close
Sayahna Sayahna
Search

സ്വർഗത്തെ സ്പർശിക്കുന്ന സ്നേഹം


സ്വർഗത്തെ സ്പർശിക്കുന്ന സ്നേഹം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

‘കവികളേ, ഉയരംകൂടിയ, മിനുസപ്പെടുത്തിയ നിങ്ങളുടെ ദന്തഗോപുരങ്ങളില്‍നിന്നു പുറത്തേക്കു പോരൂ. വികസിക്കുന്ന ശക്തിയാര്‍ന്ന ലോകത്തിന്റെ ശക്തമായ സംഗീതം നമുക്കു ലഭിക്കട്ടെ. ഉന്‍മാദത്തിന്റെ കെട്ടുകളെ പൊട്ടിക്കുന്ന ജീവിതത്തെക്കുറിച്ചു താഴെവന്നു നിങ്ങള്‍ പാടൂ’ ഈ ആഹ്വാനം ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായയുടെതാണ്. അതുയരുന്നത് അദ്ദേഹത്തിന്റെ അവസാനത്തെ കാവ്യമായ ‘Lotte, The Power of Love’ എന്നതില്‍ നിന്ന്.

ഞാന്‍ ഈ ഗ്രന്ഥം വായിച്ചു കണ്ണീരടക്കാന്‍ നന്നേ പാടുപെട്ടു. കണ്ണീരുണ്ടാകുന്നത് രണ്ടാതരം സഹൃദയത്വത്തിന്റെ ലക്ഷണമാണെന്ന് എനിക്കറിയാന്‍ പാടില്ലാത്തതല്ല. ശോകം ശ്ലോകത്വമാകുന്നതു കലയാണ്. അപ്പോഴുണ്ടാകുന്ന ദുഃഖം ലൗകികദുഃഖമല്ല. ഈ കാവ്യം ലൗകിക ശോകവും അതിന്റെ സശോധിത രൂപമായ കരുണരസവും എനിക്കു നല്‍കി. യഥാര്‍ത്ഥമായ സംഭവമാണ് ഹരീന്ദ്രനാഥ് വൈദഗ്ദ്ധ്യത്തോടെ വര്‍ണ്ണിക്കുന്നത്. ആ സംഭവത്തിന്റെ ഹൃദയദ്രവീകരണക്ഷമത്വം എന്നെ ദുഃഖത്തിന്റെ കയത്തിലേക്കു വലിച്ചെറിഞ്ഞു. വിഭാവങ്ങളെയും അനുഭാവങ്ങളെയും സഞ്ചാരീഭാവങ്ങളെയും കവി സമുചിതമായി വിന്യസിച്ചതുകൊണ്ട് ശോകമെന്ന സ്ഥായീഭാവം ആസ്വാദന ദശയിലെത്തി കരുണരസമായിത്തീരുകയും ചെയ്തു. എന്തിനാണ് കവികളെ ദന്തഗോപുരത്തില്‍ നിന്ന് പുറത്തുപോരാന്‍ ഹരീന്ദ്രനാഥ് ആഹ്വാനം ചെയ്തത്? മനുഷ്യന്റെ അടിമത്തത്തെക്കുറിച്ചും അവന്റെ യാതനകളെക്കുറിച്ചും പാടാന്‍ കവികളോട് അദ്ദേഹം ആവശ്യപ്പെട്ടത് എന്തുകൊണ്ട്? താന്‍ ആവിഷ്കരിച്ച കഥയുടെ സവിശേഷതയാണ് ആ വിധത്തിലൊരു അഭ്യര്‍ത്ഥന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാവും കവിയുടെ പരോക്ഷമായ ഉത്തരം. അതുകൊണ്ട്, ആ യഥാര്‍ത്ഥ സംഭവത്തിലേക്കുതന്നെ നമുക്കു പോകാം. കാവ്യത്തിലെ പ്രധാനപ്പെട്ട വ്യക്തിയുടെ വാക്കുകളിലൂടെയാവട്ടെ ആഖ്യാനം.

ലൊട്ടെ ജനിച്ചത് 1906 ഓഗസ്റ്റ് രണ്ടാം തീയതിയാണ്. എഡിത്തായിരുന്നു ലൊട്ടെയുടെ മൂത്ത സഹോദരി. ചേച്ചിക്കും അനുജത്തിക്കും തമ്മിലുള്ള പ്രായത്തിന്റെ അന്തരം രണ്ടുവര്‍ഷം. അവര്‍ക്കു ചേട്ടനുണ്ടായിരുന്നു. പക്ഷേ, സഹോദരിമാര്‍ ജനിക്കുന്നതിനുമുമ്പ് ആ ചേട്ടന്‍ മരിച്ചുപോയി. തങ്ങളുടെ ഭവിതവ്യത അന്ധകാരത്തിലാണ്ടുപോകുന്നുവെന്നു കണ്ട പെണ്‍കുട്ടികള്‍ പലപ്പോഴും സഹോദരന്റെ ശവമാടത്തിനടുത്തുചെന്നു നിശ്ശബ്ദരായി അയാളോടു സംസാരിക്കും. ‘എറിക്ക്, നിന്റെ അനുജത്തിമാര്‍ വല്ലാത്ത അപകടത്തിലാണ്. നീ എന്തിനാണ് ഞങ്ങളെ ഉപേക്ഷിച്ചുപോയത്. തിരിച്ചുവന്നു നിനക്കു ഞങ്ങളെ സഹായിക്കാമോ?’

ലൊട്ടെ ഗായികയായി ഔന്നത്യം നേടി. പക്ഷേ, ജൂതപ്പെണ്‍കുട്ടിയായ അവള്‍ക്കു ജൂതരുടെ മാത്രമായ ആഘോഷങ്ങളിലേ പങ്കുകൊള്ളാനാവൂ എന്നോരു കല്പന ഹിറ്റ്ലര്‍ 1933-ല്‍ പുറപ്പെടുവിച്ചു.

ലൊട്ടെ 1934-ല്‍ ഫെലിക്സിനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭമായതോടെ ലൊട്ടെയുടെ കുടുംബത്തില്‍ അത്യാഹിതങ്ങള്‍ ഏറെയുണ്ടായി. അവരുടെ വസ്തുവകകള്‍ ഹിറ്റ്ലര്‍ കണ്ടുകെട്ടി. ലൊട്ടെയുടെ ഭര്‍ത്താവിനെ അയാള്‍ ആദ്യം ജയിലിലാക്കി. എന്നിട്ട് അദ്ദേഹത്തെയും ലൊട്ടെയുള്‍പ്പെട്ട കുടുംബാംഗങ്ങളെയും തടങ്കല്‍പാളയങ്ങൈലേക്കു കൊണ്ടുപോയി. ഫെലിക്സും ലൊട്ടെയുടെ അമ്മയും സഹോദരിയും (ലൊട്ടെയുടെ ചേച്ചി) എന്നുവേണ്ട ഓരോ ബന്ധുവും മൃഗീയമായി വധിക്കപ്പെട്ടു. വേണ്ടപോലെ വസ്ത്രധാരണം ചെയ്യാന്‍ അനുവദിക്കാതെ ലൊട്ടെയെ നാത്സികള്‍ ഔഷ്‌വിറ്റ്സ് (Auschwitz)നഗരത്തിലെ തടങ്കല്‍പ്പാളയത്തില്‍നിന്നു ബെര്‍ഗ്ഗന്‍ — ബെന്‍സന്‍ ക്യാമ്പിലേക്കു ചെരിപ്പിടാന്‍ സമ്മതിക്കാതെ നടത്തിച്ചു. ബ്രിട്ടീഷ് സൈന്യം ക്യാമ്പിലുള്ളവരെ മോചിപ്പിച്ചപ്പോള്‍ ലൊട്ടെ ശവക്കൂമ്പാരത്തിനിടയില്‍ കിടക്കുകയായിരുന്നു. ബുള്‍ഡോസറുകള്‍ ശവങ്ങളെ ശവക്കുഴികളിലേക്കു തള്ളിനീക്കിയപ്പോള്‍ കാരുണ്യമാര്‍ന്ന ഒരു ഭടന്‍ കണ്ടു, ലൊട്ടെ മരിച്ചിട്ടില്ലെന്ന്. അവരെ ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ലൊട്ടെ തനിച്ചായി. കുടുംബാംഗങ്ങളാകെ നിഗ്രഹിക്കപ്പെട്ടതുകൊണ്ടു ലോകം ശൂന്യവും നൃശംസതയാര്‍ന്നതുമായിത്തോന്നി അവര്‍ക്ക്. ഞാനെന്തിനു ജീവിക്കുന്നു? എന്നു ലൊട്ടെ തന്നോടുതന്നെ ചോദിച്ചു. മരണത്തിന്റെ വാതില്‍ക്കല്‍ എത്തിയവളാണ് ലൊട്ടെ. ഒരിക്കലല്ല, പലപ്പോഴും. തലമുണ്ഡനം ചെയ്ത്, നഗ്നയായി അവര്‍ ഗ്യാസ് ചെയ്മ്പറിനടുത്തുനിന്നു. ചിലപ്പോള്‍ ഒറ്റയക്കം നമ്പരുള്ള തടവുകാരെയാവും ചെയ്മ്പറില്‍ കയറ്റാന്‍ വിളിക്കുക. മറ്റുചിലപ്പോള്‍ ഇരട്ടയക്കക്കാരെ. എങ്ങനെയോ അവര്‍ രക്ഷപ്പെട്ടു. അവരെ ജീവിച്ചപ്പിച്ചതു സ്നേഹത്തിന്റെ ശക്തിയാണ്. അതിനെ വിശദീകരിച്ചു ഗദ്യത്തിലെഴുതിയ പ്രബന്ധം അവര്‍ ഹരീന്ദ്രനാഥിനെ ഏല്പിച്ചു. അതു വായിച്ച കവിക്കുതോന്നി മനുഷ്യമനഃസാക്ഷിയുടെ അധിത്യകയിലെത്തിയ ആ സംഭവത്തില്‍ മനുഷ്യരാശിക്കു നല്‍കേണ്ട സന്ദേശമുണ്ടെന്ന്, അതു കവിതയിലൂടെ മാത്രമേ ലോകത്തിനു നല്‍കാനാവു എന്നും. അങ്ങനെ ഹരീന്ദ്രനാഥ് കവിതയിലൂടെ ലൊട്ടയുടെ കഥ—യഥാര്‍ത്ഥസംഭവം—സ്ഫുടീകരിച്ചു. അതു വായിക്കുന്നവര്‍ ‘മാനസം കല്ലുകൊണ്ടല്ലാത്തവരാണെ’ങ്കില്‍ അതിനടുത്തിരുന്ന് ‘അല്‍പ്പം കരഞ്ഞിട്ടു’ പോകും. അങ്ങനെ കരഞ്ഞവനാണ് ഈ ലേഖകന്‍.

അയാളുടെ പോലീസിന്റെ കാല്‍പ്പെരുമാറ്റം. ജൂതന്‍മാര്‍ ഓരോരുത്തരായി അപ്രത്യക്ഷരായി. അക്കൂട്ടത്തില്‍ ഫെലിക്സും. ജൂതനായിരിക്കുന്നതു കുറ്റമോ? അതേയെന്നായിരുന്നു ഹിറ്റ്ലറുടെ ഉത്തരം. അങ്ങനെ ഫെലിക്സ് നാത്സികളുടെ ക്രൂരത്യ്ക്ക് ഇരയായി. മറ്റനേകം ജൂതന്‍മാരെ ജീവനോടെ അഗ്നിയിലേക്ക് എറിഞ്ഞതുപോലെ അദ്ദേഹത്തെയും അവര്‍ ജീവനോടെ ദഹിപ്പിച്ചു. പക്ഷേ, ലൊട്ടെയ്ക്കു ശരീരമെന്നത് ഒരമൂര്‍ത്ത സങ്കല്‍പ്പം മാത്രമാണ്. സ്നേഹം അവര്‍ക്ക് ഒരു ദിവ്യാനുഭൂതിയായി മാറിയപ്പോള്‍ ഫെലിക്സിന്റെ പ്രത്യേക ശരീരത്തിന്റെ അഭാവം അവരെ വേദനിപ്പിച്ചില്ല. സ്നേഹം വിശ്വത്തോളം വളര്‍ന്ന ഒന്നായി അവര്‍ കണ്ടു. അതുകൊണ്ടാണ് ലൊട്ടെ, ഫെലിക്സിന്റെ മരണത്തിനുശേഷം വളരെക്കാലം കഴിഞ്ഞു മാറ്റാരു പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ചത്. വേറൊരാളെ മകനെപ്പോലെ സ്നേഹിച്ചതും. ശരീരങ്ങളുടെ വേഴ്ചയെ ക്ഷുദ്രമായിക്കരുതിയ ലോട്ടെ രണ്ടാമത്തെ ഭര്‍ത്താവിലും ഫെലിക്സിനെ കണ്ടു, വേറൊരാളെ മകനെപ്പോലെ സ്നേഹിച്ചപ്പോഴും അതിനു ഫെലിക്സിനോടുള്ള അധ്യാത്മിക സ്നേഹത്തിന്റെ സ്വഭാവം വന്നു.

ഔഷ്‌വിറ്റ്സ് തടങ്കല്‍പാളയത്തില്‍ കഴിഞ്ഞുകൂടിയ ലൊട്ടെയോട് ഒരു നാത്സി ഭടന്‍ പറഞ്ഞു: ‘go to that lonely barn. I have something for you’ — ‘ആ ഒഴിഞ്ഞ കളപ്പുരയിലേക്കു പോകൂ. എനിക്ക് നിനക്കായി ഒന്നു തരാനുണ്ട്.’ അനുസരണത്തോടെ ലൊട്ടെ നടന്നു. അവരുടെ ദുര്‍ബലഹൃദയം വിറച്ചു. നശിച്ച ശക്തി കുറഞ്ഞ ശരീരം പ്രകമ്പനം കൊണ്ടു. ‘Take off your clothes; Every bit untill I see each part that hides in it’ ‘എന്നെ വിടൂ’ എന്ന് അവര്‍ യാചിച്ചു. തോക്കിന്റെ പാത്തികൊണ്ടു ലൊട്ടെയുടെ തലയിലടിച്ചു. അവരെ അര്‍ധബോധാവസ്ഥയിലാക്കി ആ നാത്സി ഭടന്‍. ആ ഗര്‍ഹണീയകൃത്യം നടന്നപ്പൊഴും ലൊട്ടെയുടെ മനസ് ഫെലിക്സിനെ സംബന്ധിച്ച അധ്യാത്മിക സ്നേഹത്തില്‍ ആമഗ്നമായിരുന്നുവെന്നു മനസിലാക്കിയ അനുഗ്രഹീതനായ കവി ഹരീന്ദ്രനാഥ് ആ രംഗം വര്‍ണിക്കുന്നത് ഇങ്ങനെയാണ്.

‘Felix then fondled me with all his charms
He held me hard, in his true lover’s arms
His body against mine was warm and fresh
He bore the odour of a lover’s flesh’

ലൊട്ടെ പറയുന്നു:

‘അവന്‍ എന്റെ ശരീരം മാത്രമേ കൈക്കലാക്കിയുള്ളു. എന്റെ ആത്മാവിനെ തൊട്ടില്ല. ബലാല്‍സംഗം നിറുത്താന്‍ എനിക്കായില്ല. പക്ഷേ, എന്റെ എല്ലാം ഫെലിക്സ്, അങ്ങയുടെതാണ്. അങ്ങയുടേതു മാത്രം.’

സ്പര്‍ശിച്ചത് അന്യപുരുഷനോ ? ധര്‍ഷണം ചെയ്തത് ശത്രുവര്‍ഗത്തില്‍ പെട്ടവനോ? ആരുമായിക്കൊള്ളട്ടെ; ആ സ്പര്‍ശവും ധര്‍ഷണവും ഫെലിക്സിലേക്കു മാത്രമേ നയിക്കുന്നുള്ളുവെങ്കില്‍ അവള്‍ അപ്പോഴും ചാരിത്രശാലിനിതന്നെ. പ്രേമത്തെക്കുറിച്ചുള്ള ഈ ഉദാത്തസങ്കല്പമാണ് ഈ കാവ്യത്തിന് അന്യാദൃശസ്വഭാവം നല്‍കുന്നത്.

ലൊട്ടെ കാലത്ത് ഉണര്‍ന്നുനോക്കിയപ്പോള്‍ ചേച്ചിയെ കാണാനില്ല. ‘എന്റെ ചേച്ചിയെവിടെ? എവിടെ? എന്ന് അവര്‍ നാത്സിയോടു ചോദിച്ചു. ദൂരെ ഉയരുന്ന അഗ്നിയിലേക്കു ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ‘നിന്റെ ദയാശീലനായ ജൂത ദൈവത്തെ അഭിനന്ദിക്കാന്‍ അവള്‍ അതാ കാണുന്ന അഗ്നിയോടൊരുമിച്ചു പോകുകയാണ്.’ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ലൊട്ടെയ്ക്കു നാത്സികളോടു വിരോധമുണ്ടായില്ല.

‘I who have always loved and never known
Hatred, I have love, as my very own
I do not even hate the Nazis who
Shatter our soul and body through and through.’

ഹരീന്ദ്രനാഥിന്റെ കവിത എപ്പോഴും ഉജ്ജ്വലമാണ്, സുശക്തമാണ്. ചേതോഹാരവും ആധ്യാത്മികവും യോഗാത്മകവും ആയ സ്നേഹത്തെ ഈശ്വരാരാധനയ്ക്കു തുല്യമായി ഉയര്‍ത്തി എന്നതിലാണ് ഈ കാവ്യത്തിന്റെ വിജയവും പാവനത്വവുമിരിക്കുന്നത്. സ്നേഹം ഈശ്വരനാണെങ്കില്‍ ആ ഈശ്വരനും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇവിടെ അന്തര്‍ദ്ധാനം ചെയ്യുന്നു.

എങ്കിലും കാവ്യത്തില്‍ വര്‍ണ്ണിക്കുന്ന ദുരന്തത്തിനു ഹേതുവായത് മനുഷ്യന്റെ ക്രൂരതയാണെന്ന വസ്തുത മനുഷ്യനെ സ്നേഹിക്കുന്ന കവി മറക്കുന്നില്ല. ജനമര്‍ദ്ദകര്‍ ഇനിയും വന്നേക്കാം. പക്ഷേ, ശതാബ്ദങ്ങളോളം നീണ്ടുനിന്ന ദുഃഖത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്തസാക്ഷിത്വത്തില്‍നിന്നും ജനതക്കുണ്ടായ ഉണര്‍വിനെ ഒരു ജനമര്‍ദ്ദകനും തടഞ്ഞുവയ്ക്കാന്‍ കഴിയുകയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ത്യാഗം എന്നതുപോലെ ജീവന്‍ ഉപേക്ഷിച്ച് എത്രയെത്ര വീരന്‍മാര്‍, ധീരന്‍മാര്‍ പോയി! അവരെ പ്രശംസിക്കാന്‍, അഭിനന്ദിക്കാന്‍ ദന്തഗോപുരങ്ങളില്‍ നിന്നു പുറത്തുപോരാന്‍ ഹരീന്ദ്രനാഥ് ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം കേള്‍ക്കുമ്പോള്‍ അനുവാചകരായ നമ്മള്‍ ഔന്നത്യമാര്‍ജിക്കുന്നു. വായിക്കുകയും വായിച്ചിട്ടു വീണ്ടും വീണ്ടും വയിക്കുകയും ചെയ്യേണ്ട കാവ്യമാണിത്.