close
Sayahna Sayahna
Search

തടാകതീരത്ത്: എട്ട്


തടാകതീരത്ത്: എട്ട്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘എത്ര ദിവസമായി കണ്ടിട്ട്?’

‘ഞാൻ വളരെ തിരക്കിൽ പെട്ടു. ഞാൻ പറഞ്ഞില്ലേ ഇനി തൊട്ട് ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ കാണാൻ പറ്റൂ എന്ന്?

‘ഇന്നു നേരത്തെ വരുമോ?’

‘വരാം.’

‘ഞാൻ കാത്തിരിക്കും.’

ഓഫീസിലെത്തിയ ഉടൻ രാമകൃഷ്‌ണേട്ടന്റെ ഫോണുണ്ടായിരുന്നു.

‘എടോ വീട്ടിലേയ്ക്ക് എന്തെങ്കിലും കൊടുത്തയക്കാനുണ്ടോ?’

രാമകൃഷ്‌ണേട്ടൻ ഇന്നാണ് നാട്ടിലേയ്ക്കു പോകുന്നത്. കഴിഞ്ഞ ആഴ്ച ഫോൺ ചെയ്തിരുന്നു. മറന്നുപോയി. കല്യാണം കഴിക്കാൻ പോകുകയാണ് വധു രമേശൻ അറിയുന്ന കുട്ടിയാണ്. ഒരു കൊല്ലം തന്റെ സീനിയറായി പഠിച്ചതാണ്. നല്ല കുട്ടി. നന്നായി. തനിക്ക് വല്ലപ്പോഴും ഒരു ഞായറാഴ്ച വീട്ടിലെ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ പോകാമല്ലോ.

കുട്ടികൾക്ക് കുറച്ചു രസഗുള കൊടുത്തയച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷേ പണമില്ല.

‘തല്ക്കാലം ഒന്നുംല്ല്യ രാമകൃഷ്‌ണേട്ടാ. ഞാൻ ഏതായാലും ഏപ്രിൽ മാസത്തിൽ പോകുന്നുണ്ടല്ലോ. അപ്പോൾ കൊണ്ടുപോകാം.’

‘ശരി. തന്റെ വിവരൊക്കെ അച്ഛനോട് പറയാം. കല്യാണത്തിന്റെ ക്ഷണക്കത്ത് അയച്ചുതരാം.’

‘ഞാൻ നേരത്തെ ഒഴിവാകുകയാണെങ്കിൽ സ്റ്റേഷനിൽ വരാം.’

‘അതൊന്നും വേണ്ടെടോ. ഹൗറാ ബ്രിഡ്ജിൽ എന്തു ട്രാഫിക് ജാമാണെന്നറിയ്യോ. തിരിച്ചു വന്നിട്ട് കാണാം.’

ശരിയാണ്. വൈകുന്നേരങ്ങളിൽ പാലം കടന്നുകിട്ടാൻ തന്നെ ഒരു മണിക്കൂർ എടുക്കും. അതു കഴിഞ്ഞ് സ്റ്റ്രാന്റ് റോഡിൽ പാവിയ കറുത്ത ഇഷ്ടികകളുടെ എക്കുംപൊക്കും അനുഭവപ്പെട്ട് വീണ്ടുമൊരു അര മണിക്കൂർ എസ്പ്ലനേഡ് എത്താനും. യാത്ര ട്രാമിൽ ആയതുകൊണ്ട് എസ്പ്ലനേഡ് എത്തിയാൽ പിന്നെ അത്ര പ്രശ്‌നമില്ല. പ്രത്യേകിച്ചും ഭവാനിപ്പൂർ എത്തുന്നതുവരെ റോഡിന്റെ ഒരു വശത്താണ് ട്രാമിന്റെ പാളങ്ങൾ; മറ്റു വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടാതെ യാത്ര ചെയ്യാം.

സ്വാമിയുടെ ഹോട്ടലിൽ നിന്ന് ഊണുകഴിച്ച് മുറിയിലെത്തിയപ്പോൾ സമയം മൂന്നു മണി. കുറച്ചുനേരം ഉറങ്ങിയിട്ട് ലെയ്ക്കിൽ പോകാം. ഇന്നും പോയില്ലെങ്കിൽ മായ പിണങ്ങുമെന്ന് ഉറപ്പാണ്.

ഒന്നു മയങ്ങിയിട്ടുണ്ടാകും, വാതിൽക്കൽ ഒരു മുട്ടുകേട്ട് രമേശൻ ഉണർന്നു. നല്ല ഉറക്കത്തിലായിരുന്നു. അതുകൊണ്ട് വാതിൽക്കൽ മുട്ടുകേട്ടത് ശരിക്കുതന്നെയാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഒരു മിനുറ്റിനകം വീണ്ടും മുട്ടു കേട്ടു. വളരെ മൃദുവായ ശബ്ദം. അയാൾ എഴുന്നേറ്റു വാതിൽ തുറന്നു. അതു മായയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ രമേശൻ നിൽക്കുകയാണ്. അവൾ ആദ്യമായാണ് മുറിയിലേയ്ക്കു വരുന്നത്. അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

‘എന്താ എന്നെ ഉള്ളിലേയ്ക്കു ക്ഷണിക്കുന്നില്ലേ?’

‘ങാ, വരൂ, ഏഷോ, ഏഷോ...’

അമ്മയുടെ മുറിയുടെ ഭാഗത്തേയ്ക്ക് നോക്കി ആരുമില്ലെന്നു തീർച്ചയാക്കി മായ അകത്തു കടന്നു വാതിലടച്ചു. അവൾ ചുറ്റും നോക്കുകയാണ്. ചുവരിലെ രണ്ടു ചിത്രങ്ങളിൽ അവളുടെ കണ്ണുകൾ ഉടക്കിനിന്നു.

‘ചി്രതങ്ങൾ ഇഷ്ടമാണോ?’ അവൾ ചോദിച്ചു.

‘അങ്ങിനെയൊന്നുമില്ല. ചില ചിത്രകാരന്മാരുടെ മാത്രം.’

‘എനിക്ക് ദാലി ഇഷ്ടമല്ല.’

‘എന്തേ?’

‘ആത്മാർത്ഥതയില്ലാത്ത വരയാണെന്നു തോന്നുന്നു.’

‘നമ്മൾ വിയോജിക്കുന്നുവെന്ന് സമ്മതിക്കാം.’

മായ ചിരിച്ചു.

‘ഞാൻ വന്നത് ചിത്രകലയെപ്പറ്റി സംസാരിക്കാനാണോ?’

‘അല്ലാതെ?’ ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനും കൂട്ടിമുട്ടുമ്പോൾ സംസാരിക്കാൻ പറ്റിയ ഏക വിഷയം ചിത്രകലയാണെന്ന മട്ടിൽ രമേശൻ പറഞ്ഞു.

‘നമുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം.’

‘ശരി.’

അവൾ ആലോചിക്കുകയാണ്. ഒരുപക്ഷേ എന്തു തുടങ്ങണം എന്നതിനെപ്പറ്റിയായിരിക്കും. അവൾ ഒന്നും പറയാതെ ജനലിനടുത്തു വന്നുനിന്നു. രമേശൻ അവളുടെ അടുത്തു ചെന്നുനിന്നു പുറത്തേയ്ക്കു നോക്കി. ആദ്യമായി കാണുന്നപോലെ. പുറത്തെ വെയിലിന് നേരിയ ചൂട്. ജനലിന്റെ അഴികൾ പിടിച്ചുകൊണ്ട് മായ നിൽക്കുകയാണ്. വെയിൽ അവളുടെ നേരിയ, ഭംഗിയുള്ള വിരലുകളിൽ തങ്ങിനിൽക്കുകയാണ്. വിട്ടുപോകാൻ മടിയുള്ളപോലെ.

‘നീയെന്താണ് ഒന്നും പറയാത്തത്?’ അവൾ മറ്റൊരു ലോകത്തേയ്ക്കു പോയി എന്നു രമേശനു തോന്നി. എപ്പോഴും സംഭവിക്കുന്നതുതന്നെ. ഇനി അവളെ തിരിച്ചു കൊണ്ടുവരണം.

‘എനിക്കീ മുറി...’ അവൾ അർദ്ധോക്തിയിൽ നിർത്തി.

‘മുറി?’

‘ഒന്നുമില്ല.’ അവൾ നടന്ന് കട്ടിലിൽ വന്നിരുന്നു.

രമേശൻ കട്ടിലിന്റെ തലയ്ക്കൽഭാഗത്ത് തലയിണയും വച്ച് ചാരിയിരുന്നു.

‘രൊമേശ്ദാദയുടെ ഓഫീസിൽ ആരൊക്കെയുണ്ട്?’

‘കുറേ പേരുണ്ട്, എന്തേ?’

‘പെൺകുട്ടികൾ?’

‘മൂന്നുപേർ. റിസപ്ഷനിസ്റ്റ്. ഡയറക്ടറുടെ പി.എ. പിന്നെ ഒരു സ്റ്റെനോവും.’

‘സുന്ദോർ?’

‘ങും, ഒരുമാതിരി. റിസപ്ഷനിസ്റ്റ് നല്ല സുന്ദരിയാണ്, ആംഗ്ലോ ഇന്ത്യൻ പെണ്ണ്. എന്തേ അസൂയയാകുന്നുണ്ടോ?’

‘ങും.’

‘എന്തിനാണ് അസൂയ, മായ അവളേക്കാൾ സുന്ദരിയാണ്.’

മായയുടെ കണ്ണുകൾ വിടർന്നു. നേരിയ ചുവന്ന ചുണ്ടുകൾ ചിരിയുടെ വക്കെത്തത്തി നില്ക്കുന്നു. അവൾ ചിരിച്ചില്ല. ചിരി പാപമാണെന്നപോലെ അവൾ ചുണ്ടുകൾ അമർത്തിപ്പിടിച്ചു.

‘എന്താ ചിരിക്കാൻ ഇത്ര വിഷമം. ഞാൻ ഇത്ര നല്ല തമാശ പറഞ്ഞിട്ടും?’

‘അപ്പോൾ പറഞ്ഞത് തമാശയാണല്ലെ.’

‘അല്ല, പറഞ്ഞത് തമാശയല്ല. കാര്യമാണ്. മായ സുന്ദരിയാണ്. ഞങ്ങളുടെ ഓഫീസിലെ റിസപ്ഷനിസ്റ്റിനേക്കാൾ സുന്ദരി.’

‘ഞാൻ ഒരു കാലത്ത് ധാരാളം ചിരിച്ചു രൊമേശ്ദാ. ഇപ്പോൾ ചിരിയൊക്കെ എന്റെ ജീവിതത്തിൽ നിന്ന് പോയിരിക്കുന്നു. ഇനി തിരിച്ചുവരുമെന്നും തോന്നുന്നില്ല. ഇപ്പോൾ ഞാൻ കുറ്റബോധംകൊണ്ട് വീർപ്പുമുട്ട്വാണ്.’

‘എന്താണ് നിന്നെ അലട്ടണത്?’

‘അതു പറയാൻ എളുപ്പമല്ല, എന്നെങ്കിലും ഒരു ദിവസം പറയാൻ പറ്റുമായിരിക്കും. ആദ്യം അതിനുള്ള ധൈര്യമുണ്ടാക്കട്ടെ.’

‘ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?’ രമേശൻ പറഞ്ഞു. ‘നിങ്ങളുടെ വീട്ടിൽ ഒരുപാടു നിഗൂഢതകൾ ഉള്ളപോലെ. ഒരു സാധാരണ വീടു പോലെ അല്ല നിങ്ങളുടെ ബന്ധങ്ങളും. എന്താണങ്ങിനെ? എന്താണ് നിങ്ങളെയൊക്കെ അലട്ടുന്നത്?’

മായ ദീർഘമായി നിശ്വസിച്ചു. അവളുടെ മാറിടം ഉയർന്നുപൊങ്ങി.

‘രൊമേശ്ദാ എനിക്ക് അതൊക്കെ പറയാൻ പറ്റിയിരുന്നെങ്കിൽ? ഞാൻ ഒരിക്കൽ പറയും. എന്നാലെ എനിക്ക് ആശ്വാസമാവു. ഈ ചുമട് എനിക്ക് എവിടെയെങ്കിലും ഇറക്കിവയ്ക്കണം.’

അവളുടെ കണ്ണുകൾ നിറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്നറിയാതെ രമേശൻ ഇരുന്നു. താൻ എന്തിനാണ് ഈ വക ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തിനാണ് മറ്റുള്ളവരുടെ വിധിയിൽ കൈകടത്തുന്നത്? തനിക്ക് മായയോട് അത്രമാത്രം സ്‌നേഹമുണ്ടോ? പ്രേമം എന്ന് ലോകം ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്‌നേഹമൊന്നുമില്ലെന്ന് അയാളുടെ മനസ്സാക്ഷി പറഞ്ഞു. അയാൾ അവളെ സമാധാനിപ്പിക്കാനായി നല്ല വാക്കുകൾ പറയുകയായിരുന്നു. ഒരു വിധത്തിൽ ചതിയല്ലേ? ആയിരിക്കാം. ഏതാനും നല്ല വാക്കുകൾകൊണ്ട് ഒരു പെൺകുട്ടിയ്ക്ക് ആശ്വാസമുണ്ടാകുകയാണെങ്കിൽ അതിൽ എന്താണ് തെറ്റ്? പക്ഷേ അതിന് ഒരു പരിധിയുണ്ട്. തനിക്ക് കർത്തവ്യങ്ങളുണ്ട്, ലക്ഷ്യങ്ങളുണ്ട്. അതിനിടയിൽ ഒരു പെൺകുട്ടി ഇടപെട്ട് എല്ലാം നശിപ്പിക്കുന്നതിൽ അർത്ഥമില്ല. ഇവളെ സൂക്ഷിക്കണമെന്ന് മനസ്സു പറയുന്നു. അവൾ തന്റെ ജീവിതത്തിലേയ്ക്ക് ഇരച്ചു കയറുകയാണ്. വാതിൽക്കൽ മുട്ടാനുള്ള ക്ഷമ പോലുമില്ലതെ. അവളുടെ അമ്മയുമതെ. അവസരം കിട്ടിയാൽ തനിക്ക് ഭക്ഷണം കൊണ്ടുവന്നു തരുന്നു. അല്ലെങ്കിൽ എന്തെങ്കിലും മധുര പലഹാരങ്ങൾ തന്ന് സ്‌നേഹംകൊണ്ട് മൂടുന്നു. എന്താണവരുടെ ഉദ്ദേശ്യം? ഒരുപക്ഷേ തന്നിൽ അവരുടെ മരിച്ചുപോയ മകനെ കാണുകയായിരിക്കാം. തന്നിൽ സ്വന്തം സഹോദരനെ കാണുന്ന മായയെപ്പോലെ. പക്ഷേ അത്ര മാത്രമാണോ? അതിനപ്പുറമൊന്നുമില്ലേ? അവരുടെ തലോടലിൽ, അവരുടെ മുഖഭാവങ്ങളിൽ അതിൽ കൂടുതലായി അനുഭവപ്പെടുന്നത് തന്റെ കാടുകയറിയ ഭാവനകളാണോ? ഉറക്കം വരാത്ത രാത്രികളിൽ തനിക്ക് സാന്ത്വനമായി വരുന്നത് മായയുടെ ഇളം ശരീരമല്ല, മറിച്ച് ആനന്ദമയീദേവിയുടെ അദൃശ്യ സാമീപ്യവും മാംസളസ്പർശവുമാണെന്നത് അദ്ഭുതമായിരിക്കുന്നു.

മായ എഴുന്നേറ്റു. അവൾ പോകാൻ തുനിയുകയാണെന്നാണ് രമേശൻ കരുതിയത്. എന്നാൽ അവൾ പോകാതെ രമേശന്റെ അടുത്തു വന്നിരുന്നു. അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കഴുത്തിലൂടെ കൈയിട്ട് അയാളെ ചുംബിച്ചു. ഒരു സുദീർഘചുംബനം. വാതിൽ കുറ്റിയിട്ടിട്ടില്ലെന്ന് രമേശൻ ഒരു നിമിഷം ഓർത്തു. പിന്നെ സ്‌നേഹപ്രകടനത്തിന്റെ തള്ളിച്ചയിൽ അതൊക്കെ അപ്രസക്തമായി. ജീവിതത്തിൽ ആദ്യമായാണ്, ഭാവനയിൽ മാത്രം കണ്ടിരുന്ന ഒരു രംഗം സ്വയം അരങ്ങേറുന്നത്. അയാളുടെ കൈകൾ ചലനാത്മകങ്ങളായി. നിമിഷങ്ങൾ മാത്രം, മായ സ്വയം വീണ്ടെടുത്തു. ദേഹത്തു പരതുന്ന കൈകൾ മാറ്റി രമേശിന്റെ ചുണ്ടുകളിൽ ഒരിക്കൽക്കൂടി അമർത്തി ചുംബിച്ച് മായ പറഞ്ഞു.

‘എകുൺ നാ, പൊരെ.’

ഇപ്പോൾ വേണ്ട, പിന്നീട്. പോകുമ്പോൾ അവൾ കൂട്ടിച്ചേർത്തു. ‘അടുത്താഴ്ച.’

അവൾ പുറത്തു കടന്ന് വാതിലടച്ചു, പിന്നെ വീണ്ടും വാതിൽ തുറന്ന് മുഖം മാത്രം ഉള്ളിലേയ്ക്കിട്ടു പറഞ്ഞു. ‘ലെയ്ക്കിന്റെ കാര്യം മറക്കണ്ട. ഞാൻ കാത്തിരിക്കും.’

അയാൾക്ക് പിന്നെ ഉറക്കം വന്നില്ല. സൂര്യരശ്മികൾ ഡാലിയുടെ പെയ്ന്റിങ്ങിലെത്തിയിരുന്നു. ചിത്രം അതിന്റെ സത്ത അന്വേഷിക്കുകയാണ്. ശരിക്കു പറഞ്ഞാൽ വെളിച്ചം മേലെ വീഴുമ്പോഴുള്ള ഏതാനും നിമിഷങ്ങൾ മാത്രമേ അതിന് നിലനില്പുള്ളു. അതുകഴിഞ്ഞാൽ വീണ്ടും അനന്തതയുടെ വിസ്മൃതിയിൽ, അർദ്ധസുഷുപ്തിയിൽ ലയിക്കുന്നു. വല്ലാത്തൊരു ചിത്രം. എന്താണാവോ മായയ്ക്ക് അതിഷ്ടപ്പെടാത്തത്?

തടാകത്തിലേയ്ക്കു നടക്കുമ്പോൾ രമേശൻ ആലോചിച്ചു. കാമുകിയുടെ ആദ്യചുംബനം ലഭിച്ച ഒരു കാമുകന്റെ സന്തോഷമോ ഉത്സാഹത്തള്ളിച്ചയോ തനിക്കില്ല. താൻ ഇപ്പോഴും ഒരു കാമുകനായിട്ടില്ലെന്നു തന്നെയാണ് അതു കാണിക്കുന്നത്. മായയുടെ സ്‌നേഹം തന്നിലേയ്ക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നു വരികയാണ് ചെയ്യുന്നത്. താൻ അതു സ്വീകരിക്കാൻ തയ്യാറായിട്ടില്ല.

തടാകത്തിൽ പൂത്തുനിൽക്കുന്ന ഒരു മരച്ചുവട്ടിൽ മായ കാത്തിരിക്കുന്നു.