close
Sayahna Sayahna
Search

തടാകതീരത്ത്: ആറ്


തടാകതീരത്ത്: ആറ്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

ചൗറങ്കിയിൽ അമേരിക്കൻ ലൈബ്രറിക്കെതിരെയുള്ള പെട്ടിക്കടിയിൽനിന്ന് കൊക്കക്കോല കുടിച്ചുകൊണ്ടിരിക്കെ ഒരാൾ രമേശനെ ഉരസിക്കൊണ്ട് പോയി. കുപ്പി തുളുമ്പി പാനീയം ഷർട്ടിന്റെ മുൻഭാഗം നനച്ചു. അയാൾ തിരിഞ്ഞു നോക്കി. ഒരു വയസ്സൻ. അറുപത് അറുപത്തഞ്ചു വയസ്സായിട്ടുണ്ടാകും. നരച്ച്, അല്പം നീണ്ട തലമുടി, അധികം നീളമില്ലാത്ത നരച്ച താടി. അതിനേക്കാൾ നരച്ച ഷർട്ടും ടൈയും. വളരെ അയഞ്ഞ പാന്റ്‌സ് അരയിൽ ഉറച്ചു നിൽക്കാൻ വീതി കുറഞ്ഞ ഒരു ബെൽട്ട് കെട്ടിയിരുന്നു. വസ്ത്രധാരണത്തിൽ അയാൾ ഒരമ്പത് കൊല്ലമെങ്കിലും പിന്നിലാണ്. ഒരു ആംഗ്ലോ ഇന്ത്യനാവണം. അയാൾ തിരിഞ്ഞു നോക്കി, തന്റെ അശ്രദ്ധ മൂലം സംഭവിച്ച അപകടത്തിന്റെ ഗൗരവം മനസ്സിലായപ്പോൾ പറഞ്ഞു.

‘അയാം സോ സോറി...’ അയാൾ പാന്റ്‌സിന്റെ കീശയിൽ നിന്ന് ഒരു കർച്ചീഫെടുത്ത് രമേശന്റെ ഷർട്ടു തുടയ്ക്കാനൊരുങ്ങി. നിറമെന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര മുഷിഞ്ഞ ഒരു തുണിക്കഷ്ണം. രമേശൻ ധൃതിയിൽ തടുത്തു.

‘ഇറ്റ്‌സ് ഓകേ.’

‘കോക്കിന്റെ വില ഞാൻ കൊടുക്കാം.’ അയാൾ കീശയിൽ നിന്ന് പഴ്‌സെടുത്തു.

‘ഞാൻ കൊടുത്തു കഴിഞ്ഞു. നന്ദി.’

‘എന്നാൽ വരൂ, നമുക്കൊരു ബീയർ കുടിക്കാം.’ അയാൾ ക്ഷണിച്ചു.

‘വേണ്ട, നന്ദി.’ രമേശന് അയാളെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്നുണ്ടായിരുന്നു. ലോഗ്യം കൂടാൻ പറ്റിയ കക്ഷിയല്ലെന്ന തോന്നൽ. രമേശന്റെ മുഖത്തുണ്ടായിരുന്ന ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു, അയാൾ കീശയിൽനിന്ന് പഴ്‌സ് പുറത്തെടുത്ത് തുറന്നു കാണിച്ചു. അതിൽ നിറയെ നോട്ടുകൾ അടുക്കിവച്ചിരുന്നു.

‘ഓകെ, അനദർ ടൈം. ഞാൻ ഈ ചുറ്റുവട്ടത്തൊക്കെ ഉണ്ടാവും.’ അയാൾ കുറച്ചു നിരാശയോടെ പറഞ്ഞു.

രമേശൻ റോഡു മുറിച്ചുകടന്നു. ലൈബ്രറിക്കുള്ളിൽ തണുപ്പായിരുന്നു. ലൈഫ് മാഗസിൻ അന്വേഷിച്ചുകൊണ്ട് അയാൾ ഉള്ളിൽ നടന്നു. ലൈബ്രറിയുടെ ഒരു വശം, അതായത് ഫുട്പാത്തിലേയ്ക്കു കാണുന്ന വശം, വലിയ ചില്ലായിരുന്നു. അതിലൂടെ ചൗറങ്കീറോഡിലൂടെ പോകുന്ന വാഹനങ്ങളെയും ഫുട്പാത്തിലൂടെ നടന്നുപോകുന്ന ആൾക്കാരെയും കാണാം. രമേശന്റെ കണ്ണുകൾ യാദൃശ്ചികമായി പുറത്തേയ്ക്കു സഞ്ചരിച്ചു. അവിടെ ചില്ലിനോട് മുഖം ചേർത്തുപിടിച്ച്, അകത്തേയ്ക്കു കാണാൻ രണ്ടു കൈകളും കണ്ണിന്റെ ഇരുവശവും ചേർത്ത് ആ വയസ്സൻ തന്നെ നോക്കി നിൽക്കുകയായിരുന്നു. രമേശന് പെട്ടെന്ന് എന്തോ പന്തിയല്ലെന്നു തോന്നി. എന്തിനാണ് അയാൾ തന്നെ സൂക്ഷിച്ചുനോക്കുന്നത്? ഇതിനർത്ഥം താൻ ലൈബ്രറിയിൽ കയറുന്നത് അയാൾ പുറമെനിന്ന് കണ്ടിരിക്കുന്നുവെന്നാണ്. എന്താണയാളുടെ ഉദ്ദേശ്യം?

മായയെ വീണ്ടും കണ്ടു. ഒരിക്കൽ പരിചയപ്പെടാൻ കാത്തുനിന്നപോലെയാണവൾ പെരുമാറിയത്. കോണിച്ചുവട്ടിൽ വച്ച്, ട്രാം സ്റ്റോപ്പിൽ, തടാകതീരത്ത് അവൾ മുമ്പിൽവന്ന് അയാളെ അദ്ഭുതപ്പെടുത്തി. ‘രൊമേശ് ദാ’ എന്ന വിളിയോടെ അവൾ അടുത്തു വരുമ്പോൾ ഒപ്പം നടന്നിരുന്ന അനുജത്തി പതുക്കെ നടന്നകലുന്നു. രേണുവിന്റെ കണ്ണിൽ എപ്പോഴും ഒരു വിഷാദഛായയുള്ളത് രമേശൻ കണ്ടിരുന്നു. അവൾക്ക് രമേശനുമായി അടുക്കാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.

‘നമുെക്കാരിടത്ത് ഇരിക്കാം.’ മായ പറഞ്ഞു.

‘ശരിയാണ്, ഇരിക്കാം.’ അയാൾ പറഞ്ഞു. രണ്ടു പൂമരങ്ങൾക്കിടയിലാണ് തന്റെ സ്ഥിരം സ്ഥാനം. അവിടെ എത്തിയപ്പോൾ അയാൾ നിന്നു. കീശയിൽനിന്ന് കർചീഫെടുത്ത് നിലത്തു വിരിച്ചുകൊണ്ട് പറഞ്ഞു. ‘ഇരുന്നോളൂ.’

മായ അദ്ഭുതത്തോടെ അയാളെ നോക്കിയ ശേഷം ഒരു വലിയ ബഹുമതി ലഭിച്ചപോലെ ചെറുചിരിയോടെ അതിന്മേൽ ഇരുന്നു.

‘നിങ്ങൾ ഒരു നല്ല കാമുകനാവും.’

അവളുടെ മുമ്പിൽ ചമ്രം പടിഞ്ഞിരിക്കെ ഒരു കാമുകനാവുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഒരവലോകനം നടത്തി. അതിന്റെ അന്ത്യത്തിൽ അവൾ സുന്ദരിയാണെന്ന് കണ്ടുപിടിച്ചു. ഇരുനിറം, അഞ്ച് മൂന്ന് ഉയരമുണ്ടാവും. അധികം നീളമില്ലാത്ത, നേരെയുള്ള ഇടതൂർന്ന തലമുടി അറ്റം ഭംഗിയായി വെട്ടിയിരിക്കുന്നു. അഴിച്ചിട്ടാൽ അവളുടെ ബ്ലൗസിനു താഴെ എത്തും. അവളുടെ കണ്ണുകൾ മനോഹരങ്ങളാണ്. ഇമകൾ ഇടതൂർന്നതും, പുരികങ്ങൾ നേർത്തതുമാണ്. മുഖത്ത് ഒരോമനത്തമുണ്ട്. അയാൾക്കിഷ്ടപ്പെട്ടു.

‘ഒരു കാമുകനാവാൻ എനിക്ക് ഉദ്ദേശ്യമുണ്ടെന്ന് തോന്നുന്നുണ്ടോ?’

‘അറിയില്ല.’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ എന്റെ മനസ്സു തുറന്നതാണ്.’

‘ചിരിക്കുമ്പോൾ നീ കൂടുതൽ സുന്ദരിയാകുന്നു.’

‘ഇതാണ് ഞാൻ പറഞ്ഞത് നിങ്ങൾ ഒരു നല്ല കാമുകനാവുമെന്ന്. ആ കഴിവ് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീർച്ചയാക്കേണ്ടത് നിങ്ങളാണ്.’

‘എന്നാൽ നീ ഊഹിച്ചതാണ് ശരി. ഞാനൊരു കാമുകനായിരിക്കുന്നു.’

അയാൾ പെട്ടെന്ന് പറഞ്ഞു പോയതായിരുന്നു. അതിന്റെ വരുംവരായ്കകളെ പറ്റിയൊന്നും ചിന്തിച്ചില്ല. അവൾ ഗൗരവത്തോടെ പറഞ്ഞതായിരിക്കില്ല. ഒരു തമാശ മാത്രം. പക്ഷേ താൻ പറയുന്നതാകട്ടെ എല്ലാം ഉള്ളിൽ തട്ടിയാണ്. അതു പലപ്പോഴും തനിക്കുതന്നെ വിനയായി തീർന്നിട്ടുണ്ട്. ഇത് ഒരു ദുരന്തമാകരുതേ എന്ന പ്രാർത്ഥനയോടെ അയാൾ പറഞ്ഞു.

‘നീ നിന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.’

അവൾ ഒന്നും പറയില്ലെന്ന തോന്നൽ രമേശനുണ്ടായി. അതു ശരിയാവുകയും ചെയ്തു. അവൾ തിരിച്ച് ചോദിച്ചു.

‘നിനക്ക് വീട്ടിൽ ആരൊക്കെയുണ്ട്?’

അവൾ അപ്‌നി എന്ന സംബോധന മാറ്റി തുമി എന്നാക്കിയത് അയാൾ ശ്രദ്ധിച്ചു.

‘വീട്ടിലോ...അച്ഛൻ, രണ്ടനുജത്തിമാർ, രണ്ടനുജന്മാർ.’

‘അമ്മ?’

‘അമ്മ മരിച്ചു, കാൻസറായിരുന്നു.’

അവൾ കുറച്ചുനേരം മൗനത്തിലായി. സൂര്യൻ അസ്തമിച്ചിരുന്നു. തണുത്ത കാറ്റ് വീശാൻ തുടങ്ങി. തണുപ്പുള്ള രാത്രികളുടെ വരവാണ്. ഒരു പതിനഞ്ചു ദിവസം കൂടി കഴിഞ്ഞാൽ വൈകുന്നേരം തടാകതീരത്ത് ഇരിക്കാൻ പറ്റില്ല. നടത്തം കഴിഞ്ഞ് ഉടനെ തിരിച്ചുപോകേണ്ടിവരും. അല്ലെങ്കിൽ കൂടുതൽ കമ്പിളി വസ്ത്രങ്ങൾ വാങ്ങണം.

വാക്കുകളുടെ ഉറവിടം വറ്റിവരണ്ടപോലെ അവൾ ഇരുന്നു. അയാളും തന്നിലേയ്ക്കു തിരിച്ചുപോയി. വീട്ടിൽ ആരൊക്കെയുണ്ട് എന്ന അവളുടെ ചോദ്യമാണോ, അമ്മയെപ്പറ്റിയുള്ള അന്വേഷണമാണോ, അതോ സ്വെറ്റർ വാേങ്ങണ്ടിവരുമെന്ന ആലോചനയാണോ, എന്താണെന്നറിയില്ല. ചിന്തകൾ അതിവേഗത്തിൽ സഞ്ചരിക്കുകയാണ്. അച്ഛന് ഈ മാസം മുതൽ കൂടുതൽ പണമയക്കാമെന്ന് എഴുതിയിരുന്നു. ചെലവു ചുരുക്കിയാലെ അതു പറ്റൂ.

പെട്ടെന്നയാൾ തിരിച്ചുവന്നു. ഒരു സുന്ദരിയായ പെൺകുട്ടി മുമ്പിൽ ഇരിക്കുമ്പോൾ ആലോചിക്കേണ്ട വിഷയങ്ങളല്ല ഇതൊന്നും. അവൾ രമേശനെ നോക്കിയിരിക്കയാണ്. പക്ഷേ ഒരു ഒഴിഞ്ഞ നോട്ടം. മനസ്സ് ഉറങ്ങുകയാണ്, അല്ലെങ്കിൽ വേറെ എവിടെയോ ഒക്കെ യാത്രയിലാണ്. അയാൾ ചോദിച്ചു.

‘മായ, നീ എവിെടയാണ്?’

അവൾ ഞെട്ടിയുണർന്നു. ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഞാൻ വേറെ ഏതോ ലോകത്തായിരുന്നു. ഇതാണ് എന്റെ കുഴപ്പം. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്നെത്തന്നെ നഷ്ടപ്പെടുന്നു.’

‘ഞാനും അതിനിടയ്ക്ക് കുറേ യാത്ര ചെയ്തു.’

അവൾ ചുറ്റും നോക്കി. തിരക്കു കൂടുകയാണ്.

‘ഞാൻ പോട്ടെ, രേണു പോയിട്ട് നേരം കുറേയായി.’

‘ശരി.’ അയാൾ എഴുന്നേറ്റു. ‘എന്റെ ഇന്നത്തെ നടത്തം ബാക്കിയാണ്.’

അയാൾ അവളുടെ ഒപ്പം നടന്നു. സതേൺ അവന്യുവിലെത്തിയപ്പോൾ പറഞ്ഞു.

‘നീ പൊയ്‌ക്കോളൂ. ഞാൻ തിരിച്ച് തടാകത്തിലേയ്ക്കു പോകുന്നു.’

അവൾ പോകാനായി തിരിഞ്ഞു. പിന്നെ തിരിച്ച് അയാളുടെ അടുത്തേയ്ക്കുതന്നെ വന്നുകൊണ്ട് പറഞ്ഞു.

‘ഞാൻ ഒരു ദിവസം മുറിയിലേയ്ക്കു വരട്ടെ?’ അവളുടെ മുഖത്ത് ഓമനത്തമുണ്ടായിരുന്നു. നാളെ വരുമ്പോൾ എനിക്ക് ചോക്കളേറ്റ് വാങ്ങിക്കൊണ്ടുവരുമോ എന്നു ചോദിക്കുന്ന കുട്ടിയെപ്പോലെ.

‘വരൂ, നമുക്ക് സംസാരിച്ചിരിക്കാലോ.’

മായ സതേൺ അവന്യു മുറിച്ചുകടന്ന് ശരത്‌ബോസ് റോഡിന്റെ ഫുട്പാത്തിൽ മറയുന്നതുവരെ രമേശൻ നോക്കിനിന്നു. അയാൾ തിരിച്ച് തടാകത്തിലേയ്ക്കു നടന്നു. മായ മുറിയിലേയ്ക്കു വരാമെന്നാണ് പറഞ്ഞത്. അവൾ അതു പറഞ്ഞ നിമിഷം മനസ്സിലുണ്ടായ തള്ളിച്ച മറച്ചുവെയ്ക്കാൻ അയാൾ പാടുപെട്ടിരുന്നു. ഒരുപക്ഷേ വെറുതെ സംസാരിച്ചിരിക്കാൻ തന്നെയായിരിക്കും അവൾ വരാമെന്ന് പറഞ്ഞത്. ഓരോരുത്തർക്കും അവനവന്റേതായ ചുമടുണ്ട്. അതിറക്കിവയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും. വാക്കുകൾക്ക് എന്തിന് ഇല്ലാത്ത അർത്ഥങ്ങൾ കൊടുക്കുന്നു?

അയാൾ ഊണു കഴിച്ച് തിരിച്ചെത്തിയപ്പോൾ എട്ടു മണിയായി. വാതിൽ തുറന്നപ്പോഴാണ് മേശപ്പുറത്ത് ഒരു കപ്പ് ഇരിക്കുന്നതു കണ്ടത്. വാതിൽ അടക്കാതെത്തെന്ന രമേശൻ അതു തുറന്നു നോക്കി. അതിൽ മൂന്ന് വലിയ രസഗുള പഞ്ചസാര സിറപ്പിൽ മുങ്ങിക്കിടക്കുന്നു. അയാൾ പുറത്തേയ്ക്കു നോക്കി. മായയുടെ അമ്മ അടുക്കളിയിലേയ്ക്ക് എന്തോ എടുക്കാൻ വന്ന് തിരിച്ചുപോകുകയാണ്. അവർ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് സാരിത്തലപ്പ് തലയിലൂടെ ഇട്ട് അകത്തേയ്ക്കു പോയി. കോണിയുടെ ലാന്റിങ്ങിൽ നിരഞ്ജൻ ബാനർജിയുടെ ചെരിപ്പുണ്ടായിരുന്നു.

രസഗുള രമേശന് ഇഷ്ടമാണ്. ബംഗാളികളുടെ ഹരമാണ് അത്. ഒരിക്കൽ ഒരു സഹപ്രവർത്തകന്റെ കല്യാണത്തിന് പോയപ്പോഴാണ് ഹരത്തിന്റെ വ്യാപ്തി മനസ്സിലായത്. ഊണു കഴിഞ്ഞ ശേഷം മേശപ്പുറത്തു വച്ച വലിയ പാത്രത്തിൽ നിന്ന് രണ്ടു രസഗുള എടുത്ത് രമേശൻ മാറിയിരുന്നു. അതുതന്നെ എടുത്തത് ഊണിന്റെ ഒപ്പം കൂട്ടിയ മീൻതല കൊണ്ടുള്ള തോരന്റെ സ്വാദ് വായിൽ നിന്ന് കളയാനായിരുന്നു. മീൻതലയാണെന്ന് ആദ്യമറിഞ്ഞില്ല. അടുത്തിരുന്ന അമർ ചാറ്റർജിയാണ് പറഞ്ഞത്. ബംഗാളികളുടെ ഒരു വീക്‌നസ്സാണത്രെ മീൻതല ഇടിച്ചുണ്ടാക്കുന്ന തോരൻ. നോക്കുമ്പോൾ അതിഥികൾ മീൻതല തിന്നുന്ന അതേ വീറോടെ ഡസൻ കണക്കിനാണ് രസഗുള തിന്നുന്നത്. നാട്ടിൽ പോകുമ്പോൾ ഭവാനിപ്പൂരിലെ കെ.സി. ദാസിന്റെ കടയിൽനിന്ന് ഒന്നോ രണ്ടോ ടിൻ രസഗുള വാങ്ങിക്കൊണ്ടു പോകണമെന്ന് അയാൾ തീർച്ചയാക്കി. കുട്ടികൾക്ക് ഇഷ്ടമാവും തീർച്ച.

‘നീ പെട്ടെന്നു പഠിക്കുന്നുണ്ട്.’ അമർ ചാറ്റർജി പറഞ്ഞു. ‘നിന്റെ കത്തുകളെല്ലാം നന്നാവുന്നുണ്ട്. ഇപ്പോൾ വിഷയം അറിഞ്ഞിട്ടാണ് നീ എഴുതുന്നതെന്ന് മനസ്സിലാക്കാം.’

രമേശൻ നന്ദി പറഞ്ഞു. ‘എല്ലാം അമർ ബാബു കാരണമാണ്.’

രമേശൻ വെറുതെ പറഞ്ഞതല്ല. വളരെ ക്ഷമയോടെ അയാൾ കാര്യങ്ങൾ വിവരിച്ചുതന്നു. കസ്റ്റമറുടെ ഡ്രോയിങ്‌സ് കാണിച്ച് എന്തെല്ലാം മെഷിനിങ് ഓപറേഷൻസ് ആണ് വേണ്ടതെന്നും അതിന് തങ്ങളുടെ പക്കലുള്ള യ്രന്തങ്ങൾ ഏതൊക്കെയാണുള്ളതെന്നും പറഞ്ഞുതന്നു. ഒരു മാസത്തിനുള്ളിൽ തനിക്ക് ഇതെല്ലാം ഗ്രഹിക്കാൻ പറ്റുന്നുണ്ടെന്നത് രമേശനെ അദ്ഭുതപ്പെടുത്തി. കമ്പനിയിൽ ചേർന്നപ്പോൾ ഈ കാറ്റലോഗുകൾ വെറുതെ മറിച്ചുനോക്കുകയല്ലാതെ അവ എന്താണെന്നും അതുകൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാമാണെന്നും മനസ്സിലായിരുന്നില്ല.

‘ഞാനൊരു കാര്യം ചെയ്യാം.’ അമർ ചാറ്റർജി പറഞ്ഞു. ‘എംഡിയുടെ ഒരു യൂനിറ്റുണ്ട് ബെന്റിങ്ക് സ്റ്റ്രീറ്റിൽ. നാലഞ്ചു ലെയ്ത്തുകളുണ്ട്, ഡ്രില്ലിങ് മെഷിൻ, സർഫസ് ഗ്രൈന്റർ. നിനക്ക് ഒരു മണിക്കൂർ നേരത്തെ പോയി രണ്ടോ മൂന്നോ മണിക്കൂർ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞാനത് അറേയ്ഞ്ച് ചെയ്യാം.’

അദ്ദേഹം നാലു രസഗുള ഒരു കപ്പിലെടുത്ത് തിരക്കിൽനിന്ന് കുറച്ചു വിട്ട് ഒരു കസേലയിൽ ഇരിക്കുകയായിരുന്നു. ഒരു സ്പൂൺ കൊണ്ട് രസഗുള കഷ്ണമായി വായിലേയ്ക്കു കൊണ്ടുപോകുന്നു. രമേശൻ നോക്കുന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു.

‘ഇങ്ങിനെയല്ല രസഗുള തിന്നേണ്ടത്. നീ അങ്ങോട്ടു നോക്ക്.’ അദ്ദേഹം, രസഗുള വച്ച വലിയ പാത്രത്തിന്നരികെ കസേലയിൽ ഒരു വലിയ കപ്പും പിടിച്ച് ഇരിക്കുന്ന തരുൺ ഗോസ്വാമിയെ ചൂണ്ടിക്കാട്ടി. സ്പൂൺ ഇല്ല, വെറും രണ്ടു വിരലുകൾകൊണ്ട് ഓരോ രസഗുള മുഴുവനായി എടുത്ത് കൊഴുപ്പുള്ള പഞ്ചസാരവെള്ളത്തിൽ നല്ലവണ്ണം മുക്കി വായിലേയ്ക്കു കൊണ്ടുപോകുന്നു. ഒപ്പംതന്നെ രസം ഉടുപ്പിലാകാതിരിക്കാൻ പാത്രവും കൊണ്ടുപോകുന്നുണ്ട്. രസഗുളയുടെ ഒപ്പം പാത്രവും വിഴുങ്ങാൻ പോകയാണെന്ന പ്രതീതി ഉണ്ടാവുന്നു. തന്നെപ്പറ്റിയാണ് അമർ ചാറ്റർജി പറയുന്നതെന്നു മനസ്സിലായപ്പോൾ ഗോസ്വാമി എഴുന്നേറ്റു വന്നു.

‘എന്താണ് രണ്ട് എഞ്ചിനീയർമാർ സംസാരിക്കുന്നത്. ഒരു ഗ്രാജ്വേറ്റ് എഞ്ചിനീയറും ഒരു കാറ്റലോഗ് എഞ്ചിനീയറും?’

കാറ്റലോഗ് എഞ്ചിനീയർ! അതിൽ നിന്ദാസൂചകമായ എന്തോ ഉണ്ട്, ഒപ്പം തന്നെ പ്രശംസനീയമായ ഒന്നും. രമേശന് അതിഷ്ടപ്പെട്ടു.

‘ഗോസ്വാമി, നാളെതൊട്ട് ഈ കുട്ടി നിങ്ങളുടെ ശിഷ്യനാണ്.’

ഗോസ്വാമി ചോദ്യത്തോടെ ചാറ്റർജിയെ നോക്കി.

‘ഞാൻ ഇയ്യാളെ വൈകീട്ട് 4 മണിക്ക് ഒഴിവാക്കും. അവൻ നേരെ നിങ്ങളുടെ വർക്‌ഷോപ്പിൽ വരുന്നു. വേണ്ട ട്രെയ്‌നിങ് കൊടുക്കണം.’

ഗോസ്വാമി രമേശനെ ഒരു അവലോകനത്തിനു വിധേയമാക്കി. ഒരു വിശ്വാസമില്ലായ്മ. രമേശൻ ശ്വാസം പിടിച്ചു നിന്നു. അതിന്റെ അന്ത്യത്തിൽ ഗോസ്വാമി പറഞ്ഞു.

‘വന്നോട്ടെ, നമുക്ക് നോക്കാം.’

അയാൾ രസഗുളയിലേയ്ക്ക് തിരിച്ചുപോയി.

ദിവസേന എപ്പോഴെങ്കിലും വരികയും എം.ഡിയുമായി സംസാരിച്ച് തിരിച്ചുപോവുകയും ചെയ്യുന്ന ഗോസ്വാമി എവിടെനിന്നാണ് വരുന്നതെന്ന് രമേശൻ അന്വേഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിശേഷിച്ച് ശ്രദ്ധിച്ചിരുന്നുമില്ല. അയാൾ വർക്‌ഷോപ്പിന്റെ മാനേജരാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്തായാലും അയാൾ തനിക്കൊരു പേർ തന്നിരിക്കുന്നു. കാറ്റലോഗ് എഞ്ചിനീയർ.

രമേശൻ വീട്ടിലെത്തിയപ്പോൾ മായ കോണിച്ചുവട്ടിൽ നിൽക്കുകയായിരുന്നു.

‘ഞാൻ രൊമേശ് ദാദ വരുന്നതു കണ്ടപ്പോൾ കാത്തുനിൽക്കുകയാണ്.’

‘എനിെക്കാരു കല്യാണ സദ്യയുണ്ടായിരുന്നു.’

‘എവിടെ?’

‘ഹൗറയിൽ.’

‘ഞാൻ ലെയ്ക്കിൽ നടക്കാൻ പോവ്വാണ്. രൊമേശ്ദാ വരില്ലെ?’

‘വരാം.’

‘ഞാൻ കാത്തിരിക്കും.’

അയാൾ സാവധാനത്തിൽ കോണി കയറി മുറിയിലെത്തി. കല്യാണവീട്ടിലേയ്ക്ക് കുറെ ദൂരമുണ്ട്. സ്റ്റ്രാന്റ് റോഡ് വരെ അമർ ചാറ്റർജിയുടെ കാറുണ്ടായിരുന്നു. അവിടെനിന്ന് വീണ്ടും ട്രാമിൽ പൊത്തിപ്പിടിച്ച് ഇവിടെ എത്തിയപ്പോഴേയ്ക്ക് ക്ഷീണിച്ചു. കുറച്ചു നേരം കിടക്കണം. സമയം നാലരയായിട്ടേ ഉള്ളൂ. ഒരര മണിക്കൂർ വിശ്രമിക്കാം. എന്നിട്ട്...എന്നിട്ട്? അയാൾക്ക് തടാകത്തിൽ പോകണമെന്നുണ്ടായിരുന്നില്ല. എന്തുകൊണ്ടോ മായയുമായി അടുക്കുന്നത് ശരിയാവില്ലെന്ന തോന്നൽ. അതൊരു ദുരന്തമാവുകയേ ഉള്ളൂ എന്നറിയാം. പോകുന്നില്ലെന്ന് തീർച്ചയാക്കിയ ശേഷം രമേശൻ കിടക്കയിൽ കിടന്ന് ഉറക്കമായി.