close
Sayahna Sayahna
Search

പുതിയ കവിതകൾ


റിൽക്കെ

റിൽക്കെ-12
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
Paul Klee (1879–1940): Aufgehender Stern (1931) (Courtesy: Wikimedia).

റോ ദാങ്ങിനെക്കുറിച്ചു് ഒരു പുസ്തകമെഴുതാൻ 1902-ൽ പാരീസിൽ എത്തുമ്പോൾ ഒരു കവി എന്ന നിലയിൽ അറിയപ്പെടാൻ വേണ്ടത്രയും 27-കാരനായ റിൽക്കെ എഴുതിക്കഴിഞ്ഞിരുന്നു. കവിതകളും കഥകളുമായി ഒമ്പതു സമാഹാരങ്ങൾ പുറത്തുവന്നിരുന്നു; The Book of Hours-ന്റെ രണ്ടു ഭാഗങ്ങളും The Book of Images പൂർണ്ണമായും എഴുതിക്കഴിഞ്ഞിരുന്നു. ആദ്യകാലത്തെ ധൂർത്തമായ സൗന്ദര്യാത്മകതയിൽ നിന്നു് നിയതതാളത്തിലുള്ള ഒരു കാവ്യാത്മകതയിലേക്കു് അദ്ദേഹം എത്തുകയും ചെയ്തിരുന്നു. The Book of Hours-ലെ ആദ്യഭാഗത്തെ കവിതകളുടെ ശൈലിയിൽ താൻ ശിഷ്ടകാലം തുടർന്നേനേയെന്നു് റിൽക്കെ പറയുന്നുമുണ്ടു്. പക്ഷേ ആ പാരീസ് യാത്ര അതെല്ലാം മാറ്റിമറിച്ചു. റോദാങ്ങിനോടു് ആദ്യം തോന്നിയ കൗതുകം പിന്നീടു് അദ്ദേഹത്തിനു ശിഷ്യപ്പെടുന്ന ആരാധനയായി മാറുകയായിരുന്നു. റോദാങ്ങിന്റെ സൃഷ്ടികളെ ആഴത്തിൽ പഠിക്കുന്തോറും തന്റെ കൃതികൾ എന്തുമാത്രം പൊള്ളയാണെന്നു് അദ്ദേഹത്തിനു തോന്നിത്തുടങ്ങി. റോദാങ്ങ് ഒരു പണിക്കാരനായിരുന്നു, കൈവേലക്കാരനായിരുന്നു; വിയർത്തു പണിയെടുത്താണു് അദ്ദേഹം ഓരോ ശില്പത്തിനും രൂപം കൊടുത്തിരുന്നതു്. ആ ഊർജ്ജവും അർപ്പണബോധവും തന്റെ ഭാഷയുടെ വഴുവഴുക്കുന്ന മിനുസവും പ്രചോദനത്തിന്മേലുള്ള വിധേയത്വവും വർജ്ജിക്കാനുള്ള ഒരാഹ്വാനമായിട്ടാണു് റിൽക്കെ കണ്ടതു്. കാവ്യാത്മകമായ ഒരു വിഷയത്തെക്കുറിച്ചു് കാവ്യാത്മകമായി എഴുതാൻ പ്രചോദനം കാത്തിരിക്കുന്ന ഒരടിമ എന്ന നിലയിൽ നിന്നു സ്വയം പുറത്തു കടക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നും പണിയെടുക്കുക — എന്നും എന്ന റോദാങ്ങിന്റെ പ്രമാണം എന്തുകൊണ്ടു് തന്റെ സർഗ്ഗാത്മകജീവിതത്തിൽ പകർത്തിക്കൂടാ എന്നു് അദ്ദേഹം സ്വയം ചോദിച്ചു. ഒരു ശില്പിയോ ചിത്രകാരനോ ചെയ്യുന്നപോലെ നിത്യവും ഒരു കല്ലോ കാൻവാസോ എടുത്തു് നേരേ പണി തുടങ്ങുക; പ്രചോദനമൊക്കെ പിന്നീടു വന്നുകൊള്ളും!

എഴുത്തിൽ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു് റിൽക്കെ ഒരു ദിവസം റോദാങ്ങിനോടു സംസാരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു: “തനിക്കെന്തുകൊണ്ടു് പുറത്തേക്കു പോയി എന്തിനെയെങ്കിലും വെറുതേ നോക്കിനിന്നുകൂടാ — ഉദാഹരണത്തിനു്, മൃഗശാലയിൽ പോയി ഒരു ജീവിയെ നിരീക്ഷിക്കുക, അതിൽ നിന്നൊരു കവിതയുണ്ടാകുന്നതു വരെ അതിനെ നിരീക്ഷിക്കുക.” റിൽക്കെ ആ ഉപദേശം അക്ഷരാർത്ഥത്തിൽ എടുത്തു എന്നതിന്റെ ഫലമാണു് 1902 ഒടുവിൽ എഴുതിയ “പുലി” എന്ന കവിത. എന്നും തുടക്കക്കാരനായിരുന്ന ഒരു കവി ഈ കവിതയിലൂടെ പുതിയ ഒരു തുടക്കം കുറിക്കുകയായിരുന്നു. ഒരർത്ഥത്തിൽ റിൽക്കേയുടെ കവിതാവേദപുസ്തകത്തിലെ പുതിയനിയമമാണു് “പുതിയ കവിതകൾ.” രണ്ടു ഭാഗങ്ങളായിട്ടാണു് ഈ സമാഹാരം പ്രസിദ്ധീകരിച്ചതു്. 1907-ൽ ഒന്നാം ഭാഗവും 1908-ൽ രണ്ടാം ഭാഗവും പുറത്തുവന്നു.

എന്താണു് ഈ പുതിയ കവിതകളിൽ പുതിയതായിട്ടുള്ളതു്? ഏറ്റവും പ്രകടമായിട്ടുള്ളതു് ഭാഷയുടെ മാറ്റമാണു്; അതു് ഒരേ സമയം സുതാര്യവും സങ്കീർണ്ണവുമായി മാറുന്നു. പദപ്രയോഗം അതിസംക്ഷിപ്തമാവുന്നു. “വസ്തു–കവിതകൾ” എന്നു് റിൽക്കെ വിശേഷിപ്പിച്ച ഈ കവിതകളിൽ ചിലതേ വസ്തുക്കളെക്കുറിച്ചുള്ളു; പക്ഷേ, എല്ലാ കവിതകൾക്കും ഒരു വസ്തുസ്വഭാവം കൈവന്നിരിക്കുന്നു; ശില്പങ്ങളെപ്പോലെ സ്വതന്ത്രസാന്നിദ്ധ്യങ്ങളായിട്ടാണു് അവ വായനക്കാരനു മുന്നിൽ നില്ക്കുന്നതു്. വിഷയമെന്തുമാകട്ടെ, ഒരു ചിത്രമോ ശില്പമോ പുരാണകഥാപാത്രമോ മൃഗമോ, അതു് ഈ കവിതകളിൽ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെയാണു് വായനക്കാരൻ കാണുന്നതു്; തനിക്കതിപരിചിതമായിരുന്നതൊന്നല്ല അയാൾ ഇപ്പോൾ മുന്നിൽ കാണുന്നതു്; ആ അപരിചിതത്വമേല്പിക്കുന്ന ആഘാതത്തിലൂടെയാണു് അയാൾ അതിന്റെ വാസ്തവം അറിയുന്നതു്. ഒരു തരത്തിൽ അയാളോടുള്ള ഒരു വെല്ലുവിളി കൂടിയാണതു്: അയാൾ ഇനി മേൽ ജീവിതം മാറ്റിജീവിക്കണം.