AFGHANISTAN അബ്ഘാനിസ്ഥാൻ
AFGHANISTAN അബ്ഘാനിസ്ഥാൻ | |
---|---|
ഗ്രന്ഥകർത്താവ് | ഹെർമ്മൻ ഗുണ്ടർട്ട് |
മൂലകൃതി | കേരളോപകാരി IV:1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ആനുകാലികം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ബാസൽ മിഷൻ, മംഗലാപുരം |
വര്ഷം |
1877 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള് | 22 |
AFGHANISTAN അബ്ഘാനിസ്ഥാൻ
തങ്ങൾക്കു തങ്ങൾ തന്നെ പുഷ്ടൻ അല്ലെങ്കിൽ പുഷ്ടൌ എന്നു പെർ വിളിക്കുന്ന അബ്ഗാന്യരുടെ ചരിത്രം നല്ലവ്വണ്ണം തെളിവില്ല. അവർ ഇടയന്മാരുടെ ഒരു ജാതിയായി ഹിന്തുകൂഷിൽനിന്നു ഇറങ്ങി വന്നു എന്നു ഊഹിപ്പാൻ സംഗതി കാണുന്നു. അവരുടെ ഭാഷക്കു പാൎസ്യ ഭാഷയോടു സംബന്ധം ഉണ്ടു. പുരാണമെ അവർ കിഴക്കെ ഇരാനിലെ സകല ഗോത്രങ്ങളിലും വെച്ചു പ്രധാനികളായി. മുഹമ്മദമാൎഗ്ഗത്തെ സുനിതരുടെ ക്രമപ്രകാരം കൈക്കൊണ്ടു ഇന്നേയൊളം ഇടയരായി കവൎച്ചാതാല്പൎയ്യം ധൈൎയ്യം മതഭ്രാന്തു (fanaticism) എന്നിവ കൊണ്ടു കീൎത്തിപ്പെട്ടിരിക്കുന്നു. 18ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർ പാൎസ്യരുടെ നുകത്തെ നീക്കി തുരനിലെ ബല്ക്കും (Balkh) ഇന്ത്യയിലെ കഷ്മീരും മുല്ദാനും തങ്ങളുടെ ആധീനത്തിൽ ആക്കി, എങ്കിലും പരസ്പരയുദ്ധത്താലും സിംഹാസനപ്രതിവാദത്താലും രാജ്യാവസ്ഥ ക്രമേണ നിസ്സാരമായി പോയി. രൂസ്യരും ഇംഗ്ലിഷുകാരും ക്രമേണ ആസ്യയിലെ തങ്ങൾക്കു അടുത്തു വന്നതു കൊണ്ടു ഇന്ത്യക്കു കാബൂൽവഴി സൂക്ഷിക്കുന്ന അബ്ഗാന്യർ ആ രണ്ടു യൂരോപ്യജാതികളുടെയും വിചാരണയിൽ ആയിവന്നു. 1747 തുടങ്ങി ദുരാനിരാജകുഡുംബക്കാരാൽ ഭരിക്കപ്പെട്ട ഈ രാജ്യം 1823ാമതിൽ പല രാജ്യാംശങ്ങളായി പിരിഞ്ഞു പോയി. കാബൂലിൽ ബെരെക്സി (Bereksi) കുഡുംബത്തിലുള്ള ദൊസ്തമുഹമ്മദ് സിംഹാസനം പ്രാപിച്ചു. 1839ാമതിൽ ഇംഗ്ലിഷുകാർ യുദ്ധം തുടങ്ങി ചില പട്ടണങ്ങളെ പിടിച്ചു ദുരാനിരാജകുഡുംബക്കാരെ വീണ്ടും സിംഹാസനം കയ റ്റി. എങ്കിലും 1842ൽ സമാധാനകരാറെ നിശ്ചയിക്കയാൽ ദൊസ്തമുഹമ്മദ് അവരെ അവരെ അകറ്റി വീണ്ടും സിംഹാസനം കയറി. അവന്റെ മകൻ രാജാവായപ്പോൾ ഇംഗ്ലിഷുകാർ പണവും ആയുധങ്ങളും അവനു സഹായിച്ചു വന്നു. ഇന്ത്യാനരുടെ നിമിത്തം അബ്ഗാനിസ്ഥാൻ ഏകരാജശാസനയിൽ ആയി വരേണമെന്നു ഇംഗ്ലിഷുകാരുടെ താല്പൎയ്യം.
300000 ചതുരശ്ര നാഴിക വിസ്താരമുള്ള അബ്ഗാനിൽ 4500000 സംഖ്യയുള്ള അബ്ഗാന്യൎക്കു അന്യ ഗോത്രങ്ങളേക്കാൾ പ്രബലതയുണ്ടു. അവർ കീഴടക്കിയ്തും കൃഷിയും കൈത്തൊഴിലും നടത്തി വരുന്നതുമായ കുടിയാന്മാരുടെ സംഖ്യ ഏകദേശം 4000000 ആകും അവരുടെ ഇടയിൽ ചിലർ ഹിന്തുക്കൾ അറബികൾ യഹൂദന്മാർ മുതലായവർ പാൎക്കുന്നു. ബൎദ്ദുരാനി (Berduranis) കാക്കർ (Kaker) ഗീല്ദശി (Guildshis) ദുരാനി (Duranis) ഹസ്സരെഹ് (Hazzareh) എന്നുള്ള ഗോത്രനാമപ്രകാരം രാജ്യം വിഭജിക്കപ്പെട്ടു. എന്നാൽ ഇക്കാലത്തു 3 രാജ്യങ്ങൾ ഉണ്ടു അവ കാബൂൽ കണ്ടഹാർ (Kandahar) ഹിരാത്ത്(Herat) ഇവ തന്നെ. കാബൂൽ രാജ്യം പ്രത്യേകം കാബൂൽനദികരയുടെ താഴ്വരയിൽ പുഷ്ടിയും വിശേഷവുമേറിയ ഒരു നാടു. അതിന്റെ തെക്കെ അംശങ്ങൾ അത്ര പുഷ്ടിയുള്ളവയല്ല. പ്രധാന സ്ഥലമായ കാബൂൽപട്ടണം കാബൂൽനദിയുടെ തീരത്തു ഒരു കുന്നിന്മേൽ ബഹു ശോഭിതമായി സമുദ്രവിതാനത്തിൽനിന്നു 6000 കാലടി ഉയൎന്നു കിടക്കുന്നു. ഇവിടെ ഏറ്റവും സുഖകരമായ ഋതുഭേദങ്ങൾ ഉണ്ടു. യൂരോപ്പിലെ പോലെ ഹിമകാലം, വസന്തകാലം വേനൽകാലം, കൊയിത്തുകാലം എന്നീ കാലഭേദങ്ങളും ഉണ്ടു. പട്ടണം ചില മുഖ്യവഴികൾ വന്നു കൂടുന്ന സ്ഥലത്താകെകൊണ്ടു 60000 നിവാസികളുള്ള ഒരു മുഖ്യ കച്ചവടസ്ഥലമായി തീൎന്നു. കാബൂൽതാഴ്വരക്കു താഴെ ചെല്ലലബദ് (Dschellalabad) കൈസർ കണ്ടിവാതിലിന്റെ അരികെ ഇരിക്കുന്നു കാബൂൽപട്ടണത്തിൽനിന്നു രാജവീഥി എന്നു പറയുന്ന ഒരു നല്ല റോഡ് 425 നാഴിക ദൂരമുള്ള ഗസ്നെ കണ്ടഹാർ എന്ന പട്ടണം തൊട്ടു ഹെരത്ത്പട്ടണത്തിലേക്കു ചെന്നു കൂടുന്നു.
2. കണ്ടഹാരിൽ ഏതാനും 50000 ജനങ്ങൾ ഉണ്ടു.
3. അയ്യക്കു എന്നു പറയുന്ന പാൎസ്യക്കാരും തുരനരുമായ നിവാസികൾ ഉള്ള ഹെരത്ത് രാജ്യം 1863ാമതു തുടങ്ങി അബ്ഗാനരുടെ കീഴിൽ ഇരിക്കുന്നു തലസ്ഥാനമായ ഹെരത്ത് ഉന്നതപൎവ്വതങ്ങളാൽ ചുറ്റപ്പെട്ടു നനവും പുഷ്ടിയമുള്ള സമഭൂമിയിൽ കിടക്കുന്നു. അതിൽ 100000 നിവാസികളും ആയുധം പനിനീർ എന്നിവയുടെ വലിയ പ്രവൃത്തിയും കച്ചവടവും ഉണ്ടു. അബ്ഗാനിസ്ഥാന്റെ വടക്കു കിഴക്കേ അംശം അവിശ്വാസികളുടെ രാജ്യം എന്നൎത്ഥമുള്ള കഫിരിസ്ഥാൻ, ഹിന്തുകൂഷ് മലകളുടെ ദക്ഷിണ ഭാഗത്തിരിക്കുന്നു. അതിനെക്കൊണ്ടുള്ള വൎത്തമാനം ദുൎല്ലഭം താനും.