close
Sayahna Sayahna
Search

കുട്ടപ്പനും നാണിക്കുട്ടിയും ഗുഹയ്ക്കുളളിള്‍


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

കുട്ടപ്പനും നാണിക്കുട്ടിയും ഗുഹയ്ക്കുളളിള്‍

തിരിച്ചു നാണിക്കുട്ടിയുടെ സമീപമെത്തിയ കുട്ടപ്പനു് അടുത്തദിവസം താന്‍ ചെയ്യേണ്ട കാര്യങ്ങളെപ്പററി ആലോചിച്ചു്, ഉറങ്ങാതെ കഴിക്കേണ്ടതായിവന്നു. ഗ്രാമത്തിലെത്തിയാല്‍ ആദ്യമായി ആ പഴയ വീടും കാടും പരിശോധിക്കണം. പക്ഷെ അങ്ങോട്ടു പുറപ്പെടുന്നതിനു മുമ്പായി നാണിക്കുട്ടിയുമൊത്തു് ഈ ഗുഹയും പരിസരങ്ങളും നല്ലവണ്ണം കണ്ടു മനസ്സിലാക്കണം. ഭുതമെന്നും പ്രേതമെന്നും ഒക്കെ പറയുന്നതു മനുഷ്യനെ ഭിതിപ്പെടുത്താന്‍ ചമച്ചിട്ടുള്ള കെട്ടുകഥകളാണു്. എല്ലാം സങ്കല്പത്തിലേ ഉള്ളു. ഏതിന്റേയും സത്യാവസ്ഥ തേടുന്നതാണാവശ്യം. അതില്‍ ഭയന്നിട്ടു കാര്യമില്ല. എവിടേയും ധൈര്യവും മനസ്സാന്നിദ്ധ്യവും ഉണ്ടായിരിക്കണം. ഇക്കാര്യത്തില്‍ താന്‍ ചെയ്യേണ്ടതെന്തെല്ലാമെന്നും, എപ്പോഴൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്നും ആലോചിച്ചു തീരുമാനിക്കുന്നതിനും കുട്ടപ്പനു ധാരാളം സമയം കിട്ടി.

നാണിക്കുട്ടിയുടെ പനി പെട്ടെന്നാണുണ്ടായതു്. അതുപോലെതന്നെ അതു മാറുകയും ചെയ്തു. അവള്‍ക്കു കുറച്ചു വിശ്രമമായിരുന്ന ആവശ്യം. ഒരു നല്ല ഉറക്കം അവള്‍ക്കാവശ്യമായിരുന്ന വിശ്രമം നല്‍കി. അവള്‍ പതിവിലും നേരത്തെ ഉറക്കുമുണര്‍ന്നു. അപ്പോഴാണ് കുട്ടപ്പന്‍ ഉറങ്ങാതെ സമീപത്തുതന്നെ ഇരിക്കുന്നതു് അവള്‍ കണ്ടതു്.

നേരത്തെ തീരുമാനിച്ചതനുസരിച്ചു് കാലത്തേതന്നെ നാട്ടിലേക്കു പുറപ്പെടുന്നതിനായി അവള്‍ തയ്യാറെടുത്തു. അടുപ്പില്‍ തീകൂട്ടി. പതിവുള്ള കാപ്പി തിളച്ചു. കുട്ടപ്പന്‍ ഭാണ്ഡക്കെട്ടുകള്‍ ഭദ്രമായി കെട്ടിമുറുക്കി. തന്റെ കെട്ടില്‍ കൂടുതല്‍ സാധനങ്ങള്‍ വച്ചു്, നാണിക്കുട്ടിയുടെ ഭാരം കുറച്ചു. അവള്‍ക്കു പനിയായിരുന്നില്ലോ.

ഭാണ്ഡം മുറുക്കുന്നതിനിടയില്‍, ആ ഗുഹയും പരിസരങ്ങളും അന്നുരാത്രി പരിശോധിച്ചതും, തനിക്കുണ്ടായിട്ടുള്ള സംശയങ്ങളും കുട്ടപ്പൻ നാട്ടിലേക്ക് തിരിക്കുന്നതിനുമുമ്പ്, പകല്‍വെളിച്ചത്തില്‍ അവിടമൊക്കെ ഒന്നുകൂടി നടന്നു കാണണമെന്ന തീരുമാനവും നാണിക്കുട്ടിയെ അറിയിച്ചു.

നാണിക്കുട്ടിക്കു നാട്ടിലേക്കു പോകാനാണു് ധിറുതി. ഒരു പക്ഷെ രാജന്‍ അവിടെ ചെന്നിരിക്കാം. ചിലപ്പോള്‍ അവന്റെ രക്ഷകനായി ഭൂതവും ചെന്നുകാണും. അവര്‍ തങ്ങളെ തേടിയിരിക്കാം. ഇതൊക്കെയാണു് നാണിക്കുട്ടിയുടെ ചിന്ത. എങ്കിലും അവള്‍ക്കു കുട്ടപന്റെ നിര്‍ദ്ദേശത്തിനു വിപരീതം പറയാന്‍ കഴിഞ്ഞില്ല. ഏററവും വേഗം അവിടമെല്ലാം കണ്ടുതീര്‍ത്തിട്ടു നാട്ടിലേക്കു മടങ്ങാമെന്നു കുട്ടപ്പനും സമ്മതിച്ചു.

പ്രകാശം പരന്നുതുടങ്ങിയതോടെ രണ്ടുപേരും ഭാണ്ഡങ്ങള്‍ തോളിലേററി, പാറക്കെട്ടുകളുടെ ഇടയിലൂടെയുള്ള പാതയിലൂടെ നടന്നുനീങ്ങി. രാത്രിയില്‍ക്കണ്ട അതേ പാതകള്‍ ഇപ്പോള്‍ വ്യക്തമായിക്കാണാം. ആളുകളും ആട്ടിന്‍പററങ്ങളും ധാരാളമായി ഉപയോഗിച്ചിട്ടുള്ള പാത. അല്‍പ്പം ഇടുങ്ങിയ വഴിയാണെന്നുമാത്രം. പാറയ്ക്കിടയില്‍ അങ്ങിങ്ങായി മുള്‍ച്ചെടികളും കാട്ടുപൂക്കളും കാണാം.

കുറച്ചുകൂടി നടന്നപ്പോള്‍ ഗുഹയ്ക്കുള്ളിലേക്കുള്ള ഒരു വഴി കണ്ടു. അകത്തു സൂര്യപ്രകാശമുണ്ടു്. അതുകൊണ്ടു് അതിനകം കാണാന്‍ കഴിയും. ഭയപ്പെടാനൊന്നുമില്ല എന്നു് കുട്ടപ്പന്‍ പറഞ്ഞുകൊണ്ടു് ഉള്ളിലേക്കു കടന്നു. നാണിക്കുട്ടി സംശയിച്ചു സംശയിച്ചാണു് പിറകെ നടന്നതു്.

അകത്തു കടന്നപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടുപോയി. എന്തു വിസ്താരമുള്ള സ്ഥലം. നല്ല കെട്ടിടത്തിനകത്തുള്ള മുറിപോലെ. ഇരിക്കാനും കിടക്കാനും നല്ല സൗകര്യമൊത്ത പരന്ന പാറകള്‍. എല്ലാം ഉരച്ചു മിനുസപ്പെടുത്തിയിരിക്കുന്നു. അജന്താ എല്ലോറാ തുടങ്ങിയ പ്രസിദ്ധങ്ങളായ ഗുഹകള്‍പോലെ മോടി പിടിപ്പിച്ച ഗുഹ. ഒരു ചെറിയ കുടുംബത്തിനു സൗകര്യമായി ജീവിക്കത്തക്ക സ്ഥലവും ഉപകരണങ്ങളും അതിനുള്ളിലുണ്ടു്. ഒരു മൂലയില്‍ കാട്ടുവളളി വലിച്ചുകെട്ടി അതില്‍ മരവുരി വിരിപ്പുകളും ഉടുപ്പുകളും തൂക്കിയിരിക്കുന്നു. ഒരു വലിയ മനുഷ്യനു ചേരുന്നത്ര വലിപ്പത്തില്‍, പഞ്ഞിപോലെ ചതച്ചുവെളുപ്പിച്ചു് കാട്ടുവളളിനൂല്‍കൊണ്ടു് തുന്നി, കാട്ടുകുരു ബട്ടണാക്കി വച്ചുപിടിപ്പിച്ച ഭംഗിയുള്ള ഉടുപ്പു്. മുഴുക്കൈയും മുട്ടിനുതാഴെ ഇറക്കവും ഉള്ള നീളമേറിയ മരവുരി ഉടുപ്പു്.

മറ്റൊരു മൂലയില്‍ അടുപ്പും മണ്‍പാത്രങ്ങളും, മററു ചില പാത്രങ്ങളില്‍ അരിസാമാനങ്ങളും കായ്കനികളും കിഴങ്ങുകളും. വെളിയിലേയ്ക്കു മാറി തെളിഞ്ഞ സ്ഥലത്തു് ആട്ടിന്‍പററങ്ങള്‍. കറവയുള്ള ആടും അതിന്റെ കുഞ്ഞുങ്ങളും. ഗ്രാമത്തിലെ ഒരു സാമാന്യവും നല്ല വീട്ടില്‍ കാണാവുന്ന എല്ലാ ഉപകരണങ്ങളും സാധനസാമഗ്രികളും ആ ഗുഹയില്‍ അവര്‍ കണ്ടു. എന്നാല്‍ അതിനുള്ളില്‍ ആരേയും കണ്ടുമില്ല. അവിടെ ആള്‍താമസമുണ്ടെന്നുള്ളതിനു് മററു തെളിവു് ആവശ്യമില്ലല്ലോ.

ഗുഹയുടെ പിന്‍ഭാഗത്തു കാണുന്ന വാതിലിലൂടെ പടിഞ്ഞാറു വശത്തേയ്ക്കു അവര്‍ ഇറങ്ങി. അല്പം വിശാലമായ ഒരു മുററംപോലെ പരന്നുകിടക്കുന്ന പാറ. അവര്‍ അതിന്റെ പടിഞ്ഞാറെ വക്കുവരെ നടന്നു. പടിഞ്ഞാട്ടു നോക്കിയാല്‍ - അങ്ങു് താഴെ - ഗ്രാമംകാണാം. പച്ചപ്പട്ടില്‍ നിരത്തിയ കളിപ്പാട്ടംപോലെ സുന്ദരമായ ഗ്രാമം. കുത്തനെ പൊങ്ങിനില്‍ക്കുന്ന ആ പാറയിലൂടെ താഴോട്ടിറങ്ങാന്‍ വഴികളൊന്നും അവര്‍ കണ്ടില്ല. അതിന്റെ വക്കില്‍ ചെന്നുനിന്നു താഴോട്ടു നേക്കിയാല്‍ ആരുടേയും തല കറങ്ങിപ്പോകും. അത്രമാത്രം താഴ്ചയിലാണോ ഗ്രാമം. നേരെ താഴോട്ടു ചാടിയാല്‍ ഗ്രാമത്തിനടുത്തു വീഴും. പക്ഷെ എത്ര ദിവസം തുടര്‍ച്ചയായി കാടും മലയും കയറിയിറങ്ങിയാണു് കുട്ടപ്പനും നാണിക്കുട്ടിയും അവിടെയെത്തിയതു്. ഇനി എത്ര ദൂരം നടന്നാലാണു് തിരിച്ചു ഗ്രാമത്തിലെത്തുക.

ആ ഗുഹയില്‍നിന്നു് പെട്ടെന്നു ഗ്രാമത്തിലെത്താന്‍ ഗുഢമാര്‍ഗ്ഗം ഉണ്ടായിരിക്കുമെന്നു കുട്ടപ്പന്‍ തീര്‍ച്ചപ്പെടുത്തി. ഈ ഗുഹയും ഗ്രാമത്തിലെ കാടുപിടിച്ച വീടും വളര്‍ന്നുവന്ന ക്ഷേത്രവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാകാതിരിക്കയില്ല. രഹസ്യങ്ങളുടെ കലവറയാണവിടമെല്ലാം. ക്ഷേത്രത്തിന്റെ പേരില്‍ നാട്ടുകാരെ കൊളളയടിക്കുന്നു ഒരു സംഘത്തിന്റെ താവളമായിരിക്കണം ഈ ഗുഹ. ഭൂതമെന്നും മററും പറഞ്ഞു് മനുഷ്യരെ ഭീതിപ്പെടുത്തുന്നതും ഇവര്‍ തന്നെയായിരിക്കണം.

ഗുഢമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍തന്നെ കുട്ടപ്പന്‍ തീര്‍ച്ചപ്പെടുത്തി. നാണിക്കുട്ടിക്കു് ഇതിലൊന്നും താല്പര്യമില്ല. അവള്‍ക്കു നാട്ടില്‍ചെന്നു് രാജനെ കാണണം. രാജന്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്നുതന്നെയാണവളുടെ വിശ്വാസം. തിരിച്ചുപോകാന്‍ അവള്‍ ധിറുതി കൂട്ടുകയാണ്. അവരെ വീട്ടില്‍ കാണാതെ വന്നാല്‍ രാജന്‍ എന്തു മാത്രം വിഷമിക്കും. അവനെ തേടി അവര്‍ കാട്ടിലേക്കു പോയെന്നും അവരെ ഭുതം പിടിച്ചു എന്നും, അതൊക്കെ ദേവീകോപം കൊണ്ടാണെന്നും മററും രാജനെ നാട്ടുകാര്‍ പറഞ്ഞു മനസ്സിലാക്കും. അവര്‍ക്കു രാജനെ കാണാതായപ്പോള്‍ മുതല്‍ ഭ്രാന്തായിരുന്നെന്നും നാട്ടുകാര്‍ അവനോടു പറഞ്ഞുകാണും. ചിലപ്പോള്‍ രാജനെ വീണ്ടും ജീവനോടുകൂടി കണ്ടതുകൊണ്ടു് അതവന്റെ പ്രേതമാണെന്നു മന്ത്രവാദികള്‍ പറഞ്ഞുപരത്തിയെന്നുവരാം. പിന്നെ നാട്ടുകാര്‍ ചേര്‍ന്നു് അവനെ ഉപദ്രവിക്കയോ ദേവീവിഗ്രഹത്തിനുമുമ്പില്‍ കരുതികഴിക്കുകയോ ഒക്കെ ചെയ്തേക്കാം. ഇതൊക്കെയാണു് നാണിക്കുട്ടിയുടെ മനസ്സില്‍ പോന്തിവന്ന വിചാരങ്ങള്‍. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍വേണ്ടി ഒരു ദേവിയെ സൃഷ്ടിച്ചുവച്ചു് നാട്ടുകാരുടെ ചോര പിഴിഞ്ഞെടുക്കുന്ന ദുഷ്ടന്മാര്‍ എന്തു ചെയ്യുന്നതിനും മടിക്കുകയില്ലാത്ത കാടന്മാരെക്കാള്‍ ക്രൂരന്മാരാണെന്നവള്‍ക്കു ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു.

കുട്ടപ്പനു് രാജനെപ്പററിയുള്ള ചിന്തയുണ്ടെങ്കിലും അവന്‍ അപ്രത്യക്ഷനാകാനും തുടര്‍ന്നുള്ള സംഭവവികാസത്തിനും എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെയും അവരുടെ ഗൂഢതന്ത്രങ്ങളെയും കണ്ടുപിടിക്കാനുള്ള ആഗ്രഹമാണു കൂടുതലായുള്ളതു്. തന്റെ നാട്ടുകാര്‍ക്കു ഭാവിയില്‍ രക്ഷവേണമെങ്കില്‍ ഈ സംഭവത്തിലെ രഹസ്യങ്ങള്‍ കണ്ടുപിടിക്കുകതന്നെ വേണമെന്നവന്‍ നിശ്ചയിച്ചു. രാജന്‍ ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയില്ലെന്നാണു കുട്ടപ്പന്‍ വിശ്വസിച്ചതു്. അവനെ ഒന്നുകില്‍ ഈ അക്രമികള്‍ കൊന്നിരിക്കും. അല്ലെങ്കില്‍ അവന്‍ വെളളപ്പൊക്കത്തില്‍ അപകടപ്പെട്ടു മരിച്ചിരിക്കും. അതുമല്ലെങ്കില്‍ അക്രമികള്‍ അവനെ ആ മലയില്‍ എവിടെയെങ്കിലും ഒളിച്ചുതാമസിപ്പിക്കുന്നുണ്ടായിരിക്കും. അങ്ങനെയാണെങ്ങില്‍ രാജനെ കണ്ടുപിടിച്ചു രക്ഷപെടുത്തണം. ദുഷ്ടന്മാരെ അമര്‍ച്ച ചെയ്യണം. എന്തുതന്നെ വന്നാലും അവരുടെ രഹസ്യങ്ങള്‍ കണ്ടുപിടിക്കണം. ആ രഹസ്യങ്ങളുടെ ഒരറ്റം ഈ ഗുഹയില്‍ കിട്ടും. ഇതാണു് കുട്ടപ്പന്റെ നിഗമനം.

ആലോചിച്ചും തര്‍ക്കിച്ചും നില്‍ക്കാന്‍ നേരമില്ല. അവിടെങ്ങും ആളുകളില്ലാത്ത ഈ സമയം സ്ഥലം നല്ലവണ്ണം പരിശോധിക്കണം. പട്ടാളജീവിതത്തില്‍ കുട്ടപ്പനു് ഇതിനൊക്കെ ആവശ്യമായ പരിശീലനം നല്ലവണ്ണം കിട്ടിയിട്ടുണ്ട്. അവന്റെ തീരുമാനത്തിനെതിരായി ഒരു വാക്കുപോലും പറയാന്‍ നാണിക്കുട്ടിക്കു ശക്തിയില്ല. അവര്‍ ഗുഹയ്ക്കുളളില്‍ വീണ്ടും കയറി.

ഗുഹയ്ക്കുള്ളിലും പഴുതുകളുളള പാറക്കെട്ടുകള്‍ കണ്ടു. അതിനിടയിലൂടെ അവന്‍ മുന്നോട്ടുതന്നെ നടന്നു. അപകടത്തിന്റെ യാതൊരു ലക്ഷണവും അവര്‍ കണ്ടില്ല. ഇതിനിടയ്ക്കു് ആടിനെ കറന്നു് കുറച്ചു പാല്‍ സംഭരിക്കുന്നതിനും അവര്‍ മറന്നില്ല. രണ്ടുപേരും പാല്‍ കുടിച്ചു ക്ഷീണം മാററി. വീണ്ടും നടന്നുതുടങ്ങി.

ഒരു ഇടുങ്ങിയ മുറി അവര്‍ കണ്ടുപിടിച്ചു. അതിനു വാതിലുകള്‍ പിടിപ്പിച്ചിട്ടില്ല. പാറ തുരന്നുണ്ടാക്കിയ കവാടം. താഴോട്ടു പടികള്‍. എല്ലാം പാറ നിരത്തിവച്ചുണ്ടാക്കിയതു്. വളരെ സുഖമായി രണ്ടുപേര്‍ക്കു് ഒപ്പം നടന്നുപോകാവുന്ന പടികള്‍. അതിലൂടെ അവര്‍ താഴോട്ടിറങ്ങിത്തുടങ്ങി.

വലിയ പ്രകാശമില്ലെങ്കിലും അവിടം ഇരുട്ടുകൊണ്ട് മൂടിയിരുന്നില്ല. പത്തും പതിനാറും പടികൾ ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു പ്ലാറ്റ്ഫാറംപോലെ വിസ്താരമുള്ള സ്ഥലം. ഇരുവശങ്ങളില്‍ ഇരുന്നുവിശ്രമിക്കാന്‍ തക്കവണ്ണം ബഞ്ചുപോലെ പാറകള്‍. ടിപ്പുസുല്‍ത്താന്റെയും മററും രഹസ്യക്കോട്ടകളില്‍നിന്നു രക്ഷപ്പെടാനുള്ള ഭൂഗര്‍ഭവഴികള്‍ പോലെ ആ മാര്‍ഗ്ഗം വളഞ്ഞും തിരിഞ്ഞും ഇറങ്ങിയും പോകുന്നു. ഈ വഴി എവിടെ ചെന്നു നില്‍ക്കുമെന്നവര്‍ക്കറിഞ്ഞുകൂടാ. എവിടെയെങ്കിലും ചെന്നു ചേരണമല്ലോ. അവിടെ വരെ പോകണമെന്നാണു് കുട്ടപന്റെ തീരുമാനം.

പല പടവുകള്‍ ഇറങ്ങി അവര്‍ രണ്ടുപേരും കുറേ ദൂരം എത്തി. സ്വല്പം ഇരുളടഞ്ഞ സ്ഥലത്തു് അവര്‍ ചെന്നുചേര്‍ന്നു. കുത്തനെ നില്‍ക്കുന്ന ഒരു പാറയുടെ മുകളിലാണു് വീണ്ടും അവര്‍ വന്നുനില്‍ക്കുന്നുതു്. താഴോട്ടിറങ്ങാന്‍ പടികളില്ല. ഇരുട്ടുകാരണം താഴ്വശം കാണാനും പററിയില്ല. ഒരു തീപ്പെട്ടിക്കോല്‍ കത്തിച്ചു് കുട്ടപ്പന്‍ ആ കുഴിയിലേക്കിട്ടുനോക്കി. കത്തിയെരിഞ്ഞു തീരുന്നതുവരെ അതു താഴോട്ടു പോകുന്നതു കണ്ടു. ഇരുണ്ടു് ആഴമേറിയ കിണറുപോലെ ആ കുഴി കാണപ്പെട്ടു. ശ്രദ്ധാപൂര്‍വ്വം നടന്നു വന്നിരുന്നില്ലെങ്കില്‍ അവര്‍ ആ കുഴിയില്‍ വീണുപോകുമായിരുന്നു.

വീണ്ടും ഒരു തീപ്പെട്ടിക്കോല്‍ കത്തിച്ചു് കുട്ടപ്പന്‍ അവിടം നല്ലവണ്ണം പരിശോധിച്ചു. ഇടതുവശത്തായി അടുത്തടുത്തു നില്‍ക്കുന്ന രണ്ടു പാറകളുടെ ഇടയിലൂടെ കഷ്ടിച്ചു് ഒരാള്‍ക്കു കടക്കാവുന്ന വിടവു്. അപ്പുറത്തു് താഴോട്ടു വീണ്ടും പടികള്‍.

കുട്ടപ്പന്‍ ആ വിടവിലൂടെ മറുപുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആ രണ്ടു വലിയ പാറകളും അനങ്ങുമെന്നു കണ്ടുപിടിച്ചു. അവ പാറകളല്ല. മരപ്പലകകൾ കൊണ്ടു കൃത്രിമമായുണ്ടാക്കിയ പാറക്കെട്ടാണു്. ഒരാള്‍ക്കു മാത്രം തളളിനീക്കാവുന്ന വെറും വാതിലുകള്‍. കുട്ടപ്പന്‍ അതു തളളി ഇരുവശങ്ങളിലേക്കും മാററി. നാണിക്കുട്ടിയും അവന്റെ പിറകേ മുന്നോട്ടു നീങ്ങി.

ഈ പടികൾ ഇറങ്ങിയാൽ അവസാനം തന്റെ ഗ്രാമത്തിൽ എവിടെയെങ്കിലും ചെന്നുചേരുമെന്നുതന്നെ കുട്ടപ്പൻ ഉറച്ചു. ആ വിശ്വാസം നാണിക്കുട്ടിയിലും ഉണ്ടാക്കി. ഇതൊന്നുമല്ലെങ്കിൽ ഇതുവഴി മറ്റൊരു സങ്കേതത്തിൽ എത്തിച്ചേരാം. അവിടെ ഒരുപക്ഷേ ഭൂതത്തേയോ രാജനേയോ കണ്ടുപിടിക്കാനും സാധിച്ചേക്കും.

ഏതായാലും കുറെയധികം ബുദ്ധിമുട്ടും ക്ലേശങ്ങളുമുണ്ടായെങ്കിലും ഒരു വലിയ കാര്യം സാധിക്കുന്നതിനുള്ള ആദ്യഘട്ടം വിജയിച്ചു എന്ന കരുതി രണ്ടുപേരും ആ വഴിതന്നെ മുന്നോട്ടുപോയി.

കൃത്രിമമായുണ്ടാക്കിയ പാറകളും, ഇടുങ്ങിയ പഴുതുകളും, നിരവധി പടികളും കടന്നു് മുമ്പോട്ടുനീങ്ങിയ അവര്‍ ആ ഗുഹയില്‍നിന്നു് അനേകശതം വാര അടിയില്‍ നിരപ്പൊത്ത ഒരു സ്ഥലത്തു വന്നുനിന്നു. അവിടെനിന്നു് ഒരു ഗോവണി മുകളിലേക്കു കണ്ടു. അതിലൂടെയല്ലാതെ മറ്റൊരു വഴിയും ആ സ്ഥലത്തിനു വെളിയിലേക്കവര്‍ കണ്ടില്ല. അതുകൊണ്ടു് അതുവഴിതന്നെ പോകാന്‍ അവര്‍ നിശ്ചയിച്ചു.