close
Sayahna Sayahna
Search

വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്ത്?


വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്ത്?
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

ഈ ഉദ്യാനം എന്റെ ജീവിതവുമായി അത്യധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ പൂമരങ്ങളും പുല്‍ത്തകിടികളും ഒറ്റയടിപ്പാതകളും ഏകാന്തമായ മരച്ചുവടുകളും ശബ്ദരേഖ നഷ്ടപ്പെട്ട ഒരു ചലച്ചിത്രത്തിലെന്നപോലെ എന്റെ മനസ്സിലൂടെ പലപ്പോഴും കടന്നുപോകുന്നു.

ഒരിക്കലും വറ്റാത്ത ഒരു തടാകത്തിനു ചുറ്റും നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ ഉദ്യാനത്തിലേക്കു വേനല്‍ക്കാലം കടന്നുവരാറേയില്ല. മേഘങ്ങളെ സ്വപ്നം കണ്ടു കിടക്കുന്ന തടാകം വര്‍ഷകാലങ്ങളില്‍ ആഹ്ലാദം നിറഞ്ഞ മനസ്സുപോലെ തുളുമ്പിക്കിടക്കും.

ഓരോ കാലത്തും ഈ ഉദ്യാനത്തിലേക്കു കാറ്റുകളെത്തിക്കുന്ന ദിക്കുകളും ഇവിടത്തെ മരങ്ങളും ചെടികളും പൂക്കുന്ന ഋതുക്കളും മരച്ചില്ലകളില്‍ കിളികള്‍ കൂടുകൂട്ടുന്ന മാസങ്ങളും ഏതെന്ന് എനിക്കറിയാം. ഇവിടെക്കാണുന്ന ഈ വലിയ തണല്‍മരങ്ങള്‍ പിടിച്ചൊടിക്കാവുന്നത്ര ചെറിയ ചെടികളായിരുന്ന കാലത്താണ് ഞാന്‍ ഒരു കുട്ടിയായി ഈ ഉദ്യാനമാകെ ഓടിച്ചാടി നടന്നത്. തടാകത്തിന്റെ കിഴക്കേ കോണില്‍, ഞാങ്ങണക്കാടുകള്‍ക്കിടയില്‍, ജലനിരപ്പിലേക്കു കൂടെക്കൂടെ പഴുത്ത ഇലകള്‍ വീഴ്ത്തിക്കൊണ്ടുനിന്നിരുന്ന, ശിഖരങ്ങളില്‍ വലിയ മുഴകളുണ്ടായിരുന്ന കൂറ്റന്‍ കുളമാവ് കടപുഴകിവീണ വര്‍ഷകാല വൈകുന്നേരം ഞാന്‍ ഇന്നും ഓര്‍മിച്ചിരിക്കുന്നു. പള്ളിമതില്‍ക്കെട്ടിലെ വാഴത്തോപ്പുകള്‍ ചവുട്ടിമെതിച്ച് ഭീകരമായ മുഴക്കത്തോടെയെത്തിയ കൊടുങ്കാറ്റിന്റെ വരവു നോക്കി, പുല്‍ത്തകിടിക്കപ്പുറത്ത് അന്നുണ്ടായിരുന്ന കളിത്തട്ടിന്റെ കോണില്‍ ഞങ്ങള്‍ കുട്ടികളുടെ സംഘം അങ്കലാപ്പോടെ നില്‍ക്കുമ്പോഴാണ്, വേരോടെ പിഴുതെറിയപ്പെട്ട കുളമാവു തടാകത്തിന്റെ നെ‍ഞ്ചിലേക്ക് ആര്‍ത്തലച്ചു വീണത്. കാറ്റിനു പിന്നാലെ അലറിക്കൊണ്ടോടിയെത്തിയ മഴ പെയ്തകന്നതും ഞങ്ങള്‍ തടാകക്കരയിലേക്കോടി. കുളമാവിന്റെ ഒത്തിരിപ്പൊക്കമുണ്ടായിരുന്ന ശിഖരങ്ങളിലെ അതിശയിപ്പിക്കുന്നത്ര വലിപ്പമുണ്ടായിരുന്ന കിളിക്കൂടുകള്‍ക്ക് എന്തു പറ്റി എന്നറിയാനായിരുന്നു ഞങ്ങളുടെ വെമ്പല്‍. ഞങ്ങള്‍ ആശങ്കപ്പെട്ടതുപോലെ വീണ മരത്തില്‍നിന്നു തെറിച്ചുപോയ ഒരു കിളിക്കൂട് ചിതറിയ ഇലകള്‍ക്കൊപ്പം തടാകക്കരയിലേക്ക് ഒഴുകിയടുക്കുന്നുണ്ടായിരുന്നു. നനഞ്ഞപ്പോള്‍ ചിന്നിച്ചിതറിയ ഉണക്കമരച്ചില്ലകള്‍ക്കിടയില്‍ നിന്നു ഞങ്ങള്‍ രക്ഷിച്ച കിളിക്കുഞ്ഞുങ്ങളിലൊന്ന് കിടുങ്ങുന്ന ഹൃദയത്തോടെ എന്റെ കൈവെള്ളയില്‍ പതുങ്ങിയിരുന്ന് സാവധാനം കണ്ണുകളടച്ച് ജീവന്‍ വെടിഞ്ഞു.

കളിത്തട്ടിന്റെ മുറ്റത്തെ പുല്‍പ്പരപ്പിലേക്കു നിഴല്‍വീഴ്ത്തി നിന്നിരുന്ന വാകമരത്തിന്റെ ഒരു പ്രത്യേക കൊമ്പില്‍, ഏറെക്കാലത്തോളം എല്ലാ സന്ധ്യാ നേരങ്ങളിലും കൃത്യനേരത്ത് വന്നെത്തിയിരുന്ന മൂങ്ങയെയും ഞാന്‍ ഓര്‍ത്തു പോവുന്നു. ഉദ്യാനവിളക്കുകളുടെ പ്രകാശത്തില്‍ മുറ്റത്തു തെളിഞ്ഞിരുന്ന മൂങ്ങയുടെയും മരച്ചില്ലയുടെയും നിഴല്‍ ഞങ്ങളുടെ സമയമാപിനിയായിരുന്നു. ഇത്രയേറെ സ്വാതന്ത്ര്യമുള്ള പക്ഷികള്‍പോലും സ്വന്തമായി ഒരു മരച്ചില്ല സൂക്ഷിക്കുന്നതിന്റെ രഹസ്യത്തെപ്പറ്റി ആലോചിക്കുമ്പോഴെല്ലാം ആ മൂങ്ങയുടെ ചിത്രം എന്റെ മനസ്സില്‍ തെളിയാറുണ്ട്.

ഈ ഉദ്യാനത്തില്‍ പണ്ടു പതിവായിക്കണ്ടിരുന്ന മുഖങ്ങളിലേറെയും ഭൂമിയില്‍ നിന്നു മായ്ക്കപ്പെട്ടിരിക്കുന്നു. ആഴ്ചയിലൊരു ദിവസം — ശനിയാഴ്ചകള്‍ എന്നാണോര്‍മ — മുടങ്ങാതെ ഈ ഉദ്യാനത്തിലെത്തിയിരുന്ന അന്ധനായ ഒരു യാചകനുണ്ടായിരുന്നു. അറബികളെപ്പോലെ, തലമൂടുന്ന വേഷം ധരിച്ച്, കാഴ്ചയില്ലാതെ തുറന്ന കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി ഇടംവലം കുത്തുന്ന ഊന്നുവടി കാട്ടിക്കൊടുക്കുന്ന വഴിയിലൂടെ, കേള്‍ക്കാനിമ്പമുള്ള ഒരു യാചകഗാനം പാടി അയാള്‍ സാവധാനം ഉദ്യാനം ചുറ്റിനടന്നു. അയാളുടെ കൈയിലെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭിക്ഷാപാത്രം ഏതോ വന്യമൃഗത്തിന്റെ തലയോട്ടിയാണെന്നും കേട്ടിരുന്നു. പൂന്തോട്ടത്തിലെ സന്ദര്‍ശകര്‍ നല്‍കുന്ന നാണയങ്ങള്‍ പിച്ചപ്പാത്രത്തില്‍ വീണാലുടന്‍ അയാള്‍ നടത്തം നിര്‍ത്തി പാത്രം മുകളിലേക്കുയര്‍ത്തി, വായുവില്‍ ചുഴറ്റി നാണയം താളാത്മകമായി കിലുക്കിക്കൊണ്ട് ധര്‍മം കൊടുത്തവനെ അനുഗ്രഹിച്ച് നാലു വരികളുള്ള ഒരു പാട്ടു പാടും. അതിന്റെ ഈരടികള്‍ ഞാന്‍ മറന്നുപോയിരിക്കുന്നു. എന്നാല്‍ ആ പാട്ടിന്റെ ഈണം അത്യാകര്‍ഷകമായിരുന്നെന്നും ധര്‍മം കൊടുത്തവനെ ദൈവം മഹാമാരികളില്‍നിന്നും പഞ്ഞകാലങ്ങളില്‍നിന്നും സകലവിധ ആപത്തുകളില്‍നിന്നും സംരക്ഷിക്കട്ടെ എന്നായിരുന്നു അതിന്റെ അര്‍ത്ഥമെന്നും എനിക്കോര്‍മയുണ്ട്.

പക്ഷേ, ഈ കഥയിലേക്കെത്താന്‍ ഉദ്യാനത്തിന്റെ ഓര്‍മയ്ക്കിടയിലൂടെ ഒരു കണ്ണുപൊട്ടനെപ്പോലെ ഞാന്‍ എന്തിനു തപ്പിടഞ്ഞു നടക്കുന്നു? ഈ കഥ തുടങ്ങേണ്ടിയിരുന്നതുപോലും ഉദ്യാനത്തില്‍ നിന്നായിരുന്നില്ല. കാലഭ്രമണം കാണിക്കുന്ന ഒരു വലിയ നാഴികമണിപോലെ കിടക്കുന്ന ഈ തടാകതീരത്ത് ദൈവദൂതന്മാരെപ്പോലെ പറന്നുനടക്കുന്ന നാനാവര്‍ണങ്ങളിലുള്ള വലിയ ചിത്രശലഭങ്ങളില്‍ നിന്നായിരുന്നു ഇതിന്റെ ഉചിതമായ തുടക്കം. ഞാന്‍ ഈ ഉദ്യാനത്തില്‍ ആദ്യമായി പ്രവേശിച്ചതുപോലും പുമ്പാറ്റകളെ തേടിനടക്കുന്ന ഒരു കുട്ടിയായിട്ടായിരുന്നിരിക്കണം. പൂക്കളും ചിത്രശലഭങ്ങളും പുഴകളും പുല്‍മേടുകളും ചേര്‍ന്നൊരുക്കുന്ന നിറങ്ങളുടെ നൃത്തങ്ങള്‍ എന്റെ ബാല്യത്തെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു! എന്റെ ഇടതുകാല്‍മുട്ടില്‍ ഇന്നുംമായാതെ കിടക്കുന്ന നാലണവട്ടത്തിലുള്ള മുറിപ്പാട്, ഈ തടാകതീരത്തെ ശലഭവേട്ടയ്ക്കിടയിലും മുട്ടുകുത്തി വീണതിന്റേതാണ്. ഏതു പൂവില്‍നിന്നുംതേന്‍ കുടിച്ച്, ഏത് ഇലക്കൂട്ടങ്ങള്‍ക്കിടയിലും ഉറങ്ങി മദോന്മത്തമായ ചലനങ്ങളോടെ പൂന്തോട്ടങ്ങളില്‍നിന്നു പൂന്തോട്ടങ്ങളിലേക്കു പറക്കുന്ന ശലഭങ്ങളുടെ സ്വപ്നസദൃശമായ യാത്രകള്‍ ഈ തടാക തീരത്തെ പുല്‍മേടുകളില്‍ ഞാന്‍ എത്രയോ സന്ധ്യകളില്‍ നോക്കിയിരുന്നിട്ടുണ്ട്!

എന്നിട്ടും അനേക വര്‍ഷങ്ങള്‍ക്കുശേഷം ഒരു വൃദ്ധനായി ഈ ഉദ്യാനത്തില്‍ മടങ്ങിയെത്തിയപ്പോള്‍ മറ്റെല്ലാം ഓര്‍മിച്ചിട്ടും ഞാന്‍ ശലഭങ്ങളെ മറന്നുപോയിരുന്നു. കവാടത്തിലെ വാകമരങ്ങള്‍ എത്രയേറെ വളര്‍ന്നുപോയെന്നതിശയിച്ച് ഉദ്യാനത്തിലേക്കു പ്രവേശിച്ച ഞാന്‍ ഒരു ഭ്രാന്തനെപ്പോലെ ഇതിനുള്ളില്‍ ഓടി നടന്നു. ഓരോ ഒറ്റയടിപ്പാതകളും ഓരോ മരച്ചുവടുകളും എന്നില്‍ ഓരോരോ ഓര്‍മകളുണര്‍ത്തിക്കൊണ്ടിരുന്നു.

നടന്നുനടന്ന്, വിചാരപ്പെട്ട് തളര്‍ന്നപ്പോള്‍ ഞാന്‍ ഉദ്യാനമധ്യത്തിലെ പുതുക്കിപ്പണിയപ്പെട്ടിരുന്ന മ്യൂസിയം കാണാന്‍ കയറി. മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍ കണ്ണാടിക്കൂടുകളില്‍ അടയ്ക്കപ്പെട്ടിരുന്നെങ്കിലും എന്റെ കണ്ണുകള്‍ക്കു പണ്ടേ പരിചിതമായിരുന്ന പുരാവസ്തുക്കള്‍ പുതിയവയില്‍നിന്ന് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. മ്യൂസിയത്തിന്റെ പുതുതായി ചേര്‍ത്ത മുകള്‍നില വിജനമായിരുന്നു. അവിടെ നിറയെ സംഗീതോപകരണങ്ങളായിരുന്നു പഴയ വീണകള്‍, തബലകള്‍, തംബുരുകള്‍...ചുവരിലെ പണ്ടത്തെ സംഗീതജ്ഞരുടെ ചിത്രങ്ങള്‍ പൂതലിച്ചു തുടങ്ങിയിരുന്നു. അവസാനത്തെ കൈയടിയും നലയ്ക്കുമ്പോള്‍ ഒരു സംഗീതസദസ്സില്‍ അവശേഷിക്കുന്ന നിശബ്ദതപോലെ അവിടെമാകെ ഒരു മൂകത പരന്നിരുന്നു. നിശബ്ദമായ സംഗീതോപകരണങ്ങള്‍ക്കു നടുവില്‍ ഒറ്റപ്പെട്ടുപോയ എന്റെ ഹൃദയവും ഒരു പഴകിയ സംഗീതോപകരണം മാത്രമാണല്ലോ എന്ന വിചാരത്തോടെ ഞാന്‍ മ്യൂസിയത്തിന്റെ നടകളിറങ്ങി.

പുറത്ത് ഉദ്യാനവൃക്ഷങ്ങള്‍ക്കിടയില്‍ ഗൃഹാതുരതയുണര്‍ത്തുന്ന അന്തിവെയില്‍ പരന്നുകഴിഞ്ഞിരുന്നു. തടാകതീരത്തേക്കു വിഷാദത്തോടെ നടന്ന ഞാന്‍ സൂര്യാസ്തമയം കാണാന്‍ പണ്ട് ഇരിക്കാറുണ്ടായിരുന്ന കുന്നിന്‍മുകളിലെ അതേ പുല്‍പ്പരപ്പിലേക്കു പോയി. ഞാങ്ങണക്കമ്പുകള്‍ക്കിടയിലൂടെ കുന്നിന്‍ ചെരുവിലേക്കു ചിതറിയ അസ്തമയരശ്മികള്‍ക്കിടയിലൂടെ ചിത്രശലഭക്കൂട്ടങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നുനടന്നിരുന്നു. എന്നാല്‍, അവയുടെ ദൃശ്യം എന്റെ കാഴ്ചമങ്ങിത്തുടങ്ങിയ കണ്ണുകളുടെ പുറംചില്ലിലെവിടെയോ മാത്രം സ്പര്‍ശിച്ചു കടന്നുപോയതല്ലാതെ മനസ്സിലേക്ക് ഒരു രശ്മിയെങ്കിലും കടത്തിവിട്ടില്ല.

അസ്തമയം കഴിഞ്ഞതോടെ തടാകതീരത്ത് പണ്ടുണ്ടായിരുന്നതില്‍ എത്രയോ അധികം പ്രകാശമുള്ള ഉദ്യാനവിളക്കുകള്‍ തെളിഞ്ഞു. അവയുടെ അമിതവെളിച്ചം എന്നെ അലട്ടിയെങ്കിലും വീട്ടിലേക്കു മടങ്ങിയാല്‍ തോന്നുന്ന ഒറ്റപ്പെടലോര്‍ത്ത് ഞാന്‍ ഉദ്യാനപരിസരത്തുതന്നെ കുറേനേരംകൂടി ചെലവഴിക്കാന്‍ ആഗ്രഹിച്ചു. അന്നും പതിവുപോലെ ഭാഗപത്രം തയ്യാറാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവര്‍ത്തിച്ച് സൗദാമിനി എന്നോടു കലഹിച്ചിരുന്നു.

അങ്ങനെയാണ് ഉദ്യാനത്തിന്റെ ഒരു കോണില്‍ ഒരു പുരാവസ്തുപോലെ ഇന്നും അവശേഷിക്കുന്ന ആ ലൈബ്രറിയിലേക്കു ഞാന്‍ നടന്നത്. ലൈബ്രറിയുടെ ചെങ്കല്‍പടവുകള്‍ ചവിട്ടുമ്പോള്‍ മുടന്തുകാലുള്ള ആ പഴയ ലൈബ്രേറിയനെ ഞാന്‍ അനേകനാളുകള്‍ക്കുശേഷം ഓര്‍ത്തു. വായനക്കാര്‍ പുസ്തകം മോഷ്ടിച്ചുവെങ്കിലോ എന്നു ഭയന്നു കസേരകള്‍ക്കു പിന്നില്‍ ഒരു കുറ്റാന്വേഷകനെപ്പോലെയുള്ള അയാളുടെ നില്പ്!

ഏതു ലൈബ്രറിയിലും ഏറെ വായിക്കപ്പെടാത്തതെന്നു തോന്നുന്ന പുസ്തകങ്ങളാണു ഞാന്‍ ആദ്യം തെരയാറുള്ളത്. അങ്ങനെയൊരു തെരച്ചിലിനിടയില്‍ എന്റെ കൈകള്‍ കണ്ടെത്തിയ ‘വാര്‍ദ്ധക്യകാലം’ എന്നു പേരുള്ള പുസ്തകം ആ പേരിനാല്‍ത്തന്നെ എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. ഏറെ സന്തോഷത്തോടെയാണു ഞാന്‍ ആ പുസ്തകവുമായി ജനലിരികിലെ വെളിച്ചത്തിലേക്കു നടന്നത്.

ലൈബ്രറി അടയ്ക്കുന്നതുവരെ ഞാന്‍ അത് അതീവ താത്പര്യത്തോടെ വായിച്ചു കൊണ്ടിരുന്നു. തുടര്‍ന്നു വായിക്കുവാന്‍വേണ്ടിയുള്ള അടയാളം വച്ചിട്ടാണു പുസ്തകം തിരികെയേല്പിച്ചു ഞാന്‍ ലൈബ്രറിയില്‍ നിന്നിറങ്ങിയത്. ആ പുസ്തകത്തിന്റെ തുടക്കത്തിലൊരിടത്ത് ആരോ അടിവരയിട്ടിരുന്ന ഒരു വാചകം എന്റെ മനസ്സിനെ ആകെ ഉലച്ചിരുന്നു: “ചിത്രശലഭങ്ങളായി പറന്നുനടക്കുന്ന മനുഷ്യര്‍ പുഴുക്കളായിമരിക്കുമ്പോള്‍ ചിത്രശലഭങ്ങളാവട്ടെ, പുഴുവിന്റെ ബാല്യം പിന്നിട്ടു ശലഭങ്ങളായി മരിക്കുന്നു.”

ചിത്രശലഭങ്ങളെ സംബന്ധിച്ച ആ തിരിച്ചറിവുമായി വിളക്കു കാലുകള്‍ക്കു കീഴിലെ വിഷണ്ണമായ വെളിച്ചത്തിലൂടെ ഒരു തത്ത്വചിന്തകനെപ്പോലെ ഞാന്‍ തലതാഴ്ത്തി നടന്നു. യാത്രയ്ക്കിടയില്‍ അജ്ഞാതന്റെ അടിവരയുള്ള ആ വാചകം എന്റെ മനസ്സ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു — പൂമ്പാറ്റകള്‍ പുഴുക്കളായി ജനിച്ച് ശലഭങ്ങളായി മരിക്കുമ്പോള്‍ മനുഷ്യര്‍ ശലഭങ്ങളായിപ്പിറന്ന് പുഴുക്കളായി...

പതിവിലേറെ വൈകിയാണു ഞാന്‍ വീട്ടിലെത്തിയത്. പല തവണ മൂട്ടിയതിനുശേഷം മാത്രം വാതില്‍ തുറന്ന സൗദാമിനി എന്റെ നേരെ മുഷിപ്പോടെ തുറിച്ചുനോക്കി.

ഇന്ന്, ഈ തടാകതീരത്തെ ചിത്രശലഭങ്ങളുടെ വലിയ സമൂഹത്തെ കണ്ണടച്ചാല്‍പോലും എനിക്കു കാണാനാവുന്നു. അത്രമേല്‍ ശ്രദ്ധാപൂര്‍വമാണു ഞാന്‍ അസ്തമയരശ്മികള്‍ക്കിടയിലൂടെ അവയില്‍ ഓരോന്നിനെയും നോക്കി നോക്കിയിരിക്കുന്നത്. എപ്പോഴും പിന്നില്‍ പാത്തു പതുങ്ങി നടക്കുന്ന ഒരു വികൃതിക്കുട്ടിയെച്ചൊല്ലിയുള്ള ഭയം നിറഞ്ഞ അവയുടെ കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്റെ കരസ്പര്‍ശങ്ങള്‍ എനിക്കു കണ്ടെത്താനാവുന്നു. ഓരോ പൂവിലെ തേനും കുടിച്ചശേഷം പൂവിനെത്തന്നെ നോക്കിക്കൊണ്ട് അവ പിന്നോട്ടു പറന്നകലുന്നതു സങ്കടംനിറഞ്ഞ ഒരു യാത്ര ചോദിക്കലോടെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. വൃദ്ധന്മാര്‍ ചിത്രശലഭങ്ങളെ പിടിക്കാത്തത് എന്തുകൊണ്ടാണെന്നും ഇന്നു ഞാന്‍ തിരിച്ചറിയുന്നു.