close
Sayahna Sayahna
Search

ജീവകോശം അൽഭുതങ്ങളുടെ കലവറ


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സർവ്വജീവജാലങ്ങളുടെയും അനുപമമായ ഗുണവിശേഷങ്ങളാണു് വളർച്ചയും പുനരുല്പാദനവും. ഈ പ്രതിഭാസങ്ങളുടെ അന്തർധാരയായി വർത്തിക്കുന്നതാകട്ടെ, ജീവശരീരങ്ങളുടെ മൗലികഘടകങ്ങളായ കോശങ്ങളുടെ വിഭജനമാണു്. മാതൃപിതൃ ബീജസംയോഗത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഏകഭ്രൂണകോശം വിഭജിക്കുന്നു. അതിന്റെ ഫലമായി രൂപം കൊള്ളുന്ന സമാനകോശങ്ങൾ, ക്രമത്തിൽ അത്ഭുതാവഹമായ സവിശേഷീകരണ പ്രക്രിയയിലൂടെ പ്രത്യേകാവയവങ്ങളോടുകൂടിയ നിർദ്ദിഷ്ടജീവിയായി വളരുന്നു. വിഭജനത്തിലൂടെ ഒരു ജീവകോശം നിർവ്വഹിക്കുന്നതു് ഏതൊരചേതന വസ്തുവിനും കഴിയാത്ത അത്ഭുത പ്രതിഭാസമാണു്. സ്വയം ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്ന കോശങ്ങൾ ജീവശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങേ അറ്റത്തെ വൈവിധ്യം പ്രകടിപ്പിച്ചുകൊണ്ടു് അനന്യലഭ്യമായ ശില്പചാതുരി പ്രകടമാക്കും വിധം അണിനിരക്കുകയാണു് ചെയ്യുന്നതു്. ഈ കോശ വിഭജനവും അവിടന്നങ്ങോട്ടുള്ള സവിശേഷീകരണ പ്രക്രിയയും മനസ്സിലാക്കാൻ ഒരു ജീവകോശത്തിന്റെ സാമാന്യ രൂപരേഖ വ്യക്തമാകണം.

ആദ്യം തന്നെ ഒരു ജീവകോശമെന്നു പറയുന്നതുകൊണ്ടു് എന്താണു് അർത്ഥമാകുന്നതെന്നു് വിശദമാക്കേണ്ടതുണ്ടു്. കോശം എന്നതുകൊണ്ടു് അറ എന്നേ അർത്ഥമുള്ളു. ജീവശരീരം മുഴുവൻ അറകൾപോലുള്ള ഘടകങ്ങളാൽ നിർമ്മിതമാണെന്ന വസ്തുത അറിയപ്പെട്ടിട്ടു് അധികകാലമായിട്ടില്ല. 1665-ൽ റോബർട്ട് ഹുക്ക് തന്റെ സൂക്ഷ്മദർശിനിയിലൂടെ വളരെ നേരിയതായി ചെത്തിയെടുത്ത ഒരു കോർക്കിൻ കഷണം വച്ചുനോക്കിയപ്പോൾ, അതു് അസംഖ്യം കൊച്ചു കൊച്ചറകൾകൊണ്ടു് നിർമ്മിക്കപ്പെട്ടതാണെന്നു് കാണുകയുണ്ടായി. ഈ അറകൾക്കു് നൽകിയ പേരാണു് കോശം അഥവാ സെൽ. പിന്നീടു്, എല്ലാ ജീവശരീരങ്ങളും ഇത്തരം അറകൾ ചേർന്നുണ്ടായതാണെന്നും ജീവവസ്തുവിന്റെ അടിസ്ഥാനപരമായ ഏകകം കോശമാണെന്നുമുള്ള, സുപ്രസിദ്ധമായ ‘കോശസിദ്ധാന്തം’ 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയോഡർ ഷ്വാനും ചേർന്നവതരിപ്പിക്കുകയുണ്ടായി. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു.


എല്ലാ ജീവികളും കോശനിർമ്മിതമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ജീവലോകത്തെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കാം. ഏകകോശജീവികളും ബഹുകോശജീവികളും. ബാക്ടീരിയങ്ങളും, അമീബയെപ്പോലുള്ള ആയിരക്കണക്കിനു് പ്രോട്ടോസോവകളും ഏകകോശശരീരികളാണു്. എന്നാൽ നിയതമായ കോശശരീരമില്ലാത്ത ജീവികളും നിലനിൽക്കുന്നുണ്ടു്. വൈറസുകളും റിക്കറ്റുകളും ആ കൂട്ടത്തിൽ പെടുന്നു. വെറുമൊരു ന്യൂക്ലിക്കമ്ല തന്മാത്രയും, അതിനെ പൊതിഞ്ഞുകൊണ്ടു് പ്രോട്ടീൻ തന്മാത്രകളും ചേർന്നാൽ വൈറസായി. അതിനെ ഒരു കോശമെന്നു പറയുക വയ്യ. തന്മൂലം എല്ലാ ജീവികളും കോശനിർമ്മിതമാണെന്നു പറയുമ്പോൾ വൈറസുകളെ ആ നിർവ്വചനത്തിൽ നിന്നു് ഒഴിച്ചുനിർത്തേണ്ടിവരും. അവയെ മാറ്റി നിറുത്തിക്കൊണ്ടുള്ള മറ്റു ജീവികളിൽ ഏറ്റവും ചെറിയ കോശത്തെ പ്രതിനിധാനം ചെയ്യുന്നതു് ബാക്ടീരിയങ്ങളാണു്. ഏറ്റവും വലിയ ജീവകോശത്തിനു് ഏതാനുമിഞ്ചു് വ്യാസമുണ്ടു്. എല്ലാ ജീവികളുടെയും അണ്ഡങ്ങൾ ഏകകോശങ്ങളാണു്. പക്ഷികളുടെ മുട്ടയും അതിൽ പെടുന്നു. ഒട്ടകപക്ഷിയുടെ മുട്ടയാണു് ഇന്നു നിലവിലുള്ള ഏറ്റവും വലിയ പക്ഷിമുട്ട. അതാണു് ഏറ്റവും വലിയ ജീവകോശവും.

ഇനി നമുക്കു് സാധാരണ ഗതിയിലുള്ള ജീവകോശങ്ങളുടെ സ്ഥിതി എന്താണെന്നു നോക്കാം. ഏകകോശജീവികളിൽ നിന്നും പുരോഗതി പ്രാപിച്ച ഏതാനും കോശങ്ങൾ മാത്രമടങ്ങുന്ന വളരെ ചെറിയ ജീവികൾ മുതൽ നമ്മുടെ ശരീരത്തെപ്പോലെ കോടാനുകോടി കോശങ്ങളാൽ നിർമ്മിതമായ ശരീരത്തോടുകൂടിയ സസ്യങ്ങളും ജന്തുക്കളുമടങ്ങിയതാണു് ബഹുകോശ ജീവലോകം. കെട്ടിടങ്ങൾ പണിയുന്നതിനു് ഇഷ്ടികകൾ അടുക്കിവെക്കും പോലെയാണു് ജീവശരീരത്തിൽ കോശങ്ങൾ അണിനിരന്നിരിക്കുന്നതെന്നു് പറഞ്ഞാൽ അതു് വളരെ അവ്യക്തമായ ഒരു ഉപമ മാത്രമേ ആകുന്നുള്ളു. സസ്യങ്ങളിലെ കോശങ്ങൾ ഏതാണ്ടതുപോലെയാണെന്നു പറയാം. എന്തുകൊണ്ടെന്നാൽ അവയിൽ, കോശഭിത്തി, ദൃഢമായ സെല്ലുലോസുകൊണ്ടു് നിർമ്മിച്ചിരിക്കുന്നതുകൊണ്ടു്, കോശങ്ങളെല്ലാം നിയതമായ രൂപം നിലനിർത്തുന്നു. എന്നാൽ ജന്തുക്കളിൽ കോശചർമ്മം ലോലമായതിനാൽ, കോശങ്ങളെല്ലാം വിവിധ രൂപമാതൃകകളുള്ളവയും, വിവിധ അവസ്ഥകളിൽ വ്യത്യസ്തരൂപം കൈക്കൊള്ളുന്നവയുമാണു്. മാത്രമല്ല, എല്ലാ ജീവികളിലും കോശങ്ങളെല്ലാം തന്നെ ശരീരക്രിയാപരമായ പ്രവർത്തനങ്ങളിലൂടെ നിരന്തരം പരസ്പരബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു.

വൈവിധ്യം

ഒരു ജീവിയിൽതന്നെ, വിവിധ അവയവങ്ങളിലെയും കലകളിലെയും കോശങ്ങൾ വ്യത്യസ്ത ആകൃതിയും പ്രവർത്തനക്രമവും ഉള്ളവയായിരിക്കും. നാഡീവ്യൂഹത്തിലെ കോശങ്ങളായ ന്യൂറോണുകൾക്കെല്ലാം ഒരു നീണ്ട ആക്സോണും, ഒരു കോശശരീരവും അതിൽനിന്നു് പുറപ്പെടുന്ന അസംഖ്യം ചെറുശാഖകളും കാണാം. മാംസപേശിയിലെ കോശങ്ങളാകട്ടെ, രണ്ടറ്റവും കൂൎത്ത, സ്പിൻഡിലുപോലെ നീണ്ട കോശങ്ങളായിരിക്കും. രക്തത്തിലെ കോശങ്ങൾ ഗോളാകാരത്തിലും അണ്ഡാകാരത്തിലുമുള്ളവയായിരിക്കും. ദഹനപഥത്തിലെ എപിഥീലിയ കോശങ്ങൾ അധികവും സ്തംഭാകാരങ്ങളായിരിക്കും. ഇങ്ങനെ പോകുന്നു, ജന്തുശരീരത്തിലെ വിവിധ ഭാഗങ്ങളിലെ കോശങ്ങളുടെ ഘടനാപരമായ വൈജാത്യം. ഇതുപോലെതന്നെ സസ്യങ്ങളിലും, ഇലകളിലെ വിവിധ ഭാഗങ്ങളിലും ഘടനാപരമായ വൈവിദ്ധ്യം പുലർത്തുന്ന കോശങ്ങൾ സ്ഥിതിചെയ്യുന്നു. ഈ വൈവിധ്യം ഘടനാപരമായ മേഖലയിൽ മാത്രമല്ല; അതിനനുസൃതമായി ശരീരക്രിയാപരമായ പ്രവർത്തനങ്ങളിലും ഈ കോശമാതൃകകൾ വൈവിദ്ധ്യം പുലർത്തുന്നു.

ഒരേ ജീവിയിലെ വിവിധ ഭാഗങ്ങളിലെ കോശങ്ങൾ മാത്രമല്ല വൈവിധ്യം പ്രകടിപ്പിക്കുന്നതു്. വിവിധ ജീവികളിലെ കോശങ്ങൾ തമ്മിലും വമ്പിച്ച തോതിലുള്ള അന്തരം നിലനിൽക്കുന്നു. ഇങ്ങനെ കോശങ്ങളുടെ ഘടനാപരവും ശരീരക്രിയാപരവുമായ മണ്ഡലങ്ങളിൽ അനന്തമായ വൈവിദ്ധ്യം നിലനിൽക്കുന്നുണ്ടെങ്കിലും, എല്ലാ ജീവകോശങ്ങളും അടിസ്ഥാനപരമായ കാര്യങ്ങളിലെല്ലാം അനന്യസാധാരണമായ സമാനത പുലർത്തുന്നു. ഈ സാദൃശ്യത്തെ കണക്കിലെടുത്തുകൊണ്ടു്, ഏറെക്കുറെ എല്ലാ ജൈവസ്വഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന ഘടകങ്ങളടങ്ങിയ ഒരു ജീവകോശത്തെക്കുറിച്ചു് പഠിക്കാൻ കഴിയും. എല്ലാ ഘടനകളും തികഞ്ഞ കോശങ്ങൾ വാസ്തവത്തിൽ നിലവിലില്ല. എങ്കിലും സൗകര്യാൎത്ഥം നമുക്കത്തരമൊരു കോശത്തെ വിഭാവന ചെയ്തുകൊണ്ടു്, അതിന്റെ ഘടനാപരവും പ്രവർത്തനപരവുമായ സവിശേഷതകളെന്തെല്ലാമാണെന്നു് പരിശോധിക്കാം.

കോശഘടന

എല്ലാ ജീവകോശങ്ങളെയും ആവരണം ചെയ്തുകൊണ്ടു് ഒരു കോശസ്തരം നിലനില്ക്കുന്നു. ജന്തുക്കളിൽ ഈ കോശസ്തരം വളരെ ദുർബലമായിരിക്കും. എന്നാൽ, സസ്യങ്ങളിൽ ഈ സ്തരത്തിനു പുറത്തായി ദൃഢമായ സെല്ലുലോസുകൊണ്ടുള്ള ഒരു കോശഭിത്തിയുണ്ടായിരിക്കും. അതുകൊണ്ടു സസ്യകോശങ്ങൾക്കു് ഏറെക്കുറെ എല്ലായ്പോഴും ദൃഢരൂപമുണ്ടായിരിക്കും. അതേ സമയം ജന്തുകോശങ്ങൾ പല ആകൃതിയിലുള്ളവയും പരിതഃസ്ഥിതിക്കനുസരിച്ചു് വരുന്നവയും ആണു്.

ജന്തുക്കളിലായാലും സസ്യങ്ങളിലായാലും ജീവകോശത്തിനു നിയതമായ സുഘടിതത്വം നൽകുന്നതു് അതിന് ആവരണമായി വർത്തിക്കുന്ന നേർത്ത കോശസ്തരമാണു്. ഈ കോശസ്തരത്തിനുള്ളിലുള്ള ജൈവ വസ്തുവിനെയും കോശസ്തരത്തെയും ഒരുമിച്ചു് പ്രോട്ടോപ്ലാസമെന്നു പറയുന്നു. കോശത്തിനുള്ളിൽ ഏതെങ്കിലും ഭാഗത്തു് ഒരു കോശകേന്ദ്രം അഥവാ ന്യൂക്ളിയസ്സ് ഉണ്ടായിരിക്കും. ഈ കോശകേന്ദ്രമൊഴിച്ചുള്ള കോശസ്തരത്തിനുള്ളിലെ പ്രോട്ടോപ്ലാസത്തെ സൈറ്റോപ്ലാസമെന്നും, കോശകേന്ദ്രത്തിലേതിനെ ന്യൂക്ലിയോപ്ലാസമെന്നും വിളിക്കുന്നു. സൈറ്റോപ്ലാസത്തിലും ന്യൂക്ലിയോപ്ലാസത്തിലും വ്യത്യസ്തഘടനയും വ്യത്യസ്തപ്രവർത്തനരീതിയുമുള്ള വിവിധ ഭാഗങ്ങളുണ്ടു്. ഇവയെ കോശാംഗങ്ങൾ അഥവാ ഓർഗനല്ലുകൾ എന്നു വിളിക്കുന്നു.

കോശസ്തരം

കോശസ്തരമെന്നു കേൾക്കുമ്പോൾ ഒരു നേർത്ത പടലമെന്നതിൽ കവിഞ്ഞൊന്നും നമ്മുടെ മനസ്സിൽ രൂപംകൊള്ളുകയില്ല. എന്നാൽ കോശസ്തരത്തെക്കുറിച്ചുള്ള ആധുനികനിരീക്ഷണങ്ങൾ അതിന്റെ രാസപരമായ ഘടനയും, അതു നിർവഹിക്കുന്ന കർത്തവ്യങ്ങളും സങ്കീർണ്ണമാണെന്നു ചൂണ്ടിക്കാണിക്കുന്നു.

ഒരു ജീവകോശത്തിന്റെ ആന്തരികഘടകങ്ങളുടെ സാന്ദ്രത ബാഹ്യാന്തരീക്ഷത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണു്. ഉദാഹരണത്തിനു സോഡിയം ധാരാളമുള്ള ഒരു മാധ്യമത്തിൽ വളരുന്ന ഒരു കോശത്തിനുള്ളിൽ പൊട്ടാസ്യത്തിനാണു് മുൻതൂക്കം. ഈ അന്തരത്തിനു കാരണം കോശസ്തരത്തിന്റെ അന്തർവ്യാപന വിവേചനശക്തിയാണു്. ചില മൂലകങ്ങളെ മാത്രം തിരഞ്ഞെടുക്കാനും മറ്റുള്ളവയ്ക്കു പ്രവേശനം നിഷേധിക്കാനുമുള്ള കോശചർമ്മത്തിന്റെ കഴിവും അപാരമാണു്. ഈ കഴിവുകളെ സാധൂകരിക്കത്തക്കവിധത്തിലാണു് അതിന്റെ രാസഘടനയും. നടുക്കു് രണ്ടു് അടുക്കുകളായി നിലനിൽക്കുന്ന ലൈപ്പിഡ് (ഒരു തരം കൊഴുപ്പു്) എന്ന ജൈവരാസസംയുക്തവും അതിന്റെ അകത്തും പുറത്തുമായി ഓരോ പ്രോട്ടീൻ ചങ്ങലയും ചേർന്നു് 75Å (ആംഗ്സ്ട്രോം. 1Å = 1/10,000,000 മി. മീ.) വീതിയുള്ളതാണു് ഏകകോശസ്തരം. ഇങ്ങനെയുള്ള രണ്ടു കോശസ്തരങ്ങൾ ചേർന്നുള്ള ഒരു ഇരട്ടസ്തരമാണു് സാധാരണഗതിയിൽ എല്ലാ ജീവകോശങ്ങളെയും ആവരണം ചെയ്യുന്നതു്. ഏകകോശജീവികൾ മുതൽ ഏറ്റവും വലിയ ജീവികൾവരെ എല്ലാ ജീവശരീരങ്ങളിലെയും കോശസ്തരത്തിന്റെ മൗലികഘടന ഇതുതന്നെയാണു്. അതീവസങ്കീർണ്ണമായ ചില രാസഭൗതികപ്രവർത്തനങ്ങൾ വഴിയാണു് ഈ കോശസ്തരത്തിലൂടെ ചില പ്രത്യേക രാസവസ്തുക്കളെമാത്രം കടത്തിവിടുകയും മറ്റുള്ളവയെ നിരോധിക്കുകയും ചെയ്യുന്നതു്.

സൈറ്റോപ്ലാസം

കോശസ്തരത്തിനുള്ളിൽ ന്യൂക്ലിയോപ്ലാസമൊഴിച്ചുള്ള പ്രോട്ടോപ്ലാസത്തെയാണു് സൈറ്റോപ്ലാസമെന്നു പറയുന്നതെന്നു സൂചിപ്പിച്ചുവല്ലോ. ഈ സൈറ്റോപ്ലാസത്തിൽ കോശസ്തരത്തിന്റെ അതേഘടനയോടുകൂടിയ സ്തരപടലങ്ങൾ സർവത്ര ചിന്നിച്ചിതറിയും കട്ടകൂടിയും കിടക്കുന്നതു കാണാം. ഈ കോശാന്തരസ്തരപടലം ബാഹ്യസ്തരത്തിന്റെ തുടർച്ചയെന്നോണം കണ്ടുവരുന്നതിനാൽ അതിൽനിന്നു് ഉത്ഭവിച്ചതാണെന്നൂഹിക്കാൻ ന്യായമുണ്ടു്. അതുപോലെതന്നെ ഈ സ്തരപടലം കോശകേന്ദ്രസ്തരവുമായും ബന്ധം പുലർത്തുന്നുണ്ടു്. ഈ സ്തരപടലത്തോടു് പറ്റിച്ചേർന്നുകൊണ്ടു് അസംഖ്യം ചെറുകണികകൾ കാണാം. പ്രോട്ടീൻനിർമ്മിതി വലിയ തോതിൽ നടക്കുന്ന അവയവങ്ങളിലെ കോശങ്ങളിൽ ഈ കണികകൾ അത്യധികം കണ്ടുവരുന്നു. ഇവയെ റിബോസോമുകൾ എന്നു വിളിക്കുന്നു.

റിബോസോമുകൾ പ്രോട്ടീൻ നിർമ്മിതിയിലെ സുപ്രധാന പങ്കാളികളാണു്. ഡി. എൻ. എ.-യിൽ നിന്നുള്ള സന്ദേശവും വഹിച്ചുവരുന്ന ആർ. എൻ. എ-യിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനനുസരിച്ചു് കൈമാറ്റ ആർ. എൻ. എ. തിരഞ്ഞെടുത്തുകൊണ്ടുവരുന്ന നിർദ്ദിഷ്ട അമിനോ അമ്ലങ്ങൾ ഒത്തുചേർന്നു് പ്രോട്ടീനായി രൂപീകരിക്കപ്പെടുന്നതു് റിബോസോമിൽ വെച്ചാണു്. തന്മൂലം റിബോസോമുകളെ പ്രോട്ടീൻ നിർമ്മാണ എഞ്ചിനുകൾ എന്നു വിളിക്കാറുണ്ടു്. ഇവയിലെ പ്രധാനഘടകം ആർ. എൻ. എ. ആണു്. ഇതിനെ റിബോസോമൽ ആർ. എൻ. എ. എന്നു വിളിക്കുന്നു. കൂടാതെ ചില പ്രോട്ടീനുകളെയും ഈ റിബോസോമുകളിൽ കാണാം.

കോശാന്തരസ്തരപടലത്തിന്റെ ഒരു വകഭെദമെന്നോണം കൂടുതൽ കട്ടപിടിച്ചതും റിബോസോമുകളൊന്നുമില്ലാത്തതുമായ സ്തരപടലസമൂഹം ചില കോശങ്ങളിൽ മിക്കവാറും കോശകേന്ദ്രത്തോടടുത്തായി കണ്ടുവരുന്നു. ഗോൾജി എന്ന ശാസ്ത്രജ്ഞനാണു് ഇതിനെ ആദ്യമായി കണ്ടെത്തിയെന്നതുകൊണ്ടു് ഗോൾജിബോഡി എന്നതിനെ വിളിക്കുന്നു. ശ്രോതഗ്രന്ഥികളിലാണു് ഇതു അധികമായി കാണപ്പെടുന്നതെന്നതുകൊണ്ടു്, രക്തസ്രാവവുമായി ഈ അവയവത്തിനു് ബന്ധമുണ്ടെന്നു കരുതാവുന്നതാണു്. എന്നാൽ ഇവ നേരിട്ടു് എന്തെങ്കിലും രസം ഉല്പാദിപ്പിക്കുകയല്ല. മറിച്ചു് , അവയുടെ സ്തരപടലങ്ങൾ മറ്റു ഭാഗങ്ങളിൽ ഉല്പാദിപ്പിക്കപ്പെട്ട രസങ്ങൾ ശേഖരിച്ചു് വെക്കുക മാത്രമാണു് ചെയ്യുന്നതു്.

കോശ ദ്രവ്യത്തിൽ അങ്ങിങ്ങായി കുമിള കണക്കെയുള്ള സഞ്ചികൾ ചിലപ്പോൾ കാണാറുണ്ടു്. ഇവയ്ക്കു് ആവരണമായി വർത്തിക്കുന്ന സ്തരത്തിന്റെ ഘടനയും നേരത്തേ വ്യക്തമാക്കിയതുപോലെത്തേതുതന്നെയാണു്. ഈ സഞ്ചിക്കുള്ളിൽ വിവിധതരത്തിലുള്ള ദീപനരസങ്ങളാണു് അടങ്ങിയിട്ടുള്ളതു്. ലൈസോസോമുകൾ എന്നാണു് ഈ‌ അവയവങ്ങളെ വിളിക്കുന്നതു് പല സങ്കീർണ്ണ രാസ വസ്തുക്കളെയും ദഹിപ്പിച്ചു്, ചെറുരാസഘടകങ്ങളാക്കി മാറ്റാൻ ഇവയ്ക്കുള്ളിലെ ദീപനരസങ്ങൾ അഥവാ എൻസൈമുകൾ ഉരകരിക്കപ്പെടുന്നു. തന്മൂലം എല്ലാ ജീവകോശങ്ങളിലും ഈ ലൈസോസോമുകൾ സുപ്രധാനഘടകങ്ങളാണു്. ഇവയുടെ അഭാവം ചില പ്രത്യേക രാസവസ്തുക്കളുടെ സംഭരണത്തിനും അതുവഴി മാരകമായ രോഗങ്ങൾക്കും ചിലപ്പോൾ മരണത്തിനു തന്നെയും കാരണമാക്കിയേക്കാം.

കോശദ്രവ്യത്തിൽ അങ്ങിങ്ങായി ഒട്ടേറെ വാക്വോളുകൾ കാണാം. ഈ വാക്വോളുകൾ ചെറു സഞ്ചികൾ പോലെയുള്ള ഭാഗങ്ങളാണു്. അവ ശൂന്യങ്ങളായിരിക്കില്ല. നേർത്ത ദ്രാവകമായ കോശരസം അവയിൽ തങ്ങി നിൽക്കും. പലപ്പോഴും പല കോശങ്ങളിലും ആവശ്യമില്ലാത്ത വസ്തുക്കളും മറ്റു വിസർജ്ജ്യവസ്തുക്കളും ഇത്തരം വാക്വോളുകളിൽ ശേഖരിക്കപ്പെടും. കൂടാതെ കോശദ്രവത്തിൽ ഒട്ടേറെ അജൈവ രാസസംയുക്തങ്ങളുടെ കണികകൾ കാണാം. വർണ്ണവസ്തുക്കളും മറ്റും ഈ വിഭാഗത്തിൽ പെടുന്നതാണു്. സസ്യങ്ങളിലും മറ്റും വർണ്ണവസ്തുക്കൾ സുപ്രധാന ഘടകങ്ങളാണു്. സസ്യങ്ങളിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഭക്ഷ്യനിർമ്മിതി നടത്തുന്നതിൽ നിർണ്ണായകപങ്കു വഹിക്കുന്ന പത്രഹരിതകം എന്ന വർണ്ണകണികകൾ ക്ലോറോപ്ലാസ്റ്റുകൾ എന്ന ചെറിയ സ്തരനിർമ്മിതാവയവങ്ങളിലാണു് സ്ഥിതിചെയ്യുന്നതു്. സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജത്തെ ആഗിരണം ചെയ്തു്, വായുവിൽ നിന്നു ലഭിയ്ക്കുന്ന കാർബൺ ഡയോക്സൈഡും, വേരുകൾ വഴി വലിച്ചെടുക്കുന്ന ജലവും ചേർത്തു് സ്റ്റാർച്ച് നിർമ്മിക്കുന്ന പ്രക്രിയയെ പ്രകാശസംശ്ലേഷണം എന്നാണു പറയുന്നതു്. ഈ പ്രകാശസംശ്ലേഷണം വഴി നിർമ്മിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണു് യഥാർത്ഥത്തിൽ എല്ലാ ജന്തുക്കളുടെയും നിലനിൽപ്പിനാധാരമായി വർത്തിക്കുന്നതു്. കാരണം, ജന്തുക്കൾക്കൊന്നും തന്നെ സ്വന്തമായി ഭക്ഷണം നിർമ്മിക്കാനുള്ള കഴിവില്ല. മറ്റേതെങ്കിലും ജീവികളെ നശിപ്പിക്കാതെ അവയ്ക്കു നിലനിൽക്കാനാവില്ല. ചില ജന്തുക്കൾ നേരിട്ടു് സസ്യങ്ങളെ ഭക്ഷിക്കുന്നു. മറ്റു ചിലവ സസ്യഭോജികളായ ജന്തുക്കളെയും. മനുഷ്യനെപ്പോലുള്ള ജന്തുക്കൾ സസ്യങ്ങളെയും ജന്തുക്കളെയും ഭക്ഷിച്ചു് ജീവിക്കുന്നു. എന്തായാലും ജീവിലോകത്തിന്റെ നിലനില്പിനാധാരമായ ഭക്ഷ്യവസ്തുക്കൾ മുഴുവൻ നിർമ്മിക്കപ്പെടുന്നതു് സസ്യങ്ങളിൽ വെച്ചാണു്. ഈ പ്രക്രിയയിൽ നിർണ്ണായകപങ്കു വഹിക്കുന്ന ക്ലോറോപ്ലാസ്റ്റുകൾ സസ്യകോശങ്ങളിലെ സുപ്രധാന ഘടകമാണു്.

പച്ചനിറമുള്ള ക്ലോറോപ്ലാസ്റ്റുകളെ കൂടാതെ പലനിറത്തിലുള്ള ക്രോമോപ്ലാസ്റ്റുകളും നിറമില്ലാത്ത ല്യൂക്കോപ്ലാസ്റ്റുകളും സസ്യകോശങ്ങളിൽ നിലനിൽക്കുന്നുണ്ടു്. ഇവയിൽ ചിലതു് ഭക്ഷ്യസംഭരണത്തിനും, ഇലകൾക്കും പൂക്കൾക്കും മറ്റും നിറപ്പകിട്ടേകുന്നതിനും ഉപകരിക്കുന്നു.

എല്ലാ ജന്തുകോശങ്ങളിലും ന്യൂക്ലിയസ്സിനോടടുത്തു് ഒന്നോ രണ്ടോ ചെറുകണികകൾ കാണാം. ഇവയെ സെൻട്രോസോമുകൾ എന്നു വിളിക്കുന്നു. കോശവിഭജനസമയത്തു് ഇവ അതിപ്രധാനപങ്കു് വഹിക്കുന്നവയാണു്. ആ സമയത്തു ഈ രണ്ടു കണികകൾ കോശത്തിന്റെ രണ്ടു ധ്രുവങ്ങളിലേയ്ക്കു നീങ്ങുകയും, അവയ്ക്കിടയിൽ തന്തുക്കൾകൊണ്ടു നിർമ്മിതമായ ഒരു മേഖല സംജാതമാവുകയും ചെയ്യും. ഇവിടെവെച്ചാണു് ക്രോമസങ്ങൾ വേർതിരിയുകയും, രണ്ടു ധ്രുവങ്ങളിലേയ്ക്കു് ആനയിക്കപ്പെട്ടു് രണ്ടു് ന്യൂക്ലിയസ്സുകളായി തീരുകയും ചെയ്യുന്നതു്.

സെൻട്രോസോം കണികകളുടെ ഘടന സവിശേഷമാണു്. നടുക്കു രണ്ടു തന്തുക്കളും, ചുറ്റും ഒമ്പതു തന്തുക്കൾ ചേർന്നുള്ള ഒരു സിലിണ്ടറാകൃതിയിലുള്ള ഭാഗവും ചേർന്ന അവയവങ്ങളാണിവ. ഈ ഓരോ തന്തുക്കളും ചിലപ്പോൾ ഈരണ്ടെണ്ണം ചേർന്നതായിരിക്കും. ഇതേഘടനതന്നെയാണു്, എല്ലാ ജീവകോശങ്ങളിൽനിന്നും പുറപ്പെടുന്ന സീലിയങ്ങൾക്കും രോമങ്ങൾക്കും മറ്റുമുള്ളതു്. ഏകകോശജീവികളുടെ പുറത്തും, വലിയ ജീവികളുടെ ചില ആന്തരികാവയവങ്ങളിലും ബാഹ്യാവയവങ്ങളിലുമുള്ള രോമങ്ങളെല്ലാം ഇതിൽ പെടുന്നു. തന്മൂലം സെൻട്രോസോം കണികകളുമായി ബന്ധപ്പെട്ട എന്തോ പരിണാമഗതിമൂലമുണ്ടായതാണു് എല്ലാ തരത്തിലുള്ള സീലിയങ്ങളും രോമങ്ങളുമെന്നു കരുതാവുന്നതാണു്.

ശക്തിസംഭരണ കേന്ദ്രങ്ങൾ

സൈറ്റോപ്ലാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ മൈറ്റക്കോൺഡ്രിയനുകൾ വാസ്തവത്തിൽ ജീവശരീരത്തിന്റെ ശക്തിസംഭരണശാലകളാണു്. ഇരട്ടസ്തരംകൊണ്ടു് നിർമ്മിക്കപ്പെട്ടിട്ടുള്ള, അണ്ഡാകൃതിയിലോ അല്പം കൂടി നീണ്ട ആകൃതിയിലോ കണ്ടുവരുന്ന ഈ ചെറുകണികകൾ ജൈവപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം സംഭരിക്കുകയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ജീവജാലങ്ങളുടെ അനിഷേധ്യസ്വഭാവമായ ചലനത്തെ (സസ്യങ്ങളും ചില ജന്തുക്കളും അചരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആന്തരികമായ ചലനം അവയ്ക്കെല്ലാമുണ്ടു്.) നിലനിർത്തുന്നതിനാവശ്യമായ ഊർജം നിരന്തരം ഉല്പാദിപ്പിക്കുകയും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശ്രമാവഹമായ ജോലി നിർവ്വഹിക്കുന്നതു് കോശദ്രവത്തിൽ അങ്ങിങ്ങ് കാണുന്ന ഈ ചെറു കണികകളാണു്. അതീവ സങ്കീർണ്ണമായ രാസപ്രക്രിയകളാണിവ നടത്തുന്നതു്. ഇവയുടെ ഇരട്ട ഭിത്തിയിലെ ഉൾച്ചർമ്മം പല ഭാഗങ്ങളിലും ഉള്ളിലേയ്ക്കു് തള്ളി ചെറിയ മടക്കുകളും ചുളിവുകളും സൃഷ്ടിച്ചു് കൂടുതൽ പ്രവർത്തനോപരിതലം സജ്ജമാക്കുന്നു. ഈ ഉൾച്ചർമ്മത്തിന്റെ മടക്കുകളിലായി നിരവധി എൻസൈമുകളുടെ സംഘങ്ങൾ സ്ഥലം പിടിച്ചിരിക്കുന്നു.

ജീവശരീരത്തിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും രാസപ്രവർത്തനങ്ങളിലൂടെയാണു്. നിരവധി കാർബൺ ആറ്റങ്ങൾ അടങ്ങിയിട്ടുള്ള ജൈവസംയുക്തങ്ങളിലാണു് ഈ ഊർജമത്രയും അടങ്ങിയിട്ടുള്ളതു്. ഇത്തരത്തിലുള്ള സങ്കീർണ്ണസംയുക്തങ്ങളെ വിശ്ലേഷണം ചെയ്തു ലളിതസംയുക്തങ്ങളാക്കി മാറ്റുമ്പോൾ അവയിലെ ഊർജം പടിപടിയായി സ്വതന്ത്രമാക്കപ്പെടുന്നു. സ്വതന്ത്രമാക്കപ്പെടുന്ന ഊർജത്തെ ഉടനെ സ്വീകരിക്കുന്നതു് ഹൈഡ്രജൻ അണുക്കളാണു്. അവയുടെ ഇലക്ട്രോണുകൾ ഇതു വഴി ഉത്തേജിതാവസ്ഥയിലായിത്തീരുന്നു. ഓക്സീകരണം വഴി ഒരു സംയുക്തത്തിൽ നിന്നു് മുക്തമാക്കപ്പെടുന്ന ഇത്തരം ഇലക്ട്രോണുകൾ, ചില പ്രത്യേക എൻസൈമുകൾ വഴിയായി മറ്റൊരു സംയുക്തത്തിലേക്കു് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ഇലക്ട്രോൺ കൈമാറ്റം ഒരു പറ്റം എൻസൈമുകൾ തുടർച്ചയായി സംഘടിതമായി നടത്തുകയും അവസാനം ആ ഹൈഡ്രജനെ ഓക്സിജനുമായി ചേർത്തു് വെള്ളമുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു എൻസൈമിൽനിന്നു് മറ്റൊന്നിലേയ്ക്കു് ഇലക്ട്രോൺ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജം നഷ്ടപ്പെടുകയല്ല ചെയ്യുന്നതു്. മറ്റു ചില രാസപ്രവർത്തനങ്ങളിൽ വിനിയോഗിക്കപ്പെടുകയാണുണ്ടാവുന്നതു്. മറ്റൊരു ജൈവസംയുക്തമായ എ. ഡി. പി. (അഡിനോസിൻ ഡൈഫോസ്ഫേറ്റ്) ഒരു അജൈവ ഫോസ്ഫേറ്റിനോടുകൂടി ചേർന്നു് എ. ടി. പി. (അഡനോസിൻ ട്രൈ ഫോസ്ഫേറ്റ്) എന്ന സംയുക്തമുണ്ടാക്കുന്നതിനു് സാധാരണയിൽ കവിഞ്ഞ ഊർജം ആവശ്യമുണ്ടു്. അതുകൊണ്ടു് ഇലക്ട്രോൺ കൈമാറ്റം നടക്കുമ്പോഴുണ്ടാകുന്ന ഊർജത്തെ ഇവർ അവസരോചിതമായി ഉപയോഗപ്പെടുത്തി കിട്ടിയ ഊർജത്തെ മുഴുവൻ എ. ടി. പി.യുടെ രൂപത്തിൽ സംഭരിച്ചുവയ്ക്കുന്നു. സാധാരണഗതിയിൽ ഹൈഡ്രജന്റെ ഉത്തേജിതാവസ്ഥയിലുള്ള രണ്ടു് ഇലക്ട്രോണുകളെ ഈ എൻസൈമുകളുടെ കയ്യിൽ കിട്ടിയാൽ കൈമാറ്റങ്ങൾവഴി, മൂന്നു് എ. ടി. പി. തന്മാത്രകളുണ്ടാക്കാനുള്ള ഊർജം അവരുല്പാദിപ്പിക്കും.

ഇത്തരം ഊർജസംഭരണത്തിനു് രണ്ടു പ്രധാനോപാധികൾ അത്യാവശ്യമാണെന്നു കാണാം. ആദ്യമായി ഹൈഡ്രജൻ ഇലക്ട്രോണുകളെ എൻസൈം സംഘടനയ്ക്കു് നൽകണം. പിന്നെ, അവസാനത്തിൽ ആ ഇലക്ട്രോണുകളെ അവരിൽനിന്നു സ്വീകരിക്കാൻ പാകത്തിൽ ഓക്സിജൻ തയ്യാറാക്കി നിൽക്കയും വേണം. നാം ശാസോച്ഛ്വാസത്തിലൂടെ സ്വീകരിക്കുന്ന ഓക്സിജന്റെ ജോലി ഇവിടെയാണു നടക്കുന്നതു്. ആ ഓക്സിജനാണു് ഈ രാസപ്രവർത്തനങ്ങളിൽ ഹൈഡ്രജനെ സ്വീകരിച്ചു് വെള്ളമുണ്ടാക്കുന്ന പണി ചെയ്യുന്നതു്. എന്നാൽ ഈ പ്രക്രിയകൾ തുടങ്ങുന്നതിനു്, ഊർജപ്രദായികളായ ഇലക്ട്രോണുകളെ നൽകേണ്ട കാര്യം കുറെ കുഴപ്പം പിടിച്ചതാണു്. അതിനു് വളരെ സങ്കീർണ്ണമായ രാസപ്രക്രിയകളുടെ ഒരു പരമ്പരതന്നെ ആവശ്യമാണു്.

നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഉപയോഗം ഇവിടെയാണു് വരുന്നതു്. സസ്യങ്ങൾ പാകം ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിലെ പ്രധാന ഘടകം സ്റ്റാർച്ചാണെന്നു് പറഞ്ഞുവല്ലോ. നാം ആഹരിക്കുന്ന ഭക്ഷണങ്ങളിലും ഒരു വലിയ ഭാഗം സ്റ്റാർച്ചാണു്. ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സ്റ്റാർച്ച് വിശ്ലേഷിക്കപ്പെട്ടു് ഗ്ലൂക്കോസായി മാറുന്നു. ഈ ഗ്ലൂക്കോസാണു് പോഷകാംശമെന്ന പേരിൽ രക്തത്തിൽ കലരുന്ന വസ്തുക്കളിൽ മുഖ്യമായിട്ടുള്ളതു്. ഇങ്ങനെ രക്തത്തിൽ കലരുന്ന ഗ്ലൂക്കോസ് ശരീരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുന്നു. അങ്ങനെ എല്ലാ കോശങ്ങളിലും വന്നുചേരുന്ന ഗ്ലൂക്കോസ് കാർബൺ ഡൈ ഓക്സൈഡുമായി ചേർന്നു് നിരവധി എൻസൈമുകളുടെ സഹയത്തോടെ ഒരു നീണ്ട രാസപ്രക്രിയയിൽ ഏർപ്പെടുന്നു. ഇതു നടക്കുന്നതു കോശദ്രവത്തിൽ വെച്ചാണു്. ഇതിന്റെ ഫലമായി ഒരു ഗ്ലൂക്കോസ് തന്മാത്രയിൽനിന്നു രണ്ടു തന്മാത്ര പൈറുവേറ്റു് എന്ന രാസസംയുക്തം രൂപം കൊള്ളുന്നു. ഈ രാസപ്രക്രിയയെ ഗ്ലൈക്കോലൈസിസു് അഥവാ ഫെർമെന്റേഷൻ എന്നാണു വിളിക്കുന്നതു്. റൊട്ടിയുണ്ടാക്കാനുള്ള മാവും കള്ളും മറ്റും പുളിക്കുന്നതു് ഈ പ്രക്രിയ മുഖാന്തിരമാണു്. തന്മൂലം ഇതിനെ ‘പുളിപ്പിക്കൽ’ എന്നും പറയുന്നു. യീസ്റ്റു് അഥവാ കിണ്വം എന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലാണു് മാവും മറ്റും പുളിപ്പിക്കുന്നതു്. യീസ്റ്റിലെ എൻസൈമുകളാണു് ഈ കൃത്യം നിർവ്വഹിക്കുന്നതു്. അതുപോലെതന്നെ എല്ലാ ജീവകോശങ്ങളിലും എൻസൈമുകളുടെ സഹായത്തോടെ, ഈ പ്രക്രിയ നടക്കുന്നു. ഓക്സിജന്റെ സാന്നിദ്ധ്യമില്ലാതെയാണു് ഇതു നടക്കുന്നതു്. നേരത്തെ സൂചിപ്പിച്ച മൈറ്റോക്കോണ്ഡ്രിയനുകളിൽ നടക്കുന്ന രാസമാറ്റങ്ങളുടെ മുന്നോടിയായിട്ടാണു് ഇതു കോശദ്രവത്തിൽ നടക്കുന്നതു്.

കോശദ്രവത്തിൽ വെച്ചു നടക്കുന്ന ഫെർമെന്റേഷന്റെ ഫലമായി ലഭിക്കുന്ന പൈറുവേറ്റുകളാണു് മൈറ്റോക്കോൺഡ്രിയയിൽ ഉപയോഗിക്കപ്പെടുന്നതു്. പൈറുവേറ്റു് അവിടെവെച്ചു പടിപടിയായി ഓക്സീകരണം ചെയ്യപ്പെടുന്നതിന്റെ ഫലമായി, ഊർജവാഹികളായ ഇലക്ട്രോണുകൾ സ്വതന്ത്രമാക്കപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന ഇലക്ട്രോണുകളാണു് മുകളിൽ വിവരിച്ചതുപോലെ എ. ടി. പി. നിർമ്മിതിയിൽ സഹകരിക്കുന്നതു്. മൈറ്റോക്കോൺഡ്രിയണുകളിൽ നടക്കുന്ന ഈ പ്രക്രിയകളാണു യഥാർത്ഥത്തിൽ, ശരീരക്രിയാപരമായ ശ്വസനം. നാം സാധാരണഗതിയിൽ ശ്വസനം എന്നതുകൊണ്ടർത്ഥമാക്കുന്നതു് ശ്വാസകോശംവഴി ഓക്സിജനെ ഉൾക്കൊള്ളുകയും കാർബൺ ഡയോക്സൈഡിനെ പുറം തള്ളുകയും ചെയ്യുന്ന പ്രക്രിയയെയാണു്. എന്നാൽ, വാസ്തവത്തിൽ, ആ ഓക്സിജൻ, മുകളിൽ വിവരിച്ച പ്രവർത്തനങ്ങളിൽ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ഘടകമാണു്. ഈ സങ്കീർണ്ണ രാസപ്രവർത്തനങ്ങളുടെ അന്തിമഫലമെന്ന നിലയ്ക്കു് കാർബൺ ഡൈഓക്സൈഡും ഹൈഡ്രജനും രൂപം കൊള്ളുമ്പോൾ, ആ ഹൈഡ്രജനെ സ്വീകരിച്ചു് വെള്ളമായി മാറുക മാത്രമാണു് ഓക്സിജന്റെ ജോലി. കാർബൺഡൈഓക്സൈഡ് പുറത്തുപോവുകയും ചെയ്യുന്നു.

മൊത്തത്തിൽ ഒരു ഗ്ലൂക്കോസ് തന്മാത്ര ഓക്സീകരിക്കപ്പെട്ടു് വെള്ളവും കാർബൺഡൈഓക്സൈഡുമായി തീരുമ്പോഴേയ്ക്കു് 38 എ. ടി. പി. തന്മാത്രകളുണ്ടാക്കപ്പെടുന്നു. എ. ടി. പി. തന്മാത്രകളിൽ ശേഖരിക്കപ്പെടുന്ന ഊർജം മുഴുവനും കോശത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആവശ്യനുസരണം വിനിയോഗിക്കപ്പെടുന്നു. ഒരു എ. ടി. പി. തന്മാത്ര ഉദ്ദേശം 1000 കലോറി ഊർജം നൽകുന്നു. അപ്പോൾ ആകെ 38,000 കലോറി ഊർജമാണു് ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നു ലഭിയ്ക്കുന്നതു്. എന്നാൽ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ ഏകദേശം 69,000 കലോറി ഊർജമുണ്ടു്. അതിന്റെ 55% മാത്രമേ ഈ പ്രവർത്തനങ്ങളിലൂടെ ലഭിയ്ക്കുന്നുള്ളൂ. ബാക്കി അധികവും ഈ രാസപ്രക്രിയയ്ക്കിടയിൽതന്നെ ഉപയോഗിയ്ക്കപ്പെടുന്നു.

ഈ സുദീർഘമായ രാസപ്രക്രിയകൾ നടക്കാൻ ഏറെ സമയം വേണ്ടിവരുമെന്നു് തോന്നിയേക്കാം. എന്നാലിതു് വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണു് നടക്കുന്നതു്. കൂടിയതു് ഒരു മിനിറ്റു്. അതായതു്, ഓരോ മിനിറ്റിലും, നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് തന്മാത്രകൾ ഈ രാസപ്രവർത്തനങ്ങളിലൂടെയെല്ലാം കടന്നുപോയി കാർബൺ ഡൈഓക്സൈഡും ജലവുമായി തീരുകയും അത്യധികം ഊർജം ഉല്പാദിപ്പിയ്ക്കുകയും ചെയ്യുന്നു. ഈ ഊർജം ഉല്പാദിപ്പിയ്ക്കപ്പെടുന്നതിനനുസരിച്ചു് ശേഖരിയ്ക്കപ്പെടുകയും നിരന്തരം ചെലവഴിയ്ക്കപ്പെടുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു.

ഗ്ലൂക്കോസിൽ ഇത്രയധികം ഊർജം എവിടെനിന്നു വന്നു എന്ന ചോദ്യം പ്രസക്തമാണു്. അന്തിമവിശകലനത്തിൽ അതു വന്നു ചേരുന്നതു് സൂര്യന്റെ അന്തമറ്റ ഊർജസംഭരണത്തിൽ നിന്നാണെന്നു് കാണാം. പത്രഹരിതകത്തിന്റെ സഹായത്തോടെ സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന ഊർജം എ. ടി. പി. രൂപത്തിൽ ശേഖരിച്ചു് അതിന്റെ സഹായത്തോടെ കാർബൺഡൈഓക്സൈഡും വെള്ളവും ചേർത്തു് ഗ്ലൂക്കോസ് നിർമ്മിക്കുന്ന ജോലി നിർവഹിക്കുന്നതു് സസ്യങ്ങളാണല്ലോ. അങ്ങനെ സൂര്യനിൽനിന്നു് ശേഖരിക്കപ്പെടുന്ന ഊർജമാണു് മറ്റു ജീവികളിൽ ചെലവഴിക്കപ്പെടുന്നതു്.

മരണവും ആത്മാവും

സാധാരണയായി, നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായകഘടകമായി നാം കണക്കാക്കിവരുന്ന പ്രാണവായുവിന്റെ അഥവാ ഓക്സിജന്റെ പങ്ക് ജൈവപ്രക്രിയയിൽ എന്താണെന്നു് വ്യക്തമായല്ലോ. ആ നിലയ്ക്കു്, ഈ ഓക്സിജനു് പ്രാണവായു എന്ന പേരു് വരാനുള്ള കാരണത്തെക്കുറിച്ചും അതിലടങ്ങിയിട്ടുള്ള അബദ്ധധാരണയെക്കുറിച്ചും അല്പം ചിലതു് വിശദമാക്കേണ്ടതുണ്ടു്. ശരീരത്തെ ജൈവാവസ്ഥയിൽ നിലനിർത്തുന്നതിനു് ആവശ്യമാണെന്നു കരുതപ്പെട്ടിരുന്ന ജൈവശക്തി ഈ ഓക്സിജനിലാണു് അടങ്ങിയിരിക്കുന്നതെന്നും, അതു് അവസാനമായി നഷ്ടപ്പെട്ടുപോകുമ്പോഴാണു് മരണം സംഭവിക്കുന്നതെന്നുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു് ഓക്സിജനു് പ്രാണവായു എന്ന പേരു സിദ്ധിച്ചതു്. ഈ വിശ്വാസം തികച്ചും വസ്തുതയ്ക്കു് നിരക്കാത്തതാണെന്നു് പറയേണ്ടതില്ലല്ലോ.

ഒരു ശരീരത്തെ ജൈവാവസ്ഥയിൽ നിലനിർത്തുന്നതു്, മുകളിൽ വിവരിച്ചതുപോലുള്ള പ്രവർത്തനങ്ങൾ കോശങ്ങളിൽ നടക്കുകയും ഊർജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണു്. ഈ പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നതിനു്, ഒരു ജീവശരീരത്തിലുള്ള വസ്തുക്കളെ കൂടാതെ പുറത്തുനിന്നും ചില വസ്തുക്കളാവശ്യമുണ്ടു്. ഇവയിലേറ്റവും പ്രധാനമായതു് ഓക്സിജനും, ഗ്ലൂക്കോസ് തുടങ്ങിയ ജൈവരാസവസ്തുക്കളുമാണു്. ശ്വസനം വഴി ഓക്സിജൻ ലഭിക്കുന്നു. ഭക്ഷണം വഴി ഗ്ലൂക്കോസ് തുടങ്ങിയവയും. ഊർജോല്പാദനത്തിൽ ഇവ വഹിക്കുന്ന സുപ്രധാന പങ്കു് എന്താണെന്നു് നാം കണ്ടു. ഈ നിരന്തരമായ ഊർജോല്പാദനപ്രക്രിയ എപ്പോൾ നിലയ്ക്കുന്നുവോ അപ്പോൾ, ഊർജത്തിന്റെ അഭാവത്തിൽ എല്ലാ ജൈവപ്രവർത്തനങ്ങളും നിലയ്ക്കുന്നു. ഈ സമയത്തു് ശരീരത്തിൽ നിന്നു് ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. ഊർജം നഷ്ടപ്പെടുകയല്ല, നിരന്തരമായ ഊർജോല്പാദനം നിലയ്ക്കുകയാണു മരണസമയത്തു് സംഭവിക്കുന്നതു്. അപ്പോൾ, മരണസമയത്തു് ശരീരത്തിൽ നിന്നും ജീവശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഒരു ആത്മാവു് നഷ്ടപ്പെടുന്നുണ്ടെന്ന പഴയ വിശ്വാസം എത്ര അർത്ഥശൂന്യമാണെന്നു വ്യക്തമാണല്ലോ.

ഊർജോല്പാദനപ്രക്രിയയിൽ പ്രധാന പങ്കുവഹിയ്ക്കുന്നതു് എൻസൈമുകളാണെന്നു പറഞ്ഞുവല്ലോ. ഈ എൻസൈമുകൾ പ്രോട്ടീനുകളാണു്. ഓരോ കോശത്തിലെ പ്രവർത്തനങ്ങൾക്കും ആവശ്യമായ എൻസൈമുകളെ നിർമ്മിയ്ക്കുന്നതിന്റെ ചുക്കാൻ പിടിക്കുന്നതു് ആ കോശത്തിലെ ക്രോമസങ്ങളിലടങ്ങിയ ജീനുകളാണു്. ഓരോ ജീവിയിലെയും ജൈവപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീനുകൾ അതിനു ലഭിക്കുന്നതു് മാതാപിതാക്കളിൽ നിന്നാണു്. പരമ്പരയാ പകർത്തപ്പെടുന്ന പാരമ്പര്യവാഹികളാണവ. ഇങ്ങനെ ബീജകോശങ്ങൾ വഴി പകർത്തപ്പെടുന്ന ജീനുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഒരു ജീവി, ചുറ്റുപാടിൽ നിന്നു് ഓക്സിജനും പോഷകവസ്തുക്കളും സമാർജിച്ചു് ജീനുകൾ നിർമ്മിക്കുന്ന എൻസൈമുകളുടെ കാർമ്മികത്വത്തിൽ നിരന്തരമായ ഊർജോല്പാദനം നടത്തുന്നതിലൂടെയാണു് സജീവമായി നിലനിൽക്കുന്നതു്. ഈ പ്രക്രിയകൾക്കെവിടെയെങ്കിലും തകരാറു് സംഭവിച്ചാൽ ഈ ഊർജോല്പാദനം പാടെ നിലയ്ക്കുന്നു. അതിനെ മരണമെന്നു നാം പറയുന്നു. ഉദാഹരണത്തിനു്, പൊട്ടാസ്യം സയനൈഡ് കഴിച്ചു് ആത്മഹത്യ ചെയ്യുന്ന ഒരാളിൽ സംഭവിക്കുന്നതെന്താണെന്നു നോക്കാം. മുകളിൽ വിവരിച്ച ഊർജോല്പാദന പ്രക്രിയയിൽ പങ്കുചേരുന്ന ഒട്ടനവധി എൻസൈമുകളിൽ ഒന്നിനെ നിഷ്ക്രിയമാക്കുകയാണു് പൊട്ടാസ്യം സയനൈഡ് ചെയ്യുന്നതു്. അതുമൂലം സങ്കീർണ്ണമായ ആ ഊർജോല്പാദന പ്രവർത്തന ശൃംഖല വിച്ഛേദിക്കപ്പെടുന്നു. അതോടെ എല്ലാ കോശങ്ങളിലും ഊർജോൽപാദനം നിലയ്ക്കുന്നു. നിമിഷങ്ങൾക്കുള്ളിലാണു് ഊർജോല്പാദനപ്രക്രിയകൾ നടക്കുന്നതെന്നു പറഞ്ഞുവല്ലോ. അതുകൊണ്ടാണു് പൊട്ടാസ്യം സയനൈഡ് കഴിച്ചാൽ മരണം ഉടനടിയുണ്ടാകുന്നതു്. ഓക്സിജനും ഗ്ലൂക്കോസും മറ്റും എല്ലാ കോശങ്ങളിലും എത്തിക്കാൻ പറ്റാത്ത വിധം രക്തചംക്രമണത്തിനോ ശ്വാസോച്ഛ്വാസത്തിനോ തടസ്സം നേരിട്ടാലും ഇങ്ങനെ മരണം സംഭവിക്കുന്നു. മറ്റു പല വിധത്തിലും ഇത്തരം തടസ്സങ്ങൾ രൂപം കൊണ്ട് മരണം സംഭവിക്കുന്നതാണു്.

ന്യൂക്ലിയസ്

ഇനി നമുക്കു് കോശത്തിനുള്ളിലേയ്ക്കുതന്നെ പോകാം. കോശദ്രവത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെക്കുറിച്ചെല്ലാം പ്രതിപാദിച്ചുകഴിഞ്ഞു. ഇനി കോശത്തിലെ ഏറ്റവും പ്രധാന ഭാഗമായ ന്യൂക്ലിയസ് അഥവാ കോശകേന്ദ്രമാണുള്ളതു്. കോശസ്തരത്തെപ്പോലെ തന്നെയുള്ള ഒരു സ്തരമാണു് ന്യൂക്ലിയസിനെ കോശദ്രവ്യത്തിൽ നിന്നു് വേർതിരിച്ചു നിറുത്തുന്നതു്. എങ്കിലും ഈ സ്തരത്തിലുള്ള ചെറു സുഷിരങ്ങൾ വഴി കോശദ്രവവും ന്യൂക്ലിയോപ്ലാസവും ചെറിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നു.

ന്യൂക്ലിയസ്സിലെ ഏറ്റവും പ്രധാന ഘടകമാണു് പാരമ്പര്യ വാഹികളായ ക്രോമസങ്ങൾ അഥവാ വർണ്ണതന്തുക്കൾ. ജീവികളുടെ എല്ലാ ഗുണഗണങ്ങളെയും നിയന്ത്രിക്കുന്ന ജീനുകൾ ഈ ക്രോമസങ്ങളിലാണു് സ്ഥിതിചെയ്യുന്നതു്. ക്രോമസങ്ങളുടെ എണ്ണവും ഘടനയും ഓരോ ജീവജാതിയിലും വ്യത്യസ്തവും സ്ഥായിയായിട്ടുള്ളതുമായിരിക്കും. ജീനുകളെക്കുറിച്ചു് അടുത്ത അദ്ധ്യായത്തിൽ വിശദമായി വിവരിക്കുന്നതു കൊണ്ടു് ഇവിടെ ഇത്രയും കൊണ്ടവസാനിപ്പിക്കാം.

വർണ്ണതന്തുക്കളെക്കൂടാതെ ഗോളാകൃതിയിലുള്ള ഒന്നോ രണ്ടോ ന്യൂക്ലിയോലസ് എന്ന ചെറുഭാഗങ്ങൾ ന്യൂക്ലിയസിൽ കാണാം. ക്രോമസങ്ങളിലെ ഡി. എൻ. എ.യുടെ സഹായത്തോടെ റിബോസോം നിർമ്മിക്കുന്നതു് ഈ ന്യൂക്ലിയോലസുകളാണു്. കോശദ്രവ്യത്തിൽ വെച്ചു് നടക്കുന്ന പ്രോട്ടീൻ നിർമ്മിതിയിൽ അതിപ്രധാനമായ പങ്കുവഹിക്കുന്നവയാണു് റിബോസോമുകൾ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഈ റിബോസോമുകളിൽ പ്രധാനമായുള്ളതു് ആർ. എൻ. എ യാണു്. ആകെ മൂന്നു തരം ആർ. എൻ. എ.കളിൽ ഒന്നു് ഇതാണു്. ഈ ആർ. എൻ. എ. നിർമ്മിയ്ക്കേണ്ടതു് ഡി. എൻ. എ.യാണെങ്കിലും അവയ്ക്കു നിയതമായ രൂപം കൊടുത്തു് റിബോസോമാക്കി കോശദ്രവ്യത്തിലേയ്ക്കു് അയയ്ക്കുന്ന ജോലി നിർവഹിയ്ക്കുന്നതു് ന്യൂക്ലിയോലസുകളാണു്.

സാമാന്യമായി ഒരു ജീവകോശത്തിന്റെ ഘടന ഇതാണെങ്കിലും, വിവിധ ജീവികളിലും, ഒരേ ജീവിയിൽ തന്നെ വ്യത്യസ്ത അവയവങ്ങളിലും കോശഘടനയിലും പ്രവർത്തനത്തിലും കാര്യമായ അന്തരം കാണാം. വ്യത്യസ്ത കൃത്യങ്ങൾ നിർവഹിയ്ക്കേണ്ടിവരുന്ന കോശങ്ങളുടെ ഘടനയും അതിനനുസരിച്ചു് വ്യത്യാസപ്പെട്ടിരിയ്ക്കും.