close
Sayahna Sayahna
Search

വമനേച്ഛയുടെ സംശോധിതരൂപം


വമനേച്ഛയുടെ സംശോധിതരൂപം
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

“ജോയിസിനും പ്രൂസ്തിനും ശേഷം യൂറോപ്യന്‍ സാഹിത്യം സൃഷ്ടിച്ച പ്രധാനപ്പെട്ട നോവലുകളില്‍ ഒന്നണ് The Death of Virgil എന്നു മാത്രമല്ല പറയേണ്ടത്. മൃഗീയ ശക്തിയുടെ കാലയളവില്‍ സാഹിത്യകാരന്റെ ദുഃഖാത്മകമായ സ്ഥിതിവിശേഷത്തെ അതു സവിശേഷമായ രീതിയില്‍ പ്രതിപാദിക്കുന്നു എന്നു പ്രസ്താവിക്കണം. മരണം അടുക്കാറായപ്പോള്‍ തന്റെ ‘ഈനിയിഡ്’ എന്ന കൃതി നശിപ്പിക്കണമെന്ന് വെര്‍ജില്‍ തീരുമാനിച്ചതിനെ കുറിച്ചാണ് ആ നോവല്‍. മനുഷ്യന്റെ യാതനയെയും കാട്ടാളത്തത്തിന്റെ ആഗമനത്തെയും ആവിഷ്കരിക്കാന്‍ ഭാഷയുടെ സൗന്ദര്യത്തിനോ സത്യത്തിനോ കഴിവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. വാക്കുകളല്ലാതെ തന്നെ സഹായിക്കുന്ന കവിത മനുഷ്യന്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു: ക്രിയാംശത്തിന്റെ കവിത. നമ്മുടെ കാലയളവിലെ മനുഷ്യത്വമില്ലായ്മ എഴുത്തുകാരനില്‍ അടിച്ചേല്പിക്കുന്ന വിഷാദ ഭാരത്തെയും ഉള്‍ക്കാഴ്ചയെയും വ്യാകരണത്തിനും ഭാഷണത്തിനും താങ്ങാന്‍ ആവാത്ത വിധം അല്പങ്ങളായി പോയതു കൊണ്ട് അവയെ പാരമ്പര്യത്തിനു അതീതമായ മട്ടില്‍ കൊണ്ടു ചെന്നു ബ്രോഹ്” (Herman Broch). മഹാനായ ഓസ്ട്രിയൻ സാഹിത്യകാരന്‍ ഹെര്‍മാന്‍ ബ്രോഹിനെക്കുറിച്ചു വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ്ജ് സ്റ്റെനര്‍ പറഞ്ഞ വാക്കുകളാണിവ. ആശയ വിനിമയത്തിനും വികാരാവിഷ്കരണത്തിനും ഭാഷ അസമര്‍ത്ഥമാണെന്നും ഗണിത ശാസ്ത്രം അതിനു പ്രയോജനപ്പെട്ടേക്കാമെന്നും അദ്ദേഹം വിശ്വസിച്ചു. ‘വെര്‍ജിലിന്റെ മരണം’ ബ്രോഹിന്റെ പ്രകൃഷ്ട കൃതിയാണ് (മാസ്റ്റര്‍പീസ്). അതുപോലൊരു മാസ്റ്റര്‍പീസാണു അദ്ദേഹത്തിന്റെ The Sleepwalkers എന്ന നോവല്‍, 1888-നും 1918നും ഇടയ്ക്കുള്ള ജര്‍മ്മന്‍ ചരിത്രത്തെ അപഗ്രഥിച്ച് മൂല്യങ്ങളുടെ തകര്‍ച്ചയെ ചിത്രീകരിക്കുന്ന ഈ നോവല്‍ ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും മഹനീയമായ കലാസൃഷ്ടിയാണെന്നു മീലാന്‍ കുന്ദേര അഭിപ്രായപ്പെടുന്നു. ഈ സാഹിത്യ സംഭാവനകളുടെ പേരില്‍ ബ്രോഹിനു നോബല്‍ സമ്മാനം കൊടുക്കേണ്ടതാണെന്നു റ്റോമാസ് മന്‍ പറയുകയുണ്ടായി. മഹാനായ ഈ കലകാരന്റെ The Spell എന്ന നോവൽ അദ്ദേഹത്തിന്റെ മറ്റു രണ്ടു കൃതികള്‍ക്കും സമാനമാനെന്നാണ് സ്റ്റെനറുടെ മതം. ഇതിനെക്കുറിച്ചാണ് നമ്മുടെ പര്യാലോചന. ‘സ്പെല്ലി’ന്റെ — ‘മാന്ത്രികവിദ്യ’യുടെ കഥ പറയുന്നത് ഓസ്ട്രിയന്‍ ആല്‍പ്സിലെ ഒരു ഡോക്ടറാണ്. വൃദ്ധനാണ് അയാള്‍. തനിക്കു സംഭവിച്ചത് രേഖപ്പെടുത്താന്‍ ഡോക്ടര്‍ക്കു താല്പര്യമുണ്ട്. ജ്ഞാതവും വിസ്മരിക്കപ്പെട്ടതും ആയതിനോടു ചേര്‍ന്നു നില്ക്കാന്‍ അതു സഹായിക്കും. ജീവിതം ഒഴുകുന്നു, ഉയര്‍ന്നും താണും. കാലത്തിനാല്‍ ഗ്രസിക്കപ്പെട്ട് അത് അപ്രത്യക്ഷമാകുന്നു. അതുതന്നെയല്ലേ പട്ടണത്തില്‍ നിന്ന് ആ ഗ്രാമത്തിലേക്കു ഡോക്ടറെ പലായനം ചെയ്യിച്ചത്? സ്ട്രീറ്റ് കാറുകളുടെ സമയനിഷ്ഠ, നിയമങ്ങളുടെ നിശിതത്വം ഇവ നാഗരിക ജീവിതത്തിലുണ്ട്. അതു വെറുത്തതാണ് ഡോക്ടര്‍ ആ ഗ്രാമത്തിലെത്തിയത്. അദ്ദേഹം ‘പ്രാക്റ്റീസ്’ നടത്തുന്ന കുപ്രണ്‍ ഗ്രാമത്തില്‍ ഒരു അപരിചതന്‍ എത്തി. വായുടെ രണ്ടറ്റത്തും തൂങ്ങിക്കിടക്കുന്ന മീശ. കൊക്കു പോലുള്ള മൂക്ക്. ഷേവിങ്ങ് റെയ്സറിന്റെ സ്പര്‍ശമേല്ക്കാതുള്ള താടി. അയാള്‍ക്കു മുപ്പതു വയസ്സു വരുമെന്നു ഡോക്ടര്‍ക്കു തോന്നി! ബ്രാഹ് അയാളെക്കുറിച്ചും നോവലിനെക്കുറിച്ചും പറയുന്നത് ഇങ്ങനെയാണ്: “ആദ്യം അയാളെക്കുറിച്ചു ഗ്രാമവാസികള്‍ക്കുണ്ടായ പ്രതികരണം സഹതാപത്തിന്റേതായിരുന്നില്ല. നേരെ മറിച്ച് അയാള്‍ ക്ഷണിച്ചു വരുത്തിയത് പുച്ഛവും ശത്രുതയുമായിരുന്നു. ഭൂമിയുടെ പാവനത്വം, മലകളെ ആക്രമിച്ചു കീഴടക്കല്‍ ഇങ്ങനെയുള്ള സ്യൂഡോമിത്തിക്ക്’ ആശയങ്ങള്‍ കൊണ്ട് പിടിവിടാപ്പിശാചിന്റെ മട്ടില്‍ എല്ലാവരെയും ശല്യപ്പെടുത്തിയ ഭ്രാന്തനായി അയാള്‍ പ്രത്യക്ഷനായി. പക്ഷേ ക്രമേണ അയാള്‍ക്ക് അനുയായികളുണ്ടായി. ആദ്യം ചെറുപ്പക്കാര്‍. പിന്നീട് പ്രായം കൂടിയവര്‍. ഒടുവില്‍ ഗ്രാമം മുഴുവന്‍ അയാളുടെ മാന്ത്രിക ശക്തിക്ക് അടിമപ്പെട്ട. ”ആ യുവാവിന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നതിന് തങ്ങള്‍ക്കു പ്രയോജനപ്രദമാണെന്നു കര്‍ഷകരാകെ വിചാരിച്ചു.

മനുഷ്വവിദ്വേഷമാണ് അപരിചിതന്‍ പ്രചരിപ്പിച്ചത്. നാസ്തികളുടെ “പ്രാകൃതിക രക്തത്തിലും മണ്ണി”ലുമേ ശാന്തി കണ്ടെത്താനാവുകയുള്ളൂ എന്ന് അയാള്‍ വാദിച്ചു. പര്‍വ്വതത്തില്‍ നിന്നു സ്വര്‍ണ്ണം കുഴിച്ചെടുക്കാമെന്ന് അയാള്‍ ഗ്രാമീണരോടു പറഞ്ഞു. അയാള്‍ പകര്‍ന്നു കൊടുത്ത ഉന്മാദത്തിന്റെ ഫലമായി ഒരു പെണ്‍കുട്ടിയെ നിഗ്രഹിച്ചു. മതാനുഷ്ഠാനപരമായ ചടങ്ങ് എന്ന നിലയിലാണ് ആ ബലികൊടുക്കല്‍. അപ്പോള്‍ പ്രകൃതിയുടെ ശിക്ഷയെന്ന രീതിയില്‍ ഭൂകമ്പമുണ്ടാവുകയും അതില്‍പ്പെട്ട് വധകര്‍ത്താവ് മരിക്കുകയും ചെയ്തു.

സംഭവങ്ങള്‍ ജര്‍മ്മനിയിലെന്ന പോലെ ഉന്മാദത്തില്‍ നിന്ന് ഉന്മാദത്തിലേക്കു നീങ്ങി. അപരിചിതനെ എതിര്‍ത്തിരുന്നു ഒരു വൃദ്ധ. അവര്‍ അപ്പോഴപ്പോള്‍ മുന്നറിയിപ്പുകള്‍ നല്കിയിരുന്നെങ്കിലും ഭ്രാന്തില്‍ വീണ ഗ്രാമവാസികള്‍ അവ ശ്രദ്ധിച്ചതേയില്ല. ഗ്രാമീണോത്സവം നടക്കുന്ന വേളയില്‍ അവര്‍ ആ ഉന്മാദത്തിന്റെ ബലിമൃഗമായി. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ അവരുടെ ദുരന്തം അമ്മ വഴിക്കുള്ള പിന്‍തുടര്‍ച്ചാവകാശക്രമത്തിന്റെ നാശത്തിനു പ്രതിനിധീഭവിച്ചു. ഇതിനു ശേഷം ഗ്രാമം പഴയ രീതിയിലേക്കു വരികയും പരിഷ്കാരം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു. ആ അപരിചിതനായ യുവാവിനു പോലും ഗ്രാമീണ ജീവിതത്തിന്റെ ലയത്തിൽ വിലയം കൊള്ളേണ്ടതായിവന്നു. എങ്കിലും മനുഷ്യത്വത്തിന്റെ ഒരംശം എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടു.

എന്താണ് ഈ നോവലിന്റെ പ്രമേയം? 1938-ൽ നാത്‌സികള്‍ ബ്രോഹിനെ അറസ്റ്റ് ചെയ്തു. പക്ഷേ സ്കോട്ട്‌ലാന്റ് വഴി അമേരിക്കന്‍ ഐക്യനാടുകളില്‍ ചെന്നു ചേരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ നോവലെഴുതിയപ്പോള്‍ ഹിറ്റ്‌ലറാണ് ബ്രോഹിന്റെ മനസ്സിലുണ്ടായിരുന്നത് എന്നത് സ്പഷ്ടമാണ്. ആര്യ വംശത്തിന്റെ മഹിമ ഉദ്ഘോഷിച്ചുകൊണ്ട് അപരാധം ചെയ്യാത്ത ജൂതന്മാരെ ജീവനോടെ ദഹിപ്പിച്ച ആ ദ്രോഹിയുടെ പ്രവര്‍ത്തനങ്ങളെ അല്പമൊന്നു ലഘൂകരിച്ച് അപരിചിതന്റെ പ്രവര്‍ത്തനങ്ങളെ സ്ഫുടീകരിക്കുകയാണ് നോവലിസ്റ്റ്. ‘വയര്‍ലെസ് സെറ്റു’കള്‍ വില്ക്കുന്ന കഥാപാത്രമുണ്ട് ഈ നോവലില്‍. അയാളും അയാളുടെ കുടുംബവും പീഡിപ്പിക്കപ്പെടുന്നുണ്ട്. അവര്‍ ജൂതന്മാരുടെ പ്രതിരൂപങ്ങളത്രേ. ഭീകരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി രാഷ്ട്രത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയാലും ക്രമേണ അവയുടെ തീക്ഷണത കുറയുമെന്നും കുറഞ്ഞാലും മനുഷ്യത്വത്തിന്റെ ഒരംശം ഇല്ലാതാവുമെന്നുമുള്ള ചിന്തയ്ക്കു ഊന്നല്‍ നല്കിക്കൊണ്ട് ബ്രോഹ് നോവല്‍ അവസാനിപ്പിക്കുന്നു.

ഇവിടെപ്പറഞ്ഞതില്‍ നിന്ന് വിഭിന്നമായും ഈ നോവലിനെ വ്യാഖ്യാനിക്കാവുന്നതാണ്. ‘മാസ് സൈക്കോളജി’യുടെ — ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിന്റെ — സ്വഭാവം വ്യക്തമാക്കലാണ് ഈ നോവലിന്റെ കര്‍ത്തവ്യമെന്നു കരുതാം. ആ കരുതലിന് നോവലിസ്റ്റിന്റെ അനുഗ്രാഹകതയുണ്ട് താനും. വസ്തുനിഷ്ഠങ്ങളായ വര്‍ണ്ണനകളിലൂടെ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം ആവിഷ്കരിക്കാവുന്നതാണ്. ഫുട്ബോള്‍ കളി നടക്കുമ്പോള്‍ ജനക്കൂട്ടമെങ്ങനെ ആര്‍ത്തു വിളിച്ചു. ബര്‍ലിനിലെ ‘റീഹ് ചാന്‍സലറി’യില്‍നിന്നുകൊണ്ട് ഹിറ്റ്ലര്‍ എങ്ങനെ അട്ടഹസിച്ചു എന്നതൊക്കെ സജീവങ്ങളായി വര്‍ണ്ണിക്കാവുന്നതേയുള്ളൂ. പക്ഷേ ചരിത്രത്തോടു ബന്ധപ്പെട്ട ആ വര്‍ണ്ണനങ്ങള്‍ ശൂന്യങ്ങളായേ അനുഭവപ്പെടു. അത് വ്യക്തമാക്കണമെങ്കിൽ അജ്ഞതങ്ങളായ ശക്തിവിശേഷങ്ങള്‍ ഒരു വ്യക്തിയെ എങ്ങനെ ബാധിച്ചു എന്ന് സ്പഷ്ടമാക്കണം. ബ്രോഹ് ചെയ്യുന്നത് അതു തന്നെയാണ്. പ്രായം കൂടിയ ഒരു ഡോക്ടറുടെ ജേണലുകളിലൂടെ ഒരു ഗ്രാമീണ ജനതയുടെ ചിത്തവൃത്തിപരങ്ങളായ പോരാട്ടങ്ങള്‍ മുഴുവനും അദ്ദേഹം ചിത്രീകരിക്കുന്നു. ശരി. അപ്പോഴും നമ്മള്‍ ആദ്യത്തേതിലേക്കു തന്നെ തിരിച്ചു വരികയാണ്. ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിന് അനിയത സ്വഭാവം വരാന്‍ ഹേതുവെന്ത്? തെറ്റായ ഒരു ആശയത്തിന്റെ ഊര്‍ജ്ജം കൊണ്ട് രാഷ്ട്രത്തിനു പരിവര്‍ത്തനം വരുത്താമെന്ന് ഫാസിസ്റ്റുകള്‍ തെറ്റിദ്ധരിച്ചു ആ ഉന്മാദനം ജനക്കൂട്ടത്തിന്റെ ഉന്മാദമായി മാറി. ജൂതന്മാര്‍ക്കെതിരായുള്ള നാത്‌സി പ്രവര്‍ത്തനങ്ങള്‍ കണ്ടു ബ്രോഹ് പലപ്പോഴും ഛര്‍ദ്ദീച്ചിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ കണ്ടിട്ടുണ്ട്. ആ വമനപ്രക്രിയയെ സംശോധിത രൂപത്തിലാക്കിയതാണ് ഈ കലാസൃഷ്ടി.