close
Sayahna Sayahna
Search

പനിനീർപ്പൂക്കൾ


റിൽക്കെ

റിൽക്കെ-24.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

1
ആർക്കെതിരെയാണു് പനിനീർപ്പൂവേ,
ഈ മുള്ളുകൾ നീ വേണമെന്നു വച്ചതു?
അതിലോലമാണു തന്റെയാനന്ദമെന്നതിനാലാണോ
ഈ വിധം നീയൊരു സായുധസൗന്ദര്യമായതും?
ആരിൽ നിന്നാണീ അമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നതെന്നു പറയുമോ?
അതിനെ പേടിക്കാത്തവരെത്രയോ പേരുണ്ടായിരുന്നു,
നിന്നെയും മോഷ്ടിച്ചു കടന്നുകളഞ്ഞവർ?
പകരം നീ മുറിപ്പെടുത്തുന്നതോ,
വേനൽ തുടങ്ങി ശരൽക്കാലം വരെ
സ്വമേധയാ നിന്നെ സേവിക്കുന്ന മൃദുലതകളെ.

2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനാണോ,
പനിനീർപ്പൂവേ, നിനക്കിഷ്ടം?
അതോ, ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ,
നിന്നെ ഞങ്ങളുടെ വശത്താക്കിയതു?
എത്ര തവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു,
തൃപ്തയായി, നിർജ്ജീവയായി
-ഓരോ ഇതളും ഒരു ശവക്കച്ചയായി-,
ഒരു വാസനച്ചിമിഴിനുള്ളിൽ,
ഒരു മുടിക്കുത്തിനുള്ളിൽ,
ഒറ്റയ്ക്കിരുന്നു പിന്നെയും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.

3
നിന്നെക്കുറിച്ചു ഞങ്ങൾ മിണ്ടാതിരിക്കട്ടെ.
അവാച്യം നിന്റെ പ്രകൃതം.
മറ്റു പൂക്കൾ മേശപ്പുറത്തിനലങ്കാരമാവുന്നു,
നീയതിനെ മറ്റൊന്നാക്കുന്നു.

നിന്നെ ഞാനൊരു പൂത്തലത്തിൽ വയ്ക്കുന്നു-
സർവ്വതുമതാ, രൂപാന്തരപ്പെടുകയായി:
ഗാനമതു തന്നെയാവാം,
പാടുന്നതു പക്ഷേ, ഒരു മാലാഖ.