close
Sayahna Sayahna
Search

ദൂരെയൊരു നഗരത്തിൽ


ദൂരെയൊരു നഗരത്തിൽ
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

വളരെമുമ്പ്, ദൂരെ ഒരു നഗരത്തിൽ...

ആസ്പത്രിയിലെ പന്ത്രണ്ടാം നിലയിൽ ന്യൂറോളജി വാർഡിൽ എട്ടാം നമ്പർ മുറിയിൽ ചെറുപ്പക്കാരൻ ബോധമില്ലാതെ കിടക്കുകയാണ്. അയാളുടെ ജീവൻ നിലനിർത്തിയിരുന്നത് മൂക്കിലൂടെ കയറ്റിയിരിക്കുന്ന ഓക്‌സിജൻ കുഴലും, രക്തധമനിയിലേയ്ക്ക് മുകളിലെ കുപ്പിയിൽനിന്ന് കുഴൽവഴി ഇറങ്ങിക്കൊണ്ടിരിക്കുന്ന മരുന്നുകലർന്ന സലൈനുമാണ്. ഒരു മാസംമുമ്പ് കഴുത്തിൽ താലികെട്ടി ജീവിതസഖിയാക്കിയ പെൺകുട്ടി ഒരു ദിവസം മുഴുവൻ മരണവുമായി മല്ലിട്ട് യാത്രപറയാതെ പോയത് അയാൾ അറിഞ്ഞിട്ടില്ല. ഒരുപക്ഷേ ആ വിവരം അറിയാതെത്ത ന്നെ ചെറുപ്പക്കാരനും യാത്രയായേക്കും.

ചിരിച്ചുതമാശപറഞ്ഞുകൊണ്ട് ബൈക്കിൽ നടത്തിയ അവസാനയാത്ര അയാൾക്ക് ഇനി ഓർമ്മിക്കേണ്ടി വരില്ല. അതിനുമുമ്പ്, പുറപ്പെടുന്ന സമയത്ത് അമ്മായിയമ്മയുടേയും കൊച്ചളിയന്റേയും കണ്ണുവെട്ടിച്ച് മുകളിലെ കിടപ്പുമുറിയിൽവച്ച് പകർന്നുകൊടുത്ത സ്‌നേഹത്തിന്റെ മാധുര്യവും ഇനി അയാൾക്ക് ഓർമ്മിക്കേണ്ടി വരില്ല. സ്‌കാൻ റിപ്പോർട്ട് വളരെ മോശമായിരുന്നു. തലച്ചോറിന്റെ മുക്കാൽ ഭാഗവും കിനിഞ്ഞിറങ്ങിയ രക്തം കട്ടപിടിച്ച് കമ്പ്യൂട്ടറിന്റെ മോണിറ്ററിൽ വികൃതരൂപങ്ങൾ സൃഷ്ടിച്ചു. ചെറുപ്പക്കാരന്റെ അച്ഛൻ കട്ടിലിന്റെ കാൽക്കൽ ഇട്ട കസേലയിൽ ശൂന്യമായ മുഖത്തോടെ, ഇരമ്പുന്ന മനസ്സോടെ ഇരുന്നു.

നഗരസഭയുടെ മീറ്റിങ് നടന്നുകൊണ്ടിരിക്കയാണ്. എമർജൻസി മീറ്റിങ്ങാണ്. റോഡിൽ അപകടമുണ്ടാക്കാൻ കാരണമായ കല്ല് എങ്ങിനെ അവിടെ വന്നു എന്നതാണ് വിഷയം. നഗരസഭ ചുമതലപ്പെടുത്തിയ അഞ്ചംഗക്കമ്മിറ്റി രാവിലെ അപകടസ്ഥലം പരിശോധിക്കുകയും അപകടകാരണം റോഡിന്റെ വശത്തായി, എന്നാൽ വാഹനങ്ങൾ പോകുന്ന വഴിയിൽത്തന്നെ ടാറിൽ ഉറച്ചുപോയ കരിങ്കല്ലാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തിരുന്നു. ഇനി തീർച്ചയാക്കേണ്ടത് കല്ലവിടെ വരാൻ ആരാണുത്തരവാദിയെന്നു മാത്രമാണ്. നഗരസഭയോ അതിന്റെ കീഴിലുള്ള വകുപ്പുകളോ അല്ലെന്ന നിഗമനത്തിൽ അവർ ആദ്യംതന്നെ എത്തിച്ചേർന്നു. ഇത്രയും നിരുത്തരവാദപരമായി നഗരസഭ പ്രവർത്തിക്കുകയില്ല. സ്വാഭാവികമായും സംശയത്തിന്റെ നിഴൽ വീണത് വൈദ്യുതിബോർഡിന്റേയും ടെലിഫോൺ വകുപ്പിന്റേയും മേലാണ്. നിഴൽ നല്ലവണ്ണം കറുപ്പിച്ച് ഒരു റിപ്പോർട്ടും തയ്യാറാക്കി അഞ്ചംഗകമ്മിറ്റി അവരുടെ കർത്തവ്യം ഭംഗിയായി നിർവ്വഹിച്ചു. ഈ രണ്ടു സ്ഥാപനങ്ങളിൽ ഏതാണ് ശരിക്കും ഉത്തരവാദിയെന്നു കണ്ടുപിടിക്കാൻ വേറൊരു കമ്മീഷനെ നിയമിക്കണം. ആ ജോലി ഈ കമ്മിറ്റിയുടെ പരിധിയിൽപ്പെടുന്നതല്ല.

മാധ്യമങ്ങൾ വെറുതെയിരിക്കുകയായിരുന്നില്ല. അവർ അവരുടേതായ വഴിയിൽ അന്വേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോർട്ടർമാർ തുണിസഞ്ചിയിൽ ടേപ്‌റെക്കോർഡർ ഒളിപ്പിച്ചുവച്ചു സ്ഥലവാസികളുമായി കൂടിക്കാഴ്ച നടത്തി. ചാനൽ ടിവികൾ കാമറയും, നീണ്ടുവണ്ണമുള്ള മൈക്കുകളുമായി സ്ഥലത്തെത്തി. ടിവിസ്‌ക്രീനിൽ മുഖം കാണുമെന്ന കാരണംകൊണ്ട് അവർക്ക് കൂടുതൽ സ്വീകരണം കിട്ടി. ആ കല്ലിനെപ്പറ്റി, അതിന്റെ ഉദ്ഭവത്തെപ്പറ്റി, അതുണ്ടാക്കിയ വിനാശത്തെപ്പറ്റിയെല്ലാം ആൾക്കാർ വാതോരാതെ സംസാരിച്ചു. അത് സ്വയംഭൂവാണെന്നും അവിടെ വളച്ചുകെട്ടി ഒരമ്പലം പണിയണമെന്നും ചിലർ പറഞ്ഞു. ആ അഭിമുഖം പുറത്തുവന്നതിന്റെ പിറ്റേന്നുതന്നെ സ്ഥലത്തെ കത്തോലിക്കർ ആകെ ഇളകിവശായി. ഞായറാഴ്ച കുർബാനയുടെ സമയത്ത് വികാരിയച്ചൻ, പേരെടുത്തുപറയാതെ, ചില അന്യമതസ്ഥർ സാമുദായികമൈത്രി തകർക്കാൻ ശ്രമിക്കുന്നതിനെ കർശനമായി വിമർശിച്ചു. വർഷങ്ങളായി ഊട്ടിവളർത്തിയ മതമൈത്രി തകർക്കാൻ വർഗ്ഗീയശക്തികൾ ഒരുമ്പെട്ടിരിക്കയാണെന്ന് ഇടതുപക്ഷവും വലതുപക്ഷവും ഒരേ ശബ്ദത്തിൽ പ്രഖ്യാപിച്ചു. അതിനെതിരായി ഇടതുപക്ഷം മനുഷ്യച്ചങ്ങല തീർത്തപ്പോൾ വലതുപക്ഷം കൂട്ട ഓട്ടം നടത്തി. അതോടെ സ്ഥിതിഗതികൾ ഒരുവിധം ശാന്തമായി.

ആ കല്ല് നാലു വർഷം മുമ്പ് നിരത്ത് ടാറിടുന്ന സമയത്ത് ടാറിന്റെ വീപ്പ ചൂടാക്കാൻ അടുപ്പുണ്ടാക്കിയതിൽ ഒരു കല്ലാണെന്നും, പിന്നീടുണ്ടായ ടാറിടലിലൊന്നും അത് എടുത്തു മാറ്റാൻ ആരും ശ്രമിച്ചില്ലെന്നുമുള്ള സത്യം ഒരാൾ മാത്രം പറഞ്ഞു. ആ കല്ലിൽതട്ടി കൃത്യം ഏഴ് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് അപകടങ്ങളും വലിയ ഗൗരവമുള്ളതായിരുന്നില്ല. തലയിൽ ഏതാനും സ്റ്റിച്ചുകൾ, കയ്യിലോ കാലിലോ പ്ലാസ്റ്റർ, അത്രമാത്രം. ഏഴാമത്തെ അപകടം മാത്രമേ ഗൗരവമായുള്ളൂ. ആ മനുഷ്യൻ ഒരു റിട്ടയർഡ് സ്‌കൂൾ മാസ്റ്റരായിരുന്നു. ദിവസേന രണ്ടുനേരം ദേവീക്ഷേത്രത്തിലേയ്ക്ക് ആവഴി നടന്നുപോകാറുണ്ട്. കല്ലിനെപ്പറ്റി മാസ്റ്റർ കൊടുത്ത വിവരം സത്യസന്ധമാണെങ്കിലും സ്‌തോഭജനകമല്ലാത്തതുകൊണ്ട് മാധ്യമങ്ങൾക്ക് ആവശ്യമില്ലായിരുന്നു. അദ്ദേഹവുമായുള്ള ഇന്റർവ്യൂ അതുകൊണ്ട് വെളിച്ചം കാണുകയുണ്ടായില്ല. അവർക്ക് തങ്ങൾ ജോലിയെടുക്കുന്ന പത്രങ്ങളുടെ സർകുലേഷനും നോക്കണമല്ലൊ. രാത്രി, ടിവിയിൽ താനുമായുണ്ടായ ഇന്റർവ്യൂ കാണാൻ പേരക്കുട്ടികളുമായി കാത്തിരുന്ന മാസ്റ്റർക്ക് നിരാശനാകേണ്ടിവന്നു.

വൈദ്യുതി ബോർഡും ടെലഫോൺ ഡിപ്പാർട്ട്‌മെന്റും നഗരസഭയുടെ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ചാനൽ ടിവിക്കാരുടെ കാമറയ്ക്കും സ്‌പോട്ട്‌ലൈറ്റിനും മുമ്പിൽ എയർകണ്ടിഷൻ ചെയ്ത മുറിയിൽ തലവന്മാർ നഗരസഭക്കെതിരായി ആക്ഷേപങ്ങൾ തൊടുത്തുവിട്ടു. മെയറുടെ ഭാവന കാടുകയറിയിരിക്കയാണെന്നും, ഇത്തിരി സംയമം നഗരസഭയും വൈദ്യുതി ബോർഡും തമ്മിലുള്ള ബന്ധങ്ങൾ മെച്ചമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരത്തിൽ കല്ലുകൾ സ്ഥാപിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട ജോലികൾ തങ്ങൾക്കു ചെയ്യാനുണ്ടെന്ന് ടെലിഫോൺ വകുപ്പും അഭിപ്രായപ്പെട്ടു.

ആസ്പത്രിയിൽ അനക്കമില്ലാതെ കിടക്കുന്ന മകന്റെ അടുത്തിരുന്നുകൊണ്ട് അച്ഛൻ, കലുഷമായ മനസ്സോടെ വാർത്തകൾ വായിച്ചു. വീട്ടിൽ ഭാര്യ അബോധാവസ്ഥയിൽ കഴിയുകയാണ്. മകന്റെ അപകടത്തെപ്പറ്റി കേട്ടപ്പോൾ വീണതാണവർ. ഭാഗ്യമുള്ള സ്ത്രീ.

തെളിവുകൾ നഗരസഭക്കെതിരായിരുന്നു. പ്രതിപക്ഷം അവരുടെ ശക്തി മുഴുവൻ സ്വരൂപിച്ച് ആഞ്ഞടിച്ചു. ഭരണകക്ഷിക്ക് തോൽവി സമ്മതിച്ചുകൊടുക്കേണ്ടിവന്നു. എത്രയും വേഗം വാഹനയാത്രികർക്ക് അപകടകരമായ ആ കല്ല് അവിടെനിന്ന് മാറ്റാമെന്ന് ഉറപ്പുകൊടുക്കേണ്ടതായും വന്നു.

റോഡിന്റെ നടുവിൽ ഉറച്ചുപോയ ഒരു കല്ല് അവിടെനിന്ന് എടുത്തു മാറ്റണം. അത്രമാത്രം. പക്ഷേ ഒരു ജനാധിപത്യത്തിൽ അതിന് ചില സമ്പ്രദായങ്ങളൊക്കെയുണ്ട്. നിയമപ്രകാരമേ നടക്കാൻ പാടുള്ളൂ. ടെണ്ടർ പരസ്യം കൊടുക്കണം. ആറു സെന്റിമീറ്റർ ഇരട്ട കോളത്തിൽ പരസ്യം കൊടുക്കപ്പെട്ടു. ചുരുങ്ങിയത് അഞ്ചു പത്രങ്ങളിലെങ്കിലും പരസ്യം കൊടുക്കണമെന്നാണ് നിയമം. പരസ്യക്കമ്പനിയുടെ ചാർജടക്കം പരസ്യച്ചിലവിന്റെ ബില്ല് 22,500 രൂപ എളുപ്പം പാസാക്കിക്കിട്ടി. പരസ്യക്കമ്പനി നഗരസഭയ്ക്കുവേണ്ടി സ്ഥിരം പരസ്യങ്ങൾ കൊടുക്കുന്നത് ഒരു കൗൺസിലറുടെ അളിയന്റെ സ്ഥാപനമാണ്. എങ്ങിനെ ഒരു ബില്ല് രായ്ക്കുരാമാനം പാസാക്കികിട്ടുമെന്നവർക്കറിയാം.

മകന്റെ കട്ടിലിന്റെ കാൽക്കലിരുന്നുകൊണ്ട് അച്ഛൻ പരസ്യങ്ങൾ വായിച്ചു. ദർഘാസ് പരസ്യം എന്ന തലേക്കെട്ടിനു താഴെ ഇങ്ങിനെ എഴുതിയിരിക്കുന്നു.

മഹാത്മാഗാന്ധിറോഡിൽ പോസ്റ്റോഫീസിനു മുമ്പിൽ അപകടകാരിയായി നിൽക്കുന്ന കരിങ്കല്ല് പുഴക്കിയെടുത്തു മാറ്റാനും, മാറ്റിയ സ്ഥലത്ത് നിരത്ത് റിപ്പയർ ചെയ്യുവാനുമായി ടെണ്ടർ ക്ഷണിച്ചുകൊള്ളുന്നു. നിരതദ്രവ്യം 1500 രൂപ. ദർഘാസ് ഫോറങ്ങൾ നഗരസഭയുടെ പർച്ചേസ് വകുപ്പിൽനിന്ന് 22/— രൂപയുടെ (20/— + 10% സെയ്ൽസ് ടാക്‌സ്) പോസ്റ്റൽ ഓർഡർ നൽകി വാങ്ങാവുന്നതാണ്.

ടെണ്ടർഫോറം വാങ്ങാൻ സാധാരണപോലെ തിരക്കുണ്ടായിരുന്നു. സൈക്ലോസ്റ്റൈൽ ചെയ്ത ആ ഫോറത്തിന് പന്ത്രണ്ടു പേജുണ്ട്. അതിൽ പതിനൊന്നര പേജും നഗരസഭയുടെ നിയമങ്ങളും ടെണ്ടറിൽ പങ്കെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും മറ്റു ഭീഷണികളുമാണ്. വില മാത്രമല്ല ചെയ്യുന്ന ജോലിയുടെ സാങ്കേതിക മേന്മകൂടി പരിഗണിക്കുമെന്ന കാര്യം ഒരു പ്രത്യേക ഖണ്ഡത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ചുളിവിൽ ഈ ടെണ്ടർ ആരും അടിച്ചെടുക്കാൻ നോക്കേണ്ട എന്നതിനുള്ള മുന്നറിയിപ്പുകൂടിയായിരുന്നു ആ ഖണ്ഡം. ചെയ്യുന്ന ജോലി എന്തെല്ലാമാണെന്നും, അതിനുള്ള യന്ത്രസാമഗ്രികൾ ഏതൊക്കെയാണെന്നും വിശദമായി കാണിക്കേണ്ടതാണ്. അവയുടെ ഗുണനിലവാരത്തിനെപ്പറ്റി ഏതെങ്കിലും അംഗീകൃത പരിശോധനാലയത്തിന്റെ സാക്ഷ്യപത്രം മൂന്നു കോപ്പി താസിൽദാരോ അതിനുമീതെയുള്ള ആപ്പീസറോ ഒപ്പിട്ടതും ടെണ്ടർ സമർപ്പിക്കുമ്പോൾ ഒപ്പം നൽകേണ്ടതാണ്. ടെണ്ടർ കുറ്റമറ്റതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ വയ്യ.

ആസ്പത്രിയിലെ കനത്ത അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെടാൻ അച്ഛൻ ആഗ്രഹിച്ചു. ജനലിലൂടെ അദ്ദേഹം പുറത്തേയ്ക്കു നോക്കി. താഴെ, വളരെ താഴെ തെരുവുവിളക്കുകളുടെ പ്രകാശത്തിൽ നഗരം ചലിക്കുകയാണ്. എട്ടുമണിയായിട്ടും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടില്ല. സിഗ്നലിനു പിന്നിൽ അവ അടിഞ്ഞുകൂടുന്നു. നിരത്ത് നിവർന്നു കിടക്കുകയാണ്. അവിടെയെവിടേയോ ഒരു ശപിക്കപ്പെട്ട കല്ല് വിധിയുടെ ക്രൂരമായ ദൗത്യവും പേറിക്കൊണ്ട് തലപൊക്കിക്കിടക്കുന്നുണ്ട്. അതിലൂടെ പോയാൽ അഞ്ചു സ്റ്റോപ്പുകൾക്കപ്പുറമുള്ള വീടെത്താം. അവിടെ ബോധമില്ലാതെ കിടക്കുന്ന അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് തന്റെ മൂത്ത മകൾ ഇരിക്കുന്നുണ്ടാവും. മരുമകൻ ഇപ്പോൾ തിരിച്ച് വീട്ടിലെത്തിയിട്ടുണ്ടാവില്ല. അയാൾ ഈ തിരക്കിൽ എവിടെയെങ്കിലും, ഏതെങ്കിലും ബസ്സിനുള്ളിൽ, അല്ലെങ്കിൽ ഒരു ഓട്ടോവിൽ ഉണ്ടാവും. അയാൾ കൊണ്ടുവന്നുവച്ച സഞ്ചിക്കുള്ളിൽ രാത്രിഭക്ഷണമുണ്ടാവും. അച്ഛൻ ഒന്നും കഴിക്കാൻ പോകുന്നില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മകൾ ഭക്ഷണം കൊടുത്തയക്കുന്നു.

അയാളുടെ പിന്നിൽ കട്ടിലിൽ മകൻ തലച്ചോറിൽ രക്തം കട്ടപിടിച്ച് ബോധമില്ലാതെ കിടക്കുന്നു. അയാൾ തിരിഞ്ഞുനോക്കാതിരുന്നു. അങ്ങിനെ നിന്നാൽ മകൻ എഴുന്നേറ്റ് തന്റെ അടുത്തു വരുമെന്നും അച്ഛാ എന്നു വിളിക്കുമെന്നും വിശ്വസിക്കാൻ, സ്വയം കബളിപ്പിക്കപ്പെടാൻ, അയാൾ ശ്രമിച്ചു. ഉള്ളിന്റെ ഉള്ളിൽ മകൻ നഷ്ടപ്പെട്ടുവെന്ന കാര്യം അയാൾക്കറിയാമായിരുന്നു. ‘നാൽപ്പത്തെട്ടു മണിക്കൂറിൽ എന്തെങ്കിലും ഇംപ്രൂവ്‌മെന്റ് ഉണ്ടെങ്കിൽ നമുക്ക് ശ്രമിച്ചുനോക്കാം.’ ഡോക്ടർ പറഞ്ഞിരുന്നു. ‘അതില്ലെങ്കിൽ പിന്നെ ശ്രമിച്ചിട്ടു കാര്യമില്ല.’ ഇപ്പോൾ നാലു ദിവസം കഴിഞ്ഞു. പോരാത്തതിന് സ്‌കാൻ റിപ്പോർട്ടും വളരെ മോശമായിരുന്നു. ആശയ്ക്ക് ഒരു വകയുമില്ല.

നഗരസഭയുടെ മീറ്റിങ് പതിവുപോലെ ശബ്ദമയമായിരുന്നു. ടെണ്ടർ തുറന്നിട്ട് ഒരാഴ്ചയായി. ഇരുപത്തെട്ട് രജിസ്റ്റേർഡ് കോൺട്രാക്ടർമാരും ഒരു രജിസ്റ്റർ ചെയ്യാത്ത കോൺട്രാക്ടറും പങ്കെടുത്തിരുന്നു. രജിസ്റ്റർ ചെയ്യാത്ത കോൺട്രാക്ടറുടെ ടെണ്ടർ ആദ്യമേ തള്ളിക്കളഞ്ഞു. നഗരസഭയുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടില്ല എന്നു മാത്രമല്ല അതു തള്ളിക്കളയാൻ കാരണം. അയാളുടെ ക്വൊട്ടേഷൻ ഏറ്റവും താഴ്ന്നതും ഉപകരണങ്ങൾ ഉദ്ദേശിച്ച ജോലി ചെയ്യാൻ അപര്യാപ്തവുമാണെന്ന് കമ്മിറ്റി വിലയിരുത്തി. 500 രൂപയാണ് അയാൾ ക്വോട്ട് ചെയ്തിരിക്കുന്നത്. ആയുധങ്ങളും ഉപകരണങ്ങളും എന്ന കോളത്തിൽ അയാൾ ഇത്രമാത്രം എഴുതി. ‘പിക്കാസ്, ചുറ്റിക’. ഈ ക്വൊട്ടേഷൻ ഗൗരവമായെടുക്കേണ്ടതില്ലെന്ന നിഗമനത്തിലെത്തി കമ്മിറ്റി.

മറ്റുള്ള ക്വൊട്ടേഷനുകൾ വളരെ മതിപ്പുണ്ടാക്കുന്നതായിരുന്നു. ന്യൂമാറ്റിക് ഹാമർ തൊട്ട് പൊക്ലാൻ എർത്മൂവേഴ്‌സ് വരെ ഉപയോഗിച്ചുകൊണ്ടുള്ള പണി. തുകയാകട്ടെ 25,000/— തൊട്ട് ഒന്നേകാൽ ലക്ഷംവരെ. രണ്ടുമണിക്ക് തുടങ്ങിയ മീറ്റിങ് രാത്രി പത്തുമണിയായിട്ടും അവസാനിച്ചിരുന്നില്ല. വൈകുന്നേരത്തെയും രാത്രിയിലെയും ഭക്ഷണം, മിനറൽവാട്ടർ എന്നിവ ഒരു ഗ്രേഡ് വൺ റെസ്റ്റോറണ്ടിൽ ഏല്പിച്ചിരുന്നതുകാരണം മീറ്റിങ് അവിരാമം തുടർന്നു. അവസാനം പന്ത്രണ്ടു മണിയോടെ ഏതാണ്ടൊക്കെ ഒരു തീരുമാനത്തിലെത്തി. രണ്ടുപേരുകൾ തെരഞ്ഞെടുക്കപ്പെട്ടു. ഒരാൾ 75,000 രൂപയും മറ്റേയാൾ 78,000 രൂപയുമാണ് ക്വോട്ട് ചെയ്തിട്ടുള്ളത്. അവസാന തീരുമാനം മേയർ എടുക്കണമെന്നും തീരുമാനമായി. ഈ രണ്ടു പേരും ഭരണകക്ഷിയിലെ കൗൺസിലർമാരുടെ ബന്ധുക്കളാണെന്നത് തികച്ചും യാദൃശ്ചികമായിരുന്നു. ക്വോട്ടേഷന്റെ സാങ്കേതികവും സാമ്പദികവുമായ മേന്മകൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

മീറ്റിങ് പിരിയുന്നതിനുമുമ്പ് റെസ്റ്റോറണ്ടിന്റെ ബിൽ തുകയായ 728രൂപ 50 പൈസ കൊടുത്തു. നഗരസഭയ്‌ക്കെന്നല്ല തിരുസഭയ്ക്കു പോലും കടം കൊടുക്കില്ലെന്ന് റെസ്റ്റോറണ്ടുകാരൻ ആദ്യമേ വ്യക്തമാക്കിയിരുന്നു.

ഇത് എത്രാമത്തെ ദിവസമാണ്? അച്ഛൻ ആലോചിച്ചു. പതിനാലോ പതിനഞ്ചോ? അദ്ദേഹത്തിന് എണ്ണം തെറ്റിയിരുന്നു. എത്രയായാലെന്താണ്. ഭാര്യയ്ക്ക് ബോധം തെളിഞ്ഞെന്നും മകനെപ്പറ്റി ചോദിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോൾ ഒരിക്കൽ വീട്ടിൽ പോയതാണ്. പിന്നെ ബാഹ്യലോകവുമായി ബന്ധമൊന്നുമുണ്ടായിട്ടില്ല. മകൻ ആസ്പത്രിയിലാണെന്നും ഭേദമായിവരുന്നുണ്ടെന്നും അമ്മയെ ധരിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ മകന്റെ ഭാര്യയുടെ അച്ഛൻ വന്നിരുന്നു. മകളുടെ ശവശരീരം ആംബുലൻസിൽ കൊണ്ടുപോയശേഷം ആദ്യമായി വരികയാണ് ആ സാധു മനുഷ്യൻ. കുറേനേരം കട്ടിലിന്നടുത്ത് നിന്നു. ഒന്നും പറഞ്ഞില്ല. അരമണിക്കൂർ മരുമകന്റെ നിലയെപ്പറ്റി പറയുന്നത് കേട്ടുനിന്നു, മകളെ ഓർത്തിട്ടായിരിക്കണം കണ്ണീർ ധാരയായി ഒഴുകി.

ഇപ്പോൾ സന്ദർശകർ കുറവായിരുന്നു. ആദ്യത്തെ മൂന്നുനാലു ദിവസം സന്ദർശനസമയത്ത് അവർ വന്നു. അകത്തുവന്ന് കട്ടിലിന്റെ അരികിൽ കനത്ത മുഖവുമായി കുറച്ചുനേരം നിൽക്കും, പിന്നെ പുറത്തു കടന്ന് വരാന്തയിൽ നിൽക്കുന്ന സ്‌നേഹിതന്മാരുമായി ഓഫീസു കാര്യങ്ങളോ മറ്റു തമാശകളോ പറഞ്ഞ് ചിരിച്ച് സ്ഥലം വിടുകയും ചെയ്യും. പിന്നെപ്പിന്നെ മുഖം കനപ്പിച്ചു നിർത്തുന്ന വിഷമം ആലോചിച്ചോ, വൈകുന്നേരത്തെ മറ്റു പരിപാടികൾ ഒഴിവാക്കാൻ വയ്യാത്തതിനാലോ അവർ ക്രമേണ വരാതായി. മകന്റെ ഏറ്റവും അടുത്ത സ്‌നേഹിതൻ മാത്രം എന്നും രണ്ടുനേരം വരും, അച്ഛനെ സമാധാനിപ്പിക്കും. കാന്റീനിൽപോയി ചായ വാങ്ങിക്കൊണ്ടുവന്ന് രണ്ടുപേരുംകൂടി കുടിക്കും. അയാൾ പറയും ‘അങ്ക്ൾ ഇന്ന് വീട്ടിൽ പോയി വിശ്രമിക്കു. ഞാൻ കിടക്കാം ഇവിടെ.’ പക്ഷേ അച്ഛൻ സമ്മതിക്കില്ല. അത് എന്റെ നിയോഗമാണ്. ഞാൻ മാത്രം ചെയ്യേണ്ടത്. മകൻ കുട്ടിയായിരിക്കുമ്പോൾ അവനെ മാറിൽ ചേർത്തുപിടിച്ച് കിടക്കാറുള്ളത് ഓർമ്മ വരും. മുഖംതിരിച്ച് ഷർട്ടിന്റെ കൈയിൽ കണ്ണുതുടയ്ക്കും.

ഒരിക്കൽ അയാൾ പോയിക്കഴിഞ്ഞപ്പോൾ അച്ഛൻ ആലോചിച്ചു. എന്തിനാണ് മകനെ ഇവിടെ ഇങ്ങിനെ കിടത്തുന്നത്? ഡോക്ടർമാർ നല്ലവരായിരുന്നു. കിടത്തിയിട്ട് കാര്യമില്ലെന്ന് അവർ ഭംഗിയായി പറഞ്ഞു. ശ്രമിച്ചുനോക്കാം, കാര്യമുണ്ടെന്നു തോന്നുന്നില്ല. ഹിയീസ് വെജിറ്റേറ്റിങ്. ഇങ്ങിനെ വർഷങ്ങൾ കിടന്നേക്കാം, ഫീലിങ്‌സ് ഒന്നുമില്ലാതെ, വെന്റിലേറ്ററിന്റെ പിൻബലത്തിൽ. ഡോക്ടർ അടുത്തുതന്നെ നിൽക്കുന്ന നഴ്‌സിന്റെ ട്രേയിൽ നിന്ന് ഒരു സൂചിയെടുത്തു കിടക്കയിലെ ചലനമറ്റ ദേഹത്തിൽ കുത്തി. മുഖത്ത് ഒരു വികാരവുമില്ല, ദേഹത്തിൽ ഒരു ചലനവും. ‘കണ്ടില്ലേ? അവന്റെ തലച്ചോർ തീരെ നശിച്ചിരിക്കുന്നു.’

അവന്റെ ജീവൻ ഒരു വാശിപോലെ പിടിച്ചു നിൽക്കുകയാണ്. ഈ ജന്മത്തിൽ ചെയ്യാനുള്ളതു മുഴുവൻ ചെയ്തുകഴിഞ്ഞിട്ടില്ലാത്തപോലെ. ഏതോ ജന്മത്തിലെ കടം ഇനിയും വീട്ടാനുള്ളപോലെ അവന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു.

മെയറുടെ സ്ഥിതി കഷ്ടമായിരുന്നു. രണ്ടു കരാറുകാരിൽനിന്ന് ആരെ തെരഞ്ഞെടുക്കും. മൂവ്വായിരം രൂപയുടെ വ്യത്യാസമേയുള്ളൂ. രണ്ടും വേണ്ടപ്പെട്ടവരാണ്. രണ്ടു ദിവസം അദ്ദേഹം ഈ വിഷയത്തെപ്പറ്റി ആലോചിച്ചു. അവസാനം ഇങ്ങിനെ ഒരു തീരുമാനമെടുത്തു. കരാർ ഒന്നാമന്, അതായത് 75,000 രൂപ പറഞ്ഞ ആൾക്ക് കൊടുക്കാം. രണ്ടാമന് അടുത്തമാസം ചെയ്യാനുദ്ദേശിച്ച ഒരു ജോലി വാഗ്ദാനവും ചെയ്യാം. അതും ഏകദേശം ഒരു ലക്ഷത്തിന്റെ അടുത്ത് മതിപ്പു വരുന്ന ജോലിയാണ്. ഈ തീരുമാനം പൊതുവേ സ്വീകരിക്കപ്പെട്ടു. കരാറുസംഖ്യയുടെ 50 ശതമാനം മുൻകൂറായി നൽകാനുള്ള ധാരണയുമുണ്ടായി. ജോലിയുടെ അടിയന്തിരസ്വഭാവം കണക്കിലെടുത്ത് മറ്റെല്ലാം നിർത്തിവച്ച് ഈ കരാർ തീർക്കാൻ കരാറുകാരനോട് ആവശ്യപ്പെടണമെന്ന് മെയർ പ്രത്യേകനിർദ്ദേശം നൽകി. പതിനഞ്ചുദിവസങ്ങൾക്കകം പണി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അച്ഛൻ രാവിലെ എന്നും താഴേയ്ക്കിറങ്ങി വന്നു. ഒരു ചായ കുടിക്കണം, പിന്നെ ഒരഞ്ചു മിനിറ്റ് റോഡിന്നരികിൽ പോയി നിൽക്കണം. വെറുതെ, രാവിലെകൾക്കു മാത്രം തരാൻ പറ്റുന്ന ആശയുടെ നറുംപ്രകാശത്തിനുവേണ്ടി. ആശുപത്രിക്കെതിർവശത്തുള്ള തട്ടുകടയിൽ നല്ല ചായ കിട്ടും. അതു കുടിച്ചുകൊണ്ട് ജീവൻവച്ചുവരുന്ന നഗരത്തെ നോക്കും. നേരിയ തണുത്ത കാറ്റ് വീശുന്നുണ്ടാവും. നോക്കിനിൽക്കേ നഗരത്തിന്റെ സ്വഭാവം ഭീഷണമാവും. അദ്ദേഹം ഒരു വർത്തമാനപത്രം വാങ്ങി തിരിച്ചുപോവുകയും ചെയ്യും.

തിരിച്ച് ആശുപത്രിയിലേയ്ക്കു കടന്നപ്പോഴാണ് കണ്ടത്. കാഷ്വാൽട്ടിക്കു മുമ്പിൽ ഒരു സ്റ്റ്രെച്ചറിൽ ഒരു ചെറുപ്പക്കാരന്റെ ദേഹം. ചോരപുരണ്ട ആ ദേഹം ഒന്നേ നോക്കിയുള്ളൂ. ബൈക്കപകടമാണെന്ന് ആരോ പറഞ്ഞു. റോഡിനു നടുവിലെ കരിങ്കല്ലിൽ തട്ടിത്തെറിച്ചതാണ്. വീണത് ഓടുന്ന ബസ്സിന്റെ അടിയിൽ. അപ്പോൾതന്നെ കഴിഞ്ഞു...

അയാൾ മുകളിൽ പന്ത്രണ്ടാം നിലയിലെ മുറിയിൽ പോയി കസേലയിൽ ഇരുന്നു. അയാൾ ക്ഷീണിച്ചിരുന്നു. രണ്ടു നഴ്‌സുമാർ മകന്റെ ദേഹം വൃത്തിയാക്കുകയാണ്. ‘ഇതാ ബെഡ്‌സോറ് വന്നിരിക്കുന്നു.’ ഒരുത്തി പറഞ്ഞു. അയാൾ നോക്കിയില്ല. മകന്റെ നഗ്നശരീരം, അതും വ്രണങ്ങൾ വന്നു തുടങ്ങിയ ശരീരം നോക്കാനയാൾ ഇഷ്ടപ്പെട്ടില്ല. താഴെ കാഷ്വാൽട്ടിക്കു മുമ്പിൽ നിർത്തിയ സ്റ്റ്രെച്ചറിലെ ജീവനറ്റ ശരീരം ഓർമ്മ വന്നു. അവൻ ഭാഗ്യവാൻ. ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു.

തെരുവുകൾക്കപ്പുറം ഒരു വീട്ടിൽ, ടിവിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്ന കുട്ടികൾ, കളിയവസാനിച്ചപ്പോൾ എഴുന്നേറ്റു. ‘നമുക്ക് കളിക്കാം’, അതിലൊരുത്തൻ പറഞ്ഞു. ‘ശരി’, എല്ലാവരും ഒപ്പം പറഞ്ഞു. അവർ ബാറ്റും ടെന്നീസ് പന്തുമായി പുറത്തിറങ്ങി. റോഡിന്റെ നിരവധി ഉപശാഖയിൽ ഒന്നിലായിരുന്നു പിച്ച്. സ്റ്റംപ്‌സ് അന്വേഷിച്ച് ആ കുട്ടികൾ നടന്നു. ഒരു കല്ല്, അല്ലെങ്കിൽ എന്തെങ്കിലും മരക്കഷ്ണം, ഇതൊക്കെയായിരുന്നു സ്റ്റംപ്‌സായി ഉപയോഗിക്കാറ്. അന്വേഷണത്തിന്റെ അവസാനം അവരെത്തിച്ചേർന്നത് മെയിൻറോഡിലായിരുന്നു. അവിടെ ഒരു കരിങ്കല്ല് കിടക്കുന്നു. ടാറിൽ ഉറച്ചുനിന്നിരുന്ന ആ കല്ല് രാവിലെയുണ്ടായ ബൈക്കപകടത്തിൽ ഇളകിപ്പോയിരുന്നു. രണ്ടു കുട്ടികൾ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഒന്ന് ആട്ടിയപ്പോൾ ആ കല്ല് പുഴങ്ങിവന്നു. അവർ അത് താങ്ങിക്കൊണ്ടുപോയി പിച്ചിൽ സ്ഥാപിച്ചു കളി തുടങ്ങി.


എട്ടാമത്തെ അപകടവും കണ്ട സ്‌കൂൾ മാസ്റ്റർ കുട്ടികളുടെ അന്വേഷണവും, കല്ല് താങ്ങിപ്പിടിച്ചുകൊണ്ടുപോകലും കണ്ടിരുന്നു. സമീപത്തുള്ള ഇരുമ്പുകടയിൽനിന്ന് അദ്ദേഹം പത്തുരൂപയ്ക്ക് അരകിലോ ടാർ വാങ്ങി ഉരുക്കി. ചുറ്റും നടന്ന് കരിങ്കൽക്കഷ്ണങ്ങൾ പെറുക്കിയെടുത്ത് അദ്ദേഹം ആ ചെറിയ കുഴി തൂർത്തു, മീതെ ഉരുക്കിയ ടാറും ഒഴിച്ചു.

രാത്രി.

അച്ഛൻ ഉറങ്ങാതെ മുറിയിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. ഉറക്കം ആ മനുഷ്യനെ കൈ വെടിഞ്ഞ് ആഴ്ചകളായി. നടന്ന് നടന്ന് ക്ഷീണിച്ചാൽ കസേലയിൽ പോയിരിക്കും. ഒന്ന് മയങ്ങിയെന്നിരിക്കും. ഇന്ന് ആ മയക്കവും അദ്ദേഹത്തെ ഉപേക്ഷിച്ചിരിക്കുന്നു. ഇരുന്നാൽ ഓർമ്മയിൽ വരുന്നത് രാവിലെ സ്റ്റ്രെച്ചറിൽ കിടത്തിയ ചെറുപ്പക്കാരന്റെ ദേഹമാണ്. തന്റെ മകന്റെയും മരുമകളുടെയും ജീവിതം നശിപ്പിച്ച അതേ കല്ലുതന്നെയാണ് ആ ചെറുപ്പക്കാരന്റേയും ജീവനെടുത്തത്. ഒരു മാസമായെങ്കിലും ആർക്കും അതെടുത്തുമാറ്റാൻ കഴിഞ്ഞിട്ടില്ല. ഇനി എത്ര ഇളംചോര ആ മൂർത്തിയുടെ മുമ്പിൽ ഹോമിക്കണമോ ആവോ.

പെട്ടെന്ന് അവിടെ ആ മുറിയിൽ ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ അർത്ഥശൂന്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തനിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അയാൾ മകന്റെ കട്ടിലിന്റെ അടുത്തേയ്ക്കു നടന്നു. അവൻ കണ്ണടച്ചുകിടക്കുകയാണ്. ഉറങ്ങുകയെന്നേ തോന്നൂ. അയാൾ കുനിഞ്ഞ് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു, നെറ്റിമേൽ തലോടി. പിന്നെ സാവധാനത്തിൽ ജീവൻ നിലനിർത്തുന്നതിനുള്ള സഹായങ്ങൾ ഓരോന്നായി എടുത്തുമാറ്റി. ഡ്രിപ്, വെന്റിലേറ്റർ.

അയാൾ ജനലിനടുത്തു വന്നുനിന്നു. പുറത്ത് നഗരത്തിന്റെ ഉറങ്ങുന്ന മുഖം. സമയം ഒരു മണിയായിട്ടേ ഉള്ളൂ. രാത്രിയ്ക്ക് ഇനിയും നീളമുണ്ട്. അയാൾ മറുവശത്തിട്ട കട്ടിലിൽ പോയി ഇരുന്നു. പിന്നെ സാവധാനത്തിൽ അതിൽ നീണ്ടുനിവർന്നു കിടന്നു, ഒരു മിനിറ്റിനകം സുഖമായ ഉറക്കത്തിലായി.