close
Sayahna Sayahna
Search

ഈ നാടകത്തെ ആരാണു് ഭയക്കുന്നത്?


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

ഈ നാടകത്തെ ആരാണു് ഭയക്കുന്നത്?

തിലകന്‍

“നാം കാണപ്പെടാതിരിക്കുന്നത് സ്വയം അദൃശ്യരായതുകൊണ്ടല്ല
നമ്മെക്കാണാന്‍ അവര്‍ വിസമ്മതിക്കുന്നതുകൊണ്ടാണ്.”
റാള്‍ഫ് എലിസണ്‍

ഒരു സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തികളേയും ആ സമൂഹംതന്നെ സൃഷ്ടിക്കുന്നു. വിമോചനത്തിന്റെ ഈ ഊര്‍ജ്ജം പ്രസരിക്കുന്നത് രാഷ്ട്രീയ രംഗത്തു മാത്രമല്ല. ഒപ്പം സര്‍ഗ്ഗാത്മക സിദ്ധികളായും അതു വിന്യസിക്കപ്പെടുന്നു. വിമോചനത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും സര്‍ഗ്ഗപ്രക്രിയയുടെ അന്തര്‍ഗതങ്ങളും മാററത്തിന്റെ ഒരേ ജീവബന്ദു പിളര്‍ന്നു പിറവികൊണ്ടവയാണ്. കലാചരിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് ആവിഷ്കാര സാധ്യതകളുടെ സംഗമബിന്ദുവും കൂടിയാകുന്നു. ഒരു ജനതയുടെ മൂല്യപുസ്തകത്തെ തിരുത്തിയെഴുതാന്‍ പ്രാപ്തമാവുന്ന സൃഷ്ടികളും അവയുടെ സാംക്രമിക ശേഷിയുമാണ് ഈ ഘട്ടത്തെ, അതിന്റെ സൃഷ്ടികളെ ശ്രദ്ധേയമാക്കുക.

മോചനത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ലാവണ്യ ബോധവും തമ്മിലുള്ള ഈ സംഗമത്തെ ഐഡിയോളജി ഐഡന്‍റിഫിക്കേഷന്‍ (ideology identification) എന്നാണു് ഇംഗ്ലീഷില്‍ പറയുക. പരിവര്‍ത്തനോന്മുഖമായ കലാപങ്ങള്‍ക്കു പ്രേരണയാവുക എന്നതാണ് ഈ സൃഷ്ടികളുടെ സാംസ്കാരിക ദൌത്യം. കലയുടേയും കലാപത്തിന്റേയും ലോകചരിത്രത്തില്‍ ഇവയുടെ നിരവധി ഉദാഹരണങ്ങളുണ്ടു്. കേരളത്തില്‍ ഇത്തരമൊരു നിഗമനത്തിന്റെ പ്രത്യയസാക്ഷ്യങ്ങളായുള്ളത് പതിനാലാം നൂററാണ്ടിലെ രണ്ടാം ഭക്തി പ്രസ്ഥാനമായി ബന്ധ്പ്പെട്ട സാഹിതീ പ്രവര്‍ത്തനങ്ങളാകും. എഴുത്തച്ഛന്റെ കാവ്യ ഇടപെടലുകളാണ് തെളിമയുള്ള ഒരു ഉദാഹരണം. കവിതയില്‍ പുതിയൊരു മൂല്യഭൂമിക സൃഷ്ടിക്കാന്‍ എഴുത്തച്ഛന് അങ്ങനെ കഴിഞ്ഞു. ഒപ്പംതന്നെ പുതിയൊരു ധാര്‍മ്മികതയിലേക്കു കേരളീയ ബോധത്തെ എത്തിക്കാന്‍ ആ കൃതികള്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഒരു കൈവഴി നീളുന്നത് പിന്നീട് കുമാരനാശാനിലേക്കാണ്. ആശാനില്‍ മതബോധം ഒരു വിപണന തന്ത്രമായി പ്രവര്‍ത്തിക്കുകയായിരുന്നില്ല, അദ്വൈതത്തിന്റെ ശ്രീനാരാണവ്യാഖ്യാനത്തില്‍ ചവിട്ടി നിന്നുകൊണ്ടു് ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സജീവമായ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന കുമാരനാശാന്റെ കൃതികള്‍ മലയാള ബോധത്തെ നൂതനമായ ഒരു നൈതികതയിലേക്കു്, ജാതീയമായ ഉച്ചനീചത്വം ദൈവത്തിനുതന്നെ പൊറുക്കാനാവില്ലെന്ന ആത്മീയമായ ഉണര്‍വ്വിലേക്കു് സ്നേഹപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി. ആശാനുശേഷം ജാതിചിന്ത ഒരു പാപം പോലെ അല്ലാതെ കൊണ്ടുനടക്കാന്‍ കഴിയാതെ പോയി.

ഈ ദിശയില്‍, പിന്നീട് ഉറഞ്ഞുകൂടിയ നിശ്ചലതയുടെ കാര്യകാരണങ്ങള്‍ ഇന്ന് നമുക്കറിയാം. സിവിക് ചന്ദ്രന്‍ തന്റെ ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പലപ്പോഴായി സൂചിപ്പിച്ചതുപോലെ, ഈ നിശ്ചലതയുടെ ഒരു കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ നവോത്ഥാന മുന്നേററങ്ങളെ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞില്ലെന്നതാണ്. അതിനു വിഘാതമായി നിന്ന അടിസ്ഥാന ദൌര്‍ബല്യങ്ങളിലൊന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയെ സ്വാധീനിച്ചിരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രമായിരുന്നു. കേരളീയ ജീവിതത്തിന്റെ വിമോചനാന്മുഖമായ ഊര്‍ജ്ജം അങ്ങനെ ഈ പ്രസ്ഥാനങ്ങളില്‍ നിന്നുതന്നെ ഒഴിഞ്ഞുപോയി. ഊ ദശാസന്ധിയെ, ആ മുഹൂര്‍ത്തത്തിലെ ഏററവും ജൈവതയുളള ഒരു കലാരൂപമെടുത്ത് അതിന്റെ നാമത്തിലും മാതൃകയിലും പരിശോധിക്കുന്നുവെന്നതാണ് സിവിക്ചന്ദ്രന്റെ നാടകത്തെ പ്രസക്തമാക്കുന്നുതെന്നു എനിക്കു തോന്നുന്നു. ഈ നാടകം അത്തരത്തില്‍ തന്നെ ചരിത്രപ്രധാനമുള്ള ഒരു നാടകത്തിന്റെ പ്രതിനാടകമാണെന്നും അതുകൊണ്ടുതന്നെ തീയ്യേറററിലെ രാഷ്ട്രീയ സംവാദമാണെന്നും സിവിക്ചന്ദ്രന്‍ മുഖവുരയായി എഴുതിയിടുന്നു.

നിങ്ങളൊരെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ആവശ്യപ്പെടുന്ന രാഷ്ട്രീയ സംവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയമാണ്. ജാതി വിരുദ്ധ സമരങ്ങള്‍ അഴിച്ചുവിട്ട ശക്തികളുടെ കുതിരപ്പുറത്താണല്ലോ കമ്യൂണിസ്റ്റുപ്രസ്ഥാനം ജൈത്രയാത്ര ആരംഭിച്ചത്. ഇന്നും അവരുടെ മുഖ്യാവലംബം ആ ശക്തികള്‍ തന്നെയാണ്. എന്നിട്ടും, ജാതിക്കെതിരായി ഒരു തുറന്ന സമരം അഴിച്ചുവിടുന്നതിനു ആ പ്രസ്ഥാനമോ, ആ പ്രസ്ഥാനം പൊട്ടിപ്പൊളിഞ്ഞുണ്ടായ വിവിധ പാര്‍ട്ടികളോ ഗ്രൂപ്പുകളോ തയ്യാറായിട്ടില്ല. അത്തരം ഒരു സമരത്തിലൂടെ മാത്രമേ ആന്തരീകരിക്കപ്പെട്ടിരിക്കുന്നു ജാതി ചിന്തയെ പുറത്തുചാടിക്കാന്‍ കഴിയുകയുള്ളു എന്നിരിക്കെ, ജാതിവിരുദ്ധസമരങ്ങള്‍ സംഘടിപ്പിക്കാതിരിക്കുന്നത് പാര്‍ട്ടിയില്‍ ഉപരിവര്‍ഗ്ഗ കോയ്മ നിലനിര്‍ത്തുന്നതിനു തുല്യമാണ്. ബ്രാഹ്മണന്‍ നേതൃത്വം വഹിക്കുന്ന ഒരൂ പാര്‍ട്ടിയില്‍നിന്നു ദളിതനു നീ‌തി ലഭിക്കുകയില്ലെന്നു ഡോ. അംബേദ്ക്കര്‍ പച്ചയായിത്തന്നെ വിളിച്ചു പറഞ്ഞിരുന്നു. അന്നത് ദളിതര്‍ വിശ്വസിച്ചില്ല. എന്നാല്‍, പത്തെഴുപതു കൊല്ലത്തെ പാര്‍ട്ടിചരിത്രം അംബേദ്ക്കറായിരുന്നു ശരി എന്നു വിശ്വസിക്കാന്‍ ഇന്നവരെ പ്രേരിപ്പിക്കുന്നു.

ഈ ഉപരിവര്‍ഗ്ഗ ഗൂഢാലോചനക്കെതിരെ സിവിക്കിന്റെ ഒരു കഥാപാത്രം ഇങ്ങനെ പ്രതികരിക്കുന്നു. “അമ്മേ, അയ്യായിരത്തിലധികം അരങ്ങുകളില്‍ നാടകം കണ്ട ഈ പ്രേക്ഷകരോടു പറയൂ. എന്താണ് സംഭവിച്ചതെന്ന്. എന്താണു തോപ്പില്‍ ഭാസിയും കെ.പി.ഏ.സിയും കമ്യൂണിസ്റ്റു പ്രസ്ഥാനവും ഒളിപ്പിച്ചുവെച്ചതെന്ന്. എങ്ങനെ മാലയുടെ ചെങ്കൊടി ഗോപാലനും മാത്യുവും കൂടി പരമുപിളളക്കും കേശവന്‍നായര്‍ക്കും പിടിച്ചെടുത്തേല്പിച്ചുകൊടുത്തെന്ന്. അവരെതെങ്ങനെ പൊക്കിപ്പൊക്കിപ്പിടിച്ചെന്ന്. മാലയും കറമ്പനും എങ്ങനെ വീണ്ടും അറിപത്തിനാലടി ദൂരത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടെന്ന്…” ഈ നാടകം തുടങ്ങിവെയ്ക്കുന്ന സംവാദമിതാണ്. നമ്മുടെ രാഷ്ട്രീയ — സംസ്കാരിക ജീവിതത്തോടാണ് ആ സംഭാഷണം. അഥവാ, ഈ നാടകത്തിന്റെ വാസ്തുമാതൃക ഈ സംസ്കാരിക രാഷ്ട്രീയത്തിന്റേതാണ്. ഇതില്‍നിന്ന് നാടക പ്രവര്‍ത്തകര്‍ക്കോ ഇതര സാംസ്കാരിക പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കോ ഒരു എമര്‍ജന്‍സി എക്സിററില്ല.

വിശ്വമാനവികതയുടെ മൊത്തക്കച്ചവടക്കാരാണ് തങ്ങളെന്നായിരുന്നു കമ്യൂണിസ്റ്റു നേതാക്കളുടെ അവകാശവാദം. അധഃസ്ഥിതരുടെ വീടുകളില്‍ ഒളിച്ചു താമസിക്കുവാനും അവരുടെ ആഹാരം പങ്കിട്ടു തിന്നാനും അടുപ്പിന്റെ ചൂടുണ്ടായാലും അവര്‍ക്കൊപ്പം കിടന്നുറങ്ങാനും സൌകര്യം കിട്ടുമ്പോള്‍ അവരുടെ പെണ്‍മക്കളെ പ്രേമിക്കാനും ഗര്‍ഭവതികളാക്കാനും അവര്‍ക്കു കഴിയും എന്ന് ഭാസിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലൊ. ഭാരതി, മാലയില്‍ ഗോപാലനുണ്ടായ മകളാണെന്നു സിവിക്കും സൂചന നൽകുന്നു. എന്നാല്‍, സ്വന്തം വിവാഹത്തിന്റെ പ്രശ്നം വരുമ്പോള്‍ കമ്യൂണിസ്റ്റു നേതാക്കള്‍ വാലു വളക്കുന്നു. ദൈവമേ! ഒരു ദളിത് ഭാര്യയോ! ദീര്‍ഘകാലമായി മാല ഗോപോലനെ പ്രേമിച്ചിരുന്നുവെന്നത് ഗോപാലന്‍ അറിഞ്ഞിരുന്നില്ലത്രെ. പ്രസിദ്ധ നീഗ്രോ എഴുത്തുകാരനായ റാള്‍ഫ് എല്ലിസണ്‍ പറയുന്നതുപോലെ. “നാം കാണപ്പെടാതിരിക്കുന്നത് സ്വയം അദൃശ്യരായതുകൊണ്ടല്ല. നമ്മെ കാണാന്‍ അവര്‍ വിസമ്മതിക്കുന്നതുകൊണ്ടാണ്.” ഗോപാലനെ കുററം പറഞ്ഞിട്ടെന്തു കാര്യം!

ആഫ്രിക്കന്‍ നീഗ്രോയും അമേരിക്കന്‍ നീഗ്രോയും മുന്നോട്ടുവച്ച കറുപ്പിന്റെ സൌന്ദര്യശാസ്ത്രം എന്തുകൊണ്ടു് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഇതുവരെ മുന്നോട്ടുവച്ചിട്ടില്ല? സൌന്ദര്യബോധം പരിശീലിപ്പിക്കപ്പെടുന്നതാണെന്ന മാര്‍ക്സിയന്‍ സിദ്ധാന്തം ഇവര്‍ക്കറിഞ്ഞുകൂടെന്നുണ്ടോ? അറിയാത്തതുകൊണ്ടല്ല, അവരുടെ തലച്ചോറില്‍, പുസ്തകശേഖരങ്ങളില്‍ ഇപ്പോഴും “വെളുത്തവന്റെ കോളനിവാഴ്ച” തുടരുന്നു എന്നതാണ് പ്രശ്നം. അധികാരം, വിവാഹം, നേതൃത്വം — അതുപൊലെ മറ്റേതു കാതലായ പ്രശ്നം വരുമ്പോഴും ദളിതരെ ദളിതരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു അവര്‍. അവരെ അവരുടെ ചാളകളിലേക്കുതന്നെ ആട്ടിപ്പായിക്കുന്നു. അടികൊള്ളാനും ആത്മത്യാഗം ചെയ്യാനും മാത്രമേ അവരെ ആവശ്യമുള്ളു. ഇപ്പോള്‍ വോട്ടുകളുടെ എണ്ണം കൂട്ടാനും.

‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’യിലെ ഈ സംഭാഷണം ശ്രദ്ധിക്കൂ:

“ഭാരതി : അങ്ങനെയാണ് മാലയുടെ കരളില്‍ ചവുട്ടി ഗോപാലന്‍ സുമാവലിയമ്മയെ തന്റേതും പ്രസ്ഥാനത്തിന്റേയും നായിയാക്കിയത്. മാല കറുത്തവളായിരുന്നുവല്ലൊ. വെറുമൊരു പുലക്കളളി. കൂലിപ്പണിക്കാരി. സഖാവാണെങ്കിലും, ഒരു നായര്‍യുവാവിനെ, അതും അഭ്യസ്തവിദ്യനെ, അവള്‍ ആശിച്ചത്… ഛേ തെററ്, തെററ്”.

“വൃദ്ധന്‍ : കൊള്ളരുതാത്തവന്‍, കണ്ണില്‍ ചോരയില്ലാത്തവന്‍, നീചന്‍, വിടന്‍, വിഷയലമ്പടന്‍, മഹാപാപി, കാലന്‍ എന്നെല്ലാം നാടകത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും അധിക്ഷേപിച്ച നാട്ടുപ്രമാണിയുടെ, വല്യവീട്ടിലദ്യേത്തിന്റെ മകളെത്തന്നെ നായികയാക്കുകവഴി നാടകം ഒരു ചോദ്യത്തിന് ഉത്തരം നിര്‍ദ്ദേശിക്കുകയായിരുന്നോ?”

നമ്മുടെ കാലത്തെ ഏററവും ക്രൂരമായ സാമൂഹ്യ ഹിംസ (social violence) ജാതീയതയാണ്. അതിനെതിരെ വിമോചനോന്മുഖമായ ഒരു നീക്കം വലുതപക്ഷപ്രസ്ഥാനങ്ങള്‍ക്കെന്ന പോലെ കമ്യൂണിസ്റ്റ് നേതൃത്വത്തിനും കഴിഞ്ഞില്ല. ഒരേ സമയം സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ ഇരയും വേട്ടമൃഗവുമാകുന്ന ഒരു ദ്വന്ദ്വാത്മകത നമ്മുടെ മാര്‍ക്സിസ്റ്റ് ചര്യയിലുണ്ടായിരുന്നു. സിവിക് ചന്ദ്രന്റെ രോഷം ഈ മാര്‍ക്സിസ്ററ് ചര്യയോടാണ്. അതുകൊണ്ടാവണം ഈ നാടകം പലപ്പോഴും ഹിംസാത്മകമായ ഒരു സൌന്ദര്യം സ്വീകരിക്കുന്നു. സംഭാഷണങ്ങള്‍ കൂര്‍പ്പിച്ചുവിടുന്നു. ചിലപ്പോള്‍ സമരസന്നദ്ധമായ ഒരു പത്രഭാഷതന്നെ സ്വീകരിക്കുന്നു.

പുന്നപ്ര–വയലാറില്‍ നിന്നു സിവിക് കണ്ടെടുക്കുന്ന കഥാപാത്രമാണ് വൃദ്ധനായ കുന്തക്കാരന്‍ പത്രോസ്. ഇനി ഒരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അററം വറെ കത്തിച്ചുകളയുമെന്ന് സര്‍ സി. പി.യെ താക്കീതു ചെയ്ത കോരന്‍ ഏലിയാസ്. പിന്നെ വെറും ഏലിയാസായി. കുന്തക്കാരന്‍ പത്രോസായി. പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകിക്കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്കു കാണണമെന്നാണ് സര്‍ സി. പി. ഉത്തരവിട്ടത്. ‘രണ്ടിടങ്ങഴി’യില്‍ “ഇനി പറപ്പിള്ളരു സഹിക്കരുത്” എന്നു അറുത്തുമുറിച്ചു പറയുന്ന കോരനായി. പുന്നപ്ര–വയലാറില്‍ കുന്തക്കാരന്‍ പത്രോസായി. സ. കൃഷ്ണപിളളയുടെ വലം കയ്യായി. പിന്നെ തൃശ്ശിലേരി — തിരുനെല്ലിയിലെ വാസുവായി. സ. വര്‍ഗ്ഗീസ്സിന്റെ ചൂഴ്ന്നെടുക്കപ്പെടുന്നതിനു മുമ്പുള്ള കണ്ണായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രം മലയാള നാടകവേദിയിലെ ഒരപരിചിതനാണ്. ദളിതരുടെ വര്‍ഗ്ഗരോഷം മുഴുവന്‍ ഒരൊററ ബീന്ദുവില്‍ സാന്ദീകൃതമായി. വജ്രത്തിന്റെ മൂര്‍ച്ചയും തിളക്കവുമായി. ഇങ്ങനെ ഒരു കഥാപാത്രം മലയാള നാടവേദിയില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഞാന്‍ പറയും.

പലരും പറഞ്ഞ കാര്യങ്ങള്‍ അല്ലെങ്കില്‍ ആരും പറയാതെ തന്നെ അറിയാവുന്ന കാര്യങ്ങള്‍ (Platitudes) വീണ്ടും വീണ്ടും തുറന്നുവിട്ട് ഏറെ മലിനീകരിക്കപ്പെട്ട നമമുടെ നടകവേദിയിലേക്ക് ഒരു വീര്‍പ്പു ശുദ്ധവായു പോലെയാണ് സിവിക്കിന്റെ ഈ നാടകം കടന്നുവരുന്നത്. വര്‍ത്തമാന പത്രങ്ങള്‍ തലതിരിച്ചാണു് വായിക്കേണ്ടതെന്നു നിര്‍ദ്ദേശിച്ച ഈ എഴുത്തുകാരന് ഒരുപാടു പുതിയ കാര്യങ്ങള്‍ നമ്മോടു പറയാനുണ്ട്. പുകപോലെ നമ്മുടെ മനസ്സില്‍ പടര്‍ന്നു പിടിച്ചുകിടന്നിരുന്ന ഒട്ടേറ കാര്യങ്ങള്‍ സാന്ദ്രീകരിച്ച് ഇയാള്‍ നമമുടെ കണ്‍വെട്ടത്ത് എടുത്തുവെക്കുന്നു. പേരഡികളും മിമിക്രികളും ഉണ്ടായിട്ടുണ്ടാവാം. പക്ഷെ അര്‍ത്ഥവത്തായ ഒരു പ്രതിനാടകം. ഇതു കേരളത്തില്‍ ആദ്യമായാണ്. മാലയില്‍നിന്നു പരമുപിളളയിലേക്ക് കൊടി കൈമാറുന്നതിനെ പ്രതീകവല്കരിക്കുകയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അപചയം അവിടെ നിന്നാരംഭിക്കുന്നുവെന്നു എന്ന് വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ ഇതെന്തുകൊണ്ടു മുമ്പ് നമുക്കു കാണാന്‍ കഴിഞ്ഞില്ലെന്നു നാം ചൂളിപ്പോകുന്നു. എല്ലാവരും മറന്നുകളഞ്ഞ, പുന്നപ്ര–വയലാറിലെ കുന്തക്കാരന്‍ പത്രോസിനെ വിസ്മൃതിയുടെ ഇരുട്ടില്‍നിന്നു തപ്പിയെടുക്കുകയും അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ നീറിനില്ക്കുന്ന വര്‍ഗ്ഗരോഷത്തെ അയാളിലൂടെ പ്രതീകവല്ക്കരിക്കുയും ചെയ്യുന്നുണ്ട് സിവിക്. കൊലയാളിയും ജനശത്രുവുമായ കേശവന്‍ നായര്‍ കമ്യൂണിസ്ററു മുഖ്യമന്ത്രിയില്‍ നിന്നു ജനസേവനത്തിനുള്ള പത്മശ്രീ ഏററവാങ്ങുന്ന സുമുഹൂര്‍ത്തത്തില്‍ ‘കമ്മൂണിസ്റ്റാക്കി’ നാടകം തന്നെ അവതരിപ്പിക്കണമെന്നും പുലയരും ‘കോപ്രായങ്ങള്‍’ ഉണ്ടാവണമെന്നും ശഠിക്കുന്നതിലുള്ള കറുത്ത ഫലിതം ഒരു കവിക്കു മാത്രം അവകാശപ്പെട്ടതാണ്. ഗോപാലന്‍, സുമാവലിയമ്മയും കേശവന്‍ നായരുമൊത്ത്, പരിവാരസമേതം, ത്രിവര്‍ണ്ണ പതാകയും ചെങ്കൊടിയും കൂട്ടിക്കെട്ടി സ്റ്റേറ്റു കാറില്‍ കുതിച്ചു വരുമ്പോള്‍ മാലയുടെ ശവശരീരം വലിയ ചുടുകാട്ടില്‍ കുടിയനായ ഒരു വാച്ച്മേന്റെ ദയക്കായി കാത്തുകെട്ടി കിടക്കുന്നദൃശ്യം ഏതു നിണക്കയത്തിലാണ് നാമെല്ലാം വീണുകിടക്കുന്നതെന്ന്. ശരിക്കും ഓര്‍മ്മിപ്പിക്കുന്നു.

പാര്‍സി നാടകവേദിയില്‍ നാടകവേദിയില്‍ നിന്ന് തമിഴ്നാടകവേദിയിലേക്കും അവിടെനിന്നു കേരളത്തിലേക്കും വിരുന്നു വന്ന വികറ്റോറിയന്‍ നാടകങ്ങളില്‍ നിന്നും ഘടനാപരമായി അധികമൊന്നും അകലെയായിരുന്നില്ല. തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ‘സാമൂഹ്യ സംഗീത നൃത്ത നാടകം.’ എങ്കിലും സ്വന്തം വര്‍ഗ്ഗനിലപാടുകള്‍ പരിമിതികള്‍ക്കിടയിലും ഒരു കാലഘട്ടത്തിന്റെ ഒരു ജനതയുടെ സ്വപ്നങ്ങള്‍ കുറുക്കിയെടുത്ത് നാടകത്തില്‍ പകരാന്‍ ഭാസിക്കു കഴിഞ്ഞിരുന്നു. കാമ്പിശ്ശേരിയുടെയും സുധര്‍മ്മയുടെയും ഒ. മാധവന്റെയും തോപ്പില്‍ കൃഷ്ണപിളളയുടെയും പിന്നീട് പി. ‍ജെ. ആന്റണിയുടെയും മറ്റും അഭിനയ ചാതുര്യവും ഒ. എന്‍. വിയുടെ ഗാനങ്ങളും, ജോര്‍ജ്ജിന്റെയും സുലോചനയുടെയും സ്വരമാധുര്യവും സര്‍വ്വോപരി കമ്യൂണിസ്ററു പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകളും ഒത്തിണങ്ങിയപ്പോള്‍ മലയാളിയുടെ ഹരമായിത്തീരാന്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കി അധികകാലം വേണ്ടിവന്നില്ല.

പക്ഷെ, ഇന്ന് ഈ നാടകം ചരിത്രത്തിന്റെ ഒരു ക്രൂരഫലിതം മാത്രമാണ്. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതായില്ല. കറുമ്പനും മാലയും അറിപത്തിനാലടി അകലെത്തന്നെ. അംബേദ്ക്കര്‍ സംവരണത്തിലൂടെ നേടിക്കൊടുത്തതില്‍ ഏറെ അധികമൊന്നും അവര്‍ക്കു ലഭിച്ചിട്ടില്ല. ഗോപാലന്‍ മുഖ്യമന്ത്രിയായതിന്റെ ഗുണം ഫാദര്‍ ഇന്‍ ലോക്കാണ്. മാത്യു അഡ്മിനിസ്ട്രേററീവ് സര്‍വീസിലൂടെ സ്വയം ഷണ്ഡീകരിക്കപ്പെടുന്നു. പരമുപിളള ഗവര്‍മ്മേണ്ടു കോണ്‍ട്രേക്ടറായി. ഫ്യൂഡല്‍ നാട്ടുപ്രമാണിയായി തന്റെ കുടുംബത്തിന്റെ പൂര്‍വ്വകാല ഫ്യൂഡല്‍ പ്രതാപങ്ങള്‍ വീണ്ടെടുക്കുന്നു. കേശവന്‍ നായരാണ് അധികാരത്തിന്റെ ഏററവും അടുത്ത ബന്ധു. അയാള്‍ ഇപ്പോഴും ദളിതരെ ബലാല്‍ക്കാരനും ചെയ്യുന്നു. കന്നുകാലികളെപ്പോലെ ആട്ടിത്തെളിക്കുന്നു. ഇവരുടെ മുമ്പിലാണ് ഇന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അവതരിപ്പിക്കേണ്ടത്. ഭാസിതന്നെ ഈ അവസ്ഥയില്‍ ഖിന്നനായിരുന്നുവല്ലൊ. ഒരു പുനര്‍മൂല്യനം ആവശ്യമാണെന്ന് ഭാസിയും അനേകം തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഒളിവിലെ ഓര്‍മ്മകളി’ല്‍ രോഗഗ്രസ്തമായ ശബ്ദത്തിലൂടെ ആ ആവശ്യം അദ്ദേഹം നമുക്കിടയിലേക്കെറിഞ്ഞുതന്നു. അത്തരം ഒരു പുനര്‍മൂല്യനമാണ്, പുനര്‍വിചിന്തനമാണ്, ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ ഒരു പ്രേരണ എന്ന ഞാന്‍ കരുതുന്നു.

രൂപത്തിലും ഉള്ളടക്കത്തിലും, ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ ഒരു ബ്രഹ്ററിയന്‍ ദ്വന്താത്മക നാടകമാണ്. അതിന്റെ കാതലായ സ്വഭാവം പ്രബോധനാത്മകം (didactic) തന്നെ. വൈകാരിക മൂര്‍ഛകളിലേക്ക് ഈ നാടകം പ്രേക്ഷകനെ എടുത്തെറിയുകയില്ല. അവരുടെ സര്‍ഗ്ഗാത്മകതയെ സ്ഖലിപ്പിച്ചു കളയുകയില്ല. രക്തസ്നാതമായ ജീവിത ഭാഗധേയങ്ങള്‍ നമുക്കുമുമ്പില്‍ പറിച്ചുവെച്ചുകൊണ്ട്, മൌലികമായ കണ്ടെത്തലുകളിലൂടെ, ഉന്മിഷിത്തായ സംഭാഷണങ്ങളിലൂടെ, പലപ്പോഴും കറുത്ത ഫലിതങ്ങളിലൂടെ വിസ്മയം വിതറികൊണ്ട് ഈ നാടകം നമുക്കം സ്വയം കാണാനുള്ള ഒരു കണ്ണാടിയായിത്തീരുന്നു. നടന്മാര്‍ കഥാപാത്രങ്ങളുമായി നടത്തുന്ന ഏററുമുട്ടല്‍ (Encounter) ആയിരിക്കാം ഈ നാടകത്തിന്റെ അഭിനയം. പ്രേക്ഷകന് പങ്കാളിത്തം നല്കുന്ന അനുഷ്ഠാന കലകളോടു തൊട്ടുരുമ്മി നില്ക്കുന്നതായിരിക്കാം സംവിധാനം. കവിതയും സ്വപ്നവും ചിതയിലെ അഗ്നിയും ഫേന്‍റസിയും വ്യത്യസ്ത മുഖങ്ങളുള്ള കഥാപാത്രങ്ങളും പ്രകൃതിയോടിണങ്ങി നില്ക്കുന്ന രംഗപരിസരവും സര്‍വ്വോപരി നമ്മുടെ കാലഘട്ടത്തിലേക്ക് തുറക്കുന്ന ഉള്‍ക്കണ്ണുകളുമുള്ള ഈ നാടകത്തിന്, തീര്‍ച്ചയായും, ദൃശ്യസാദ്ധ്യതകളുമുണ്ടെന്ന് എനിക്കു തോന്നുന്നു.

സിവിക് ചന്ദ്രന്റെ ഈ ഉദ്യമം ആദരിക്കപ്പെടുകയോ അനാദരിക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ അതിന്റെ ചരിത്രപരതയോട് വിമുഖരായിക്കൂടാ. കാഴ്ചയെ അശാന്തമായ ഒരറിവിലേക്ക് പരിണമിപ്പിക്കുന്ന ഒരു intention ഈ നാടകത്തിന്റെ രചനയിലുണ്ട്. അതി രാഷ്ട്രീയമായി മാത്രം പ്രൊജക്ററ് ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുക ഈ intention ആകണം. അത് ശരിയായിരിക്കില്ല. സ്വന്തം ജന്മ മൂഹൂര്‍ത്തത്തിന്റെ കാരണങ്ങള്‍ കൊണ്ടുതന്നെ ഒരേസമയം ഹിംസാത്മകവും സ്നേഹാര്‍ദ്രവുമാകുന്ന ഈ നാടകത്തിന്റെ പിറവിയെ അല്ലെങ്കില്‍, ആരാണ് ഭയക്കുന്നത്?