close
Sayahna Sayahna
Search

റെസ്റ്റോറന്റ്


‌← അഷ്ടമൂർത്തി

റെസ്റ്റോറന്റ്
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

റെസ്റ്റോറന്റ്

റെസ്റ്റോറന്റില്‍ തിരക്കു കുറവായിരുന്നു. സീറ്റ് സൗകര്യം പോലെ തിരഞ്ഞെടുക്കാം. ഉച്ചനേരത്താണ് ഇവിടം വന്ന് കാണേണ്ടത്. വല്ലവരും എഴുന്നേല്‍ക്കുന്നുണ്ടോ എന്ന് ഉന്നം വെച്ച് നില്‍ക്കണം. ഇരിക്കാന്‍ തരപ്പെട്ടാലും സ്വസ്ഥതയോടെ ഊണു കഴിക്കാന്‍ പറ്റില്ല. ഊഴം കാത്തു നില്ക്കുന്നവരുടെ അക്ഷമപൂണ്ട കണ്ണുകള്‍ വന്നു തറയ്ക്കുമ്പോള്‍ കുറ്റബോധമാണ് തോന്നുക.

അപരാഹ്നത്തിലെ രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും തിരക്കുതന്നെ. ജോലി കഴിഞ്ഞു മടങ്ങുന്നവര്‍ സഹപ്രവര്‍ത്തകരോടൊത്ത് റെസ്‌റ്റോറന്റില്‍ കയറുന്നത് അപ്പോഴാണ്. ഇപ്പോള്‍ അവരും ഒഴിഞ്ഞുപോയിരിക്കുന്നു. സമയം എട്ടര കഴിഞ്ഞുവല്ലോ.

ഒഴിഞ്ഞ മൂലയിലെ ജാലകത്തിനെതിരെയുള്ള സീറ്റ് അയാള്‍ തിരഞ്ഞെടുത്തു. ഇവിടെയിരുന്നാല്‍ എതിരെയുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണി കാണാം. കഴിഞ്ഞതവണ ഇവിടെ വന്നപ്പോള്‍ അവിടെ ഒരു പ്രേമനാടകം അരങ്ങേറുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി.

സണ്‍മൈക്ക പതിച്ച ബെഞ്ച് മാസികകൊണ്ട് തട്ടി വെടിപ്പാക്കി അയാള്‍ ഇരുന്നു. കൈയിലെ സൂട്ട്‌കേസ് ചുവരിനോട് ചേര്‍ത്തുവെച്ചു. എതിരേയുള്ള സീറ്റില്‍ ആരുമില്ല. അവിടേക്ക് ഇനി ആരും വരരുതേ എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ എത്രനേരം വേണമെങ്കിലും മനോരാജ്യം കണ്ടുകൊണ്ടിരിക്കാമല്ലോ.

ബാല്‍ക്കണി നീലനിറത്തിലുള്ള ഗ്രൗണ്ട് ഗ്ലാസ്സ് കൊണ്ട് അടച്ചിട്ടിരുന്നു. ‘ശാന്തികുടീരം’ എന്നുപേരുള്ള ആ കെട്ടിടത്തിനും ഓഡിറ്റോറിയത്തിനുമിടയ്ക്ക് ആകാശത്തിന്റെ ഇരുണ്ട ഒരു ദീര്‍ഘചതുരം.

അയാള്‍ ചുറ്റും നോക്കി. വെയ്റ്റര്‍മാര്‍ ആരും തന്നെ ശ്രദ്ധിക്കുന്നില്ല. എവിടെച്ചെന്നാലും ഇതു പതിവാണല്ലോ എന്ന് അയാള്‍ ഓര്‍ത്തു. ആരുടേയും ശ്രദ്ധയാകര്‍ഷിക്കാത്ത ഒരു മുഖം. പ്രത്യേകതയൊന്നുമില്ലാത്ത കണ്ണും മൂക്കും ചുണ്ടും. പുരികങ്ങള്‍ സമൃദ്ധങ്ങളാണെങ്കിലും ഒന്നായിച്ചേരാന്‍ ഭാവിച്ച് വേണ്ടെന്നു വെച്ചതുപോലെ അവയ്ക്കിടയില്‍ നേരിയ രോമങ്ങള്‍ മാത്രം എഴുന്നുനില്ക്കുന്നു. അല്ലെങ്കില്‍ ഒരു കൂട്ടുപുരികത്തിന്റെ വ്യക്തിത്വമെങ്കിലും തനിക്കു കിട്ടുമായിരുന്നല്ലോ.

മറ്റുള്ളവര്‍ തന്റെ മുഖം എങ്ങനെ തിരിച്ചറിയുന്നു എന്ന് പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഇത് മനസ്സിലുറപ്പിച്ചു നടക്കുന്ന അവര്‍ക്ക് അസാമാന്യ ബുദ്ധിശക്തി ഉണ്ടാവണം.

മാസിക നിവര്‍ത്തി വെറുതെ മറിച്ചുനോക്കിക്കൊണ്ടിരുന്നു. വെയ്റ്റര്‍ വരുമ്പോള്‍ വരട്ടെ. തനിക്ക് ബദ്ധപ്പാടൊന്നുമില്ല. രമേശന്‍ ഒമ്പതു മണിക്കു മുമ്പ് വന്നുചേരാന്‍ വഴിയില്ലല്ലോ.

വന്നത് വെയ്റ്ററായിരുന്നില്ല. എതിരെയുള്ള സീറ്റിലേക്ക് ഒരു ചെറുപ്പക്കാരനും ഒരു പെണ്‍കുട്ടിയുമായിരുന്നു. മര്യാദ പാലിച്ച് അയാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് നോക്കിയില്ല. സാമാന്യത്തിലധികം തടിച്ച ചെറുപ്പക്കാരന്‍ അവളെ ആദ്യം ഇരുത്തിയിട്ട് മേശയ്ക്കും ബെഞ്ചിനുമിടയില്‍ സ്വന്തം ദേഹം ഒരുവിധം കടത്തിവെച്ച് ഇരുന്നു.

മുഷിഞ്ഞ ഷര്‍ട്ടിട്ട ഒരു ചെറുക്കന്‍ വെള്ളം നിറച്ച ഗ്‌ളാസ്സുകളുടെ ട്രേയുമായി അടുത്തുവന്നു. നിറഞ്ഞ മൂന്ന് ഗ്‌ളാസ്സുകള്‍ മേശപ്പുറത്തു വെച്ച് അവന്‍ തിരിച്ചുപോയപ്പോള്‍ അയാള്‍ ഒരു ഗ്‌ളാസ്സ് കൈയിലെടുത്തുപിടിച്ചു. പിന്നെ പിടുത്തം കുതറിവിടുവിച്ച ജിജ്ഞാസ പെണ്‍കുട്ടിയുടെ മുഖത്തു ചെന്നുവീണപ്പോള്‍ ഗ്‌ളാസ്സിലെ വെള്ളം മോന്താന്‍ മറന്ന ഒരു നിമിഷാര്‍ദ്ധം: നീയോ? കട്ടിയുള്ള വരകള്‍പോലെ നിന്റെ കണ്ണുകള്‍; ജീവന്‍ മരവിച്ചുനില്ക്കുന്ന അവയ്ക്ക് ഫ്രെയിമിട്ട കണ്ണടച്ചില്ലുകള്‍; ഞാനിവ കണ്ടു മറന്നതല്ലല്ലോ.

വെയ്റ്റര്‍ അടുത്തു വന്നു. തടിയന്‍ പെണ്‍കുട്ടിയോടാലോചിച്ച് എന്തോ ഓര്‍ഡര്‍ ചെയ്തു. അയാള്‍ വെയ്റ്ററുടെ മുഖത്തുതന്നെ നോക്കിനില്ക്കുകയായിരുന്നു. വെയ്റ്റര്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പുറത്തുതട്ടി പറഞ്ഞു.

‘എനിക്ക് ഒരു ചായ.’

വെയ്റ്റര്‍ അതു കേട്ടുവെന്നു തോന്നിയില്ല. നേരിയ ആ തലയിളക്കല്‍ തനിക്കു വേണ്ടിയായിരുന്നു എന്ന സമാധാനിക്കുകയാണ് നല്ലതെന്ന് അയാള്‍ തീരുമാനിച്ചു.

മാസികയില്‍ മുഴുകിയിരിക്കുകയാണെന്നു നടിച്ചു. പക്ഷേ, എതിരെയിരിക്കുന്നവളേക്കുറിച്ചായിരുന്നു ചിന്തയൊക്കെയും. നീ സുമംഗലിയാണെന്ന് ഞാനിതുവരെ അറിഞ്ഞില്ല. റീഗലിനു മുന്നിലും റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്ററിന്റെ ചുവട്ടിലും എണ്‍പത്തിനാലാം നമ്പര്‍ ബസ്സിന്റെ സ്റ്റോപ്പിലും നീ ആരെയോ കാത്തുനില്ക്കുന്നത് കണ്ടപ്പോഴൊക്കെ ഞാനത് ഊഹിച്ചെടുക്കേണ്ടതായിരുന്നു. അതിനു പകരം നീയെന്നെ നോക്കി ഒന്നോ രണ്ടോ വട്ടം ചിരിച്ചുവെന്നും കട്ടിവരകളായ കണ്ണുകള്‍ എനിക്കായി തുറന്നുപിടിച്ചെന്നും മറ്റും മറ്റും ഞാന്‍ ധരിച്ചുപോയി.

നീയവിടെയൊക്കെ ആരെയാണ് കാത്തുനിന്നത്, കണ്ണടവെച്ച പെണ്‍കുട്ടീ? ഈ തടിയനെത്തന്നെയായിരുന്നുവെങ്കില്‍ അതിലും വലിയ ഒരു ദുരന്തമില്ല. എന്റെ അനുശോചനങ്ങള്‍ സ്വീകരിക്കൂ.

മേശയ്ക്കടിയിലൂടെ അവളുടെ വിളര്‍ത്തുമെലിഞ്ഞ കാലടികള്‍ കാണാനുണ്ട്.

ഒരഭ്യാസിയുടെ കൈയൊതുക്കത്തോടെ ഭക്ഷണസാധനങ്ങളുമായി വെയ്റ്റര്‍ വന്നു. എതിരേയിരുന്നവര്‍ക്ക് അത് നിരത്തിവെച്ചുകൊടുത്ത് അയാള്‍ക്കുള്ള ചായക്കപ്പും മുന്നില്‍ വെച്ച് മടങ്ങിപ്പോയി.

ഒഴിഞ്ഞ ഗ്‌ളാസ്സ് എടുത്തുകൊണ്ടുപോവാന്‍ വന്ന ചെക്കനാണ് കൈപ്പിഴ പറ്റിയത്. മാറ്റിവെക്കുന്നതിനിടയില്‍ വെള്ളം നിറച്ച ഗ്‌ളാസ്സ് തട്ടിമറിഞ്ഞു. വെള്ളം മേശപ്പുറം മുഴുവനും പരന്ന് നിലത്തേക്കു വീണു തുടങ്ങി. പെണ്‍കുട്ടി സാരിയൊതുക്കി ഒരരികിലേക്ക് നീങ്ങിയിരുന്നു.

തടിയന്‍ ശബ്ദമുയര്‍ത്തി. ‘ഞങ്ങള്‍ വല്ലതും കഴിക്കാനാണ് ഇവിടെ വന്നത് കുളിക്കാനല്ല.’ പിന്നെ ചെക്കന്റെ മുഷിഞ്ഞ കോളറില്‍ കടന്നുപിടിച്ച് അലറി. ‘നിന്റെ മാനേജര്‍ എവിടെ?’

കൗണ്ടറിലിരിക്കുന്ന ആള്‍ അത് കേട്ടു. അദ്ദേഹം ചെക്കനെ അടുത്തേക്കു വിളിച്ചു. മടിച്ചുമടിച്ചു കൗണ്ടറിലെത്തിയ ചെക്കന്റെ തലയ്ക്ക് മാനേജര്‍ തുരുതുരെ നാലഞ്ചു കിഴുക്കു വെച്ചുകൊടുത്തു. ഗ്‌ളാസ്സുകളുടെ ട്രേ ഒരരികില്‍ വെക്കാന്‍ ആജ്ഞാപിച്ചു. പിന്നെ അവന്റെ പിന്‍കഴുത്തില്‍ പിടിച്ച് പുറത്തേക്കു തള്ളി. ‘കടന്നു പോ! ഇനി നീ ഇവിടെ ജോലിക്കു നില്ക്കണ്ട.’ ചെക്കന്‍ ഒന്നും മിണ്ടാതെ പുറത്തുപോയി.

സംഭവമാകെ അടക്കിപ്പിടിച്ച രോഷത്തോടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.

‘നിങ്ങളെന്തു വൃത്തികേടാണ് ചെയ്തത് മിസ്റ്റര്‍,’ മേശപ്പുറത്തു വിരല്‍ കൊണ്ടു തട്ടി അയാള്‍ തടിയന്റെ ശ്രദ്ധ ക്ഷണിച്ചു. ‘ആ പാവത്തിന്റെ ജോലി പോയി നിങ്ങള്‍ കാരണം. ഒരു കുടുംബമാണ് ഇതുകൊണ്ട് അനാഥമായിട്ടുണ്ടാവുക. നിങ്ങള്‍ക്കറിയുമോ?’

തടിയന്‍ മുഖമുയര്‍ത്തി നോക്കി. പിന്നെ അത് കേട്ടതായി ഭാവിക്കാതെ മുഖം കുനിച്ച് തീറ്റ തുടങ്ങി. സാരി കുടഞ്ഞ് വെള്ളം അകറ്റുകയായിരുന്ന പെണ്‍കുട്ടി അയാളെ നോക്കി. ‘നിങ്ങളും ഒരു മനുഷ്യനല്ലേ?’ അയാള്‍ ശബ്ദമുയര്‍ത്തി. ‘ഒരു തെറ്റൊക്കെ ആര്‍ക്കും പറ്റും. അതിന് ഇങ്ങനെ കിടന്നൊച്ചവെച്ചാല്‍?’

‘ഇപ്പോള്‍ ഒച്ചവെയ്ക്കുന്നത് നിങ്ങളാണ്,’ തടിയന്‍ ശബ്ദമടക്കി പറഞ്ഞു. പെണ്‍കുട്ടി വരപോലുള്ള കണ്ണുകള്‍ തടിയനു നേര്‍ക്കു തിരിച്ചു. അതില്‍ നിറഞ്ഞുനില്ക്കുന്ന നിശ്ശബ്ദമായ അപേക്ഷ തടിയന്‍ മനസ്സിലാക്കിയിരിക്കാം. പകുതി അവളോടും പകുതി അയാളോടുമായി പിറുപിറുത്തു:‘യുമൈന്‍ഡ്യുവറോണ്‍ബിസിനസ്സ്.’

അയാള്‍ പിന്നെ ഒന്നും മിണ്ടിയില്ല. ചായ കുടിച്ചുകൊണ്ട് ജാലകത്തിനു പുറത്തേക്കു നോക്കിയിരുന്നു.

പെണ്‍കുട്ടിയും കുനിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചുതുടങ്ങി. അപ്പോഴാണ് അവളുടെ നെറുകയില്‍ സിന്ദൂരമില്ലെന്ന് അയാള്‍ ശ്രദ്ധിച്ചത്. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് അനുമാനിച്ചത് തെറ്റാവാം. പെഡസ്ട്രിയന്‍ ക്രോസിങ്ങിനു മുമ്പില്‍ പച്ചമനുഷ്യന്‍ തെളിയുന്നുതു കാത്ത് അക്ഷമരായി നില്ക്കുന്ന ജനക്കൂട്ടത്തിനിടയിലും പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന വണ്ടി ലക്ഷ്യമാക്കി കുതിക്കുന്നവര്‍ക്കിടയിലും കണ്ടതൊക്കെ ആരെയോ തേടിയിട്ടെന്നപോലെ തിടുക്കപ്പെടുന്ന നിന്നെയാണല്ലോ. അത് ഈ മൊശകോടനെപ്രതിയായിരുന്നുവെങ്കില്‍ കഷ്ടം തന്നെ. എന്റെ അനുതാപങ്ങള്‍ ഏറ്റുവാങ്ങൂ.

പക്ഷേ, സിന്ദൂരത്തിന്റെ അഭാവംകൊണ്ടു മാത്രം അവര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ലെന്നനുമാനിക്കുന്നതും ശരിയെല്ലെന്ന് അയാള്‍ക്കു തോന്നി.

പുറത്ത് മഴ പെട്ടെന്ന് കോരിച്ചൊരിഞ്ഞു തുടങ്ങി. വെളുത്ത പാട പോലെയുള്ള മഴ ജാലകത്തിനപ്പുറമുള്ള കാഴ്ചകളെ അവ്യക്തമാക്കി. ഒരു കാറ്റില്‍ ജനാലയിലൂടെ തൂവാല്‍ അടിച്ചുകയറിയപ്പോള്‍ തടിയന്‍ ദേഷ്യത്തോടെ തിരിഞ്ഞുനോക്കി.

റെസ്‌റ്റോറന്റിലേക്ക് ഒരു കൂട്ടം ആളുകള്‍ കടന്നുവന്നത് അപ്പോഴാണ്. ഏറെത്താമസിയാതെ സീറ്റുകളെല്ലാം നിറഞ്ഞത് അയാള്‍ ശ്രദ്ധിച്ചു. അടുത്ത തീയേറ്ററിലെ ഫസ്റ്റ്‌ഷോ കഴിഞ്ഞിട്ടുണ്ടാവാം. ഒമ്പതു മണിയായല്ലോ. രമേശന്‍ ഇനി ഏതു നിമിഷവും എത്തിയേക്കാം.

അയാള്‍ എഴുന്നേറ്റ് വാഷ് ബേസിനടുത്തേക്ക് നടന്നു. കണ്ണാടിക്കുമുകളില്‍ ‘തലമുടി ചീകരുത്’ ‘തുപ്പരുത്’ എന്നീ അനുശാസനകള്‍ വായിച്ചു. അയാള്‍ക്ക് ചിരി വന്നു. ഇവിടം താക്കീതുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു: ‘കൗണ്ടറില്‍ത്തന്നെ പണം കൊടുക്കുക’, ‘ഭക്ഷണസാധനങ്ങള്‍ പുറത്തുനിന്നു കൊണ്ടുവരരുത്’, ‘നായ്ക്കളെ കൊണ്ടുവരാന്‍ പാടില്ല’ അങ്ങനെ അങ്ങനെ ഇനിയും വേണമെങ്കില്‍ പലതും എഴുതിച്ചേര്‍ക്കാം. ‘ചില്ലറയില്ലാതെ അകത്തു കടന്നു പോവരുത്’, ‘ഭക്ഷണം കഴിക്കുമ്പോള്‍ ചിരിക്കരുത്’, ‘വെള്ളം തട്ടി മറിക്കരുത്’…

മുഖം കഴുകി കര്‍ച്ചീഫെടുത്തു തുടച്ചു. തിരിച്ചുനടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു. ഭാവി ചരിത്രകാരന്മാര്‍ ഒരു പക്ഷേ, ഇങ്ങനെ എഴുതി വെച്ചേക്കും: അന്ന് ഭോജനശാലകളെന്ന തടവറകളുണ്ടായിരുന്നു ഈ നഗരത്തില്‍….

വീണ്ടും സീറ്റില്‍ വന്നിരുന്നപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് മുന്നിലെ തടിയനെ കാണാനില്ലല്ലോ എന്നായിരുന്നു. പെണ്‍കുട്ടി ഒന്നു ചിരിക്കാന്‍ ശ്രമിച്ചുവെന്നു തോന്നി. അയാള്‍ കണ്ണുതിരിച്ചു. എന്തിനാവാം സൗഹൃദത്തിന്റെ ഈ നുറുങ്ങ്? അതോ കണ്ണടയ്ക്കു പിന്നിലെ ആ വരക്കണ്ണുകള്‍ ലേശം വിടര്‍ന്നുവെന്നു തനിക്കു വെറുതെ തോന്നിയതോ?

മാസിക മടിയില്‍ വെച്ച് അയാള്‍ വെറുതെയിരുന്നു. പുറത്ത് മഴ കോരിച്ചൊരിയുകതന്നെയാണ്. അത്രവേഗം നിലയ്ക്കുന്ന ലക്ഷണമില്ല. സ്റ്റേഷനു പുറത്ത് ആകാശം വേര്‍പെട്ട ദു:ഖത്തില്‍ അലറിക്കരയുന്ന മഴയെ നോക്കി നിസ്സഹായനായി നില്ക്കുകയാവും രമേശന്‍.ചോദ്യഭാവവുമായി വന്ന വെയിറ്ററോട് അയാള്‍ ഒരു ചായ കൂടി പറഞ്ഞു.

പെണ്‍കുട്ടി തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി. അതറിഞ്ഞില്ലെന്നു നടിച്ച് അയാള്‍ മഴയിലേക്കുതന്നെ കണ്ണുനട്ടിരുന്നു.

നേരമിരുട്ടിയ നേരത്ത് ആള്‍ത്തിരക്കില്ലാത്ത ബസ് സ്റ്റോപ്പില്‍ ആരെയോ കാത്തിട്ടെന്നപോലെ നില്ക്കുന്ന ഒരംഗന. കുറെ നേരത്തേ കാത്തിരിപ്പിനുശേഷം അടുത്തുവന്ന് അടക്കിയ സ്വരത്തില്‍ ചോദിക്കുന്നു: ഒടുക്കത്തെ ബസ്സ് എപ്പോഴാണ്?

പറയുന്നു: അറിയില്ല.

ജനനിബിഡമായ നാലാംവാരമോടുന്ന ചിത്രം. ‘ഹൗസ്ഫുള്‍’ എന്ന ബോര്‍ഡുവെച്ച തീയേറ്ററിനു മുമ്പില്‍ ഒരംഗന: എക്‌സ്ട്രാ ടിക്കറ്റുണ്ടോ?

പറയുന്നു. ഇല്ല.

ആള്‍ത്തിരക്ക് ഒടുങ്ങിയ ഒരു റസ്‌റ്റോറന്റ്. കൂട്ടുകാരനെ കാത്തിരിക്കുന്ന ചെറുപ്പക്കാരന്‍. എതിരേയുള്ള സീറ്റിലെ വെളുത്തുമെലിഞ്ഞ പെണ്‍കുട്ടി ഇത്തിരി മുന്നിലേക്കാഞ്ഞിരിക്കുന്നു: നിങ്ങള്‍ ആരെയെങ്കിലും കാത്തിരിക്കുകയാണോ?

അതേ, കാത്തിരിക്കുകയാണ്. ഇനി അഥവാ അല്ലെങ്കിലും ഇന്നത്തെ എന്റെ രാത്രിയില്‍ നീ അതിഥിയല്ല. ക്ഷമിക്കൂ പെണ്‍കുട്ടീ. ഇത്തിരി അപ്രിയം പറയേണ്ടിവരുന്നു. നിന്റെ കണ്ണുകള്‍ നിറയെ ശൂന്യതയാണ്. ഇനി ഒരു ഗീര്‍വാണവും പ്രയോഗിക്കുന്നു. ഒരിക്കല്‍ക്കൂടി, ക്ഷമിക്കൂ, എനിക്ക് ജീവിതമാണ് വലുത്.

വെയ്റ്റര്‍ മടങ്ങിവരാന്‍ കുറച്ചു താമസിച്ചു. ചായ മുമ്പില്‍ വെച്ചപ്പോള്‍ അയാള്‍ പെണ്‍കുട്ടിക്കു മുന്നിലെ ഒഴിഞ്ഞ കിണ്ണങ്ങള്‍ കണ്ടു. തടിയന്‍ എങ്ങോട്ടുപോയോ ആവോ. അയാളുടെ കണ്ണുകള്‍ അറിയാതെ പെണ്‍കുട്ടിയുടെ മുഖത്തേക്കു കയറിച്ചെന്നു.

അപ്പോള്‍ അവള്‍ ചിരിച്ചു. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കര്‍ച്ചീഫെടുത്ത് ചുണ്ടു തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

‘നിങ്ങള്‍ ആരെയെങ്കിലും കാത്തിരിക്കുകയാണോ?’

കേട്ടതു ശരിയാണോ എന്ന് സംശയിച്ചു. ‘എന്താ നിങ്ങള്‍ ചോദിച്ചത,്’ അയാള്‍ തിരക്കി.

പെണ്‍കുട്ടി ചോദ്യം ആവര്‍ത്തിച്ചു.

‘അതെ, ഒരു കൂട്ടുകാരനെ കാത്തിക്കുകയാണ്.’

പെണ്‍കുട്ടി വീണ്ടും ചിരിച്ചു. ചുണ്ടുകള്‍ ചിരിക്കുമ്പോഴും തറച്ചുനില്ക്കുന്ന ഈ കൃഷ്ണമണികള്‍ കാണുമ്പോള്‍ പറയട്ടേ നിന്നോട്? എനിക്ക് എന്റെ പഴയ തറവാടിന്റെ പൂമുഖത്ത് ചില്ലിട്ടുവെച്ച മരിച്ചുപോയവരുടെ ഛായാപടങ്ങള്‍ ഓര്‍മ്മ വരുന്നു.

‘എപ്പോള്‍ വരാമെന്നാണ് അയാള്‍ പറഞ്ഞത്?’

ആ ചോദ്യം അയാള്‍ക്ക് ഇഷ്ടമായില്ല. എന്നിട്ടും പറഞ്ഞു. ‘ഒമ്പതുമണിയോടെ എത്തേണ്ടതാണ്. മഴ കാരണമാവാം വൈകുന്നത്. തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോഴല്ലേ മാര്‍ച്ച് മാസത്തില്‍ ഈ മഴ?’

പുറത്ത് മഴ ഏറെക്കുറെ നിലച്ചിരുന്നു. ആകാശത്തിന്റെ ദീര്‍ഘചതുരത്തില്‍ ഏതോ പൂര്‍വ്വകാലസ്മരണയുമായി ഒരീറന്‍ നക്ഷത്രം.

‘ഞാനും കാത്തിരിക്കുകയാണ്,’ അവള്‍ പറഞ്ഞു.

അതയാള്‍ക്കു മനസ്സിലായി. എന്നിട്ടും ഇത്തിരിനേരം ഒന്നറച്ചിരുന്നു. പിന്നെ മുന്നിലെ ഒഴിഞ്ഞ കിണ്ണങ്ങളിലേയ്ക്കു ചൂണ്ടി ചോദിച്ചു. ‘എവിടെപ്പോയി ഇടയ്ക്കുവെച്ച്?’

അതവള്‍ കേട്ടില്ല. ദൃഷ്ടി താഴ്ത്തിയിരിക്കുകയായിരുന്ന അവള്‍ സ്വയമെന്നപോലെ പറഞ്ഞു. ‘എനിക്കിന്ന് ഒറ്റയ്ക്കു മടങ്ങാന്‍ പറ്റില്ല.’ പിന്നെ മുഖമുയര്‍ത്തി. ‘നമുക്ക് ഒന്നിച്ചുപോവാം.’ വിരല്‍ നീട്ടി അയാളുടെ കയ്യില്‍ തൊട്ടുകൊണ്ട് അവള്‍ തുടര്‍ന്നു. ‘കുറച്ചുനേരം കൂടി കാത്തിരിക്കാം.’

അത് അയാള്‍ പ്രതീക്ഷിച്ചതായിരുന്നു. ഇത്രയും നേരത്തെ പ്രകടനങ്ങളൊക്കെയും അത്തരമൊരാവശ്യത്തിന് കളമൊരുക്കുകയായിരുന്നല്ലോ. തണുത്ത ആ സ്പര്‍ശനത്തില്‍ നിന്ന് അയാള്‍ കൈകള്‍ മെല്ലെ വലിച്ചെടുത്തു.

ജീവനില്ലാത്ത കുറേ സമയമാത്രകള്‍.

അയാള്‍ ചുറ്റും നോക്കി. റെസ്‌റ്റോറന്റിലെ തിരക്ക് ഒഴിഞ്ഞിരിക്കുന്നു. മറ്റൊരു മൂലയില്‍ രണ്ടുപേരിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. അവരും ഏറെത്താമസിയാതെ എഴുന്നേറ്റുപോവുമെന്നു തോന്നി.

വെയ്റ്റര്‍ വീണ്ടും അടുത്തു വരുന്നതു കണ്ടപ്പോള്‍ അയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞു. ‘എന്തെങ്കിലും ഓര്‍ഡര്‍ ചെയ്‌തോളു. ഇവിടെ വെറുതെയിരിക്കുന്നത് അവര്‍ക്കിഷ്ടമാവില്ല.’

‘എനിക്കൊന്നും വേണ്ട.’

‘എന്നാലും.’

വെയ്റ്റര്‍ അടുത്തുവന്നപ്പോള്‍ അയാള്‍ രണ്ടു ചായ പറഞ്ഞു.

ഇത്തവണ വെയ്റ്റര്‍ ചായ വേഗംതന്നെ കൊണ്ടുവന്നു. റെസ്‌റ്റോറന്റില്‍ ബാക്കിയുണ്ടായിരുന്ന മറ്റു രണ്ടുപേരും എഴുന്നേറ്റു പോയി കൈ കഴുകുന്നതു കണ്ടു. അവര്‍ പണം കൊടുത്ത് പുറത്തു കടന്നപ്പോള്‍ ഇനി റെസ്‌റ്റോറന്റില്‍ പെണ്‍കുട്ടിയും താനും മാത്രമേ ബാക്കിയുള്ളുവെന്ന് അയാളറിഞ്ഞു. അയാള്‍ എന്തോ ചോദിക്കാനാഞ്ഞ് പെണ്‍കുട്ടിയുടെ മുഖത്തു നോക്കി.

‘നിങ്ങളുടെ കൂട്ടുകാരന്‍ എപ്പോള്‍ വരാമെന്നാണ് പറഞ്ഞത്?’

താന്‍ അങ്ങോട്ടു ചോദിക്കാനാഞ്ഞതാണ് അവള്‍ തന്നോടു ചോദിച്ചത്. അതയാളെ അരിശനാക്കി. ‘ഒമ്പതരവരെ കാത്താല്‍ മതിയെന്നു പറഞ്ഞു.’

‘ഇപ്പോള്‍ സമയം എത്രയായി?’

‘പത്തുമണി കഴിഞ്ഞു.’

എന്നാലും പ്രതീക്ഷയോടെയാണ് ഇത്രനേരവുമിരുന്നത്. രമേശന്‍ ഒരിക്കലും കൃത്യസമയത്തിനെത്താറില്ല. ഒന്നും രണ്ടും മണിക്കൂറുകള്‍ വൈകുന്നത് അവനെക്കുറിച്ച് പുതുമയുമല്ല. കാത്തിരിപ്പിന്റെ അമര്‍ഷത്തില്‍ ശാപവാക്കുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുമ്പോഴാവും പരിഭവം അലിയിക്കുന്ന ചിരിയുമായി അവന്‍ പ്രത്യക്ഷപ്പെടുക.

പക്ഷേ, ഇന്ന് ഏതായാലും വൈകാന്‍ പാടില്ലാത്തതായിരുന്നു.

റെസ്‌റ്റോറന്റില്‍ തന്നെ ചൂഴ്ന്നു നില്ക്കുന്ന മൗനം അയാള്‍ക്കനുഭവപ്പെട്ടു. ഒരു കുറ്റവാളിയേപ്പോലെ അയാള്‍ ചുറ്റും നോക്കി. കൗണ്ടറിലിരിക്കുന്ന ആളുടെ ശ്രദ്ധ തന്നിലാണെന്നറിഞ്ഞു.

ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടില്‍ അയാള്‍ ചായ മൊത്തിക്കുടിച്ചുകൊണ്ടിരുന്നു.

രണ്ടു ചെക്കന്മാര്‍ ചൂലും ബക്കറ്റുമായി റെസ്‌റ്റോറന്റില്‍ ആവിര്‍ഭവിച്ചത് അപ്പോഴാണ്. അവര്‍ വന്നത് ഉള്ളില്‍നിന്നോ പുറത്തുനിന്നോ മനസ്സിലായില്ല. അവരിലൊരാള്‍ മാനേജര്‍ കഴുത്തിനു പിടിച്ചു പുറത്താക്കിയ ചെക്കനാണെന്ന് അയാള്‍ ശ്രദ്ധിച്ചു. അവര്‍ ബക്കറ്റിലെ വെള്ളം നിലത്തൊഴിച്ച് അടിച്ചുവാരാന്‍ തുടങ്ങുകയാണ്.

വെയ്റ്റര്‍ വീണ്ടും വന്നപ്പോള്‍ അയാള്‍ നിസ്സഹായനായിരുന്നു. ദയ യാചിക്കുന്നതുപോലെ പറഞ്ഞു.

‘രണ്ടു ചായകൂടി.’

‘സാര്‍,’ വെയ്റ്റര്‍ വിനയം നടിച്ചു. ‘ചായ കഴിഞ്ഞു. കടപൂട്ടാന്‍ പോവുകയാണ്. വേഗം എഴുന്നേല്ക്കണമെന്ന് മാനേജര്‍ പറയുന്നു.’

അയാള്‍ പെണ്‍കുട്ടിയുടെ മുഖത്തു നോക്കി.

‘എഴുന്നേല്ക്കാം,’ അവള്‍ പറഞ്ഞു. ‘നമുക്ക് പുറത്തിറങ്ങി കാത്തുനില്ക്കാം. എന്റെ കൂട്ടുകാരന്‍ വരാതിരിക്കില്ല.’

പക്ഷേ, എന്റെ കൂട്ടുകാരന്‍ ഇനി വരില്ല. യാത്ര തുടങ്ങാന്‍ ഇനി മിനിട്ടുകളേ ബാക്കിയുള്ളൂ. ഞങ്ങള്‍ ഇവിടെയല്ലെങ്കില്‍ സ്റ്റേഷനില്‍ കണ്ടുമുട്ടും. നിനക്കുവേണ്ടിയാണ് ഞാന്‍ എന്റെ വിലപ്പെട്ട സമയം പാഴാക്കിയത്. നിന്റെ വരാത്ത കൂട്ടുകാരനുവേണ്ടി.

‘എഴുന്നേല്ക്കൂ,’ അവള്‍ വീണ്ടും പറഞ്ഞു. ‘ഇനി ഇവിടെ ഇരിക്കുന്നതു ശരിയല്ല. സമയം കഴിഞ്ഞു.’

അയാള്‍ എഴുന്നേറ്റു ചുമരിനോടു ചേര്‍ത്തുവെച്ചിരുന്ന സൂട്ട്‌കേസെടുത്ത് വെയിറ്റര്‍ക്കു നേരെ തിരിഞ്ഞു.

‘ബില്ല് തന്നേയ്ക്കൂ.’

‘മാനേജര്‍സാറിന്റെ കൈയില്‍ കൊടുത്തിട്ടുണ്ട്.’

പെണ്‍കുട്ടിയുടെ പിന്നില്‍ അയാള്‍ കൗണ്ടറിനടുത്തേക്കു നീങ്ങി. മാനേജരുടെ മുഖത്ത് താന്‍ ഭയപ്പെട്ട ക്രൗര്യമില്ലെന്ന് അയാള്‍ മനസ്സിലാക്കി.

‘ഇതാ ബില്ല്.’

ബനിയനുള്ളിലിട്ട പേഴ്‌സ് തപ്പിയെടുക്കുന്നതിനിടയില്‍ അയാള്‍ ബില്ലിലേക്കു കണ്ണുപായിച്ചു. നടുങ്ങിപ്പോയി.

‘ഇതെന്താണ്? ഇരുനൂറുറുപ്പികയ്ക്കുള്ള എന്തുരുപ്പടിയാണ് ഞങ്ങള്‍ തിന്നത്?’

അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ മാനേജര്‍ അയാളുടെ ചോദ്യം കേട്ടതായി തോന്നിയില്ല.

‘ഇത് അനീതിയാണ്,’ അയാള്‍ ശബ്ദമുയര്‍ത്തി. ‘ഈരണ്ടു ഹാംബെര്‍ഗറിനും ടൊമാറ്റോ സാന്‍ഡ്‌വിച്ചിനും അഞ്ചു ചായയ്ക്കും കൂടി — എന്താ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതായിരുന്നുവോ?’

പണമെണ്ണുന്നതില്‍ ഒരര്‍ദ്ധവിരാമം. മുഖമുയര്‍ത്താതെ മാനേജര്‍ പറഞ്ഞു.

‘ചോദ്യവും ഉത്തരവുമൊക്കെ പിന്നെ. വാദിച്ചു നില്ക്കാന്‍ സമയമില്ല. പണമടയ്ക്കൂ. നിങ്ങള്‍ക്കു പോവാം.’

പിന്തുണ തേടി അയാള്‍ ചുറ്റും നോക്കി. അടിച്ചു വാരിയിരുന്ന ചെക്കന്മാര്‍ പണിനിര്‍ത്തി തന്നെ ശ്രദ്ധിക്കുകയാണെന്ന് അയാള്‍ക്കു മനസ്സിലായി. വെയ്റ്റര്‍മാരുടെ നിസ്സംഗമായ നോട്ടങ്ങളും തന്നിലാണ്. അക്കങ്ങള്‍ പെരുകുന്ന മാനേജരുടെ മനസ്സില്‍നിന്ന് അവസാനത്തെ ദയയും പ്രതീക്ഷിക്കാനില്ലെന്ന് ബോധ്യമായപ്പോള്‍ അയാള്‍ പേഴ്‌സ് തുറന്നു.

റെസ്‌റ്റോറന്റിലെ വിളക്കുകള്‍ ഓരോന്നോരോന്നായി അണഞ്ഞുകൊണ്ടിരുന്നു. പെണ്‍കുട്ടിക്ക് പിന്നാലെ പെട്ടി തൂക്കിപ്പിടിച്ച് മുഖം താഴ്ത്തി അയാള്‍ നടന്നു. വരാന്തയിലെത്തിയപ്പോള്‍ പെണ്‍കുട്ടി പൊടുന്നനെ നിന്നു.

‘ദാ, ഞാന്‍ കാത്തിരുന്ന ആള്‍ വന്നു.’

പെണ്‍കുട്ടി പറഞ്ഞതുകേട്ട് അയാള്‍ മുഖമുയര്‍ത്തി നോക്കി.

അത് രമേശനായിരുന്നു. വൈകിയപ്പോയതിന്റെ പരിഭവമലിയിക്കാന്‍ കരുതിവെച്ച ക്ഷീണിച്ച പുഞ്ചിരി വരാന്തയിലെ അരണ്ട വെളിച്ചത്തിലും തെളിഞ്ഞുകണ്ടു.

(1984)