ജീവിതമെന്ന് വായിക്കാവുന്നത്
ജീവിതമെന്ന് വായിക്കാവുന്നത് | |
---|---|
ഗ്രന്ഥകർത്താവ് | ഇ. സന്തോഷ്കുമാർ |
മൂലകൃതി | ഗാലപ്പഗോസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗൃന്ഥകർത്താവ് |
വര്‍ഷം |
2000 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 98 |
ജീവിതമെന്ന് വായിക്കാവുന്നത്
ഈ കഥയില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രമേയുള്ളു. ഒരു പുരുഷന്, സ്ത്രീ. അത്ര വലിയ സംഭവങ്ങളോ, ആക്സ്മികതകളോ, അറിവുകളോ, അസംബന്ധങ്ങള്‍ പോലുമോ ഒന്നും ഇല്ലെന്നിരിക്കേ രണ്ടു കഥാപാത്രങ്ങള്‍പോലും അധികമാവില്ലേയെന്ന സംശയവുമുണ്ട്. മാത്രവുമല്ല, കഥകളെല്ലാം ഇല്ലാതായിരിക്കുന്നു. എഴുതിത്തീര്‍ന്നിരിക്കുന്നു. ജീവിതങ്ങളെല്ലാം ജീവിച്ചു കഴിഞ്ഞിരിക്കുകയാണ്. (വര്ണ്ണിക്കപ്പെടാവുന്നതിലും എത്രയോ ഏറെ മഴ പെയ്തുകഴിഞ്ഞിരിക്കുന്നുവെന്നു് ഒരു കവിസുഹൃത്ത് ഈയിടെ പറഞ്ഞു.) അതിനാല്‍ ഇതേ ചെയ്യാനുള്ളു. മാററത്തിനായി ഒരു കുത്ത്, കോമ, കൊച്ചുതിരുത്തോ, തലക്കെട്ടിലെ മാററമോ എന്തെങ്കിലും. ജീവിതത്തിനുനേരെ ആശ്ചര്യചിഹ്നമിടാവുന്ന കാലമെല്ലാം പൊയ്പ്പോയിരിക്കുന്നു, സുഹൃത്തേ. നാമിവിടെ ഇങ്ങനെ വല്ലാത്ത ചില പൊരുത്തങ്ങളോടെ എന്തെല്ലാമോ പറഞ്ഞുവയ്ക്കുന്നുവെന്നുമാത്രം. അത്രയേറെ തീരുമാനിക്കപ്പെട്ടതാണ് നിങ്ങളുടെ ജീവിതം. സമയവും കുറവാണല്ലോ. ഒരു സെയില്‍സ് പ്രതിനിധിയുടെ കാര്യത്തില്‍ വിശേഷിച്ചും. ഇതൊക്കെ അറിഞ്ഞിട്ടും, പക്ഷേ നാം വിഷയത്തില്‍ നിന്നും അററുപോകാറുണ്ട്. അല്ലെങ്കില്‍ ഒരിക്കലും നീങ്ങുകയില്ലെന്ന വാശിയില്‍ ഒരു പല്ലിയെപ്പോലെ പററിച്ചേര്ന്നിരിക്കും. പല സമയത്തും അത്രയും നിരുത്തരവാദപരമായ ഒരു സമീപനമാണ് നമ്മുടേത്.
ഇവരുടെ ഒഴിവുവേളകള്‍ തന്നെ നോക്കൂ. എല്ലാ തവണയും ഇവള് ഒരേ കഥ തന്നെ പറയുന്നു. എപ്പോഴും എന്തെങ്കിലും മാററിപ്പറയണം, പുതുക്കണം എന്നൊക്കെ കരുതും. എന്നാല്‍ കഷ്ടം, ഒടുവില്‍ അതേ കഥതന്നെ, ദുഃഖവും നിരാശയും ചേര്‍ന്ന അതേ അവസാനം തന്നെ. അയാള്‍ക്കാണെങ്കില്‍ എങ്ങനെയൊക്കെയൊ പുതിയ കാര്യങ്ങള്‍ കിട്ടും. തെരുവുകള്‍ തോറും ചുററിത്തിരിയുന്നതിനിടയില് എന്തെങ്കിലും. സ്വന്തം ഊഴമാകുമ്പോള്‍ അവളെന്തു ചെയ്യും? പാതയിലൂടെ വന്ന അപരിചിതമായ മുഖം? ഉച്ചവെയിലിന്റെ കനല്‍ച്ചൂട് മുറിച്ചുകടന്ന് ആരുവരാന്‍! ഒടുവിലൊടുവില്‍ അവള്‍ക്കതേ പറയാനുള്ളു. എന്തെങ്കിലും പറഞ്ഞുപറഞ്ഞ് ഒരുപാടു വാക്യങ്ങളുടെ ദൂരം പിന്നിട്ട് നിശ്വാസങ്ങള്‍ നിറഞ്ഞ ഈ യാത്ര പഴയ നെരിപ്പോടുകളും സത്രച്ചുമരുകളും ചുററി അതേ സ്ഥലത്തുതന്നെ; വീണ്ടും അതേ കഥ തന്നെ.
നിങ്ങളെല്ലാം കേട്ടുകഴിഞ്ഞ, ആദ്യ കേൾവിയില്‍ മാത്രം ദുഃഖിച്ച ഒരു കഥ.
ഇത്രയേയുള്ളു-
കൊയ്ത്തുകാലത്ത് ശേഖരിച്ച പയറുമണികള് തളളക്കുരുവി മകളെ ഏല്‍പ്പിക്കുന്നു. വയലുകല്‍ തേടി പിന്നെയും പോകുന്ന തള്ളക്കുരുവി. മകള്‍ക്കു കൂടിന്റെ ഇരുട്ടു മാത്രം. പയറുമണികള് ഉണങ്ങി ശുഷ്ക്കമാകുമ്പോള് അമ്മ മടങ്ങിയെത്തുന്നു. പയരുമണികള് കുറവാണെന്നു തെററിദ്ധരിച്ച അമ്മ മകളെ കൊത്തിക്കൊത്തി കൊന്ന്… ഒടുവില്‍ എണ്ണമൊക്കുമ്പോള് വല്ലാതെ കരയുന്നത്…
മതി, നിര്‍ത്ത്, ഇനിയും നിന്റെ ഒരു നശിച്ച കഥ. ഇതെത്രാമത്തെ തവണയാണ്. കിറുക്കുപിടിക്കും അതുകേട്ടാല്‍.
ആദ്യം നിങ്ങള്ക്കിതെല്ലാമിഷ്ടമായിരുന്നു… അവള് വിഷാദത്തോടെ ഓര്‍മ്മിപ്പിക്കും. അതു മുമ്പാണ്. അന്ന് അവള് എന്തു സംസാരിച്ചാലും അയാള്‍ക്കിഷ്ടമായിരുന്നു. അയാള്‍ ഒരു സിഗറററിനായി പരതി. തീര്‍ന്നിരിക്കുന്നു. നാശം! ടൌണില്‍വെച്ച് ഇതൊന്നും ഓര്‍ക്കുകയില്ല. ആകെ ബോറടിക്കുന്നു. അതിനിടയ്ക്കാണ്. ഈ പൈങ്കിളിക്കഥ!
ഇരുട്ടായിട്ടില്ലെങ്കിലും വെളിച്ചം വളരെ കുറവാണ്. ഇവള് തനിച്ചായതുകൊണ്ടാണ് ഇത്രയും നേരത്തെ വരേണ്ടിവന്നത്. അല്ലെങ്കിലും നഗരത്തില്‍ നില്ക്കാന് അയാള്‍ക്കിഷ്ടമില്ല. എന്തൊരു തിരക്കാണ് മിക്കനേരങ്ങളിലും ട്രാഫിക് ജാമില്‍ പെട്ടുപോകും. അററം കാണാത്ത വാഹനങ്ങളുടെ നിരയ്ക്കിടയില്‍ വിയര്‍പ്പും പുകയും വേവാത്ത തമാശകളും നിറച്ച ബസ്സില്‍ അയാളിരിക്കുകയാവും അപ്പോള്‍.
നാം മാര്ച്ചുമാസത്തിലേക്കു വരുന്നതേയുള്ളു.
— നിങ്ങള്‍ക്കൊരു ബൈക്കുണ്ടായിരുന്നെങ്കില്‍…
— എങ്കില്‍?
— അവധി ദിവസങ്ങളിലെങ്കിലും നമുക്കൊന്നു ചുററിയടിക്കാമായിരുന്നു.
— നിനക്കു ശരിക്കും ഭ്രാന്താണ്. ടൌണിലെ തിരക്ക്. ഒന്നും പറയേണ്ട. ബഹളത്തിനിടയില്‍ കരയാന്‍പോലും പററില്ല. പിന്നെയാണ് കറക്കം. കഴിഞ്ഞൊരുദിവസം (അയാള്‍ ഒരു അനുഭവം കെട്ടഴിക്കുന്നു) എം. ജി. റോഡിനടുത്തുവെച്ച് ഞാനൊരു കടയില്‍ നിന്നിറങ്ങുമ്പോള്‍ വല്ലാത്ത കാററുവന്നു. അപ്പോള്‍ വന്ന പൊടിയിലും മണ്ണിലുംപെട്ട് കണ്ണു കാണാതായി. കുടത്തില്‍ നിന്നും ഭൂതം വരുമ്പോലെയായിരുന്നു.
(നഗരത്തിന്റെ ചാരനിറമാര്‍ന്ന ഒരോര്‍മ).
– എം. ജി. റോഡോ? അവിടെയെവിടന്നാണ് ഇത്ര പൊടി?
– ആര്‍ക്കറിയാം, ഞാനന്വേഷിച്ചില്ല.
പക്ഷേ അവള്‍ക്കറിയാമായിരുന്നു. അതൊന്നുമല്ല കാരണം. അയാള്‍ക്കു പേടിയാണ്. ബൈക്കു പോയിട്ട് സൈക്കിള്‍ പോലും എത്ര പേടിച്ചിട്ടാണ് ഉപയോഗിക്കുക. എങ്കിലും അവളൊന്നും പറയില്ല. ഒരുപക്ഷേ, ഇങ്ങനെ ചോദിച്ച് പ്രശ്നം പരിഹരിക്കാം:
–നിങ്ങളൊരു റപ്രസന്റേററീവായിട്ടും വാഹനമില്ലാതെ കഴിച്ചുകൂട്ടുന്നുണ്ടല്ലോ. സമ്മതിക്കണം.
– ഈ മുടിഞ്ഞ കമ്പനി. അയാള്‍ പറഞ്ഞു: ദൈവത്തിനും കൂടി പററാത്ത ടാര്‍ജററ്. ഇതൊന്നു മാറണം.
ദൈവം തന്നെ മാററിയാലും അയാള്‍ കമ്പനി വിടുകയില്ലെന്നും അവള്‍ക്കറിയാം. ഇതൊക്കെ അവള്ക്കറിയാമെന്നുള്ളതാണ് അയാള്ക്കേററവും വിഷമം.
– നിന്റെ ഓരോ ആഗ്രഹങ്ങള്‍.
– ഓ. ഒന്നുമില്ല. ഞാനായതുകൊണ്ട് ഇങ്ങനെ ഒക്കെ അടക്കിപ്പിടിച്ച്…
– ഓഹോ; ഒരുപാട് അങ്ങനെ അടക്കിപ്പിടിച്ച് ജിവിക്കരുത്. അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു. എന്റെ ഭാര്യ മലബന്ധം വന്ന് കഷ്ടപ്പെടും. കമ്പനിയാണെങ്കില്‍ ലാക്സേററിവുകള് വില്‍ക്കുന്നുമില്ല.
– അതൊരു കുറഞ്ഞ തമാശയായിപ്പോയി. അവള് പറഞ്ഞു. അയാള്‍ ഒന്നും മിണ്ടിയില്ല. ഉറക്കം കാത്തുകിടന്നു. കൈകള്‍ നീട്ടി ബെഡ് സ്വിച്ചണച്ചു. വെളിച്ചം ഇല്ലാതെയായി. ഉറക്കത്തില്‍ വ്യത്യസ്ഥ സ്വപ്നങ്ങള്‍ കണ്ടു. ഒന്നാം ദിവസം.
അവര്‍ തമ്മിലുള്ള അടുത്ത വ്യത്യാസം രാവിലെ തന്നെ സംഭവിക്കുന്നു.
അയാള്‍ നേരത്തേത്തന്നെ എഴുന്നേററ് കുളിച്ച് അലോസരപ്പെടുത്താതെ പെര്‍ഫ്യൂമുകള്‍ പുരട്ടി പ്രാതലിനിരിക്കുകയാണ്. അവധിദിവസങ്ങളില്‍ പോലും ഈ പതിവ് തെററുന്നില്ല. അവള് നേരെ മറിച്ചാണ്. അവരുടെ പ്രാതലിനുശേഷം മാത്രമാണ് അവള്‍ക്കു കുളിക്കാന്‍ നേരം കിട്ടുക. അതൊക്കെ അയാളും മനസ്സിലാക്കേണ്ടതല്ലേ? പക്ഷേ ഇന്നു പ്രാതലിനിരിക്കുമ്പോള്‍ അയാള്‍ മുളളുകൊണ്ട് ഭക്ഷണം കഴിക്കുകയും മുളളുകൊണ്ടുതന്നെ സംസാരിക്കുകയും ചെയ്യുന്നു.
– കുളിക്കാതെ ഭക്ഷണം കഴിക്കുന്നവരെ കണ്ടാല്‍ കുളിക്കണം.
അതൊരു തമാശയൊണെന്നു വരുത്താന്‍ അയാള്‍ ചിരിക്കുകകൂടി ചെയ്തു.
– കുളിച്ചു കുറിയിട്ട് എനിക്കെങ്ങും പോകാനില്ല.
– എന്തിന്? രണ്ടുപേര്‍ക്കും കൂടിയാണ് ഞാന്‍ പോകുന്നത്.
അവള് അലസമായി മൂളി. തീര്‍ച്ചയായും അതവര്ക്കിഷ്ടപ്പെട്ടില്ല. ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ ജീവിക്കുക. അതൊരിക്കലും സത്യമല്ല.
എന്നിട്ടും അയാള്‍ അതു തന്നെ ആവര്‍ത്തിക്കുന്നു.
– ഇങ്ങനെ നുണ പറയരുത്. അവള് ഒരിക്കല്‍ പറഞ്ഞു.
അയാള്‍ ചിരിച്ചു. മുന്നില്‍ ശൂന്യമായ ചായക്കപ്പില്‍ താളം പിടിക്കുന്ന വിരലുകള്‍.
– നുണ തൊഴിലിന്റെ ഭാഗമാണ്. അയാള്‍ ചിരിച്ചുകൊണ്ടുതന്നെയാണ് അതു പറഞ്ഞത്.
– തെഴിലിന്റെ ഭാഗമോ?
– അതേ. ഒരു റപ്രസന്റേററീവ് പിന്നെ ആരാണ്? അയാള്‍ അവളെ നേക്കിക്കൊണ്ടു ചോദിച്ചു. ഞാന്‍ വില്‍ക്കുന്ന ഏതു മരുന്നുകഴിച്ചാലും ജനം മരിക്കും. പിന്നെ എന്തോ ഓര്‍ത്തുകൊണ്ട് ശബ്ദം താഴ്ത്തി തുടര്‍ന്നു.
– കഴിച്ചില്ലെങ്കിലും അതേ.
– അപ്പോള്‍പ്പിന്നെ നിങ്ങളെന്തിനാണ്!
– എനിക്കറിഞ്ഞുകൂടാ. അയാള്‍ പറഞ്ഞു. എന്റെ ആവശ്യമൊന്നുമില്ലെന്ന് എനിക്കു മനസ്സിലായി വരുന്നുണ്ട്.
ഇങ്ങനെയുള്ള അപൂര്‍വ്വം കുററസമ്മതങ്ങള്, അപൂര്‍വ്വം കണ്ടെത്തലുകള്‍ ഇവയൊക്കെയും കാലത്തെ ഭക്ഷണസമയങ്ങളുടെ ഭാഗം തന്നെ.
അയാള്‍ പടികളിറങ്ങി പാതയിലെത്തി. പരിചിതമായ ഓരത്തുകൂടെ നടന്നുപോകുന്ന അയാള്‍ ഒരു തീരുമാനിക്കപ്പെട്ട കാഴ്ചയാണ്. എന്നിട്ടും പാതയുടെ അററമെത്തുന്ന അയാളെ നോക്കി ജനലഴികളില്‍ മുഖമര്‍പ്പിച്ച് അവള് നില്ക്കും. ഇനിയൊരു വളവില്‍ വെച്ച് പാത പൊതുനിരത്തുമായി സന്ധിക്കും. അയാള്‍ക്ക് പട്ടണത്തിലേക്കുപോകാനുള്ള ബസ്സുവരും. ഒമ്പതുമണി നേരങ്ങള്‍ തിരക്കുള്ളതാണ്. പോരെങ്കില്‍ വേനല്‍ സംഭാഷണങ്ങള്‍കൂടി ദഹിക്കും ഈ ചൂടില്‍.
മാര്‍ച്ച് തുടങ്ങുന്നതേയുള്ളു.
മാസമൊടുവില്‍ അയാളുടെ കണക്കുകള്‍ വലിയ കുതിപ്പു കാട്ടേണ്ടതുണ്ട്. ഏപ്രില്‍ മാസത്തെ ഇന്‍ക്രിമെന്റ്, ചില ഇന്‍സെന്റീവുകള്‍ ഇതൊക്കെ അത്തരം കണക്കുകളെ ആശ്രയിച്ചിരിക്കും. ഏപ്രില്‍, ഒരു പാടു കാര്യങ്ങള്‍ തുടങ്ങേണ്ട മാസം. പുതിയ ലക്ഷ്യം, പുതിയ പ്രോഡക്ടുകള്‍, ഡൈവേഴ്സിഫിക്കേഷന്, മാര്‍ക്കററ്…
ഏപ്രില്‍, ഏപ്രിലാണ് ഏററവും —
അയാളുടെ കമ്പനി പുതിയൊരു പദ്ധതിക്കായി ഷെയറുകളിറക്കുന്നു. 10 രൂപാ മുഖവിലയുള്ള ഓഹരികള്‍. മുഖവിലയ്ക്കു തന്നെ വാങാനാവുന്ന ഈ ഓഹരികളെക്കുറിച്ച് ഇന്ന് അയാള്‍ അവളോടു സംസാരിക്കും. അയാള്‍ എല്ലാം ഓര്‍ക്കുന്നു. ഇന്‍വെസ്ററ്മെന്റിന്റെ ലാഭങ്ങള്‍, റിസ്ക്കുകള്‍ എല്ലാം.
അവള്‍ക്ക് അവധിദിനത്തിന്റെ തലേന്ന് അല്പം വൈകിയുറങ്ങിയാലും സാരമില്ല. അയാള്‍ പക്ഷേ, ശീലങ്ങള്‍ മാററുകയില്ല. ഒരേ സമയത്തു തന്നെ ഉറങ്ങും, ഉണരും. ഒന്നുമുണ്ടായിട്ടല്ല അങ്ങനെ ഉണരുന്നത്. പതിവു ശീലങ്ങളുടെ ഒരു അലാറമാണ് അയാള്‍ ഇപ്പോഴൊക്കെ.
അവധിദിനത്തിനു തലേന്നാള്‍ അയാള്‍ വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവരും. പക്ഷേ, മുന്നേ സൂചിപ്പിച്ചതുപോല ഇതു മാര്‍ച്ചുമാസമാണ്. എല്ലാത്തിനും ഓര്‍മ്മ കിട്ടണമെന്നില്ല. പലതും വാങ്ങാന്‍ മറന്നു. അവള് പരിഭവം കാണിക്കുന്നുമില്ല. പക്ഷേ നാളെ, നാളെ കാലത്ത് നാം എന്താണ് കഴിക്കുക?
– ഒന്നും വേണ്ട. അയാള്‍ അറിയിച്ചു. കാലത്ത് എഴുന്നേററുനോക്കുമ്പോള് എന്നെ കാണുകയില്ല. എന്നാല്‍ മറ്റെങ്ങും പോയിട്ടുണ്ടാകുമെന്ന് നീ ഭയക്കരുത്. സൂക്ഷിച്ചുനോക്കണം. ഈ കട്ടിലിനടിയില്‍ ഞാന്‍ ഒളിച്ചിരിക്കുകയാവും ഒരു പക്ഷേ, ഒരു വലിയ ഷഡ്പദമായി…
അവളെ ഇതെല്ലാം വേദനിപ്പിക്കുന്നു. അയാളുടെ ഭീതികളിലല്ല അവളുടെ ദുഃഖം. അതിന്റെ ഹേതു താനാണോ എന്ന വിഷമമാണവള്‍ക്ക്. പക്ഷേ ഇവിടെ ഒന്നും ചെയ്യാനില്ല. ഒന്നും… പഴയ കുരുവിയുടെ കഥപോലെ ഒന്നു പശ്ചാത്തപിക്കാന്‍ പോലും വയ്യ. ഈ മുറിവുകള്‍ക്ക് എന്തു ലേപനമാണ്?
അവള് കൈനീട്ടി അയാളെ തൊട്ടു. അഭയം തേടും വിധം അയാള്‍ അവളേയും.
ഏന്നാല്‍, ഏപ്രില്‍ അയാളെ കാത്തിരിക്കുകയല്ലേ?
Public issue of 30,00,000 Equity Shares of Rs. 10/- (Ar Par!). Issue opens on… (ഏപ്രിലിലെ ഏതോ ദിനം). Highlights, Risk factors… Rush… Issue closes on… (ഏപ്രിലിലെ മറ്റൊരു ദിനം).
എപ്പോഴോ വെളിച്ചമണഞ്ഞു. ഇരുട്ടിന്റെ ചിറകുകള് അവരെ വരിഞ്ഞു. രണ്ടാം ദിവസമായി.
ഈ പാതയ്ക്കും പേരില്ല. ഒരു പക്ഷേ എന്തെങ്കിലും കാണുമായിരിക്കും. നെഹ്റു സരണിയെന്നോ, ഗാന്ധിമാര്ഗെന്നോ എന്തെങ്കിലും. നമുക്ക് അതിലൊന്നുമില്ല. ഈ കഥ പേരുകളെ നിരാകരിക്കുന്നു.
അവരുടെ വീടിന്റെ വാതില്‍ പാതയിലേക്കു തുറക്കുന്നു. വീടിന്റെ ജാലകങ്ങളും പാതയിലേക്കുതന്നെ. പാത അവരുടെ നിത്യവും ഏകതാനവുമായ ദൃശ്യമാണ്. പാതയെസംബന്ധിച്ചിടത്തോളം അനേകം ദൃശ്യങ്ങളില്‍ ഒന്നുമാത്രമാണ് ഇവരുടെ വീട്. അനേകജീവിതങ്ങളില്‍ ഒന്ന്. ഒന്നില്‍ നിന്ന് അടുത്തതിലേക്ക്, അതിനുമടുത്തതിലേക്ക് ഇങ്ങനെ നീണ്ടുനീണ്ടുപോയി മാറിവരുന്ന ദൃശ്യങ്ങളിലൊന്നും തളയ്ക്കപ്പെടാതെ പാത, പട്ടണത്തിലേക്കുപോകുന്ന വലിയൊരു വീഥിയുമായി സന്ധിക്കും. നഗരത്തിന്റെ ഒരു സിര മാത്രമാണിത്. അതിലൂടെ അയാള്‍ നടന്നകലുന്നതും, മടങ്ങിവരുന്നതും അവള് കാണുന്നു. മറ്റെന്താണ് അവള് കാണുക? അപരിചിതരായി ആരുമില്ലല്ലോ ഈ വഴിയിലൂടെ. എല്ലാം മടുത്ത്, ഒടുവില്‍ വീട്ടിനുള്ളില്‍ അലസമായി എന്തെങ്കിലും ഓര്ത്തുകൊണ്ടിരിക്കവേ, ചില്ലുജാലകത്തിന്റെ പ്രതലത്തില്‍ ആരോ കൊക്കുരുമ്മുന്നതുപോലെ തോന്നും. ഒരു പക്ഷേ ആ കുരുവിയുടെ കഥ… ഛേ! അതുതന്നെ വീണ്ടും…
മാര്‍ച്ച് മാസത്തിലെ അവസാനനാളുകളിലൊന്നിലാണ് നാം കൊക്കുരുമ്മുന്നത്. പ്രാതലിനിടയില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. ഹോ, ഒരാഴ്ചപാലുമില്ല ഇനി. കാര്യങ്ങള്‍ നീങ്ങുന്നുമില്ല. എന്റെ നാശം പിടിച്ച ജാതകം. എവിടെയെത്താനാണ്! തന്തയ്ക്കു പിറക്കാത്ത മാര്‍ക്കറ്റിംഗ് മാനേജര്‍, അയാളുടെ ആകാശക്കോട്ടയിലെ സെയില്‍സ്. പേപ്പട്ടിയെ കൊല്ലാനുള്ള മരുന്നെടുത്ത് ഉഷ്ണരോഗത്തിനു ചികിത്സിക്കുന്നു ഏതു നരകത്തില്‍ മുട്ടാനാണിനി!
തന്റെ കമ്പനിയിറക്കുന്ന മരുന്നുകൊണ്ടുമാത്രം ചികിത്സിക്കാവുന്ന അതിദാരുണമായൊരു രോഗം ഈ നഗരം മുഴുവന്‍ വ്യാപിക്കുന്നതിനെക്കുറിച്ച് വലിയ പ്രതീക്ഷയോടെ അയാള്‍ ആലോചിച്ചു.
അവള് ശ്രദ്ധിക്കുന്നത് അയാളുടെ വേഷമാണ്. വരകളുളള (അതു നിര്‍ബന്ധമാണ്) ടൈ. ഇളം ഫുള്‍ ഷര്‍ട്ട്. ഡാര്‍ക്ക് ട്രൌസേഴ്സ്.
– ദേ, ഇന്നും നിങ്ങള്‍ അതേ സോക്സ്…
– ഓ, അതുമതി.
– സേക്സോ? നാറില്ലേ പിന്നെ?
– ഓ, ആരറിയാന്‍… പട്ടണം മുഴുവന്‍ ദുര്‍ഗന്ധമാണ്.
സോക്സ് ഒരു പാതി അടിവസ്ത്രമാണ്. ഒരു പക്ഷേ പുറത്തുകാണാവുന്ന ഒന്ന്. ഇങ്ങനെ അശ്രദ്ധനായ ഒരാള്‍ കാഴ്ചയില്‍ വരാത്ത വസ്ത്രങ്ങളില്‍ എത്ര ബോറനായിരിക്കും.
അങ്ങനെ അത്ര കാര്യമുള്ളതൊന്നുമല്ലാത്ത ഈ ഒരു മുഷിഞ്ഞ ചിന്തയിലൂടെ മൂന്നാം ദിവസം പുലരുകയാണ്. നമുക്ക് ഇവരെ പിന്തുടരാവുന്നതേയുള്ളു. പക്ഷേ നീട്ടിപ്പറയാനൊന്നുമില്ല. വായനക്കിടയില്‍ ഒരാള്‍ ചോദിക്കാം:
എന്താണിത്? എന്താണിതിന്റെ അര്‍ത്ഥം? ഒന്നും മനസ്സിലാകുന്നില്ലല്ലോ.
സുഹൃത്തേ, ഒന്നും മനസ്സിലാകുന്നില്ല എന്ന പരാതി എനിക്കുമുണ്ട്. എഴുത്തിനിടയില്‍ ഞാനും അങ്ങനെ വിചാരിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ഒന്നും…
പിന്നെയെന്തിനാണ് ഇതെല്ലാം?
എന്നാലും അയാള്ക്കിറങ്ങാന് നേരമാവുന്നുണ്ട്. അയാള്‍ക്കു പോകണം. അതേ പാതയിലൂടെ, തിരുമാനിക്കപ്പെട്ട ഒരു കാഴ്ചയായി. അതേ ബ്രീഫ്കേസ് വേണം. അതേ പട്ടണത്തിലേക്ക്. പാത അതുതന്നെയാണല്ലോ. അയാളും അവളും എല്ലാം അതേ… ഇതെന്ത്, എന്തിന് എന്നൊക്കെ നിങ്ങള്‍ ചോദിക്കാം. അതിനൊന്നും ഉത്തരം തരാന്‍ അയാള്‍ക്കാവില്ല. അയാള്‍ സിഗറററ് മതിയാക്കുന്നു. ഫില്റററിനടുത്തുവെച്ച് എടുക്കാവുന്ന ഒന്നോ രണ്ടോ പുകയുടെ ആയുസ്സു ബാക്കി വെച്ച് അതിന്റെ കുററി ലതര്‍ ഷൂവിന്റെ സോളിനുതാഴെ അരഞ്ഞു തീരുമ്പോള്‍ അയാള്‍ പറയും:
– നാശം, കാലത്തേ തന്നെ എന്തൊരു ചൂടാണ്!