close
Sayahna Sayahna
Search

സാന്ത്വനത്തിന്റെ താക്കോൽ


സാന്ത്വനത്തിന്റെ താക്കോൽ
EHK Story 08.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പച്ചപ്പയ്യിനെ പിടിക്കാൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 64

അവൾ വാതിൽക്കൽ നിൽക്കുകയാണ്. സാരിയാണ് വേഷം. മുഷിഞ്ഞ മഞ്ഞനിറമുള്ള കോട്ടൺ സാരി. ഒരു ദൂരയാത്ര കഴിഞ്ഞുവന്ന മട്ടാണ്.

‘രാജശേഖരനല്ലെ?’ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ലെന്ന് അയാ ൾ ഓർത്തു. അവൾ ചോദ്യമാവർത്തിച്ചില്ല. അയാൾ ചോദിച്ചു.

‘ആരാണ്? മനസ്സിലായില്ലാ.’

‘ഞാൻ നാട്ടിൽനിന്ന് വര്വാണ്. രേവതി.’

‘രേവതി?’

‘അതെ.’

അയാൾക്ക് ആ പേരുള്ള ആരെ യും അറിയില്ല. അയാൾ ചോദ്യപൂർവ്വം അവളെ നോക്കി. അവൾ ചോദിച്ചു.

‘ഞാൻ അകത്തു കടക്കട്ടെ?’

അയാൾ സംശയത്തോടെ മാറിനിന്ന് വഴിയുണ്ടാക്കിക്കൊടുത്തു. അവ ൾ സഞ്ചി നിലത്തുവച്ച് ഒരു ചൂരൽക്കസേരയിലിരുന്നു.

‘എനിക്കൊരു ചായ വേണം. വേണമെങ്കിൽ ഞാനുണ്ടാക്കാം.’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഞാനുണ്ടാക്കാം, ഇരിക്കു.’ അയാൾ അടുക്കളയിലേയ്ക്കു പോ യി. അവൾ പിന്നാലെ വന്നു. അതൊ രു രണ്ടു മുറി വീടായിരുന്നു. സ്വീകരണമുറി, കിടപ്പറ, പിന്നെ അടുക്കള.

‘ഇവിടെ നിങ്ങളൊറ്റക്കാണോ താമസം?’

‘അതെ.’ ചായക്കു വെള്ളം വെ ക്കുമ്പോൾ അയാൾ ഓർമ്മിപ്പിച്ചു. ‘നിങ്ങൾ ആരാണ്, എന്തിനാണ് വ ന്നത് എന്ന് പറഞ്ഞില്ല.’

‘പറയാം, എന്താണ് ധൃതി? ഞാൻ രാജശേഖരന്റെ ഒപ്പം താമസിക്കാൻ പോവ്വാണ്.’

‘എന്റെ ഒപ്പമോ.’ അയാളുടെ മനസ്സ് ഒന്ന് കാളി. എന്താണ് ഈ പെണ്ണിന്റെ കയ്യിലിരിപ്പെന്ന് ആലോചിക്കുകയായിരുന്നു രാജശേഖരൻ. ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണ് ഒരു പ്രഭാതത്തിൽ വന്ന് ഒറ്റയ്ക്കു താമസിക്കുന്ന തന്റെ ഒപ്പം... അയാൾ അവളെ പഠിക്കുകയാണ്. ഒരു ശരാശരി സ്ത്രീ. പത്തിരുപത്തഞ്ചു വയസ്സുണ്ടാകും. അധികമൊന്നും നീളമില്ലാത്ത തലമുടി പിന്നിൽ ഒന്നായി കൂട്ടിക്കെട്ടിയിട്ടിരിക്കയാണ്. ഒരു ദീർഘയാത്ര കഴിഞ്ഞ സമയമല്ല ഒരു പെണ്ണിന്റെ സൗന്ദര്യം പരിശോധിക്കേണ്ട അവസരമെന്ന് അയാൾക്കറിയാം. എങ്കിലും എന്തെങ്കിലും വാഗ്ദാനം കാണാമല്ലൊ. അല്പം നിറമുണ്ടെന്നല്ലാതെ അയാൾക്ക് വലിയ വാഗ്ദാനങ്ങളൊന്നും ആ ദേഹത്തിൽ കാണാൻ കഴിഞ്ഞില്ല. ശരാശരിയുടെ താഴെമാത്രം.

ചായയുമായി അയാൾക്കെതിരെ മേശക്കപ്പുറത്തിരുന്നശേഷം അവൾ പറഞ്ഞു.

‘രാജശേഖരൻ നാട്ടിൽ ഒരു പണിക്കരേട്ടനെ അറിയ്യോ?’

‘ആര് രാഘവപ്പണിക്കരോ?’

‘അതെ. അയാൾക്ക് ഒരു മകളുള്ളതറിയ്യോ?’

അറിയാനുള്ള അയാളുടെ ആഗ്രഹങ്ങളെല്ലാം പെട്ടെന്ന് അസ്തമിച്ചു. ഒരു നരച്ച പാവാടയും ബ്ലൗസുമിട്ട് പുസ്തകവും മാറോടു ചേർത്തുപിടിച്ച് തലയും കുനിച്ച് മുറ്റത്തുകൂടെ നടന്നു പോകാറുള്ള പെൺകുട്ടി. ആ സാധനമാണോ ഇത്? അയാൾ ദീർഘശ്വാസമിട്ടു. രസകരമായൊരു അനിശ്ചിതത്വം തന്നിൽനിന്ന് തട്ടിപ്പറിച്ചിരിക്കുന്നു. ഇനി ഇപ്പോൾ അറിയേണ്ടത് ഈ സാധനം തന്റെ അടുത്ത് എന്തിനാണ് എത്തിപ്പെട്ടതെന്നുമാത്രമാണ്.

‘എനിക്ക് ഇവിടെ ഒരു ജോലി കിട്ടീട്ട്ണ്ട്, ടാസ് ഹോട്ടലിൽ. ഐലന്റിലാണ്. എനിക്കാണെങ്കിൽ ഇവിടെ ആരേയും അറിയും ഇല്ല. അപ്പോഴാണ് രാജശേഖരന്റെ ഓർമ്മ വന്നത്. അച്ഛനാണ് അഡ്രസ്സു തന്നത്.’

അയാൾ വീണ്ടും ദീർഘശ്വാസമിട്ടു. മകനുവേണ്ടി ഒരച്ഛന്ന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സേവനം. ഇത്രയും കാലത്തിനുശേഷം അച്ഛൻ വീണ്ടും ഉപദ്രവിക്കുമെന്ന് കരുതിയില്ല.

‘ഞാൻ കുളിച്ചിട്ടു വരാം.’ അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ‘ഒമ്പതുമണിക്ക് ഹോട്ടലിലെത്തണം. ഇന്ന് ജോലിക്ക് ചേരുന്ന ദിവസമാണ്. നാളെത്തൊട്ട് സമയത്തിനെല്ലാം മാറ്റമുണ്ടാവും’

അവൾ ബാഗു തുറന്ന് മാറ്റാനുള്ള സാധനങ്ങളെടുത്തു നടന്നു. കുളിമുറിയുടെ വാതിൽക്കലെത്തിയപ്പോൾ തിരിഞ്ഞു നിന്നു.

‘ബ്രേക്ഫാസ്റ്റിന്നെന്താണുള്ളത്?’

‘ബ്രെഡ്ഡും ഓംലെറ്റും’

‘സാരംല്ല്യ.’

‘സാരംല്ല്യ?’ ബ്രെഡ്ഡും ഓംലറ്റും വലിയ ധാരാളിത്തമായാണ് അയാൾ കരുതിയിരുന്നത്.

‘ഞാൻ വല്ല ദോശയോ മറ്റോ ഉണ്ടാവുംന്ന് കരുതി. ഒന്ന് ഉണ്ടാക്കാൻ പറ്റുമോ, അല്ലെങ്കിൽ ഞാൻ വന്നിട്ട് ഉണ്ടാക്കാം.’

വലിയൊരു കാരുണ്യം തന്നെ. അടുക്കളയിലേക്കു നടക്കുമ്പോൾ അയാൾ ആലോചിച്ചു. എങ്ങിനെയെങ്കിലും അത് മേൽനിന്ന് ഒഴിഞ്ഞുപോയാൽ മതിയായിരുന്നു. പതിനഞ്ചു മിനുറ്റിനുള്ളിൽ പ്രാതൽ തയ്യാറാക്കി മേശപ്പുറത്തു വച്ചപ്പോഴേയ്ക്ക് അവൾ കുളിമുറിയുടെ വാതിൽ തുറന്നു പുറത്തു കടന്നു. അയാളുടെ പ്രതീക്ഷകൾ വീണ്ടും തകിടം മറിഞ്ഞു. കാൽ മണിക്കുറെടുത്തു വിസ്തരിച്ചു ചെയ്ത കുളി അവളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

അവൾ ധൃതിയിൽ ഭക്ഷണം കഴിച്ചു, പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അവൾ പോയപ്പോഴാണ് അയാൾ ആലോചിച്ചത്. അവൾക്ക് കൊച്ചിയിൽ പരിചയമുണ്ടാവില്ല. എന്തെങ്കിലും സഹായം വേണോ എന്നൊന്നും ചോദിച്ചില്ല. നഗരങ്ങളിലൊക്കെ ഈ നാടൻ പെൺകുട്ടിക്ക് പരിചയമുണ്ടാവുമോ ആവോ. അയാൾ കുറേ നേരം പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് ഇരുന്നു. അവൾ തന്റെ വീട്ടിന്റെ മുറ്റത്തുകൂടി സ്‌കൂളിൽ പോയിരുന്നത്, തന്നോടു സംസാരിക്കാൻ ശ്രമിച്ചിരുന്ന അവളെ തീരെ അവഗണിച്ചിരുന്നത്, എല്ലാം. അയാൾക്കവളെ ഭയമായിരുന്നു. ഒന്നു ചിരിച്ചാൽ, ഒരു വാക്ക് സംസാരിച്ചാൽ അവൾ അയാളിലേയ്ക്ക് ഒരു വള്ളിപോലെ പടർന്നുകയറുമെന്നയാൾ പേടിച്ചു. പിന്നെ കോളേജിൽ ചേർന്നശേഷം അവളെ കണ്ടിട്ടുമില്ല. അവർ താമസം മാറ്റിയിരുന്നു. അന്നു ഭയപ്പെട്ടിരുന്നതെല്ലാം ഇപ്പോൾ സംഭവിക്കുകയാണോ? ഈ പീഡനത്തെപ്പറ്റി ക്രൂരമായ വിധി അന്നുതന്നെ തനിക്ക് താക്കീത് തരികയായിരുന്നോ?

വൈകുന്നേരം ഓഫീസു വിട്ടു വന്നപ്പോൾ വീട്ടിന്റെ പുറത്തെ വരാന്തയിൽ അവൾ കാത്തിരിക്കുകയായിരുന്നു.

‘താക്കോല് വാങ്ങിവെക്കാൻ മറന്നു.’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘തരാൻ ഞാനും മറന്നു. പിന്നെ ഇത്ര വേഗം രേവതി വരുമെന്നും കരുതിയില്ല.’

‘ഇന്നു ശരിക്കു പറഞ്ഞാൽ ഡ്യൂട്ടി ഇല്ലായിരുന്നു. എന്റെ ഷിഫ്റ്റ് വൈകീട്ടാണ്.’ അവൾ അടുക്കളയിൽ പോയി ചായക്കു വെള്ളം വെച്ചു. ‘ഞാൻ ഒന്ന് കുളിമുറിയിൽ പോയി വരാം. അപ്പോഴേക്കേ വെള്ളം തിളക്കു. ഞാൻ ചായയുണ്ടാക്കാം.’

അവൾ കുളിമുറിയിൽ പോയി, രണ്ടു മിനിറ്റിന്നുള്ളിൽ തിരിച്ചു വരികയും ചെയ്തു. അവൾ മുഖം കഴുകി, സാരി മാറ്റി ചൂരിദാറിലേയ്ക്കു കടന്നിരുന്നു. തലമുടി ഉച്ചിയിൽ കെട്ടിവെച്ചിട്ടുണ്ട്.

‘രേവതിയുടെ താമസത്തിന് എന്താണ് ചെയ്യേണ്ടത്?’ അയാൾ ചോദിച്ചു.

‘ഹോട്ടലുകാർ എന്തെങ്കിലും ഏർപ്പാടു ചെയ്യും. അതുവരെ ഞാൻ രാജശേഖരന്റെ ഒപ്പം താമസിക്കും, എന്താ?’

‘എന്റെ ഒപ്പമോ?’

‘അതേ, എന്താ സമ്മതമല്ലെ?’

‘ഞാൻ അവിവാഹിതനാണ്, ഒറ്റയ്ക്കു താമസിക്കുന്നു. അതു ശരിയാവില്ല.’

‘ഞാൻ രാജശേഖരനെ ഉപദ്രവിക്ക്യൊന്നുംല്ല്യ, പോരെ.’ അവൾ ഉറക്കെ ചിരിച്ചു.

‘അതല്ല.’

‘പിന്നെയെന്താണ്? മറ്റുള്ളവർ എന്തു വിചാരിക്കുമെന്നോ? ചെറിയമ്മയുടെ മകളാണ് എന്നങ്ങു പറഞ്ഞേക്കണം.’

ഭാഗ്യത്തിന് അയാൾക്ക് അധികം സ്‌നേഹിതന്മാരില്ലായിരുന്നു. അയൽക്കാരും അയാളുടെ കാര്യത്തിൽ താൽപര്യമെടുത്തിരുന്നില്ല. എറണാകുളത്ത് അങ്ങിനെയൊരു നല്ല കാര്യമുണ്ട്. ആൾക്കാർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലേ അന്യോന്യം കാണൂ. അല്ലെങ്കിൽ കണ്ട ഭാവം നടിക്കില്ല. നമ്മുടെ എതിരായി നടന്നുവരികയാണെങ്കിലും അവരുടെ കണ്ണുകൾ നമ്മൾ ഒരദൃശ്യരൂപിയാണെന്ന പോലെ നമ്മെ വകഞ്ഞു പോകുന്നു.

രാത്രി ഭക്ഷണം പാകം ചെയ്യാനും രേവതി സഹായിച്ചു.

‘എനിക്ക് ചൈനീസ് കുക്കിങ് അറിയാം.’ അവൾ പറഞ്ഞു. ‘ഞാൻ രാജശേഖരന് ഉണ്ടാക്കിത്തരാം.’

അവൾക്ക് ഹോട്ടലിൽ എന്താണ് ജോലിയെന്ന് ചോദിച്ചില്ലെന്ന് അയാൾ ഓർത്തു. ഒരാളുടെ ജോലി എന്താണെന്ന് ചോദിക്കാൻ അയാൾക്കു വിഷമമായിരുന്നു. ചെറിയ ജോലിയുള്ളവർക്ക് അതു വിഷമമുണ്ടാക്കുന്നു. ഇവളുടെ ജോലി ഭക്ഷണം പാകം ചെയ്യലാണോ? അതായിരിക്കാം ചൈനീസ് കുക്കിങ്ങിനെപ്പറ്റി പറയുന്നത്. നാടൻ പാചകത്തിലും അവൾ മിടുക്കിയാണെന്ന് ഊണ് തെളിയിച്ചു. ഊണു കഴിഞ്ഞ് പാത്രങ്ങൾ കഴുകിവച്ച് കൈ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.

‘ടി.വി. വെക്കാമോ?’

‘പിന്നെയെന്താ?’

‘എന്റെ ഒരു ശീലമാണത്. ഊണുകഴിഞ്ഞ് ടിവിയുടെ മുമ്പിൽ ഇരിക്കുകയെന്നത്. അതുകൊണ്ട് ടി.വി. ഇല്ലാത്ത വീട്ടിൽ ഞാൻ രാത്രിഭക്ഷണത്തിന് തങ്ങാറില്ല.’

അവൾ തമാശ പറഞ്ഞതായിരിക്കണം. അല്ലെങ്കിൽ കാര്യമായിത്തന്നെ. സമയം പന്ത്രണ്ടുമണിയായി. അയാൾക്കുറക്കം വന്നു. അയാൾ ചോദിച്ചു.

‘ഉറങ്ങണ്ടെ?’

‘ഉറങ്ങാം.’

കുറച്ചുനേരമായി അയാൾ ആലോചിച്ചിരുന്നത് എങ്ങിനെ കിടക്കുമെന്നായിരുന്നു. ചൂരൽ കസേരകൾക്കു പകരം സോഫയായിരുന്നെങ്കിൽ അതിന്മേൽ കിടക്കാമായിരുന്നു. ഒരു കിടക്ക മടക്കിവച്ചത് ഉണ്ട്. അതു നിലത്തിട്ടു കിടക്കാം. അവൾ കട്ടിലിൽത്തന്നെ കിടക്കട്ടെ. അവൾ എഴുന്നേറ്റു ടി.വി. ഓഫാക്കി, കിടക്ക വിരിക്കാൻ തുടങ്ങി. അയാൾ അലമാറി തുറന്ന് കട്ടികുറഞ്ഞ കിടക്ക പുറത്തേക്കെടുത്തു.

‘എന്തിനാണ് അതൊക്കെ പുറത്തെടുക്കുന്നത്?’

‘രേവതി കട്ടിലിന്മേൽ കിടന്നുകൊള്ളു. ഞാൻ മറ്റെ മുറിയിൽ നിലത്ത് കിടക്കയിട്ട് കിടക്കാം.’

‘എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടണത്. ഈ കട്ടിലിൽ ധാരാളം സ്ഥലമുണ്ടല്ലൊ. രണ്ടുപേർക്ക് ഇവിടെ കിടന്നുകൂടെ?’

ശരിയാണ് ഇരട്ടക്കട്ടിലാണ്. ഇങ്ങിനെയൊരു സന്ദർഭം മുൻകൂട്ടി കണ്ടിരുന്നില്ല. രണ്ടു കൊല്ലത്തിനുള്ളിൽ കല്യാണം കഴിക്കണമെന്ന ഉദ്ദേശമുള്ളതുകൊണ്ട് കട്ടിൽ മാറ്റിവാങ്ങാനിടയാക്കേണ്ടെന്നു കരുതി വലുതുതന്നെ വാങ്ങിയതാണ്.

‘വേണ്ട, ഞാൻ താഴെ കിടക്കാം.’

‘ഞാൻ ഉപദ്രവിക്കുമെന്ന പേടിയുണ്ടോ?’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

‘അങ്ങിനെയല്ല.’ അയാൾ പറഞ്ഞു. ‘അതു ശരിയല്ല.’

‘ഇൻഹിബിഷൻ, അല്ലെ? രാജശേഖരന് വിഷമമില്ലെങ്കിൽ നമുക്കൊന്നിച്ചു കിടക്കാം. പിന്നെ ഒരു കാര്യത്തിൽ ഭയം വേണ്ട. ഒപ്പം കിടന്നു എന്നുവെച്ച് എന്നെ കെട്ടണമെന്നു പറഞ്ഞു നടക്കുകയൊന്നുമില്ല ഞാൻ.’

ഒരു നയം പ്രഖ്യാപിക്കുന്ന പോലെയാണവൾ അതു പറഞ്ഞത്. അവളുടെ നാടൻ രൂപം വളരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ഒരു നാടൻപെൺകുട്ടിയുടെ മനസ്സല്ലാ അവൾക്ക്. അയാൾ ഒന്നും പറയാതെ നിലത്തു കിടക്ക വിരിച്ചു.

‘എന്നാൽ ഞാനവിടെ കിടക്കാം, രാജശേഖരൻ ഇവിടെ കിടക്കു.’

‘വേണ്ട എനിക്ക് വിഷമമൊന്നുമില്ല.’

വിളക്കണച്ച് കിടക്കയിൽ ചുരുണ്ടുകൂടിയപ്പോൾ അയാൾ ആലോചിച്ചു. എന്താണ് രേവതിയുടെ ഒപ്പം കിടക്കാൻ വിസമ്മതിച്ചത്? രേവതിക്കു പകരം സുന്ദരിയായ ഒരു പെണ്ണായിരുന്നുവെങ്കിലോ? മനസ്സാക്ഷി തന്ന ഉത്തരം അലോസരപ്പെടുത്തി, അയാളുടെ ഉറക്കം കളഞ്ഞു.

രാവിലെ അയാൾ ഓഫീസിൽ പോകാൻ തയ്യാറെടുക്കുമ്പോഴും അവൾ അലസയായി നടക്കുകയായിരുന്നു. അവൾക്ക് നാലുമണിക്കേ ഹോട്ടലിലെത്തേണ്ടു.

വൈകുന്നേരം ഓഫീസിൽനിന്നു തിരിച്ചുവന്നപ്പോൾ അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മേശമേൽ പാത്രങ്ങളുണ്ടായിരുന്നു. അടച്ചുവെച്ച പാത്രങ്ങളിൽ ചൈനീസ് വിഭവങ്ങൾ. നൂഡിൽസ്, ക്വാളിഫ്‌ളവർ കൊണ്ടൊരു വിഭവം, വിനിഗാറിൽ പച്ചമുളക് അരിഞ്ഞിട്ടത്. മേശപ്പുറത്തുള്ള കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘ഞാൻ വരാൻ നേരം വൈകിയെന്നിരിക്കും. രാജശേഖരൻ ഭക്ഷണം കഴിച്ചുകൊള്ളു. എന്നെ കാക്കേണ്ട.’ താഴെ ഒരു പരസ്യവുമുണ്ട്. ‘ഭക്ഷണം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടു പറയു, ഇല്ലെങ്കിൽ എന്നോടും.’

ഭക്ഷണം നന്നായിരുന്നു. അവൾ അതു തയ്യാറാക്കാൻ കുറേയേറെ സാധനങ്ങൾ പുറത്തുപോയി വാങ്ങിച്ചിട്ടുണ്ട്. കുറേ കഷ്ടപ്പെട്ടിട്ടുണ്ടാവും.

രേവതി വന്നപ്പോൾ പതിനൊന്നു മണിയായി. അവൾ കുളിമുറിയിൽ കയറി കുളിച്ചു ഒരു നൈറ്റിയും ധരിച്ചു പുറത്തു വന്നു.

‘ഭക്ഷണം ഇഷ്ടപ്പെട്ടുവോ?’

‘ഞാൻ നാലഞ്ചു പേരോടു പറഞ്ഞിട്ടുണ്ട്.’ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഓാ...’

‘എന്റെ ഒരു ഭക്ഷണം കഴിഞ്ഞിരിക്കുന്നു. കുറച്ചെന്തെങ്കിലും കഴിക്കാം.’ അവൾ പ്ലേയ്റ്റിൽ ഭക്ഷണമെടുത്ത് ടിവിക്കുമുമ്പിൽ അയാളുടെ അടുത്ത് വന്നിരുന്നു. അയാളുടെ കയ്യിൽ നിന്ന് റിമോട്ട് കൺട്രോൾ തട്ടിപ്പറിച്ചു വാങ്ങി ചാനലുകൾ മാറ്റാൻ തുടങ്ങി. അയാൾ ചോദിച്ചു.

‘എങ്ങിനെയുണ്ടായിരുന്നു ആദ്യ ദിവസത്തെ ജോലി?’

‘ആദ്യ ദിവസത്തെ ജോലിയോ?’ അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങി. ‘എന്നെ സംബന്ധിച്ചേടത്തോളം എന്നും ആദ്യ ദിവസമാണ്. അതുപോട്ടെ, ഭക്ഷണം കുഴപ്പമൊന്നുമില്ലല്ലോ?’

‘ഇല്ല, നന്നായിട്ടുണ്ട്’

പെട്ടെന്നാണ് അവളുടെ ജോലിയെപ്പറ്റി സംസാരമൊന്നും വന്നില്ല എന്നയാൾ ഓർത്തത്. അയാൾ ചോദിച്ചു.

‘എന്താണ് രേവതിയുടെ ജോലി?’

‘എന്റെ ജോലിയോ?’ അവൾ വീണ്ടും ഉറക്കെ ചിരിക്കാൻ തുടങ്ങി. ‘രാജശേഖരന്നതു കേൾക്കണോ?’

‘എന്താ പറയാൻ വിഷമമുണ്ടോ?’

‘ഏയ്. ഞാനൊരു കാബറെ ഡാൻസറാണ്.’

അയാൾ സ്തബ്ധനായി ഇരുന്നു. കാബറെ ഡാൻസിന്റെ സദാചാരവശങ്ങളോ, ഒരു കാബറെ ഡാൻസർ ഒപ്പം താമസിക്കുന്നതിന്റെ വിഷമമോ അല്ല അയാളെ അമ്പരപ്പിച്ചത്. അവൾ, ഒരു കാബറെ ഡാൻസർ! അയാൾ മനസ്സിൽ വീണ്ടും വീണ്ടും ചോദിച്ചു. എങ്ങിനെ? കാബറെ ഡാൻസറാകാനുള്ള ഒരു ടാലന്റും അവളിൽ കാണാൻ പറ്റിയില്ല എന്നതാണ് അയാളെ അമ്പരപ്പിച്ചത്.

‘എന്താ രാജശേഖരന് വിഷമമായോ?’

‘എന്തിന്?’

‘ഞാൻ ഒരു കാബറെ ഡാൻസറായതിന്, അല്ലെങ്കിൽ ഒരു അലവലാതി കാബറെ ഡാൻസർ ഒപ്പം കയറി താമസമാക്കിയതിൽ.’

‘രണ്ടുമില്ല.’ അയാൾ കള്ളം പറഞ്ഞു. ‘പക്ഷെ എങ്ങിനെയാണ് ഇങ്ങിനെയൊരു ജീവിതത്തിൽ എത്തിപ്പെട്ടത്?’

ഇങ്ങിനെയൊരു ജീവിതത്തിൽ എന്നാണ് രാജശേഖരൻ പറഞ്ഞത്. അത് ബോധപൂർവ്വമായിരിക്കില്ല. തൊഴിലിൽ എന്നു പറഞ്ഞാൽ കുഴപ്പമുണ്ടായിരുന്നില്ല. ഈ തൊഴിലും ജീവിതവുമായി ആൾക്കാർ ബന്ധപ്പെടുത്തുന്നു. അല്ലെങ്കിൽ ഇതൊരു തൊഴിലല്ല ജീവിതം തന്നെയാണെന്ന് വിശ്വസിക്കുന്നു. മറ്റൊരു തൊഴിലിനും ഈ ഗതിയില്ല. മാനേജരായി ജീവിക്കുന്നു എന്നാരും പറയാറില്ല. എന്തുകൊണ്ട് ഈ തൊഴിലും മറ്റു തൊഴിലുകൾപോലെ ജീവിതവുമായി ബന്ധപ്പെടുത്താതിരുന്നുകൂടാ?

‘എന്റെ ജീവിതവും തൊഴിലും രണ്ടും രണ്ടാണ്. രാജശേഖരൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതായിരിക്കില്ല എന്നറിയാം.’ അവൾ പറഞ്ഞു. ‘പക്ഷെ അത് മറ്റുള്ളവർ ഈ തൊഴിലിനെ എങ്ങിനെ കാണുന്നു എന്നതിന്റെ സൂചനയാണ്.’

‘അയാം സോറി.’

‘സാരംല്ല്യ.’ അവൾ അകത്തുപോയി അവളുടെ സഞ്ചിയിൽനിന്ന് ഒരു ആൽബം എടുത്തുകൊണ്ടുവന്ന് അയാളുടെ കയ്യിൽ കൊടുത്തു. നിറയെ കാബറെ ഡാൻസുകളുടെ ചിത്രങ്ങൾ. എല്ലാം രേവതിയുടെതന്നെ. ബാന്റ് വാദ്യക്കാരുടേയും ഭക്ഷണം കഴിക്കുന്ന അതിഥികളുടെയും പശ്ചാത്തലത്തിൽ അവൾ വിവിധ പോസുകളിൽ നൃത്തം ചെയ്യുന്നു. മുലകളെ മൂടുന്ന നേരിയ ഒരാവരണം, അരക്കെട്ടിൽ വീതികുറഞ്ഞ ഒരു തുണിക്കഷ്ണം മാത്രം. ഇത് രേവതി തന്നെയാണോ?

‘ഇതെല്ലാം ബോംബേയിൽ ജോലി ചെയ്തിരുന്ന സമയത്തെ ഫോട്ടോകളാണ്.’

‘എങ്ങിനെയാണ് ഈ ജോലിയിലെത്തിയത്?’ അയാൾ ചോദിച്ചു. എത്തിപ്പെട്ടത് എന്നു ചോദിക്കാനോങ്ങിയതാണ്. പക്ഷെ എന്തുകൊണ്ടോ അയാൾ സ്വയം തിരുത്തി.

‘ഞാൻ ടൈപ്പിസ്റ്റായി ജോലി നോക്കിയിരുന്ന കമ്പനിയിലെ സ്റ്റെനോവായിരുന്നു ലിലിയൻ. ഒരു ആംഗ്ലോ ഇന്ത്യൻ. പത്തുനാല്പതു വയസ്സു പ്രായമുണ്ടാകും. അവർ കമ്പനിയിൽ ജോലി കഴിഞ്ഞാൽ ഒരു ഹോട്ടലിൽ പാർട്ട്‌ടൈം കാബറെ ഡാൻസറായി ജോലി നോക്കിയിരുന്നു. അവൾ വഴിക്കാണ്.’

‘അച്ഛൻ ഉണ്ടായിരുന്നില്ലെ?’

‘ഇല്ല, അച്ഛൻ മരിച്ചുപോയിരുന്നു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ...? അമ്മ പണ്ടേ മരിച്ചിരുന്നു. അപ്പോൾ തന്നെ ഞാൻ ഒറ്റക്കായിരുന്നു. അച്ഛനുംകൂടി മരിച്ചപ്പോൾ അതു പൂർണമായി. ഈ ലോകത്ത് ഞാൻ ഒറ്റയ്ക്ക്. സ്‌നേഹിക്കാനാരെങ്കിലുമുണ്ടെങ്കിലേ നമുക്ക് വിഷമം തോന്നു. ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നില്ല. എന്നെ സംബന്ധിച്ചേടത്തോളം ഈ ജോലി ഒരനുഷ്ഠാനമാണ്, ഉപാസനയാണ്. വളരെ കുട്ടിയായിരിക്കുമ്പോൾ ഞങ്ങൾ കുറച്ചുകാലം കോയമ്പത്തൂരിൽ താമസിച്ചിരുന്നു. അവിടെ ഞങ്ങളുടെ വീട്ടിന്നടുത്തുതന്നെ ഒരു അമ്മൻ കോവിലുണ്ടായിരുന്നു. കോവിലെന്നൊന്നും പറയാൻ വയ്യ. വഴിവക്കിലെ ഒരു ചെറിയ ആലിൻ ചുവട്ടിൽ ചുവന്ന ചായമടിച്ച ഒരു ചെറിയ കൽപ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്. തൊട്ട പിന്നിലുള്ള കുടിലിലെ ഒരു സ്ത്രീ എന്നും രാത്രിയായാൽ അവിടെ വന്നിരുന്ന് നെറ്റിമേലും മുഖത്തും ഭസ്മവും രക്തചന്ദനവും പുരട്ടാൻ തുടങ്ങും. ഒരു ചുവന്ന ചേല മാത്രമാണ് വേഷം. ബ്ലൌസൊന്നും ഇടില്ല. കുറച്ചു കഴിയുമ്പോഴേയ്ക്ക് അവരുടെ ഭർത്താവ് ഒരു ചെണ്ടയുമായി വന്നിരുന്ന് കൊട്ടാൻ തുടങ്ങും. കൊട്ടു തുടങ്ങുന്നതോടെ ആ സ്ത്രീയുടെ ഭാവങ്ങൾ മാറാൻ തുടങ്ങും. ഒരു തരം വിറയൽ ബാധിക്കും. അതു പതുക്കെ ദേഹമാസകലം പടരും. അവസാനം കാലിൽ ചിലങ്ക കെട്ടുമ്പോഴേയ്ക്ക് അവർ കലിബാധിച്ചപോലെയാവും. പലപ്പോഴും കാണാൻ നിൽക്കുന്ന ഞാൻ പേടിച്ച് ഓടിപ്പോകാറുണ്ട്.’

അവൾ ആലോചിച്ചു. കുന്തിരുക്കത്തിന്റേയും സാമ്പ്രാണിയുടേയും കർപ്പൂരത്തിന്റേയും പുകക്കിടയിൽ രാത്രി വൈകുന്നവരെ ആ സ്ത്രീ ആടി. കിടപ്പുമുറിയുടെ ജനലിലൂടെ അവൾ നോക്കി നില്ക്കും. ധാരാളം ഭക്തന്മാർ കാണാൻ കൂടും. തുള്ളൽ തുടങ്ങിയാൽ അവരുടെ സാരി എങ്ങിനേയോ ഊർന്നുപോവും. ചുവന്ന പാവാടമാത്രമാവും വേഷം. ആ വേഷത്തിൽ ഒരു മണിക്കൂർ നേരം വിഗ്രഹത്തിനുമുമ്പിൽ അവർ ആടും. അവരുടെ നഗ്നമായ നിറമാറിടം ശക്തിയായി ഉലയുന്നത് രേവതി ആരാധനയോടെ നോക്കിനില്ക്കാറുണ്ട്.

‘ഇവിടെ കാബറേയ്ക്ക് വേണ്ടി മേയ്ക്കപ്പ് ചെയ്യുമ്പോൾ എനിക്കും അതുപോലെയാണ്. ജാസ്ഡ്രമ്മിന്റെ ശബ്ദം കേൾക്കുമ്പോൾ മേൽ ഒരുതരം കലി വരും. കാലിന്റെ പെരുവിരലിൽ തുടങ്ങിയ ആ കലി മേക്കപ്പ് കഴിയുമ്പോഴേയ്ക്ക് ദേഹമാസകലം പടർന്ന് ഞാൻ ഒരുതരം അബോധാവസ്ഥയിലായിരിക്കും. പിന്നെ മുമ്പിൽ കാണുക കോയമ്പത്തൂരിലെ അമ്പുച്ചെട്ടിത്തെരുവിലെ അമ്മൻ കോവിലും പ്രതിഷ്ഠയുമാണ്. പിന്നെ നഗ്നതയോ തുളച്ചുനോക്കുന്ന കണ്ണുകളോ ഒരു പ്രശ്‌നമല്ല.’

‘എപ്പോഴാണ് ബോംബെ വിട്ടത്?’

‘ആറു മാസമായി. നാട്ടിൽ സ്വസ്ഥമായി ഇരിക്കാമെന്നു കരുതി വന്നതായിരുന്നു. ഇവിടെ ഒന്നും നടക്കില്ല. അപ്പോഴാണ് ഈ ജോലി കിട്ടിയത്. ആ ഹോട്ടലിന്റെ തന്നെയാണിതും. ബോംബെ വിടുമ്പോൾ അവരെന്നോടു പറഞ്ഞിരുന്നു, താല്പര്യമുണ്ടെങ്കിൽ അറിയിക്കാൻ.’

സമയം പന്ത്രണ്ടായി. അയാൾ പറഞ്ഞു. ‘നമുക്ക് കിടക്കാം.’

അവൾ എഴുന്നേറ്റു.

‘ഇന്ന് രാജശേഖരൻ കട്ടിലിൽ കിടക്കു. ഞാൻ നിലത്തു കിടക്കാം. അല്ലെങ്കിൽ നമുക്കൊരുമിച്ച് കിടക്കാം.’

‘വേണ്ട, ഞാൻ നിലത്തു കിടന്നുകൊള്ളാം.’

രാവിലെ ഓഫീസിൽ പോകുമ്പോൾ രേവതി ചോദിച്ചു.

‘വൈകുന്നേരം ടാസിൽ വരുന്നോ? മാസത്തിലൊരിക്കൽ എനിക്ക് ഒരു സ്‌നേഹിതനെ ഡിന്നറിനു ക്ഷണിക്കാം. ഹോട്ടലുകാർ തരുന്ന സൗജന്യം.’

‘വേണോ?’

‘വരു, ഞാനവിടെയുണ്ടാകും.’

‘പിന്നേയ്,’ അവൾ വിളിച്ചുപറഞ്ഞു. ‘അവിടെ എന്റെ പേര് രേവതിയെന്നല്ല കേട്ടോ, ജെസ്സിക്കയെന്നാണ്. ‘സിസ്ലിങ് ജെസ്സിക്ക’. റിസപ്ഷൻ കൗണ്ടറിൽ അന്വേഷിച്ചാൽ മതി.’

ഒരഞ്ചുനില ചില്ലുകൊട്ടാരമാണ് ടാസ് ഹോട്ടൽ. കൗണ്ടറിലുണ്ടായിരുന്ന സുന്ദരിയായ റിസപ്ഷനിസ്റ്റിനോടയാൾ ജെസ്സിക്കയുടെ പേർ പറഞ്ഞു. ഒരു മാന്ത്രിക വചനം ഉരുവിട്ടാലെന്നപോലെ ആ പേർ അവളിൽ ചലനമുണ്ടാക്കി. അവൾ പറഞ്ഞു.

‘സാർ ഇരിക്കു. ഞാൻ ഇപ്പോൾ വിളിക്കാം.’ അവൾ ഫോണെടുത്തു ബട്ടനുകളമർത്തി. രാജശേഖരൻ ഫോയറിലെ പതുപതുത്ത സോഫയിൽ ആണ്ടിറങ്ങി. അഞ്ചുമിനുറ്റിനകം രേവതി പ്രത്യക്ഷയായി.

‘വരു.’

അവൾ അയാളെ ബാറിൽ കൊണ്ടുപോയി. അവൾ ചോദിച്ചു.

‘എന്താണ് കുടിക്കുന്നത്? സ്‌കോച്ച് കൊണ്ടുവരാൻ പറയട്ടെ?’

അയാൾ ആലോചിച്ചു. ഇവൾക്ക് ഡിന്നറിനു മാത്രമേ സൗജന്യമുണ്ടാവു. ബാറിൽ ആർക്കും സൗജന്യമുണ്ടാവാറില്ല. അപ്പോൾ അവളുടെ കയ്യിൽ നിന്നാവും പോവുക. വേണ്ട. അയാൾ പറഞ്ഞു.

‘ജിൻടോണിക്ക് മതി.’

‘മതിയോ. എനിക്ക് സ്‌കോച്ച് അഫോഡ് ചെയ്യാം കെട്ടോ?’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അയാളും ചിരിച്ചു.

അവൾ ഓർഡർ കൊടുത്തു. അവൾക്കുവേണ്ടി പഴച്ചാറും.

‘രേവതി കുടിക്കില്ലെ?’

‘അത്യാവശ്യം. ജോലിക്കിടയിൽ കുടിച്ചാൽ ശരിയാവില്ല. കാബറെ പോയി സ്റ്റ്രിപ് ടീസാവും.’ അവൾ ഉറക്കെ ചിരിച്ചു.

ബാറിന്റെ ഒരു വശം ചില്ലായിരുന്നു. അതിനുമപ്പുറത്ത് റസ്റ്റോറണ്ടാണ്. തിരക്കു വരുന്നേയുള്ളു. ഇപ്പോൾ മിക്ക മേശകളും ഒഴിഞ്ഞിരിക്കുകയാണ്. റസ്റ്റോറണ്ടിന്റെ ഒരുവശത്തായി സംഗീതോപകരണങ്ങൾക്കു പിന്നിൽ സംഗീതജ്ഞർ നിരന്നു. ഒരു നിമിഷത്തിനുള്ളിൽ സംഗീതം തുടങ്ങി. അയാൾ സമയം നോക്കി. എട്ടുമണി. മുമ്പിലുള്ള ഗ്ലാസുമാറ്റി വെയ്റ്റർ പുതിയ ഗ്ലാസു കൊണ്ടുവന്നുവച്ചിരുന്നു. അയാൾ സാവധാനത്തിൽ ജിൻ നുണഞ്ഞു.

‘എനിക്കു പോണം. ഒമ്പതു മണിക്കാണ് പരിപാടി. രണ്ടാമത്തേത് പത്തു മണിക്കും. ഷോ തുടങ്ങിയാൽ രാജശേഖരൻ റസ്റ്റോറണ്ടിലേക്കു വരു. ഞാൻ എല്ലാം പറഞ്ഞേല്പിച്ചിട്ടുണ്ട്. ഇനി എന്നെ പത്തേമുക്കാലിനേ കിട്ടു. അതുവരെ തിന്നു മുടിപ്പിക്കു. ഓർക്കുക എല്ലാം സൗജന്യമാണ്. ഇവിടുത്തെ ആൾക്കാരും ഭക്ഷണവും നല്ലതാണ്.’

അവൾ പോയി. പെട്ടെന്നുതന്നെ തിരിച്ചുവന്നു. ‘ഒരു കാര്യം വിട്ടുപോയി. ബോറടിക്കുകയാണെങ്കിൽ, പത്തേമുക്കാൽ വരെ കാത്തുനില്ക്കാൻ വയ്യെങ്കിൽ ഡിന്നർ കഴിഞ്ഞു രാജു പൊയ്‌ക്കോളു. ഞാൻ പിന്നെ വരാം.’

ആ മേശയിൽ അയാൾ ഒറ്റയ്ക്കായി. അവസാനം രാജു എന്നാണവൾ വിളിച്ചത്. അവൾ കൂടുതൽ അടുക്കുകയാണ്. ബാറിൽ തിരക്കു തുടങ്ങി. ചിലർ കൗണ്ടറിനു മുമ്പിലിട്ട നീണ്ട കാലുള്ള ബാർസ്റ്റൂളുകളിൽ ഇരുന്നു കുടിക്കുന്നു. സിഗരറ്റിന്റെ പുക നേരിയ മറ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. അയാൾ ഗ്ലാസു കാലിയാക്കി. വളരെ കണിശമായി പുതിയൊരു ഗ്ലാസ് മുമ്പിലെത്തപ്പെട്ടു. ആ ഗ്ലാസ് എടുത്തുകൊണ്ട് അയാൾ പറഞ്ഞു.

‘ഇതു മതി, താങ്ക്‌സ്.’

റസ്റ്റോറണ്ടിലേക്കുള്ള ചില്ലുവാതിൽ തുറന്ന് അയാൾ ഗ്ലാസ്സുമായി ശുദ്ധവായുവിലേയ്ക്ക് ഊളിയിട്ടു.

‘സർ ഇവിടെയിരിക്കാം’ ഒരു വെയിറ്റർ അയാളെ ഒരൊറ്റ മേശയിലേയ്ക്ക് നയിച്ചു. അതിനുമീതെ വെച്ച ‘റിസേർവ്ഡ്’ എന്ന ബോർഡെടുത്തു മാറ്റി. അപ്പോൾ തനിക്കുവേണ്ടി ഒരു മേശ റിസേർവ് ചെയ്തു വെച്ചിരിക്കുന്നു! ശരിക്കും ഒരു വി.ഐ.പി. തന്നെ. രേവതി അവിടെ ജോലിയെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടേയുള്ളു. പക്ഷെ അവളുടെ സ്വാധീനം ആ ഹോട്ടലിൽ വേരുപിടിച്ചുകഴിഞ്ഞെന്നയാൾ മനസ്സിലാക്കി. അയാൾ വെയിറ്റർ ഭവ്യതയോടെ കൊണ്ടുവന്നുവച്ച ആധികാരികഗ്രന്ഥം തുറന്ന് കോണ്ടിനെന്റൽ വിഭവങ്ങളുടെ അദ്ഭുതലോകത്തിലേയ്ക്ക് ഊളിയിട്ടു.

ഓർഡർ കൊടുത്തു കഴിഞ്ഞപ്പോഴാണയാൾ കണ്ടത്. ഒരു മൂലയിൽ മുക്കാലിയിൽ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ. കാബറെ നർത്തകി. താഴെ വലുതായി പേരും എഴുതിവച്ചിരിക്കുന്നു. ‘സിസ്ലിങ് ജെസ്സിക്ക’. അയാൾക്ക് ഒരു ജാള്യത തോന്നി. ഹോട്ടലിലെ കാബറെ ഡാൻസറുടെ അതിഥിയായിട്ടാണ് താൻ ഇവിടെ ഇരിക്കുന്നത്. വരേണ്ടിയിരുന്നില്ലാ എന്നു തോന്നി അയാൾക്ക്. ഒരു നല്ല ഡിന്നർ കിട്ടുക നല്ല കാര്യമാണ്. പക്ഷെ അത് ഒരു കാബറെ ഡാൻസറുടെ ദയാവായ്പിലാവുമ്പോൾ ഒരു സുഖമില്ലായ്മ.

സംഗീതം പെട്ടെന്ന് ദ്രുതഗതിയിലായി. വിളക്കുകൾ അണയുകയും വീ ണ്ടും പ്രകാശിക്കുകയും ചെയ്തു. ക്രമേണ വിളക്കുകൾ മങ്ങി, ഒരു സ്‌പോട്ടുലൈറ്റു മാത്രം അവശേഷിച്ചു. ആ വെളിച്ചത്തിൽ തുറന്നുകിടന്ന ഒരു വാതിലിലൂടെ അവൾ പ്രത്യക്ഷപ്പെട്ടു. രേവതി! അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾ കാബറെ കണ്ടിരുന്നത് ടി.വി. ചാനലുകളിൽ മാത്രമായിരുന്നു. അയാൾ കണ്ടവയിൽവച്ച് ഏറ്റവും സെക്‌സിയായ കാബറെ ഡാൻസറായിരുന്നു മുമ്പിൽ. അവളുടെ രൂപാന്തരപ്രാപ്തി അയാളെ അദ്ഭുതപ്പെടുത്തി. ഒരു പുഴുവിൽനിന്ന് രൂപപ്പെട്ട ചിത്രശലഭം പോലെ, അവിശ്വസനീയമായിരുന്നു ആ മാറ്റം. രേവതി ഡാൻസു ചെയ്തുകൊണ്ടുതന്നെ അയാളെ നോക്കി ചിരിച്ചു. അയാൾ കൈയുയർത്തി വീശി.

കുടിച്ച ജിന്നാണോ, അതോ മുന്നിൽ അരക്കെട്ടും നിറഞ്ഞ മാറിടവും ഇളക്കി നൃത്തം ചെയ്യുന്ന ചെറുപ്പക്കാരിയാണോ അറിയില്ല അയാളുടെ മനസ്സിൽ ലഹരി പകർന്നു. ഇവൾതന്നെയാണ് കഴിഞ്ഞ ഒരാഴ്ചയായി തന്റെ മുറിയിൽ കൈയ്യെത്താവുന്ന ദൂരത്ത് രാത്രി ഉറങ്ങിയിരുന്നത്, ഒപ്പം കിടക്കാമെന്ന് പറഞ്ഞത്. നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി അയാൾ ഖേദിച്ചു. സംഗീതത്തിന്റെ താളത്തിനൊത്ത് രേവതി അംഗങ്ങൾ ഭോഗാസക്തമായി ചലിപ്പിച്ചു.

ഭക്ഷണം കഴിഞ്ഞിരുന്നു. ഐസ് ക്രീം നുണഞ്ഞുകൊണ്ട് അയാൾ വാച്ചുനോക്കി. ഒമ്പതേമുക്കാൽ. രേവതി പോയിരുന്നു. അവൾ വസ്ത്രം മാറ്റി തന്റെ അടുത്തേയ്ക്ക് വരുമെന്നയാൾ പ്രതീക്ഷിച്ചു. അവൾ വരുകയുണ്ടായില്ല. അതിനുള്ള സമയമുണ്ടാവില്ല. അടുത്ത പരിപാടി പത്തുമണിക്കാണ്. വേണമെങ്കിൽ ഫോയറിൽ പോയി കാത്തിരിക്കാം. പെട്ടെ ന്ന് കാത്തിരിക്കുന്നതിൽ വിഷമം തോന്നി, അയാൾ എഴുന്നേറ്റു.

അയാൾ ഉറക്കമുണർന്നപ്പോൾ നേരം പുലർന്നിരുന്നു. രേവതി ചായ കൂട്ടുകയാണ്. പാത്രങ്ങളുടെ ശബ്ദം തന്നെ ഉണർത്തിയതായിരിക്കണം. കിടന്നുകൊണ്ട് അയാൾ രേവതി അടുക്കളയിൽ ജോലിയെടുക്കുന്നതു നോക്കി. അടുക്കളയിൽനിന്ന് പുറത്തേയ്ക്കുള്ള വാതിൽ തുറന്നതു കാരണം സൂര്യവെളിച്ചം അവളുടെ നേരിയ നൈറ്റിയിലൂടെ കടന്ന് അവളുടെ കാലുകളുടെ മേൽഭാഗം കാണിച്ചു. അയാൾക്ക് തലേന്നു രാത്രിയിലെ നൃത്തം ഓർമ്മ വന്നു.

ചായഗ്ലാസ്സുകളുമെടുത്ത് അവൾ അയാളുടെ അടുത്തു വന്നു. ഒരു ഗ്ലാസ്, കട്ടിലിൽ തലയിണ ചെരിച്ചുവെച്ച് ചാരിയിരിക്കുന്ന രാജശേഖരന്റെ കയ്യിൽ കൊടുത്ത് അവൾ കട്ടിലിന്റെ കാൽക്കലിരുന്നു.

‘ഇന്നലെ എന്ത് ഉറക്കായിരുന്നു. ഞാൻ വന്നതൊന്നും അറിഞ്ഞില്ല അല്ലേ?’

അയാൾ ഒന്നും അറിഞ്ഞിരുന്നില്ല. നല്ല സുഖകരമായ ഉറക്കമായിരുന്നു. കരുതിക്കൂട്ടി അയാൾ കട്ടിലിന്മേലാണ് കിടന്നത്. രേവതി വന്നാൽ ഒപ്പം കിടത്താമെന്ന മോഹത്തോടെ. രേവതി വരുന്നതുവരെ ഉറങ്ങാതിരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഉറങ്ങിപ്പോയി. രേവതി നിലത്തായിരുന്നു കിടന്നത്. അവൾ കിടന്ന കിടക്ക മടക്കിവച്ചിട്ടുണ്ടായിരുന്നില്ല.

‘ഇന്നലത്തെ ഡിന്നർ എങ്ങിനെയുണ്ടായിരുന്നു? ഒറ്റക്കിരുന്ന് ബോറടിച്ചുവോ?’

‘നന്നായിരുന്നു. ഡാൻസു കഴിഞ്ഞ് രേവതി വരുമെന്നു കരുതി.’

‘ആ വേഷത്തിലോ? നന്നായി. രാജു ഡിന്നറെല്ലാമിട്ടെറിഞ്ഞ് ഓടും.’ അവൾ ഉറക്കെ ചിരിച്ചു.

അവൾ കുറച്ചുകൂടി അടുത്തിരുന്നെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അയാൾ ചോദിച്ചു.

‘എന്തിനാണ് നിലത്ത് കിടന്നത്? കട്ടിലിൽ സ്ഥലമുണ്ടായിരുന്നല്ലൊ.’

‘രാജുവിനെ ശല്യപ്പെടുത്തേണ്ടെന്നു കരുതി.’

ഒരു രാത്രിക്കുള്ളിൽ സ്‌നേഹിതനു സംഭവിച്ച മാനസിക പരിവർത്തനത്തെപ്പറ്റി അജ്ഞയായി രേവതി ഇരുന്നു. അവൾ സംസാരിക്കുയായിരുന്നു. ഹോട്ടലിനെപ്പറ്റി, അവളുടെ സഹപ്രവർത്തകരെപ്പറ്റി, അവളുടെ മാനേജരെപ്പറ്റിയെല്ലാം. മോശമായി പെരുമാറുന്നവരെ എങ്ങിനെ ഒതുക്കിനിർത്തുന്നു എന്നെല്ലാം.

‘ഒരു കാര്യത്തിൽ എനിക്കു വളരെ സന്തോഷം തോ ന്നി.’ രേവതി പറഞ്ഞു. ‘എന്റെ സ്‌നേഹിതൻ എന്ന നിലയ്ക്ക് രാജു ഹോട്ടലിൽ വന്നല്ലോ.’

‘അതിനെന്താ?’ അതിലെന്താണിത്ര പറയാനുള്ളത് എന്ന മട്ടിൽ അയാൾ ചോദിച്ചു.

‘സാധാരണ ആരും വരില്ല. ഒരു കാബറെ ഡാൻസറുടെ ഒപ്പം കിടക്ക പങ്കുവെക്കാൻ ആൾക്കാരുണ്ടാവും, പക്ഷെ അവളുടെ സ്‌നേഹിതനെന്നു പറഞ്ഞ് ഒപ്പം നടക്കാൻ ആരെയും കിട്ടിയെന്നു വരില്ല. മാന്യതയുടെ പൊയ്മുഖമണിഞ്ഞാണല്ലോ എല്ലാവരും നടക്കുന്നത്.’

താൻ അതിനേപ്പറ്റിയൊന്നും ആലോചിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ആലോചിച്ചിരുന്നെങ്കിൽ ഇന്നലെ ഡിന്നറിനു പോകുമായിരുന്നോ? അറിയില്ല.

‘ഒരു കാബറെ ഡാൻസർ എന്നുവച്ചാൽ എല്ലാവരുടേയും കിടക്ക പങ്കിടുന്ന പെണ്ണാണെന്നാണ് ഇവരുടെ വിശ്വാസം. ഈസി ഗേൾസ്. ഇതും മറ്റെല്ലാ ജോലി പോലെ മാന്യമായൊരു ജോലിയാണെന്നു കാണാൻ എന്താണ് ഇവർക്ക് പറ്റാത്തത്?’

അയാൾ ഒന്നും പറഞ്ഞില്ല. കാബറെ ഡാൻസിനെപ്പറ്റി അയാൾക്ക് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. ഒരു പക്ഷെ സിനിമയിൽ കാബറെയെ മോശം വെളിച്ചത്തിൽ കാണിക്കുന്നതുകൊണ്ടായിരിക്കണം. സിനിമയിൽ കാണുന്ന കാബറെയും ശരിക്കുള്ള കാബറെയും രണ്ടാണെന്ന് അയാൾക്കു മനസ്സിലായി. മറ്റെന്തുംപോലെ കാബറെയും സിനിമയിൽ വികലമായിട്ടാണ് ചിത്രീകരിക്കുന്നത്. ഒരു പക്ഷെ ഇന്നലെ രാത്രി താനും രേവതിയെ കണ്ടത് ആ കണ്ണുകളിലൂടെയായിരിക്കണം. അയാൾക്കു വിഷമം തോന്നി. തന്റെ മുമ്പിൽ ഇരിക്കുന്നത് ജീവിതത്തെപ്പറ്റി അഭിലാഷങ്ങളും ആശങ്കകളും ഒക്കെ ഉള്ള ഒരു നാടൻ പെണ്ണാണ്.

‘നമുക്കൊരു ദിവസം ഒന്നിച്ച് ലഞ്ചിനു പോകാം.’ അവൾ പറഞ്ഞു. ‘ടാസിലല്ല, വേറെ എവിടേയെങ്കിലും, എന്താ?’

‘പോകാം.’

രാത്രി അയാൾ രേവതിക്കുവേണ്ടി കാത്തിരുന്നു. ഹോട്ടലിന്റെ കാർ വന്നു നിന്ന ശബ്ദം കേട്ടപ്പോൾ അയാൾ അടുക്കളയിൽ കയറി ഊണു കഴിക്കാനുള്ള കാര്യങ്ങൾ ഒരുക്കാൻ തുടങ്ങി.

‘രാജു ഊണുകഴിച്ചില്ലേ ഇതുവരെ?’ അവൾ ചോദിച്ചു. അവൾ അടു ത്തു വന്നപ്പോൾ മേയ്ക്കപിന്റെ മണമുണ്ടായിരുന്നു.

‘നമുക്കൊപ്പം ഊണു കഴിക്കാമെന്നു കരുതി.’

‘അയ്യോ, എന്തിനാന്നേയ് എനിക്കു വേണ്ടി ഇത്രേം കാത്തിരിക്കണത്?’

അവൾക്ക് പക്ഷെ അതിഷ്ടപ്പെട്ടുവെന്ന് അയാൾക്കു മനസ്സിലായി. അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നു. ശബ്ദത്തിൽ ആഹ്ലാദവും.

‘ഞാനൊന്ന് കുളിച്ചിട്ടു വരാം.’

അവൾ കുളിച്ച് നൈറ്റിയിട്ടു വന്നു. ഒരു നാടൻ പെൺകുട്ടി. ഒരര മണിക്കൂർ മുമ്പ് അവൾ സിസ്‌ലിങ് ജെസ്സിക്കയായിരുന്നു. പ്രേക്ഷകരുടെ അരക്കെട്ടിൽ ചൂട് കോരിയിടുന്ന കാബറെ ഡാൻസർ. അവളുടെ രൂപാന്തരപ്രാപ്തി, അവളുടെ ദ്വന്ദഭാവം അയാളെ അദ്ഭുതപ്പെടുത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവൾ ടി.വി. ഓണാക്കി.

അയാൾ സാധാരണപോലെ കിടക്ക എടുത്തു നിലത്തു വിരിക്കാൻ നോക്കിയപ്പോൾ അവൾ പറഞ്ഞു.

‘എന്തിനാണ് രാജു ഇത്രയും കഷ്ടപ്പെടുന്നത്? രണ്ടുപേർക്ക് കിടക്കാനുള്ള സ്ഥലമുണ്ടല്ലോ കട്ടിലിൽ. ഞാൻ ഒരപകടകാരിയല്ലെന്ന് ഇതിനകം മനസ്സിലായില്ലേ.’

അയാൾ ചിരിച്ചു.

അയാൾക്കെതിരെ കിടന്നുകൊണ്ട് അവൾ അവളുടെ ഭൂതകാലത്തെപ്പറ്റി സംസാരിച്ചു. അവൾ അടുത്തുപഴകിയ ആൾക്കാരെപ്പറ്റി, സംഭവങ്ങളെപ്പറ്റി.

‘ഈ ജോലിയുടെ പ്രശ്‌നമെന്താണെന്നോ, നമ്മൾ ഒറ്റക്കാവും. ഏകാന്തത. ആൾക്കൂട്ടത്തിനിടയിലും ഏകാന്തത മാത്രം. ആൾക്കാർക്ക് ഞങ്ങളെ രഹസ്യമായിട്ടേ വേണ്ടു. പരസ്യമായി ഞങ്ങൾ സ്വീകാര്യരല്ല. ഒരിക്കൽ എന്റെ ഒപ്പം രാത്രി കഴിച്ചുകൂട്ടിയ ഒരാളെ ഞാൻ പുറത്തുവച്ചു കണ്ടു. ഞാൻ ചിരിച്ചെങ്കിലും അയാൾ കണ്ട ഭാവം നടിക്കാതെ പോയി.’

അവൾ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ ജീവിതത്തെപ്പറ്റി. സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹത്തെപ്പറ്റി. അനുഭവങ്ങളുടെ കാർക്കശ്ശ്യം കാരണം വരണ്ടുപോയ മനസ്സിനെപ്പറ്റി. ‘ചിലപ്പോൾ ആലോചിക്കുമ്പോൾ വല്ലാതെ വിഷമം തോന്നും. എന്താണീ ജീവിതത്തിന് അർത്ഥം?’ അവൾ പറഞ്ഞു, ‘അപ്പോൾ തലയിണ കുതിരുന്നതുവരെ കരയും.’

പതുക്കെ അവളുടെ സംസാരം കുറഞ്ഞു, വാക്കുകൾക്കിടയിൽ വിടവു കൂടിക്കൂടി വന്നു, അവസാനം ശേഷിച്ച വാക്കുകൾ അവരെ വലയം ചെയ്ത ഇരുട്ടിൽ അലിഞ്ഞില്ലാതായി. രാജശേഖരന്ന് ഉറക്കം വന്നില്ല. അയാൾ തന്റെ അടുത്ത് കിടക്കുന്ന സ്ത്രീയെ നോക്കിക്കൊണ്ട് കിടന്നു. അവളെ ഉണർത്താനായി ഒന്നു രണ്ടു തവണ കൈയുയർത്തി. ഒരു ജാള്യത. ഉറങ്ങാനുള്ള ശ്രമങ്ങൾ ഓരോന്നോരോന്നായി പരാജയപ്പെടുകയാണ്. ഒരു പെണ്ണിന്നുവേണ്ടിയുള്ള ദാഹം. അയാൾ കണ്ണടച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയമെത്രയായിട്ടുണ്ടാകും. എങ്ങനെയെങ്കിലും നേരം പുലർന്നാൽ മതിയായിരുന്നു. അയാൾ എഴുന്നേറ്റു നടന്നു. ഒന്നുരണ്ടു വട്ടം രേവതി കിടക്കുന്ന ഭാഗത്തു വന്ന് അവളെ നോക്കിനിന്നു. അവൾ കയ്യെത്താവുന്ന അടുത്ത് കിടക്കുകയാണ്. ഒന്ന് തൊട്ടു വിളിച്ചാൽ മതി. പക്ഷെ ദൂരം വളരെയധികമുള്ളപോലെ. മാന്യതയുടേയും ഔചിത്യത്തിന്റേയും ചരൽപ്പാത അയാൾക്കുമുമ്പിൽ നീണ്ടുകിടന്നു. ധൈര്യം പോരാഞ്ഞ് അയാൾ വീണ്ടും വന്ന് കിടന്നു.

അയാൾ പുലർച്ചക്കെപ്പോഴോ ഉറങ്ങി. നാലുമണിക്ക് സമയം നോക്കി വീണ്ടും കിടന്നത് ഓർമ്മയുണ്ട്. എഴുന്നേൽക്കാൻ വൈകി. രേവതി ചായയുമായി വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത്. അവൾ കുളി കഴിഞ്ഞ് നേരിയ കരയുള്ള മുണ്ടും വേഷ്ടിയും ധരിച്ചിരുന്നു. അവളെ കാണാൻ ഭംഗിയുണ്ടായിരുന്നു. പുറത്തു നിന്ന് ജനലിലൂടെ അകത്തു കടന്നുവന്ന ഇളം സൂര്യരശ്മികളും അവളും തമ്മിൽ എന്തോ ബന്ധമുണ്ട്. പെട്ടെന്നയാൾക്കു നഷ്ടപ്പെട്ട പലതും തിരികെ കിട്ടി. നാട്ടിൻപുറത്ത് നിറയെ മരങ്ങളുള്ള ഒരു കുട്ടിക്കാലം, തിമർത്തു പെയ്യാറുള്ള മിഥുനരാത്രികൾ, ഈറനുടുത്ത സംക്രമസന്ധ്യകൾ, താഴെ പൂക്കളുടെ പരവതാനിയും മീതെ നീലപ്പട്ടും വിരിച്ച ചിങ്ങവിസ്മയങ്ങൾ. അയാൾ നെടുവീർപ്പിട്ടു.

അടുക്കളയിൽ സ്റ്റൗവ്വിന്മേൽ എന്തോ വച്ചിരുന്നു. പ്രാതലിനുള്ള ഒരുക്കമായിരിക്കും. പാവം, ഓംലെറ്റും ബുൾസൈയും മടുത്തിട്ടുണ്ടാവും. എന്തായാലും അവൾ അടുക്കള കയ്യേറിയത് സ്വാഗതാർഹം തന്നെ.

‘എന്തുറക്കമാണിത്? ഞാനെന്തു ബഹളമാണുണ്ടാക്കിയിരുന്നത്? ഒന്നും അറിഞ്ഞില്ല അല്ലേ?’

അവൾ വളരെ സന്തോഷവതിയായിരുന്നു. ഉരുളൻകിഴങ്ങിന്റെ പൊറാട്ട ചായയോടൊപ്പം കഴിക്കുമ്പോൾ അവൾ പറഞ്ഞു.

‘എനിക്ക് നല്ല സന്തോഷമുണ്ട് ഇന്ന്.

‘എന്തേ?’

അവൾ ഒന്നും പറഞ്ഞില്ല.

ഓഫീസിൽ അയാൾക്ക് ജോലിയിൽ ശ്രദ്ധകൊടുക്കാൻ കഴിഞ്ഞില്ല. ശരികളുടേയും തെറ്റുകളുടേയും ഇടയിൽ ഒരു ഊഞ്ഞാലിലെന്നപോലെ അയാൾ ആടി. വൈകുന്നേരമായപ്പോഴേയ്ക്ക് അയാൾ ഒരു തീരുമാനത്തിലെത്തിയിരുന്നു. ഓഫീസിൽനിന്നു വരുമ്പോൾ തന്നെ നാലു മുഴം മുല്ലപ്പൂവാങ്ങി. കിടക്കയിൽ അലക്കിയ വിരി വിരിച്ചു, മുല്ലപ്പൂമൊട്ടുകൾ വിതറി. അലമാറിയിൽ വെച്ചിരുന്ന ജോണിവാക്കറെ പുറത്തെടുത്തു. പകുതിയിലധികമുണ്ട്. ഫ്രീസറിൽ ഐസ് ട്രേകൾ നിറച്ചു. ഇന്നു രാത്രി...! അയാൾ സ്വയം ചിരിച്ചു.

ഏഴരമണിക്ക് വാതിൽബെല്ലടിച്ചപ്പോൾ അത് രേവതിയായിരിക്കുമെന്ന് അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാൾ അപ്പോഴും ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. അവൾ ചിരിച്ചുകൊണ്ട് അകത്തു കയറി, ശ്വാസം വിടാതെ പറഞ്ഞു.

‘രാജൂ, അവരെനിക്ക് ക്വാർട്ടേഴ്‌സ് തന്നു. ഇന്നു മുതൽ മൂന്ന് ഷോ ഉണ്ടാവും, കഴിയുമ്പോൾ പന്ത്രണ്ടു മണിയാവും. അപ്പോ ഇന്നുതന്നെ ഷിഫ്റ്റ് ചെയ്തുകൊള്ളാൻ പറഞ്ഞു.’

‘ഇന്നുതന്നെയോ?’ അയാൾക്ക് സ്വരത്തിലുള്ള ഇഛാഭംഗം മറച്ചുവെക്കാനായില്ല.

‘അതെ, അല്ലെങ്കിൽ ഞാൻ രാജുവിന്റെ ഉറക്കം കളയും. പന്ത്രണ്ടു മണിക്ക് അവിടെനിന്ന് പുറപ്പെട്ട് ഇവിടെ എപ്പോ എത്താനാണ്?’

മുല്ലപ്പൂവിന്റെ മണം കിട്ടിയെന്നു തോന്നുന്നു, അവൾ മൂക്കു വിടർത്തി.

‘മുല്ലപ്പൂ എവിടെനിന്നു കിട്ടി?’

അവൾ ചുറ്റും നോക്കുകയാണ്. എന്തൊക്കെയോ മാറ്റങ്ങൾ. മേശമേൽ വെച്ച പൂക്കൾ അവൾ വാരിയെടുത്തു. ‘ഇതു ഞാനെടുത്തോട്ടെ?’

അയാളുടെ മുഖം വാടിയിരുന്നു. അതവൾ ശ്രദ്ധിച്ചു. അവൾ വസ്ത്രങ്ങൾ അവളുടെ പെട്ടിയിൽ അടുക്കിവെക്കുകയായിരുന്നു. മുല്ലപ്പൂക്കൾ അവക്കിടയിൽ ഞെരുങ്ങാത്തവിധം സൂക്ഷിച്ചു വയ്ക്കുകയാണ്.

‘കാറ് കാത്തു നിൽക്കുന്നുണ്ട്. പെട്ടെന്ന് പോകണം.’ അവൾ കിടപ്പറയിലേയ്ക്കു പോയി. അപ്പോഴാണതു കണ്ടത്. കിടക്കയിൽ വിരിച്ച പുതിയ വിരിയിൽ വിതറിയ മുല്ലപ്പൂക്കൾ. വിരിയാൻ തുടങ്ങുന്ന പൂക്കൾ. അവൾ വല്ലാതായി. അവളുടെ കണ്ണുകൾ നിറഞ്ഞു.

പുറത്ത് കാറിന്റെ ഹോറൻ കേട്ടു. അവൾ പറഞ്ഞു. ‘ഞാനിതൊന്നും അല്ല രാജൂ കരുതിയത്.

അവൾ പെട്ടിയുമെടുത്ത് വാതിൽക്കലേയ്ക്കു നടന്നു. പെട്ടി നിലത്തുവെച്ച് അവൾ രാജശേഖരനെ തിരിഞ്ഞു നോക്കി. അയാൾ അനങ്ങാതെ നിൽക്കുകയാണ്. അവൾ അയാളുടെ അടുത്തേയ്ക്കു നടന്നു.

‘എന്താ വിഷമമായോ?’ വീണ്ടും കാറിന്റെ ഹോൺ. അയാൾ ഒന്നും പറയുന്നില്ല. അവൾ പറഞ്ഞു. ‘എന്നെ വിളിക്കുന്നു, ഞാൻ പോട്ടെ?’

അവൾ വാതിൽ കടന്നു, വാതിൽപൊളി പിടിച്ചുകൊണ്ട് ഒരു നിമിഷം നിന്നു. പിന്നെ സഞ്ചിയിൽനിന്ന് ഒരു താക്കോൽ പുറത്തെടുത്തുകൊണ്ട് പറഞ്ഞു.

‘ഈ താക്കോൽ...’ അവൾ നിർത്തി. ആ താക്കോൽ അവളെ സംബന്ധിച്ചേടത്തോളം ഒരു സ്വകാര്യസ്വത്തായി മാറിയിരുന്നു. മുമ്പൊരിക്കലും ആ തോന്നലുണ്ടായിട്ടില്ല. ഹോട്ടലിൽ ക്വാർട്ടേഴ്‌സ് ആയി കിട്ടുന്ന മുറികളൊന്നും അവളിൽ ഈ വികാരമുണ്ടാക്കിയിരുന്നില്ല. ഈ താക്കോലിൽ അവളാഗ്രഹിച്ചിരുന്ന മമതയുണ്ട്, സ്വകാര്യതയുണ്ട്, സാന്ത്വനമുണ്ട്.

‘ഈ താക്കോൽ...’ അവൾ ചോദിച്ചു. ‘ഇതു ഞാൻ കയ്യിൽ വെച്ചോട്ടെ? എന്നെങ്കിലും വല്ലാതെ വിഷമം തോന്നുമ്പോൾ എനിക്കിതാവശ്യമാവും.’