close
Sayahna Sayahna
Search

മരണം


റിൽക്കെ

റിൽക്കെ-23.12
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

മരിച്ചുപോയ ഒരാൾ തനിയ്ക്കു പ്രിയപ്പെട്ടവരിൽ ചെലുത്തുന്ന സ്വാധീനം എന്തു മാതിരിയായിരിക്കും? അവരുടെ ഉത്തരവാദിത്തം വർദ്ധിപ്പിയ്ക്കുകയാണു് അതു ചെയ്യുന്നതു് എന്നാണെനിയ്ക്കു തോന്നിയിട്ടുള്ളതു്. താൻ തുടങ്ങിവച്ച നൂറുകണക്കായ കാര്യങ്ങൾ താൻ വിട്ടുപോകുന്നവരുടെ കൈകളിലേല്പിച്ചുകൊടുക്കുകയല്ലേ അയാൾ ചെയ്യുന്നതു് — അയാളുമായി ഒരാത്മബന്ധം അവർ അവകാശപ്പെടുന്നുണ്ടെങ്കിൽ? കഴിഞ്ഞ കുറേക്കൊല്ലങ്ങളായി എത്രയോ മരണങ്ങളുടെ സാമീപ്യം എനിക്കനുഭവിക്കേണ്ടിവന്നിരിക്കുന്നു. പക്ഷേ എന്നിൽ നിന്നു പറിച്ചുമാറ്റപ്പെടുന്ന ഓരോ വ്യക്തിയും എനിക്കു പൂർത്തിയാക്കേണ്ട ദൌത്യങ്ങളുടെ എണ്ണം കൂട്ടിയിട്ടേയുള്ളു. വിശദീകരണങ്ങളില്ലാത്തതും, നാമറിയുന്നവയിൽ വച്ചേറ്റവും മഹത്തായതുമായ ഈ അനുഭവത്തിന്റെ ഭാരം — വെറും തെറ്റിദ്ധാരണ കൊണ്ടാണു് നമുക്കതു് ക്രൂരവും തന്നിഷ്ടം കാട്ടുന്നതുമായി തോന്നുന്നതു് — ജീവിതത്തിന്റെ ആഴത്തിലേക്കു് അധികമധികം നമ്മെ തള്ളിയടുപ്പിക്കുകയാണു്, ക്രമാനുഗതമായി വളർന്നുവരുന്ന നമ്മുടെ ശക്തികളുടെ വിനിയോഗത്തിനു് അതു നമ്മെ നിർബ്ബന്ധിക്കുകയാണു്.

(1908 സെപ്തംബർ 23)

നഷ്ടമായതൊന്നിനെച്ചൊല്ലി നാം നിരാശരാവരുതു്, അതിനി ഒരു വ്യക്തിയോ, ആഹ്ളാദം നല്കുന്ന ഒരനുഭവമോ ആയിക്കോട്ടെ; സർവതും പൂർവാധികം മഹിമയോടെ മടങ്ങിയെത്തിക്കൊള്ളും. ക്ഷയിക്കേണ്ടതു ക്ഷയിക്കും; നമുക്കുള്ളതു നമ്മോടൊപ്പം നിൽക്കും; എന്തെന്നാൽ, നമ്മുടെ ഗ്രഹണശേഷിക്കപ്പുറത്തുള്ളതും, നമ്മുടെ ധാരണകളെ തകിടം മറിക്കുന്നതെന്നു തോന്നുന്നതുമായ നിയമങ്ങൾക്കനുസരിച്ചാണു് സർവതും പ്രവർത്തിക്കുന്നതു്. നിങ്ങളിലടങ്ങി നിങ്ങൾ ജീവിക്കണം; ജീവിതമെന്നാൽ ജീവിതമാകെയാണെന്നോർക്കുക: ലക്ഷക്കണക്കായ സാദ്ധ്യതകൾ, ആരംഭങ്ങൾ, ഭാവികൾ; അവയോടു ബന്ധപ്പെടുത്തി നോക്കുമ്പോൾ യാതൊന്നുമില്ല, കഴിഞ്ഞുപോയതായി, നഷ്ടപ്പെട്ടതായി.

(1904 ഏപ്രിൽ 29)

ഞാനൊരിക്കൽ പാരീസിൽ ഒരു പാലത്തിനു മേൽ നിൽക്കുമ്പോൾ കുറച്ചകലെയായി പുഴയിലേക്കുള്ള വഴിയിൽ ആത്മഹത്യ ചെയ്ത ഒരാളുടെ ജഡം തുണി കൊണ്ടു മൂടിയിട്ടിരിക്കുന്നതു കണ്ടു. അരികിൽ നിന്ന ഒരാൾ പെട്ടെന്നെന്തോ പറയുന്നതു ഞാൻ കേട്ടു. നീലക്കോട്ടിട്ട ചെറുപ്പക്കാരനായ ഒരുന്തുവണ്ടിക്കാരനായിരുന്നു അതു്; സ്ട്രോബറി നിറത്തിൽ ചുവന്ന മുടിയും, മിടുക്കും പ്രസരിപ്പും നിറഞ്ഞ താടി കൂർത്ത മുഖവും. അയാളുടെ താടിയിന്മേലുള്ള അരിമ്പാറയിൽ പെയിന്റുബ്രഷു പോലെ എറിച്ചുനിൽക്കുന്ന ചുവന്ന രോമങ്ങൾ വളർന്നുനിന്നിരുന്നു. ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ആ വസ്തുവിനെ തല കൊണ്ടൊന്നു ചൂണ്ടിക്കാട്ടിയിട്ടു് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു് അയാൾ പറഞ്ഞു: “നിങ്ങൾക്കെന്തു തോന്നുന്നു, ആയാൾക്കു് ഇതു ചെയ്തൊപ്പിക്കാൻ പറ്റിയ സ്ഥിതിയ്ക്കു് വേറേ പലതും ഇത്ര നന്നായി അയാൾ ചെയ്യുമായിരുന്നില്ലേ?”

കല്ലു കൂട്ടിവച്ച കൂറ്റൻ ഉന്തുവണ്ടിയുടെ നേർക്കു് അയാൾ നടക്കുമ്പോൾ എന്റെ നോട്ടം അത്ഭുതത്തോടെ പിന്നാലെ ചെന്നു. ശരിയല്ലേ: ജീവിതത്തിലെ ഏറ്റവും ശക്തവും ദൃഢവുമായ കെട്ടഴിയ്ക്കാനാവശ്യമായ ആ ബലം കൊണ്ടു് നമുക്കെന്തൊക്കെ കൈവരിച്ചുകൂടാ! ആ ദിവസത്തിനു ശേഷം എനിക്കു തീർച്ചയായി, ഏതു വിധിവിപര്യയവും, കൊടുംനൈരാശ്യം പോലും, സമൃദ്ധി തന്നെയാണെന്നു്; നമ്മുടെ സത്തയ്ക്കു മേൽ നടക്കുന്ന ഏതാക്രമണത്തെയും ഹൃദയത്തിന്റെ ഒരേയൊരു തീരുമാനം കൊണ്ടു് എതിർദിശയിലേക്കു നമുക്കു തിരിക്കാമെന്നു്.

(1920 ഫെബ്രുവരി 4)