close
Sayahna Sayahna
Search

Thurump-18


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


ഒരു സിനിക്കിന്റെ കൂട്ടമരണത്തിനുശേഷം ചില വരികള്‍

അവനവനെത്തന്നെ തിന്നതിന്റെ
ഉച്ഛിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്
വെളുക്കെ ഇളിച്ച്
നാവിട്ടലച്ച്
പൊന്തുന്നു
കാലം.
വരമ്പിലൂടെ വരുന്ന എന്നെ
നെല്ലോലകള്‍ക്കിടയില്‍നിന്ന്
വെളളച്ചിറകുകള്‍ ചീററി
പടപടാ പൊന്തി
ഞെട്ടിച്ചിരുന്നു പണ്ടേ.

മുഖത്തു ചൂണ്ടിയേ സംസാരിക്കൂ,
അങ്ങനെ
തലങ്ങും വിലങ്ങും നീളുന്ന
ചൂണ്ടുവിരലുകളുടെ പടര്‍പ്പിനുളളിലായി
അയാള്‍.
മുന്നിലെ മോന്ത
അയാള്‍ക്കു കാണാതായി.
അഴികള്‍ക്കിടയിലൂടെന്നപോലെ
മോന്തകള്‍ അയാളെ നോക്കി.

പുസ്തകം
അടച്ചുവയ്ക്കുന്ന
ശബ്ദത്തില്‍നിന്നേ
തിരിച്ചറിയാം:
നല്ല വായനക്കാരന്‍.

അയാളും കടിച്ചുമുറിച്ചിട്ടിരുന്നു
ഒരു ലോകം ഒരു ഭാഷ
അവ
അവയെ പടച്ച ലോകത്തേക്കാള്‍
ഭാഷയേക്കാള്‍
പ്രകാശമാനം
അവയ്ക്കരികിലൂടെ വേണ്ടിയിരുന്നു
ശവം കിടന്നേടത്തെത്താന്‍

തീയ്ക്ക് ഒളിവില്‍ കഴിയേണ്ടിവന്നിട്ടില്ലാത്ത
ഒരേ ഒരിടം

ഉളുപ്പില്ലാത്ത നാവിനു മാത്രം അവകാശപ്പെട്ട
ഉളുപ്പില്ലാത്ത മൌനം.