന്നെ ഒരുത്തന്‍ ചതിച്ചതെങ്ങനെ എന്നു് വേശ്യ വിശദീകരിച്ചപ്പോള്‍ അമ്മയ്ക്കു് മകള്‍ കാതറീനെ ഉപദേശിക്കണമെന്നു തോന്നി: ‘കാതറീന്‍ ഇതു് നിനക്കൊരു പാഠമായിരിക്കട്ടെ. പട്ടാളക്കാരനുമായി ഒരിപാടും പാടില്ല…കാതറീന്‍ നീ ഊമയായതു് ഭാഗ്യം. നീ ഒരിക്കലും പരസ്പരവിരുദ്ധമായി ഒന്നും പറയുകയില്ല. തെറ്റു പറഞ്ഞുപോയതുകൊണ്ടു് സ്വന്തം നാവു കടിക്കേണ്ടതായും വരില്ല.ഊമത്തം ദൈവാനുഗ്രഹം തന്നെ’. ഈ സമയത്തു് ഈലീഹില്‍ നിന്നു് സന്ദേശവും കൊണ്ടു് ഒരു പുരോഹിതന്‍ അവിടെയെത്തി. അവര്‍ എല്ലാവരും സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ വെടിപൊട്ടുന്ന ശബ്ദം കേള്‍ക്കാറായി. പോളണ്ടിലെ കത്തോലിക്കാ സൈന്യം പ്രൊട്ടസ്റ്റന്‍റുകാരായ സ്വീഡിഷ് സൈന്യത്തെ ആക്രമിക്കുകയാണു്. പുരോഹിതന്‍ പ്രൊട്ടസ്റ്റന്‍റുകാരനു് ചേര്‍ന്ന തന്റെ വേഷം പൊടുന്നനവേ ഉപേക്ഷിച്ചു. ശത്രുക്കളെ ഭയന്നോടിയ സ്വിസ്സ് ചീസ്സും അവിടെ വന്നുചേര്‍ന്നു. അയാള്‍ പണപ്പെട്ടി ഒളിച്ചുവച്ചു. ധീരമാതാവു് കാതറിന്റെ മുഖത്ത് ചാരം തേച്ചു് അവള്‍ക്കു് വൈരൂപ്യം വരുത്തി. പട്ടാളക്കാരന്‍-വിശേഷിച്ചും കത്തോലിക്കക്കാരനായ പട്ടാളക്കാരന്‍-സ്ത്രീയുടെ നിര്‍മ്മലമായ മുഖം കണ്ടാല്‍ ഒരു വേശ്യകൂടി ലോകത്തുണ്ടായി എന്നാണു് അവരുടെ വാദം. മൂന്നു ദിവസംകൂടി കഴിഞ്ഞു. ചാരന്മാര്‍ സ്വിസ്സ് ചീസ്സിനെ തേടി വന്നിരിക്കുകയാണു്. പണപ്പെട്ടി അയാള്‍ അവര്‍ക്കു് കൊടുക്കില്ല. മകനെ രക്ഷിക്കാന്‍ വേണ്ടി കന്റീന്‍ വണ്ടി പണയംവെച്ചു് ചാരന്മാര്‍ക്കു് കൈക്കൂലി കൊടുക്കാന്‍ ധീരമാതാവു് തീരുമാനിച്ചു. പക്ഷേ അവര്‍ വിലപേശിക്കൊണ്ടുനിന്നു. സമയം ദീര്‍ഘിച്ചുപോയതിനാല്‍ ശത്രുക്കള്‍ സ്വിസ്സ് ചീസ്സിനെ വെടിവെച്ചുകൊന്നു. അവര്‍ അവന്റെ മൃതദേഹം കൊണ്ടുവന്നു് അമ്മയുടെ മുമ്പില്‍ വച്ചിട്ടു് ചോദിച്ചു: ‘നിനക്ക് ഇവനെ അറിയാമോ?’ പട്ടാളക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ ധീരമാതാവിന് ജീവിതമില്ലല്ലോ. അതുകൊണ്ടു് അവര്‍ നിഷേധസൂചകമായി തലകുലുക്കി.

രണ്ടു വര്‍ഷംകൂടിക്കഴിഞ്ഞു. യുദ്ധം വ്യാപകമാകുകയാണു്. ധീരമാതാവിന്റെ കന്റീൻ വണ്ടി പോളണ്ടു്, മൊറാവ്യ, ബവേറിയ, ഇറ്റലി ഈ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചു. അതു് വീണ്ടും 1631-ല്‍ ബവേറിയയില്‍ എത്തി. 1632 ആയി. പട്ടാളത്തലവന്‍ കൊള്ളപ്പെട്ടു. അയാളുടെ ശവസംസ്ക്കാരകര്‍മ്മത്തില്‍ പങ്കെടുത്തിട്ടുനിന്ന ധീരമാതാവിനു് യുദ്ധം അവസാനിച്ചുപോകുമോ എന്നു് സംശയം. ഒരു തലവന്‍ പോയാല്‍ വേറെ പത്തുപേര്‍ വരുമെന്നു് പുരോഹിതന്‍. അതു മാത്രമല്ല, യുദ്ധത്തിലും സമാധാനമില്ലേ എന്നാണു് അയാളുടെ ചോദ്യം. യുദ്ധം തടാകമാണെങ്കില്‍ അതില്‍ സമാധാനത്തിന്റെ ദ്വീപുകളുണ്ടു്. ഒരാക്രമണത്തിനും മറ്റൊരാക്രമണത്തിനും ഇടയില്‍ ബീര്‍ കുടിക്കാം, ചീട്ടു കളിക്കാം; യുദ്ധം പ്രേമം പോലെയാണു്; അതു് സ്വന്തമായി എപ്പോഴും വഴി കണ്ടുപിടിക്കുന്നുണ്ടു്. അതുകൊണ്ടു് യുദ്ധം ഒരിക്കലും അവസാനിക്കേണ്ടതില്ലെന്നാണ് പുരോഹിതന്റെ അഭിപ്രായം.

1632.സ്വീഡനിലെ രാജാവ്വ് അഡോള്‍ഫസ് യുദ്ധത്തില്‍ നിഗ്രഹിക്കപ്പെട്ടു. സമാധാനത്തിന്റെ മണിനാദം കേള്‍ക്കുകയായി. യുദ്ധം തീര്‍ന്നു എന്നു കേട്ടപ്പോള്‍ ധീരമാതാവു് തകര്‍ന്നുവീണു. അവരുടെ മകന്‍ ഈലിഫ് സമാധാനം നിലവിലിരിക്കുമ്പോള്‍ വീണ്ടും മറ്റൊരു കര്‍ഷകനെ ആക്രമിച്ചു. യുദ്ധകാലത്തു് ധീരപ്രവൃത്തിയാകുമായിരുന്ന ആ സംഭവം അപ്പോള്‍ കുറ്റമായി മാറി. പട്ടാളക്കാര്‍ അവനെ കൊല്ലാന്‍ കൊണ്ടുപോയി. മകന്റെ അന്ത്യത്തെക്കുറിച്ചറിയാതെ ധീരമാതാവു് രംഗപ്രവേശം ചെയ്തു് അറിയിക്കുന്നു. യുദ്ധം വീണ്ടും തുടങ്ങിയെന്നു്.

1636 ജനുവരി. ഇന്നത്തെ കിഴക്കന്‍ ജര്‍മ്മനിയില്‍ തെക്കു പടിഞ്ഞാറുഭാഗത്തുള്ള ഹാല എന്ന പ്രൊട്ടസ്റ്റന്‍റ് പട്ടണത്തെ കത്തോലിക്കാ സൈന്യം ആക്രമിക്കുന്നു. ധീരമാതാവു് മകളെ വിട്ടിട്ടു് ദൂരെ പോയിരിക്കുകയാണ്. സൈന്യത്തിന്റെ ആഗമനം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി കാതറീന്‍ ചെണ്ടയുമായി ഒരു പുരപ്പുറത്തു കയറിനിന്നു. അവള്‍ ചെണ്ടയടിച്ചു ശബ്ദമുണ്ടാക്കിയപ്പോള്‍ പട്ടാളക്കാര്‍ കന്‍റീന്‍വണ്ടി നശിപ്പിക്കുമെന്നും അവളെത്തന്നെ വെടിവച്ചു കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. കാതറീന്‍ കൂട്ടാക്കിയില്ല. പട്ടാളക്കാര്‍ പേടിപ്പിക്കുന്തോറും അവള്‍ കൂടുതല്‍ കൂടുതല്‍ ശബ്ദത്തില്‍ ചെണ്ട മുഴക്കി. അവര്‍ വണ്ടി അടിച്ചു പൊട്ടിച്ചപ്പോള്‍ കാതറീന്‍ തെല്ലുനേരം അടങ്ങി. ചില ദീനരോദനങ്ങള്‍ അവളില്‍നിന്നുണ്ടായി. എങ്കിലും ചെണ്ട ഉച്ചത്തില്‍ മുഴക്കിക്കോണ്ടിരുന്നു. അവസാനത്തെ രംഗം കണ്ടാലും.

ലഫ്റ്‌റനന്റ്
ഇതാ ഞങ്ങള്‍ നിന്നെ വെടിവെച്ചു കൊല്ലാന്‍ പോകുകയാണു്. ഒരു സന്ദര്‍ഭം കൂടി തരാം. ആ ചെണ്ട ദൂരെ എറിയൂ.
യുവാവായ കൃഷിക്കാരന്‍
(കാതറീനോടു് കാതടപ്പിക്കുന്ന ശബ്ദത്തില്‍) നിറുത്തരുതു് ഇപ്പോള്‍. തുടര്‍ന്നു് ചെണ്ട മുഴക്കു…ചെണ്ടമുഴക്കൂ.

(പട്ടാളക്കാരന്‍ യുവാവിനെ അടിച്ചു താഴെയിട്ടു കുത്തിക്കൊല്ലുന്നു.)

ലഫ്റ്‌റനന്റ്
അവസാനമായി പറയുന്നു. ചെണ്ടയടിക്കുന്നതു് നിര്‍ത്തു.

(കാതറീന്‍ കരഞ്ഞുകൊണ്ടു കൂടുതല്‍ ശബ്ദത്തില്‍ ചെണ്ടയടിച്ചു് മുഴക്കുന്നു).

വെടിവയ്ക്ക്.

(പട്ടാളക്കാര്‍ വെടിവയ്ക്കുന്നു. കാതറിനു് വെടിയേല്‍ക്കുന്നു. ഒന്നോ രണ്ടോ തവണ ദുര്‍ബലമായി ചെണ്ടയിലടിച്ചിട്ടു്അവള്‍ മരിച്ചുവീഴുന്നു.)

ലഫ്റ്‌റനന്റ്
ശബ്ദം ഇല്ലാതെയായി.

പക്ഷേ കാതറീന്റെ യത്നം ഫലിച്ചു. ജനങ്ങള്‍ അവളുടെ മുന്നറിയിപ്പ് മനസ്സിലാക്കി. ശത്രുക്കളെ നേരിടാന്‍ തയ്യാറായി. തിരിച്ചെത്തിയ ധീരമാതാവു് മകളുടെ മൃതദേഹം കണ്ടു വിഷാദിച്ചെങ്കിലും എനിക്കെന്റെ ജോലിക്കു് പോകണമല്ലോ എന്നാണു് പറഞ്ഞതു്. സൈന്യത്തെ പിന്തുടരാന്‍ വേണ്ടി അവര്‍ പോകുമ്പോള്‍ നാടകം അവസാനിക്കുന്നു.

ഈ സംഗ്രഹം നാടകത്തിന്റെ ഔത്കൃഷ്‌ട്യത്തെ വ്യക്തമാക്കിത്തരുന്നില്ലെങ്കില്‍ ആ കുറ്റം എന്റേതു മാത്രമാണു്. വായനക്കാര്‍ ഈ നാടകമൊന്നു വായിച്ചുനോക്കൂ. യുദ്ധം സുദീര്‍ഘ സംവത്സരങ്ങളില്‍ കൊടുങ്കാറ്റുപോലെ ചുറ്റിയടിക്കുന്നതു കാണാന്‍ കഴിയും. അതിന്റെ ഫലമായി നിരപരാധരായ മനുഷ്യര്‍ ഭൂമുഖത്തുനിന്നു് എന്നന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നു. വൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു. ഹരിതാഭങ്ങളായ പ്രദേശങ്ങള്‍ മണല്‍ക്കാടുകളായി മാറുന്നു അന്യോന്യ ബന്ധമില്ലാത്ത പന്ത്രണ്ടു ഹ്രസ്വരംഗങ്ങള്‍കൊണ്ടാണു് മഹാനായ നാടകകര്‍ത്താവു് ദുഃഖദായകമായ ഈ ചിത്രം ആലേഖനം ചെയ്യുന്നതു്. രംഗങ്ങള്‍ക്കു് ബന്ധമില്ലാത്തതു് ഒറ്റയൊരു സംഭവങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനാലാണു്. അതു് ബ്രക്‌ഹ്തിന്റെ നിസ്തുലമായ കലാസങ്കേതവുമത്രേ. എങ്കിലും ആ പന്ത്രണ്ടു രംഗങ്ങളിലും ‘യുദ്ധം’ അതിന്റെ സാന്നിദ്ധ്യംകൊണ്ടു് നമ്മെ രസിപ്പിക്കുന്നു. ധീരമാതാവു് ആ രംഗങ്ങളിലെല്ലാം പ്രത്യക്ഷയാകുന്നുണ്ടു്. പ്രേക്ഷകന്റെ സഹതാപം അവര്‍ ആര്‍ജ്ജിക്കരുതെന്നു് നാടകകര്‍ത്താവിനു ഉദ്ദേശ്യമുണ്ടെങ്കിലും അയാളുടെ സഹാനുഭൂതി നേടിക്കൊണ്ടു് ആ സ്ത്രീ മുമ്പില്‍ വന്നു് നില്‍ക്കുന്നു. എല്ലാ രംഗങ്ങളിലും അവരുടെ കന്റീന്‍ വണ്ടിയുമുണ്ടു്. അങ്ങനെ ഈ മൂന്നിനേയും-യുദ്ധം, ധീരമാതാവു്, വണ്ടി ഇവ മൂന്നിനെയും-കഥാപാത്രങ്ങളായിക്കരുതാം. അവയില്‍ പ്രാധാന്യം യുദ്ധത്തിനു തന്നെയാണു്. സംഹാരാത്മകമായ യുദ്ധത്തിനു് ഹേതുവെന്തു്? ബ്രക്‌ഹ്ത് പ്രഖ്യാപിക്കുന്നു-

‘മുതലാളിത്തം യൂറോപ്പിലാകെ നടത്തിയ മഹായുദ്ധങ്ങളിലൊന്നാണു മുപ്പതു വര്‍ഷത്തെ യുദ്ധം. പക്ഷേ മുതലാളിത്ത വ്യവസ്ഥിതിയില്‍ പെട്ടിരിക്കുന്നവനും അതിനു കീഴ്പ്പെട്ടിരിക്കുന്നവനും ആയ വ്യക്തിക്ക് യുദ്ധം വേണ്ടാത്തതാണെന്നു മനസ്സിലാക്കാന്‍ കഴിയുകയില്ല. മുതലാളിത്തത്തിനകത്തു അതു കൂടിയേ തീരൂ. മുതലാളിത്തത്തിനുവേണ്ടിയാണു് യുദ്ധം. എല്ലാവരും എല്ലാവര്‍ക്കുമെതിരായി. വലിയ ആളുകള്‍ വലിയ ആളുകള്‍ക്കെതിരായി, ചെറിയ ആളുകള്‍ ചെറിയ ആളുകള്‍ക്കെതിരായി, വലിയ ആളുകള്‍ ചെറിയ ആളുകള്‍ക്ക് എതിരായി ഉള്ള യുദ്ധത്തില്‍ അധിഷ്ഠിതമായിരിക്കുന്നു സാമ്പത്തിക സമ്പ്രദായം. യുദ്ധവും അതു ജനിപ്പിക്കുന്ന നിര്‍ഭാഗ്യങ്ങളും തിന്മ നിറഞ്ഞവയാണെന്നു്–അതായതു് ആവശ്യമില്ലാത്തവയാനെന്നു്–മനസ്സിലാക്കണമെങ്കില്‍ മുതലാളിത്തം തന്നെ നിര്‍ഭാഗ്യകരമാണെന്നു് നമ്മള്‍ മനസ്സിലാക്കിയേ മതിയാകൂ.’

വളരെ വ്യക്തമായി ബ്രക്‌ഹ്ത് പറയാനുള്ളതു് പറഞ്ഞിരിക്കുന്നു. മുതലാളിത്തവ്യവസ്ഥിതിയില്‍ യുദ്ധമുണ്ടാകും. യുദ്ധം ഒഴിവാക്കണമെങ്കില്‍ നിന്ദ്യമായ ആ വ്യവസ്ഥിതി മാറണം. ആ വ്യവസ്ഥിതി നിലവിലിരിക്കുന്നിടത്തോളം കാലം നന്മകള്‍ വിപജ്ജനകങ്ങളായി മാറുകയും ചെയ്യും. ഈലീഫ് കര്‍ഷകരെ കൊന്നൊടുക്കി കാളകളെ അപഹരിച്ചപ്പോള്‍ സൈനികോദ്യോഗസ്ഥന്‍ അയാളെ പ്രശംസിച്ചു. എന്നാല്‍ ധീരമാതാവു് പുത്രന്റെ ചെകിട്ടിലടിക്കുകയാണു് ചെയ്തതു്. ആ ധൈര്യവും എടുത്തുചാട്ടവും ആപത്തുണ്ടാക്കുമെന്നാണു് അവര്‍ സൂചിപ്പിച്ചതു്. അതുപോലെ സംഭവിക്കുകയും ചെയ്തു. താല്ക്കാലികമായി യുദ്ധം നിന്നപ്പോള്‍ അതേ ധൈര്യപ്രകടനം കുറ്റമായി പരിണമിച്ചു. അതിന്റെ പേരില്‍ ഈലീഫിനു് ഈ ലോകം വിട്ടുപോകേണ്ടതായും വന്നു. സത്യസന്ധതയും ക്യാപ്പിറ്റലിസ്റ്റ് സൊസൈറ്റിയില്‍ വിപത്തിജനകം തന്നെ. അതുകൊണ്ടാണല്ലോ സ്വിസ്സ്ചീസ്സ് നിഗ്രഹിക്കപ്പെട്ടതു്. ഹാലപ്പട്ടണത്തെ കത്തോലിക്കര്‍ വളഞ്ഞപ്പോള്‍ ബഹുജനത്തോടും വിശേഷിച്ചു കുഞ്ഞുങ്ങളോടും സ്നേഹമുള്ള കാതറീന്‍ പുരപ്പുറത്തു കയറിനിന്നു് ചെണ്ടയടിച്ച് ജനതയെ ഉണര്‍ത്തുകയും അതിന്റെ പേരില്‍ത്തന്നെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു് തര്‍ജ്ജമചെയ്തു ചേര്‍ത്ത ഗാനത്തിന്റെ ആശയങ്ങള്‍ ഒന്നുകൂടെ ശ്രദ്ധിച്ചാലും. സോളമനും സീസറും സോക്രട്ടീസും മാര്‍ട്ടിനുമൊക്കെ ദുരന്തത്തിലെത്തിയതു് ഫ്യൂഡലിസത്തിന്റെ കെടുതികളില്‍ത്തന്നെയാണു്. ഇങ്ങനെ ബ്രക്‌ഹ്ത് നന്മകളുടെ ഭയഹേതുക സ്വഭാവത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും ഈ മൂന്നു കഥാപാത്രങ്ങളുടെയും മരണംകൊണ്ടു് അദ്ദേഹം നന്മകളുടെ മൂല്യങ്ങളെത്തന്നെ ദൃഢീകരിക്കുകയല്ലേ ചെയ്യുന്നതു് എന്നു് ഈ ലേഖകനു് ഒരു സംശയമുണ്ടു്. വിശേഷിച്ചും കാതറീന്റെ മരണം. അവള്‍ക്കു ശിശുക്കളോടു സ്നേഹം. ആ ശിശുക്കളെ അവള്‍ കണ്ടിട്ടേയില്ല. എങ്കിലും അവരെ രക്ഷിക്കാനായി അവള്‍ ജീവന്‍ ഉപേക്ഷിക്കുന്നു. ധീരമാതാവിനു സ്വന്തം സന്താനങ്ങളോടു് സ്നേഹമുണ്ടു്. പക്ഷേ ആ സന്താനങ്ങളോടു മാത്രമേ അവര്‍ക്കു സ്നേഹമുള്ളു. സങ്കുചിതമാണു് ആ വികാരം. കാതറീന്റെ സ്നേഹം വിശാലമാണു്. അതു മനുഷ്യരാശിയെയാകെ തഴുകുന്നു. അതിനുവേണ്ടി മരിക്കുന്ന ആ പെണ്‍കുട്ടി മാനുഷികമൂല്യത്തിന്റെ മഹനീയതയെ പ്രഖ്യാപനം ചെയ്യുന്നുണ്ടെന്നാണു് എന്റെ വിചാരം. ആ ചിന്ത അങ്ങനെ നില്‍ക്കട്ടെ. നമുക്ക് ബ്രക്‌ഹ്തിന്റെ സന്ദേശമെന്താണെന്നു നോക്കാം.

1939-ലാണു് ബ്രക്‌ഹ്ത് ഈ നാടകമെഴുതിത്തീര്‍ത്തതു്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞു. 1941 ഏപ്രില്‍ 19-ആംനു നാടകം സൂറിക്കില്‍ അഭിനയിക്കപ്പെട്ടു. പ്രേക്ഷകര്‍ അതൊരു യുദ്ധവിരുദ്ധ നാടകമാണെന്നു് അഭിപ്രായപ്പെട്ടതില്‍ വിസ്മയിക്കാനില്ല. ഒരളവില്‍ ‘മദര്‍കരേജ്’ യുദ്ധത്തിനെതിരായുള്ള നാടകംതന്നെ. എങ്കിലും ‘ചരിത്രപരങ്ങളായ പരിതഃസ്ഥിതികള്‍’ (Historical Circumstances) വ്യക്തികളെ തകര്‍ക്കുന്നുവെന്ന ആശയത്തിനാണു് അതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളതു്. ധീരമാതാവു് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ആഹ്ലാദിക്കുകയും അതിനു ശൈഥില്യം വരുമ്പോള്‍ വിഷാദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ ദൗഷ്ട്യത്തിന്റെ പ്രതീകമല്ല. സ്വിസ്സ് ചീസ് എന്ന മകനോടു് അവര്‍ക്ക് സ്നേഹമുണ്ടു്. അതുകൊണ്ടാണു് അവര്‍ ചാരന്മാര്‍ക്കു് കൈക്കൂലികൊടുത്തു അവനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതു്. പക്ഷേ കൊടുക്കേണ്ട തുകയെപ്പറ്റി ‘വിലപേശി’ നിന്നതുകൊണ്ടു സമയം അധികമായിപ്പോയി. ശത്രുക്കള്‍ അവനെ വെടിവച്ചു കൊല്ലുകയും ചെയ്തു. മകന്റെ മൃതദേഹം കാണുമ്പോള്‍ അതു് ആരുടേതാണെന്നറിഞ്ഞുകൂടാ എന്നാണു് അവരുടെ ഭാവം. ഇതു് ക്രൂരതയായി നമുക്കു ദര്‍ശിക്കാം. എങ്കിലും അവരുടെ പക്ഷത്തുനിന്നു് ആ സംഭവമൊന്നു വീക്ഷിക്കൂ. ‘ഇതു് എന്റെ മകന്റെ മൃതദേഹമാണു്’ എന്നു് അവര്‍ പറഞ്ഞാല്‍ അവരുടെ കന്റീന്‍ വണ്ടി അതോടെ നഷ്ടപ്പെടും. അവര്‍ തന്നെ തടവുകാരിയാവുകയും ചെയ്യും. ഈ ദൗര്‍ഭാഗ്യങ്ങളില്‍നിന്നു രക്ഷനേടാനാണു് ധീരമാതാവു് കള്ളം പറയുന്നതു്. യുദ്ധംകൊണ്ടു ജീവിക്കുന്ന ആളുകളെയാകെ ബ്രക്‌ഹ്ത് നിന്ദിക്കുകയാണെന്നതിനു സംശയമില്ല. എങ്കിലും ഇത്തരത്തിലുള്ള ജീവിതത്തിനു് ഉത്തരവാദികളായിട്ടുള്ളവര്‍ ആരാണു്? അവര്‍ തന്നെയോ? അതോ ചരിത്രപരങ്ങളായ പരിതസ്ഥിതികളോ? ഫ്യൂഡല്‍ വ്യവസ്ഥിതിക്കു ശേഷം രൂപംകൊണ്ട മുതലാളിത്ത വ്യവസ്ഥിതി ഉല്പാദനമാര്‍ഗ്ഗങ്ങളെ കൈയടക്കുകയും തൊഴിലാളികളുടെ അദ്ധ്വാനശക്തിയെ ചൂഷണം ചെയ്യുകയും ചെയ്തു. അതിന്റെ ഫലമാണു് ഉല്പാദനത്തിന്റെ വ്യവസ്ഥയില്ലായ്മ. കൂടെക്കൂടെയുണ്ടാകുന്ന പ്രതിസന്ധികള്‍, തൊഴിലില്ലായ്മ, ദാരിദ്ര്യം, യുദ്ധം ഇവയൊക്കെ. മുതലാളിത്ത വ്യവസ്ഥിതി തന്നെയാണു് മദര്‍ കറേജിനെപ്പോലുള്ള വ്യക്തികളെ സൃഷ്ടിക്കുന്നതു്. വ്യവസ്ഥിതി മാറ്റൂ, വ്യക്തികളുടെ സ്വഭാവം മാറും എന്നാണു് ബ്രക്‌ഹ്ത് കലാസൗഭഗമുള്ള ഈ നാടകത്തിലൂടെ പ്രഖ്യാപിക്കുന്നതു്.

നാടകമാരംഭിക്കുമ്പോള്‍ ഒരു പട്ടാളക്കാരന്‍ പറയുന്നു:‘യുദ്ധമുണ്ടാകുമ്പോള്‍ മാത്രമാണു് പാദരക്ഷകള്‍ ഭംഗിയായി അടുക്കിവെക്കപ്പെടുന്നതു്. ധാന്യം ചാക്കിനകത്താക്കി കൂട്ടിവയ്ക്കുന്നു. മനുഷ്യരേയും കന്നുകാലികളേയും എണ്ണി തിട്ടപ്പെടുത്തുന്നു. കാരണം എല്ലാവര്‍ക്കുമറിയാം. സംഘടനയില്ലെങ്കില്‍ യുദ്ധമില്ല’. എന്നാല്‍ യുദ്ധമുണ്ടാക്കുന്ന ഈ ക്രമം, വ്യവസ്ഥ, യഥാര്‍ത്ഥത്തില്‍ ക്രമമല്ല, വ്യവസ്ഥയല്ല. അതു് വ്യവസ്ഥയാണെന്നു് ധീരമാതാവു് തെറ്റിദ്ധരിച്ചു. അതുതന്നെയാണു് അവരുടെ ദുരന്തത്തിനു ഹേതു. ക്യാപ്പിറ്റലിസത്തിന്റെ, മുതലാളിത്തത്തിന്റെ സന്തതിയായ യുദ്ധം ജനങ്ങളെയാകെ തകര്‍ക്കുന്നുവെന്നാണു് ബ്രക്‌ഹ്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മനുഷ്യസ്നേഹിയായ ഈ കലാകാരന്‍ ഏതു കാലത്തും ശാന്തിയുടെ സ്തോതാവായിരുന്നു. അതിനുവേണ്ടി വാദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ചിലപ്പോള്‍ പരുഷമാകുമെന്നെയുള്ളു. ജര്‍മ്മന്‍ കൈസറിന്റെ സൈന്യത്തില്‍ കൂടുതല്‍ ഭടന്മാരെ വേണ്ടിവന്നപ്പോള്‍ സംസ്കരിച്ച ഒരു മൃദദേഹം കുഴിച്ചു പുറത്തെടുത്തു് അതു് സൈന്യസേവനത്തിനു യോഗ്യമാണെന്നു അധികാരികള്‍ പ്രഖ്യാപിച്ചുപോലും. അഴുകിയ ശവത്തെ ഉണര്‍ത്താന്‍വേണ്ടി അതിന്റെ വായില്‍ അവര്‍ ബ്രാണ്ടി ഒഴിച്ചു. തടിച്ചികളായ രണ്ടു നേഴ്സുകളും അര്‍ദ്ധനഗ്നയായ ഭാര്യയും ചേര്‍ന്നു് അതിന്റെ കൈകള്‍ പിടിച്ചുപൊക്കി. ശവം അഴുകിനാറിയതുകൊണ്ടു് സുഗന്ധദ്രവ്യം പുകച്ചുകൊണ്ടാണ് അതിനെയും കൊണ്ടുള്ള ഘോഷയാത്ര. വാനിനകത്തിരുന്നു ബാന്‍ഡ് വായിച്ചവര്‍ ശവത്തിനെ ചലനംകൊള്ളിക്കുന്ന മട്ടിലാണു് വാദ്യോപകരണങ്ങളുടെ ശബ്ദം കേള്‍പ്പിച്ചതു്. അപ്പോള്‍ ജീവിച്ചിരുന്ന കാലത്തു് ശരിക്കു ‘ഡ്രില്‍’ അഭ്യസിച്ചിരുന്ന ആ പട്ടാളക്കാരന്‍ ചന്തിയില്‍നിന്നു കാലുകള്‍ മുകളിലേക്കു പൊക്കുകയായി. ബ്രക്‌ഹ്തിന്റെ ഈ കവിത പരുഷമാണു്, ഗ്രാമ്യമാണ് എന്നെല്ലാം സമ്മതിക്കാം. പക്ഷേ ആ പാരുഷ്യത്തിലും ഗ്രാമ്യതയിലും അദ്ദേഹത്തിന്റെ ആര്‍ജ്ജവമാര്‍ന്ന ഹൃദയമുണ്ടു്. ഈ ആര്‍ജ്ജവം തന്നെയാണ് മദര്‍ കറേജ് എന്ന നാടകത്തിനു് അസുലഭമായ ശോഭ നല്‍കുന്നതു്. ദുഷിച്ച ഒരു വര്‍ഗ്ഗവ്യവസ്ഥയുടെ അയഥാര്‍ത്ഥങ്ങളായ മൂല്യങ്ങളെ നിരാകരിക്കാന്‍ ബ്രക്‌ഹ്ത് ജീവിതകാലം മുഴുവന്‍ ആഹ്വാനം നടത്തി. ആ ആഹ്വാനത്തിന്റെ ചാരുതയും ഞാന്‍ ഈ നാടകത്തില്‍ ദര്‍ശിക്കുന്നു.

ഭീതി നഗ്നതാണ്ഡവം നടത്തുമ്പോള്‍ ധൈഷണികജീവിതം നയിക്കുന്നവന്റെ കര്‍ത്തവ്യം എന്തായിരിക്കണം? മഹാനായ ജര്‍മ്മന്‍ നാടകകര്‍ത്താവു് ബര്‍ടോള്‍റ്റ് ബ്രക്‌ഹ്ത് അതിനു് ഉത്തരം നല്‍കി:“സത്യം പ്രചരിപ്പിക്കു.” അദ്ദേഹം അതിനു വിശദീകരണം കൊടുക്കുന്നു: “ചന്ദ്രനില്ലാത്ത രാത്രിയില്‍ പോലീസിനെ പേടിച്ചു് നാലുപാടും സൂക്ഷിച്ചുനോക്കുന്ന കള്ളനെപ്പോലെ അയാള്‍ സത്യം അന്വേഷിക്കുന്നു. തോളിലിരുന്നു് കിലുങ്ങുന്ന അപഹൃതവസ്തുവില്‍ ഏതെങ്കിലും ഒരു കൈവന്നു വീണേക്കുമെന്ന വിചാരത്തോടെ അയാള്‍ സത്യം എടുത്തുകൊണ്ടുപോകുന്നു.” കണ്‍ഫ്യൂഷനും ലെനിനും തോമസ്മോറും അവരെപ്പോലുള്ള മറ്റുള്ളവരും ഇതേ മട്ടില്‍ സത്യം ശത്രുരാജ്യത്തിലേക്കു കൊണ്ടുപോയവരാണെന്ന് ബ്രക്‌ഹ്ത് ചൂണ്ടിക്കാണിക്കുന്നു. (ഫ്രഡറിക് യൂഅന്‍-Frederic Ewen എഴുതിയ Bertolt Brecht എന്ന ഗ്രന്ഥം നോക്കുക.) താന്‍ ഏറ്റവും വിലമതിക്കുന്ന സത്യത്തെ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയ ഗാലീലിയോ എങ്ങനെ അന്യരാജ്യത്തിലേക്കു കടത്തി, ആ സത്യത്തിനു് എത്രത്തോളം മഹനീയതയുണ്ടു് എന്നൊക്കെ വ്യക്തമാക്കിത്തരാന്‍വേണ്ടി ബ്രക്‌ഹ്ത് എഴുതിയ ഉജ്ജ്വലമായ നാടകമാണു് ‘The life of Galileo’–ഗാലീലിയോയുടെ ജീവിതം–എന്നതു്. ബ്രക്‌ഹ്ത്തിന്റെ മാസ്റ്റര്‍പീസായി–പ്രകൃഷ്ടകൃതിയായി അതു് പരിഗണിക്കപ്പെടുന്നു. നാടകത്തിന്റെ പര്യവസാനത്തോടു അടുത്ത ഒരു രംഗത്തില്‍ ഗാലീലിയോ മറ്റൊരു കഥാപാത്രമായ ആന്‍ഡ്രിയായോടു പറയുന്നു:”Take care when you go through Germany. [1]


HIde the truth under your coat.” “ജര്‍മ്മനിയിലൂടെ പോകുമ്പോള്‍ സൂക്ഷിച്ചുകൊള്ളു. കോട്ടിനടിയില്‍ സത്യം ഒളിച്ചുവച്ചുകൊള്ളണം.” 1937-39ലാണു് ബ്രക്‌ഹ്ത് ഗാലീലിയോ നാടകത്തിന്റെ ആദ്യത്തെ കരടുരേഖ തയാറാക്കിയതു്. 1945 ആഗസ്റ്റ് ആറാം തിയതി കാലത്തു് സൂക്ഷ്മം എട്ടേകാല്‍ മണിക്കു് (ജപ്പാന്‍ സമയം) ഹീരോഷീമായില്‍ ആദ്യത്തെ ആറ്റംബോംബ് വീണു. അതിന്റെ ഫലമായി പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 60,000 ജപ്പാന്‍കാര്‍ ഉടനെ മരണമടഞ്ഞു. ഒരു ലക്ഷം പേര്‍ക്കു് അംഗഭംഗം സംഭവിച്ചു. ഹീരോഷീമയാകെ കരിഞ്ഞുചാമ്പലായി. അതോടെ ജപ്പാന്‍ തോല്‍വി സമ്മതിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു. ലോകമാകെ ജപ്പാന്റെ ദുരന്തം കണ്ടു് ഞെട്ടി. മനുഷ്യസ്നേഹിയായ കലാകാരനായിരുന്നു ബ്രക്‌ഹ്ത്. അദ്ദേഹവും ഞെട്ടിപ്പോയി. 1937-39-ല്‍ താന്‍ എഴുതി വച്ച ഗാലീലിയോ നാടകം അദ്ദേഹം നവീകരിക്കുകയുണ്ടായി. വലിയ മാറ്റമൊന്നും വരുത്തേണ്ടതായി വന്നില്ലെന്നാണു് ബ്രക്‌ഹ്ത് പറഞ്ഞതു്. നാടകത്തിന്റെ ഘടനയും പ്രധാനപ്പെട്ട ആശയവും മാറാതെ തന്നെ നിലകൊണ്ടു. (the structure and essential idea of the play were unchanged) ജപ്പാന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള വേറൊരു പട്ടണമാണു് നാഗാസാക്കി. അവിടെ ആഗസ്റ്റ് ഒന്‍പതാം തീയതി രണ്ടാമത്തെ ആറ്റംബോംബ് വീണു. ഭീതി താണ്ഡവമാടിയെന്നതില്‍ സംശയമൊന്നുമില്ലല്ലോ. കലാകാരന്‍ എന്തുചെയ്യണം ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍? സത്യം പ്രചരിപ്പിക്കണമെന്നു് ബ്രക്‌ഹ്ത് പറഞ്ഞിട്ടുണ്ടു്. പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു് ബ്രക്‌ഹ്ത് ഗലീലിയോ നാടകം നവീകരിച്ചു് അവതരിപ്പിച്ചു. പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു. ‘എപ്പിക് തിയേറ്റര്‍’ എന്ന നൂതന കലാസങ്കല്പത്തിന് ഇത്രത്തോളം രമണീയകം ഉണ്ടാകുമോ? സത്യത്തിന്റെ നാദമുയരുമ്പോള്‍ അതിനു് ഇത്രത്തോളം ശാക്തി കൈവരുമോ? അതു് സംഭവിക്കുമെന്നു് ബ്രക്‌ഹ്ത് തെളിയിച്ചു. സൗന്ദര്യവും ശക്തിയും ഒരുമിച്ചുചേര്‍ന്ന കലാശില്‍പമാണു് ബ്രക്‌ഹ്ത്തിന്റെ ഈ നാടകം.

യവനിക ഉയരുന്നു. എ.ഡി.1609. ഇറ്റലിയുടെ വടക്കു കിഴക്കു ഭാഗത്തുള്ള പദൂയ്യപട്ടണത്തില്‍ ഒരു ചെറിയ ഭവനത്തിലാണു് ഗാലീലിയോ താമസിക്കുന്നതു്. ഗണിതശാസ്ത്രം കുട്ടികളെ പഠിപ്പിച്ച് ഒരു വിധത്തില്‍ കഴിഞ്ഞുകൂടുകയാണു് അദ്ദേഹം. നാടകം ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിനു് നാല്പത്തിയഞ്ചു വയസ്സുണ്ടു്. ഗാലീലിയോയുടെ മകള്‍ വര്‍ജീനിയ അദ്ദേഹത്തോടൊരുമിച്ചു കഴിയുന്നു. വീട്ടുകാര്യങ്ങള്‍ നോക്കുന്നതു് സീന്യോറാ സാര്‍തിയും. സാര്‍തിയുടെ മകന്‍ ആന്‍ഡ്രിയ ഗാലീലിയോയുടെ പ്രഗത്ഭനായ ശിഷ്യനാണു്. ചെറിയ ഭവനമാണു് മഹാനായ ഈ ശാസ്ത്രജ്ഞന്റേതെന്നു് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ എ.ഡി.1609-ല്‍ ആ കൊച്ചു വീട്ടില്‍ നിന്നു ശാസ്ത്രത്തിന്റെ പ്രകാശം പ്രസരിക്കാന്‍ തുടങ്ങി. സൂര്യന്‍ അനങ്ങാതെ നില്‍ക്കുന്നു. ഭൂമി ചലനം കൊള്ളുന്നു എന്നു് ഗാലീലിയോ വ്യക്തമാക്കി. അങ്ങനെ അവിടെ നിന്നു് പുറപ്പെട്ട മയൂഖ മാലകള്‍ വിശ്വത്തെയാകെ ദീപ്തിമത്താക്കി. തികച്ചും മൗലികമായിരുന്നു ഗാലീലിയോയുടെ കണ്ടുപിടിത്തം എന്നു പറയാവുന്നതല്ല. ഭൂമി കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നു, മറ്റു ഗ്രഹങ്ങള്‍ അതിനെ ചുറ്റുന്നു എന്നായിരുന്നു ഈജിപ്തിലെ ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ സിദ്ധാന്തം. ടോളമിക്കും നാലു ശതാബ്ദങ്ങൾ മുമ്പ് ഗ്രീക്കു് ജ്യോതിശാസ്ത്രജ്ഞനായ അരിസ്റ്റോര്‍ക്കസ് സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്തു് നില്‍ക്കുന്നുവെന്ന സിദ്ധാന്തം ഉന്നയിക്കുകയുണ്ടായി. പക്ഷേ, ആരും അതു വകവെച്ചില്ല. എ.ഡി.1540 ആയി. പോളീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിതശാസ്ത്ര വിശാരദനും രാജ്യതന്ത്രജ്ഞനും ആയ നികേലേസ് കോപര്‍നെക്കസ് സൂര്യന്‍ അനങ്ങാതെ നില്‍ക്കുന്നുവെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും ആ ഉജ്ജ്വലനക്ഷത്രത്തെ ചുറ്റുന്നുവെന്നും പ്രഖ്യാപിച്ചു. ഗാലീലിയോയാണു് ആ സിദ്ധാന്തത്തെ പരീക്ഷണങ്ങളാലും പ്രത്യക്ഷപ്രമാണങ്ങളാലും വികസിപ്പിച്ചതു്. പക്ഷേ, ഫലമെന്തു്? പൗരോഹിത്യത്തിന്റെ മുന്‍പില്‍ അദ്ദേഹത്തിനു് ഇങ്ങനെ പറയേണ്ടതായി വന്നു–“അന്തരിച്ച വിന്‍സെന്‍ബിയൊ ഗാലീലിയുടെ മകനും എഴുപതു വയസ്സുളളവനും ഗാലീലിയോ ഗാലീലി എന്ന പേരുള്ളവനുമായ ഞാന്‍ ഈ വിധിത്തീര്‍പ്പിന്റെ മുന്‍പില്‍ നിന്നുകൊണ്ട് സൂര്യന്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നുവെന്നും അതു ചലനരഹിതമായിരിക്കുന്നുവെന്നും ഉള്ള അസത്യാത്മകമായ അഭിപ്രായത്തെ ഉപേക്ഷിച്ചിരിക്കുന്നു. ഈ തെറ്റായ സിദ്ധാന്തത്തെ ഞാന്‍ വച്ചുപുലര്‍ത്തുകയോ പരിപാലിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുകയില്ലെന്നും പ്രഖ്യാപിക്കുന്നു.” എന്തൊരു തകര്‍ച്ച! ഈ തകര്‍ച്ചയെ ചിത്രീകരിച്ച് സത്യത്തിന്റെ മണ്ഡലത്തിലേക്കു് നമ്മെ കൊണ്ടുചെല്ലുകയാണു് ബ്രക്‌ഹ്ത്. പക്ഷേ, ചരിത്രപുരുഷനായ ഗലീലിയോയല്ല ബ്രക്‌ഹ്ത്തിന്റെ ഗാലീലിയോ. അദ്ദേഹത്തിന്റെ കഥാപാത്രം മനഃസാക്ഷിയില്ലാത്തവനാണ്, ഭക്ഷണപ്രിയനാണ്, അപഹര്‍ത്താവാണ്. ഡച്ചുകാരുടെ കണ്ടുപിടിത്തമായ ദൂരദര്‍ശിനിയെ സ്വന്തം കണ്ടുപിടിത്തമായി അദ്ദേഹം വെനീസിലെ അധികാരികളുടെ മുന്‍പില്‍ അവതരിപ്പിച്ചു. പദൂയ സര്‍വ്വകലാശാലയുടെ ക്യൂറേറ്റര്‍ ഗാലീലിയോയുടെ ദൂരദര്‍ശിനിയെ വാഴ്ത്തുന്നതു കേട്ടാലും–“യുദ്ധകാലത്തു് ഈ ഉപകരണത്തിന്റെ സഹായത്തോടെ ശത്രുവിന്റെ കപ്പലുകളുടെ ഘടനയും എണ്ണവും അവന്‍ നമ്മുടെ കപ്പലുകളുടെ ഘടനയും എണ്ണവും മനസ്സിലാക്കുന്നതിനു് രണ്ടുമണിക്കൂര്‍ മുന്‍പുതന്നെ നാം ഗ്രഹിക്കുമെന്ന കാര്യം നിങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടോ? അങ്ങനെ അവന്റെ ശക്തി മനസ്സിലാക്കി നാം യുദ്ധം ചെയ്യേണ്ടതാണോ അതോ തിരിഞ്ഞു് ഓടേണ്ടതാണോ എന്നു തീരുമാനിക്കും. (വളരെ ഉച്ചത്തിലുള്ള കൈയടി)” പക്ഷേ, ലൂഡോവിച്ചോ എന്ന ചെറുപ്പക്കാരനു് ഇതിലെ കള്ളത്തരം അറിയാം. അയാള്‍ ആകുലഭാവത്തോടെ ഗാലീലിയോടു പറയുന്നു–‘സര്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു.”

ഗാലീലിയോ
“ഞാന്‍ അതു പരിഷ്കരിച്ചിട്ടുണ്ടു്.”
ലൂഡിവിച്ചോ
“തീര്‍ച്ചയായും. സര്‍ അങ്ങു് അതിന്റെ കൂടു് ചുവന്ന നിറമുള്ളതാക്കി. ഹോളണ്ടില്‍ അതിനു് പച്ച നിറമാണു്.” ചരിത്രപുരുഷനായ ഗാലീലിയോ മോഷ്ടാവല്ല. ഹോളണ്ടില്‍ ടെലസ്കോപ്പ് കൻടുപിടിച്ചുവെന്നറിഞ്ഞപ്പോൾ അദ്ദേഹം സ്വകീയമായ രീതിയില്‍ അതു് നിര്‍മ്മിക്കുകയാണു് ചെയ്തതു്. ബ്രക്‌ഹ്ത് ഈ രീതിയില്‍ മഹാനായ ശാസ്ത്രജ്ഞനെ ചിത്രീകരിച്ചതെന്തിനാവാം? മനുഷ്യന്‍–അവനെത്ര മഹാനായാലും–ദൗര്‍ബല്യങ്ങളില്‍നിന്നു് സമ്പൂര്‍ണ്ണമായും വിമുക്തനാവുകയില്ലെന്നു് കാണിക്കുന്നതിനായിരിക്കാം.

1610 ജനുവരി 10. ദൂരദര്‍ശിനി ഉപയോഗിച്ചു് അന്തരീക്ഷത്തിലെ ചലനങ്ങള്‍ ഗാലീലിയോ മനസ്സിലാക്കി. അതു് കോപര്‍നിക്കെസിന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു് തെളിയിക്കുകയും ചെയ്തു. ഇതിന്റെ ഫലങ്ങളെക്കുറിച്ചു് സ്നേഹിതന്മാര്‍ ഗാലീലിയോയ്ക്ക് മുന്നറിയിപ്പു് നല്‍കിയെങ്കിലും അദ്ദേഹം അതു വകവെച്ചില്ല. മനുഷ്യന്റെ യുക്തിയില്‍ വിശ്വാസമര്‍പ്പിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സൂര്യന്റെ പ്രകാശമേറ്റു് ചന്ദ്രനെപ്പോലെ ഭൂമിയും തിളങ്ങുന്നു. “ചന്ദ്രന്‍ നമുക്കെന്തോ അതുതന്നെയാണു് ചന്ദ്രനു നമ്മളും. ചിലപ്പോള്‍ കലയായി നാം ചന്ദ്രനെ കാണുന്നു.ചിലപ്പോള്‍ പൂര്‍ണ്ണമായും. മറ്റു ചിലപ്പോള്‍ ഒട്ടും കാണുന്നില്ല.” ഗാലീലിയോയുടെ ഈ വാക്കുകള്‍ കേട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞു–“പത്തുവര്‍ഷം തന്നെയായില്ല, റോമില്‍ ഇതു പറഞ്ഞതിനു് ഒരുത്തനെ ജീവനോടെ ദഹിപ്പിച്ചു.” ഗാലീലിയോയ്ക്കു് അതുകേട്ടു് ഒരു ചലനമുണ്ടാവുകയില്ല. അദ്ദേഹം മറുപടി നല്‍കി–“ദൂരദര്‍ശിനിയിലൂടെ നോക്കു. ഗഗനവും ഭൂമിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇന്നു് 1610 ജനുവരി 10 ആണു്. മനുഷ്യന്‍ ചരിത്രത്തില്‍ ഇതു രേഖപ്പെടുത്തും; ഗഗനം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു”

വെനീസുകാര്‍ തന്നെ വേണ്ടപോലെ മാനിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഗാലീലിയോ ഫ്ലോറന്‍സിലെ ഡ്യൂക്കിന്റെ നിര്‍ദ്ദേശമനുസരിച്ചു് അങ്ങോട്ടുപോയി. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്തല്ലെന്നാണല്ലോ അദ്ദേഹം തെളിയിച്ചതു്. പോപ്പിന്റെ ജ്യോതിശാസ്ത്രജ്ഞന്‍ ക്ലേവിയസിനു് അറിയാം ഗാലീലിയോ സിദ്ധാന്തങ്ങള്‍ മുഴുവനും ശരിയാണെന്നു്. പക്ഷെ, “ഇന്‍ക്വിസിഷന്‍” ആജ്ഞാപിച്ചതു് അദ്ദേഹം ആ സിദ്ധാന്തങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലെന്നാണു്. (മതവിശ്വാസങ്ങള്‍ക്കെതിരായി അഭിപ്രായം പറയുന്നവരെ ശിക്ഷിക്കാനുള്ള പ്രാചീനകാലത്തെ റോമന്‍ കാത്തലിക് കോടതിയാണു് ഇന്‍ക്വിസിഷന്‍ എന്നതു്). ആ ആജ്ഞയനുസരിച്ചു് ഗാലീലിയോ എട്ടുവര്‍ഷം മൗനം അവലംബിച്ചു. പോപ്പു് അര്‍ബന്‍ എട്ടാമന്‍ സിംഹാസനാരോഹണം ചെയ്തപ്പോള്‍ സംസ്കാരസമ്പന്നനും ഗണിതശാസ്ത്രജ്ഞനും ആയ അദ്ദേഹം തന്റെ സിദ്ധാന്തങ്ങളെ അംഗീകരിക്കുമെന്നു് ഗാലീലിയോ വിചാരിച്ചിരുന്നു. എട്ടുകൊല്ലത്തെ മൗനം. തനിക്കറിയാവുന്നത് അദ്ദേഹം പുറത്തു പറഞ്ഞതേയില്ല. പക്ഷേ, പ്രലോഭനം അടക്കാന്‍ പാടില്ലാത്തതായിത്തീര്‍ന്നു. വിധിയെ വെല്ലുവിളിക്കാന്‍ ഗാലീലിയോ തീരുമാനിക്കുകയും ചെയ്തു. വിശാലഹൃദയനായ അര്‍ബനു് നൂതനസിദ്ധാന്തങ്ങളെ അംഗീകരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇന്‍ക്വിസിറ്റര്‍ അദ്ദേഹത്തെ ഉപദേശിച്ചു, ആ പ്രവൃത്തി മതവിശ്വാസങ്ങള്‍ക്കു് വിപരീതമായി ഭവിക്കുമെന്നു്. പോപ്പ് പിന്നെ തടസ്സമൊന്നും സൃഷ്ടിച്ചില്ല. പീഡിപ്പിക്കാനുള്ള ഉപകരണങ്ങള്‍ ഗാലീലിയോയെ കാണിക്കാന്‍ മാത്രം അദ്ദേഹം ഇക്വിസിറ്ററോടു് ആജ്ഞാപിച്ചു. ഈ രംഗം തുടങ്ങുമ്പോള്‍ അര്‍ബന്‍ എട്ടാമന്‍ പോപ്പിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞു തുടങ്ങുന്നതേയുള്ളു. അവസാനത്തെ ഭാഗത്തിലെത്തുമ്പോള്‍ അദ്ദേഹം മതാദ്ധ്യക്ഷന്റെ എല്ലാ വേഷവിധാനങ്ങളോടും കൂടി നില്ക്കുകയാണു്. അപ്പോഴാണു്അദ്ദേഹത്തിന്റെ പ്രസ്താവം; “പ്രവര്‍ത്തിക്കാവുന്നതില്‍ ഏറ്റവും നല്ലതു് ഉപകരണങ്ങള്‍ അയാളെ കാണിക്കുക എന്നതാണു്.” ഇന്‍ക്വിസിറ്റര്‍ മറുപടി നല്‍കി–“അതുമതി തിരുമേനി.


സീന്യോര്‍ ഗാലീലി ഉപകരണങ്ങളില്‍ വൈദഗ്ദ്ധ്യമാര്‍ജ്ജിച്ചവനാണു്.” അര്‍ബന്‍ എന്ന മഹാമനസ്കനിലും, പോപ്പെന്ന മതാദ്ധ്യക്ഷനാണു് അങ്ങനെ ആജ്ഞാപിക്കുന്നതെന്നു് ബ്രക്‌ഹ്ത് എത്ര മനോഹരമായി അഭിവ്യഞ്ജിപ്പിക്കുന്നു!

1633 ജൂണ്‍ 22. തന്റെ ഗുരുനാഥന്‍ സിദ്ധാന്തങ്ങള്‍ പിന്‍വലിക്കുമെന്ന് ആന്‍ഡ്രിയ വിചാരിക്കുന്നതേയില്ല. “He would never recant. He who does not know the truth is merely an idiot, but he who knows it and calls it a lie is a criminal.”

[അദ്ദേഹം ഒരിക്കലും, പറഞ്ഞതു് തിരിച്ചെടുക്കില്ല. സത്യം അറിഞ്ഞുകൂടാത്തവന്‍ ബുദ്ധിശൂന്യന്‍ മാത്രം. എന്നാല്‍ അതറിഞ്ഞവന്‍ അതിനെ കള്ളമെന്നു വിളിച്ചാല്‍ അവന്‍ കുറ്റവാളിയാണു്] എന്നായിരുന്നു ശിഷ്യന്റെ പ്രസ്താവം. പക്ഷേ, തെറ്റായിപ്പോയി ആ സങ്കല്പം. മണിനാദം അന്തരീക്ഷത്തില്‍ സുശക്തമായി വ്യാപിക്കുകയാണു്. ഗാലീലിയോ മതപീഡനങ്ങള്‍ക്കു വിധേയനായി സിദ്ധാന്തങ്ങള്‍ പിന്‍വലിച്ചെന്നു് ശിഷ്യനും മറ്റുള്ളവരും മനസ്സിലാക്കി.

ആന്‍ഡ്രിയ (ഉറക്കെ)
“നേതാക്കന്മാരില്ലാത്ത രാജ്യം എത്ര നിര്‍ഭാഗ്യമുള്ളതാണു്!”

എല്ലാവരാലും അവഗണിക്കപ്പെട്ടു് അവിടെ എത്തുന്ന ഗാലീലിയോ മറുപടി പറഞ്ഞു:

“അല്ല നേതാക്കന്മാര്‍ ആവശ്യമുള്ള രാജ്യം നിര്‍ഭാഗ്യമുള്ളതാണു്.”

വര്‍ഷങ്ങള്‍ കഴിഞ്ഞു. 1633 തൊട്ടു് 1642 വരെ അദ്ദേഹം ഫ്ലോറന്‍സിനടുത്തുള്ള ഒരു കൊച്ചുവീട്ടില്‍ ഇന്‍ക്വിസിഷന്റെ തടവുകാരനായി താമസിച്ചു എന്നു പറഞ്ഞാലോ? മരണം വരെ അദ്ദേഹം ബന്ധനസ്ഥനായിരുന്നു എന്നു് അര്‍ത്ഥം. ഗാലീലിയോയുടെ അഭിപ്രായങ്ങളില്‍ വിപ്രതിപത്തി പ്രകടിപ്പിച്ച യുവാവു് അദ്ദേഹത്തിന്റെ മകള്‍ വര്‍ജീനിയയെ വിവാഹം കഴിച്ചുകൊള്ളാമെന്ന പ്രതിജ്ഞയെ കാറ്റില്‍പ്പറത്തിക്കളഞ്ഞു. യുവത്വം നശിച്ചു് വാര്‍ദ്ധക്യത്തിലേക്ക് കാലു് ഊന്നുന്ന അവള്‍ ഇപ്പോള്‍ അന്ധനായ ഗാലീലിയോയെ അലട്ടുകയാണു്. ശിഷ്യനായ ആന്‍ഡ്രിയയ്ക്ക് ഗുരുനാഥനോടു് പരമ പുച്ഛം. എങ്കിലും ഹോളണ്ടിലേക്കു് പോകുന്നതിനു് മുന്‍പു് അയാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ഗാലീലിയോ, താന്‍ രഹസ്യമായി എഴുതിക്കൊണ്ടിരുന്ന Discorsi എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി ശിഷ്യനെ ഏല്പിച്ചു. ഗുരുവിന്റെ ഭീരുത്വം കണ്ടു ശിഷ്യനുണ്ടായ പുച്ഛം ബഹുമാനമായി മാറി. ആ ഉത്കൃഷ്ടഗ്രന്ഥം രചിക്കാന്‍ സമയം ലഭിക്കാന്‍ വേണ്ടിയാണു് ഗാലീലിയോ പൂര്‍വോക്ത വിപരീതവാദം (recantaion) നടത്തിയതെന്ന് ആന്‍ഡ്രിയ കരുതി. എന്നാല്‍ ഗുരുനാഥന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം പ്രഖ്യാപിക്കുന്നു:‘I have betrayed my profession. A man who does what I have done cannot be tolerated in the ranks of Science’ (ഞാന്‍ എന്റെ തൊഴിലിനെ വഞ്ചിച്ചു. ഞാന്‍ ചെയ്തതു് ചെയ്യുന്ന മനുഷ്യനെ ശാസ്ത്രത്തിന്റെ അണികളില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല) ശിഷ്യന്‍ കൈയെഴുത്തുപ്രതിയും കൊണ്ടു് ഇറ്റലിയുടെ അതിര്‍ത്തികടക്കുമ്പോള്‍ നാടകം അവസാനിക്കുന്നു. ശിഷ്യന്‍ പോകുന്നതിനുമുന്‍പു് ഗുരുനാഥന്‍ മുന്നറിയിപ്പു നല്‍കി.–‘Take care when you go through Germany. Hide the truth under your coat’ ഈ നാടകം വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ ജന്മത്തിനു സാഫല്യം ഉളവായതുപോലെ തോന്നി. ആ രീതിയിലുള്ള മാനസികോന്നമനമാണു് ഈ കലാശില്പം എനിക്കു പ്രദാനം ചെയ്തതു്.

ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞനായ നീല്‍സ്ബോര്‍ (Niels Bohr), ഇറ്റലിയിലെ ശാസ്ത്രജ്ഞനായ എന്റീക്കോഫെര്‍മി (Enrico Fermi) ഇവരുടെ കണ്ടുപിടിത്തങ്ങളാണു് ആറ്റംബോംബിന്റെ നിര്‍മ്മിതിക്ക് സഹായിച്ചതു്. രണ്ടുപേരും നാസ്തികളെ പേടിച്ചു് അമേരിക്കയിലെത്തിയവരാണു്. അണുശക്തി മനുഷ്യന്റെ പുരോഗതിക്കു് അവലംബമായി ഭവിക്കണം എന്നു വിശ്വസിച്ച മനുഷ്യസ്നേഹികളായ ശാസ്ത്രജ്ഞരാണു് ഇവര്‍. എങ്കിലും പരോക്ഷമായി ഈ ശാസ്ത്രജ്ഞരും ഇവരെപ്പോലുള്ള മറ്റു ശാസ്ത്രജ്ഞരും സ്റ്റേറ്റിന്റെ ആധിപത്യത്തിലമര്‍ന്നു് മനുഷ്യരാശിയെ നശിപ്പിക്കാന്‍ സഹായിച്ചവരല്ലേ? ആ പാരമ്പര്യം തുടങ്ങുന്നതു് ഭീരുത്വം കാണിച്ച, പൗരോഹിത്യത്തിനു് വിധേയനായ, മതാനുശാസനങ്ങള്‍ക്കു മുന്‍പില്‍ തലകുനിച്ച ഗാലീലിയോയിലല്ലേ? ‘അതേ’ എന്നു് ബ്രക്‌ഹ്ത് ഈ നാടകത്തിലൂടെ ഉദ്ഘോഷിക്കുന്നു. അതുകൊണ്ട് അദ്ദേഹം ഗാലീലിയോയെ ഗര്‍ഹണീയനായി അവതരിപ്പിച്ചിരിക്കുകയാണെന്നു് തെറ്റിദ്ധരിക്കരുതു്. നാടകം വായിച്ചുകഴിയുമ്പോള്‍ നമുക്കു് അദ്ദേഹത്തോട് കാരുണ്യവും സ്നേഹവും മാത്രമേ തോന്നൂ. അവസാനത്തോടു് അടുത്ത രംഗത്തില്‍ ഗാലീലിയോ ചെയ്യുന്ന പ്രഭാഷണം ഉജ്ജ്വലമാണു്. അദ്ദേഹം പറയുന്നു:‘മനുഷ്യജീവിതത്തിന്റെ കടപ്പാടുകള്‍ ലഘൂകരിക്കുകയെന്നതാണു് ശാസ്ത്രത്തിന്റെ ലക്ഷ്യമെന്നു് ഞാന്‍ വിശ്വസിക്കുന്നു. അധികാരത്തിലിരിക്കുന്ന സ്വാര്‍ത്ഥമോഹികളായ ആളുകളാല്‍ പേടിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്മാര്‍ ജ്ഞാനത്തിനുവേണ്ടിമാത്രം ജ്ഞാനം വലിച്ചുകൂട്ടുകയാണെങ്കില്‍ ശാസ്ത്രത്തിനു് അംഗഭംഗം സംഭവിച്ചുപോകും. നിങ്ങളുടെ പുതിയ യന്ത്രങ്ങള്‍ പീഡനത്തിനുള്ള പുതിയ ഉപകരണങ്ങളായി മാറും. കാലം കഴിയുമ്പോള്‍, കണ്ടുപിടിക്കേണ്ടതെല്ലാം നിങ്ങള്‍ കണ്ടുപിടിച്ചുവെന്നു വരാം. പക്ഷേ, ആ പുരോഗതി മനുഷ്യരാശിയില്‍നിന്നു് അകന്നുള്ള പുരോഗമനമേ ആകൂ. നിങ്ങളും അവരും തമ്മിലുള്ള വിടവ് ഒരു ദിവസം വളരെ വലുതാവും. അപ്പോള്‍ ഒരു പുതിയ നേട്ടത്തില്‍ വിജയസൂചകമായി നിങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനു് മറുപടിയായി നിങ്ങള്‍ക്കു ലഭിക്കുന്നത് സാര്‍വ്വലൗകികമായ ഭീതിയുടെ ശബ്ദം മാത്രമായിരിക്കും’. ശരിയാണു്. ആറ്റം ബോംബ് കണ്ടുപിടിച്ചപ്പോഴുണ്ടായ വിജയോന്മത്തമായ ശബ്ദത്തിനുണ്ടായ പ്രതിശബ്ദം ഭീതിയുടേതായിരുന്നല്ലോ. ചരിത്രപരമായ നാടകമാണു് ‘ഗാലീലിയോ’. ഏതു ചരിത്രപരമായ നാടകവും സമകാലികമായ ചരിത്രത്തേയാണു് ആവിഷ്കരിക്കുന്നതെന്നു് ആരോ അഭിപ്രായപ്പെട്ടതു് ഇവിടെയും സാര്‍ത്ഥകമായിബ്ഭവിക്കുന്നു. നീതി നഗ്നതാണ്ഡവം നടത്തുമ്പോള്‍ സത്യം പ്രചരിപ്പിക്കണം എന്നു് ബ്രക്‌ഹ്ത് ഉദ്ഘോഷിച്ചു. ഗാലീലിയോയ്ക്ക് അതിനു സാധിച്ചില്ല. ബ്രക്‌ഹ്ത്തിനു് ഈ നാടകത്തിലൂടെ അതിനു കഴിയുന്നുണ്ട്.

ബ്രക്‌ഹ്ത് മാര്‍ക്സിസ്റ്റുമായിരുന്നു. ഭൂതാത്മകവസ്തു (Matter) പരമപ്രധാനമാണെന്നു് വിശ്വസിക്കുന്നവരാണു് മാര്‍ക്സിസ്റ്റുകള്‍. അതിനു് എപ്പോഴും ചലനമുണ്ട്; പരിവര്‍ത്തനമുണ്ട്. ഈ ചലനത്തിനും പരിവര്‍ത്തനത്തിനും നിയമങ്ങളുണ്ട്. ആ നിയമങ്ങളെക്കുറിച്ചുള്ള പഠനത്തെയാണു് ‘ഡയലിറ്റിക്സ്’ എന്നു വിളിക്കുന്നതു്.

Dialectics is nothing more than the science of general laws of motion and development of nature, human society and thought എന്നു് ഏംഗല്‍സ് പറയുന്നു (Anti Duhring). നാടകത്തിലൊരിടത്തു് ലോകത്തിനു് അതിന്റെ കേന്ദ്രസ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നു് ഗാലീലിയോ പ്രഖ്യാപിക്കുന്നുണ്ട്. ചലനരഹിതമാണു് ഭൂമിയെന്ന പ്രാചീന സങ്കല്പത്തിനു് കൊടുക്കുന്ന അടിയാണ് അതെങ്കിലും ഭൂതാത്മക വസ്തുവിന്റെ ചലനത്തെയും പരിവര്‍ത്തനത്തെയും ബ്രക്‌ഹ്ത് ആ പ്രഖ്യാപനത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുവെന്നു് എനിക്ക് തോന്നുന്നു. ബ്രക്‌ഹ്ത്തിന്റെ കൃതികളെക്കുറിച്ചുള്ള നല്ല വിമര്‍ശനം വോള്‍ട്ടര്‍ വിസേലിയുടെ The Art of Bertolt Brecht എന്ന ഗ്രന്ഥമാണു്. (ഇംഗ്ലീഷ് തര്‍ജ്ജമ ഡാനിയല്‍ റസ്സല്‍) മാര്‍ക്സിസ്റ്റായ വിസേലി പറയുന്നു ‘ഗാലീലിയോ’ മാര്‍ക്സിസ്റ്റ് നാടകമല്ലെന്നു്. ചലനത്തെയും പരിവര്‍ത്തനത്തെയും ആവിഷ്കരിച്ചു് ആന്തരവൈരുദ്ധ്യങ്ങളെ സ്ഫുടീകരിക്കുന്ന ഈ നാടകം മാര്‍ക്സിസത്തിന്റെ തത്ത്വങ്ങളെത്തന്നെ അനാവരണംചെയ്യുന്നുവെന്നു് എനിക്ക് തോന്നുന്നു.

നാടകത്തിലെ ഒരു കഥാപാത്രമായ സാങ്ഗ്രീദോ ചോദിക്കുന്നു: “ഈശ്വരനെവിടെ?”

ഗാലീലിയോ
ഞാന്‍ മതശാസ്ത്രജ്ഞനാണോ? ഗണിതശാസ്ത്രജ്ഞനാണു് ഞാന്‍.
സാങ്ഗ്രീദോ
എല്ലാത്തിനും പുറമേ നിങ്ങള്‍ മനുഷ്യന്‍ മാത്രം. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, നിങ്ങളുടെ പദ്ധതിയില്‍ ഈശ്വരനെവിടെ?
ഗാലീലിയോ
നമ്മളില്‍ അല്ലെങ്കില്‍ ഒരിടത്തുമില്ല.

നമ്മളില്‍ വര്‍ത്തിക്കുന്ന ഈശ്വരന്‍ യുക്തിയാണെന്നു് വ്യക്തമത്രെ. ആ യുക്തികൊണ്ട് അന്വേഷിക്കു. സത്യം പ്രകടമാകും. അങ്ങനെയുള്ള സത്യം ഹിറ്റ്‌ലറെപ്പോലുള്ള ഏകാധിപതികള്‍ വാഴുന്നിടത്തു് കോട്ടിനടിയില്‍വെച്ച് കൊണ്ടുപോകേണ്ടതായി വന്നേക്കാം. പൗരോഹിത്യത്തിന്റെ ഏകാധിപത്യം നടക്കുമ്പോള്‍ ആ സത്യത്തെ അസത്യമായി ആവിഷ്കരിക്കേണ്ടതായി വരും. എങ്കിലും സത്യം സത്യമായി വിരാജിക്കുകതന്നെ ചെയ്യും.


  1. ഗാലീലിയോ എന്നു് ഇറ്റാലിയന്‍ ഉച്ചാരണം. ഗലേലിയോ, ഗലേലേയോ എന്നൊക്കെ ഇംഗ്ലീഷ് ഉച്ചാരണം.