close
Sayahna Sayahna
Search

കറുത്ത സൂര്യൻ


കറുത്ത സൂര്യൻ
EHK Story 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദിനോസറിന്റെ കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 65

സൂര്യൻ ഒരു കവണയിൽ നിന്നു തെറിച്ച ചെങ്കൽക്കഷ്ണം പേലെ കിഴക്കൻ ആകാശത്തു വീണു. നിരത്തിൽ, അവസാനത്തെ പിടച്ചിലിൽ താറുമാറായ ചിറകുകളുമായി ചത്തു വീണ പ്രാവുകൾ പോലെ കരിയിലകൾ ചിതറി­ക്കിടന്നു. നാരായണൻ കുട്ടി അതുവരെ ഒളിച്ചിരുന്ന പീടികത്തിണ്ണയുടെ പിന്നിൽനിന്ന് തല പൊന്തിച്ചു നോക്കി. പ്രകാശമാ­യിരിക്കുന്നു. ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. ഇരുട്ടിലേ ഭയപ്പെടേണ്ടു. പകൽ പ്രകാശം നിങ്ങൾക്കൊരാ­വരണമാവുന്നു. ആ ആവരണത്തിൽ രക്ഷപ്പെടാൻ കഴിയും. നിങ്ങൾക്ക് അദൃശ്യനാവാൻ കഴിയും. അയാൾ പീടികച്ചായ്പിൽ നിന്നു പുറത്തേയ്ക്കു ചാടി. ഉറങ്ങാതിരുന്ന ഒരു രാത്രി മുഴുവൻ മുറുകെപ്പി­ടിച്ചിരുന്ന കത്തി അയാളുടെ കയ്യിൽ അപ്പോഴുമു­ണ്ടായിരുന്നു. അതിന്റെ അലകുകൊണ്ട് കുറ്റിയായി വളർന്ന താടിരോമങ്ങൾ മാന്തിയപ്പോൾ കത്തിയുടെ അലകിൽ ചോര ഉണങ്ങി തവിട്ടു നിറമായിരുന്നതു കണ്ടു. അതെങ്ങിനെ വന്നതാണെന്ന് ഓർത്തു നോക്കി. ഓർമ്മകൾ പലപ്പോഴും കഴിഞ്ഞ ഏതാനും നിമിഷങ്ങൾ വരെ മാത്രമെ പുറകോട്ടു പോകുന്നുള്ളു. അതിനും പിന്നിൽ ഇരുട്ടിന്റെ മതിലാണ്. എന്തായാലും ചോരയുടെ പാടുള്ള കത്തി കണ്ടാൽ ആരെങ്കിലും പേടിക്കുമോ എന്ന് ഭയന്ന് നാരായണൻകുട്ടി അത് പാന്റിന്റെ കീശയിലിട്ടു. ഫുട്ട്പാത്തിലു­ണ്ടായിരുന്ന പൈപ്പു തുറന്ന് അയാൾ മുഖവും വായും കഴുകി. ക്ലോറിന്റെ ചുവ പോകാനായി കാക്കിരിച്ചു തുപ്പി. പാന്റ്‌സ് തെറുത്തു കയറ്റി കാലും കഴുകി. കാലു കഴുകിയശേഷം പാന്റ്‌സ് താഴ്ത്തിയിടാൻ മറന്നു.

വിശക്കുന്നുണ്ട്. വിശപ്പ് അയാളിൽ ഒരു മിന്നൽ പോലെ, വേനലിൽ ഒരു മഴപോലെ പെട്ടെന്നാണ് വരുക. അടിവയ­റ്റിൽനിന്ന് ഒരാളിക്കത്തൽ. പിന്നെ അതു പെട്ടെന്നു പടർന്നു പിടിക്കുന്നു. ഇപ്പോൾ പോയാൽ ഹോട്ടലിൽ നല്ല ചൂടുള്ള ഇഡ്ഢലിയും വടയും കിട്ടും. വായ പൊള്ളുന്നത്ര ചൂടുള്ളത്. നല്ല നാളികേര­ചട്ടിണിയിൽ ഒപ്പി തിന്നാം. അയാൾ ഹോട്ടലിലേയ്ക്കു നടന്നു. തെരുവിന്റെ എതിർവശത്ത് ഒരു വളവിനു ശേഷമാണ് ഹോട്ടൽ. നാരായണൻകുട്ടി റോഡു മുറിച്ചു കടന്നു. പെട്ടെന്ന് ഒരു വാഹനം ബ്രേയ്ക്കിടുന്ന കലമ്പിച്ച ശബ്ദം. അയാൾ തിരിഞ്ഞുനോക്കി. തൊട്ടു പിന്നിൽ ഒരു മഞ്ഞക്കാർ നിർത്തിയിരിക്കുന്നു. വളരെ ഭംഗിയുള്ളതും, തിളങ്ങുന്നതും. നാരായണൻകുട്ടി കൈകൊണ്ട് കാർ തൊട്ടു. എന്തു മയം. അപ്പോഴാണ് ഡ്രൈവറെ കണ്ടത്. അയാൾ തല പുറത്തേയ്ക്കിട്ട് വായ തുറന്ന് ചീത്ത പറയാൻ തുടങ്ങി. നാരായണൻകുട്ടി ഡ്രൈവറുടെ തുറന്ന വായിലേയ്ക്ക് നോക്കി. വായ വൃത്തിയുണ്ടാ­യിരുന്നില്ല.രാവിലെ നേരത്തെ വീട്ടിൽ നിന്ന് പുറത്തിറങ്ങി­യതുകൊണ്ട് ഡ്രൈവർ പല്ലു തേച്ചിട്ടുണ്ടാവില്ല. പ്രാതലിന് അയാൾ എന്തായിരിക്കും കഴിച്ചിട്ടുണ്ടാവുക?

‘നോക്കി നടന്നില്ലെങ്കിൽ വല്ല കാറിന്റെയും അടിയിൽപ്പെടും മനസ്സിലായോ?’

നാരായണൻകുട്ടി തലയാട്ടി. അതു പ്രാഥമിക പാഠമാണ്. എന്താണിത്ര പറഞ്ഞുതരാൻ?

ഡ്രൈവർ കാർ സ്റ്റാർട്ടാക്കി ഓടിച്ചു പോയി. നാരായണൻകുട്ടി നടന്നു. തിരിവിലെത്തി­യപ്പോഴാണ് കണ്ടത് ഹോട്ടലിനു മുമ്പിൽ നിറയെ ആൾക്കാർ. അവർ മുദ്രാവാക്യങ്ങൾ വിളിക്കുകയാണ്. ഒരുത്തൻ ചുവപ്പുകൊടി പിടിച്ചിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അവർ ഹോട്ടൽ തൊഴിലാളികൾ തന്നെയാണ്. ഹോട്ടലിന്റെ വാതിൽ അടച്ചിട്ടതാ­യിരിക്കണം അവരുടെ പ്രക്ഷോഭത്തിനു കാരണം. ചൂടുള്ള ഇഡ്ഢലികളും വടകളും ആൾക്കാർ തിന്നാനില്ലാതെ ക്രമേണ തണുത്താറുന്നതും, മരവിക്കുന്നതും, പിന്നെ അതിൽ പൂപ്പൽ വളരുന്നതും, ദിവസങ്ങൾക്കുശേഷം ചില്ലലമാ­രികൾക്കുള്ളിൽ പൂപ്പലിന്റെയും കൂണുകളുടെയും ഒരു മഹാവനം വളരുന്നതും അയാൾ മനസ്സിൽ കണ്ടു.

‘ഞാനിന്നലെ ഒരു പെണ്ണിനെ വാടകക്കെടുത്തു.’

നാരായണൻകുട്ടി ഞെട്ടിത്തെറിച്ചു. ശബ്ദം കേട്ടത് അയാളുടെ ഉള്ളിൽ നിന്നാണെന്നു തോന്നും വിധം അടുത്തായിരുന്നു. തിരിഞ്ഞുനോ­ക്കിയപ്പോൾ ഒരാൾ തൊട്ടുപിന്നിൽ. ഒരപരിചിതൻ.

‘നല്ല പെണ്ണായിരുന്നു.’

അയാൾ പറയുകയാണ്. നാരായണൻകുട്ടി അയാളെ നല്ലവണ്ണം പരിശോധിച്ചു. അയാൾക്ക് സാധാരണ മനുഷ്യരുടെ ദേഹമല്ലായിരുന്നു. അയാളുടെ ദേഹം സ്ഫടികം പോലെ സുതാര്യമാ­യിരുന്നു. ആദ്യമുണ്ടായ ആവേശം കത്തിയെടുത്ത് അയാളുടെ ദേഹത്തിലൂടെ പായിക്കാ­നായിരുന്നു. നല്ല മൂർച്ചയുള്ള കത്തി അയാളുടെ ദേഹത്തിലൂടെ പായിച്ചാലും അയാൾക്കൊന്നും പറ്റില്ലെന്നു തോന്നി. വെള്ളത്തിലൂടെ വെട്ടിയ പാലെയാ­യിരിക്കും. കത്തി പുറത്തെടുത്താൽ ദേഹം വീണ്ടും പഴയ പടിയാവും.

‘അവൾ പത്തുറുപ്പികയ്ക്ക് സമ്മതിച്ചു.’

അയാൾ സംസാരിക്കുക­യായിരുന്നു. നാരായണൻകുട്ടി ശ്രദ്ധിച്ചു.

‘നല്ല ചെറുപ്പക്കാരി. പതിനാറു പതിനേഴു വയസ്സുപ്രായം. നിറഞ്ഞമാറ്. നല്ല കറുപ്പു നിറം. കടും കറുപ്പ്. എന്നുവെച്ചാൽ നനഞ്ഞ കരിങ്കല്ലിനേക്കാൾ കറുപ്പ്. അവളുടെ തൊലി മിനുങ്ങിയിരുന്നു. ഒരു അണലിയെപ്പോലെ. ഞാനവളെ പത്തുറുപ്പികക്ക് വാടകക്കെടുത്തു.’

നാരായണൻകുട്ടി ശ്രദ്ധിച്ചു. ഒരു രസകരമായ കഥയായിരിക്കാം ഇത്.

‘ഞാനവളെ ഒരു പഴയ ടാങ്കിലേക്ക് കൊണ്ടുപോയി. റോഡിന്റെ മറ്റെ അറ്റത്തുള്ള ഒരൊഴിഞ്ഞ ടാങ്ക്. പണ്ട് ആ വലിയ കെട്ടിടം ഉണ്ടാക്കുന്ന സമയത്ത് വെള്ളം നിറച്ചുവെക്കാൻ കെട്ടിയ ടാങ്കാണ്. ഇപ്പോൾ ഉണങ്ങിക്കിട­ക്കുകയാണ്.’

നാരായണൻകുട്ടി ആ ടാങ്കു കണ്ടിട്ടുണ്ട്. അതിനു പുറത്ത് ഇരുമ്പിന്റെ കറുത്ത ചായമിട്ട വേലി. വേലിക്കു പുറത്ത് പൂന്തോട്ടം.

അവൾ ചോദിച്ചു. ‘നിങ്ങൾക്ക് വീടൊന്നുമില്ലെ? ഇല്ലെങ്കിൽ വല്ല മുറീം വാടകക്കെടുക്ക്’.

‘ഞാൻ പറഞ്ഞു. ഇതിലും നല്ല സ്ഥലം വേറെ കാണില്ല. മുകളിൽ നിറയെ ഇലകളുള്ള മരം ഒരു വലിയ കുടപോലെ നിൽക്കുന്നതുകൊണ്ട് കെട്ടിടത്തിലു­ള്ളവർക്കു ടാങ്കിലേയ്ക്കു കാണില്ല. റോഡിലാകട്ടെ അടുത്ത വഴിവിളക്ക് കേടുവന്ന കാരണം ഇരുട്ടാണു താനും. പോരാത്തതിന് രാത്രി പന്ത്രണ്ടുമണിക്ക് വളരെ ചുരുക്കം പേരെ ആ തെരുവിൽ ഉണ്ടാവു.’

ഈ കഥ നല്ല കേട്ട പരിചയം. നാരായണൻകുട്ടി ഓർത്തു, മുഴുവൻ കേൾക്കട്ടെ.

‘അവസാനം അവൾ സമ്മതിച്ചു; ഒരു വ്യവസ്ഥയിൽ. മുഴുവൻ വസ്ത്രങ്ങളും അഴിക്കാൻ പാടില്ല. ഞാൻ സമ്മതിച്ചു. ഒരിക്കൽ ടാങ്കിലേക്കിറങ്ങി വന്നാൽ അവളെക്കൊണ്ട് എല്ലാ വസ്ത്രങ്ങളും അഴിപ്പിക്കാൻ കഴിയുമെന്നെനിക്ക് ഉറപ്പുണ്ട്.

‘അങ്ങിനെ ഞങ്ങൾ ടാങ്കിലെത്തി. നിലത്ത് കിടന്ന കരിയിലകൾ കാലുകൊണ്ട് അവൾ അടിച്ചുമാറ്റി. എന്നിട്ട് നിലത്തു മലർന്നുകിടന്നു­കൊണ്ടവൾ വളരെ കാര്യമാത്രപ്ര­സക്തമായി പറഞ്ഞു. ‘ചെയ്‌തോ.’

‘അതു ശരി! ഇതെന്താണ് മുറ്റമടിക്കുന്ന­പോലെയോ പച്ചക്കറി നുറുക്കുന്ന­പോലെയോ വികാരശൂന്യമായി ചെയ്യേണ്ട ഒരു കാര്യമാണോ? ഞാൻ അവളോട് സാരിയഴി­ച്ചുമാറ്റാൻ പറഞ്ഞു. അവൾ സമ്മതിച്ചില്ല. ഇവിടെ ആരെങ്കിലും കണ്ടു വന്നാൽ പെട്ടെന്ന് എഴുന്നേറ്റു പോകാൻ പറ്റില്ല.

‘ശരി, ഞാൻ പറഞ്ഞു. പക്ഷെ അവളുടെ സമ്മതത്തിന്റെ താക്കോൽ എന്റെ കയ്യിലാണ്. അവളെ തുള്ളിക്കാനുള്ള രാഗത്തിന്റെ കമ്പികൾ എന്റെ കയ്യിലാണ്. ഞാനവളെ കയ്യിലെടുത്തു, ഒരു ഗിത്താറിന്റെ കമ്പികൾ മീട്ടുംപോലെ കൈകാര്യം ചെയ്തു. ഞാനവളുടെ സാരി അഴിച്ചുമാറ്റി.

‘എന്താണ് ചെയ്യുന്നത്? അവൾ ചോദിച്ചു. ഞാൻ നിശ്ശബ്ദനായി ഗിത്താറിന്റെ കമ്പികൾ മീട്ടി. അവളുടെ ബ്ലൌസഴിച്ചു മാറ്റി. അവൾ ചോദിച്ചു എന്താണ് ചെയ്യുന്നത്. ഞാൻ എന്റെ ഗിത്താർ വായന തുടർന്നു. പിന്നെ ഓരോ വസ്ത്രങ്ങളും നഷ്ടപ്പെടുമ്പോൾ അവൾ ചോദിച്ചു. എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യുന്നത്. അവസാനമെ­ത്തുമ്പോഴേയ്ക്ക്, അതായത് അരക്കെട്ടിലെ അരച്ചാൺ വീതിയുള്ള മറകൂടി അഴിച്ചു നീക്കുമ്പോഴേയ്ക്ക് എന്താണ് ചെയ്യുന്നത് എന്ന ചോദ്യം ഒരു നേരിയ, കേൾക്കാൻ സുഖമുള്ള ഞരക്കം മാത്രമായിത്തീർന്നു.

‘ഞാൻ പറഞ്ഞില്ലെ, അവളുടെ സമ്മതത്തിന്റെ താക്കോൽ എന്റെ കയ്യിലാണെന്ന്. ഞാനതു തുറന്നു. അവിടെ സിമന്റിട്ട നിലത്ത് അവളുടെ നഗ്നത തണുത്തുറഞ്ഞു കിടന്നു. നേരിയ വെളിച്ചത്തിൽ അവളുടെ മേനിയിലെ കറുപ്പ് തിളങ്ങി. ഒരണലിപ്പാ­മ്പിനെപോലെ അവൾ പുളഞ്ഞു.’

നാരായണൻകുട്ടി ഒന്നും ചോദിക്കാതെ സ്ഫടികസ­മാനനായ ആ മനുഷ്യൻ വായ തുറക്കുന്നതും അടയ്ക്കുന്നതും നോക്കിയിരുന്നു. ഒരു യന്ത്രമനു­ഷ്യനെപ്പോലെ.

‘അവൾ പുതുതായി തൊഴിലിനിറങ്ങി­യതാണെന്ന് സംശയമില്ലാ­യിരുന്നു. ഞാൻ ചോദിച്ചു. നീ എത്ര കാലമായി ഇതു തുടങ്ങിയിട്ട്?’

‘അവൾ പറഞ്ഞു, ഒരു മാസം.’

‘അപ്പോൾ അതാണ് കാര്യം. അവൾ വളരെ പുതുമക്കാരിയാണ്. അതവളുടെ ദേഹത്തിൽ കണ്ടു. അവൾ ശരിയ്ക്കും സുന്ദരിയായിരുന്നു. മുഴുപ്പുള്ള അവയവങ്ങൾ. ഇരുട്ടിൽ കാണുന്ന അവളുടെ പല്ലുകൾ ഭംഗിയുള്ളവ­യായിരുന്നു. വലിയ കണ്ണുകൾ.’

‘ഇപ്പോൾ അവളുടെ കൈകൾ എന്റെ സമ്മതത്തിന്റെ താക്കോൽ തേടുകയായിരുന്നു. അവളുടെ നേർത്ത് ഉരുണ്ട കൈകൾ. എന്റെ സമ്മതത്തിന് താക്കോൽ ആവശ്യമില്ലെന്ന് പക്ഷെ അവൾ അറിഞ്ഞില്ല. അതു തുറന്നിട്ട ഒരു കലവറയായിരുന്നു. നിങ്ങൾക്കകത്തു കടക്കാം. ഇഷ്ടമുള്ളതെടുക്കാം.

‘ഞാൻ നഗ്നനായിരുന്നു. എന്റെ നഗ്നതയുടെ ശൌര്യം അവളെ സന്തോഷിപ്പി­ച്ചിരിക്കണം. എന്റെ നഗ്നതയെ അവൾ സ്വീകരിച്ചു കിടത്തി. അവളുടെ കറുപ്പിന്റെ പശ്ചാത്തലത്തിൽ എന്റെ നിറം ഇരുണ്ട ആകാശത്തിലെ നേരിയ ചന്ദ്രക്കല പോലെ വിളറിക്കണ്ടു. അപ്പോൾ ഞാൻ യാത്ര തുടങ്ങി. അവളുടെ കറുത്തു തിളങ്ങുന്ന നഗ്നതയിലൂടെ, മാംസളതയിലൂടെ യാത്ര. അവളുടെ തടിച്ചുരുണ്ട കാലുകൾ എന്നെ ബന്ധനസ്ഥ­നാക്കിയിരുന്നു. അവളുടെ ചലനങ്ങളിൽ നിന്ന്, അവളുടെ പ്രതിചേഷ്ട­യിൽനിന്ന് അവളൊരു പുതുമക്കാരി തന്നെയാണെന്ന് എനിക്കുറപ്പായി.

‘യാത്ര ചെയ്തുകൊണ്ടിരിക്കെ ഞാൻ ആലോചിച്ചു. ഇവൾക്കിപ്പോൾ യുവത്വമുണ്ട്. സൗന്ദര്യമുണ്ട്. പക്ഷെ അതെത്ര നാൾ വെച്ചിരിക്കാൻ പറ്റും? ഇവൾ ഓരോ രാത്രിയും ചിലപ്പോൾ പകലും പലരും താമസിക്കുന്ന വഴിയമ്പലമാണ്. ഇവളുടെ ദേഹം ഹോമാഗ്നിയിൽ അർപ്പിക്കപ്പെട്ട നിവേദ്യംപോലെ കരിഞ്ഞുപോകും. രാവിലെ വിരിഞ്ഞ പൂപോലെ വൈകുന്നേരമാ­വുമ്പോഴേയ്ക്ക് വാടും. ഇത്രയും മനോഹരമായ ഒരു പുഷ്പം!

‘യാത്ര തുടരുകയാണ്. അവൾ തളരാതെ എന്റെ ഒപ്പം യാത്ര ചെയ്തു. യാത്രയുടെ അന്ത്യത്തിൽ അവൾ തളർന്ന് ഒരു രതിമൂർഛയിൽ വീഴവെ ഞാൻ ഒരു തീരുമാനമെടുത്തു. ഞാനതിനകം അവളെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. ഈ പൂ വാടാൻ അനുവദിക്കരുത്. ഈ അമൃത് ഹോമിക്കപ്പെ­ടരുത്. ഞാൻ തളരാൻ പോകുക­യാണെന്നു മനസ്സിലായി. അതിനു മുമ്പ് ഞാൻ എന്റെ അഴിച്ചിട്ട പാന്റിന്റെ കീശയിൽ തപ്പി അതു പുറത്തെടുത്തു. നീണ്ട കൂർത്ത അലകുള്ള കത്തി. രതിമൂർഛയുടെ സംതൃപ്തിയിൽ അവൾ കണ്ണടച്ചു കിടക്കുക­യായിരുന്നു. എന്നെ ബന്ധിച്ചിരുന്ന അവളുടെ കാലുകൾ ബലഹീനമായി എന്നെ പിണഞ്ഞു കിടന്നു.

‘ഞാൻ കത്തി അവളുടെ മാംസളതയിൽ കുത്തിയിറക്കി. ഒരു നിലവിളിയോടെ അവൾ പിടഞ്ഞപ്പോൾ എന്റെ യാത്ര വളരെ തൃപ്തികരമായ ഒരു രതിമൂർഛയിൽ അവസാനിക്കുകയും ചെയ്തു.’

നാരായണൻകുട്ടി അയാളെ നിർന്നിമേഷനായി നോക്കി.

‘നിങ്ങൾ വിചാരിക്കുന്നത് എനിക്ക് മനസ്സിലാ­വുന്നുണ്ട്. ആ സ്ഫടിക മനുഷ്യൻ തുടർന്നു. ഒന്നാലോചിക്കു. ഒരു പൂവിനെ വാടാൻ അനുവദിക്കുന്ന­തിനേക്കാൾ എത്ര നല്ലതാണ് അത് മനോഹരമായ ഒരു തലയിൽ ചൂടാൻ! ഞാൻ അതു മാത്രമെ ചെയ്തുള്ളു. ഒരു ഭംഗിയുള്ള പൂവ് അതു വാടുന്നതിനു മുമ്പു തന്നെ അറുത്തെടുത്തു തലയിൽ ചൂടി.’

നാരായണൻകുട്ടി അയാളുടെ തലയിൽ നോക്കി. തലമുടിക്കു പകരം സ്ഫടിക­നാരുകൾ. നോക്കിയിരിക്കെ ആ സ്ഫടികനാരുകൾ വെളിച്ചത്തിലലി­ഞ്ഞില്ലാതായി. ആ മനുഷ്യൻ നിന്നിടത്ത് ശൂന്യത മാത്രം.

ഹോട്ടലിനു മുമ്പിലെ ബഹളം കൂടിയിരുന്നു. അവർ ഒരു ജാഥ നയിക്കാനുള്ള പുറപ്പാടാണ്. കൊടി പിടിച്ച ആൾ മുമ്പിൽ. പിന്നിൽ യൂനിയന്റെ ബാനർ പിടിച്ചുകൊണ്ട് രണ്ടു പേർ. അവർക്കും പിന്നിൽ കൈകളുയർത്തി മുദ്രാവാക്യം മുഴക്കുന്നവർ. ജാഥ നീങ്ങിത്തുടങ്ങി. ജാഥയുടെ മന്ദഗതിയും നോക്കി നാരായ­ണൻകുട്ടി നിന്നു.

സൂര്യൻ ഒരു കുശവന്റെ ചക്രം പോലെ ആകാശത്തിൽ മങ്ങിക്കിടന്നു.

ജാഥ മുന്നോട്ടു നീങ്ങി. തെരുവിന്റെ മൂലയിലെത്തി­യപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. നീണ്ടകൂർത്ത കത്തിയുമായി ഒരാൾ ജാഥക്കെതിരെ വരുകയും കത്തിയുടെ കൂർത്ത അലക് ഒരോരുത്തരുടെ ദേഹത്തിൽ പായിക്കുകയും ചെയ്തു. കുത്തേറ്റവർ മരിച്ചുവീണു. മറ്റുള്ളവരാകട്ടെ യാതൊരു സങ്കോചവു­മില്ലാതെ, പ്രതിരോധവു­മില്ലാതെ, മറിച്ച് പൂർണ്ണസമ്മ­തത്തോടെ അയാളുടെ കത്തിക്കിര­യാവാൻ സമ്മതിക്കുന്നു. മരണത്തിൽ അവർ കാമസംപൂർത്തി­യേക്കാൾ കൂടുതലായ ഒരു സംതൃപ്തി നേടുന്നപോലെ.

‘കണ്ടില്ലെ, കൊല്ലുന്നത് അത്ര പാപമൊന്നുമല്ല. ആരും എതിരു പറയുന്നില്ല.’ നാരായണൻകുട്ടി ഒരിക്കൽ കൂടി ഞെട്ടി. വീണ്ടും അതു പറഞ്ഞത് തന്റെ ഉള്ളിൽ നിന്നാണെന്നു തോന്നും വിധം അടുത്തു നിന്നായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ സ്ഫടിക മനുഷ്യൻ വീണ്ടും, തൊട്ടു പിന്നിൽ.

‘നോക്കു അവരുടെ കണ്ണുകൾ. ഒരു കാമുകനെ സംഭോഗത്തിന്നു ക്ഷണിക്കുന്ന കാമുകിയുടെ ഭാവമില്ലെ ആ കണ്ണുകളിൽ? കൊല്ലുന്നവനും കൊല്ലപ്പെടു­ന്നവനും കൂടിയുള്ള വളരെ അടുത്ത രഹസ്യബ­ന്ധമാണത്. നിങ്ങൾക്കതിൽ ഇടപെടാൻ യാതൊരധി­കാരവുമില്ല.

‘ഞാൻ പറയുന്നതെ­ന്തെന്നാൽ, ആ കറുത്ത സുന്ദരി, ആ മനോഹരമായ പൂവ് ഒരു ദിവസം വാടുമെന്നെ­നിക്കറിയാം. അപ്പോൾ, വാടുന്നതിനു മുമ്പ്, പുതുമ വിട്ടിട്ടില്ലാത്തപ്പോൾ തന്നെ അവളെ അറുത്തെടുത്ത് എന്റെ മുടിയിൽ...’

നാരായണൻകുട്ടിക്ക് അയാളുടെ തലയിൽ നോക്കാൻ ഭയം തോന്നി. അയാൾ ജാഥ നയിച്ചിരു­ന്നവരെ നോക്കി. പകുതിയിലധികം പേർ വീണിരുന്നു. ചിലർ ചലനമില്ലാതെ നിലത്തു കിടന്നു. ഓട്ടപ്പെട്ട പ്ലാസ്റ്റർ പ്രതിമകൾ പോലെ അവർ കിടന്നപ്പോൾ അവരുടെ മുറിവുകളിൽനിന്ന് രക്തം രേതസ്സുപോലെ പ്രവഹിച്ചു. ചിലർ എഴുന്നേറ്റിരുന്നോ, കിടന്നുകൊണ്ടു­തന്നെയോ അവരുടെ മുറിവുകൾ താലോലിച്ചു. മറ്റുള്ളവർ, അതായത് കുത്തേൽക്കാത്ത മൂന്നുപേർ അവർക്കു ചുറ്റും നിന്നിരുന്നു. കൊലപാത­കിയാവട്ടെ ചോരയിറ്റു വീഴുന്ന കത്തിയുമായി സംതൃപ്തിയോടെ നടന്നുപോ­വുകയാണ്.

നാരായണൻകുട്ടി നടന്നു. ഫുട്പാത്ത് വീതിയുള്ള­തായിരുന്നു. വിളക്കുകാലുകൾ ഓരോന്നോ­രോന്നായി പിന്നിടും തോറും ഫുട്പാത്ത് വീതി കുറഞ്ഞുവന്നു. അവസാനം ഒരിടത്ത് പൊടുന്നനെ അവസാ­നിക്കുകയും ചെയ്തു. അവിടെ സിമന്റിട്ട ടാങ്കുണ്ടായിരുന്നു പരിചയമുള്ള ടാങ്ക്. ഒറ്റക്കൽ വെച്ച് പടുത്ത പടവുകളിലൂടെ നാരായ­ണൻകുട്ടി ഇറങ്ങി. ടാങ്കിന്നു നടുവിൽ കറുത്ത പെണ്ണിന്റെ നഗ്നശരീരം വെറുങ്ങലിച്ചു കിടന്നിരുന്നു.

നാരായണൻകുട്ടി അവൾക്കു ചുറ്റും നടന്നു. പിന്നെ എന്തോ ഓർമ്മ വന്ന പോലെ അയാൾ പാന്റിന്റെ കീശയിൽ നിന്ന് അലകിൽ ചോര ഉണങ്ങിയ കത്തി പുറത്തെടുത്തു. നല്ലവണ്ണം സൂക്ഷിച്ചു നോക്കിയ ശേഷം അതു സിമന്റിട്ട നിലത്ത് വലിച്ചെറിഞ്ഞ് അയാൾ മുകളിലേയ്ക്കു നോക്കി.

ഒരായിരം ആൾക്കാർ ടാങ്കിനു പുറത്തു നിന്ന് അയാളെ നോക്കുന്നു­ണ്ടായിരുന്നു. ദൂരെ മുമ്പിൽ ചുവന്ന കൊടി പിടിച്ച ആളും പിന്നിൽ യൂനിയന്റെ ബാനർ പിടിച്ച ആളുകളും. അവർക്കും പിന്നിൽ കൈകളുയർത്തി മുദ്രാവാക്യങ്ങളും മുഴക്കി ജാഥ നയിക്കുന്നവരും അകന്നുപോകുന്നു. ഒരു പോലീസ് വാൻ ടാങ്കിനു പുറത്തു നിൽക്കുന്ന ആൾക്കാർക്കു പിന്നിൽ ബ്രേക്കിട്ടു നിർത്തി.

ആകാശത്തിൽ, ഒരു കവണയിൽ നിന്നു തെറിച്ച കരിങ്കൽ പോലെ സൂര്യൻ കറുത്തു കിടന്നു.