close
Sayahna Sayahna
Search

ചരിത്രവും ഭൂതകാലവും


റിൽക്കെ

റിൽക്കെ-23.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഇന്നലെയുടേയും അതിനു തലേന്നാളിന്റേയും നിശ്വാസത്തിനു് എന്തിനിത്രയും വ്യഗ്രതയോടെ കാതോർക്കുന്നു-രണ്ടും ഉറക്കത്തിലാണെന്നിരിക്കെ, വർത്തമാനകാലനിമിഷം ഉണർന്നിരുപ്പുണ്ടെന്നിരിക്കെ? പ്രബലവും ധൃഷ്ടവുമായ ഒരു കരിമ്പാറക്കെട്ടിനു മുന്നിൽ നിന്നുകൊണ്ടു് ഇന്നലെ അതിനു മേൽ പെയ്ത മഴയെക്കുറിച്ചു ചിന്തിക്കുന്നതുപോലെയല്ലേ അതു്?

ആളുകൾ തങ്ങൾ യഥാർത്ഥത്തിൽ തറവാടികളല്ലെന്നു തെളിയിക്കുന്നതും ഈ വിധത്തിലാണു്. മണ്മറഞ്ഞ മഹാന്മാരായ പൂർവ്വികരുടെ അപദാനങ്ങൾ പാടിക്കൊണ്ടിരുന്നാൽ തങ്ങൾ കുലീനരായി എന്നവർ കരുതുന്നു. ആ നേരം കൊണ്ടു് സ്വന്തം സാദ്ധ്യതകളെ ആഘോഷിക്കുകയും വാഴ്ത്തുകയും ചെയ്തിരുന്നെങ്കിൽ അതിലുമെത്രയോ കുലീനരായേനേ അവർ.

മണ്മറഞ്ഞുപോയ മഹാനായ ഒരു പൂർവ്വികനെക്കുറിച്ചു പറയുന്ന ഒരാൾക്കു് അദ്ദേഹത്തെക്കുറിച്ചുള്ള ചില ഉപാഖ്യാനങ്ങളല്ലാതെ ഒന്നും അറിയില്ല. എന്നാൽ ആർക്കുള്ളിൽ മഹാനായ ഒരു പൂർവ്വികൻ ഉയിർത്തെഴുന്നേല്ക്കുന്നു, അയാൾ പൂർവ്വകഥകൾ ഉരുക്കഴിക്കുന്നില്ല. അതുകൊണ്ടാണു് ഉൾക്കാതലുള്ള ഒരാൾക്കു് താൻ ആദിമനുഷ്യനാണെന്ന തോന്നലുണ്ടാകുന്നതും. കാരണം, തന്നിൽ നിന്നു തുടങ്ങുന്ന ലോകത്തിനു പിന്നിൽ ഒരു ചരിത്രം അയാൾ കാണുന്നില്ല; അയാൾക്കു സംസ്കാരവും ശക്തിയും രീതിയും അഭിരുചികളും നല്കിയ ആ പിതാക്കന്മാരും പൂർവ്വികരും അയാളുടെ സമകാലികരാണു്, അവർ പ്രവർത്തിക്കുന്നതു് അയാളിലാണു്, അയാൾക്കു മുമ്പല്ല. ശേഷമുള്ളവർ, കഷ്ടം, അവർ ജീവിച്ചതു മറ്റു നക്ഷത്രങ്ങളിലായിരുന്നു; അവർ മരിച്ചതും മറ്റു നക്ഷത്രങ്ങളിലായിരുന്നു!

ഒരു കാലഘട്ടത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനാർഹമാകുന്നതു് ആ കാലഘട്ടത്തിന്റെ പരിസരത്തിൽ മാത്രമാണു്. ചരിത്രമൂല്യം പുരാവസ്തുക്കൾ ശേഖരിക്കുന്നവർക്കു മാത്രം താങ്ങാൻ പറ്റുന്ന വൻവിലയാണു്, അത്രയും വില കൊടുക്കാൻ എല്ലാവർക്കും താല്പര്യമില്ല.

ചരിത്രത്തിന്റെയും അതിന്റെ ഫലങ്ങളുടേയും കാര്യത്തിൽ പിന്നെ പേടിക്കാനുള്ളതിതാണ്: ഭൂതകാലത്തിൽ നിന്നുള്ള സംഗതികൾക്കരികിൽ ഓരോ സമകാലികനിമിഷവും (അതിനി എത്ര സമീപസ്ഥവും ചലനാത്മകവുമായിക്കോട്ടെ) തീരെച്ചെറുതായി, ഞെരുങ്ങി, നിസ്സഹായമായി നില്ക്കുന്നതായിട്ടാണു കാണപ്പെടുക. പോയ കാലത്തുനിന്നുള്ള മഹദ്രൂപങ്ങൾ അനുകരണോത്സുകികളായ വരുംതലമുറകൾക്കു നല്കുന്ന പ്രോത്സാഹനവും ഉത്കർഷേച്ഛയുമൊക്കെ വന്ധ്യവും അഗണ്യവുമായിത്തോന്നും,   ഓരോ വീരപുരുഷനും ശേഷിപ്പിച്ചുപോയ ഒഴിഞ്ഞ ഇടങ്ങളെ തൊഴുകൈകളുമായി പ്രദക്ഷിണം വയ്ക്കുകയാണു് അലസഭക്തി എന്നു കാണുമ്പോൾ.

തങ്ങൾക്കിടയിൽ നിന്നു് ശക്തനും മഹാനുമായ ഒരാൾ ഉയർന്നുവരുമ്പോൾ ആളുകൾ ആശ്ചര്യചകിതരായിപ്പോകുന്നു; അയാൾ മണ്മറഞ്ഞേറെക്കാലം കഴിഞ്ഞും അവർ ആ ഒഴിഞ്ഞ ഇടത്തിനു ചുറ്റും കൂട്ടം കൂടി നില്ക്കും, കനപ്പെട്ട വാക്കുകളും പൊള്ളയായ ചേഷ്ടകളുമായി. അലസതയും ഇവിടെ കടന്നുവരുന്നുണ്ടു്. ആളുകൾ തങ്ങളുടെ ഊർജ്ജത്തിന്റെ ഒരോഹരി വ്യയം ചെയ്യണമെന്നേയുള്ളു, അതെങ്ങനെ വേണമെന്നതു പ്രശ്നമേയല്ല. ഇനി, ഒരു രാഷ്ട്രതന്ത്രജ്ഞനോ ഒരു സൈനികമേധാവിയോ ഒരു രാജാവോ ഇച്ഛാശക്തിയുടെ വീര്യം ഒന്നെടുത്തു പ്രയോഗിച്ചാൽ ബാക്കിയുള്ളവർക്കു് ഒരു ഭാരമൊഴിഞ്ഞ പ്രതീതിയാണു്, തങ്ങളുടെ കടമ നിർവഹിക്കേണ്ട ഭാരത്തിൽ നിന്നു് അവർക്കൊഴിവു കിട്ടിക്കഴിഞ്ഞു. കാരണം, അവർ വിശ്വസിക്കുന്നതിങ്ങനെയാണ്: തങ്ങൾ തന്നെയാണല്ലോ തങ്ങളിൽ നിന്നു് ഇങ്ങനെയൊരു വീരനായകനു ജന്മം കൊടുത്തതു്; കുറേക്കാലത്തേക്കു് ഇതു മതിയാവും!

നിത്യജീവിതം തള്ളിനീക്കിക്കൊണ്ടു പോകുന്നവരിൽ നിന്നാണു് ചരിത്രവാദത്തിനു് അതിന്റെ ഏറ്റവും നല്ല അനുയായികളെ കിട്ടുക. വർത്തമാനകാലത്തിനു് തങ്ങളോടെത്ര മമതയാണെന്നറിയാവുന്ന അവർക്കു് കാലം കഴിഞ്ഞ ഒരു മഹത്വത്തിന്റെ സംരക്ഷകരാണു തങ്ങളെന്ന ബോധത്തിൽ നെഞ്ചു വിരിച്ചു നില്ക്കാനാകുന്നു.

ഉദാഹരണത്തിന്, വർത്തമാനകാലലോകത്തു് തങ്ങളുടെ രാജ്യത്തിനു വലിയ പ്രമാണിത്തമൊന്നുമില്ല എന്ന നാണക്കേടിൽ നിന്നു് ഫ്രഞ്ചുകാർ സ്വയം കുറ്റവിമുക്തരാക്കുന്നതു് തങ്ങൾക്കു നെപ്പോളിയൻ ഉണ്ടായിരുന്നു എന്ന വസ്തുത പറഞ്ഞുകൊണ്ടാണു്. അങ്ങനെയൊരു മനോഭാവത്തിനു് അടിസ്ഥാനമില്ലെന്നും പറഞ്ഞുകൂടാ. ദേശീയനായകന്മാർക്കും രാഷ്ട്രതന്ത്രജ്ഞന്മാർക്കും തങ്ങളുടെ മഹത്തായ ഇച്ഛാശക്തിയല്ലാതെ മറ്റൊന്നും നല്കാനില്ല; എന്നാൽ അവരുടെ സമൃദ്ധിയും ഊർജ്ജവുമാണു് ജനങ്ങളുടെ ശക്തി. നൂറ്റാണ്ടുകളായി ചപലമായ ഭ്രമങ്ങൾക്കു വേണ്ടി സ്വന്തം കരുത്തുകൾ തുലച്ച ഒരു ജനതയ്ക്കു മേൽ നെപ്പോളിയൻ ഒന്നാമനെപ്പോലൊരാൾ സ്വയം പ്രതിഷ്ഠിക്കുമ്പോൾ ഒരു മുഴുവൻ നൂറ്റാണ്ടിന്റെയും ശക്തി ജനങ്ങളിൽ നിന്നയാൾ മുൻകൂറായി കൈവശപ്പെടുത്തുന്നു, ഒരു മുഴുവൻ ഭാവിയുടെ ആസ്തികൾ വലിയ ഒരൊറ്റ മുഹൂർത്തത്തിനായി ഉപയോഗപ്പെടുത്തുന്നു.

(1898 ജൂലൈ 11)