close
Sayahna Sayahna
Search

വല


വല
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

അങ്ങനെ അവള്‍ എന്നെ തറപ്പിച്ചു നോക്കുമെന്നും, ആ നോട്ടം എന്റെ നെഞ്ചില്‍ സൂചിമുനകളായി ആഴ്ന്നിറങ്ങുമെന്നും എനിക്കറിയാം. അവ എന്റെ ധമനികളെ മുറിപ്പെടുത്തും. ചോര ഇവിടെ തളംകെട്ടും. ആ ചോരയുടെ മണം അന്തരീക്ഷത്തില്‍ പടര്‍ന്ന് നിങ്ങളിലും എത്തിക്കൂടായ്കയില്ല. ഒരു റോഡപകടമായോ, അറവുശാലയിലെ ദൈനംദിന സംഭവമായോ, ഒരനുരാഗസാഫല്യമായോ നിങ്ങള്‍ ധരിച്ചെന്നുമിരിക്കും. സാരമില്ല, അവള്‍ നോക്കുന്നത് എന്നെ കീഴടക്കാനാണെന്നും, വരിഞ്ഞുമുറുക്കി ഇവിടെ ഒരു കോണില്‍ എന്നെ തളച്ചിടാനാണെന്നും നിങ്ങള്‍ക്കറിയില്ലല്ലൊ.

ഞാന്‍ എന്റെ പൊന്തിച്ച കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തിക്കരഞ്ഞു. അതുകണ്ടവള്‍ പറഞ്ഞു. “നിന്നെ ഞാന്‍ വിടില്ല. ഇനിയും നിന്നെ എനിക്കുവേണം. ഒരു നല്ല കുട്ടിയായി ഞാന്‍ കൊണ്ടുനടക്കും.”

നല്ല കുട്ടിയായി നടക്കുവാന്‍ മാത്രമേ ഇനി എനിക്കു കഴിയൂ. വളരെ പണ്ട് ആദ്യമായ് ഞങ്ങള്‍ കണ്ടുമുട്ടിയ നാളുകളില്‍ ഇങ്ങനെ ആയിരുന്നില്ല. ഒരുമിച്ച് ഓടി നടക്കുമായിരുന്നു. ഒരു വെളുത്തവാവിന്‍ നാള്‍ രാത്രിയില്‍ അവള്‍ക്കു എന്നോടൊപ്പം ചന്ദ്രനിലേയ്ക്കു പറക്കാനായിരുന്നു മോഹം. ഞങ്ങള്‍ പങ്കിട്ട സ്വപ്നങ്ങളില്‍ ചന്ദ്രനിലെ ശാന്തസമുദ്രത്തില്‍ ഓടിച്ചാടി നടക്കുകയും, ഞങ്ങളില്‍നിന്നും പറന്നകലുന്ന ഭൂമിയെക്കണ്ട് വിസ്മയപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരു സാധാരണ മിഡില്‍ക്ലാസ് പൗരന്റെ സ്വപ്നങ്ങള്‍ ഇങ്ങനെ തുടരാന്‍ പറ്റില്ലല്ലോ. ഞാനറിയുന്ന ജീവിതത്തില്‍ സ്വപ്നങ്ങള്‍ നന്നേ കുറവ്. യാഥാര്‍ഥ്യങ്ങള്‍ സ്വപ്നങ്ങളല്ലെന്ന് അവളോട് പറഞ്ഞു. അവള്‍ വെറുതെ ചിരിച്ചതേയുള്ളൂ. ഞാന്‍ പറഞ്ഞത് ഒരു വിഡ്ഢിത്തമെന്നോണം. പക്ഷേ പിന്നീടും ഞാൻ വിഡ്ഢിത്തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.

ഒരിക്കല്‍ പട്ടണത്തിലൂടെ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു, “മഴ പെയ്യുമോ?” “ഇല്ല” ഞാന്‍ പറഞ്ഞു. ഞങ്ങള്‍ നടന്നു. വീണ്ടും. എന്നാല്‍ മഴ പെയ്യുകതന്നെ ചെയ്തു. ഞാന്‍ പറഞ്ഞു. “എവിടെയെങ്കിലും കയറി നിന്നാലോ?” “വേണ്ട അവള്‍ തീരുമാനിച്ചു. ഞങ്ങള്‍ മഴയിലൂടെ നടന്നു. നടന്നുകുതിര്‍ന്ന് വീടെത്തി. തീര്‍ച്ചയായും തെറ്റ് എന്റേതുതന്നെ. അന്നവള്‍ എന്റെ കയ്യിലെ ചെറുവിരൽ നൂലുകൊണ്ട് കെട്ടി. “ഇതെന്ത്” ഞാന്‍ ചോദിച്ചു. അവള്‍ പറഞ്ഞു. നീ അതിരു കടക്കുന്നു.” അങ്ങനെ അന്നുമുതല്‍ ഞങ്ങള്‍ ഒരതിരിന്റെ രണ്ടുവശമായി. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവൾക്കും എനിക്കും ഇടയില്‍ അനേകം അതിരുകള്‍ നിരന്നു. എന്റെ വിരലുകളെല്ലാം കുരുക്കുകളായി പിന്നീട് കൈകാലുകളിലും ശരീരത്തിലും അവൾ കെട്ടുകളിട്ടു.

എന്നെ നേര്‍വഴിക്കു കൊണ്ടുവരാനായിരുന്നുവത്രെ അവളുടെ ശ്രമം. അവള്‍ എന്നോടു പറഞ്ഞു. “നീ തെറ്റുകള്‍ തിരുത്തേണ്ടിയിരിക്കുന്നു.”

“തെറ്റുകള്‍ മാത്രം ചെയ്യുന്ന എന്നെ എന്തിനു നീ കൊണ്ടുനടക്കുന്നു.” ഞാന്‍ ഒരിക്കല്‍ ചോദിച്ചു.

“നീ നല്ലവനാണ്. വിഡ്ഢിയും. അതുകൊണ്ട് നിന്നെ നഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല.” അവള്‍ പറഞ്ഞു.

കാല്‍മുട്ടുകളില്‍ നിന്നും മുഖമുയര്‍ത്തി ഞാനവളെ നോക്കി. പുതിയ ഒരാക്രമണത്തിനു തയ്യാറായി അവള്‍ നില്‍പ്പുണ്ടായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നെ ആക്രമിക്കാന്‍ വേണ്ടുന്നതെന്തെന്ന് അവള്‍ക്ക് കൃത്യമായും അറിയാം. ഒരു നോട്ടമോ, വാക്കോ, ഭയമോ എന്തുമാവാം. അവളുടെ ആയുധം. എന്നാല്‍ അവളിപ്പോള്‍ മറ്റു തിരക്കിലാണ്.

ദൈവമേ…ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ കിടക്കമുറിയുടെ മുകളിലെ മൂലയില്‍ ഒരു ചിലന്തിയുണ്ട്. അവള്‍ അതിനെ കണ്ടില്ല, തീര്‍ച്ച. കണ്ടിരുന്നെങ്കില്‍ ജീവനുവേണ്ടി ഇവിടെയാകെ ഓടുന്ന ഒരു ചിലന്തിയെ കാണാമായിരുന്നു. മുറിയില്‍ കടന്നു വന്നിരിക്കുന്നു പ്രാണിയെപ്പറ്റി അവളോടു പറയേണ്ടെന്നു തന്നെ ഞാന്‍ ഉറപ്പിച്ചു. ചിലന്തിയും അവളെപ്പേലെ തിരക്കിലാണ്. ഒരു ഭിത്തിയില്‍നിന്നും അടുത്തതിലേയ്ക്കും പിന്നെ തിരിച്ചും പലവട്ടം ചാടുന്നതു കാണാന്‍ ആകെ ഒരു രസം തന്നെ. ചാടുമ്പോള്‍ അതിന്റെ പിന്‍കാലുകളില്‍നിന്നും വരുന്ന സൂക്ഷമമായ നൂല് തന്റെ യാത്രയെ സത്യമാക്കുന്നു. എനിക്കറിയാം, ഈ ദിവസം മുഴുവന്‍ വല നിര്‍മ്മിക്കുന്നതില്‍ മാത്രമായിരിക്കും ഈ ചിലന്തി ശ്രദ്ധിക്കുക. വിശാലമായി വല നെയ്തതിനുശേഷം അതിന്റെ മദ്ധ്യത്ത് പ്രതാപത്തോടെ വാഴുന്ന ചിലന്തിയെ ഞാന്‍ മനസ്സില്‍ കണ്ടു. തന്റെ നേട്ടത്തില്‍ അഭിമാനിക്കുന്ന ചിലന്തിയോട് അസൂയപ്പെടുന്നതെന്തിന്. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇങ്ങനെ അഭിമാനിക്കത്തക്കതായ ഒന്നും എനിക്കില്ലല്ലൊ.

വല നെയ്യലിനിടയില്‍ എന്തും സംഭവിക്കാം. ഒരുവേള ചിലന്തിക്ക് ആവശ്യം വേണ്ട സ്ഥലം പരിമിതമായി ആ മൂലയില്‍ ഉണ്ടായെന്നു വരില്ല. വല നാരുകള്‍ ഭിത്തിയില്‍ വേണ്ടത്ര ഉറപ്പോടെ പിടിച്ചില്ലെന്നുവരാം. പൂര്‍ത്തിയായ വലയ്ക്ക് ഭംഗിപോരെന്നു ആവാം. അല്ലെങ്കില്‍ അവള്‍ ചിലന്തിയെ കണ്ടെത്തിയെന്നുവരാം.

തന്റെ പ്രവൃത്തിയെ ആരെങ്കിലും തടസ്സപ്പെടുത്തുമെന്നോരു ചിന്തയേ ചിലന്തിക്കില്ലെന്നു തോന്നും അതിന്റെ തിരക്കുകണ്ടാല്‍. വല നിര്‍മ്മിക്കുന്നതില്‍ തന്റെ ശ്രദ്ധയാകെ പെട്ടുപൊയിരിക്കുന്നു. ഭംഗിപോലെന്നു തോന്നിയ നാരുകള്‍ സ്വയം മുറിച്ചുമാറ്റി പുതിയ നാരുകള്‍ പിടിപ്പിക്കുന്ന ചിലന്തിയുടെ ക്രാഫ്റ്റ് അസൂയാവഹം തന്നെ. തെറ്റുകള്‍ കണ്ടെത്തുന്നതിനും തിരുത്തി മുന്നോട്ടു പോകുന്നതിനും അനുഭവജ്ഞാനം തന്നെ വേണം. ഈ ചിലന്തി എത്ര വലനെയ്തിട്ടുണ്ടാകും ഇതിനുമുമ്പ്? ഇത് ആദ്യത്തേതാകാന്‍ വഴിയില്ല. അതിന്റെ ആത്മവിശ്വാസവും ചാരുതയും അങ്ങനെ ഒരു നിഗമനം അനുവദിക്കുന്നില്ല. ശരിതന്നെ, ഈ ചിലന്തിക്കു അനേകം വലകള്‍ നെയ്ത് പരിചയമുണ്ട്. ഒരു ചിലന്തി എത്ര നാള്‍ ഒരു വലയില്‍ താമസിക്കുമെന്ന് ആരെങ്കിലും പറഞ്ഞുകേട്ടിട്ടില്ല. വല ഒരു വീടായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ ജീവിതരഹസ്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിച്ചെന്നുവരും. ഞാന്‍ വെറുതെ അങ്ങനെ ആലോചിച്ചു നോക്കി. ഒരാള്‍ എന്തിനാവും വീട് പണിയുക. വീട് തീര്‍ച്ചയായും കുടുംബ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് വീട് എന്ന ഭൗതികമായ് വസ്തുവില്‍തന്നെ. വീട് ഇല്ലാതിരുന്നെങ്കില്‍ കുടുംബമുണ്ടാകുമോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. ഈ ചിലന്തിയും ഒരു കുടുംബം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. ഇനി ഇവിടെ പുതിയൊരു കുടുംബം വരുന്നതും പാര്‍ക്കുന്നതും കാണാം. അപ്പോള്‍ ഇതിനുമുമ്പ് ഈ ചിലന്തി നിര്‍മ്മിച്ച വലകള്‍ മുമ്പുണ്ടായിരുന്ന കുടുംബങ്ങള്‍ക്കുവേണ്ടിയായിരുന്നോ? എങ്കില്‍ ചിലന്തി ഒരു പ്രത്യക ജിവിതന്നെ. അനേകം കുടുംബങ്ങള്‍ സ്ഥാപിക്കുക. അനേകം കുടുംബങ്ങള്‍ നശിപ്പിക്കുക. വീണ്ടും പുതിയെ വീടു പണിയുക. ഇതൊക്കെ വളരെ സങ്കീര്‍ണ്ണമായ സമസ്യകളായാണ് എനിക്കുതോന്നുന്നത്. ഓരോ വീടി ഉപേക്ഷിക്കുമ്പോഴും ഓരോ ജീവിതം അവസാനിച്ചതായി കരുതണം. കാണാന്‍ സാധിക്കുന്നില്ലെങ്കിലും ബന്ധങ്ങള്‍ വീടിന്റെ ശിലകളില്‍പോലും ഉറഞ്ഞുകിടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബന്ധങ്ങള്‍ നശിപ്പിക്കാതെ ആര്‍ക്കെങ്കിലും ഒരുവീട് ഉപേക്ഷിക്കാന്‍ സാധിക്കുമോ?

അപ്പോള്‍ ചിലന്തിയുടെ ജീവിതത്തില്‍ തികച്ചും ക്രൂരമായ വശമുണ്ട്. ഇത് എനിക്കിപ്പോള്‍ തോന്നുന്ന കാര്യമാണ്. അവയുടെ ഓരോ പുതിയ വലയും മുന്‍ബന്ധങ്ങളുടെ ശവപ്പറമ്പായി ഞാന്‍ കാണുന്നു. പുതിയ വലകള്‍ പഴയതിനേക്കാള്‍ മെച്ചപ്പെട്ടതാകണം. പുതിയ അറിവുകളും പുതിയ അനുഭവങ്ങളും അതില്‍ നിറഞ്ഞിരിക്കുമല്ലോ. അതിനാല്‍ വീടുപേക്ഷിക്കല്‍ ഭയത്തോടെ മാത്രമേ കാണാവൂ.

പണിനിര്‍ത്തി ഭിത്തിയുടെ ഓരത്തുമാറി നില്‍ക്കുന്നു ഇപ്പോള്‍ ചിലന്തി. താന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വല നോക്കി തൃപ്തിവരുത്തുകയാണ്. വലയുടെ മുന്നിലൊന്നുംപോലും തീര്‍ന്നിട്ടില്ല. ഇനിയും അനേകം വൃത്തങ്ങള്‍ തുന്നിപ്പിടിപ്പിക്കേണ്ടതായുണ്ട്. കാറ്റില്‍ പൊട്ടിപ്പോകാതിരിക്കാന്‍ തൂണുകള്‍ വേണം. തൂണുകള്‍ നാട്ടേണ്ടത് എവിടെയെല്ലാമെന്ന് ഇപ്പോള്‍ തീരുമാനിക്കപ്പെടും. ശത്രൂക്കളില്‍നിന്നും രക്ഷപ്പെടാനുള്ള വഴിയും ചെറുപ്രാണികള്‍ക്ക് വലയിലേയ്ക്ക് കടക്കാനുള്ള ഇടവും ചിലന്തി ഇനി നിശ്ചയിക്കും. വലയുടെ സുപ്രധാനഭാഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരു ചിലന്തിക്കുപോലും കഴിയുന്നുവെന്ന അതിശയം ഞാനറിയുന്നു.

അപ്പോള്‍ പഴയ വീടുകള്‍ എന്തിനാണ്. ചിലന്തികള്‍ ഉപേക്ഷിക്കുക? ആണ്‍ചിലന്തിയും പെണ്‍ചിലന്തിയും ഒന്നിച്ചുപാര്‍ക്കുന്ന ഒരു വല സങ്കല്‍പ്പിക്കുക. പെണ്‍ ചിലന്തിയുടെ ഉദരത്തില്‍ ആയിരും ചെറുമുട്ടകള്‍ രൂപംകൊള്ളും. മുട്ടകള്‍ ഉണ്ടായാലുടന്‍ പെണ്‍ചിലന്തിയുടെ ഭാവം മാറും. സര്‍വ്വതും സംഹരിക്കാനാണതിന് അപ്പോള്‍ വാസന, ആണ്‍ചിലന്തിയെയടക്കം. താന്‍ ആക്രമിക്കപ്പെടുന്നുവെന്നറിയുന്ന ആണ്‍ചിലന്തി അല്‍പ്പസമയം ചെറുത്തുനില്‍ക്കുമായിരിക്കണം. പെണ്‍ചിലന്തിക്കപ്പോള്‍ സര്‍വ്വനാശത്തിനുളള ശക്തിയുണ്ട്. ബുദ്ധിയുള്ള ആണ്‍ചിലന്തികള്‍ ഓടി രക്ഷപ്പെടുന്നു. മറ്റുള്ളവ പെണ്‍ചിലന്തിയുടെ ഭക്ഷണമാകും. ആണ്‍ചിലന്തിയുടെ ചോര വലിച്ചെടുത്ത് വികസിച്ച് ആയിരം പിഞ്ചുകുഞ്ഞുങ്ങള്‍ പിറക്കും. അവ പുറത്തുവന്ന് കാറ്റില്‍ പറന്നുപോകുമ്പോള്‍ പെണ്‍ചിലന്തി വലയുപേക്ഷിച്ച് പോകും.

ജിവിതത്തിലെ ക്രൂരമായി സത്യങ്ങള്‍ വലനാരുകളില്‍ ഒളിപ്പിച്ചിരിക്കുന്നു. ഓരോ വീട്ടിലും ക്രൂരമായ എത്ര സത്യങ്ങളുണ്ടാകും? ഇഷ്ടപ്പെടാത്ത സത്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാവുമോ നാം വീടുപേക്ഷിച്ചുപോകുന്നത്?

ചിലന്തിവീണ്ടു തന്റെ വീടുപണിയിലേക്കു മടങ്ങിവന്നിരുന്നു. ഇതൊരു പെണ്‍ചിലന്തിതന്നെ, ഞാന്‍ തീര്‍ച്ചയാക്കി. അതിന്റെ കണ്ണുകളിലെ തിളക്കവും കാലുകളുടെ ചലനവും അങ്ങനെയൊരനുമാനമാണ് എനിക്കുതരുന്നത്. മനോഹരമായ വല ഒരാണ്‍ചിലന്തിയെ മോഹിപ്പിക്കും. കണ്ണുകളില്‍ പതിയിരിക്കുന്ന പ്രേമം ആണ്‍ചിലന്തിയെ വശീകരിക്കും. ഭംഗിയുള്ള വിടുകള്‍ ഏറെക്കുറേ അങ്ങനെയാണ്. ഭംഗിയുള്ള കെണികളാണ് അവ. അറിയാതെ നാം അതിലേയ്ക്ക് നടന്നുചെല്ലും. കണ്ണുകളിലെ വശ്യതയും വീടിന്റെ ഭംഗിയും ഓരോരുത്തരേയും പരാജയത്തിലേയ്ക്കു നയിക്കും.

പണി തീര്‍ത്തശേഷം വലയുടെ മധ്യത്തേക്കു ചിലന്തി നടന്നുവരുന്നു. ഒരൂഞ്ഞാലിലെന്നപോലെ വലനാരുകളില്‍ തൂങ്ങി തലകീഴ്‌മറിഞ്ഞ് വീണ്ടും പഴയ സ്ഥാനത്തെത്തി. ഉവ്വ‌. വലയ്ക്കുവേണ്ടുന്ന ബലമുണ്ട്. പിന്നീട് തന്റെ അനേകം കാലുകളില്‍ ഉയര്‍ന്നും താണും ഒരു നൃത്തത്തിന്റെ ചുവടുവയ്പുകളോടെ ചിലന്തി ചലിച്ചുതുടങ്ങി. ചലനങ്ങള്‍ക്കിടയില്‍ സന്ധ്യയിലെ സൂര്യവെളിച്ചത്തില്‍ അതിന്റെ ഇരുണ്ട കണ്ണുകള്‍ ഞൊടിയിടെ പ്രകാശിക്കുന്നതും എനിക്കു കാണാം. ഇനി സംഭവിക്കുന്നതെന്തെന്ന് എനിക്കറിയാം. ഇപ്പോള്‍ ഏതെങ്കിലും മൂലയില്‍ ഒരാണ്‍ചിലന്തി ഇരിപ്പുണ്ടാവും. ക്രമേണ ഒരാകര്‍ഷണവലയത്തില്‍പ്പെട്ട് അത് മുമ്പോട്ട് നീങ്ങും. ഒരുവളെ മറ്റൊരു താളത്തില്‍ കാലുകള്‍ ചലിപ്പിച്ചാവും അതു വരിക. ഇടയ്ക്കിടെനിന്ന് ചുറ്റുപാടും നോക്കിക്കാണും. ചിലപ്പോള്‍ വേഗത്തില്‍, ചിലപ്പോള്‍ മെല്ലെ, അങ്ങനെ ആണ്‍ചിലന്തി അടുത്തെത്തും. അതിനു വരാതിരിക്കാനാവില്ല. ഈ വല അതിനുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴില്ലെങ്കില്‍ പിന്നെ അതിന് ഇവിടെ എത്തിയേ തീരൂ. അതെല്ലാം തീരുമാനിക്കപ്പെട്ടകാര്യങ്ങളാണ്.

എനിക്കുവേണമെങ്കില്‍ ഈ ആണ്‍ചിലന്തിയെ രക്ഷപ്പെടത്താം. അതിന്റെ മാർഗ്ഗത്തില്‍ തടസ്സങ്ങള്‍ വയ്ക്കാം. വലനാരുകള്‍ മുറിച്ച് താമസയോഗ്യമല്ലാതാക്കാം.

എന്നാല്‍ ഒരുകാര്യം ഞാനറിയുന്നു. മാര്‍ഗ്ഗതടസ്സങ്ങള്‍ ഒരുക്കുവാനോ വലനാരുകള്‍ മുറിക്കുവാനോ ഞാന്‍ അശക്തനാണ്. എന്റെ കാല്‍മുട്ടുകളില്‍ നിന്നും മുഖമുയര്‍ത്തി ആണ്‍ചിലന്തിയുടെ ആഗമന മറിയുവാന്‍പോലും ഞാനശക്തനാണ്. വെറും നല്ലവനായ വിഡ്ഢിമാത്രമാണ് ഞാന്‍. ആണ്‍ചിലന്തിയെ രക്ഷിക്കയെന്ന് എന്റെ ഉള്ളിലെ ഒരാഗ്രഹം മാത്രം. എങ്കിലും പ്രേമത്തിന്റെ നാളുകള്‍ക്കുശേഷം പൊടുന്നനെയുണ്ടാകുന്ന ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട് അതിവേഗം ഓടിമറയുന്ന ആണ്‍ ചിലന്തിയെ ഞാന്‍ മനസ്സില്‍ കണ്ടു. ഓടി ഓടി അതു ദൂരത്താകുന്നതും എത്താന്‍ പറ്റാത്ത അകലത്തിലേയ്ക്കു മറയുന്നതും എനിക്കു സ്വാസ്ഥ്യം നല്‍കി. ഒരിക്കല്‍ ഞാനവളോടു പറഞ്ഞു. “ദൂരെയ്ക്കുള്ള യാത്രകള്‍ സത്യത്തില്‍ നിന്നുള്ള പ്രയാണമാണെന്ന് മോപ്പസങ് പറഞ്ഞിട്ടുണ്ട്.” അതവള്‍ ഗൗനിച്ചതേയില്ല. ഞാന്‍ പറഞ്ഞു, “നീ മടിയനാണ്. എവിടെയും പോകാതിരിക്കാന്‍ പുതിയ കാരണങ്ങള്‍ നീ കണ്ടുപിടിക്കുന്നു.”

അവളുടെ കാലടിയൊച്ച എനിക്കപ്പോള്‍ കേള്‍ക്കാം. അവ അകലെനിന്നും അടുത്തടുത്തുവരുന്നത് ഞാനറിയുന്നു. അകന്നുപോയെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുകാര്യമില്ല. ഭാവിയിലെ പലകാര്യങ്ങളും മുന്‍കൂട്ടി എഴുതിവയക്കപ്പെട്ടവയാണ്. നാം അതിലൂടെ ഒരു നേര്‍രേഖയിലെ ബിന്ദുവായി മുമ്പോട്ടുപോകയേ വേണ്ടു. അടുത്തുവരുന്ന കാലൊച്ചകള്‍ എന്റെയടുത്തെത്തുമെന്നും അവയില്‍ എന്റെ നിശ്വാസങ്ങള്‍ അമരുമെന്നും എനിക്കു തീര്‍ച്ചയാണ്. ഇനി ഒരു നിമിഷാര്‍ദ്ധമേ വേണ്ടു.

കാലൊച്ചകള്‍ അവസാനിച്ചപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി. അവള്‍ എന്നെ സൂക്ഷിച്ചുനോക്കുന്നു. പിന്നീടവള്‍ എന്നെ നോക്കി ചിരിച്ചു, മൃദുവായി. ചിരിക്കണോ വേണ്ടയോ എന്നു ഞാന്‍ ആലോചിക്കുമേപാഴേയ്ക്കും അവള്‍ മുറിയാകെ പരിശോധിക്കുകയായി. കര്‍ട്ടനുകള്‍ നീക്കി ജനാലകളുടെ താഴുകള്‍ ഭദ്രമാക്കി. ചുളിവു വീണ ഷീറ്റുകള്‍ ഭംഗിയാക്കി. അവള്‍ വല കണ്ടെത്തിയാലുണ്ടാകുന്ന ബഹളം ഞാന്‍ മനസ്സില്‍കണ്ടു. ഞാന്‍ ഭയന്നുപോയി എന്നു കരുതിയാല്‍മതി. ഈ വല എന്റേതും കൂടിയായിരുന്നു. മനസ്സിലാക്കാനാവാത്തെ ഒരു ബന്ധം ഇതിനകം ഞാനും വലയും തമ്മിലുണ്ടായിരിക്കുന്നു. അതിനാല്‍ വല അവളുടെ കണ്ണില്‍പ്പെടാത്തതില്‍ എനിക്കു പ്രത്യേകമായ സന്തോഷം തോന്നി. അറിയാതെ ഞാന്‍ ചെറുതായൊന്നു ചിരിച്ചുപോയി. രഹസ്യമായി ഞാനൊരു വിജയം ആസ്വദിക്കുകയായിരുന്നു. അവള്‍ എന്നോടു പറഞ്ഞു. “വരു ഇനി കിടക്കാം…”

അവള്‍ കിടന്നുകഴിഞ്ഞു. ഇനി അവള്‍ എന്നെ വരിഞ്ഞു മുറുക്കും. എന്റെ വാരിയെല്ലുകള്‍ ഒന്നൊന്നായി ഉടയും. അസ്ഥികള്‍ ഉടയുന്ന ശബ്ദം എന്റെ ചെവിയില്‍ തുളച്ചിറങ്ങി തലച്ചോറിളകുന്നത് ഞാനറിയും. എന്റെ ചിന്തകള്‍ക്കപ്പോള്‍ പരസ്പരം ബന്ധമുണ്ടാവില്ല. ചില ഫ്രെയിമുകള്‍ ചെര്‍ന്ന കൊളാഷ് ചിത്രം പോലെ.

അവളുടെ കൈവിരലുകള്‍ എന്നെ തേടുന്നതും കാല്‍വിരലുകള്‍ അനങ്ങുന്നതും എനിക്കറിയാമായിരുന്നു. ഇമ്മാതിരി സന്ദര്‍ഭങ്ങളില്‍ എന്നിലെത്തുന്ന കോളിഷ് ചിത്രത്തില്‍ എനിക്കുവേണ്ടുവോളം വ്യക്തിത്വമുണ്ട്. അവള്‍ പറയുന്ന നല്ല വര്‍ത്തമാനങ്ങള്‍ ചിത്രങ്ങള്‍ക്കു നിറം നല്‍കുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ പെട്ടെന്നു മറയുന്നവയെത്ര. അടുത്ത ഫ്രെയിമുകളില്‍ ഞാന്‍ ഒരു തിരമാലയുടെ പുറത്താണ്. തിരയുടെ താഴ്ചയും ഉയര്‍ച്ചയുമനുസരിച്ച് എന്റെ ശരീരവും ഇളകിക്കൊണ്ടിരിക്കുന്നു. വേഗത്തിലും മെല്ലെയും എങ്ങോട്ടെങ്കിലും നീന്തിപ്പോകണമെന്നോ കരയിൽ വന്നടിഞ്ഞ് സുഖകരമായി ഉറക്കത്തില്‍ വീഴണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നുപോലുമില്ല ഈ ചിത്രത്തില്‍. തിരകള്‍ക്കൊപ്പം അവളുടെ ശബ്ദവും അവ്യക്തമായി എന്നോടൊപ്പമുണ്ട്. തിരകളിലൂടെ ഒഴുകിവരുന്ന കാറ്റിന്റെ ശബ്ദം അവളാണെന്നെനിക്കറിയാം. വ്യക്തമല്ലാത്ത മറ്റനേകം ചിത്രങ്ങലും ഒന്നൊന്നായി മറയുന്നതും എനിക്കറിയാം. പിന്നീട് താളം വേഗത്തിലാകയും അകലെ നിന്നും വലിയ ഒരു തിര എന്നിലേയ്ക്കു വരികയും ചെയ്യുന്നു. അതിന്റെ മുകളില്‍ മേൽപ്പോട്ടുയര്‍ന്നപ്പോല്‍ എന്റെ കൈകാലുകള്‍ വിറയാര്‍ന്നു. എന്റെ മുഖം വിയര്‍പ്പില്‍ നനഞ്ഞു. ഒരു തിരയെ എനിക്കു മുറുകെപ്പിടിക്കാനാവില്ലെല്ലൊ. എങ്കിലും ഞാനാവും വിധം ഉറപ്പായി പിടിച്ചുനോക്കി. ഇനി ഒരു വീഴ്ചയില്‍നിന്നും എനിക്കു രക്ഷനേടേണ്ടതുണ്ടു.

കിടക്കമുറിയുടെ ഭിത്തിക്കുമുകളിലൂടെ അതിവേഗം ഒരു ചിലന്തി ഓടി അകലുന്നു. ആയിരും കാലുകളുടെ വേഗത്തില്‍. അതിനെ ആക്രമിക്കാനായ് പിന്തുടരുന്ന മറ്റൊരു ചിലന്തി ഓടി ഓടി ജനാലയുടെ പഴുതിലൂടെ ആണ്‍ചിലന്തിക്കു രക്ഷപ്പെടാനൊത്തു. ഇനി അതാ എങ്ങോ ഓടി മറയും, ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത അകലത്തില്‍. അപ്പോള്‍ ഞാന്‍ അവള്‍ക്കു മുകളിലൂടെ പറന്നുയര്‍ന്നു. വളരെ വേഗത്തില്‍ ഞാന്‍ പറക്കുന്നുവെങ്കിലും അവള്‍ പറയുന്നത് എനിക്കു കേള്‍ക്കാം. “നിന്നെ ഞാന്‍ വിടില്ല. ഒരു നല്ലകുട്ടിയായി…” എന്നാല്‍ അവളുടെ ശബ്ദം ഇപ്പോള്‍ വളരെ വളരെ ആകലെയാണ്.

ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു. ദൈവമേ…