close
Sayahna Sayahna
Search

സി.വി. ശ്രീരാമനെപ്പറ്റി


സി.വി. ശ്രീരാമനെപ്പറ്റി
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

കണ്ടു കുറച്ചുനേരം സംസാരിച്ചു പിരിയുമ്പോൾ നമ്മുടെ മനസ്സിൽ ആ വ്യക്തിയെ സംബന്ധിച്ചുണ്ടാകുന്ന പ്രതികരണങ്ങൾ പലതായിരിയ്ക്കും. സി.വിയുമായി സംസാരിയ്ക്കുകയോ, അദ്ദേഹം പങ്കെടുക്കുന്ന വെറുമൊരു സുഹൃദ്സ്സദസ്സിൽ പങ്കെടുക്കുകയോ ചെയ്താൽപ്പോലും എനിയ്ക്കുണ്ടാകുന്ന തോന്നൽ എന്തോ നേടിയിട്ടുണ്ടെന്നായിരുന്നു. നമ്മുടെ മനസ്സ് ആഹ്ലാദഭരിതമാകുന്നു, നമ്മെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഒരാൾ നമുക്കിടയിൽ ഉണ്ടെന്ന തോന്നൽ നമ്മെ കൂടുതൽക്കൂടുതൽ ആ വ്യക്തിയോടടുപ്പിയ്ക്കുന്നു. അതായിരുന്നു ശ്രീരാമേട്ടൻ. ഇതൊരപൂർവ്വമായ അനുഭൂതിയായിട്ടെ എനിയ്ക്കനുഭവപ്പെട്ടിട്ടുള്ളു, കാരണം സാഹിത്യലോകത്തിൽ പ്രത്യേകിച്ച് എനിയ്ക്കനുഭവപ്പെട്ടിട്ടുള്ളത് വളരെ തിക്തമായ കുതികാൽ വെട്ടലിന്റെയും ചതിക്കപ്പെടലിന്റെയും അനുഭവങ്ങളാണ്.

ചിരിച്ചുകൊണ്ടുള്ള ‘ഹരീ’ എന്ന വിളിയിൽ ചതിയില്ല, കുതികാൽ വെട്ടാനുള്ള സന്നാഹമില്ല, വെറും സ്‌നേഹം മാത്രം. മലയാളസാഹിത്യത്തിൽ ഏറ്റവും മുന്നിലെ വരിയിൽത്തന്നെ നിൽക്കാൻ പ്രാപ്തമായ കഥളെഴുതിയപ്പോഴും തന്നെ ഒരു നികൃഷ്ടനെപ്പോലെ തഴഞ്ഞ നിരൂപകരോടുപോലും പകയില്ല കന്മഷമില്ല. ഒരിയ്ക്കൽ ശ്രീ. സി.ആർ. ഓമനക്കുട്ടൻ എന്നോടു പറഞ്ഞു. ‘രണ്ടു കഥകൾ സിനിമയാക്കിയതുകാരണം ശ്രീരാമേട്ടൻ രക്ഷപ്പെട്ടു. ഹരിയും യുകെ.കുമാരനുമൊന്നും അങ്ങിനെയും രക്ഷപ്പെടാൻ ചാൻസു കാണുന്നില്ലല്ലോ.’ ശരിയാണ് ശ്രീരാമേട്ടൻ രക്ഷപ്പെട്ടത് അങ്ങിനെയാണ്. അല്ലായിരുന്നുവെങ്കിൽ കരുതിക്കൂട്ടിയുള്ള, വളരെ ആസൂത്രിതമായ, തമസ്‌കരണത്തിന്റെ നിഴലിൽ അദ്ദേഹവും ആരുമല്ലാതെ പോകുമായിരുന്നു. ഇപ്പോഴും അദ്ദേഹം അർഹിയ്ക്കുന്ന സ്ഥാനം അദ്ദേഹത്തിനു കിട്ടിയിട്ടുണ്ടോ?

അതൊക്കെ പോകട്ടെ ഒരു വ്യക്തി എന്ന നിലയിൽ വളരെ ആദരണീയനും നമ്മുടെയൊക്കെ മനസ്സിൽ പ്രകാശം വിതറുന്നവനുമായിരുന്നു സി.വി. ശ്രീരാമൻ. അദ്ദേഹവുമായുണ്ടായ ഓരോ സന്ദർഭവും പൊട്ടിച്ചിരിയിൽ അവസാനിയ്ക്കുകയായിരുന്നു പതിവ്. ഒരിയ്ക്കൽ സാഹിത്യ അക്കാദമിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ അനുഭവം ഞാനിപ്പോഴുമോർക്കുന്നു. പതിവുപോലെ സെക്രട്ടരി പ്രഫ. ദാമോദരൻ കാളിയത്തിന്റെ മുറിയിൽ വെച്ച് ഞങ്ങളെല്ലാവരും സംസാരിയ്ക്കുകയായിരുന്നു. സിഗരറ്റു പുകയ്ക്കിടയിലൂടെ പൊട്ടിച്ചിരികൾ. അതിനിടയ്ക്ക് പുറത്ത് നിരത്തിലൂടെ ഉച്ചഭാഷിണിയിൽ എവിടെയോ നടക്കുന്ന ഒരു സമ്മേളനത്തിന്റെ അനൗൺസ്‌മെന്റ് കേൾക്കുന്നു. പിന്നെ അതിനെപ്പറ്റിയായി സംസാരം. ഏതോ വിദ്യാർത്ഥി ഫെഡറേഷന്റെ ആനിവേഴ്‌സറിയായിരുന്നെന്നാണ് ഓർമ്മ. അതിനെപ്പറ്റിയെല്ലാം പറഞ്ഞ് ഉറക്കെ ചിരിച്ചുകൊണ്ട് അങ്ങിനെയിരിയ്ക്കുമ്പോഴാണ് രണ്ടു വിദ്യാർത്ഥികൾ മുറിയിലേയ്ക്കു കടന്നുവരുന്നത്. ദമോദരൻ മാസ്റ്റർ ചോദിച്ചു. ‘എന്താ കുട്ടികളേ?’

അനവസരത്തിൽ എത്തിപ്പെട്ടപോലെ അവർ നിന്നു പരുങ്ങുകയാണ്. അവസാനം അതിലൊരു കുട്ടി വിക്കിക്കൊണ്ട് പറഞ്ഞു. ‘ശ്രീരാമൻ സാർ. ഞങ്ങൾ സാറിനെ കൊണ്ടുപോവാൻ കാറും കൊണ്ട് വന്നതാ. കുന്നംകുളത്തു പോയപ്പോ പറഞ്ഞു സാറ് അക്കാദമീല് പോയിട്ട്ണ്ട്ന്ന്. അപ്പൊ ഇങ്ങട്ട് വന്നതാ.’

ശ്രീരാമേട്ടൻ തലയിൽ കൈവച്ചുകൊണ്ട് ഞങ്ങളോടു പറഞ്ഞു. ‘ദൈവമേ, ഞാനാണ് അവര്‌ടെ ഉദ്ഘാടകൻ! ഞാനത് മറന്നേ പോയി.’ അതും പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന തൃശ്ശൂർ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ശ്രീരാമേട്ടൻ.

ശ്രീരാമേട്ടൻ പോയിട്ടും കുറേനേരം ആ മുറിയിൽ ചിരിയുടെ അലകൾ അടിച്ചുകൊണ്ടിരുന്നു. അതായിരുന്നു സി.വി. ശ്രീരാമൻ.

ഒരിയ്ക്കൽ കെ.എസ്. അനിയന്റെ ചെറുകഥാസമാഹാരം ‘പാവക്കണ്ണുക’ളുടെ പ്രകാശനച്ചടങ്ങു കഴിഞ്ഞ് ഞങ്ങൾ അനിയന്റെ കാറിൽ പോകുകയായിരുന്നു. എന്നെ വീട്ടിൽ ഇറക്കിയശേഷം എങ്ങോട്ടു പോകണമെന്നതായിരുന്നു വിഷയം. ശ്രീരാമേട്ടൻ ഒരു പഴയ കഥ പറഞ്ഞു. ഒരിയ്ക്കൽ നീണ്ട ട്രെയിൻ യാത്രയിലായിരുന്നു. ഇരിയ്ക്കുന്ന സീറ്റിനു ചുറ്റും സ്ത്രീകൾ മാത്രം, പല വയസ്സിലുള്ളവർ. പകൽ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. രാത്രി മുകളിലെ തന്റെ ബർത്തിലേയ്ക്കു കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീരാമേട്ടൻ. ബർത്തിൽ ബെഡ്ഷീറ്റ് വിരിച്ചു, വെള്ളക്കുപ്പിയെടുത്തു രണ്ടു കവിൾ കുടിച്ചു. അപ്പോഴാണ് പകൽ വളരെ സൗഹൃദത്തോടെ സംസാരിച്ച ഒരു സ്ത്രീ ചോദിച്ചത്. ‘അതെന്താണ്?’

തൽക്കാലം രക്ഷപ്പെടാൻ അദ്ദേഹം പറഞ്ഞു. ‘ചുക്കുവെള്ളം.’

‘കരിങ്ങാലി വെള്ളായിരിയ്ക്കും അല്ലെ?’

‘അതെയതെ.’ വരാൻ പോകുന്ന വിപത്തിനെപ്പറ്റി വലിയ ബോധമില്ലാതെ ശ്രീരാമേട്ടൻ പറഞ്ഞു.

‘കുടിച്ചു കഴിഞ്ഞാൽ എനിയ്ക്കും കൊറച്ച് തരണംട്ടോ.’

താൻ ശരിയ്ക്കും വെട്ടിലായെന്ന് അപ്പോഴാണ് ശ്രീരാമേട്ടന് മനസ്സിലായത്. അദ്ദേഹം പറഞ്ഞു. ‘ഇതില് കരിങ്ങാലി മാത്രല്ല, വേറീം കൊറേ മര്ന്ന്കള്ണ്ട്. എന്റെ വലിയ്ക്ക് വേണ്ടി ഒരു നാട്ടുവൈദ്യര് പറഞ്ഞതാ.’

‘എനിക്കുംണ്ട് ആസ്ത്‌മേടെ അസുഖം.’ എന്നായി അവർ.

അവരെ മുഷിപ്പിയ്ക്കാതെ എങ്ങിനെ തടിതപ്പി എന്നു വിവരിയ്ക്കുമ്പോഴേയ്ക്ക് എന്റെ വീടെത്തി. പിന്നീടൊരിയ്ക്കൽ മുഴുവൻ പറഞ്ഞുതരാമെന്ന വാഗ്ദാനം നിലനിൽക്കുന്നു, ഇപ്പോഴും.


6.12.2008