close
Sayahna Sayahna
Search

വിശ്വസുന്ദരി, വൃദ്ധരതി


വിശ്വസുന്ദരി, വൃദ്ധരതി
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

വെണ്ണ തോല്ക്കുമുടലില്‍ സുഗന്ധിയാ
മെണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലരുളുമാനതാംഗിമു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.

കുളിക്കാന്‍ സന്നദ്ധയായിരിക്കുന്ന പാര്‍വതിയെ ശിവന്‍ കണ്ടതെങ്ങനെയെന്നു വര്‍ണിക്കുകയാണു വള്ളത്തോള്‍. പാര്‍വ്വതി എണ്ണ തേച്ചു കുളിക്കുമോ? അപ്പോള്‍ അര്‍ദ്ധനഗ്നയായിത്തന്നെ ഇരിക്കുമോ? സുതാര്യമായ ഒറ്റമുണ്ട് ഉടുത്തേ ഇരിക്കുകയുള്ളോ? കൈലാസത്തെ സൗധത്തില്‍ കേരളത്തിലെ പാവപ്പെട്ടവരുടെ കൊച്ചുവീടുകളില്‍ മാത്രം കാണുന്ന (ചാണകം മെഴുകിയ) തിണ്ണയുണ്ടോ? മുണ്ടുതന്നെയാണോ ദേവിയും ഉടത്തിരുന്നത്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കു സാംഗത്യമുണ്ടു്. അതിരിക്കട്ടെ. ഏതോ നായര്‍ ഭവനത്തില്‍ ഒരിക്കലോ പലതവനയോ വള്ളത്തോള്‍ കണ്ട കാഴ്ചയെ അദ്ദേഹം ഔചിത്യഹീനമായി പരമശിവന്റെ സഹധര്‍മചാരിണിയിലേക്കു സംക്രമിപ്പിച്ചിരിക്കുകയാണ് എന്നേ പറയേണ്ടൂ. ശ്ലോകം നന്നായിട്ടുണ്ടെങ്കിലും ആ നന്മ ഉചിതജ്ഞതാരാഹിത്യത്തിന്റെ അതിപ്രസരത്തിലും അധിപ്രസരത്തിലും ആമഗ്നമായിപ്പോകുകയാണ്. വള്ളത്തോളിനെ കുറ്റപ്പെടുത്തേണ്ടതില്ല. സ്ത്രീ സൗന്ദര്യം വിശേഷിച്ച് നഗ്നയായ സ്ത്രീയുടെ മെയ്യഴക് പുരുഷന് ആസ്വദിക്കാനുള്ളതാണ് എന്ന ഫ്യൂഡലിസ്റ്റ് ചിന്താഗതിയാണു വള്ളത്തോളിനുള്ളത്.

ഈറന്‍ പഴന്തുണി തദംഗിലതയ്ക്കിണങ്ങും
മാറര്‍ദ്ധസംവരണമാം മുളവേലിയായി
മറ്റത്തു തത്തുമരുപന്തുകള്‍ തോളിലിട്ട
കീറത്തുവര്‍ത്തുതുകിലിങ്കലൊതുങ്ങിയില്ലാ

എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ രസിക്കുന്നതു വായനക്കാരെക്കാള്‍ മഹാകവി തന്നെയാണ്. സ്ത്രീയുടെ ശാരീരിക സൗഭഗം പുരുഷന് ആസ്വദിക്കാനുള്ളതല്ലെങ്കില്‍ വേറെയാരാണ് അതാസ്വദിക്കുക എന്ന ചോദ്യമാണ് ഇമ്മാതിരി കാവ്യങ്ങളില്‍ നിന്നുയരുന്നത് ഇതൊരു കുറ്റമായി പറയുകയല്ല ഞാന്‍. സവിശേഷമായ പുരുഷ ചിന്താഗതിയുടെ ഉപോല്‍പന്നമാണ് ഈ ആസ്വാദനമെന്നേ എനിക്കഭിപ്രായമുള്ളൂ.

രൂപമൊത്ത സ്ത്രീയുടെ ശരീരത്തിന് അല്പമൊരു ന്യൂനത്വം വരുത്തിയാല്‍, അതു കാണുന്ന പുരുഷന്റെ ലൈംഗികക്ഷോഭം വളരെക്കൂടുമെന്ന് എല്ലാ സാമൂഹിക ശാസ്ത്രജ്ഞന്മാരും സമ്മതിച്ചിട്ടുണ്ട്. ചൈനയിലെ ഇപ്പോഴത്തെ സ്ഥിതി എനിക്കറിയില്ല. പണ്ടു പെണ്‍കുട്ടികളുടെ കാലുകള്‍ ബൂട്ട്സിനകത്തിട്ടുവച്ചിരുന്നു. ഒരു സമയത്തും മാറ്റാത്ത ആ ബൂട്ട്സ് പാദങ്ങളുടെ വളര്‍ച്ച തടഞ്ഞിരുന്നു. യുവതിയായാലും കൊച്ചുകുഞ്ഞിന്റെ കാലുകള്‍. ചെറുപ്പക്കാരി അവലംബമില്ലാതെ ആടിയാടി നടക്കുന്നതു കണ്ട പുരുഷന്‍ ലൈംഗികഹര്‍ഷാതിരേകത്തില്‍ ചെന്നിരുന്നു. സ്ത്രീയോ? അവള്‍ ഉപഭോഗവസ്തു മാത്രമാണ്. ചെറിയ കാലുകളുള്ള സ്ത്രീ ജോലി ചെയ്യേണ്ടതില്ല. ജോലി ചെയ്യണമെന്നുണ്ടെങ്കിലല്ലേ നല്ല കാലുകള്‍ വേണ്ടൂ. ശയനീയത്തില്‍ ഭര്‍ത്താവിനെ വേഴ്ചയ്ക്കു മാത്രമായി കാത്തു കിടക്കുന്ന ചൈനീസ് സ്ത്രീക്കു സ്വാഭാവിക വളര്‍ച്ചയുള്ള കാലുകള്‍ക്ക് എന്താവശ്യകത! ആ കാലയളവിലെ ഫ്യൂഡല്‍ ചിന്താഗതിയുടെ ഫലമാണു കാലു ചെറുതാക്കല്‍ എന്ന ക്രൂരമായ ഏര്‍പ്പാട്.

മേനിയഴകിന്റെ പിന്നാലെ

നമ്മുടെ പരസ്യക്കാര്‍ക്കും സ്ത്രീയുടെ പൊന്മേനിയഴക് ഒഴിവാക്കാന്‍ വയ്യ. നെഞ്ചത്തും അരക്കെട്ടിലും ലേശം കറുത്ത തുണി. ആ തുണിയുടെ ആവരണ സ്വഭാവത്തിലൂടെ ദ്രഷ്ടാവ് സ്ത്രീയുടെ ഗോപനീയാംഗങ്ങള്‍ക്കുള്ള ഗൂഢാര്‍ഥതയിലേക്കു ഭാവനാപരമായ സാക്ഷാത്കാരം നടത്തുന്നു അവയവങ്ങളുടെ പ്രത്യക്ഷ ദര്‍ശനത്തെക്കാള്‍ ഇതിനു കാമോദ്ദീപക ശക്തിയുണ്ട്. ‘ഫോര്‍ ഇഞ്ച് ക്ലോത്ത്’ ധരിച്ച ഈ അതിസുന്ദരി നഗ്നങ്ങളായ തുടകള്‍ കാണിച്ചും ആവരണം ചെയ്ത പൃഥുലനിതംബം കാണിച്ചും പല തവണ വട്ടം കറങ്ങുന്നു. ദ്രഷ്ടാവിന്റെ ലൈംഗികാസക്തിയെ ജ്വലിപ്പിച്ചുവിട്ട് അവളുടെ സമീപത്തിരിക്കുന്ന ടെലിവിഷന്‍ സെറ്റിന്റെ മനോഹാരിതയിലേക്കു നയിക്കുന്നു. അടുത്ത ദിവസം സെറ്റ് വാങ്ങാന്‍ പോകുന്നവര്‍ ടെലിവിഷനില്‍ ദര്‍ശിച്ചതുതന്നെ വാങ്ങുന്നു ഒരു കാര്യംകൂടി പറയേണ്ടതുണ്ട്. കറുപ്പിനാണ് ലൈംഗികാസക്തി വര്‍ധിപ്പിക്കാന്‍ കഴിവെന്നു ലൈംഗികശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. കാലു നീട്ടിവയ്ക്കുകയും തുട കാണിക്കുകയും തിതംബം പ്രദര്‍ശിപ്പികുകയും ചെയ്യുന്ന അതിസുന്ദരി കറുത്ത അണ്ടര്‍വെയറാണ് ധരിക്കുക. അവളുടെ മാറിലും കറുത്ത ബ്രാ തന്നെ.

സുന്ദരികളും കിഴവന്മാരും

കവികളും പരസ്യക്കാരും അനുഷ്ഠിക്കുന്ന ഈ കൃത്യം തന്നെയാണ് ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്ന വൃദ്ധരായ പ്രാഡ്വിവാകരും അനുഷ്ഠിക്കുക. പലതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ വേണ്ടിവരുന്നു സുന്ദരികള്‍ക്ക്. നനഞ്ഞൊട്ടിയ അല്പവസ്ത്രങ്ങളോടെ അവര്‍ നില്ക്കണം, കിഴവന്മാരുടെ മുമ്പില്‍ പിന്നീട് ഒരു തുട കാണിച്ചുകൊണ്ടുള്ള നടത്തം. പ്രാഡ്വിവാകര്‍ വൃദ്ധന്മാരായതുകൊണ്ടു സൗന്ദര്യത്തിന്റെ വിലയിരുത്തല്‍ മാത്രമേ നടക്കുന്നുള്ളുവെന്നാണു ഭാവം. പക്ഷേ, ഇക്കാര്യത്തില്‍ കിഴവന്മാര്‍ ചെറുപ്പക്കാരെക്കാള്‍ മുന്‍പന്തിയിലാണ് എന്നതത്രേ വാസ്തവം. വൃദ്ധരതി കൂടുതല്‍ ഉദ്ദീപിപ്പിക്കുന്ന യുവതിക്ക് സമ്മാനം. ധിഷണാവൈഭവം പരിശോധിക്കാനായി സുന്ദരികളോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും മറ്റും അസത്യപ്രക്രിയകളായി കരുതിയാല്‍ മതി. വൃദ്ധരതി ജയിക്കുമ്പോള്‍ വിശ്വസുന്ദരി ജയിക്കുന്നു. എന്തൊരു വിലക്ഷണമായ ഏര്‍പ്പാട്!

നഗ്നതയും ഗുസ്തിപിടുത്തവും

നഗ്നതയില്‍ സവിശേഷതയൊന്നുമില്ല. കൈ കാണിക്കുന്നതു ഗോപനീയാംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തമ്മില്‍ എന്തേ വ്യത്യാസം എന്നു നവീനന്മാര്‍ ചോദിക്കുന്നുണ്ട്. പുരാതന ഗ്രീസില്‍പ്പോലും ഈ നഗ്നതാ പ്രദര്‍ശനമുണ്ടായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കും. സുന്ദരികളെയും സുന്ദരന്മാരെയും കണ്ടുപിടിച്ച് ഒന്നാം സ്ഥാനം നിര്‍ണയിക്കാനായി സ്പാര്‍ട്ടയില്‍ നഗ്നരായ യുവതികളെയും യുവാക്കന്മാരെയും കൊണ്ടു ഗുസ്തിപിടിപ്പിക്കുമായിരുന്നു. പരിപൂര്‍ണ നഗ്നകളായ യുവതികള്‍ അന്നത്തെ വിധികര്‍ത്താക്കളെ രതിമൂര്‍ച്ഛയിലെത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ഭുതമുളവാക്കുന്ന സമ്മാനങ്ങള്‍ അവര്‍ക്കു നല്കിയിരുന്നു. നമ്മുടെ ലോകസുന്ദരി തെരഞ്ഞെടുപ്പില്‍ പരിപൂര്‍ണ നഗ്നതയുടെ പ്രദര്‍ശനമില്ലെന്നു തോന്നും. നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടുകൂടി സുന്ദരികള്‍ നില്ക്കുമ്പോള്‍ പരിപൂര്‍ണമായ നഗ്നതയെക്കാള്‍ ആ നിലയ്ക്കു കാമോദ്ദീപകത്വം ഉണ്ടല്ലോ. ഗോപനീയാംഗങ്ങളുടെ പ്രദര്‍ശനം ഹസ്തപ്രദര്‍ശനംപോലെയാണെന്ന വാദത്തിനു പ്രസക്തിയില്ല. ചില അവയവങ്ങളുടെ പ്രദര്‍ശിപ്പിക്കല്‍ ദ്രഷ്ടാക്കളുടെ രക്തത്തെ ചൂടുപിടിപ്പിക്കും. ആ ഊഷ്മളരക്തം അവരുടെ മാനസികനിലയ്ക്കും മാറ്റംവരുത്തും. ക്രിമിനലുകളായി മാറാന്‍പോലും ആ പരിവര്‍ത്തനം ചിലപ്പോള്‍ സഹായിച്ചെന്നുവരും. അതുകൊണ്ടു ലോകസുന്ദരിത്തെരെഞ്ഞെടുപ്പ് എന്ന പേരില്‍ നടത്തുന്ന ഈ രതിവര്‍ധനോപായം സംസ്കാരശൂന്യമായ ഏര്‍പ്പാടാണ്. ഇതിന്റെ പിറകില്‍ വഞ്ചനാത്മകത ഏറെയുണ്ട്. ലോകസുന്ദരിയായി തെരെഞ്ഞെടുക്കപ്പെടുന്നവള്‍ ചലച്ചിത്രത്തില്‍ നായികയായിവരും. പരസ്യക്കാര്‍ക്ക് അവളെ പ്രയോജനപ്പെടുത്താം. പേരു നല്ലപോലെ ഓര്‍മ്മയിലില്ല. പണ്ട്, സില്‍വാനോ മങ്കാനോ എന്നോ മറ്റോ പേരുള്ള ഒരു ഇറ്റലിക്കാരിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തു ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവള്‍ Bittor Rice എന്നൊരു സിനിമയില്‍ നായികയായി വന്നു. നമ്മുടെ ലോകസുന്ദരിമാരെ പരസ്യക്കാര്‍ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നു ദിവസവും ടെലിവിഷന്‍ കാണുന്നവരോടു ഞാന്‍ പറയേണ്ടതില്ല. അവരുടെ നഗ്നതാപ്രദര്‍ശനം നമ്മുടെ പിഞ്ചുകുട്ടികളെപ്പോലും അപഥസഞ്ചാരം നിര്‍വഹിപ്പിക്കും.

പുരുഷശരീരത്തിനും സ്ത്രീശരീരത്തിനും പാവനത കല്പിക്കുന്നവരാണു ഭാരതീയര്‍.

‘ആത്മാനം രഥിനം വിദ്ധി ശരീരം രഥമെപതു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച’

എന്നു കഠോപനിഷത്ത്.

മനുഷ്യനെ സാകല്യാവസ്ഥയില്‍ രഥമായിക്കാണണം. ആത്മാവ് അതിലെ യാത്രക്കാരന്‍. ധിഷണയാണ് രഥമോടിക്കുന്നവന്‍. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. മനസ് കടിഞ്ഞാണും. ഈ മഹനീയ സങ്കല്പത്തില്‍ നിന്നു നമ്മളെത്ര താണുപോയിരിക്കുന്നു.