close
Sayahna Sayahna
Search

Thurump-28


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


പുറപ്പാട്

എന്റെ കുട്ടാ
നിന്റെ യാത്ര തുടങ്ങുന്നത്
എന്റെ ഇന്ദ്രിയത്തിലെ നിസ്സംഗമായ ഇരിപ്പില്‍നിന്നല്ല.
നിന്റമ്മയുടെ വയററിലെ തൂവല്‍ക്കിടക്കയില്‍നിന്നല്ല.
കമിഴ്ന്നു വീണ് ചന്തികുത്തിയുയര്‍ന്ന് മുട്ടിലിഴയുമ്പോഴുമല്ല.
അമ്മയെ നോക്കി നീന്തിത്തിരിയുന്ന നീ
അമ്മയെ നോക്കി കുതിച്ചു ചാടുന്ന നീ
അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന നീ
ഇന്നു വന്ന സന്ദര്‍ശകര്‍
യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്
ഇരുവരെ നീ നോക്കിനോക്കിക്കരഞ്ഞിരുന്ന
അവരുടെ നേര്‍ക്ക് ആഞ്ഞപ്പോള്‍
അവരുടെ ഒക്കത്തിരുന്ന്
യാത്ര തുടങ്ങിയവനെപ്പോലെ ചിരിച്ചപ്പോള്‍
പടിക്കലേക്കു നോക്കി
ഒരിറക്കു കാററ് ഉള്ളിലേക്കു വലിച്ചു
ശബ്ദത്തോടെ ഉച്ഛ്വസിച്ചപ്പോള്‍
അമ്മ കൈനീട്ടിയിട്ടും
തിരിച്ചുചാടാന്‍ വിചാരിക്കാത്ത ഭാവത്തിലിരുന്നപ്പോള്‍,
അപ്പോള്‍ ഞാനറിഞ്ഞു, എന്റെ കുട്ടാ,
വിരസത നീ രുചിച്ചു കഴിഞ്ഞു.
മടുപ്പ് നീ മണത്തു.
നീ പുറപ്പെട്ടിരിക്കുന്നു.

ഈ അലച്ചിലുകള്‍ എവിടെത്തുടങ്ങുന്നു
എവിടെ അവസാനിക്കുന്നു എന്നറിയാതെ
നാളെ നീ കുഴങ്ങുമ്പാള്‍
അപ്പോള്‍ ഒരു തുടക്കം കിട്ടാനാണ്
ഇത്രയും വ്യക്തമായി ഇതെഴുതുന്നത്.
എന്റെ കുട്ടാ,
അന്നു നീ വിചാരിച്ചേക്കാവുന്നപോലെ
എന്റെ ഇന്ദ്രിയത്തിലെ നിസ്സംഗമായ ഇരിപ്പിലോ
നിന്റമ്മയുടെ വയററിലെ തൂവല്‍ക്കിടക്കയിലോ
അല്ല
നിന്റെ യാത്രയുടെ ആരംഭം