close
Sayahna Sayahna
Search

സുബർക്കത്തിന്റെ ശില്പി


സുബർക്കത്തിന്റെ ശില്പി
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

ആയിഷയുമായി കുന്നിൻപുറത്തെ ബംഗ്ലാവിലെത്തിയപ്പോൾ സമയം നാലു കഴിഞ്ഞിരുന്നു. കുതിരവണ്ടി കുന്നിനു താഴെ നിർത്തി, അവർ കുന്നു കയറി. കാറുകൾക്ക് പോകാനായി കുന്ന് ചുറ്റിക്കൊണ്ട് ചരൽപ്പാതയുണ്ട്. നടന്നുകയറാനായി വെട്ടുകല്ലിന്റെ ഒതുക്കുകളും. ഒതുക്കുകൾ കയറി മുകളിലെത്തിയപ്പോഴേക്കും ആയിഷ ക്ഷീണിച്ചു. സലീമിന്ന് ആ കയറ്റം പരിചിതമായിരുന്നു. അമ്പത്തെട്ട് ഒതുക്കുകൾ അവന്ന് കാണാപാഠമായിരുന്നു. കുന്നിന്റെ മുകളിലെത്തിയപ്പോഴെ ബംഗ്ലാവ് ശരിക്കും കാഴ്ചയിൽ വന്നുള്ളു. ബംഗ്ലാവിന്റെ വലുപ്പം അവളെ അമ്പരപ്പിച്ചു.

‘തമ്പുരാനെ, ഇങ്ങള് ഇത്രേം ബല്ല്യ ബീട്ടിലാണോ താമസം?’

കയ്യിലുള്ള താക്കോൽക്കൂട്ടത്തിൽ നിന്ന് വലിയ താക്കോലെടുത്ത് വാതിൽ തുറക്കുമ്പോൾ സലിം ചോദിച്ചു.

‘അയിശേ ഞമ്മന്റെ വീട് എങ്ങനെണ്ട്?’

‘ങും,’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇങ്ങടെ ബീടാന്ന് പള്ളീപ്പറഞ്ഞാ മതി.’

വാതിൽ തുറന്നപ്പോൾ വിശാലമായ തളം അതിന്റെ എല്ലാ പ്രതാപത്തോടും കൂടി അവൾക്കു മുമ്പിൽ പ്രത്യക്ഷമായി. ഗ്രില്ലിട്ട വലിയ വാതായനങ്ങളിലൂടെ വരുന്ന സൂര്യപ്രകാശം ഗ്രാനൈറ്റ് പതിച്ച നിലത്ത് പടർന്നു. കാറ്റിൽ ലോലമായ കർട്ടനുകൾ ആടി. ഉയരമുള്ള തട്ടിൽ തൂങ്ങിക്കിടക്കുന്ന രണ്ടു കുലവിളക്കുകൾ നോക്കിക്കൊണ്ടവൾ പറഞ്ഞു.

‘ഇതാണ്...’

‘...സുബർക്കം’

സലിം കൂട്ടിച്ചേർത്തു. അവൾ സംശയത്തോടെ അസൂയയോടെ നോക്കിയപ്പോൾ അവൻ എന്തുകൊണ്ടോ വല്ലാതായി.

അവൻ സൂട്ട്‌കേസുമായി വലിയ കിടപ്പറയിലേക്കു നടന്നു. നിലത്തിട്ട പരവതാനി അവളുടെ മൃദുവായ കാലടികളെ കിക്കിളിപ്പെടുത്തി. നടുവിലിട്ട വലിയ ഇരട്ടക്കട്ടിലിന്മേൽ വെൽവെറ്റിന്റെ നീലവിരി വിരിച്ചിരിക്കുന്നു. ചുമരിൽ നിറയെ മരം കൊണ്ടുണ്ടാക്കി കണ്ണാടി പതിച്ച അലമാറികൾ.

‘ഇതാണ് ഞമ്മടെ കിടപ്പുമുറി.’ സലിം പറഞ്ഞു. ‘ഇതാ ഇതാണ് കുളിമുറി, ബാ ഞാൻ കാണിച്ചുതരാം.’

സലിം കുളിമുറിയിലെ ഉപകരണങ്ങൾ ഒരു മാന്ത്രികനെപ്പോലെ അവൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. സ്വിച്ചിട്ടാൽ ചൂടുവെള്ളം വരുന്ന ടാപ്പ്, കിടന്നു കുളിക്കാൻ പറ്റിയ ബാത്ത് ടബ്ബ്, ഷവർ, ടെലിഫോൺ ഷവർ. ഒരു ചുമർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന കറുത്ത കണ്ണാടി.

അവൾ അന്തം വിട്ട് നിൽക്കുകയാണ്. കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ സലിം ഈ ബംഗ്ലാവിനെപ്പറ്റി പറഞ്ഞിരുന്നു. അതിന്റെ ഉടമസ്ഥനായ പോക്കർ സായ്‌വിനെപ്പറ്റിയും പറഞ്ഞിരുന്നു.

‘അന്നെ ഞാൻ ഒരു കൊട്ടാരത്തിലേക്കാ കൊണ്ടു പോക്വാ.’

അവൾ പതുക്കെ, നാണത്തോടെ അവന്റെ ചെവിയിൽ പറഞ്ഞു.

‘ന്നാ, അവ്‌ടെ പോയിട്ട് മതി എന്നെ വേദനിപ്പിക്കല്.’

‘വേദനിപ്പിക്ക്യേ?’

‘അതെ, ച്ചിരി മുമ്പേന്നെ വേദനിപ്പിച്ചില്ലെ, അത്.’

സലിം ചിരിച്ചു.

‘അതെന്താ അയിശേ?’

‘അവിട്യാമ്പോ ഞാൻ കരഞ്ഞാലും അരും കേക്കീലല്ലോ. ഇബിടെ ഉമ്മീം ബാപ്പീം കേക്കൂലേ?’

അവൻ കുറച്ചുനേരം ആലോചിച്ചിരുന്നു. തനിക്കുവേണ്ടി വേദന സഹിക്കാൻ തയ്യാറായ ഒരു പെൺകുട്ടി. അവന്റെ ഉമ്മ അവന് എട്ടു വയസ്സുള്ളപ്പോഴെ മരിച്ചുപോയിരുന്നു. അവനു വേണ്ടി വേദന സഹിച്ച ആദ്യത്തെ സ്ത്രീ. തനിക്കു ജന്മം നൽകാൻ വേദന തിന്ന സ്ത്രീ. ഇപ്പോൾ ഇതാ തനിക്കു സുഖം തരാനായി വേദന സഹിക്കാൻ ഒരു പെൺകുട്ടി തയ്യാറായിരിക്കുന്നു. അവന്റെ മനസ്സിൽ എവിടേയോ സ്‌നേഹത്തിന്റെ തളിരുകൾ നാമ്പിടുകയും മൊട്ടുകൾ പൂക്കളായി വിടരുകയും ചെയ്തു.


ഒരു മുറിയിൽനിന്ന് വേറൊരു മുറിയിലേക്ക് കടക്കാൻ വലിയ ജനലുകളുള്ള വരാന്തകൾ, മങ്ങിയ വെളിച്ചമുള്ള ഇടനാഴികകൾ, കമാനങ്ങൾ.

‘നിങ്ങള് കൊട്ടാരംന്ന് പറഞ്ഞപ്പോഴും ഞാൻ ഇത്രേ്യാന്നും കരുതീല്ല.’ അവൾ പറഞ്ഞു. ‘എന്നാങ്ങടെ മൊയ്‌ലാളി തിരിച്ചു ബരണത് ?’

‘ഇന്ന് പോയിട്ടേള്ളു ദുബായിക്ക്, രണ്ടാഴ്ച കഴിയും.’

മുതലാളിയുടെ കയറ്റുമതി ബിസിനസ്സ് കോഴിക്കോടാണ്. ഇവിടെ എസ്റ്റേറ്റിലെ കാര്യങ്ങൾ നോക്കാൻ മാനേജരും മറ്റ് ജോലിക്കാരും ഉണ്ട്. അതുകൊണ്ട് പോക്കർ സായ്‌വ് വല്ലപ്പോഴുമേ എസ്റ്റേറ്റിലേക്കു വരാറുള്ളു. മുതലാളിയുടെ ബംഗ്ലാവ് സൂ ക്ഷിപ്പുകാരനാണ് സലിം. ബംഗ്ലാവ് നല്ലതുപോലെ സൂക്ഷിക്കുക, മുതലാളി വന്നാൽ ഭക്ഷണം പാകം ചെയ്തു കൊടുക്കുക, അദ്ദേഹത്തിന്റെ സുഖസൌകര്യങ്ങൾ നോക്കുക തുടങ്ങിയ ജോലിയാണ് സലീമിന്. മുറ്റത്തുള്ള മനോഹരമായ തോട്ടത്തിന്റെ ശിൽപിയും അവൻ തന്നെ. പതിനാറാം വയസ്സിൽ തുടങ്ങിയ ജോലിയാണ്. ഇന്നും ഈ ഇരുപത്തിനാലാം വയസ്സിലും അതേ ആത്മാർത്ഥതയോടെ ചെയ്യുന്നു. മുതലാളി സന്തോഷത്തിലാണ്. കല്ല്യാണത്തിനുള്ള വഹയും മുതലാളി തന്നെയാണ് കൊടുത്തത്. ഇങ്ങിനെ പറയുകയും ചെയ്തു.

‘ഞാൻ ഈ മുപ്പതാന്തി ദുബായീല് പൊവ്വ്വാണ്. രണ്ടാഴ്ച അവിട്യായിരിക്കും.ഞാൻ പോയാ ജ്ജ് അന്റെ കെട്ട്യോളെ ഒരാഴ്ച കൊണ്ടുബന്ന് താമസിപ്പിച്ചോ. ഹമ്‌ക്കേ അനക്ക് ഒര് ഹണിമൂണാകട്ടെ.’

സലിം ആലോചിച്ചുവെച്ചതു തന്നെയായിരുന്നു അത്. ബംഗ്ലാവു കാണുമ്പോൾ ആയിഷയുടെ മുഖ ത്തെ അമ്പരപ്പും അത്ഭുതവും മനസ്സിൽ കണ്ട് അവൻ ചിരിക്കാറുണ്ട്. മൈതാനം പോലെ വിശാലമായ അടുക്കള. അതിൽ കുക്കിംഗ് റേഞ്ച്, ഇരട്ട വാതിലുള്ള രണ്ടു ഫ്രിഡ്ജുകൾ, വാഷിംഗ് മെഷിൻ.

നാലഞ്ചു മാസം കൂടുമ്പോൾ ഒരു വാരാന്ത്യത്തിൽ രണ്ടു ദിവസത്തെ താമസത്തിന്നായി ഭർത്താവോടൊത്തു വരാറുള്ള കദീജുമ്മ സലീമിനോട് അസൂയയോടെ പറയാറുണ്ട്.

‘വലാലെ ജ്ജ് പാക്യള്ളോനാ. ജ്ജ് സുബർക്കത്തിലല്ലെ താമസം.’

അവർ പറഞ്ഞതു ശരിയായിരുന്നു. കോഴിക്കോട് അവരുടെ വീട് ഇതിലും വലുതാണ്, നഗരത്തിന്റെ നടുവിൽത്തന്നെ അമ്പതു സെന്റിൽ. ഇവിടെയുള്ളതിനേക്കാൾ വീട്ടു സാമാനങ്ങളുമുണ്ട്. പക്ഷെ അതു സ്വർഗ്ഗമല്ല. ഇവിടെ ഈ ഏകാന്തതയിൽ അവൻ സ്വർഗ്ഗം പണിയുകയായിരുന്നു.

സലിം സ്വർഗ്ഗം പണിയാൻ വിദഗ്ദനായിരുന്നു.

ബംഗ്ലാവിന്റെ ടെറസ്സിലിരുന്ന് അവർ താഴെ കുന്നിൻ ചെരിവിലെ നിരത്തിൽക്കൂടി തൊഴിലാളികൾ ജോലി കഴിഞ്ഞ് പോകുന്നത് നോക്കി. ചേക്കേറാൻ പോകുന്ന പക്ഷികൾ മരച്ചില്ലകളിൽ ഒരു നിമിഷം വിശ്രമിച്ച് വീണ്ടും പറന്നുപോയി. സൂര്യൻ കുന്നുകൾക്കു പിന്നിൽ മറഞ്ഞു.

അവർ അടുക്കളയിൽ കടന്ന് പാചകം തുടങ്ങി. ആയിഷ വിദഗ്ദയായിരുന്നു. നെയ്‌ചോറിന്റേയും ബിരിയാണിയുടേയും ഗന്ധം അവൻ ആസ്വദിച്ചു. അവൻ പിന്നിൽക്കൂടി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

‘അന്നെ ഞാൻ ഇന്നു വേദനിപ്പിക്കും.’

ജീവിതത്തിൽ ആദ്യമായി സ്‌നേഹിക്കുന്ന ഒരു പുരുഷനാൽ വേദനിക്കപ്പെടാൻ അവൾ ആഗ്രഹിച്ചു.

അവൾ അറബിക്കഥകളുടെ ലോകത്തായിരുന്നു. ഹൂറികളുടേയും മലിക്കുകളുടേയും ലോകത്തിൽ. ഇരുട്ടിയപ്പോൾ ബംഗ്ലാവ് ഒരു മാസ്മരലോകമായി മാറി. പലതരം വിളക്കുകൾ തട്ടിൽ നിന്ന് തൂങ്ങിക്കിടന്നു പ്രകാശിച്ചു. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞപ്പോൾ, എല്ലാം ഡിന്നർസെറ്റുകളിലാക്കി ഈട്ടികൊണ്ടുണ്ടാക്കിയ വിശാലമായ മേശപ്പുറത്ത് കൊണ്ടുപോയി നിരത്തി വെച്ചു.

അവൻ കുളിമുറിയിൽ പോയി അവൾക്കു കിടന്നു കുളിക്കാനായി ബാത്ത് ടബ്ബിൽ വെള്ളം നിറച്ചു.

‘അന്നെ ഞാൻ കുളിപ്പിച്ചുതരട്ടെ?’

‘പിന്നേയ്...നാണല്ല്യല്ലൊ ഇങ്ങക്ക്.’

അവൾ അവനെ പുറത്താക്കി വാതിലടച്ചു.

പുറത്ത് ഇരുട്ട് കട്ടപിടിച്ചുനിന്നു. തന്റെ മധുവിധുരാത്രി ഇന്നാണ് തുടങ്ങുന്നതെന്ന് അവൻ ഓർത്തു. തന്റെ വീട്ടിലും അവളുടെ വീട്ടിലും അവന്ന് സ്വകാര്യത അനുഭവപ്പെട്ടില്ല. തൊട്ടടുത്ത മുറികളിൽ ആൾക്കാരുണ്ടായിരുന്നു. ഒന്ന് ശ്വാസം വിട്ടാൽ അവർ അറിയുമെന്ന് തോന്നി. വാതിൽപ്പലകകളുടെ വിള്ളലിൽക്കൂടി കണ്ണുകൾ നീണ്ടുവരുന്നത് പോലെ അവന് തോന്നിയിരുന്നു.

ഇവിടെ ഈ കുന്നിൻമേൽ ഏകാന്തതയുടെ കോട്ടയിൽ അവർ തനിച്ചാണ്. അവനും അവളും മാത്രം. ഇന്നു മാത്രമല്ല ഇനി വരാൻ പോകുന്ന മധുവിധു രാത്രികളിലും.

ആയിഷയുടെ കുളി കഴിഞ്ഞിരുന്നു. കുളിമുറിയിലെ ചില്ലലമാറിയിൽ നിന്ന് അവൻ അത്തർ പുറത്തെടുത്തു ആയിഷയുടെ മേൽ പൂശി. അവൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവന് നന്നായി വിശന്നിരുന്നു. അവൻ ആയിഷയോട് പറഞ്ഞു.

‘നമ്ക്ക് ബെയ്ക്ക്യാ.’

സലീം ചിത്രപ്പണികളുള്ള പ്ലേയ്റ്റ് എടുത്ത് തുടച്ചുവെച്ചു. അവർ അടുത്തടുത്തിരുന്നു.

‘ബെശന്നിട്ട് ബയ്യ.’

ആയിഷ പറഞ്ഞു. അവൾക്ക് ഭക്ഷണം കഴിക്കാൻ ധൃതിയായി. സലിം ബിരിയാണിയുടെ പാത്രത്തിന്റെ അടപ്പു തുറന്നു. ബിരിയാണിയുടെ വാസന പരന്നു.

‘നല്ല മണം’ അവൾ മൂക്കു വിടർത്തി.

പെട്ടെന്നവൻ ചെവി വട്ടം പിടിച്ചു. അവന്റെ മുഖം വിളറി. കുന്നു കയറുന്ന വണ്ടിയുടെ മുരൾച്ച. അതവന് പരിചിതമായ ശബ്ദമായിരുന്നു. അവൻ ഓടി ജനലിലൂടെ നോക്കി.

‘ൻറള്ളോ.’

കുന്നിനു താഴെ നിന്ന് ബംഗ്ലാവിലേക്കുള്ള വീതികുറഞ്ഞ നിരത്തിലൂടെ ഒരു കാറിന്റെ ഹെഡ്‌ലൈറ്റ് കയറുന്നു. അവൻ വിയർത്തു.

‘ചതിച്ചല്ലോ അയിശേ. ‘

അവൻ ഓടിപ്പോയി കുളിമുറിയിൽ ആയിഷ അഴിച്ചിട്ട ഉടുപ്പുകൾ വാരിക്കൂട്ടി, തങ്ങളുടെ സൂട്ട്‌കേസും പൊക്കിയെടുത്ത് ആയിഷയോട് പറഞ്ഞു.

‘അയിശാ, ബെക്കം ബാ.’

അവൻ അവളേയുംകൊണ്ട് ബംഗ്ലാവിന്റെ ഒരററത്തുള്ള കൊച്ചു മുറിയിലേക്കു പോയി. വളരെ ചെറിയ മുറി. ഒരു കൊച്ചു ജനൽ, മുഷിഞ്ഞ ചുമരുകൾ. ഒരരുകിലായി ചെറിയ കട്ടിൽ. അവൻ ആ മുറി ആയിഷയെ കാണിച്ചിരുന്നില്ല. കാണിക്കേണ്ട ആവശ്യമുണ്ടാകുമെന്ന് അവൻ കരുതിയിരുന്നില്ല. അവൻ തന്നെ വല്ലപ്പോഴുമേ ആ മുറിയിൽ വരാറുള്ളു. പകച്ചു നിൽക്കുകയായിരുന്ന ആയിഷയെ കട്ടിലിലിരുത്തി അവൻ പറഞ്ഞു.

‘മോളെ ജ്ജ് ഇത്തിരി നേരം ഇബിടെ ഇരി. ഞാൻ പൊറത്ത്ന്ന് പൂട്ടിപോവാം.’

സലിം മുറി പുറത്തുനിന്ന് പൂട്ടി, ഇടനാഴിയിലൂടെ ഹാളിലെത്തിയപ്പോഴേക്കും കാറിന്റെ ഹോൺ കേട്ടു. അവൻ ഗേയ്റ്റിലേക്കോടി. മുതലാളി ഒറ്റക്കായിരുന്നു. കാറിൽനിന്ന് മുതലാളിയുടെ ബ്രീഫ്‌കേസ് എടുത്ത് വാതിലടച്ച് അവൻ അയാളുടെ പിന്നാലെ നടന്നു.

‘ദുബായീല് അടുത്താഴ്‌ച്ച്യെ പോണ്ള്ളു.’

സായ്‌വ് അകത്തു കടന്നു, ബിരിയാണിയുടെ മണം കിട്ടിയെന്നു തോന്നുന്നു, അയാൾ ചോദിച്ചു.

‘ജ്ജ് ബല്ലതുംണ്ടാക്കീട്ട്‌ണ്ടെടാ?’

‘ബിര്യാണിണ്ട്.’

‘അപ്പോ നമ്മള് ബരണത് ജ്ജ് അറിഞ്ഞു അല്ലെ. ഞാൻ മയ്മതിനോട് ഫോണീ ബിളിക്കാൻ പറഞ്ഞിര്ന്ന്. ഓൻ ഒരൊഴപ്പനല്ലെ, ഫോൺ ബിളിച്ചിട്ട്ണ്ടാവില്ല്യാന്ന് കരുതി. അപ്പോ ഞമ്മള് ഒന്ന് കുളിച്ചിട്ട് ബരാം, ജ്ജ് ഒക്കെ മേശപ്പൊറത്ത് കൊണ്ടു വെച്ചോ.’

സായ്‌വ് കുളിമുറിയിൽ കയറിയപ്പോൾ അവൻ ഇടനാഴികയിലൂടെ ഓടി, താക്കോൽ ഇട്ട് അവന്റെ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറി. ആയിഷ അവൻ ഇരുത്തിയ അതേ ഇരുപ്പാണ്. അവൾ വിളറിയിരുന്നു. വലിയൊരു ബംഗ്ലാവിന്റെ ഏതോ മൂലയിൽ ഒരു കൊച്ചു മുറിയിൽ മങ്ങിയ വെളിച്ചത്തിൽ അവൾ ഒറ്റയ്ക്കായിരുന്നു. സലീം അവളുടെ അടുത്ത് ഇരുന്ന് അവളെ കെട്ടിപ്പിടിച്ചു.

‘കരളെ, കൊറച്ചു നേരം ക്ഷമിക്ക്. ഞാൻ സായ്‌വിന് ബിരിയാണി കൊടുത്തിട്ട് ബരാം.’

അവൾ ഒന്നും പറയാതെ പരിഭവിച്ച് ഇരിക്കയാണ്. അവന് പോകാൻ ധൃതിയുണ്ട്. സായ്‌വിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ? അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്ത് ധൃതിയിൽ പുറത്തേക്കു കടന്നു.

സായ്‌വ് ഭക്ഷണം ആസ്വദിച്ചു കഴിച്ചു.

‘ജ്ജ് അന്റെ കെട്ട്യോള്‌ടെ അട്ത്ത്ന്ന് ബിര്യാണിണ്ടാക്കാൻ പടിച്ചു അല്ലെടാ. ആട്ടെ അന്റെ കെട്ട്യോള് എങ്ങനെണ്ട്?’

സലിം ചിരിച്ചു.

‘ജ്ജ് ബെക്കം ബയ്ക്ക്, ന്ന്ട്ട് ന്റെ കാലൊന്ന് ഉഴിഞ്ഞ് താ. കോയിക്കോടീന്ന് ഇത്ബരെ ഒറ്റടിക്ക് ബെച്ചതാ.’

സായ്‌വ് എഴുന്നേററു കൈ കഴുകി കിടപ്പറയിലേക്കു പോയി. സലിം മേശ വൃത്തിയാക്കി. ബിരിയാണിയെടുത്ത് ആയിഷയുടെ അടുത്ത് പോയാ ലോ എന്നവൻ ഒരു നിമിഷം ആ ലോചിച്ചു. പക്ഷെ സായ്‌വ് അന്വേഷിച്ചു വന്നാൽ പൊല്ലാപ്പായി. ആയിഷ വിശന്നിരിക്കയാണെന്നവന്നറിയാം. പക്ഷെ എന്തു ചെയ്യാൻ? അവൻ കിടപ്പറയിലേക്കു പോയി.

സായ്‌വ് കിടന്നിരുന്നു. അവൻ വിളക്കു കെടുത്തി കട്ടിലിൽ സായ്‌വിന്റെ കാൽക്കൽ പോയിരുന്നു കാൽ തിരുമ്മാൻ തുടങ്ങി. രാത്രി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അവന്റെ തിരുമ്മലിന്റെ സുഖത്തി ൽ സായ്‌വ് ഞെരങ്ങി. സലിം ആയിഷയുടെ മൃദുവായ ശരീരം ഓർത്തു. നാലു രാത്രികൾ അവളോടൊപ്പം ചെലവിട്ടു. ഈ നാലു രാത്രികളിലും അവൾ ഉടുപ്പഴിക്കാൻ സമ്മതിച്ചില്ല. ആരെങ്കിലും വാതിൽക്കൽ മുട്ടിയാലോ എന്നാണവളുടെ ചോദ്യം.

‘ഇങ്ങടെ എസ്റ്റേറ്റില് പോയിട്ട് മതി. ഞാൻ എല്ലാറ്റിനും സമ്മതിക്കാം.’

പതിനെട്ടു വയസ്സിന്റെ കുസൃതി അവളിലുണ്ടായിരുന്നു. സലിം വീണ്ടും ഉടുപ്പ് അഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ പറഞ്ഞു.

‘ഞാൻ ഇപ്പോ ബാപ്പാനെ ബിളിക്കും, ന്റെ മുണ്ടയിക്ക്ണ്ന്ന് പറയും.’

സലിം ഓർത്തു ചിരിച്ചു.

‘എന്താ വലാലെ ചിരിക്കണ്.’

സായ്‌വ് ചോദിച്ചു. അവന്റെ സൈ്ത്രണമായ മുഖം നാണം കൊണ്ട് ചുമന്നു.

‘ജ്ജ് ങ്ങട്ട് കേറി കെടക്ക് വലാലെ’

സായ്‌വിന്റെ ശ്വാസം കനപ്പെട്ടു, ശബ്ദം അടഞ്ഞതായി. അയാളുടെ മാറിലെ നര കയറിയ രോമങ്ങൾക്കിടയിലെ സുഗന്ധം അവന് പരിചിതമായിരുന്നു. പതിനാറാം വയസ്സിൽ ഒരനാഥനായി ഈ ബംഗ്ലാവിലെത്തിയപ്പോൾ ഈ ഗന്ധം അവന് ആശ്വാസമരുളിയിരുന്നു. ഉപ്പാപ്പയാണ് അവനെ മുതലാളിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. ഒരു വൈകുന്നേരം. നാലു മണിക്കൂർ നേരത്തെ ബസ്സ് യാത്ര കഴിഞ്ഞ് അവൻ ക്ഷീണിച്ചിരുന്നു, അവന് വല്ലാതെ വിശന്നിരുന്നു. സായ്‌വ് ചോദിച്ചു.

‘എന്താ അന്റെ പേര്?’

‘സലിം’

‘അണക്ക് പൈക്കിണില്ലെ?’

അവൻ ഒന്നും പറഞ്ഞില്ല. ഉമ്മയുടെ മരണത്തിന്നു ശേഷം ആരും അവന്റെ വിശപ്പിനെപ്പറ്റി അന്വേഷിച്ചിട്ടില്ല. ബാപ്പ ഉള്ളതും ഇല്ലാത്തതും ഒരുപോലെയായിരുന്നു. പിന്നേയും ഉപ്പാപ്പയാണ് അവന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. അവന് കരച്ചിൽ വന്നു. മുതലാളി അടുത്ത് ചെന്നു അവന്റെ തോളിൽക്കൂടി കയ്യിട്ട് അടുപ്പിച്ചു.

‘ഇജ്ജ് ഇന്റെ കൂടെ നിന്നോ. നസീബ്‌ണ്ടെങ്കി നന്നാവും.’

അയാൾ അകത്തേക്കു നോക്കി വിളിച്ചു ഒരു വയസ്സായ സ്ത്രീ പുറത്തേക്കു വന്നു. സലീമിനെ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.

‘ഇബനെ അകത്തു കൊണ്ടുപോയി എന്തെങ്കിലും തിന്നാൻ കൊടുക്കീ.’

രാത്രി ഉറങ്ങാൻ നേരത്ത് സായ്‌വ് കാലു തിരുമ്മാൻ ആവശ്യപ്പെട്ടു. അവന്ന് നല്ല ഉറക്കം വന്നിരുന്നു. അവൻ എവിടെയാണ് കിടക്കേണ്ടതെന്നുപോലും മുതലാളി പറഞ്ഞിരുന്നില്ല. സായ്‌വ് ഉറങ്ങിയാൽ നിലത്തുവിരിച്ച പരവതാനിയിൽ കിടക്കാമെന്നവൻ കരുതി. പക്ഷെ ക്ഷീണം കാരണം അവൻ ഉറങ്ങിപ്പോവുകയാണുണ്ടായത്. രാവിലെ ഉണർന്നപ്പോൾ അവൻ സായ്‌വിന്റെ കൈകളിലായിരുന്നു. അയാളുടെ രോമാവൃതമായ മാറിൽ അവൻ മുഖമമർത്തി കിടക്കുകയായിരുന്നു. അവന് ജാള്യത തോന്നി, ഒപ്പം ഭയവും. മുതലാളി ദ്വേഷ്യപ്പെടുമെന്ന് ഭയന്ന് അവൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു. മുതലാളി ഉണർന്നു. ദ്വേഷ്യം പിടിക്കുന്ന തിനു പകരം ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.

‘നന്നായി ഉറങ്ങീലെ വലാലെ?’

നര കയറിയ രോമങ്ങളുള്ള മാറത്തെ സുഗന്ധം അപ്പോഴാണവൻ ശ്രദ്ധിച്ചത്. അതു വളരെ ഹൃദ്യമായിരുന്നു.

ഇന്നും, ഈ ഇരുപത്തിനാലാം വയസ്സിൽ കല്ല്യാണം കഴിഞ്ഞ ശേഷവും ആ ഗന്ധം അവനെ ഉത്തേജിപ്പിച്ചു. ആ അറിവ് അവനെ അസ്വസ്ഥനാക്കി.

സായ്‌വ് തിരിഞ്ഞുകിടന്ന് ഉറക്കമായി. അവൻ എഴുന്നേൽക്കാൻ ധൃതിയൊന്നും കാണിച്ചില്ല. അങ്ങിനെ കിടക്കുന്നതിൽ അവൻ ആശ്വാസം കണ്ടെത്തി. സായ്‌വ് അവനുവേണ്ടി ഒരു മുറി കൊടുത്തിരുന്നു. പക്ഷെ കദീജുമ്മയില്ലാത്ത ദിവസങ്ങളിലെല്ലാം അവൻ ഈ മുറിയിലാണ് കിടന്നിരുന്നത്. അതുകൊണ്ട് കെട്ടിയോളെ കൊണ്ടുവരുന്നതിനുമുമ്പ് ഒരു നല്ല കിടക്ക വാങ്ങാൻ സായ്‌വ് പറഞ്ഞത് അവൻ കേട്ടില്ല.

കിടപ്പറയുടെ മങ്ങിയ വെളിച്ചത്തിൽ പതുപതുത്ത കിടക്കയിൽ കിടന്നുകൊണ്ട് അവൻ ആലോചിച്ചു. ബംഗ്ലാവിന്റെ ഒരൊഴിഞ്ഞ മൂലയിൽ തനിക്കുവേണ്ടി ഒരു പെൺകുട്ടി കാത്തിരിക്കുന്നുണ്ട്. വേറെ ഏതോ കാലത്ത്, വേറെ ഏതോ സ്ഥലത്ത് നടക്കുന്ന കാര്യം പോലെ അവൻ ആയിഷയെപ്പറ്റി ഓർത്തു. തന്റെ മാത്രമായ ഒരു പെൺകുട്ടി, തനിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു പതിനെട്ടുവയസ്സുകാരി. അവൾ ഒരു പക്ഷെ പേടിച്ചരണ്ടിരിക്കയാവും എന്നോർത്തപ്പോൾ അവൻ എഴുന്നേറ്റു കുളിമുറിയിൽ കയറി.

അവൻ ഒരു ട്രേയിൽ അപ്പോഴേക്കും തണുത്തു കഴിഞ്ഞ ബിരിയാണിയും മററും എടുത്ത് ഇടനാഴിയിലൂടെ നടന്നു. സമയം പന്ത്രണ്ടു കഴിഞ്ഞു. ട്രേ നിലത്തു വെച്ച് അവൻ വാതിൽ തുറന്നു. പെട്ടെന്ന് അവന്നൊരു ആന്തലുണ്ടായി. ആയിഷ അവിടെ ഉണ്ടായിരുന്നില്ല. ട്രേ മേശപ്പുറത്ത് വെച്ച് അവൻ ചുറ്റും നോക്കി.

ഒരു തേങ്ങൽ. അവൻ കട്ടിലിന്റെ അടിയിൽ നോക്കി. അവിടെ ആയിഷ ചുരുണ്ടുകൂടി കിടക്കയാണ്. സലിം അവളെ വലിച്ചെടുത്തു. അവൾ തേങ്ങി തേങ്ങിക്കരയുകയാണ്. അവൻ അവളെ ഉമ്മ വെച്ചു.

‘വാ മോളെ നമുക്ക് ബയ്ക്കാം.’

‘നിക്ക് മേണ്ട.’ അവൾ തേങ്ങലിന്നിടയിൽ പറഞ്ഞു .

‘അങ്ങനെ പറ്റൂല.’ സലിം പറഞ്ഞു. ‘ബാ ഞാൻ അനക്ക് ബായില് തരാം.’

അവൻ അവളെ മടിയിലിരുത്തി, ബിരിയാണി വായിൽ കൊടുത്തു. അവൻ ബാപ്പയായി, അവൾ അവന്റെ അരുമ മകളും. ഭക്ഷണത്തിന്നുശേഷം അവൻ ആയിഷയെ മടിയിൽ കിടത്തി തലയിൽ തലോടി. അവൾ ക്രമേണ ഉറക്കമായി. അവൻ അവളെ കിടക്കയിൽ കിടത്തി ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ. കിടക്ക കട്ടികുറഞ്ഞ് കല്ലച്ചതായിരുന്നു. വിരിയാകട്ടെ മുഷിഞ്ഞു നാറിയുമിരുന്നു. അവൻ ഏതാനും നിമിഷങ്ങൾക്കു മുമ്പ് കിടന്നിരുന്ന പതുപതുത്ത ഫോമിന്റെ കിടക്ക ഓർത്തു. എയർ കണ്ടിഷണർ അവൻ ആയിഷയെ കാണിച്ചിരുന്നില്ല. കിടക്കുന്നതിനു മുമ്പ് അവൾ കാണാതെ അത് ഓണാക്കണമെന്നും മുറി ക്രമേണ തണുത്തുവരുന്നതു കണ്ട് അവൾ അത്ഭുതപ്പെടണമെന്നും അവൻ കരുതിയിരുന്നു. ആ തണുപ്പിൽ സ്വർഗ്ഗം പണിയുമെന്നും അവളെ സ്വന്തമാക്കുമെന്നും അവൻ ആഗ്രഹിച്ചിരുന്നു.

അവന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. അവൻ ജനലിലൂടെ പുറത്തേക്കു നോക്കി. ഇരുട്ടു മാത്രം. ബംഗ്ലാവിനു മുൻവശത്തു കത്തുന്ന വിളക്കിന്റെ വെളിച്ചം പിൻവശത്തേക്കെത്തിയിരുന്നില്ല. അവൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നി. തണുത്തുവരുന്ന ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ അവൻ ആലോചിച്ചു, തന്റെ സ്വർഗ്ഗം ഇനിയും എത്ര അകല്യാണ്?