close
Sayahna Sayahna
Search

അയനങ്ങള്‍: പത്തൊമ്പത്


അയനങ്ങള്‍: പത്തൊമ്പത്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

വീട്ടിലെത്തിയ ഉടനെ അവൾ നോക്കിയത് അന്നത്തെ പത്രമായിരുന്നു. അഞ്ചാം പേജിൽ അവൾ പരതി. ചെറിയ ചെറിയ വാർത്തകൾക്കിടയിൽ അവൾ അതു കണ്ടു പിടിച്ചു. രണ്ടു ചെറുപ്പക്കാർ സന്നിഗ്ദാവസ്ഥയിൽ ആശുപത്രിയിൽ. ബീച്ചിൽ രണ്ടു ചെറുപ്പക്കാരെ ചോര വാർന്ന നിലയിൽ കണ്ടെത്തി. അവരുടെ സ്വകാര്യ അവയവങ്ങൾ ഛേദിച്ച മട്ടിലായിരുന്നു. അവയവങ്ങൾ വീണ്ടുകിട്ടിയിട്ടില്ല. അവർ ഇപ്പോഴും സന്നിഗ്ദാവസ്ഥയിൽ തുടരുന്നു. അതിജീവിക്കാനുള്ള സാധ്യത കുറവ്.

അപർണ്ണ തളർന്നു. രണ്ടു പേജുകളിൽ വെവ്വേറെ കിടക്കുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധം അവൾക്കു മനസ്സിലായിത്തുടങ്ങിയിരുന്നു. സ്വന്തം അതിജീവനംതന്നെ ഒരു പ്രശ്‌നമായി അവൾക്കു തോന്നി. എന്തിനാണ് ഇതൊക്കെ? എന്താണ് ഇതുകൊണ്ടൊക്കെ നേടുന്നത്?

അവൾ രാത്രി ഉറങ്ങുന്നതിനുമുമ്പ് അങ്ക്‌ളിന്റെ മരുന്നുപെട്ടി പരതി ഒരു ഉറക്കുഗുളിക മോഷ്ടിച്ചു. ഇന്ന് ഉറക്കം വരണമെങ്കിൽ അതുമാത്രമേ ശരണമുള്ളൂ. അവൾ രാത്രി സുഖമായി ഉറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ അവൾ ആലോചിച്ചത് ഇതാണ്. ഇന്ന് എന്താണ് ചെയ്യുക. ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയാണ്. കുറേ ദിവസത്തേയ്ക്ക് ഷൂട്ടിങ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിനോദിന്റെ അടുത്തു പോകാൻ അവൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സുനിലാകട്ടെ ഇന്നലെത്തന്നെ അവളെ ഒഴിവാക്കുന്ന മട്ടിലാണ് സംസാരിച്ചത്. സാധാരണ അയാൾ അവളെ വീട്ടിലേയ്ക്കു ക്ഷണിക്കാറുണ്ട്. ഇന്നലെ അതുണ്ടായില്ല. ഒരുപക്ഷേ അയാൾ തിരക്കിലായിരിക്കും. അല്ലെങ്കിൽ സംസാരിക്കാനുള്ള മൂഡിലായിരിക്കില്ല. അവൾ മറ്റുള്ളവർക്ക് സംശയ ത്തിന്റെ ആനുകൂല്യം കൊടുത്തു.

ഒമ്പതു മണിക്കാണ് മിസ്സിസ്സ് പാണ്ഡേ വിളിച്ചു പറഞ്ഞത്.

‘അപർണ്ണാ, ഫോൺ...’

അവൾ താഴേയ്ക്കു പോയി. സുനിലായിരുന്നു.

‘ഒരു ചീത്ത വാർത്ത തരാനാണ് വിളിച്ചത്.’

ഇപ്പോൾ നടന്ന കാര്യങ്ങളെക്കാൾ ചീത്തയായി എന്താണുണ്ടാവുക? അവൾ ചോദിച്ചു. ‘എന്തേ?’

‘ചൈനാനി പുതിയ മൂവി ഡ്രോപ്പു ചെയ്തിരിക്കുന്നു. അതിനു വേണ്ടി കൊടുത്ത കോൺട്രാക്ടുകളെല്ലാം കാൻസ ൽ ചെയ്യുകയാണ്.’

അപർണ്ണ ഒന്നും പറയാനാകാതെ ഫോണും പിടിച്ചു നിന്നു. വിശ്വസിക്കാൻ പ്രയാസം. താൻ സ്വപ്നം കാണുക യാണോ? ഇതു പകലാണോ, അതോ രാത്രിയോ.

‘പിന്നെ കാണാം. ഞാൻ ഇതു പറയാൻ വിളിച്ചതാണ്.’

‘ശരി’ അവൾ ഫോൺ വെച്ചു.

അവൾ ഒരു മയക്കത്തിലെന്നപോലെ മുകളിലേയ്ക്കു പോയി. അങ്ക്ൾ ഓഫീസിലേയ്ക്കു പോയിരുന്നു. രേണു പച്ചക്കറി വാങ്ങാൻ പോവുകയാണ്. വാതിലടച്ച് കുറ്റിയിട്ട് അവൾ കിടക്കയിൽ പോയി വീണു. എല്ലാ സ്വപ്നങ്ങളും തകർന്നുവെന്ന് അവൾക്കു മനസ്സിലായി. താൻ കഴിഞ്ഞ ഏതാനും മാസങ്ങളായി നട്ടു വളർത്തിയ സ്വപ്നം വേരു പിടിക്കുന്നതിനു മുമ്പുതന്നെ വാടിക്കരിഞ്ഞിരിക്കുന്നു. ഇനി അപർണ്ണ എന്ന നായിക ഇല്ല. വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന തന്റെ സ്വപ്നമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ടെന്തു കാര്യം.

അവൾ എഴുന്നേറ്റ് അങ്ക്‌ളിന്റെ മുറിയിലേയ്ക്കു പോയി. മരുന്നുപെട്ടി പുറത്തുതന്നെയുണ്ടായിരുന്നു. അവൾ അതു തുറന്നു. രണ്ടു സ്റ്റ്രിപ്പ് ഉറക്കുഗുളികകൾ. ഇന്നലെ പുതുതായി വാങ്ങിയതായിരിക്കണം. അവൾ അതുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു.

എപ്പോഴോ വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടിരുന്നു. പിന്നെ ചുറ്റും അതിവേഗം വളർന്നു വന്ന തമോഗർത്തത്തിൽ ആ ശബ്ദം ഇല്ലാതായി. അവൾ ഒരു ആഴമുള്ള കുഴിയിലേയ്ക്ക് തലകുത്തി വീഴുകയാണ്. കരയാനുള്ള ഒരു ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടു.