കാണാറുണ്ട്
റെയില്പാതയ്ക്കരികിൽ തൂത്തുകൂട്ടി.
ആസ്പത്രി വരാന്തയിൽ
ചാണകപ്പുഴുവിനെപ്പോലെ ചുരുണ്ട്.
ഒരു കാക്കയുടെ സൂക്ഷ്മതയുണ്ട്
ചീർത്ത് തുറന്നിരിയ്ക്കുന്ന ഒറ്റക്കണ്ണിന്,
’കാകദൃഷ്ടി’.
കൂട്ടത്തിനും മരണാവൃതനായാൾക്കും
പരസ്പരം എത്തിനോക്കാനുള്ള
പൊളിപ്പ്,
ഒറ്റക്കണ്ണിന്റെ തുറന്നവാതിൽ.
പത്തഞ്ഞൂറുമീറ്റർ നീളമുള്ള
ഉരുക്കുശകടത്തെ തോൽപ്പിച്ചതിന്റെയോ,
ചുളിച്ച് അപ്പൂപ്പൻതാടിയാക്കാൻ ശ്രമിച്ച
കാലത്തെ ശവക്കീഴിലൊതുക്കിയതിന്റെയോ,
ഉന്മത്തമായ അട്ടഹാസങ്ങൾ തിങ്ങി
കവിൾ വീർത്തിരിയ്ക്കുന്നു.
തടിച്ച ചുണ്ടുകൾക്കിടയിലൂടെ
നിരവിട്ട പല്ല്,
ചാട്ടുളിയുടെ അലക് പോലെ വെട്ടിത്തിളങ്ങുന്നു.
അരിപ്പക്കുത്തുകൾ വീണ മുഖത്ത്
ശവപ്പാട് ചോരച്ച് കിടക്കുന്നു.
ആരോപിക്കപ്പെട്ട ഒറ്റനക്ഷത്രത്തെ വായിച്ചെടുക്കാൻ
ശവങ്ങൾ മാത്രം സംസാരിക്കുന്ന
ജഡത്വത്തിന്റെ ഭാഷ,
ആകാശത്തിനുമപ്പുറത്തേയ്ക്ക് വെമ്പിപ്പറക്കുന്നു.
നീളം വച്ചുകൊണ്ടേയിരിയ്ക്കുന്ന അടുപ്പങ്ങൾ
മോർച്ചറിയിൽ നിന്നും പൊതുശ്മശാനത്തിലേക്കുള്ളത്ര
നേർത്തിരിയ്ക്കുന്നു.